കലാപം കവരാത്ത പ്രതാപം! മാസാണ് ബോസ്നിയ...
text_fieldsനീണ്ട അവധി വരുന്നത് പ്രമാണിച്ച് നാല് മാസങ്ങൾക്കുമുമ്പുതന്നെ തന്നെ ടിക്കറ്റ് എടുത്തുവെച്ചതുകൊണ്ടു 49 ദിർഹമിന് (1000 രൂപ വൺവേ) ടിക്കറ്റ് കിട്ടിയിരുന്നു. പതിവുപോലെ, വിമാന ടിക്കറ്റിനേക്കാൾ കൂടുതൽ ടാക്സി ചാർജ് കൊടുത്ത് എയർപോർട്ടിലെത്തി. രാവിലെ 11 മണിക്ക് പുറപ്പെടേണ്ട വിസ് എയർ വിമാനത്തിലാണ് യാത്ര. ഏതാണ്ട് ആറുമണിക്കൂർ പറന്ന് തെക്കുകിഴക്കൻ യൂറോപ്പിലെ ബാൾക്കൻ രാജ്യമായ ബോസ്നിയയിലെ സരയേവോ വിമാനത്താവളത്തിൽ എത്തിച്ചേർന്നു. മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയോ യു.എസ്. വിസയോ ഉണ്ടെങ്കിൽ ഇന്ത്യക്കാർക്ക് ഈ രാജ്യത്ത് വിസ ഓൺ അറൈവൽ ലഭിക്കും.
റൂമിലെത്തിയപ്പോഴേക്കും രാത്രിക്കു ഘനം കൂടിത്തുടങ്ങിയിരുന്നു. എങ്കിലും, സരയേവോയുടെ രാത്രികാഴ്ച ആസ്വദിക്കാനായി ഞങ്ങൾ റൂമിൽ നിന്നിറങ്ങി. സുഖമുള്ള ചെറിയ തണുപ്പുണ്ട് പുറത്ത്. സരയേവോയിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ടതും ചരിത്രപരവുമായ പ്രദേശങ്ങളിലൊന്നായ ബസ്കാർസിയ പ്രദേശത്തേക്കു കാഴ്ചകൾ കണ്ടു നടക്കാനുള്ള ആഗ്രഹത്തിലായിരുന്നു. ബോസ്നിയയുടെ തലസ്ഥാനവും ഇവിടെയുള്ള വലിയ നഗരവുമാണ് സരയേവോ എന്ന ചരിത്ര പ്രദേശം. പുരാതന മന്ദിരങ്ങളും കച്ചവട സ്ഥാപങ്ങളും എല്ലാം പഴമ നിലനിർത്തി, നടപ്പാതയുടെ ഇരുവശങ്ങളിലും ഭംഗിയായി ഒരുക്കി വെച്ചിരിക്കുന്നു. നിലത്തു വൃത്തിയുള്ള തറയോടുകൾ പാകി മിനുക്കിയിട്ടുണ്ട്. ഏതൊരു യൂറോപ്യൻ നഗരത്തിലെയും പുരാതന നഗരം പോലെ പോലെ തന്നെ വാഹനങ്ങൾക്കു പ്രവേശനമില്ലാത്ത തെരുവുകൾ. തെരുവിന്‍റെ ഓരങ്ങളിൽ നിരനിരയായി മനോഹരമായ റെസ്റ്ററന്റുകളും സുവനീർ ഷോപ്പുകളും മറ്റും.
തെരുവുകൾ നിറഞ്ഞ്, കാഴ്ചകൾ കണ്ടു നടക്കുന്ന ടൂറിസ്റ്റുകൾ. റെസ്റ്ററന്റുകളിൽ നിന്നും ഇറക്കി ഇട്ടിരിക്കുന്ന തീന്മേശകളിൽ സൊറ പറഞ്ഞിരിക്കുന്ന സഞ്ചാരിക്കൂട്ടങ്ങൾ. രാവേറെ ചെല്ലും വരെ ബസ്കാർസിയ പ്രദേശത്തു ചുറ്റിനടന്നു പല കാഴ്ചകളിലേക്കും പോയി. രാത്രിഭക്ഷണം ബോസ്‌നിയൻ തനതു വിഭവമായ 'ഷവാപ്പി'യായിരുന്നു. ബീഫ് കൊണ്ടുള്ള സ്വാദിഷ്ടമായ രു വിഭവം. തിരിച്ചു റൂമിലേക്ക് നടക്കുമ്പോ ഈ രാജ്യത്തിന്റെ പീഡിപ്പിക്കപ്പെട്ട ഭൂതകാലത്തെക്കുറിച്ചോർത്ത് മനസിന് വല്ലാത്തൊരു ഭാരം. അവിശ്വസനീയമാംവണ്ണം മനോഹരമായ ഈ രാജ്യത്തിന്‍റെ പൊതുവെ ഇന്നുകാണുന്ന സമാധാനങ്ങൾക്കപ്പുറം, അടുത്ത കാലംവരെ ആധുനികലോകം കണ്ട ഭീകരയുദ്ധങ്ങളിലും വംശീയ കലാപങ്ങളിലും കൂട്ടക്കൊലകളിലും ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ ചരിത്രവുമുണ്ട്.
മാർഷൽ ടിറ്റോയുടെ നേതൃത്വത്തിൽ ദശകങ്ങളോളം ഐക്യപ്പെട്ടു നിന്നിരുന്ന യുഗോസ്ലാവിയ എന്ന രാജ്യം ചോരയിൽ കുളിച്ചു ശിഥിലമായി ആറു പുതിയ രാജ്യങ്ങളായിത്തീർന്നു. അതിലൊന്നാണ് ബോസ്നിയ. പക്ഷെ, 1992നും 1995നും ഇടയിൽ ബോസ്നിയയിൽ, സെർബുകളും (ഓർത്തഡോക്സ് ക്രിസ്ത്യാനികൾ) ബോസ്‌നിയാക്കുകളും (മുസ്‌ലിംകൾ) ക്രോട്ടുകളും (ക്രോയേഷ്യൻ കത്തോലിക്കർ) തമ്മിൽ നടന്ന വംശീയ കലാപങ്ങളെയും കൂട്ടക്കൊലകളെയും കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ശേഷിപ്പുകൾ നേരിൽ കണ്ടപ്പോഴാണ് അന്ന് നടന്ന പൈശാചികതയുടെ ആഴവും പരപ്പും മനസിനെ വല്ലാതെ മഥിച്ചത്. എന്തിനോ വേണ്ടി തെരുവിൽ മരിച്ചു വീണ ആയിരങ്ങൾ. നടന്നുനടന്നു റൂമിലെത്തി. ചെറിയൊരു ഒരു ഫാമിലിക്ക് സുഖമായി താമസിക്കാവുന്ന എല്ലാ സൗകര്യങ്ങളും ഉള്ള നല്ലൊരു ബജറ്റ് ഹോസ്റ്റൽ. സുഖമായൊരുറക്കം പാസാക്കി. പിന്നീടുള്ള ദിവസങ്ങളിൽ സരയേവോയിലെയും പരിസര പ്രദേശങ്ങളെയും നിരവധി സ്ഥലങ്ങളിലേക്ക് പോയി. 18-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച യെല്ലോ ഫോർട്ട് എന്ന കോട്ട നല്ലൊരു അനുഭവമായിരുന്നു. അങ്ങോട്ട് നടക്കാൻ അൽപ്പം കയറ്റം ഉണ്ടെങ്കിലും, നഗരത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകൾ ഇവിടെ നിന്നാൽ ലഭിക്കും. ഒരു വലിയ ശ്മശാനം കടന്നുവേണം യെല്ലോ ഫോർട്ടിലേക്ക് പോകാൻ. അവിടെ ആയിരക്കണക്കിന് ശവകുടീരങ്ങൾ കാണാം.
തൂവെള്ള നിറത്തിൽ ഓരോന്നിലും ഫലകങ്ങളും അതിൽ ഓരോ കല്ലറകളുടെയും വിശദവിവരങ്ങളും കൊടുത്തിരിക്കുന്നു. സരയോവോയുദ്ധം നഗരത്തിലുണ്ടാക്കിയ സമ്പൂർണ മനുഷ്യനഷ്ടത്തിന്റെ നേർക്കാഴ്ചയാണത്. ആസ്ട്രോ-ഹംഗേറിയൻ ശൈലിയിലുള്ള നാഷനൽ തിയേറ്റർ മറ്റൊരു ആകർഷകമായ കാഴ്ചയായിരുന്നു. സരയേവോ നഗരത്തിൽ നിന്നും പർവതമുകളിലേക്കുള്ള കേബിൾകാർ റൈഡ് ആവേശകരമായിരുന്നു. 1959ൽ ആരംഭിച്ചതാണ് ഇതെങ്കിലും, 1991ലെ യുദ്ധസമയത്ത് പൂർണമായും നശിപ്പിക്കപ്പെട്ടു. മലമുകളിൽ നിന്നുള്ള നഗരത്തിന്‍റെ ആകാശക്കാഴ്ച അതിമനോഹരമായിരുന്നു. നാലുവർഷങ്ങൾക്ക് മുമ്പ് മറ്റൊരു യാത്രയുടെ ഭാഗമായി ഞാനീ സ്ഥലത്തു വന്നിരുന്നു. അന്ന് ഡിസംബറിലെ തണുപ്പിൽ ഈ പ്രദേശമൊക്കെ മഞ്ഞുമൂടി കിടക്കുകയായിരുന്നു. പ്രദേശവാസികൾ എന്താണ് കഴിക്കുന്നതെന്നും അവർ എങ്ങനെ ഷോപ്പുചെയ്യുന്നുമെന്നൊക്കെ കാണാൻ ഗ്രാഡ്സ്കി ട്രിനിക മാർക്കറ്റിലേക്ക് പോകാം.
ടൂറിസ്റ്റ് സ്ഥലങ്ങളെക്കാൾ, ഒരു പ്രദേശത്തിന്റെ കൃത്യമായ പരിച്ഛേദം കിട്ടാൻ അത് സഹായിക്കാറുണ്ട്. പ്രാദേശികമായി നിർമിച്ച ചീസ്, മാംസങ്ങൾ എന്നിവ വിൽക്കുന്ന ഒരു മാർക്കറ്റ് ഹാളാണത്. സമീപത്ത് സ്വാദിഷ്ടമായ ഫ്രഷ് പഴങ്ങളും പച്ചക്കറികളും വാങ്ങാൻ കഴിയുന്ന ഓപൺ എയർ ‘പ്ലിയാക മാർകലെ’ ചന്തയും കാണാം. 1995-ൽ 40-ഓളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട, അക്കാലത്തെ ഏറ്റവും മോശമായ കൂട്ടക്കൊലകളിലൊന്നാണ് പ്ലിയാക മാർകലെയിലെ കൂട്ടക്കൊല. ഈ പ്രദേശം ഓട്ടോമൻ കാലഘട്ടത്തിലേ ഒരു മാർക്കറ്റായിരുന്നു എന്നു പറയപ്പെടുന്നു. ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും മരം കൊണ്ട് നിർമിച്ചിരുന്നത്കൊണ്ട്, ചരിത്രത്തിലുടനീളം വിനാശകരമായ തീപിടുത്തങ്ങളാൽ ഇത് നിരവധി തവണ നശിപ്പിക്കപ്പെട്ടു. ചന്തക്കു സമീപം കൗതുകകരമായ ഒരു കാഴ്ചയുണ്ടായിരുന്നു. ഏതാണ്ടൊരു ടേബിൾടെന്നീസ് ബോർഡിനോളം വലുപ്പം വരുന്ന ചെസ് ബോർഡിൽ, സ്വദേശീയരായ കുറച്ചു വയോധികൾ കരുക്കൾ എടുത്തുപൊക്കിവെച്ച് ചെക്ക് അടിക്കുന്നത് ആവേശത്തോടെ നോക്കിനിന്നു. സന്തോഷത്തോടെ എല്ലാം മറന്നു കളിയിൽ ഏർപ്പെടുന്ന അവരുടെ ജീവിതത്തിലേക്ക് നോക്കിയാൽ ബോസ്നിയയുടെ ഭൂതകാലത്തെ ചോരക്കളിയുടെ ദൈന്യത അവരുടെയൊക്കെ മുഖത്ത് പ്രതിഫലിക്കുന്നോ എന്ന് തോന്നും. സിറ്റിഹാളും പ്രധാന ആകർഷണം ആണ്. പക്ഷേ, ഇപ്പൊൾ ഈ കെട്ടിടം ഒറിജിനൽ അല്ല. 1992ൽ സരയേവോ യുദ്ധസമയത്തു ബോംബ് വീണ് ഇത് പൂർണമായും നശിപ്പിക്കപ്പെട്ടു. ഒരിക്കലും തിരികെ ലഭിക്കാത്ത 700-ലധികം യഥാർഥ കൈയെഴുത്തുപ്രതികളോടൊപ്പം കെട്ടിടം പൂർണമായും കത്തിനശിച്ചു.
2014ൽ ഈ കെട്ടിടം പൂർണമായും ഒറിജിനലിന്റെ കൃത്യമായ പകർപ്പായി പുനർനിർമിച്ചു. മില്യാക്ക നദിയുടെ ഇരുകരകളിലും ധാരാളം കാഴ്ചകൾ കാണാം. മഹായുദ്ധങ്ങളിൽ പീരങ്കിയുണ്ടകൾ തറച്ച ഭിത്തികളും, സമീപകാലത്ത് നടന്ന ആഭ്യന്തര യുദ്ധങ്ങളിൽ തകർന്നടിഞ്ഞ കെട്ടിടങ്ങളുമെല്ലാം സഞ്ചാരികളുടെ കണ്ണുതുറപ്പിക്കും. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കു മുമ്പ് മനോഹര രാജ്യമായ ഉക്രൈൻ കാണാൻ പോയിരുന്നു. പക്ഷെ, ഇനി എപ്പോഴെങ്കിലും പോകാൻ പറ്റിയാൽ, അന്ന് മനോഹരമായി കിടന്നിരുന്ന സ്ഥലങ്ങളെല്ലാം ഒരുപക്ഷെ ഇതുപോലെ ദുരന്ത ഭൂമിയായി മാറിയിരിക്കുന്ന കാഴ്ചകളായിരിക്കുമെന്നത് മനസ്സിനെ അലട്ടുന്നുണ്ട്. ഭൂപടത്തിലെ ഒരു വരക്കു ഇരുപുറവും നിന്ന് മനുഷ്യൻ മനുഷ്യനെ കൊന്നുതള്ളുന്ന ആവേശം! മിൽജാക്ക നദിക്ക് കുറുകെയുള്ള ഒട്ടോമൻ ശൈലിയിലുള്ള ചെറിയ പാലമാണ് ലാറ്റിൻ ബ്രിഡ്ജ്. ഒന്നാം ലോകമഹായുദ്ധത്തിനുതന്നെ കാരണമായ ആർച് ഡ്യൂക്ക് ഫെർണാഡിനെയും ഭാര്യ സോഫിയയെയും 1914ൽ വെടിവെച്ചു കൊന്ന സംഭവം അരങ്ങേറിയത് അവിടെയാണ്. അതിനോട് ചേർന്ന് തന്നെ ഒരു മ്യൂസിയവും ഇപ്പോഴുണ്ട്. നഗരത്തിലെ ഏറ്റവും മികച്ചതും ഏറ്റവും പുതിയതുമായ മ്യൂസിയങ്ങളിൽ ഒന്നാണ് വാർ ചൈൽഡ്ഹുഡ് മ്യൂസിയം.
ബോസ്‌നിയൻ യുദ്ധസമയത്തു നഗരവാസികളിൽ ചെലുത്തിയ മാനുഷിക സ്വാധീനം മനസ്സിലാക്കുന്നതിനുള്ള മികച്ച സ്ഥലവുമാണത്. മുമ്പൊരിക്കൽ ഈ നഗരത്തിൽ വന്നപ്പോൾ ഒറ്റയ്ക്ക് ഫോട്ടോ എടുത്തു നടന്നിരുന്ന എന്നെ തദ്ദേശീയനായ ഒരു ചെറുപ്പക്കാരൻ പരിചയപ്പെട്ടു. 10 യൂറോ കൊടുത്താൽ അവൻ ഈ നഗരത്തിലെ കാഴ്ചകളിലേക്കെല്ലാം കൊണ്ടുപോകാം എന്ന് പറഞ്ഞു. രാവിലെ മുതൽ അവന്റെ കൂടെ നടന്നു ഞങ്ങൾ നല്ല സുഹൃത്തുക്കളായി. പ്രൊഫെഷനലി അവൻ ഗൈഡ് ഒന്നുമല്ല. എന്നാലും, എന്തെങ്കിലും പൈസ കിട്ടിയാൽ അത്രേം ആയി എന്നു വിചാരിച്ചു എന്നോട് ചോദിച്ചതാണ്. അവന്റെ കുട്ടിക്കാലത്തു നടന്ന യുദ്ധങ്ങളുടെ ഭീകരത അവൻ വാക്കുകളിലൂടെ വരച്ചുകാട്ടി. അവരൊക്കെ ഒളിച്ചിരുന്ന ബങ്കറുകകൾ എനിക്ക് കാട്ടിത്തന്നു. സൗഹൃദം ആത്മാർഥമായപ്പോൾ വൈകിട്ട് അവന്റെ വീട്ടിലേക്കും ഞാൻ പോയി. ആ വീട്ടിൽപോയത് വല്ലാത്തൊരു വിങ്ങലായി ഇപ്പോഴും മനസിലുണ്ട്. യുദ്ധത്തിന്റെ കെടുതികളൊന്നും നേരിട്ടനുഭവിക്കാത്ത നമ്മളൊക്കെ എത്ര ഭാഗ്യവാൻമാർ! സരയേവോ നഗരത്തിൽ നിന്നും അഡ്രിയാറ്റിക് കടലിന്റെ ദിശയിലേക്കു പോയാൽ അതിമനോഹരമായ മോസ്‌റ്റർ നഗരത്തിൽ എത്താം. സരയേവോയിൽ നിന്ന് ട്രെയിനിന് പോകാം. 25 ബോസ്‌നിയൻ മാർക്ക് ആണ് ടിക്കറ്റ് ചാർജ്. പിന്നീടുള്ള ദിവസങ്ങൾ അവിടെയായിരുന്നു താമസിച്ചിരുന്നത്.
പോകുന്ന വഴിയെല്ലാം സ്വിറ്റ്സർലാൻഡിനു സമാനമായ പ്രകൃതി രമണീയത. സരയോവോയിൽ നിന്നും ഏതാണ്ട് മൂന്ന് മണിക്കൂർ യാത്രയുണ്ട് അങ്ങോട്ട്. മലകളെ ചുറ്റിപ്പോകുന്ന വൃത്തിയുള്ള റോഡുകൾ, ചെറിയ നദികൾ. ദൂരെ ഡിനാറിക് ആൽപ്സ് പർവതനിരകളുടെ മുകളിൽ നിന്നു തുടങ്ങി, താഴെ പതഞ്ഞൊഴുകുന്ന നേരീത്വ നദിയുടെ തീരം വരെ പടർന്നിറങ്ങുന്ന, ചുവന്ന ഓടുകൾ പാകിയ മേൽക്കൂരകളുള്ള കെട്ടിടങ്ങൾ നിറഞ്ഞ മനോഹരമായ മൊസ്റ്റാർ നഗരം. സ്വച്ഛ സുന്ദരമായ പ്രദേശം. നേരീത്വ നദിയിലൂടെയുള്ള ബോട്ട് യാത്ര അവിസ്മരണീയം തന്നെ. കാണേണ്ട മറ്റൊരു കാഴ്ചയാണ് സ്റ്റാർ മാസ്റ്റി ബ്രിഡ്ജ് എന്നറിയപ്പെടുന്ന പാലം. ബാൽക്കൺ ഇസ്‌ലാമിക് വാസ്തുവിദ്യയുടെ മാതൃകയായിരുന്ന ഈ പാലം 14-ാം നൂറ്റാണ്ടിൽ നിർമിച്ചതായിരുന്നു. 450 വർഷം മോസ്തറിലെ പഴയ നഗരഭാഗത്തായി നേരീത്വ നദിക്കു കുറുകെയാണ് പാലം നിന്നിരുന്നത്. പതിവ് പോലെ യുദ്ധങ്ങളിൽ അതും തവിടുപൊടി. 1993ൽ അത് തകർത്തെങ്കിലും പക്ഷേ, നശിപ്പിച്ച പാലത്തിന്റെ രൂപത്തിൽ തന്നെ അതേ സ്ഥലത്ത് മറ്റൊന്ന് പണിതു. ഇന്ന് മൊസ്റ്റാറിലെ പ്രധാനട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് അത്. മൊസ്റ്റാറിലെയും ഓൾഡ് ടൌൺ അതി ഗംഭീരം തന്നെ.
നേരീത്വ നദിയുടെ ഓരത്തുകൂടി കോബിൽസ്റ്റോൺ വിരിച്ച നീണ്ടു കിടക്കുന്ന നടപ്പാതകൾ. നടപ്പാതയുടെ മറ്റേ വശത്തു ബോസ്നിയൻ പ്രാദേശിക വിഭവങ്ങൾ ലഭിക്കുന്ന ധാരാളം റെസ്റ്റോറെന്റുകൾ. കാഴ്ചകൾ കണ്ടു അവിടെകൂടിയുള്ള നടത്തം ഉന്മേഷദായകമാണ്. മൊസ്റ്റാറിൽ നിന്നും ഒരു മണിക്കൂർ യാത്രചെയ്താൽ ബ്ലഗാജ് ടെക്കെയിലെത്താം. നൂറുമീറ്ററിലധികം ഉയരമുള്ള വലിയൊരു ചുണ്ണാമ്പു പാറയുടെ ഗുഹാസമാനമായ വിള്ളലിലൂടെ, 'ബുനാ' എന്ന നദി ചെറിയൊരു വെള്ളച്ചാട്ടത്തോടെ ഒഴുകുന്നു. 16-ാം നൂറ്റാണ്ടിൽ പാറതുരന്നു നിർമിച്ച ഓട്ടോമൻ മെഡിറ്ററേനിയൻ വാസ്തുവിദ്യയിൽ പണിത അവിടുത്തെ ഒരു സൂഫി മൊണാസ്ട്രി കൗതുകമുള്ള കാഴ്ചയാണ്. മൊസ്റ്റാറിൽ നിന്നും ക്രോയേഷ്യൻ സൈഡിലേക്ക് ഒരു മണിക്കൂർ യാത്ര ചെയ്താൽ ക്രാവിസ് വെള്ളച്ചാട്ടത്തിലെത്താം. ബോസ്നിയയിലെ അതിമനോഹരമായ ഒന്നാണിത്. ചെറിയൊരു എൻട്രൻസ് ഫീ ഉണ്ടെങ്കിലും ആ പണത്തിനൊത്ത കാഴ്ചകളും അനുഭവങ്ങളും അവിടെ നിന്നും ലഭിക്കും.
അവസാന ദിവസം മൊസ്റ്റാറിൽ നിന്നും ട്രെയിന് തന്നെ തിരിച്ചു സരയേവോയുടെ റെയിൽവേ സ്റ്റേഷനിൽ എത്തി. ആ പ്രദേശമെല്ലാം ബോസ്നിയയുടെ ആധുനിക നിർമിതികൾ നിറഞ്ഞ പ്രദേശമാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ട്വിസ്റ്റ് ടവർ. സരയോവോയിലെ സെൻട്രൽ ബസ് സ്റ്റേഷൻ, ട്രെയിൻ സ്റ്റേഷനുകൾ എന്നിവക്കെല്ലാം സമീപം സ്ഥിതി ചെയ്യുന്ന ഈ അംബരചുംബിക്ക് 172 മീറ്റർ ഉയരമുണ്ട്. ബാൽക്കണിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്. അതിന്റെ മുകളിലെ വ്യൂയിങ് ഡെക്കിൽ നിന്നും നഗരത്തിന്റെ മറ്റൊരു ആംഗിളിൽ ഉള്ള ആകാശക്കാഴ്ച ആസ്വദിക്കാം. ബോസ്‌നിയനോട് വിട പറയേണ്ട ദിവസമായിരിക്കുന്നു. മടക്കയാത്രക്കായി എയർപോർട്ടിലെത്തി. ധാരാളം പ്രതിസന്ധികളിലൂടെ കടന്നുപോയ ഒരു എയർപോർട്ട് ആണ് സരയേവോ ഇന്‍റർനാഷനൽ എയർപോർട്ട്. ബോസ്‌നിയൻ യുദ്ധസമയത്തെല്ലാം പൂർണമായും അടച്ചിട്ടതായിരുന്നു ഇത്. അന്ന് മിലിറ്ററി ഓപറേഷന് മാത്രമായി ഉപയോഗിച്ചു. പിന്നീട് 1996ലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ആ കാലത്തെ മനസ്സിൽ ഓർത്തുകൊണ്ട് തിരിച്ചുള്ള വിമാനത്തിനായി അവിടെ കാത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

