ഗൂഗ്ൾ മാപ്പ് ഉപയോഗിക്കുന്നവരാണോ? മിക്കവർക്കും അറിയാത്ത ഈ 10 കാര്യങ്ങൾ നിങ്ങളുടെ യാത്ര എളുപ്പമാക്കും
text_fieldsലോകത്തെവിടെയും വഴിതെറ്റാതെ സഞ്ചരിക്കാൻ നമ്മൾ ഇന്ന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഗൂഗ്ൾ മാപ്പിനെയാണ്. എന്നാൽ, വെറും റൂട്ട് നോക്കുന്നതിനപ്പുറം നമ്മുടെ യാത്രകൾ കൂടുതൽ സ്മാർട്ടാക്കാൻ സഹായിക്കുന്ന നിരവധി ഫീച്ചറുകൾ ഗൂഗ്ൾ മാപ്പിലുണ്ട്. പലർക്കും അറിയാത്ത, എന്നാൽ ഏറെ ഉപകാരപ്രദമായ 10 പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
തിരക്ക് മുൻകൂട്ടി അറിയാം
ഒരു കടയിലോ ടൂറിസ്റ്റ് കേന്ദ്രത്തിലോ പോകുന്നതിന് മുമ്പ് അവിടെ എത്രത്തോളം തിരക്കുണ്ടെന്ന് മാപ്പിലൂടെ അറിയാം. ഓരോ സമയത്തെയും തിരക്ക് പരിശോധിച്ച് തിരക്കില്ലാത്ത സമയം നോക്കി നമുക്ക് യാത്ര പ്ലാൻ ചെയ്യാം.
നെറ്റില്ലെങ്കിലും വഴി തെറ്റില്ല (Offline Maps)
യാത്രക്കിടെ റേഞ്ച് പോയാലും പേടിക്കേണ്ട. പോകുന്ന സ്ഥലത്തെ മാപ്പ് മുൻകൂട്ടി ഡൗൺലോഡ് ചെയ്താൽ ഇന്റർനെറ്റ് ഇല്ലാതെ തന്നെ നാവിഗേഷൻ ഉപയോഗിക്കാൻ സാധിക്കും.
സ്ട്രീറ്റ് വ്യൂ (Street View)
പോകുന്ന സ്ഥലം എങ്ങനെയുണ്ടാകുമെന്ന് നേരിട്ട് കാണണോ? സ്ട്രീറ്റ് വ്യൂ വഴി അവിടുത്തെ റോഡുകളും കെട്ടിടങ്ങളും 360 ഡിഗ്രിയിൽ ദൃശ്യമായി കാണാം. ഇത് വഴി തെറ്റാനുള്ള സാധ്യത കുറക്കുന്നു.
ജെമിനി എ.ഐ സഹായം
ഗൂഗ്ളിന്റെ 'ജെമിനി' ഇപ്പോൾ മാപ്പിലും ലഭ്യമാണ്. 'വഴിയിൽ പാർക്കിങ് സൗകര്യമുള്ള നല്ലൊരു കഫേ എവിടെയുണ്ട്?' എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയും നിർദേശങ്ങളും മാപ്‌സ് നൽകും.
ലൈവ് ലൊക്കേഷൻ ഷെയറിങ്
സുരക്ഷിതമായ യാത്രക്ക് നിങ്ങളുടെ ലൊക്കേഷൻ വീട്ടുകാർക്കോ സുഹൃത്തുക്കൾക്കോ തത്സമയം കൈമാറാം. നിങ്ങൾ എവിടെ എത്തിയെന്ന് അവർക്ക് ഫോണിലൂടെ കാണാൻ സാധിക്കും.
യാത്രക്കിടെ സ്റ്റോപ്പുകൾ ചേർക്കാം
ഒരു സ്ഥലത്തേക്ക് പോകുന്നതിനിടെ പെട്രോൾ പമ്പിലോ റസ്റ്റാറന്റിലോ കയറണമെങ്കിൽ റൂട്ട് മാറ്റാതെ തന്നെ പുതിയ സ്റ്റോപ്പുകൾ ചേർക്കാൻ സാധിക്കും.
പാർക്കിങ് എവിടെയാണെന്ന് മറക്കില്ല
വലിയ നഗരങ്ങളിലും മാളുകളിലും വാഹനം പാർക്ക് ചെയ്താൽ പിന്നീട് അത് കണ്ടെത്താൻ പ്രയാസപ്പെടാറുണ്ട്. പാർക്കിങ് ലൊക്കേഷൻ മാപ്പിൽ സേവ് ചെയ്താൽ തിരികെ വാഹനം ഇരിക്കുന്ന സ്ഥലത്തേക്ക് മാപ്പ് വഴി കാണിച്ചുതരും.
ബൈക്ക് യാത്രക്കാർക്ക് പ്രത്യേക റൂട്ട്
ബൈക്ക് യാത്രക്കാർക്കായി ഇടുങ്ങിയ റോഡുകൾ ഉൾപ്പെടെയുള്ള പ്രത്യേക റൂട്ടുകൾ മാപ്പിലുണ്ട്. കൂടാതെ നിങ്ങളുടെ ബൈക്കിന് അനുയോജ്യമായ നാവിഗേഷൻ ഐക്കണുകൾ തിരഞ്ഞെടുക്കാനും സാധിക്കും.
ഫ്ലൈ ഓവർ ഗൈഡൻസ്
പലപ്പോഴും ഫ്ലൈ ഓവറിൽ കയറണോ അതോ താഴെ സർവിസ് റോഡിലൂടെ പോകണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാൻ കൃത്യമായ നിർദേശങ്ങൾ ഇപ്പോൾ മാപ്പിലുണ്ട്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഈ സൗകര്യം ലഭ്യമാണ്.
പ്രിയപ്പെട്ട സ്ഥലങ്ങളുടെ ലിസ്റ്റ്
നിങ്ങൾ പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ ഓരോ ഫോൾഡറുകളായി ലിസ്റ്റ് ചെയ്ത് സൂക്ഷിക്കാം. ഓരോ തവണയും സെർച്ച് ചെയ്യുന്നതിന് പകരം ഈ ലിസ്റ്റ് നോക്കി വേഗത്തിൽ യാത്ര പ്ലാൻ ചെയ്യാം.
യാത്രകൾ കൂടുതൽ എളുപ്പമാക്കാൻ ഈ ഫീച്ചറുകൾ ശീലമാക്കാം. അടുത്ത തവണ ഗൂഗ്ൾ മാപ്പ് തുറക്കുമ്പോൾ ഇവ കൂടി പരീക്ഷിച്ചു നോക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

