എവറസ്റ്റ് കൊടുമുടിയിലെ തേനീച്ചകൾ
text_fieldsവഴിയിലെവിടെയും ഇരുട്ടുമൂടിക്കിടക്കുന്നു. ആകാശത്ത് തിളങ്ങുന്ന നക്ഷത്രങ്ങൾ ഒരുപാടുണ്ട്. നടത്തം നിർത്തിയാൽ യാത്ര പൂർത്തിയായേക്കില്ല. എങ്കിലും ക്ഷീണം വല്ലാതെ തളർത്തുന്നു. തിളങ്ങുന്ന നിലാവിനുമേൽ ഇടക്കിടെ മേഘങ്ങൾ പുതപ്പുതുന്നുന്നുണ്ട്. വിശപ്പ് ഏറിവരുന്നു. എന്തെങ്കിലും കഴിച്ച് അൽപം വിശ്രമിക്കാതെ ഇനി യാത്ര സാധ്യമാവില്ല. കുറച്ച് സൂപ്പും ബിസ്കറ്റും രാത്രിഭക്ഷണമാക്കി. അൽപം വെള്ളവും കുടിച്ചു. ഇനി ഒന്നുറങ്ങണം. പക്ഷേ, വേഗതയിൽ അടിച്ചുവീശുന്ന ഹിമക്കാറ്റിൽ ടെന്റുവരെ ഒരുപക്ഷേ പാറിപ്പോയേക്കാം. തണുപ്പ് മൈനസ് അമ്പത് എപ്പോഴേ കടന്നുകഴിഞ്ഞിരിക്കുന്നു. ചുറ്റും മഞ്ഞുമൂടിയിരിക്കുന്നു. കാഴ്ചകളൊന്നുമില്ല. രാവിലെ അന്തരീക്ഷം തെളിയാതെ ഇനി യാത്ര സാധ്യമാവില്ലെന്ന് ഉറപ്പിച്ചു. ഓക്സിജൻ മാസ്ക് മുഖത്തുറപ്പിച്ച് ടെന്റിൽ കിടന്ന് ഒന്ന് കണ്ണടച്ചു. ആ മഞ്ഞിന്റെ മടിയിൽ തലവെച്ച് അയാളുറങ്ങി, നാലര മണിക്കൂർ...
ഒരു വലിയ സ്വപ്നത്തിലേക്കുള്ള യാത്രയായിരുന്നു അത്. തന്റെ കൂടുകൾക്കു ചുറ്റും പാറിപ്പറക്കുന്ന തേനീച്ചകളുടെ മാധുര്യമുള്ള മൂളലുകൾ അയാളുടെ മനസ്സിൽ അലയടിച്ചിട്ടുണ്ടാവണം. തന്റെ തേനീച്ചത്തോട്ടത്തിലെ ഓരോ കൂടുകൾക്കുമരികിലൂടെ നടക്കുമ്പോഴെല്ലാം അയാളുടെ മനസ്സിൽ ആ വലിയ സ്വപ്നം പുതിയ കൂടുകൾ കൂട്ടിക്കൊണ്ടിരുന്നു. ഓരോ തേനറകളിലും തേൻനിറയുമ്പോൾ തന്റെ സ്വപ്നങ്ങൾക്കും അതേ മധുരമുണ്ടാകുമെന്ന് അയാൾ പലകുറി പറഞ്ഞുവെച്ചിരുന്നു...
സമയം രാവിലെ 6 മണി കഴിഞ്ഞിരിക്കുന്നു. എവറസ്റ്റ് കൊടുമുടി സൂര്യരശ്മികളേറ്റ് അതിന്റെ ഏറ്റവും തിളക്കത്തിൽ നിൽക്കുകയാണ്. അയാൾ തന്റെ യാത്ര തുടരാനുള്ള തയാറെടുപ്പുകൾ തുടങ്ങി. കൂട്ടുകാരനൊപ്പം മഞ്ഞുപാളികൾതാണ്ടി മൂടൽമഞ്ഞിനെ വകഞ്ഞുമാറ്റി നിർത്താതെയുള്ള നടത്തം. നടന്നുനടന്ന് അറ്റമില്ലാത്ത എവിടെയോ എത്തിയതുപോലെ തോന്നി അയാൾക്ക്. ഭൂമി അവിടെവെച്ച് അവസാനിച്ചതുപോലെ. ചുറ്റും മഞ്ഞുമൂടിയ പർവതമുകളുകൾ. തനിക്കുചുറ്റും തന്റെ തേനീച്ചകൾ പാറിപ്പറക്കുന്നതുപോലെ അയാൾക്കുതോന്നി. അവ തേനറകളിൽനിന്ന് അൽപം മധുരംപകർന്നതുപോലെ മൂടൽമഞ്ഞിൽനിന്ന് ഒരു മഞ്ഞുകണം പതിയെ അയാൾക്കുമേൽ നനവുപടർത്തി. കൂട്ടുകാരൻ പറഞ്ഞു, ചങ്ങാതീ... ഒടുവിൽ നമ്മളവിടെ എത്തിയിരിക്കുന്നു. നമുക്കു മുന്നിൽ ഏറ്റവും വലിയ ഉയരം തലകുനിച്ചിരിക്കുന്നു...
ആ രണ്ടുപേർ
1953 മേയ് 29. ലോകത്തിന്റെ മേൽക്കൂരയെന്ന് അറിയപ്പെടുന്ന എവറസ്റ്റിന്റെ കൊടുമുടിയിൽ ആദ്യമായി രണ്ടു മനുഷ്യരുടെ കാലടികൾ പതിഞ്ഞ ആ ദിവസം. വെറുമൊരു പർവതാരോഹണ വിജയമല്ലായിരുന്നു അത്. മനുഷ്യന്റെ പരിധികളെ ചോദ്യം ചെയ്തവർക്കുള്ള മറുപടി കൂടിയായിരുന്നു. ന്യൂസിലൻഡുകാരനായ എഡ്മണ്ട് ഹിലാരിയും നേപ്പാളിലെ ഷെർപ്പ സമൂഹത്തിൽ നിന്നെത്തിയ ടെൻസിങ് നോർഗെയുമായിരുന്നു ആ ചരിത്ര നിമിഷം കുറിച്ച് ഉയരത്തെ കാൽക്കീഴിലാക്കിയ രണ്ടുപേർ.
തേനീച്ച കർഷകന്റെ മലകയറ്റം
ചരിത്രത്തിൽ രേഖപ്പെടുത്തിയ, ലോകം വാഴ്ത്തിപ്പാടിയ ഈ കഥയിൽ അത്ഭുതപ്പെടുത്തുന്ന മറ്റൊന്നു കൂടിയുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടി കീഴടക്കിയ എഡ്മണ്ട് ഹിലാരി എന്ന മനുഷ്യൻ തന്റെ നാട്ടിൽ സാധാരണ ജീവിതം നയിച്ചിരുന്ന ഒരു തേനീച്ച വളർത്തുകാരനായിരുന്നു എന്നതാണത്. 1919ൽ ന്യൂസിലൻഡിലെ ഓക്ലൻഡിനടുത്താണ് എഡ്മണ്ട് ഹിലാരി ജനിച്ചത്. ചെറുപ്പകാലത്ത് നാണംകുണുങ്ങിയായിരുന്നു, മെലിഞ്ഞ ശരീരമുള്ളവനായിരുന്നു ഹിലാരി. പക്ഷേ പുസ്തകങ്ങൾ അവന് ഏറെ ഇഷ്ടമായിരുന്നു. വായന അവനെ വേറൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സാഹസിക യാത്രകളുടെ കഥകൾ വായിച്ച ബാലൻ പിന്നീട് മലകൾ സ്വപ്നം കണ്ടുതുടങ്ങി. ഒരു സ്കൂൾ യാത്രക്കിടെയാണ് ഹിലാരി ആദ്യമായി മഞ്ഞുമലകളെ അടുത്തറിയുന്നത്. അന്നുമുതൽ സ്വപ്നങ്ങളുടെ കൂട്ടത്തിൽ അവൻ ആ മഞ്ഞുമലകൾകൂടി എടുത്തുവെച്ചു.
എഡ്മണ്ട് ഹിലാരി
പർവതാരോഹണം എന്നത് ഒരിക്കലും ഹിലാരിയുടെ ജോലിയായിരുന്നില്ല. കുടുംബത്തോടൊപ്പം തേനീച്ച വളർത്തലായിരുന്നു പ്രധാന ഉപജീവനമാർഗം. വേനൽക്കാലങ്ങളിൽ തേനീച്ചകളെ പരിപാലിക്കുകയും ഒഴിവുസമയങ്ങളിൽ മലകയറൽ പരിശീലിക്കുകയും ചെയ്തിരുന്നു ഹിലാരി. തേനീച്ചകളെ നോക്കുന്നതും പരിപാലിക്കുന്നതും തന്നിൽ സഹനശക്തിയും ശാന്തതയുമുണ്ടാക്കിയിട്ടുണ്ടെന്ന് ഹിലാരി ഒരിക്കൽ പറയുകയും ചെയ്തു.
ഹിമാലയ മടിത്തട്ടിലെ ടെൻസിങ്
ടെൻസിങ് നോർഗെ
തേനീച്ചകൾക്കൊപ്പം ഹിലാരി വളർന്നപ്പോൾ ഹിമാലയത്തിന്റെ മറുവശത്ത് മറ്റൊരാൾ തന്റെ പർവതാരോഹണം എന്ന സ്വപ്നത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു. ഹിമാലയൻ പ്രദേശത്ത് അത്യന്തം ദരിദ്രമായ സാഹചര്യങ്ങളിലായിരുന്നു ടെൻസിങ് നോർഗെ ജനിച്ചുവളർന്നത്. പർവതങ്ങൾ അവന് വെറും കാഴ്ച മാത്രമായിരുന്നില്ല, തന്റെ ജീവിതംതന്നെയായിരുന്നു. ചെറുപ്പത്തിൽതന്നെ പർവതയാത്രകളിലെ വഴികാട്ടിയായും സാധനങ്ങൾ ചുമന്നും പർവതാരോഹണ സംഘങ്ങളോടൊപ്പം ടെൻസിങ് സഞ്ചരിച്ചുതുടങ്ങിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പർവത വഴികാട്ടികളായി അറിയപ്പെടുന്ന ഹിമാലയത്തിലെ ഷെർപ്പ സമൂഹത്തിലായിരുന്നു ടെൻസിങ്ങും. ഉയരങ്ങളോട് സ്വാഭാവികമായി പൊരുത്തപ്പെടുന്ന ശരീരമായിരുന്നു അവർക്ക്. അപകടകരമായ മഞ്ഞുപാളികളും ഹിമച്ചരിവുകളും അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പക്ഷേ വെറും വഴികാട്ടിയായി മാത്രം നടന്നുനീങ്ങാൻ ടെൻസിങ് ആഗ്രഹിച്ചിരുന്നില്ല. ഒരിക്കൽ എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ തൊടണം എന്നായിരുന്നു അവന്റെ സ്വപ്നം.
മനുഷ്യരെ കീഴടക്കിയ എവറസ്റ്റ്
പലകാലങ്ങളിലായി പലരും എവറസ്റ്റ് കൊടുമുടി കയറാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. 1920കൾ മുതൽ നിരവധി സംഘങ്ങൾ എവറസ്റ്റ് കീഴടക്കാൻ ശ്രമിച്ചതായാണ് പറയപ്പെടുന്നത്. പലരും യാത്രാമധ്യേ മരിച്ചുവീണു. ചിലരെ കാണാതായി. പ്രശസ്ത ബ്രിട്ടീഷ് പർവതാരോഹകരായ ജോർജ് മലോറിയും ആൻഡ്രൂ ഇർവിനും 1924ൽ എവറസ്റ്റ് കയറാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, അവരെ യാത്രക്കിടെ കാണാതായി. അത് ലോകത്തെതന്നെ വിറപ്പിച്ചു. അവർ കൊടുമുടിയിലെത്തിയോ എന്നതുപോലും ഇന്നും രഹസ്യമായി തുടരുന്നു. അന്നുമുതൽ ഒരുപാടുപേരുടെ പേടിസ്വപ്നവും മറ്റുചിലരുടെ വെല്ലുവിളിയുമായി എവറസ്റ്റ് കൊടുമുടി തലയുയർത്തിനിന്നു.
മിഷൻ 1953
1953ൽ നടന്ന എവറസ്റ്റ് ദൗത്യം ലോകത്തിന് പുതിയ മുഖം നൽകിയ ഒന്നുകൂടിയായിരുന്നു. ജോൺ ഹണ്ട് ആയിരുന്നു അന്ന് ആ ബ്രിട്ടീഷ് എവറസ്റ്റ് ദൗത്യത്തിന് നേതൃത്വം നൽകിയത്. അതിൽ നിരവധി പർവതാരോഹകരിൽ രണ്ടുപേരായി എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗെയും. ആ കാലത്തെ എവറസ്റ്റ് യാത്രകൾ ഇന്നത്തെപോലെ സാങ്കേതിക സൗകര്യങ്ങളുള്ളതായിരുന്നില്ല. ഹിമാലയത്തിലേക്ക് നടന്നുതുടങ്ങിയ യാത്രാ സംഘത്തിന് ആദ്യം നേരിടേണ്ടിവന്നത് ഓരോ നിമിഷവും പിളർന്നുപോകാവുന്ന മഞ്ഞുപാളികൾ, ഇടിഞ്ഞുവീഴുന്ന ഹിമക്കട്ടകൾ... യാത്രാസംഘം തങ്ബോട്ടെ മൊണാസ്ട്രി ക്യാമ്പിലെത്തി. 8000 മീറ്റർ കയറിയതോടെ സൗത്ത് കോൾ എന്ന ഏറ്റവും അപകടംപിടിച്ച മരണ മേഖലയിലേക്ക് അവരെത്തി. മഞ്ഞുപാളികൾ ഒഴുകിനടക്കുന്ന നദിയും പിന്നിട്ട് ആ സംഘം മുന്നോട്ടുനീങ്ങി.
തീരുമാനമെത്തി, അവർ കയറട്ടെ
ബോർദിൽ, ചാൾസ് എന്നീ രണ്ടുപേരെ ആദ്യം കൊടുമുടിയിലേക്ക് കയറ്റിവിടാനായിരുന്നു ജോൺ ഹണ്ടിന്റെ തീരുമാനം. എന്നാൽ, അവർ രണ്ടുപേരും ഓക്സിജൻ വേണ്ടത്ര ലഭിക്കാതെ തിരികെയിറങ്ങി. പിന്നെയാണ് ഹിലാരിക്കും ടെൻസിങ്ങിനും നറുക്കുവീഴുന്നത്. എവറസ്റ്റിലെ ഏറ്റവും വലിയ ഉയരമാണ് ലക്ഷ്യം. മഞ്ഞുപാളികളിൽ അടിച്ചുവെച്ച കമ്പികളിൽ കയർകെട്ടി അവർ നടന്നുതുടങ്ങി. മറ്റുള്ളവർ എല്ലാം തിരികെ മടങ്ങി. ഇനി രണ്ടുപേർ മാത്രം, ചരിത്രവിധി കുറിക്കാൻ ഇറങ്ങിയ ആ രണ്ടുപേർ. ഹിമക്കാറ്റിനെ അതിജീവിച്ച ഒരു രാത്രിക്കുശേഷം അവർ വീണ്ടും നടത്തം തുടങ്ങി. ഉയരെയെവിടെയോ എത്തി. മൂടൽമഞ്ഞ് തെളിഞ്ഞപ്പോൾ അവരറിഞ്ഞു, ഇനി താണ്ടാൻ ഒന്നുമില്ല. ലോകത്തിന്റെ ഏറ്റവും നെറുകയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു! പരസ്പരം ആലിംഗനം ചെയ്ത് കുറേ നിമിഷങ്ങൾ.
ടെൻസിങ് നോർഗെയും എഡ്മണ്ട് ഹിലാരിയും പർവതാരോഹണത്തിനിടെ
ലോകം എന്താണെന്ന് ലോകത്തിന്റെ നെറുകയിൽ നിവർന്നുനിന്ന് അവർകണ്ടു. പിന്നെ മടക്കം. അതിനുമുമ്പ് പതാകകളും മകൾ കൊടുത്തുവിട്ട പെൻസിലും മിഠായിയും ടെൻസിങ് ആ കൊടുമുടിക്കു മുകളിൽ വെച്ചു. സമയം രേഖപ്പെടുത്തി, രാവിലെ ഏകദേശം 11.30. ലോകംതെന്ന കാൽച്ചുവട്ടിലാക്കിയ ഈ കഥയെ അസാധാരണമാക്കുന്നത് എവറസ്റ്റിന്റെ ഉയരം മാത്രമല്ല. ഒരു തേനീച്ച വളർത്തുകാരനും ഒരു ഷെർപ്പ യുവാവും ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെ നേരിട്ടത് എങ്ങനെ എന്നതായിരുന്നു. പക്ഷേ അപ്പോഴും അവർ ഒരു രഹസ്യം സൂക്ഷിച്ചുവെച്ചിരുന്നു, ആരാണ് ആദ്യം എവറസ്റ്റിന്റെ നെറുകയിൽ കാലുവെച്ചത് എന്ന കാര്യം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

