മുംബൈ നഗരത്തിൽ രണ്ടുദിവസം; കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ ജീവിതങ്ങൾ
text_fieldsമിലോണിയുടെയും സ്ട്രീറ്റ് ഫോട്ടോഗ്രാഫർ റാഫിയുടെയും പ്രണയ കഥ പറയുന്ന ഫോട്ടോഗ്രാഫ് സിനിമയിലെ മുംബൈ നഗരം കാണാൻ ഇറങ്ങി തിരിച്ച കഥയാണിത്. അത് വെറും നാലു ദിവസം കൊണ്ട്. നാലു ദിവസം കൊണ്ട് കേട്ടറിവ് മാത്രമുള്ള കാതങ്ങൾ അകലെയുള്ള ഒരു മഹാ നഗരത്തിലേക്ക്. ഒരു ദിവസത്തെ പ്ലാനിങ് പോരായിരുന്നു അതിന്. ഒരാഴ്ച വ്യക്തമായി നഗരത്തെക്കുറിച്ച് പഠിച്ചാണ് യാത്ര ആരംഭിച്ചത്.
ഒരു മാസം മുമ്പ് തന്നെ ട്രെയിൻ ബുക്ക് ചെയ്തിരുന്നു. നോർത്തിന്ത്യയിലേക്ക് എ. സി കോച്ച് ആണ് സുരക്ഷിതമെന്ന് പലരും പറഞ്ഞെങ്കിലും സ്ലീപ്പർ തന്നെ ബുക്ക് ചെയ്തു. ഒരു വശത്തേക്ക് വെറും 750 രൂപയെ ഒരാൾക്ക് ആകുന്നുള്ളൂ. മുംബൈക്കുള്ള ലോകമാന്യ തിലകിൽ സീറ്റ് കിട്ടിയില്ല. പിന്നെ 5 മണിക്ക് കോഴിക്കോട് എത്തുന്ന നിസാമുദ്ധീൻ തിരഞ്ഞെടുത്തു. നിസാമുദ്ധീൻ ഡൽഹിക്കുള്ള ട്രെയിനാണ്. അതിൽ കയറി പിറ്റേന്ന് രാവിലെ 4 മണിക്ക് വസായി റോഡ് സ്റ്റേഷനിൽ ഇറങ്ങി. അവിടെ നിന്ന് അടുത്ത ലോക്കൽ ട്രെയിനിൽ ദാതറിലേക്ക്.
പുലർച്ചെ 5 മണിക്ക് മുംബൈ ജീവിതം തിരക്ക് പിടിക്കും. കൈയിൽ ടിഫിൻ ബാഗും വാട്ടർ ബോട്ടിലും ഒക്കെയായി ആളുകൾ ട്രെയിൻ പിടിക്കാനുള്ള ഓട്ട പാച്ചിലിലാണ്. അതിനുള്ളിൽ പെടാതെ ട്രെയിനിൽ ഒരിടം കണ്ടെത്തുക ശ്രമകരം. ദാദറിൽ എത്തിയപ്പോൾ വെളിച്ചം വീണിരുന്നു. ഇനി അടുത്ത ലക്ഷ്യം ഒരു നല്ല റൂം കണ്ടെത്തുക എന്നതായിരുന്നു. ഓൺലൈൻ ബുക്കിങ് റിവ്യൂ ഒന്നും വിശ്വാസം ഇല്ലാത്തതുകൊണ്ട് നേരിട്ട് പോയി കണ്ടെത്താനായിരുന്നു പ്ലാൻ. പിന്നെ ഭാഷ അറിയാത്ത പല സ്ഥലത്തും നന്നായി പറ്റിക്കപ്പെട്ടിട്ടുള്ളത് കൊണ്ട് മുംബൈയിൽ കരുതലോടെ തന്നെ ആയിരുന്നു. പക്ഷെ തുടക്കം തന്നെ പാളി.
മഴ പെയ്തു ചളി പിളിയായി കിടക്കുന്ന മുംബൈ തെരുവ് കുറച്ചു അരോചകമായി തോന്നി. ദാദാർ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കരെ വലവീശാൻ നിൽക്കുന്ന ടാക്സിക്കാർ നല്ലൊരു റൂം കാണിച്ച തരാൻ പറഞ്ഞപ്പോൾ ധാരാവിയിലേക്ക് കൊണ്ട് പോയി. 20മിനിറ്റ് യാത്രയെ ഉണ്ടായിരുന്നുള്ളൂ. അവർ ഞങ്ങളോട് 800രൂപ ആവശ്യപ്പെട്ടു. അതിൽ 500കൊടുത്തു ഒതുക്കി.
ദാദറിൽ ഇറങ്ങിയാൽ അവിടെ നിന്ന് സിയോൻ റെയിൽവേ സ്റ്റേഷനിലേക്ക് ലോക്കൽ ട്രെയിൻ ധാരാളം കിട്ടും. 10രൂപ ടിക്കറ്റെടുത്താൽ മതി. അവിടെയാണ് ധാരാവി. അത്യാവശ്യം സൗകര്യമുള്ള റൂമുകൾ ഇവിടെ ലഭ്യമാണ്. ധാരാവി പോലൊരു സ്ഥലത്ത് വൃത്തിയും സൗകര്യവും ഉള്ള ഒരു റൂം കിട്ടാൻ 2000 കൊടുക്കേണ്ടി വന്നു. ഇതല്ലാതെ മുംബൈ സി.എസ്. ടി ക്ക് സമീപം ഇതേ നിരക്കിൽ റൂമുകൾ ലഭിക്കും. മുംബൈ നഗരം മുഴുവൻ കാണാൻ വരുന്നവർക്ക് ഇതാണ് മികച്ച തീരുമാനം.
ഞങ്ങൾ എത്തിയ ദിവസം നല്ല മഴ ആയിരുന്നു. ഹിന്ദി എലൈറ്റ് സിനിമകളിൽ കാണുന്ന മുഖം ആയിരുന്നില്ല മുംബൈക്ക്. ധാരാവിയിലെ ദുരിതം കൂടുതൽ മനസിലാകുക മഴക്കാലത്താവും. ഒരു മഹാ നഗരത്തിന്‍റെ അഴുക്ക് മുഴുവൻ വന്നടിയുന്ന കറുത്ത് കൊഴുത്ത ദ്രവാകം ഒഴുകി നടക്കുന്ന നഗരം. ധാരാവിക്കുള്ളിൽ കയറിയില്ലെങ്കിലും പുറമെ നിന്ന് നിറമില്ലാത്ത പായൽ പിടിച്ചു കെട്ടിടങ്ങൾ കണ്ടു നമ്മളെന്ത് ഭാഗ്യവാന്മാരെന്ന് തോന്നി പോയി.
രണ്ട് ദിവസം കൊണ്ട് നഗരത്തിലെ പ്രധാന സ്ഥലങ്ങൾ കാണണം, അനുഭവിക്കണം ഇതാണല്ലോ പ്ലാൻ. 9മണിക്ക് തന്നെ സയൻ റെയിൽവേ സ്റ്റേഷനിലെത്തി. ഇതാണ് മുംബൈ നഗരത്തിന്‍റെ ജീവ നാഡിയായ ലോക്കൽ ട്രൈനുകൾ ജന സഗരമാകുന്ന സമയം. ഓരോ 5 മിനുറ്റിലും ഓരോ സ്ഥലത്തേക്കും ട്രെയിൻ. ഓരോ ട്രെയിൻ സ്റ്റേഷനിൽ എത്തുമ്പോഴും ഒരു വലിയ ജനക്കൂട്ടം പ്ലാറ്റഫോമിലേക്ക് ഇരച്ചെത്തും. ട്രെയിനിന്റെ വലിയ വാതിലിലൂടെ ഒരേ സമയം ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്യും. ആകെപ്പാടെ കിട്ടുന്നത് 5മിനിറ്റ്. രാവിലെ ജോലിക്കും പഠിക്കാനുമൊക്കെ പോകുന്ന ആളുകളാണ്. ഇതിൽ കയറി പറ്റാൻ നാട്ടിലെ ബസിൽ തള്ളിക്കയറിയുള്ള എക്സ്പീരിയൻസ് മാത്രം പോര. 10മണി കഴിഞ്ഞാൽ ട്രെയിനുകൾ ശൂന്യമാകും. പിന്നെ 3 മണി മുതലേ തിരക്കുണ്ടാകൂ. അങ്ങനെ ഞങ്ങളും ലോക്കൽ ട്രെയിൻ യാത്ര അനുഭവിച്ചറിഞ്ഞു.
ഛത്രപതി ശിവജി ടെർമിനലിലേക്കാണ് ഞങ്ങൾ ടിക്കറ്റ് എടുത്തത്. ടിക്കറ്റ് 10രൂപ മാത്രം. സി.എസ്.ടി വലിയ അത്ഭുതം നിറഞ്ഞ സ്റ്റേഷനാണ്. വലിയ വിശാലമായ സ്റ്റേഷനുകളിൽ കൊത്തുപണികൾ നിറഞ്ഞ തൂണുകളും ചുമരുകളും കണ്ടാൽ ഒരു റെയിൽവേ സ്റ്റേഷൻ തന്നെയാണോ എന്ന് തോന്നി പോകും. വലിയ ലീഫുള്ള ഫാനുകളാണ് മറ്റൊരു കാഴ്ച. ഇന്ത്യൻ യൂറോപ്യൻ വാസ്തുശില്പ ചാതുര്യത നിറഞ്ഞ സ്റ്റേഷൻ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. രാത്രി സ്റ്റേഷന് പുറമെ നിന്നുള്ള കാഴ്ച അതി മനോഹരമാണ്. പല നിറത്തിലുള്ള വെളിച്ചം മാറി മാറി തെളിയും.
സ്റ്റേഷന് പുറത്ത് നഗരത്തിലെ പ്രധാന ടൂർ ഡെസ്റ്റിനേഷനുകൾ ചുറ്റിക്കാണാൻ താല്പര്യമുള്ളവർക്കായി മുംബൈ ദർശൻ എന്ന പേരിൽ ചെറിയ തുകക്കുള്ള പാക്കേജുകൾ ലഭ്യമാണ്. താല്പര്യമില്ലാത്തവർക്ക് സ്വന്തം നിലക്കും യാത്ര ചെയ്യാം. ബസ്സുകൾ സ്റ്റേഷന് പുറത്ത് ധാരാളമുണ്ട്. ഇരുനില ബസ്സും ലഭിക്കും.18 രൂപ ടിക്കറ്റ് എടുത്താൽ നഗര കാഴ്ചകൾ ആസ്വദിച്ചു മുംബൈ ഗേറ്റിൽ എത്താം. അവിടെ തന്നെയാണ് താജ് ഹോട്ടലും. മുംബൈ ഗേറ്റിൽ അറ്റകുറ്റ പണികൾ നടക്കുകയായിരുന്നു ഞങ്ങളെത്തുമ്പോൾ. അവിടെ തന്നെയാണ് ഹാജി അലി ദർഗയും അവിടേക്ക് ഞങ്ങൾ പോയില്ല. വല്ലാത്ത തിരക്ക് പിടിച്ച സ്ഥലമായതിനാൽ ഞങ്ങൾ മറൈൻ ഡ്രൈവിലേക്ക് പോയി.
വേക്ക് അപ്പ് സിദ്ധിലെ ഐഷയും സിദ്ദും പ്രണയം പറഞ്ഞ ഐക്കണിക്ക് പ്ലേസ്. അവിടെ അസ്തമയം കാത്തിരുന്നെങ്കിലും മഴ മേഘം നിരാശപ്പെടുത്തി. സമയം എട്ട് ആയിട്ടും ഇരുട്ടുന്നതേ ഉണ്ടായിരുന്നില്ല. കിലോമീറ്റർ നീണ്ടുകിടക്കുന്ന നടപ്പാതയിലൂടെ ഞങ്ങൾ കുറെ നടന്നു. ഒന്നാം ദിനം അവിടെ അവസാനിപ്പിച്ചു വീണ്ടും ലോക്കൽ ട്രെയിനിൽ റൂമിലേക്ക്.
രണ്ടാം ദിനം സി. എസ്. റ്റിയിൽ നിന്ന് തന്നെ ആരംഭിച്ചു. നല്ല മഴ ആയതിനാൽ ദോബിഗട്ട് പ്ലാൻ വേണ്ടെന്ന് വക്കേണ്ടി വന്നു. ആ വിഷമത്തിൽ ഞങ്ങൾ മുംബൈ സെൻട്രേലിലേക്ക് ട്രെയിനിൽ കയറി. അവിടെയാണ് പ്രശസ്തമായ മറാത്ത മന്ദിർ ഉള്ളത്. വർഷത്തിൽ 365ദിവസവും ദിൽവാലേ ദുൽഹനിയ ലേ ജായംഗേ പ്രദർശിപ്പിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള തിയറ്റർ ആണിത്. എല്ലാ ദിവസവും 11മണിക്ക് ഷോ തുടങ്ങും. ബാൽക്കണി ടിക്കറ്റിനു 40രൂപ മാത്രമാണ് വരുന്നത്. 1945ൽ പ്രവർത്തനം ആരംഭിച്ച ഇവിടെ 1000സീറ്റുകൾ ആണ് ഉള്ളത്. 1995മുതൽ ഇവിടെ ദിൽവാലേ ദുൽഹനിയ ലേ ജായംഗേ പ്രദർശി പ്പിക്കുന്നുണ്ട്. തിയറ്റർ നിറയെ അല്ലെങ്കിലും ദിവസവും ആളുകൾ സിനിമക്കെത്തുന്നുണ്ട്. സിനിമ തുടങ്ങുന്നതിനു മുമ്പേ ദേശീയ ഗാനം തിയറ്ററിൽ മുഴങ്ങും. ഈ സമയം എല്ലാവരും എഴുന്നേറ്റ് നില്കും. മുംബൈ യാത്രയിലെ മികച്ച അനുഭവമായിരുന്നു മാറാത്ത മന്ദിറിലേത്.സിനിമ കഴിഞ്ഞ് ഞങ്ങൾ മുംബൈയിലെ ലോക്കൽ ട്രെയിനിൽ വീണ്ടും സി എസ് ടിയിലേക്ക്. മുംബൈയിലേക്കു തിരിക്കുമ്പോൾ ലോക്കൽ ഫുഡ് കഴിക്കണം എന്നൊക്കെ പ്ലാൻ ഉണ്ടായിരുന്നെങ്കിലും വൃത്തിയുള്ള കടകളൊക്കെ കുറവാണെന്നു തോന്നി. പിന്നെ കേരള ഹോട്ടൽ കണ്ട് പിടിക്കാൻ പറ്റിയത് ആശ്വാസമായി.
ഉച്ചക്ക് ശേഷം ഫാഷൻ സ്ട്രീറ്റിലേക്ക്. നടക്കാനുള്ള ദൂരമേ ഉള്ളൂ സി.എസ്. റ്റിയിൽ നിന്ന്. അവിടെ ഫുട്പാത്തിൽ ഒരു കിലോമീറ്ററോളം വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെയുള്ള കടകളാണ്. ആൾക്കാരെ കച്ചവടക്കാർ വിളിച്ചുകൊണ്ടിരിക്കും. പകുതി മലയാളം പറയുന്നവരും ഏറെ. വില പേശൻ അറിയാമെങ്കിൽ നല്ല വസ്ത്രങ്ങളൊക്കെ വില കുറവിൽ വാങ്ങാം. ഞങ്ങളും വാങ്ങി കുറച്ചു വെറൈറ്റി ഡ്രസ്സുകൾ.
പർച്ചേയ്സിങ് കഴിഞ്ഞ് മുംബൈ തെരുവിലൂടെ കുറെ ദൂരം നടന്നു. പഴമയുടെ പ്രൗഡിയുള്ള കെട്ടിടങ്ങൾ, നടപ്പാതകൾ, റെസ്റ്റോറന്റുകൾ അതൊക്കെ ആസ്വദിച്ചു. ഇവിടുത്തെ കടകളിൽ മിക്കതും ഗൂഗ്ൾ പേ സ്വീകരിക്കില്ല എന്നത് ഏറെ വലച്ചു. പൈസ ആയി തന്നെ കൊടുക്കണം. വലിയ കച്ചവടം ഉള്ള കടകളിൽ പോലും ജി പേ ഇല്ലാത്തത് ദുരൂഹതയാണ്.
രണ്ട് ദിവസം കൊണ്ട് തന്നെ ഞങ്ങൾ ഹിന്ദി കൈകാര്യം ചെയ്യാൻ പഠിച്ചു എന്നതാണ് യാത്രയിലെ മറ്റൊരു നേട്ടം. അതുകൊണ്ട് ഭാഷ അറിയാതെ എവിടെയും പെട്ടു പോയില്ല. ഇത്തവണത്തെ യാത്രയിൽ പറ്റിക്കപ്പെട്ട അനുഭവങ്ങൾ കുറവായിരുന്നു. രാത്രി ബാന്ദ്ര കടൽ പാലം കൂടി കാണണമെന്ന് ആഗ്രഹത്തോടെ യാത്ര തിരിച്ചെങ്കിലും കനത്ത മഴ കാരണം അവിടെ എത്തി തിരികെ പോരേണ്ടി വന്നു. രാത്രി പത്തു മണിയോടെ തിരികെ ധാരാവിയിലെ റൂമിലേക്ക്.
റൂമിലെത്തി കാണാൻ പറ്റാതെ പോയ സ്ഥലങ്ങളുടെ നഷ്ടക്കണക്കെടുത്തു. അതിൽ ദോബിഗട്ട് കൂടാതെ കാമാത്തിപുരയും ഇടം പിടിച്ചു. കാമാത്തി പുരക്ക് മുന്നിലൂടെ യാത്ര ചെയ്തെങ്കിലും അതിനുള്ളിലേക്ക് കയറാനുള്ള ധൈര്യം ഉണ്ടായില്ല. ഒരു പരിചയക്കാരൻ പോലും ഇല്ലാത്ത ഒരു നാട്ടിൽ ഒരു മഹാ നഗരം കണ്ടു താമസിച്ചു മടങ്ങിയതിന്റെ അഭിമാനത്തോടെ പിറ്റേന്ന് പതിനൊന്നു മണിക്ക് ലോകമാന്യ തിലകിൽ നാട്ടിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

