ദുബൈ ഗ്ലോബൽ വില്ലേജ് ഇന്ന് തുറക്കും
text_fieldsദുബൈ: നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ 30ാം സീസണ് ബുധനാഴ്ച തുടക്കമാകും. പുതിയ സീസണിൽ സന്ദർശകർക്ക് 1 കോടി ദിർഹം മൂല്യമുള്ള സമ്മാനങ്ങൾ ‘ഡ്രീം ദുബൈ’യുമായി സഹകരിച്ച് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്ലോബൽ വില്ലേജിലെ പ്രവേശന ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ആഴ്ചയിലും രണ്ടാഴ്ചയിലും മാസത്തിലും മൂന്നു മാസത്തിലുമായി പ്രത്യേകം നറക്കെടുപ്പുകളാണ് നടക്കുക. ഇതിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സീസൺ അവസാനത്തിൽ സമ്മാനങ്ങൾ ലഭിക്കും. എല്ലാ വ്യാഴാഴ്ചകളിലും മെയിൻ സ്റ്റേജിന് സമീപത്താണ് നറുക്കെടുപ്പുകൾ നടക്കുക.
കാഷ് റിവാർഡുകൾ, ഐഫോണുകൾ, സ്വർണം, കാറുകൾ എന്നിവയാണ് സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്. ഗ്ലോബൽ വില്ലേജ് കൗണ്ടറുകളിൽ ടിക്കറ്റ് വാങ്ങുന്ന സന്ദർശകർക്ക് ഒരു ക്യു.ആർ കോഡ് അടങ്ങിയ രസീത് ലഭിക്കും. കോഡ് സ്കാൻ ചെയ്ത് വിശദാംശങ്ങൾ നൽകുന്നതോടെ നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഓൺലൈൻ ടിക്കറ്റ് വാങ്ങുന്നവർക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ക്യു.ആർ കോഡും ലിങ്കും അടങ്ങിയ ഇ-ടിക്കറ്റ് ലഭിക്കും. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പ് ഉൾപ്പെടെ ആ ആഴ്ചയിലെയും അതിനുശേഷമുള്ളതുമായ എല്ലാ നറുക്കെടുപ്പുകളിലും പരിഗണിക്കപ്പെടും.
ഗ്ലോബൽ വില്ലേജിന്റെ 30ാം സീസൺ ടിക്കറ്റ് നിരക്കുകൾ ഞായർമുതൽ വ്യാഴംവരെ ദിവസങ്ങളിൽ 25 ദിർഹമും വെള്ളി, ശനി ദിവസങ്ങളിൽ 30 ദിർഹമുമാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു വയസ്സ് വരെ കുട്ടികൾക്കും 65 വയസ്സിന് മുകളിലുള്ള പ്രായമായവർക്കും നിശ്ചയദാർഡ്യ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പ്രവേശനം സൗജന്യമാണ്. അതിനിടെ ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യുന്നവർക്കായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രത്യേക ബസ് സർവിസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് നേരിട്ടുള്ള ബസ് റൂട്ടുകളാണ് ഏർപ്പെടുത്തുന്നത്. അതോടൊപ്പം ഗ്ലോബൽ വില്ലേജിനകത്ത് ഇലക്ട്രിക് ടൂറിസ്റ്റ് അബ്ര സർവിസും ആർ.ടി.എ പുനരാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

