റമദാൻ രാവുകളിൽ ആവേശം പകർന്ന് ജിദ്ദ വാട്ടർഫ്രണ്ട് സന്ദർശകരുടെ തിരക്കേറുന്നു
text_fieldsജിദ്ദ വാട്ടർഫ്രണ്ട് നടപ്പാതയുടെയും പരിസരത്തിന്റെയും റമദാൻ രാത്രികാല ആകാശക്കാഴ്ച
ജിദ്ദ: റമദാൻ മാസത്തിൽ സൗദി അറേബ്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി ജിദ്ദ വാട്ടർഫ്രണ്ട് മാറുന്നു. വിനോദം, കായികം, കല, ആതിഥ്യമര്യാദ എന്നിവ സമന്വയിക്കുന്ന സവിശേഷമായ അനുഭവമാണ് ഈ പ്രദേശം സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്നത്. ചെങ്കടലിന്റെ തീരത്ത് വ്യാപിച്ചു കിടക്കുന്ന ഈ മനോഹരമായ നടപ്പാത, ഇഫ്താറിന് ശേഷമുള്ള വൈകുന്നേരങ്ങളിൽ ശാന്തമായ അന്തരീക്ഷത്തിൽ ഉലാത്താൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഇടമാണ്. റമദാൻ മാസത്തിന്റെ പവിത്രത വിളിച്ചോതുന്ന തരത്തിലുള്ള പ്രകാശലങ്കാരങ്ങൾ പ്രദേശത്തിന് പ്രത്യേക ഭംഗി നൽകുന്നു. രാത്രികാലങ്ങളിൽ ഇവിടുത്തെ കാലാവസ്ഥയും അന്തരീക്ഷവും സന്ദർശകരെ ഏറെ ആകർഷിക്കുന്നുണ്ട്.
സാംസ്കാരിക പ്രാധാന്യമുള്ള ലാൻഡ്മാർക്ക് എന്ന നിലയിൽ ജിദ്ദ വാട്ടർഫ്രണ്ടിന്റെ പദവി വർധിപ്പിക്കുന്നത് അവിടെ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്ര കലാസൃഷ്ടികളാണ്. ഹെൻറി മൂർ, ജോവാൻ മിറോ തുടങ്ങിയ വിശ്വപ്രസിദ്ധ കലാകാരന്മാരുടെ ശില്പങ്ങൾ കടൽത്തീരത്ത് പ്രദർശിപ്പിച്ചിരിക്കുന്നു. ഇത് സന്ദർശകർക്ക് ദൃശ്യവിരുന്നിനൊപ്പം കലാപരമായ അനുഭവം കൂടി നൽകുന്നു. രാത്രി വൈകുന്തോറും വാട്ടർഫ്രണ്ടിൽ ജനത്തിരക്ക് വർധിക്കുകയാണ് ചെയ്യുന്നത്. റമദാൻ തീമിലുള്ള അലങ്കാരങ്ങൾക്ക് കീഴിൽ ഒത്തുചേരുന്ന കുടുംബങ്ങൾ ഈ പ്രദേശത്തെ സജീവമായ ഒരു സാമൂഹിക കേന്ദ്രമാക്കി മാറ്റുന്നു. തിരക്കുകളിൽ നിന്ന് മാറി കടലിന്റെ ശാന്തത ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരും വൈകിയ വേളകളിൽ ഇവിടെ എത്തുന്നുണ്ട്.
വാട്ടർഫ്രണ്ടിന് ചുറ്റുമുള്ള വികസിതമായ ആതിഥേയ മേഖലയും ഈ ടൂറിസം മുന്നേറ്റത്തിന് വലിയ പിന്തുണ നൽകുന്നു. ചെങ്കടലിന്റെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന സമീപത്തെ ഹോട്ടലുകളിൽ റമദാൻ കാലത്ത് സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. കൂടാതെ, നിരവധി കഫേകൾ, റെസ്റ്റോറന്റുകൾ, കുട്ടികൾക്കായുള്ള സുരക്ഷിതമായ കളിസ്ഥലങ്ങൾ, ഹരിതാഭമായ വിശ്രമ കേന്ദ്രങ്ങൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി, ജിദ്ദയെ ഒരു പ്രധാന ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനും ദേശീയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ വലിയ പങ്കുവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

