ഇടുക്കി ടു കശ്മീർ ബൈ ചേതക്
text_fieldsഅൻസിൽ
ഒരുമാസം മുമ്പാണ് ഇടുക്കി അണക്കെട്ടിന് മുന്നിൽനിന്ന് അൻസിൽ തന്‍റെ ചേതക് സ്കൂട്ടറുമായി യാത്രക്കിറങ്ങിയത്. 3800 കി.മീറ്റർ പിന്നിട്ട് കശ്മീരിലെത്തിയപ്പോൾ അവിടെനിന്ന് നേപ്പാളിലേക്ക് യാത്രക്കൊരുങ്ങുകയാണ് ഈ 21 കാരൻ. ഇടുക്കിയിൽ ബൈക്ക് വർക്ക്ഷോപ് നടത്തുന്ന മണിയാറൻകുടി സ്കൂൾ സിറ്റി മാടോലിൽ വീട്ടിൽ അൻസിൽ നവാസിന്‍റെ ഏറെനാളായുള്ള ആഗ്രഹമാണ് തന്‍റെ 1999 മോഡൽ ചേതക് സ്കൂട്ടറിലൊരു കശ്മീർയാത്ര.
കാറും രണ്ടര ലക്ഷം രൂപയുടെ ബൈക്കുമൊക്കെയുണ്ടെങ്കിലും ചേതക്കിൽ പോകണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ പലരും തനിക്ക് വട്ടാണോ എന്ന് സംശയിച്ചു. വീട്ടുകാരും ആദ്യം സമ്മതിച്ചില്ല. അവരെയും പറഞ്ഞ് മനസ്സിലാക്കി. അവിടെ വരെ വണ്ടി എത്തുമോ എന്ന് ചോദിച്ചവരുമുണ്ട്. എന്നാൽ, ഒരിടത്തുപോലും പണിതരാതെ തന്‍റെ വണ്ടി സുരക്ഷിതമായി കശ്മീരിലെത്തിച്ചതിന്‍റെ ആവേശത്തിൽ അൻസിലിപ്പോൾ അവിടെനിന്ന് നേപ്പാൾ യാത്രക്ക് ഒരുങ്ങുകയാണ്.
ചേതക് വന്ന വഴി
ഡിസംബർ 28ന് ഇടുക്കി അണക്കെട്ടിന് മുന്നിൽനിന്നാണ് അൻസിലിന്‍റെ യാത്ര ആരംഭിക്കുന്നത്. പുലർച്ചെ തുടങ്ങുന്ന യാത്ര അഞ്ചുമണിയോടെ അവസാനിക്കും. രാത്രി പെട്രോൾപമ്പിലും കടകൾക്കു മുന്നിലും ടെന്റ് അടിച്ച് കിടക്കും. മെക്കാനിക്ക് ആയതിൽ യാത്രക്കിടെ വർക്ക് ഷോപ്പുകളിൽ ജോലിചെയ്ത് യാത്രക്കുള്ള പണം കണ്ടെത്തും. വണ്ടി കശ്മീർ ട്രിപ്പിന് വേണ്ടി നാളുകൾക്ക് മുന്നേ തയാറാക്കിയെടുത്തിരുന്നു.
കുറച്ചുനാൾ വാഹനങ്ങളുടെ കച്ചവടം ഉണ്ടായിരുന്നു. അങ്ങനെ അവിചാരിതമായാണ് ചേതക് കൈയിൽ വന്നതെന്ന് അൻസിൽ പറഞ്ഞു. പിന്നെ വിൽക്കാൻ തോന്നിയില്ല. അത്യാവശ്യം മിനുക്കുപണികൾ നടത്തിയപ്പോൾ വണ്ടി കുട്ടപ്പനായി. മറ്റ് വണ്ടികളൊക്കെ ഉണ്ടെങ്കിലും ചേതക്കിനോട് പ്രിയം കൂടുതലാണ്. പ്ലസ് ടുവും ഡിപ്ലോമയും കഴിഞ്ഞാണ് വർക്ക് ഷോപ് തുടങ്ങുന്നത്. ജോലിക്കിടെയാണ് ഒരിക്കൽ കശ്മീർ മോഹം കയറിക്കൂടുന്നത്. ഒരു വർഷം ഈ ആഗ്രഹം മനസ്സിലിട്ടു നടന്നു. അതിനുള്ള ഒരുക്കം തുടങ്ങുകയായിരുന്നു.
പണവും സമയവും
ഇതുവരെയുള്ള യാത്ര നൽകിയ ജീവിതാനുഭവം മറക്കാൻ കഴിയുന്നതല്ലെന്ന് അൻസിൽ പറഞ്ഞു. ഉത്തർപ്രദേശിൽ കയറിയപ്പോൾ തണുപ്പ് സഹിക്കാൻ പറ്റുന്നതിനപ്പുറമായിരുന്നു. പിന്നീടുള്ള കുറച്ചുദിവസം വാടകക്ക് റൂമെടുത്ത് താമസിച്ചു. വീണ്ടും യാത്ര തുടർന്നു. യാത്ര പഞ്ചാബിലെത്തിയേപ്പാൾ ഒരു കുടുംബം അവരുടെ വീട്ടിൽ താമസിക്കാൻ നിർബന്ധിച്ചു. അവരുടെ അതിഥിയായി. എല്ലാദിവസവും ആളുകൾ വന്ന് ആഹാരം കഴിച്ചോ, വെള്ളം വേണോ എന്നൊക്കെ ചോദിക്കുമ്പോൾ ഇതൊക്കെ തന്നെക്കാൾ ചേതക്കിനോടുള്ള സ്നേഹമാണോ എന്നു തോന്നിപ്പോയിട്ടുണ്ട്.
സ്കൂട്ടറിൽ ഇത്രയും കിലോമീറ്റർ പിന്നിട്ടുവരുന്നത് കാണുമ്പോൾ പലരുടെയും കണ്ണുകളിലുള്ള അത്ഭുതം ആസ്വദിച്ചാണ് മുന്നോട്ടുപോകുന്നത്. നേപ്പാളിലേക്കുള്ള യാത്ര രണ്ടുദിവസത്തിനകം ആരംഭിക്കുമെന്നും അവിടെ എത്തിയതിനുശേഷം തുടർകാര്യങ്ങൾ ആലോചിക്കുമെന്നും അൻസിൽ പറഞ്ഞു. യാത്രപോകാൻ ആഗ്രഹിക്കുന്നവർ പണവും സമയവുമൊന്നും നോക്കേണ്ട. ഇറങ്ങിത്തിരിക്കുകയാണ് വേണ്ടത്. എന്നു തിരികെ നാട്ടിലെത്തുമെന്ന ചോദ്യത്തോട് എന്തായാലും ഇറങ്ങിയില്ലേ ഇനി ഒന്നു കറങ്ങിവരാമെന്ന മറുപടിയാണ് അൻസിൽ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

