2025ൽ മദീനയിലെ ഖുബാ പള്ളി സന്ദർശിച്ചത് 2.6 കോടി ആളുകൾ
text_fieldsമദീനയിലെ മസ്ജിദുൽ ഖുബാ
മദീന: മദീനയിലെ ഖുബാ മസ്ജിദ് 2025ൽ സന്ദർശിച്ച വിശ്വാസികളുടെ എണ്ണം 2.60 കോടി കവിഞ്ഞു. മുഹമ്മദ് നബിയുടെ പ്രവാചകത്വലബ്ധിക്കുശേഷമുള്ള ഇസ്‌ലാമിലെ ആദ്യത്തെ പള്ളിയാണിത്. മസ്ജിദുന്നബവിയിൽനിന്ന് മൂന്നു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മസ്ജിദുൽ ഖുബ 1440 വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ മദീനയിലെത്തിയപ്പോൾ ആദ്യമായി നിർമിച്ചതാണ്. മദീനയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന രണ്ടാമത്തെ പള്ളിയാണിത്.
മസ്ജിദുന്നബവിയിൽനിന്ന് തീർഥാടകർക്ക് ഈ പള്ളിയിലെത്താൻ പ്രത്യേക നടപ്പാത തന്നെ ഉണ്ട്. ഇരുപള്ളികൾക്കുമിടയിൽ മൂന്നു കിലോമീറ്റർ നീളത്തിലാണ് ചെറുവാഹനങ്ങൾക്ക് കൂടി സഞ്ചരിക്കാൻ കഴിയുന്ന പാത മദീന മുനിസിപ്പാലിറ്റി നിർമിച്ചത്.സന്ദർശക അനുഭവം സമ്പന്നമാക്കുന്നതിനായി സമഗ്രസേവന സംവിധാനങ്ങൾ ഇവിടെ പൂർത്തിയാക്കിയതും സന്ദർശകരെ ആകർഷിക്കുന്നു.
മദീന മേഖല വികസന അതോറിറ്റിയുടെ മേൽനോട്ടത്തിൽ പള്ളിയുടെ വിപുലമായ വികസനമാണ് പൂർത്തിയാക്കിയത്. 2,500 ചതുരശ്ര മീറ്ററിലധികം പ്രാർഥന ഇടങ്ങൾ, 160 ടണ്ണിലധികം ശേഷിയുള്ള എയർ കണ്ടീഷനിങ് സംവിധാനം, 150 ലധികം തണൽ കുടകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വർഷം മുഴുവനും ആരാധകർക്കും സന്ദർശകർക്കും സുഖകരവും സുരക്ഷിതവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് വികസനം ഏറെ ഫലം ചെയ്യുന്നു. ചരിത്രപ്രാധാന്യമുള്ള പള്ളികളിൽ സന്ദർശകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മദീനയിലെ ഇസ്ലാമിക ചരിത്ര പ്രാധാന്യത്തിന് അനുയോജ്യമായ ആത്മീയമായ അനുഭവം സമ്പന്നമാക്കാനും പദ്ധതികൾ വഴിവെച്ചു. രാജ്യത്തിന്റെ ‘വിഷൻ 2030’ന്റെ ഭാഗമായാണ് ഈ വികസന പദ്ധതികൾ പൂർത്തിയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
പള്ളിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും സന്ദർശകരുടെ സുരക്ഷയും സൗകര്യങ്ങളും മെച്ചപ്പെടുത്താനും ജനത്തിരക്ക് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും അധികൃതർ മികവുറ്റ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. പള്ളിയുടെയും സമീപത്തുള്ള മറ്റ് ചരിത്ര സ്മാരകങ്ങളുടെയും വാസ്തുവിദ്യകളുടെയും തനിമ ചോർന്നുപോകാതെ സംരക്ഷിക്കുന്നതിനും പ്രത്യേക ശ്രദ്ധ കൊടുക്കുന്നതും സന്ദർശകരെ ഇങ്ങോട്ട് ആകർഷിക്കുന്ന ഘടകങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

