‘ഞാൻ ഭയപ്പെട്ട ഇന്ത്യ അല്ലായിരുന്നു, തെറ്റായ ധാരണകളുണ്ടായിരുന്നു’; അവിടെ കണ്ടത് വലിയ സ്നേഹമെന്ന് യൂറോപ്യൻ വ്ളോഗർ
text_fieldsജർമൻ സഞ്ചാരി
സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന നെഗറ്റീവ് സ്റ്റീരിയോടൈപ്പുകളും തെറ്റായ ധാരണകളും കാരണം ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ഭയപ്പെട്ടിരുന്ന യൂറോപ്യൻ കണ്ടന്റ് ക്രിയേറ്റർ റോബർട്ടിന്റെ അനുഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. 'der_mann_mit_dem_bart' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് റോബർട്ട് ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പൂർണ്ണമായും മാറ്റിയെഴുതിയ അനുഭവങ്ങൾ പങ്കുവെച്ചത്.
ഓൺലൈനിൽ പ്രചരിക്കുന്ന നെഗറ്റീവ് വാർത്തകളും അൽഗോരിതങ്ങളും കാരണം യാത്രക്ക് മുൻപ് തനിക്ക് വലിയ ആശങ്കകളുണ്ടായിരുന്നുവെന്ന് റോബർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ ജനത്തിരക്കും അരാജകത്വവുമൊക്കെയാണ് സോഷ്യൽ മീഡിയ കൂടുതലായി ചിത്രീകരിച്ചിരുന്നത്.
‘സോഷ്യൽ മീഡിയ ഞാൻ ഭയപ്പെടേണ്ട ഒരു ഇന്ത്യയെയാണ് എനിക്ക് മുന്നിൽ അവതരിപ്പിച്ചത്’ എന്ന് റോബർട്ട് തന്റെ കുറിപ്പിൽ പറയുന്നു. കർണാടകയിലെയും മറ്റും തിരക്കേറിയ റോഡുകളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഈ ദൃശ്യങ്ങൾ മാത്രമാണ് തന്നെ ആദ്യം സ്വാധീനിച്ചതെന്നും എന്നാൽ അത് യാഥാർത്ഥ്യത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണെന്ന് പിന്നീട് മനസ്സിലായതായും റോബർട്ട് കൂട്ടിച്ചേർത്തു.
എന്നാൽ ഇന്ത്യയിൽ എത്തിയതിനുശേഷം തനിക്ക് ലഭിച്ച സ്വീകാര്യതയും ജനങ്ങളുടെ സ്നേഹവും തന്റെ എല്ലാ മുൻവിധികളും തകർത്തെന്ന് റോബർട്ട് പറയുന്നു. പ്രതീക്ഷിച്ചതിലും അപ്പുറമുള്ള വലിയ ആതിഥ്യമര്യാദയാണ് ഇന്ത്യക്കാരിൽ നിന്നും തനിക്ക് ലഭിച്ചത്. കർണാടകയിലും ഗോവയിലുമുള്ള പ്രാദേശിക ജനങ്ങളുമായുള്ള ആശയവിനിമയങ്ങളും അവരുടെ പുഞ്ചിരിയും തന്റെ സംശയങ്ങളെല്ലാം ഇല്ലാതാക്കിയെന്നും റോബർട്ട് കുറിച്ചു.
അരാജകത്വത്തേക്കാൾ കൂടുതൽ സ്നേഹവും ദയയുമാണ് ഞാൻ ഇവിടെ കണ്ടെത്തിയത്. ചില സ്ഥലങ്ങളെക്കുറിച്ച് മറ്റുള്ളവർ പറയുന്നതുകേട്ട് വിധിയെഴുതുന്നതിന് പകരം സ്വന്തം അനുഭവം തന്നെ വേണം മനസ്സിലാക്കാൻ എന്ന് വ്യക്തമാക്കിയ റോബർട്ട്, എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരികെ വരുമെന്ന ഉറപ്പോടെയാണ് തന്റെ യാത്രാവിവരണം അവസാനിപ്പിച്ചത്.
അങ്ങേയറ്റം തിരക്കേറിയ തെരുവുകൾ, കുറ്റകൃത്യങ്ങൾ, ദാരിദ്ര്യം എന്നിവയാണ് പാശ്ചാത്യ മാധ്യമങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഇന്ത്യയെക്കുറിച്ച് കൂടുതലായി ഹൈലൈറ്റ് ചെയ്യുന്നത്. ഇത്തരം സെൻസേഷണൽ ഉള്ളടക്കങ്ങൾക്ക് കാഴ്ചക്കാരും പ്രതികരണങ്ങളും പെട്ടെന്ന് ലഭിക്കുന്നതിനാൽ അൽഗോരിതങ്ങൾ അവയെ കൂടുതൽ പേരിലേക്ക് എത്തിക്കുന്നു.
സോഷ്യൽ മീഡിയ ഫീഡുകൾ ഉപയോക്താക്കളെ പിടിച്ചിരുത്താൻ ഭയവും കൗതുകവും ഉണർത്തുന്ന ഉള്ളടക്കങ്ങൾക്ക് മുൻഗണന നൽകുന്നത്. ഇത് സമാധാനാന്തരീക്ഷമുള്ള ഇടങ്ങളെ മറച്ചുവെച്ച്, ഇന്ത്യയൊരു 'അപകടകരമായ രാജ്യമാണെന്ന' വ്യാജ ചിത്രം സൃഷ്ടിക്കുന്നു. റോബർട്ടിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

