Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൈമൂറിന്‍റെ നാട്ടിൽ കഥകൾ തേടി....

text_fields
bookmark_border
തൈമൂറിന്‍റെ നാട്ടിൽ കഥകൾ തേടി....
cancel

ഉസ്ബെക്കിസ്ഥാന്‍റെ തലസ്ഥാനമായ താഷ്കെന്‍റിൽ പറന്നിറങ്ങിയത് പുലർച്ചെ മൂന്നു മണിക്കായിരുന്നു. പ്രതീക്ഷിച്ചതിനപ്പുറം ആയിരുന്നു എയർപോർട്ടിലെ തിരക്ക്. സെപ്റ്റംബർ–ഒക്ടോബർ മാസങ്ങൾ ഉസ്ബെക്കിലെ പ്രധാന ടൂറിസ്റ്റ് സീസൺ ആയതിനാലായിരുന്നു അത്. കൊറിയ, ചൈന, കൂടാതെ യൂറോപ്യൻ മേഖലകളിൽ നിന്നുള്ള ടൂറിസ്റ്റുകളായിരുന്നു കൂടുതലും.

എയർപോർട്ടിന് പുറത്ത് ഞങ്ങളെ സ്വീകരിക്കാൻ എന്ന പോലെ ചുവപ്പ് പരവതാനി വിരിച്ചിരിക്കുന്നു. ധാരാളം ആളുകൾ പൂച്ചെണ്ടുകളുമായി പുറത്തു കാത്തുനിന്നു. അവർ ഞങ്ങളെ നോക്കി കൈവീശി. ജീവിതത്തിൽ അപൂർവമായി ലഭിച്ച രാജകീയ വരവേൽപ്പ് ഞങ്ങളും ആസ്വദിച്ചു, തിരിച്ചും കൈവീശി.

കാര്യം എന്താണെന്ന് അവിടെ കണ്ട ഒരാളോട് അറിയാവുന്ന ഭാഷയിലും ആംഗ്യത്തിലൂടെയും ചോദിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഉസ്ബെക്കിസ്ഥാന്‍റെ അഭിമാനമായ യുവ ചെസ് താരം “നോദിർബേക്ക് അബ്ദുസത്താറോവ്” നു നൽകിയ സ്വീകരണമായിരുന്നു അത്. പുലർച്ചെ മൂന്നുമണിക്ക് ആബാലവൃദ്ധം ജനങ്ങൾ തടിച്ചുകൂടുന്ന കാഴ്ച കണ്ടപ്പോൾ, ആ നാട്ടിൽ സ്പോർട്സിന് കൊടുക്കുന്ന പ്രാധാന്യം എന്നിൽ കൗതുകമേറ്റി.

ഞങ്ങളുടെ കൂട്ടത്തിലെ ചിലർ ഉസ്ബെക് ഭാഷയിൽ എഴുതിയിട്ടുള്ള ബോർഡുകൾ വായിക്കാൻ വിഫല ശ്രമം നടത്തുന്നുണ്ടായിരുന്നു. ഉസ്ബക് ഭാഷക്ക് സ്വന്തമായി ഒരു ലിപി ഇല്ല. നിലവിലുള്ള ലിപി ഇംഗ്ലീഷിനോട് സാമ്യമുള്ള ലാറ്റിൻ ലിപിയാണ്. അതുതന്നെയും സോവിയറ്റ് യൂനിയൻ കീഴിൽ ഉസ്ബെക്ക് പ്രദേശങ്ങൾ വന്നപ്പോൾ ഉണ്ടായതാണ്. അതിന് മുമ്പ് അറബിക് ലിപിയായിരുന്നു ഉസ്ബെക്ക് ഭാഷ എഴുതുവാൻ ഉപയോഗിച്ചിരുന്നത്. ഇന്നും അഫ്ഗാനിസ്ഥാനോട് ചേർന്ന് കിടക്കുന്ന ഉസ്ബെക്ക് അതിർത്തി പ്രദേശത്തെ ജനങ്ങൾ അറബിക് ലിപിയാണ് ഉപയോഗിക്കുന്നത്.ബാക്കിയിടങ്ങളിൽ ലാറ്റിൻ ലിപിയും.

എയർപോർട്ടിലെ പാർക്കിങ് ഏരിയയിലേക്ക് നടക്കുമ്പോൾ ദൂരെനിന്ന് പ്രായമേറിയ മനുഷ്യൻ കൈയിൽ ഒരു കടലാസും ഉയർത്തിപ്പിടിച്ച് ഞങ്ങളുടെ നേരെ ഓടിവരുന്നത് കണ്ടു. കടലാസിൽ ഞങ്ങളുടെ കൂട്ടത്തിലെ ഇംതിയാസിന്‍റെ പേര് എഴുതിയിരുന്നു. അതേ, ഇദ്ദേഹമാണ് നമ്മളെ താഷ്കെന്‍റ് കാണിക്കാമെന്നേറ്റ ഡ്രൈവർ. എപ്പോഴും പുഞ്ചിരി നിറഞ്ഞ, തേജസ്സുള്ള മുഖം; വെള്ള കുറ്റിത്താടി ആ മുഖത്തിന് ഭംഗിയേകുന്നു. തൂവെള്ള ഷർട്ടും ജാക്കറ്റുമായിരുന്നു വേഷം. ഞങ്ങളാണ് അദ്ദേഹം തിരഞ്ഞുകൊണ്ടിരുന്ന യാത്രാസംഘമെന്ന് മനസ്സിലായപ്പോൾ, അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് ഓടിയെത്തി എല്ലാവരെയും കെട്ടിപ്പിടിച്ചു.

അദ്ദേഹത്തിന്‍റെ ഭാഷയിൽ ഞങ്ങളുടെ സുഖവിവരങ്ങൾ എല്ലാം ആരാഞ്ഞു. ഞങ്ങൾക്ക് അദ്ദേഹത്തിന്‍റെ ഭാഷ ഒന്നും മനസ്സിലായില്ലെങ്കിലും, അദ്ദേഹം വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. അതിനിടയിൽ ഞങ്ങൾ പേര് ചോദിച്ചു. അദ്ദേഹം പറഞ്ഞു- ‘റുസ്തം’. വാഹനം പാർക്ക് ചെയ്തിട്ടുണ്ടെന്നും നമുക്ക് അവിടേക്കു പോകാമെന്നും പറഞ്ഞദ്ദേഹം മുന്നിൽ നടന്നു.

പ്രധാന റോഡിൽ നിന്ന് വാഹനം നഗരത്തിൽ തന്നെ ഉള്ള ഒരു ഗല്ലിയിലേക്ക് പ്രവേശിച്ചു. ആ നാട്ടുകാർ താമസിക്കുന്ന വീടുകളും അവരുടെ തന്നെ സ്ഥാപനങ്ങളും ഉള്ള ഒരു ചെറു പ്രദേശം. ഇത്തരത്തിൽ ആളുകൾ വസിക്കുന്ന പ്രദേശത്തെ ഉസ്ബക് ഭാഷയിൽ ‘മഹല്ല’ എന്നാണ് പറയുക. കമ്യൂണിറ്റി അല്ലെങ്കിൽ അയൽപക്കം എന്നൊക്കെയാണ് ആ വാക്കിന്‍റെ അർഥം. നമ്മുടെ നാട്ടിലെ റെസിഡൻഷ്യൽ അസോസിയേഷൻ പോലുള്ള രീതി. പക്ഷെ, താഷ്കെന്‍റിലെ മഹല്ല സംവിധാനത്തിന് അല്പം ചരിത്രവും പൈതൃകവും പറയാനുണ്ട്; യുനെസ്കോയുടെ ഔദ്യോഗിക സൈറ്റിൽ പൈതൃകങ്ങളുടെ ലിസ്റ്റിൽ ഇതിനെക്കുറിച്ച് കൂടുതൽ വായിക്കാം.

വാഹനം പതിയെ മുന്നോട്ട് നീങ്ങി, നല്ല വൃത്തിയുള്ള വീതി കുറഞ്ഞ വഴികളിലൂടെ പോയി, ഒരു പാർക്കിങ് ഏരിയയിൽ നിർത്തി. പള്ളിയുടെ അരികിലൂടെ ഒരു അരുവി ഒഴുകുന്നു. ആ അരുവി മനുഷ്യനിർമിതമായ കനാലാണ്. ഉസ്ബെക്കിലെ പ്രധാന നദിയായ കരാസുവിൽ നിന്ന് കൈവഴികളായി നിർമിച്ചെടുത്തിട്ടുള്ള ഇത്തരത്തിലുള്ള വ്യത്യസ്ത കനാലുകൾ താഷ്കെന്‍റിന്‍റെ ജീവനാഡിയാണ്.

റുസ്തം ഞങ്ങൾക്ക് പള്ളിയും അവിടത്തെ സൗകര്യങ്ങളുമൊക്കെ കാണിച്ചു തന്നു. നമസ്കാരാനന്തരം ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും കുശലം പറയുന്നതുമൊക്കെ കാണാം. യാത്ര പോകുന്ന നാട്ടിലെ ആളുകളെയും അവരുടെ സാധാരണ ജീവിതത്തെയും അറിയാനും ഇടപഴകാനും കഴിയുന്നത് ഓർത്തുവെക്കാവുന്ന അനുഭവമാണ്.

വണ്ടിയിൽ തിരിച്ചു കയറിയ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട്, ആംഗ്യഭാഷയുടെ സഹായത്തോടെ റുസ്തം ചോദിച്ചു -“ചോയ്, സംസ.” നല്ല ചൂട് ചായയും സമൂസയും കഴിച്ചാലോ എന്നാണ് ചോദിച്ചതെന്ന് മനസ്സിലായതുകൊണ്ടും നല്ല വിശപ്പുള്ളതുകൊണ്ടും ഞങ്ങൾ ഒരേ സ്വരത്തിൽ തലയാട്ടി.

തന്തൂരി അടുപ്പിൽ ചുട്ടെടുക്കുന്ന പഫ്സ് പോലെ തോന്നിക്കുന്ന മട്ടൺ സംസ ഉസ്ബെക്കിസ്ഥാനിൽ പോയാൽ കഴിക്കേണ്ട വിശിഷ്ട വിഭവമാണ്. “ചോയ്” എന്ന് പറയുന്നത് നമ്മുടെ കട്ടൻ ചായയാണ്, മധുരമിടാത്തത്.

നല്ല ചൂട് ചായയും മട്ടൻ സംസയും കഴിച്ചിറങ്ങി ബിൽ കണ്ട ഞങ്ങൾ ഞെട്ടി. എട്ടുകട്ടൻ ചായയും എട്ടു സംസയും കഴിച്ചതിന് ബിൽ തുക -രണ്ടു ലക്ഷത്തി അമ്പതിനായിരം!

ഉസ്ബക് കറൻസിയായ സോമിന്‍റെ മൂല്യം കുറവായതിനാൽ ഇത്തരം കണ്ണഞ്ചും ബില്ലുകൾ പിന്നീട് ശീലമായി. എങ്കിലും നമ്മുടെ നാട്ടിലെ കറൻസിയുമായി തട്ടിച്ചുനോക്കുമ്പോൾ, ഉസ്ബെക്കിസ്ഥാൻ യാത്ര ചെയ്യാൻ ചെലവ് കുറവുള്ള രാജ്യമാണ്.

അവിടെ നിന്ന് ഞങ്ങൾ നേരെ അമിർ സോയ് മൗണ്ടൻ റിസോർട്ടിലേക്ക്. താഷ്കെന്‍റിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനാണിത്. നവംബർ അവസാനം മുതൽ മാർച്ച് വരെ ഈ പ്രദേശങ്ങൾ ശൈത്യത്താൽ മഞ്ഞുമൂടും. ആ സമയം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാഹസികർ ശൈത്യകാല വിനോദങ്ങളിൽ ഏർപ്പെടുവാൻ അമിർ സോയിലേക്ക് വരും. സ്കീയിങ്ങിന് അനുയോജ്യമായ മലനിരകളാണ് അമിർ സോയിലേത്. കടൽനിരപ്പിൽ നിന്ന് 2,300 മീറ്റർ ഉയരത്തിലുള്ളതാണ് അമിർ സോയ് ഹിൽ സ്റ്റേഷൻ. ശൈത്യകാല വിനോദങ്ങൾക്ക് പ്രസിദ്ധമാണെങ്കിലും വർഷം മുഴുവൻ സഞ്ചാരികൾ വരുന്ന സുന്ദരമായ പ്രദേശമാണിത്. മലയുടെ മുകളിലേക്കു പോകുവാനുള്ള കേബിൾ കാറാണ് പ്രധാന ആകർഷണം.

താഷ്കെന്‍റ് ഗ്രാമപ്രദേശങ്ങൾ കടന്ന് അമിർ സോയിലേക്കുള്ള പാതയിലേക്കു കടന്നു. പച്ച വിരിച്ചു കിടക്കുന്ന പരന്ന കുന്നുകളുടെ നടുവിലൂടെയുള്ള മലമ്പാത. ഉയരത്തിലേക്ക് പോകുന്ന വളവുകളും തിരിവുകളും. നല്ല സുഖകരമായ തണുപ്പും കാറ്റും അമിർ സോയിൽ ഞങ്ങളെ വരവേറ്റു.

ടിക്കറ്റെടുത്ത് ഞങ്ങൾ കേബിൾ കാറിൽ കയറി. രണ്ടു കിലോമീറ്ററോളം ഉള്ള, ഉയർന്ന തൂണുകളിൽ ഉറപ്പിച്ചു നിർത്തിയ കേബിൾ കാർ ഒരു എഞ്ചിനീയറിങ് അത്ഭുതമാണ്. പതിയെ ഉയരത്തിലേക്ക് പോകുന്ന കാറും അതിന് താഴെ കാണുന്ന കാഴ്ചയും അതിമനോഹരമായിരുന്നു. യാത്ര അവസാനിച്ചത് അമിർ സോയ് മലനിരയുടെ മുകളിൽ. വസന്തകാലമായതിനാൽ സുഖകരമായ തണുപ്പും മനോഹരമായ കാഴ്ചയും.

അമിർ സോയിൽ നിന്നുള്ള മടക്കയാത്ര താഴ്വാരങ്ങളിലുള്ള ആപ്പിൾ തോട്ടങ്ങളുടെ നടുവിലൂടെയായിരുന്നു. ഉച്ചയോടെ താഷ്കെന്‍റിലെ പ്രസിദ്ധമായ പുലാവ് സെന്‍ററിൽ എത്തി. ആട്ടിറച്ചിയും കുതിരയിറച്ചിയും ചേർത്തുണ്ടാക്കിയ പുലാവ് പ്രസിദ്ധമാണ്. ഉത്സവപ്പറമ്പ് പോലെ തിരക്ക് നിറഞ്ഞ പുലാവ് സെന്‍ററിൽ ഒരുപാടാളുകൾ. പുലാവ് തയ്യാറാക്കുന്ന വലിയ അടുക്കളയിൽ സഞ്ചാരികൾക്ക് കയറുവാനും ഫോട്ടോ എടുക്കുവാനും അവസരമുണ്ട്.

രണ്ടു മുതൽ മൂന്ന് മീറ്റർ വ്യാസമുള്ള വലിയ ഉരുളിപോലുള്ള പാത്രത്തിലാണ് പുലാവ് തയാറാക്കുന്നത്. അത്രയും വലിയ പാത്രത്തിൽ പുലാവ് ഉണ്ടാക്കിയിട്ടും, ഏകദേശം രണ്ടുമണിക്ക് അവിടെ എത്തുമ്പോൾ പുലാവ് തീരാനായിരിക്കുന്നു. രുചികരമായ പുലാവ് കഴിച്ച് അവിടെ നിന്നിറങ്ങി ഞങ്ങൾ നേരെ പോയത് ഹസ്റതി ഇമാം കോംപ്ലക്സിലേക്ക്. പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച ചരിത്രസ്മാരകങ്ങളുടെ ഒരു കോംപ്ലക്സാണ് ഇത്. വൈഡൂര്യ നീല നിറത്തിൽ കുളിച്ചു നിൽക്കുന്ന, ജ്യാമിതീയ രൂപങ്ങളാൽ അലങ്കരിക്കപ്പെട്ട പള്ളികൾ, മദ്റസകൾ എന്നറിയപ്പെടുന്ന പഴയകാല പാഠശാലകൾ, മ്യൂസിയം എല്ലാം ഉൾകൊള്ളുന്നതാണ് ഹസ്റതി ഇമാം കോംപ്ലക്സ്. ഖലീഫ ഉസ്മാൻ തന്‍റെ കരങ്ങളാൽ എഴുതിയ ഖുർആൻ പതിപ്പ് പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയമാണ് ഇവിടത്തെ പ്രധാന ആകർഷണം. രാത്രിഭക്ഷണം കഴിച്ച് ഞങ്ങളെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് റുസ്തം യാത്ര പറഞ്ഞു പിരിഞ്ഞു.

മിർസ ഉലുഗ് ബേഗിലേക്ക്

സമർഖന്ദ് സെൻട്രൽ ഏഷ്യയിലെ ഏറ്റവും പുരാതന നഗരം. യുനെസ്കോ ഹെറിറ്റേജ് ലിസ്റ്റിൽ ഇടം പിടിച്ച നഗരം. സിൽക്ക് റൂട്ടിന്‍റെ പ്രതാപകാലത്തെ പ്രസിദ്ധ നഗരം. 13-ാം നൂറ്റാണ്ടിലെ വാസ്തുശിൽപ ഭംഗി നിറഞ്ഞുനിൽക്കുന്ന നിരവധി മനുഷ്യനിർമിത സൃഷ്ടികളാൽ ലോകത്തെ അത്ഭുതപ്പെടുത്തിയ നഗരം. മുഗളന്മാരുടെ മുതുമുത്തച്ഛൻ അമീർ തൈമൂറിന്‍റെ നഗരം. അങ്ങനെ ഒരുപാട് കേട്ടിട്ടുള്ള, കാണണം എന്നാഗ്രഹിച്ച നഗരം പ്രഭാതത്തിലെ ഇളം തണുപ്പോടെ ഞങ്ങളെ വരവേറ്റു.

മിർസ ഉലുഗ് ബേഗ് ഒബ്സർവേറ്ററിയാണ് ആദ്യം പോകേണ്ടത്. യാൻഡെക്സ് വഴി കാർ ബുക്ക് ചെയ്താണ് യാത്ര. നമ്മുടെ നാട്ടിലെ യൂബർ പോലെ സെൻട്രൽ ഏഷ്യയിലെ യാത്രക്ക് ഉപയോഗിക്കുന്ന ആപ്പാണ് യാൻഡെക്സ്. എവിടേക്കും വളരെ എളുപ്പത്തിൽ ചെറിയ പൈസക്ക് യാത്ര ചെയ്യാം.

അങ്ങനെ ഞങ്ങൾ മിർസ ഉലുഗ് ബേഗ് ഒബ്സർവേറ്ററിയിൽ എത്തി. നഗരത്തിൽ നിന്നല്പം മാറി, ഉദ്യാനങ്ങൾ കൊണ്ട് ചുറ്റും അലങ്കരിച്ചതാണ് ഒബ്സർവേറ്ററി. അതിനോട് ചേർന്നുള്ള മ്യൂസിയത്തിൽ ഉലുഗ് ബേഗിന്‍റെ സംഭാവനകൾ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. 15-ാം നൂറ്റാണ്ടിൽ ഉസ്ബക് പ്രദേശം ഭരിച്ച തൈമൂർ ഭരണാധികാരിയാണ് മിർസ ഉലുഗ് ബേഗ്. അദ്ദേഹം അറിയപ്പെടുന്നത് ഗണിതത്തിനും ശാസ്ത്രത്തിനും ജ്യോതിശാസ്ത്രത്തിനും നൽകിയ സംഭാവനകൾ കൊണ്ടാണ്. 1200ൽ പരം നക്ഷത്രങ്ങളെക്കുറിച്ചുള്ള ഒരു കാറ്റലോഗ്, വർഷം മുഴുവൻ സൂര്യന്‍റെ ചലനവും സ്ഥാനവും മനസ്സിലാക്കാൻ സാധിക്കുന്ന സംവിധാനങ്ങൾ എന്നിങ്ങനെ ഇന്നത്തെ ശാസ്ത്രലോകത്തെ പോലും അത്ഭുതപ്പെടുത്തിയ കണ്ടുപിടുത്തങ്ങൾ മിർസ ഉലുഗ് ബേഗിനെ അടയാളപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ സംഭാവനകൾക്കുള്ള ആദരവായി ചന്ദ്രനിലെ ഒരു ഗർത്തം ഉലുഗ് ബേഗിന്‍റെ പേരിലാണ് അറിയപ്പെടുന്നത്. ഗവേഷണത്തിലും സാംസ്കാരിക വളർച്ചയിലും ശ്രദ്ധ ഊന്നിയതുകൊണ്ടാകാം അദ്ദേഹത്തിന്‍റെ ഭരണകാലം അധികകാലം നീണ്ടുനിന്നില്ല; ആഭ്യന്തര ലഹളയിൽ കൊല്ലപ്പെട്ടായിരുന്നു ഉലുഗ് ബേഗിന്‍റെ ജീവിതാന്ത്യം.

അന്നത്തെ ആഭ്യന്തര ലഹളയിൽ തകർത്തുകളഞ്ഞ, പിന്നീട് തൊണ്ണൂറുകളിൽ അവശിഷ്ടങ്ങളിൽനിന്ന് വീണ്ടെടുത്തതാണ് കാണാൻ വന്നിരിക്കുന്ന ഈ ഒബ്സർവേറ്ററി. സൂര്യപ്രകാശം അകത്തേക്ക് കടത്തിവിട്ട് പ്രത്യേക സംവിധാനങ്ങൾ ഉപയോഗിച്ച് സൂര്യന്‍റെ സ്ഥാനവും ദിശയും നിർണയിക്കുന്ന സംവിധാനം; അതുവഴി ഒരു വർഷത്തിന്‍റെ നീളം അളക്കാനും അന്നുതന്നെ സാധിച്ചിരുന്നു.

ഒബ്സർവേറ്ററിയോട് ചേർന്നുള്ള മ്യൂസിയത്തിൽ സുൽത്താൻ അമീർ തൈമൂറിന്‍റെ വംശപരമ്പര വലിയ ഫ്രെയിമിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഉസ്ബക് ഭരിച്ച സുൽത്താൻ അമീർ തൈമൂറിന്‍റെ കൊച്ചുമക്കളാണ് ഇന്ത്യ ഭരിച്ച മുഗളർ എന്നത് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതുകൊണ്ടൊക്കെ തന്നെയാവും ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിൽ പല അർഥത്തിലുള്ള സാമ്യം ഇന്നും നമുക്ക് കാണാൻ സാധിക്കുന്നത്.

പിന്നീട് ഞങ്ങൾ പോയത് ഷാഹി സിന്ദയിലേക്കാണ്. പ്രവാചക ബന്ധുവായ ഖുസാം എന്ന രാജാവ് അന്തിയുറങ്ങുന്ന സ്ഥലമാണിത്. നിത്യവും ജീവിച്ചുകൊണ്ടിരിക്കുന്ന രാജാവിന്‍റെ ശവകുടീരം എന്നാണ് “ഷാഹി സിന്ദാ” എന്ന വാക്കിന്‍റെ അർഥം. അതിമനോഹരമായ ഒരു വാസ്തുശിൽപ്പ അത്ഭുതമാണ് ഷാഹി സിന്ദാ. വൈഡൂര്യ നീല നിറത്തിലുള്ള ടൈലുകളും പെയിന്‍റും കൊണ്ടുള്ള ജ്യാമിതീയ രൂപങ്ങളും കൊത്തുപണികളും ചിത്രവരകളാലും അതി ഭംഗിയിൽ കുളിച്ചുനിൽക്കുന്ന ഒരു അത്ഭുതം.

അവിടെ നിന്ന് ബീബി ഖാനം മസ്ജിദിലേക്ക്. 15-ാം നൂറ്റാണ്ടിൽ ലോകത്തിലെ ഏറ്റവും വലിയ പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു മസ്ജിദിന്റെ ഭീമാകാരമായ വലുപ്പവും നിർമാണ ഭംഗിയും അത്ഭുതപ്പെടുത്തി.

സമർഖന്ദിൽ എവിടേക്ക് തിരിഞ്ഞുനിന്നാലും മനോഹരമായ ഫോട്ടോ ഫ്രെയിമുകളും ചരിത്രവും വിവിധ സംസ്കാരങ്ങളുടെ സങ്കലനവും വ്യത്യസ്ത ഭക്ഷണങ്ങളും എല്ലാം കാണാൻ സാധിക്കും. ഏത് തരത്തിലുള്ള വിനോദസഞ്ചാരികളെയും ആനന്ദിപ്പിക്കുന്ന നഗരം അക്ഷരം തെറ്റാതെ വിളിക്കാം, സമർഖന്ദ്.. താജ്മഹലുകളുടെ നാട്.

രാത്രി റെഗിസ്ഥാൻ സ്ക്വയറിലെ ലൈറ്റ് ഷോ നല്ലൊരു അനുഭവമായി. നല്ല തണുപ്പുള്ള രാത്രി, ആംഫിതിയേറ്റർ മോഡൽ ഇരിപ്പിടത്തിൽ ഇരുന്ന് ഉസ്ബക് ചരിത്രവും കലയും സംഗീതവുമൊക്കെ സമന്വയിപ്പിച്ച ഷോ ആസ്വദിച്ചു. അപ്പോഴും മനസ്സിൽ മിർസ ഉലുഗ് ബേഗിന്‍റെ ഓർമകൾ മനസ്സിൽ അലയടിച്ചുകൊണ്ടേയിരുന്നു....

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uzbekistan
Next Story