Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സമയം നിങ്ങൾക്കായി കാത്തുനിൽക്കില്ല', ആദ്യ വിദേശയാത്രയുടെ എല്ലാ കൗതുകങ്ങളും നിറഞ്ഞ ഒരു മലേഷ്യൻ യാത്ര

text_fields
bookmark_border
സമയം നിങ്ങൾക്കായി കാത്തുനിൽക്കില്ല, ആദ്യ വിദേശയാത്രയുടെ എല്ലാ കൗതുകങ്ങളും നിറഞ്ഞ ഒരു മലേഷ്യൻ യാത്ര
cancel
camera_alt

മലേഷ‍്യയിലെ  ട്വിൻ ടവറിന് മുന്നിൽ

ഏതോ മലമുകളിലെ ഒരു കുഞ്ഞുതുള്ളിയിൽ നിന്ന് ചാലിട്ടൊഴുകി തുടങ്ങി നാടും നഗരവും കടന്ന് കടലിൻ്റെ വിശാലതയിൽ സ്വയമലിയുന്ന നദി പോലെയാണ് ഓരോ യാത്രികനും... ഓരോ നാടിന്‍റെയും സ്പന്ദനവും സംസ്കാരിക വൈവിധ്യങ്ങളും അറിഞ്ഞും അനുഭവിച്ചുമുള്ള യാത്ര...

ഏതൊരു യാത്രാപ്രേമിയുടെയും മനസ്സിൽ താലോലിച്ച് ഓമനിച്ച് കൊണ്ടു നടക്കുന്ന ഒരു സ്വപ്നമായിരിക്കും ഒരു വിദേശ യാത്ര പോവുകയെന്നത്. സ്വന്തം രാജ്യത്തെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഈ ഒരു അഗ്രഹം മനസ്സിന്‍റെ ഒരു കോണിൽ സ്ഥാനം പിടിച്ചിരിക്കുമെന്നത് തീർച്ച. അങ്ങനെ ഞാനും കണ്ടു; മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം പറഞ്ഞതുപോലെ ഉറങ്ങാൻ അനുവദിക്കാത്ത ആ ഒരു സ്വപ്നം. ഒരു വിദേശയാത്ര നടത്തണം ! അതിനായി മനസ്സറിഞ്ഞ് മാനിഫെസ്റ്റ് ചെയ്തു.. അങ്ങനെ 2026 ജനുവരിയിൽ തുടങ്ങിയ എന്‍റെ സ്വപ്നം ആഗസ്റ്റ് 22 ആയപ്പോൾ മലേഷ്യയിലൂടെ സാക്ഷാത്കാരമായി. ! എന്ത് കാര്യത്തിനും കട്ടക്ക് കൂടെ നിൽക്കാൻ ഒരാൾ കൂടെയുള്ളപ്പോൾ എല്ലാം നടക്കുമെന്ന വിശ്വാസമുണ്ടായിരുന്നു..വിദേശത്ത് പോവണമെന്നല്ലാതെ ഇതു സംബന്ധിച്ച കാര്യങ്ങളിൽ ഞങ്ങൾക്ക് ധാരണയൊന്നും ഉണ്ടായിരുന്നില്ല.

സാമ്പത്തികം, സമയം, നടപടിക്രമങ്ങൾ അങ്ങനെ പലവിധ കാര്യങ്ങൾ നോക്കണമല്ലൊ.. എന്നാൽ ആശയക്കുഴപ്പങ്ങളെല്ലാം പരിഹരിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ ഞങ്ങൾ സമീപിച്ച ട്രാവൽസിലെ ഫിറോസ് ,മാളവിക എന്നിവർ കട്ടയ്ക്ക് കൂടെ നിന്നതോടെ ജനുവരി മുതൽ തന്നെ ഈ യാത്രയിലേക്ക് വേണ്ടതായ ഓരോ പടികളും ഞങ്ങൾ കയറിത്തുടങ്ങി. അവസാന ആഴ്ചയിൽ ഇന്ത്യൻ രൂപയെ മലേഷ്യൻ കറൻസിയായ റിങ്കറ്റിലേക്ക് മാറ്റുകയും ഫോണിൽ ഇന്‍റനാഷണൽ റോമിങ് ആക്ടിവേറ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു പ്രധാന ദൗത്യം. യൂനിവേഴ്സൽ ചാർജ് അഡാപ്‌റ്റർ വാങ്ങണമെന്ന് യാത്രയിലെ മലയാളി ഗൈഡ് ഷിൽജോ പ്രത്യേകം നിർദ്ദേശിച്ചിരുന്നു. സംസാരത്തിനിടെ അദ്ദേഹത്തിന്‍റെ 17-ാമത്തെ മലേഷ്യൻ യാത്രയാണെന്നറിഞ്ഞപ്പോൾ ഞങ്ങൾ ശരിക്കും ഞെട്ടി!

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നായിരുന്നു ആദ്യത്തെ ഇന്‍റർനാഷണൽ ഫ്ലൈറ്റ് കയറുന്നത്. ഇത് ഞങ്ങളുടെ എട്ടാമത്തെ വിമാനയാത്രയാണ്. നെടുമ്പാശ്ശേരിയിൽ നിന്ന് ഇതാദ്യമായാണ് യാത്ര ചെയ്യുന്നത്. ആദ്യമായി പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യുന്നതും എമിഗ്രേഷൻ നടപടിക്രമങ്ങൾ മനസിലാക്കുന്നതിലുമായിരുന്നു എന്‍റെ ശ്രദ്ധ മുഴുവൻ. അങ്ങനെ ഷിൽജോയുടെ നേതൃത്വത്തിൽ ഞങ്ങൾ കുറച്ച് കൂട്ടുകാരേയും വഹിച്ച് ഏയർ ഏഷ്യ വിമാനം ക്വാലാലമ്പൂരിലേക്ക് പറന്നുയർന്നു. കൊച്ചിയിൽ നിന്ന് നാല് മണിക്കൂറാണ് യാത്ര. ഒരുറക്കം കഴിഞ്ഞുണർന്നപ്പോൾ തന്നെ ഫോണിലെ സമയം ഓട്ടോമാറ്റിക്കായി മലേഷ്യൻ ടൈമിലെക്ക് മാറി. എയർപോർട്ട് നടപടിക്രമങ്ങൾ കഴിഞ്ഞ് അവിടെ നിന്ന് ഫ്രെഷ് അപ്പ് ആയ ഞങ്ങൾ പുറത്തെത്തിയപ്പോഴെക്കും മലേഷ്യയിലെ ലോക്കൽ ഗൈഡായ എറിൻ ഞങ്ങളെ കാത്തുനിൽപ്പുണ്ടായിരുന്നു. പ്രഭാത ഭക്ഷണത്തിന് ശേഷം ആദ്യം പുത്രജയയിലേക്കായിരുന്നു യാത്ര.

പുത്രജയ

മലേഷ്യൻ ഭരണസിരാകേന്ദ്രവും മനോഹരമായ ഒരു ഗാർഡൻ സിറ്റിയുമാണ് പുത്രജയ. ഇവിടെ പുത്രാ മോസ്‌ക്, പുത്രാ തടാകം, സെരി വവാസൻ പാലം എന്നിവയുമുണ്ട്. പുത്രാ മോസ്കിൽ സ്ത്രീകൾക്ക് അകത്ത് കയറാൻ തലയും ദേഹവും മറയുന്ന വസ്ത്രം ധരിക്കേണ്ടതുണ്ട്. അതില്ലെങ്കിൽ തല ഉൾപ്പെടെ മറയ്ക്കുന്ന വസ്ത്രം കൗണ്ടറിൽ നിന്ന് സൗജന്യമായി ലഭിക്കും; അത് ധരിച്ച് കയറണം. റോസ് നിറത്തിലുള്ള താഴിക കുടവും മനോഹരമായ ഇസ്ലാമിക വാസ്തുവിദ്യയും കാരണം ഇത് 'പിങ്ക് മോസ്ക് 'എന്നും അറിയപ്പെടുന്നു. കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന മലേഷ്യൻ പ്രധാനമന്ത്രിയുടെ ഓഫീസ് മന്ദിരമായ പെർഡാന പുത്ര, പുത്രജയ ബൊട്ടാണിക്കൽ ഗാർഡൻ എനിവയെല്ലാം ഇവിടത്തെ പ്രധാന ആകർഷണമാണ്.

പുത്രജയ മോസ്ക്

ഭാവി പ്രവചിക്കുന്ന തീൻ ഹോ ക്ഷേത്രം !

മോസ്‌കിലെ കാഴ്ചകൾക്ക് ശേഷം പ്രശസ്തമായ ചൈനീസ് താവോയിസ്റ്റ്-ബുദ്ധിസ്റ്റ് ദേവാലയമായ തീൻ ഹോ ടെമ്പിൾ കാണുവാനാണ് പോയത്.

ഏറ്റവും പഴക്കം ചെന്ന ഈ ചൈനീസ് ദേവാലയത്തിലെ പ്രധാന പ്രതിഷ്ഠ കടലിന്‍റെ ദേവതയായ മാസു ആണ്. കരുണയുടെ ദേവതയായ 'ഗുവാൻ യിൻ' (Guan Yin) പ്രതിഷ്ഠയും ഇവിടെയുണ്ട്. ആറ് നിലകളുള്ള ഈ ക്ഷേത്രത്തിന്‍റെ നിർമാണം ചൈനീസ് പരമ്പരാഗത വാസ്‌തുവിദ്യയുടെയും ആധുനിക ശൈലിയുടെയും മനോഹരമായ സംയോജനമാണ്.

നേരത്തേതന്നെ റീലുകളിൽ ഇവിടത്തെ ഒരു ചൈനീസ് വിശ്വാസത്തെ കുറിച്ച് അറിഞ്ഞിരുന്നു. വൃത്താകൃതിയിലുള്ള ഒരു രൂപത്തിന് നടുവിലായി ഏതാനും സ്‌റ്റിക്കുകൾ വച്ചിട്ടുണ്ട്. അവ ഇരു കൈകൾ കൊണ്ടും ചേർത്തുപിടിച്ച് ഉയർത്തി താഴേക്കിടണം. അപ്പോൾ അതിൽ ഒരു സ്റ്റിക്ക് മാത്രം ഉയർന്നുനിൽക്കുന്നത് കാണാം. ഈസ്റ്റിക്കിലെ നമ്പർ ഏതാണെന്ന് നോക്കുക. തുടർന്ന് ആ സ്റ്റിക്കുകൾ വച്ച പ്ലാറ്റ്ഫോമിന്റെ താഴെ ഭാഗത്ത് വിവിധ അറകളും അവയുടെ മുകളിൽ നമ്പറുകളും എഴുതി വെച്ചിരിക്കുന്നത് കാണാം. അവയിൽ നിന്ന് നമുക്ക് കിട്ടിയ സ്റ്റിക്കിന്റെ നമ്പറുള്ള അറ തുറന്നു പ്രവചനക്കുറിപ്പ് എടുത്ത് വായിക്കുന്നതാണ് രീതി.

മലേഷ്യയിലെ ഹൈനാനീസ് സമൂഹമാണ് തീൻ ഹൗ ക്ഷേത്രത്തിൽ മേൽനോട്ടം വഹിക്കുന്നത്. ഫോട്ടോഗ്രഫിക്ക് അനുയോജ്യമായ സാംസ്‌കാരിക കേന്ദ്രം കൂടിയാണിത്.

തെൻഹോ ക്ഷേത്രം

മലേഷ്യയിലെ മലയാളം പാട്ട് !

ക്ഷേത്ര സന്ദർശനത്തിനു ശേഷം ഞങ്ങൾ ഭക്ഷണം കഴിക്കാനായി മാംഗോ എന്നു പേരായ റെസ്റ്റോറന്‍റിലേക്ക് പോയി. പലതരം വിഭവങ്ങൾ അവിടെയുണ്ടായിരുന്നു. അപ്പോഴാണ് അവിടത്തെ സ്പീക്കറിൽ നിന്ന് ഒരു മലയാളം പാട്ട് ഒഴുകി വന്നത്. ഏട്ടൻ (ഭർത്താവ്) അപ്പോൾ തന്നെ പറഞ്ഞു; ഒന്നുകിൽ ഇവിടെ മലയാളി സ്റ്റാഫുകൾ ഉണ്ട്, അല്ലെങ്കിൽ കേരളത്തിലെ ടൂറിസ്റ്റുകൾക്ക് വേണ്ടി അവർ വെച്ചതായിരിക്കുമെന്ന്. കണക്കുകൂട്ടലുകൾ തെറ്റിയില്ല ,അവിടെ നിന്ന് കോഴിക്കോട് വടകര സ്വദേശികളായ മലയാളി സ്റ്റാഫുകളെ പരിചയപ്പെടാൻ സാധിച്ചു. എവിടെ ചെന്നാലും നമുക്ക് മലയാളികളെ കാണാം എന്നതിൽ എനിക്ക് വലിയ അഭിമാനം തോന്നി.

ശേഷം ഞങ്ങൾ പോയത് ഞങ്ങൾക്ക് താമസിക്കാനായി ബുക്ക് ചെയ്ത കോസ്മോസ് എന്ന ഹോട്ടലിലേക്കാണ് വിദേശ രാജ്യങ്ങളിൽ ഉച്ചക്ക് രണ്ട് മണി കഴിഞ്ഞാണ് ഹോട്ടൽ ചെക്ക് ഇൻ നടപടികൾ ഉണ്ടാവുക. പതിമൂന്നാമത്തെ നിലയിലായിരുന്നു ഞങ്ങളുടെ റൂം. മാത്രമല്ല അവിടെ ലിഫ്‌റ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യക്കുള്ളിൽ ഞാൻ കാണാത്ത ഒരു കാഴ്ച അവിടെ കണ്ടു. ലിഫ്‌റ്റിൽ നമുക്ക് നമ്മുടെ റൂമുള്ള നിലയിലേക്ക് പോകണമെങ്കിൽ റൂം തുറക്കാനുള്ള കീ കാർഡ് ലിഫ്‌റ്റിലും സ്‌കാൻ ചെയ്യണമായിരുന്നു.

മൂന്ന് മണിക്കൂർ കഴിഞ്ഞ് ഞങ്ങൾക്ക് കാഴ്ചയുടെ വിസ്‌മയങ്ങളിലെക്ക് ഇറങ്ങാനുള്ളതുകൊണ്ട് റൂമിൽ പോയി ആദ്യം ഒരു കുളി പാസാക്കി. കുളിമുറിയിൽ ബക്കറ്റ് വെക്കുന്ന രീതി അവിടെ ഇല്ലായിരുന്നു. ശീലിച്ചുപോയതിനാൽ ബക്കറ്റില്ലാതെയുള്ള കുളി അൽപം പ്രയാസമായിരുന്നെങ്കിലും അത് അഡ്ജസ്റ്റ് ചെയ്യുകയേ വഴിയുണ്ടായിരുന്നുള്ളൂ.

ട്വിൻ ടവർ

മലേഷ്യൻ യാത്രയിലെ പ്രധാന ആകർഷണമായ ട്വിൻ ടവർ കാണാനാണ് പിന്നീട് ഞങ്ങൾ പോയത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ ഇരട്ട അംബരചുംബികളായ കെട്ടിടത്തെ നേരിൽ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നിയത്. നമ്മളും ലോകത്തോളം ഉയർന്ന പോലെ..! പലപ്പോഴും പല അത്ഭുദങ്ങളും ചിത്രത്തിലാണല്ലോ ആദ്യം നമ്മൾ കാണുന്നത്. ഈ ടവറിന് 451.9 മീറ്റർ ഉയരവും 88 നിലകളുമുണ്ട് . അർജൻ്റീനിയൻ വാസ്‌തുശില്പിയായ സീസർ പെല്ലി ആണ് ഇത് ഡിസൈൻ ചെയ്തത്. സ്റ്റെയിലൻസ് സ്റ്റീലും ഗ്ലാസും കോൺക്രീറ്റും ഉപയോഗിച്ചാണ് ഇതിന്‍റെ പുറം ഭാഗം തിളങ്ങുന്ന രീതിയിൽ നിർമിച്ചിട്ടുള്ളത്. ശേഷം അവിടെയുള്ള വാട്ടർ ഫൗണ്ടെയിൻ ഷോയും കണ്ട് രാത്രി ഭക്ഷണവും കഴിച്ച് ഹോട്ടലിലേക്ക് തിരിച്ചു.

ഇന്ത്യൻ വിഭവങ്ങളും ഡെസർട്ടുകളും പഴങ്ങളുമെല്ലാം അടങ്ങിയ പ്രഭാത ഭക്ഷണമാണ് ഞങ്ങൾ താമസിച്ച ഹോട്ടലിൽ ഒരുക്കിയിരുന്നത്. ഭക്ഷണശേഷം യാത്ര ബാട്ടുകേവ്സിലെക്കായിരുന്നു. ഞങ്ങളുടെ ഗൈഡും അവിടത്തെ ലോക്കൽ ഗൈഡും ഓരോ പോയിന്‍റുകൾ കഴിഞ്ഞാലും കൃത്യമായ വിവരങ്ങൾ ഞങ്ങളുടെ അറിവിലേക്കായി തന്നിരുന്നു. ഞങ്ങളുടെ യാത്രയിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു രണ്ടു വയസ് മാത്രം പ്രായമുള്ള ഇരട്ടകുട്ടികളായ കുഞ്ഞാറ്റയും മുത്തും. ഓടിയും ചാടിയും കുറുമ്പു കാട്ടിയും അവർ യാത്ര കളറാക്കി. ഒരു നിമിഷം പോലും നമുക്കൊരു മടുപ്പു തോന്നുമായിരുന്നില്ല. കൂടെയുള്ള എല്ലാവരും ആ ഗ്രൂപ്പും ഇന്നും ഉണർവോടെ നിൽക്കുന്നത് കുറച്ചു ദിവസങ്ങൾ ഞങ്ങളൊരു കുടുംബം പോലെ ആയതുകൊണ്ടു തന്നെയാണ്. ഇങ്ങനെ എത്രയെത്ര സൗഹൃദങ്ങളും സ്‌നേഹവും നല്ല നിമിഷങ്ങളുമാണ് എനിക്കു കിട്ടിയത് എന്നോർത്തു തീരുമ്പോഴെക്കും ഞങ്ങൾ ബാട്ടു കേവ്സിൽ എത്തിയിരുന്നു.

ബാട്ടു കേവ്സ് (Battu Caves)

മലേഷ്യയിലെ പ്രശസ്ത ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ബാട്ടുകേവ്സ്. പ്രകൃതിദത്തമായ ചുണ്ണാമ്പു കല്ലുകളോട് കൂടിയ ഗുഹയാണിത്. ക്വാലാലമ്പൂരിൽ നിന്ന് 13 കി.മീ വടക്കായി സെലാൻഗോർ എന്ന സ്ഥലത്താണ് ബാട്ടുകേവ്‌സ്. 42.7 മീറ്റർ ഉയരമുള്ള സുവർണ മുരുകൻ പ്രതിമയാണ് ഇവിടത്തെ പ്രധാന ആകർഷണം. പ്രധാന ഗുഹയായ ടെമ്പിൾ കേവിലേക്ക് പ്രവേശിക്കാൻ 272 മനോഹരമായ വർണ പടവുകളാണുളളത്. ടെമ്പിൾ കേവ്, രാമായണ ഗുഹ, കേവ് വില്ല എന്നിങ്ങനെ മൂന്ന് പ്രധാന ഗുഹകൾ ഇവിടെയുണ്ട്. ധാരാളം കുരങ്ങുകളുള്ളതിനാൽ അൽപം ശ്രദ്ധ ആവശ്യമാണ്. കയറിയ പടികൾ തിരിച്ചിറങ്ങുമ്പോൾ കച്ചവടത്തിനായി ധാരാളം കടകളും ആളുകളും മാടി വിളിക്കുന്നത് കണ്ടു. യാത്ര ചെയ്യുക, സ്ഥലങ്ങൾ കാണുക എന്നല്ലാതെ ഷോപ്പിങ് എന്‍റെ നിഘണ്ടുവിൽ ഇല്ലാത്ത ഒന്നായിരുന്നു. എന്നാൽ ഇപ്പോൾ പോകുന്ന സ്ഥലങ്ങളിലെ എന്തെങ്കിലും ഓർമകൾ എന്‍റെ കളക്ഷനിലേക്ക് ഞാനെടുക്കാൻ തുടങ്ങിയത് പുതിയ വീടിന് വേണ്ടി കുറ്റിയടിച്ചതിന് ശേഷമാണ്. വിലപേശി സാധനം വാങ്ങിയ ആശ്വാസത്തിൽ ഞങ്ങൾ തിരിച്ച് വണ്ടിയിൽ കയറി.

ഭക്ഷണ ശേഷം പ്രധാന ആകർഷണമായ ജെൻഡിംഗ് ഹൈലാൻ്റ് കാണുവാനായാണ് പോയത്. ക്വാലാലമ്പൂരിന്റെ തിരക്കുകളിൽ നിന്നും ചൂടിൽ നിന്നും രക്ഷനേടാൻ സഞ്ചാരികൾ ആദ്യം തിരഞ്ഞെടുക്കുന്ന ഇടങ്ങളിലൊന്നാണ് ജെൻഡിംഗ് ഹൈലാൻഡ്‌സ് (Genting Highlands). പച്ചപ്പുനിറഞ്ഞ പശ്ചിമഘട്ട മലനിരകളുടെയും പുരാതനമായ മഴക്കാടുകളുടെയും മുകളിലായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു ടൂറിസ്‌റ്റ് പറുദീസയാണ്. ഇവിടെയെത്തുന്ന ഓരോ സഞ്ചാരിയെയും ഏറ്റവും കൂടുതൽ വിസ്മയിപ്പിക്കുന്ന ഒന്നാണ് അവിടേക്കുള്ള കേബിൾ കാർ യാത്ര.



ബാട്ടു കേവ്സ്

ഗൊണ്ടോള കേബിൾ കാർ

കേബിൾ കാറിലാണ് ജെൻഡിംഗ് ഹൈലാൻ്റ്സിലേക്ക് പോകേണ്ടത്. കാശ്മീരിലെ ഗുൽമർഗ് സന്ദർശിച്ചപ്പോഴും പഴനിയിലും രാജസ്ഥാനിലെ ജയ്പൂരിലെ മങ്കി ടെമ്പിളിലുമെല്ലാം നേരത്തേ കേബിൾ കാറിൽ കയറിയിരുന്നെങ്കിലും അവിടെയൊക്കെ ഞങ്ങൾക്ക് ഏറെ നേരം ക്യൂ നിൽക്കെണ്ടി വന്നിരുന്നു. എന്നാൽ ഇവിടെ സ്ഥിതി മറിച്ചായിരുന്നു. എല്ലാം പെട്ടെന്ന് നടന്നു. ഒന്നിനു പുറകെ ഒന്നായി നിർത്താതെ നീങ്ങിക്കൊണ്ടെത്തുന്ന കേബിൾ കാറിൽ ചാടിക്കയറണമെന്നത് അൽപം സാഹസമായി തോന്നി.

ജെൻഡിംഗ് ഹൈലാന്‍റ്സിലേക്കുള്ള യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണമാണ് ഈ ഗൊണ്ടോള (Awana SkyWay) കേബിൾ കാർ സംവിധാനം. താഴെ അവാന സ്റ്റേഷനിൽ നിന്നു തുടങ്ങി മലമുകളിലെ ജെൻഡിംഗ് സെൻട്രൽ സ്റ്റേഷൻ വരെയാണ് ഇതിന്റെ പാത. ഇരുവശങ്ങളിലേക്കുമുള്ള ഈ സഞ്ചാരം സന്ദർശകർക്ക് തികച്ചും വ്യത്യസ്തവും സാഹസികവുമായ ഒരു അനുഭവം സമ്മാനിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള മഴക്കാടുകൾക്ക് മുകളിലൂടെയാണ് കേബിൾ കാറുകൾ ഒഴുകിനീങ്ങുന്നത്.

സഞ്ചരിക്കുന്ന വഴിയിൽ താഴെയായി തെളിഞ്ഞുകാണുന്ന ഹരിതാഭമായ പ്രകൃതിയും മലനിരകളും കണ്ണിന് കുളിർമയേകുന്നു.

കേബിൾ കാറിന്റെ ഗ്ലാസ് ഫ്ലോറിലൂടെ (Glass Floor) താഴേക്ക് നോക്കുമ്പോൾ ലഭിക്കുന്ന കാഴ്ച നെഞ്ചിടിപ്പേറ്റുന്നതോടൊപ്പം തന്നെ അതീവ മനോഹരവുമാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 6,000 ത്തിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ പലപ്പോഴും തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മലേഷ്യയിലെ ചൂടിൽ നിന്നും ഓടിയെത്തുന്നവർക്ക് ഇതൊരു വലിയ ആശ്വാസമാണ്.

തീംപാർക്കുകൾ

ലോകപ്രശസ്തമായ ഇൻഡോർ, ഔട്ട്ഡോർ അമ്യൂസ്‌മെന്റ് പാർക്കുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ റൈഡുകളും വിനോദോപാധികളും ഇവിടെയുണ്ട്.

കാസിനോകൾ

മലേഷ്യയിൽ ചൂതാട്ടത്തിനായി നിയമപരമായി കാസിനോകൾ പ്രവർത്തിക്കുന്ന ഒരേയൊരു പ്രദേശമാണിത്. ഇവിടുത്തെ ആഡംബര അന്തരീക്ഷവും ലോകനിലവാരത്തിലുള്ള സൗകര്യങ്ങളും വിദേശ സഞ്ചാരികളെ ഇവിടേക്ക് ഏറെ ആകർഷിക്കുന്നു.

ഷോപ്പിങ് മാളുകൾ

ആധുനിക സൗകര്യങ്ങളോടുകൂടിയ വലിയ ഷോപ്പിങ് കോംപ്ലക്സുകളും റെസ്റ്റോറന്റുകളും മലമുകളിൽ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ഇവിടെങ്ങളിലെ കച്ചവടക്കാരും സ്‌റ്റാഫുകളുമെല്ലാം സഞ്ചാരികളോട് അതീവ വിനയത്തോടെയും ബഹുമാനത്തോടെയും ഇടപഴകുന്നതായാണ് എനിക്ക് കാണാൻ സാധിച്ചത്. ഈ യാത്ര അവസാനിച്ചതിന് ശേഷം രാത്രി ഭക്ഷണം കഴിച്ച് ഞങ്ങൾ നേരെ റൂമിലെത്തി. പിറ്റെ ദിവസം ഈ ഹോട്ടലിൽ ചെക്ക് ഔട്ട് ചെയ്ത് മലാക്കയിലേക്ക് പോവുകയാണ് പ്ലാൻ. അതിനു മുമ്പായി ലോകപ്രശസ്തമായ കെ എൽ ടവർ കാണാനാണ് ഇനിയുള്ള യാത്ര.

KL ടവർ

ക്വാലാലമ്പൂരിലെ ഒരു കമ്മ്യൂണിക്കേഷൻ ടവറാണ് കെ.എൽ. ടവർ (KL Tower - Menara Kuala Lumpur). പെട്രോണാസ് ട്വിൻ ടവറുകൾ കഴിഞ്ഞാൽ ക്വാലാലമ്പൂർ നഗരത്തിന്റെ ആകാശക്കാഴ്ചയിൽ ഏറ്റവും പ്രമുഖമായ അടയാളം ഈ ടവറാണ്. ആന്റിന ഉൾപ്പെടെ 421 മീറ്റർ ഉയരമുള്ള ഈ ടവർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വതന്ത്ര ടെലി കമ്മ്യൂണിക്കേഷൻ ടവറുകളിൽ ഏഴാം സ്ഥാനത്താണ്. ഇത് ബുക്കിത് നനാസ് (Bukit Nanas) എന്ന ചെറിയ കുന്നിൻമുകളിലാണ് സ്ഥിതി ചെയ്യുന്നത്. കുന്നിന്‍റെ ഉയരം കൂടി കണക്കിലെടുക്കുമ്പോൾ സമുദ്രനിരപ്പിൽ നിന്ന് ഇതിന് പെട്രോണാസ് ടവറിനേക്കാൾ കൂടുതൽ ഉയരം അനുഭവപ്പെടുന്നുണ്ട്.

1991-ൽ നിർമ്മാണം ആരംഭിച്ച ടവർ 1996 ലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഇസ്ലാമിക വാസ്തുവിദ്യയുടെയും ആധുനിക ശൈലിയുടെയും സംയോജനമായാണ് ഇതിന്റെ രൂപകൽപ്പന. ശേഷം ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങൾ മലാക്കയിലേക്കുള്ള യാത്രയിലായി.

മലാക്ക

ക്വാലാലമ്പൂരിൽ നിന്ന് 2 മണിക്കൂർ യാത്ര ചെയ്താൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള മലാക്കയിലേക്ക് എത്തുക. 1396-ൽ സുമാത്രയിൽ നിന്നുള്ള പരമേശ്വര എന്ന രാജകുമാരനാണ് മലാക്ക നഗരം സ്ഥാപിച്ചത്.

ചൈന, ഇന്ത്യ,മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവക്കിടയിലെ സമുദ്രപാതയിൽ വളരെ തന്ത്രപ്രധാനമായ സ്ഥാനത്ത് സ്ഥിതി ചെയ്തിരുന്നതുകൊണ്ട്, 15, 16 നൂറ്റാണ്ടുകളിൽ ഇതൊരു പ്രധാന അന്താരാഷ്ട്ര കച്ചവട കേന്ദ്രമായി വളർന്നു.

മലാക്കയുടെ ഈ പ്രത്യേകതകളിൽ ആകൃഷ്ടരായ വിവിധ യൂറോപ്യൻ ശക്തികൾ ഈ പ്രദേശം പിടിച്ചെടുക്കാൻ മത്സരിച്ചു. പോർച്ചുഗീസുകാർ (1511), ഡെച്ചുകാർ (1641), തുടർന്ന് ബ്രിട്ടീഷുകാർ എന്നിവരെല്ലാം മലാക്കയെ അധീനതയിലാക്കി. ഈ സ്വാധീനങ്ങളെല്ലാം ഇവിടുത്തെ വാസ്തുവിദ്യയിലും സംസ്കാരത്തിലും വ്യക്തമായി കാണാം.

ഡച്ച് സ്ക്വയർ (Dutch Square / The Red Square)

ചുവന്ന നിറത്തിലുള്ള പഴയകാല ഡച്ച് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന മലാക്കയുടെ ഹൃദയഭാഗമാണിത്. ക്രൈസ്റ്റ് ചർച്ച് (Christ Church), സ്റ്റാഡ്‌ഹ്യൂസ് (Stadthuys) തുടങ്ങിയ ചരിത്രപ്രസിദ്ധമായ സ്മാരകങ്ങൾ ഇവിടെയാണ്.

എ ഫാമോസ (A Famosa)

തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യൻ നിർമ്മിതികളിൽ ഒന്നായ ഈ പോർച്ചുഗീസ് കോട്ടയുടെ അവശിഷ്ടങ്ങൾ പ്രധാനപ്പെട്ട ഒരു ചരിത്ര സ്മാരകമാണ്. ഇതിനടുത്തുള്ള സെന്റ് പോൾ കുന്നും (St. Paul's Hill) ചരിത്രപ്രധാനമാണ്. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും സജീവമാകുന്ന ഇവിടുത്തെ ജോങ്കർ സ്ട്രീറ്റിലെ നൈറ്റ് മാർക്കറ്റ് വളരെ പ്രസിദ്ധമാണ്. പരമ്പരാഗത സാധനങ്ങൾ, സുവനീറുകൾ, വൈവിധ്യമാർന്ന തെരുവ് ഭക്ഷണങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്.

മലാക്ക നദിയും ക്രൂയിസും (Melaka River Cruise)

നഗരത്തിലൂടെ ഒഴുകുന്ന മലാക്ക നദിക്കരയിലൂടെയുള്ള ബോട്ട് യാത്ര ഹൃദയഹാരിയാണ്. ഈ യാത്ര നഗരത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ സമ്മാനിക്കുന്നു. ഇരുവശങ്ങളിലെയും പഴയ ചുവരുകളിലെ വർണ്ണാഭമായ ചിത്രങ്ങളും (Murals) കാഴ്ച വിരുന്നൊരുക്കുന്നു.

മലാക്ക സ്ട്രെയ്റ്റ് മോസ്ക് (Straits Mosque / Masjid Selat Melaka)

മലാക്ക കടലിടുക്കിനോട് ചേർന്ന് വെള്ളത്തിന് മുകളിൽ പണിതുയർത്തിയതുപോലെ തോന്നിപ്പിക്കുന്ന മനോഹരമായ ഒരു പള്ളിയാണ് മലാക്ക സ്ട്രെയ്റ്റ് മോസ്ക്. മസ്ജിദ് സെലാത്ത് എന്നും ഇതിന് പേരുണ്ട്. ഇവിടുത്തെ സൂര്യാസ്തമയ കാഴ്ച വളരെ മനോഹരമാണ്. മലാക്കയിൽ ഒന്നര ദിവസം ചെലവഴിച്ച ഞങ്ങൾ ഈ നഗരമാണ് പ്രധാനമായും ഷോപ്പിങിന് തെരഞ്ഞെടുത്തത്. ക്വാലാലമ്പൂരിനെ അപേക്ഷിച്ച് അൽപ്പം കൂടി ബജറ്റ് ഫ്രണ്ട്ലി സാധനങ്ങൾ ഇവിടെ ലഭിക്കുമായിരുന്നു. യാത്രയുടെ അവസാന ദിവസം ആയതിനാൽ യാത്ര അവസാനിക്കുന്നതിന്‍റെ വിഷമത്തിലായിരുന്നു ഞങ്ങൾ. മറ്റുള്ളവരുടെ മുഖഭാവത്തിലും ഈ വിഷമം നിഴലിച്ചിരുന്നു.

ഉച്ചഭക്ഷണത്തോടെ ക്വാലാലമ്പൂർ എയർപോർട്ടിലേക്ക് യാത്ര തിരിച്ചു. വേഗം തന്നെ എയർപോർട്ട് നടപടിക്രമങ്ങൾ നടത്തി സുവിധ ആപ്ലിക്കേഷൻ ഓൺലൈനിൽ ഫിൽ ചെയ്ത് ഞങ്ങളുടെ ഗെയ്റ്റിനടുത്തേക്ക് തിരിച്ചു. രണ്ട് മണിക്കൂർ സമയം മുമ്പിലുള്ളതിനാൽ എയർപോർട്ട് ചുറ്റി കാണുകയും അൽപം ഭക്ഷണം കഴിക്കുകയും ചെയ്തു. സ്‌നേഹത്തോടെ ഭക്ഷണം വാങ്ങിതന്ന കബീർക്കയും ഭാര്യയും ആന്‍റണി ചേട്ടനും മോളി ചേച്ചിയും സനുവേട്ടനും ആഷ്‌ലിയും ശിവൻ ചേട്ടനും ഭാഗ്യശ്രീയും അങ്ങനെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരേ ലക്ഷ്യത്തോടെ ഒരുമിച്ചു ചേർന്നവർ; ഇപ്പോൾ ഞങ്ങളെല്ലാവരും തമ്മിൽ വളരെ അടുത്ത ആത്മബന്ധമാണ്. സന്തോഷിക്കാനും ഒരുപാട് നല്ല നിമിഷങ്ങൾ ഞങ്ങൾക്കിടയിലുണ്ട്.

എയർ ഏഷ്യയുടെ വിമാനത്തിലും ചില അനുഭവങ്ങളുണ്ടായി. ടെക്ക് ഓഫിന് മുന്നോടിയായി മുന്നോട്ട് നീങ്ങിയ വിമാനം ടേക്ക് ഓഫ് ചെയ്യാതെ വീണ്ടും സ്റ്റാർട്ടിങ് പോയിന്‍റിലേക്കു തന്നെ കൊണ്ടുവന്ന് നിർത്തിയതോടെ എല്ലാവരും ആശങ്കയിലായി. അനൗൺസ്‌മെന്‍റ് വന്നു; എയർക്രാഫ്റ്റ് ഇഷ്യു ആണത്രെ...

ഒന്നര മണിക്കൂറോളം സമയം കാത്തിരിക്കേണ്ടി വന്നെങ്കിലും തമാശകളും ചിരിയുമൊക്കെയായി ടെൻഷനടിക്കാൻ മറന്നുപോയെന്നു വേണം പറയാൻ.. അങ്ങനെ ഞങ്ങളുടെ വിമാനം ഒരുപിടി നല്ല ഓർമ്മകളുമായി മലേഷ്യയുടെ മണ്ണിൽ നിന്ന് പറന്നുയർന്നു. ഈ യാത്ര ഇവിടെ കഴിഞ്ഞെങ്കിലും മറ്റൊരു ഡെസ്‌റ്റിനേഷനിലേക്കുള്ള പ്ലാൻ മനസ്സിൽ പാകിയാണ് ഞങ്ങൾ വീടണഞ്ഞത്.

പലരും ഞങ്ങളോട് ചോദിക്കാറുണ്ട് ലോകം മൊത്തം കറങ്ങാനുറച്ച് ഇറങ്ങിയേക്കുവാണോ? എങ്ങനെ സാധിക്കുന്നു എന്നെല്ലാം. കൂടാതെ അവരുടെ ഊഹത്തിലൊരു തുക പറഞ്ഞ് ഇത്രയൊക്കെ ആയിട്ടുണ്ടാവില്ലെ എന്നും ചോദിക്കും. പലരും യാത്ര പോവാനായി അതേക്കുറിച്ചുള്ള കാര്യങ്ങൾ ആത്മാർത്ഥമായി അറിയാൻ വേണ്ടി ചോദിക്കുന്നതാവാം. ആദ്യം മനസിലാക്കേണ്ടത് യാത്ര ചെയ്യുന്ന സ്ഥലം ഒന്നാണെങ്കിലും അങ്ങോട്ട് എത്തിപ്പെടാനും അവിടെ താമസിക്കാനും പലരും തിരഞ്ഞെടുക്കുന്ന മാർഗം പലതായിരിക്കും. അതുകൊണ്ടുതന്നെ ആർക്കും ആരുടെയും യാത്ര ചെലവുകൾ ഊഹിച്ച് കണ്ടെത്താനാവില്ല.

പുസ്തകം വായിക്കുന്നതിലൂടെ നമുക്ക് അറിവ് കിട്ടും. എന്നാൽ യാത്ര ചെയ്യുന്നതിലൂടെ അനുഭവം കൂടി ലഭിക്കും. ഒരു യാത്രികൻ പല സംസ്‌കാരങ്ങളിലുമുള്ള ആളുകളോട് സംവദിച്ചും സൗഹൃദങ്ങൾ പങ്കിട്ടും സ്വയം പുതുക്കുകയും ശുദ്ധീകരിക്കുകയുമാണ് ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A Malaysian trip filled with all the curiosities of a first foreign trip
Next Story