Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightExplorechevron_rightപടം പിടിക്കാനുള്ള...

പടം പിടിക്കാനുള്ള 'സൈക്കളോടിക്കൽ മൂവ്'

text_fields
bookmark_border
cycling
cancel
camera_alt

Image: ടി.എം.സി ഇബ്രാഹിം

കണ്ണൂർ: 'ഈ സുന്ദര ലോകത്തിലെ മായിക കാഴ്ചകൾ മറ്റാരേക്കാളും കാണുന്നത് സൈകിളിസ്റ്റുകളാണ്' - ഇത് സത്യമാണെന്ന് ഈ മനോഹര ചിത്രങ്ങൾ സാക്ഷ്യം വഹിക്കും. തൃക്കരിപ്പൂർ തങ്കയം സ്വദേശി ടി.എം.സി. ഇബ്രാഹിമാണ് സൈക്‌ളിംഗിനിടെ ചേതോഹരമായ ചിത്രങ്ങൾ പകർത്തി ശ്രദ്ധേയനാകുന്നത്.



ഒരു വ്യായാമം എന്ന രീതിയിലാണ് ഇബ്രാഹിം സ്പോർട്സ് സൈക്കിൾ ഓടിച്ചുതുടങ്ങിയത്. പത്ത് കിലോമീറ്ററിൽ നിന്ന് തുടങ്ങിയ ദൂരങ്ങൾ വളരെ പെട്ടന്നുതന്നെ വികാസം പ്രാപിച്ചു. അപാരമായ സ്വാതന്ത്ര്യമാണ് സൈക്ലിങ് സമ്മാനിക്കുന്നതെന്ന് ഇബ്രാഹിം പറയുന്നു. ഒരിക്കൽ പോലും പോയിട്ടില്ലാത്ത വഴികളിൽ സൈക്കിളോടിച്ചു പോയപ്പോൾ മിന്നിയ ആശയമാണ് പടമെടുപ്പ്.



നീലേശ്വരം മുതൽ മാടായിപ്പാറവരെ തീരദേശവും ഇടനാടും മലനാടും ഒക്കെ ചിത്രങ്ങളിൽ വിഷയീഭവിക്കുന്നു. 'കാഴ്ചാപ്രഭാതം, എന്ന സീരീസിൽ സാമൂഹിക മാധ്യമങ്ങളിൽ ദിനംപ്രതി അവതരിപ്പിക്കുന്ന ചിത്രങ്ങൾ ആവേശത്തോടെയാണ് സ്വീകരിക്കപ്പെടുന്നത്.



'കൃത്യസമയത്ത് അനുയോജ്യമായ സ്ഥലത്ത്' എന്ന മന്ത്രമാണ് ഈ മനോഹര ചിത്രങ്ങളുടെ രഹസ്യമെന്ന് ഇബ്രാഹിം പറയുന്നു. അതുകൊണ്ട് വെളുക്കുംമുന്നേ പുറപ്പെട്ട് സൂര്യോദയത്തിന് മുമ്പ് പടമെടുക്കുന്ന കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നതാണ് ഇബ്രാഹിമിൻ്റെ പതിവ്. ഒരുതവണ ചെല്ലുമ്പോൾ ഇനിയൊരു പ്രാവശ്യം ഏതുസമയത്ത് വരണമെന്ന് മനസ്സിൽ കുറിച്ചിടുന്നു. സാഹചര്യങ്ങൾ അനുകൂലമായാൽ ആ സമയത്തെത്തി നല്ലൊരു പടം സ്വന്തമാക്കും. കടലും കായലും പ്രഭാത വർണങ്ങളും പകർത്തുന്നതിനൊപ്പം പരിസ്ഥിതി വിഷയങ്ങളും ജാഗ്രതയോടെ നോക്കിക്കാണുന്നുണ്ട് ഇബ്രാഹിം.



ഭാരം കൂടിയ ഡിജിറ്റൽ ക്യാമറകൾ സൈക്കിളിൽ കൊണ്ടുപോകാനുള്ള പ്രയാസം ഒഴിവാക്കാൻ മൊബൈൽ ക്യാമറയാണ് ഉപയോഗിക്കുന്നത്. മാന്വൽ സെറ്റിങ് വഴങ്ങുന്ന മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും അങ്ങനെയാണ്. പുതിയ മൊബൈൽ ക്യാമറകൾ വൈഡ് ആങ്കിൾ ലെൻസുകൾ പ്രത്യേകമായി നൽകിയിട്ടുള്ളതും സഹായകമായി. വൈഡ് ആംഗിളിൽ മാന്വൽ സെറ്റിങ് പ്രവർത്തിക്കില്ല എന്നതുമാത്രമാണ് ന്യൂനത.



കാസർകോട് പെഡലേഴ്‌സ് എന്ന കൂട്ടായ്മയിലൂടെയാണ് സൈക്ലിങ്ങിനെ കുറിച്ച് കൂടുതലറിയുന്നതെന്ന് ഇബ്രാഹിം പറയുന്നു. സഞ്ചാരപ്രിയരായ സുഹൃത്തുക്കളാണ് കൂട്ടായ്മയിൽ ഏറെയും ഉണ്ടായിരുന്നത്. രണ്ടര വര്ഷം മുമ്പ് സൈക്കിൾ സ്വന്തമാക്കിയ ശേഷം തിരിഞ്ഞുനോക്കിയിട്ടില്ല. ഓൺലൈൻ സൈക്ലിങ് കമ്യൂണിറ്റിയായ സ്ട്രാവയിലൂടെ സൗഹൃദങ്ങൾ വിപുലമായി. ഓരോരുത്തരും ഓടിക്കുന്ന ദൂരം ആപ്പ് മുഖേന രേഖപ്പെടുത്തുന്നു. സജീവമായ ആദ്യവർഷം 2871 കിലോമീറ്റർ പിന്നിട്ടു. കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച കഴിഞ്ഞ വർഷം പതിനായിരം കിലോമീറ്റർ പിന്നിട്ടു ദൂരം. ഇപ്പോൾ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് തനിച്ചാണ് യാത്രകൾ.



35 ദിവസം കൊണ്ട് ബുള്ളറ്റിൽ ഇന്ത്യ നേപാൾ പര്യടനം നടത്തിയ ഇബ്രാഹിം 'സ്നേഹത്തിൽ പൊതിഞ്ഞ പാർസൽ' എന്നപേരിൽ യാത്രാവിവരണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പിൽ അസിസ്റ്റന്റ് ഫീൽഡ് ഓഫീസറാണ് ഈ 51-കാരൻ. സൈക്കിളുകൾക്ക് ഇത്രയും ആവശ്യക്കാരുണ്ടായ കാലം വേറെയില്ലെന്നാണ് ഈ സൈക്കിളിസ്റ്റിൻ്റെ വിലയിരുത്തൽ.



മുൻകൂർ പണം നൽകി, മാസങ്ങൾ കാത്തിരുന്നാലാണ് മികച്ച ബ്രാൻഡ് സൈക്കിൾ കിട്ടുക. തൃക്കരിപ്പൂരിലെ സൈക്ലിങ് കൂട്ടായ്മയായ ടി.സി.സിയുടെ (തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ്) പ്രവർത്തനങ്ങളിൽ സജീവമാണ് ഇബ്രാഹിം. ജില്ലയിൽ എമ്പാടും ഇത്തരം ചെറു കൂട്ടായ്മകൾ കാസർകോട് പെഡലേഴ്‌സ് കുടക്കീഴിലുണ്ട്.
















ചിത്രങ്ങൾ: ടി.എം.സി. ഇബ്രാഹിം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Bicycle DayInternational Cycle Day
News Summary - international cycle day cycling story of tmc ibrahim
Next Story