ഈ ഇന്ത്യൻ കൊട്ടാരം 221 വർഷമായി വെള്ളത്തിനടിയിലാണ്
text_fieldsജൽമഹൽ
രാജസ്ഥാന്‍റെ തലസ്ഥാനമായ ജയ്പൂരിൽ രാജമാൻസിങിന്‍റെ പേരിൽ അറിയപ്പെടുന്ന ഒരു കൃത്രിമ തടാകം ഉണ്ട്. മനോഹരവും ചരിത്രപരവുമായ മാൻസാഗർ തടാകം. അതിന്‍റെ ഒത്ത നടുവിലായ് പൊങ്ങിക്കിടക്കുന്ന ഒരു കെട്ടിടമുണ്ട്. ഓരോ വർഷവും ആയിരക്കണക്കിന് സന്ദർശകരെയാണത് ആകർഷിക്കുന്നത്. നാലുപാടും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ജല കൊട്ടാരത്തിന്‍റെ പേര് ജൽമഹൽ.
ജൽമഹലിന്‍റെ ചരിത്രവും നിർമിതിയും
ജൽമഹൽ വെറുമൊരു മനോഹരമായ കാഴ്ച മാത്രമല്ല, അതിന് നൂറ്റാണ്ടുകളുടെ ചരിത്രവും വാസ്തുവിദ്യവൈഭവവും ഉണ്ട്. 1699ലാണ് അന്നത്തെ മഹാരാജ സവായ് പ്രതാപ്സിങ് ജൽമഹൽ നിർമിക്കുന്നത്. 18-ാം നൂറ്റാണ്ടിൽ ആമോറിലെ മഹാരാജ ജയ് സിങ് രണ്ടാമൻ മുഗൾ-രജപുത്ര വാസ്തുവിദ്യശൈലികൾ സംയോജിപ്പിച്ച് കൊട്ടാരം പുതുക്കിപ്പണിതു. ചില ചരിത്രകാരന്മാർ കൊട്ടാരത്തിന്റെ നിർമാണത്തിന് മഹാരാജ മാധോ സിങിന്റെ പങ്കിനെക്കുറിച്ചും അവകാശ വാദം ഉന്നയിക്കുന്നുണ്ട്.
ജൽ മഹൽ താമസിക്കാനായി നിർമിച്ചതായിരുന്നില്ല. രാജകുടുംബത്തിന് വിശ്രമിക്കാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും താറാവ് വേട്ടക്കുമായാണ് കൊട്ടാരം നിർമിക്കപ്പെട്ടത് എന്നാണ് കരുതുന്നത്. ചുവന്ന മണൽക്കല്ലിൽ നിർമിച്ച അഞ്ച് നിലക്കെട്ടിടത്തിന്‍റെ മുകൾനില മാത്രമാണ് വെള്ളത്തിന് മുകളിൽ കാണപ്പെടുന്നത്.
കൊട്ടാരത്തിന്‍റെ ടെറസിൽ, കമാനാകൃതിയോട് കൂടിയ വഴികളിൽ പൂന്തോട്ടവും നിർമിച്ചിട്ടുണ്ട്.പ്രത്യേകം രൂപകൽപന ചെയ്ത കൽഭിത്തികളും കുമ്മായവുമാണ് കൊട്ടാരത്തിന്‍റെ നിർമിതിക്കായി ഉപയോഗിച്ചത്. തടാകത്തിൽ വെള്ളം നിറയുമ്പോൾ താഴത്തെ നാലു നിലകളും വെള്ളത്തിനടിയിലാകും.കൊട്ടാരത്തിന് അധികം ഉയരമൊന്നുമില്ല.
രാജസ്ഥാന്‍റെ തലസ്ഥാനമായ ജയ്പൂരിന്‍റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് ജൽമഹൽ.ജയ്പൂരിന്‍റെ ലാൻഡ് മാർക്കുകളിൽ ഏറ്റവും ആകർഷകമായ ഒന്ന്. ജയ്പൂർ നഗരത്തിനും ആമേർകോട്ടക്കും ഇടയിലായി, നഗരമധ്യത്തിൽ നിന്നും നാല് കിലോമീറ്റർ അകലെ ജയ്പൂർ-ആമേർ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.ആരവല്ലികുന്നുകളാൽ ചുറ്റപ്പെട്ടതാണ് ഇവിടം.
ജൽമഹൽ സന്ദർശിക്കാൻ ഇതാണ് സമയം
സ്മാരകം സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ തിരക്ക് കൂടുതലായിട്ട് അനുഭവപ്പെടാറുണ്ടെങ്കിലും, സന്ദർശനത്തിന് അനുയോജ്യം മഴക്കാലത്താണ്. തടാകത്തിൽ ജലനിരപ്പ് ഉയരുന്നതിനാൽ അത് കാഴ്ചക്ക് കൂടുതൽ ഭംഗി നൽകുന്നു. സൂര്യോദയ-സൂര്യാസ്തമയ സമയങ്ങളിലും മികച്ച ദൃശ്യഭംഗി ലഭിക്കും. തടാകത്തിന്‍റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കൊട്ടാരം, മാൻ സാഗർ തടാകത്തിന്റെയും ചുറ്റുമുള്ള നഹർഗഡ് കുന്നുകളുടെയും അപൂർവ കാഴ്ചയാണ് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

