Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightExplorechevron_rightവിജയനഗര...

വിജയനഗര സാമ്രാജ്യത്തിന്‍റെ ശേഷിപ്പുകളുറങ്ങുന്ന ചന്ദ്രഗിരിയിൽ

text_fields
bookmark_border
വിജയനഗര സാമ്രാജ്യത്തിന്‍റെ ശേഷിപ്പുകളുറങ്ങുന്ന ചന്ദ്രഗിരിയിൽ
cancel

കോഴിക്കോടു നിന്നും അഞ്ചുമണിക്ക് പുറപ്പെട്ട വണ്ടി കാട്പാടിയിൽ എത്തിയപ്പോൾ സമയം പുലർച്ചെ മൂന്നുമണി. ആ സമയത്തും ഓട്ടോറിക്ഷക്കാരുടേയും ടാക്സിക്കാരുടേയും തിരക്കുണ്ട് പുറത്ത്. ആരേയും മൈൻഡ് ചെയ്യാതെ ബസ്സ്റ്റോപ്പിലേക്ക് നടന്നു. ചെന്നൈയിൽ നിന്നും തിരുപ്പതിയിലേക്കുളള ബസുകൾ തയാറായി നിൽക്കുന്നു. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ കാണിച്ച് കണ്ടക്ടർ ക്ഷണിച്ചു. വലിയ ദൂരം താണ്ടിയില്ല, തമിഴ്നാട്ടിൽ നിന്നും ആന്ധ്രപ്രദേശിലേക്ക് കടക്കുന്ന ചെക്പോസ്റ്റിനടുത്തെത്തി.

ചിറ്റൂരിലെത്തിയപ്പോൾ ബസിലെ ഭൂരിഭാഗം യാത്രക്കാരും ഇറങ്ങി. മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റുകൾ കാട്ടി കണ്ടക്ടർ പറഞ്ഞു, കിടന്നോളൂ... രണ്ടര മണിക്കൂറുണ്ട് ഇനിയും തിരുപ്പതിയിലെത്താൻ. കിടന്നെങ്കിലും വലിയ ഒച്ചത്തിൽ വെച്ചിരിക്കുന്ന തമിഴ്​ പാട്ടുകൾ ഉറങ്ങാൻ അനുവദിച്ചില്ല. എം.ജി.ആറിന്‍റെ പാട്ടുകൾ, എസ്.പി ബാലസുബ്രഹ്മണ്യം, കെ.എസ് ചിത്ര യുഗ്മ ഗാനങ്ങൾ. ഇതെല്ലാം കേട്ട് ആറുമണിക്കു മുൻപേ തിരുപ്പതിയിലെത്തി.

റാണി മഹൽ

നേരത്തേ ബുക് ചെയ്ത റൂമിലെത്തി ഗൂഗിളിൽ തിരഞ്ഞെപ്പോഴാണ് ചന്ദ്രഗിരിയെക്കുറിച്ചറിഞ്ഞത്. ഗൂഗിൾ കാണിച്ചുതന്ന രാജാമഹലിന്‍റെയും റാണിമഹലിന്‍റെയും ഹൃദയം കവർന്നു. തിരുവണ്ണാമലയിലേക്കുള്ള ട്രിപ്പ് കാൻസൽ ചെയ്ത് അപ്പോൾത്തന്നെ ചന്ദ്രഗിരിയിലേക്ക് വെച്ചുപിടിച്ചു.

ഗൂഗിളാണ് വഴികാട്ടി. തിരുപ്പതിയിൽ നിന്നും 13 കിലോമീറ്ററുകൾക്കകലെ പേരുപോലെ തന്നെ മനോഹരമായ ഗ്രാമം. വനിത കണ്ടക്ടർ പറഞ്ഞ സ്ഥലത്ത് ബസിറങ്ങിയെങ്കിലും തുടർന്ന് കണ്ട കാഴ്ചകൾ തെറ്റിപ്പോയോ എന്ന സന്ദേഹമുണ്ടാക്കി. ഒരു പൗരാണിക നഗരത്തിന്‍റെ ലാഞ്ചന പോലുമില്ലാത്ത നരച്ച നിറമുള്ള പട്ടണം. 20 വർഷം മുൻപുപോലും കേരളത്തിൽ ഇത്തരത്തിൽ ഒരു ഇടത്തരം ടൗൺ ഉണ്ടാകുമോ എന്ന് സംശയമാണ്.

രാജ രാജേശ്വര ക്ഷേത്രം

റോഡിൽ നല്ല തിരക്കാണ്. നിറമുള്ളതോ പുതിയതോ ആയോ ഒന്നും കാണാനില്ലെങ്കിലും നല്ല ഫ്രെഷ് ആയ പഴങ്ങൾ വിൽക്കുന്ന സ്ത്രീകൾ റോഡിൽ നിരന്നിരിക്കുന്നുണ്ട്. തിരുപ്പതിയിലായാലും ചിറ്റൂരിലായാലും ഭക്ഷണസാധനങ്ങൾ വിൽക്കുന്നവരിൽ അധികവും സ്ത്രീകൾ തന്നെയാണ്. ഇഡ്ഢലി ഉണ്ടാക്കി വിറ്റ് ഉപജീവനം തേടുന്ന പല സ്ത്രീകളേയും കണ്ടു.

തൈര് സാദം കഴിച്ച ഹോട്ടലിലുമുണ്ടായിരുന്നു മുഷിഞ്ഞ സാരി ഉടുത്ത രണ്ടുമൂന്ന് സ്ത്രീകൾ. വെണ്മയുള്ള പല്ലുകാട്ടി ചിരിച്ച് ആംഗ്യഭാഷയിൽ അവർ എന്താണ് വേണ്ടതെന്ന് രണ്ടുമൂന്നുതവണ ചോദിച്ചു. വൃത്തിയൊക്കെ കുറവാണെങ്കിലും അവിടത്തെ തൈര് സാദത്തിനും തക്കാളി സാദത്തിനും ഗംഭീര രുചിയായിരുന്നു.

ചന്ദ്രഗിരി കോട്ടയിലേക്കുള്ല വഴി

ഓട്ടോയിൽ കയറി വലിയ തിരക്കൊന്നുമില്ലാത്ത റോഡിലേക്ക് തിരിഞ്ഞു. അര കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും പൂർവഘട്ട മലനിരകളുടെ ഭാഗമായ സുന്ദരിയായ ചന്ദ്രഗിരി കുന്നുകൾ തെളിഞ്ഞുവന്നു. വലതുഭാഗത്ത് പരന്ന പാറക്കെട്ടുകൾ തലയുയർത്തി നിൽക്കുന്നു. മുംബൈ-ബംഗളൂരു ദേശീയപാതയിൽ നിന്നും കാണുന്ന ചന്ദ്രഗിരി കുന്നുകളുടെ ക്ലോസ് അപ്. രണ്ട് വളവു കഴിഞ്ഞതേയുള്ളൂ. മഹത്തായ വിജയനഗര സാമ്രാജ്യത്തിന്‍റെ ഏറ്റവും അവസാനത്തെ ആസ്ഥാനമായ ചന്ദ്രഗിരിയിലേക്ക് കടക്കുകയാണ് നമ്മൾ. പൗരാണിക നഗരത്തിന്‍റെ പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്ന കവാടം. കല്ലിൽ കൊത്തുപണികളുമായി തൂണുകൾ. കടന്നുപോകുന്നത് ദക്ഷിണേന്ത്യയിലെ മഹത്തായ സാമ്രാജ്യത്തിന്‍റെ ശേഷിപ്പുകളിലൂടെയാണെന്ന് രോമാഞ്ചത്തോടെ ഓർത്തു. തകർന്നടിഞ്ഞ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളാണ് ചുറ്റും. രാജാ മഹലിന്‍റെ അടുത്തെത്തിയപ്പോൾ ഓട്ടോ നിന്നു. 30 രൂപയുടെ ടിക്കറ്റെടുത്ത് അകത്തുകയറി.

രാജ മഹൽ

1000 എ.ഡിയിൽ നരസിംഹ യാദവരായ ചക്രവര്‍ത്തിയാണ്‌ ചന്ദ്രഗിരി കോട്ട പണിതതെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 1565 എ.ഡിയിലെ തളിക്കോട്ട യുദ്ധത്തിൽ ഏറ്റ പരാജയത്തോടെയാണ് വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം ഹംപിയില്‍ നിന്നു ചന്ദ്രഗിരിയിലെക്കു മാറ്റിയത്. വിജയനഗര സാമ്രാജ്യത്തിന്‍റെ സാമന്ത രാജാവായ യാദവരായരിൽ നിന്ന് ഏറ്റെടുത്ത് കുറേ നിർമിതകളൊക്കെ നടത്തുകയും കൊട്ടാരവും കോട്ടയും ശക്തിപ്പെടുത്തുകയും ചെയ്തായിരുന്നു ചന്ദ്രഗിരിയിൽ വിജയനഗര സാമ്രാജ്യം കുടിയേറിയത്.

മുൻപുണ്ടായിരുന്ന വലിയ സാമ്രാജ്യത്തിന്‍റെ ഒരു കോണിലേക്ക് വിജയനഗര സാമ്രാജ്യം ഒതുങ്ങിയെങ്കിലും ചന്ദ്രഗിരിയുടെ ശേഷിപ്പുകൾ വലിയ സാമ്രാജ്യത്തിന്‍റെ ഗാംഭീര്യമാർന്ന ഭൂതകാലത്തെ എല്ലായ്​പ്പോഴും ഓർമപ്പെടുത്തുന്നതാണ്. വെങ്കടപ്പതിദേവ മഹാരായ, കോട്ടയെ ശക്തിപ്പെടുത്തുകയും ധാരാളം ക്ഷേത്രങ്ങള്‍ പണിയുകയും ചെയ്തു. 1646 മുതല്‍ ഗോല്‍ക്കൊണ്ട സുല്‍ത്താന്‍മാരുടെ അധീനതയിലായിരുന്ന ഇവിടം 1782ല്‍ മൈസൂർ രാജാക്കന്‍മാര്‍ കീഴ്​പ്പെടുത്തുകയും പിന്നിട് ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കൈകളില്‍ എത്തുകയുമായിരുന്നു.



ചന്ദ്രഗിരി കുന്നുകളുടെ താഴ്വാരത്തിൽ 2500ത്തിലധികം ഏക്കറുകളിൽ പരന്നുകിടക്കുന്ന കോട്ടയും കൊട്ടാരങ്ങളും ക്ഷേത്രസമുച്ചയങ്ങളും അടങ്ങുന്ന സമുച്ചയം ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയാണ് സംരക്ഷിക്കുന്നത്. വിജയനാഗര ചക്രവര്‍ത്തിമാരുടെ ആസ്ഥാനമായ രാജ മഹലാണ് ഇവിടത്തെ പ്രധാന ശ്രദ്ധാ കേന്ദ്രം. ഇൻഡോ മുഗൾ ശൈലിയിലാണ് രൂപകൽപ്പന. കൊട്ടാരം മുഴുവന്‍ കല്‍പാളികളാലാണ്‌ നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌. കട്ടിളപ്പടികളും മേല്‍ക്കൂരകളും മൂന്നു നിലകളുള്ള കൊട്ടാരത്തിന്‍റെ മുകള്‍ നിലകളെ താങ്ങി നിര്‍ത്തുന്ന ബീമുകള്‍ വരെ കല്‍പ്പാളികളാണ്‌.


രാജ മഹലിനുള്ളില്‍ പുരാതന കാലത്തെ ശൈവ, വൈഷ്ണവ, ജൈന മത പശ്ചാത്തലങ്ങളുടെ ദേവി ദേവ വിഗ്രഹങ്ങൾ പ്രദർശനത്തിനുണ്ട്. ദർബാർ ഹാളിൽ വിജയനഗര സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട രാജാക്കന്മാരുടെ വലിയ പ്രതിമകളുണ്ട്. രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഒരു ശിവലിംഗം ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. പല പ്രതിമകളുടെയും തല അറുക്കപ്പെട്ട നിലയിലാണെങ്കിലും അവയും പ്രദർശത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. രാജ മഹലിന്‍റെ മുകള്‍ നിലയില്‍ പണ്ടു കാലത്തെ പലതരം ആയുധങ്ങള്‍ പ്രദര്‍ശനത്തിനു വെച്ചിരിക്കുന്നു.



രാജ മഹലിൽ നിന്ന് നോക്കുമ്പോൾ കാണുന്ന വലിയ കുളമുണ്ട്. ചന്ദ്രഗിരി കുന്നുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം ശേഖരിച്ചുനിർത്താനും കുളം ഉപയോഗിക്കുന്നു. വർഷക്കാലമായിരുന്നെങ്കിൽ മലകളിൽ നിന്നും വരുന്ന വെള്ളം നിറഞ്ഞൊഴുകുന്ന ദൃശ്യം മനോഹരമായേനെ എന്ന് മനസ്സിലോർത്തു. രാജ്മഹലിനേക്കാൾ താരതമ്യേന ചെറുതായ റാണി മഹലിന് മുകളിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.


മല മുകളിലെ കോട്ടകളുടെ അവശിഷ്ടങ്ങൾ കാണാമെങ്കിലും അവിടേക്കുള്ള പ്രവേശനം ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്‌. മുകളിലെക്കു കയറാനായി കല്‍പടവുകൾ നിർമിച്ചിട്ടുണ്ട്‌. ഇതിന്‍റെ പ്രവേശന ഭാഗത്ത്​ മുൾവേലികമ്പി കെട്ടിയിട്ടുണ്ട്. ചിലർ അവിടം ആത്മഹത്യ ചെയ്യാനുള്ള സ്ഥലമായി തെരഞ്ഞെടുത്തതിനാലാണ് പ്രവേശനം നിരോധിച്ചതെന്ന് റാണിമഹലിലെ എ.എസ്.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു. പടവുകളിലൂടെ താഴേക്ക് ഇറങ്ങാൻ കഴിയുന്ന കൊട്ടാരത്തിന്‍റെ കിണറും മല്ലയുദ്ധങ്ങള്‍ നടന്നിരുന്ന സ്ഥലങ്ങളും ആകര്‍ഷകമാണ്‌. ചാലൂക്യ ശൈലിയിലുള്ള ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങൾ പഴയകാല പ്രൗഢി വിളിച്ചോതുന്നു.


തിരിച്ചുപോകാനായി പുറത്തെത്തിയപ്പോൾ ഒരു ഓട്ടോ പോലുമില്ല. സന്ദർശകരെ കൊണ്ടുവന്ന ഓട്ടോകൾ കണ്ട് ഓട്ടോ സ്റ്റാൻഡുണ്ടെന്ന് തെറ്റിദ്ധരിച്ചിരുന്നു. രാജ മഹലിന്‍റെ അടുത്തുള്ള ചെറിയ പെട്ടിക്കടയിൽ പോയി തമിഴും തെലുഗും കൂട്ടിക്കലർത്തി കാര്യം പറഞ്ഞപ്പോൾ അവിടത്തെ ചേട്ടൻ ഫോണിൽ വിളിച്ച് ഒരു ഓട്ടോ ഏർപ്പാടാക്കി തന്നു. ബസ് കാത്തുനിന്നപ്പോൾ പലരും ജ്യൂസ് പോലെ എന്തോ ദ്രാവകം കവറിൽ പൊതിഞ്ഞു കൊണ്ടുപോകുന്നതു കണ്ടു. പാനീയത്തിന്‍റെ നിറം കണ്ടിട്ടാവണം, വഴിവക്കിൽ കാണുന്ന എന്തിനോടും എനിക്ക് തോന്നുന്ന കൗതുകം അടക്കാനായില്ല.

മിക്സഡ് ജ്യൂസ് എന്ന പേരിൽ ഏറ്റവും വില കുറഞ്ഞ പ്ലാസ്റ്റിക് ഗ്ലാസിൽ തന്ന പാനീയം കൂടെയുള്ളവർ വിലക്കിയിട്ടും ഞാൻ കുടിച്ചുതുടങ്ങി. വലിയ സ്വാദൊന്നുമില്ല. 'ട്രെയിനിലൊക്കെ പോകാനുള്ളതല്ലേ... വയറു പ്രശ്നമാക്കുമോ' എന്ന സുഹൃത്തുക്കളുടെ ചോദ്യം ലേശം ടെൻഷനുണ്ടാക്കി. അപ്പോഴേക്കും തിരുപ്പതിയിലേക്കുള്ള ബസ് വന്നതുകൊണ്ട് ഒട്ടും കുറ്റബോധമില്ലാതെ ജ്യൂസുപേക്ഷിച്ച് ബസിൽ ക‍യറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chandragiritirupatichandragiri travelogue
News Summary - chandragiri travelogue
Next Story