പുതുവത്സരം; ഗ്ലോബൽ വില്ലേജിൽ ഏഴു തവണ ആഘോഷം
text_fieldsപുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ വില്ലേജിൽ നടന്ന വെടിക്കെട്ട് (ഫയൽ ചിത്രം)
ദുബൈ: പുതുവത്സരദിനത്തിൽ സന്ദർശകർക്കായി വർണാഭമായ ആഘോഷങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി ആഗോള ഗ്രാമം. പുതുവത്സരദിനം ഏഴുതവണയായിട്ടായിരിക്കും ഗ്ലോബൽ വില്ലേജ് വരവേൽക്കുക. അന്നേദിവസം ഗ്ലോബൽ വില്ലേജിന്‍റെ മൂന്ന് പ്രധാന ഗേറ്റുകളും സന്ദർശകർക്കായി തുറന്നുനൽകും.
വൈകീട്ട് നാലു മുതൽ പുലർച്ച രണ്ടുമണിവരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. ഏഴു രാജ്യങ്ങളിൽനിന്ന് അതിഥികൾക്ക് പുതുവത്സരം ആഘോഷിക്കാനുള്ള അവസരമൊരുക്കുന്നതിനായാണ് ഏഴുതവണ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ഓരോ രാജ്യത്തും അതിശയകരമായ വെടിക്കെട്ടുകളും ആകാശത്ത് മിന്നുന്ന ഡ്രോൾ ഷോകളും ഉണ്ടാവും. രാത്രി എട്ട് മണിക്ക് ചൈന, രാത്രി ഒമ്പതിന് തായ്ലൻഡ്, രാത്രി 10ന് ബംഗ്ലാദേശ്, 10.30ന് ഇന്ത്യ, 11ന് പാകിസ്താൻ, അർധരാത്രി ദുബൈ, പുലർച്ച ഒന്നിന് തുർക്കിയ എന്നിങ്ങനെയാണ് ഏഴ് പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിക്കുക. ഓരോ കൗണ്ട് ഡൗണും ലോകത്തിലെ വ്യത്യസ്ത കോണുകളെ ആഘോഷിക്കുന്ന രീതിയിലായിരിക്കും സംഘടിപ്പിക്കുക. പുതുവർഷത്തെ സ്വാഗതം ചെയ്യുന്നതിൽ തികച്ചും വ്യത്യസ്തമായ അനുഭവം ഇത് സന്ദർശകർക്ക് സമ്മാനിക്കും.
അതോടൊപ്പം സന്ദർശകർക്ക് പ്രധാന സ്റ്റേജിൽ ഡി.ജെ പ്രകടനവും ആസ്വദിക്കാനുള്ള അവസരമുണ്ടാകും. 90 ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകളിലായി 3500 ഷോപ്പിങ് ഔട്ട്ലറ്റുകളും സജ്ജമാണ്. സന്ദർശകർക്ക് വിശാലമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതാകും ഈ ഔട്ട്ലറ്റുകൾ. 250 ലധികം ഡൈനിങ് ഔട്ട്ലറ്റുകളിൽ വ്യത്യസ്ത രുചികൾ ആസ്വദിക്കാം. കൂടാതെ സ്ത്രീകൾക്കും കുടുംബങ്ങൾക്കും മാത്രമായി വിനോദകേന്ദ്രവും അന്നേദിവസം തുറക്കും. 200 ലധികം റൈഡുകൾ, വ്യത്യസ്ത ഗെയിമുകൾ, കാർണിവൽ, പുതിയ ആകർഷണങ്ങൾ എന്നിവയും പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

