Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightവസൈ കോട്ടയും...

വസൈ കോട്ടയും വജ്രേശ്വരിയും

text_fields
bookmark_border
vasai fort
cancel

യാത്രകളൊക്കെയും പൊടുന്നനെയായിരുന്നു. അല്ലെങ്കിൽ മുൻകൂട്ടി നിശ്ചയിച്ചാലും തടസ്സങ്ങളിൽ പെട്ട് ഒഴിവാകേണ്ടി വരുമെന്ന് കരുതിയിരിക്കുമ്പോഴായിരിക്കും. ഇത്തവണ മഹാരാഷ്​ട്രയിലേക്കുള്ള പുറപ്പാടും അങ്ങനെ തന്നെ. ഒരു സുഹൃത്ത് എഴുത്തി​െൻറ പശ്ചാത്തലം മുംബൈയും പ്രാന്തപ്രദേശങ്ങളുമാണെന്നും അവിടം സന്ദർശിക്കണമെന്നും പോരുന്നോ എന്നും ചോദിച്ചപ്പോൾ നിനച്ചില്ല യാത്ര തരക്കുമെന്ന്. പതിവുപോലെ ഇല്ലെന്നുതന്നെ പറഞ്ഞു.

പിന്നെ പിന്നെ നിർബന്ധിച്ചെങ്കിലും ആശവെക്കാതെ നടന്നു. ആകെ ചെയ്തത് അലസമായി ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രം. പോകുന്ന അന്ന് കുഴപ്പമില്ലെന്ന് കണ്ട് ഒരുക്കമായി. വൈകുന്നേരത്ത് പുറപ്പെടുന്ന യാത്രക്ക് ഉച്ചക്കാണ് എ​െൻറ 'മനസമ്മതം' നടക്കുന്നത്. പിന്നെ അതുമിതുമൊക്കെ വാരിവലിച്ച് പെട്ടിയിലേക്കിട്ട് ഒറ്റ ഒരുക്കമായിരുന്നു.

മഹാരാഷ്​ട്രയിലെ ഉപ്പുപാടം

അങ്ങനെ ഞാൻ, മുസ്തഫ മാഷ്, ഭാര്യ സീനത്ത് ചെറുകോട്, സുഹൃത്ത് സന്തോഷേട്ടൻ എന്നീ നാൽവർ സംഘം മുംബൈയുടെ പ്രാന്തപ്രദേശം എന്ന് പറയാവുന്ന വസൈ റോഡിലേക്ക് പുറപ്പെട്ടു. ഒരു രാത്രിയുടെ ഇരുട്ടും പകൽ കാഴ്ചകളിലെ ഉപ്പുപാടങ്ങളും മറ്റും പിന്നിട്ട് ലക്ഷ്യസ്​ഥാനത്തെത്തി. അവിടെ സുയോഗ് നഗറിൽ കണ്ണൂർകാരനായ സന്തോഷേട്ട​െൻറ നാട്ടുകാരൻ ജയേട്ടൻ താമസിക്കുന്ന ഫ്ലാറ്റിലായിരുന്നു താമസമൊരുക്കിയത്. വർഷങ്ങൾക്ക് മുമ്പ് സന്തോഷേട്ടൻ ജോലി ചെയ്ത് ജോളിയടിച്ച് ജീവിച്ചിരുന്നതിവിടം. ആ പരിചയത്തിലാണ് ഇവിടെയെത്തിപ്പെട്ടത്.

ഒരു കോട്ടയുടെ അവശിഷ്​ടങ്ങൾ

ഒരു ദിവസം വൈകീട്ടാണ് വസൈ കോട്ട (ബസെയിൻ ഫോർട്ട് എന്ന് ഇംഗ്ലീഷ് നാമം) കാണാൻ പോയത്. കോട്ടയുടെ അവശിഷ്​ടങ്ങളേ ഇന്ന് നിലവിലുള്ളൂ. പെട്ടെന്ന് നോക്കിയാൽ ഒരു കോട്ടയായി തോന്നുകയില്ല. റോഡോരത്ത് ഇടിഞ്ഞുപൊളിഞ്ഞ ഒരു ചർച്ച്. അത്രയേ തോന്നു. എന്നാൽ, ധാരാളം പേർ കോട്ട കാണാനും അൽപ്പനേരം ഇരുന്നു സൊള്ളാനും ഒക്കെയായി എത്തിച്ചേരുന്നുണ്ട്.

വസൈ കോട്ടയുടെ മുൻവശം

1184ൽ യാദവ രാജവംശമാണ് കോട്ട നിർമിച്ചതെന്ന് കരുതപ്പെടുന്നു. ഇന്ന്​ കാണുന്ന രൂപത്തിലെ കോട്ട അറബിക്കടലിൽ തങ്ങളുടെ നാവിക മേധാവിത്തം സ്ഥാപിക്കാൻ 17ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ നിർമിച്ചതാണ്. ഇപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ് കോട്ട.

ഇടിഞ്ഞുപൊളിഞ്ഞ ഈ കോട്ട പുനരുദ്ധരിച്ച് സംരക്ഷിക്കാൻ അവർ ഒരു ശ്രമം നടത്തി. എന്നാൽ, വിവാദമുയർന്നതിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. അത് ഒരുപക്ഷേ കോട്ടക്ക് കൂടുതൽ കോട്ടം തട്ടാൻ കാരണമായെന്നു തോന്നുന്നു. എന്തായാലും ഗതകാല സ്മരണകളുടെ അസ്ഥിപഞ്ജരം പോലെയോ ഡ്രാക്കുള കോട്ട പോലെയോ ഒക്കെയാണ് ഇതിനെ കാണാനാവുക. ആരോടോ ഉള്ള വാശി പോലെ കയറാൻ സുരക്ഷിതമായ സ്ഥലങ്ങളോ ഇരിക്കാനോ വിശ്രമിക്കാനോ ഒരുക്കിയ നിർമിതികളോ ഇല്ലാതെ ഉത്തരവാദപ്പെട്ടവർ ആരും തിരിഞ്ഞുനോക്കാത്ത ഒരിടം പോലെയാണ് കോട്ട.

കോട്ടവാതിൽ

ഞങ്ങൾ എളുപ്പവഴിയിലൂടെ ഒരു ദ്വാരം ചാടിക്കടന്ന് കോട്ടക്കകത്ത് എത്തി. പലരും അങ്ങിങ്ങായി ഇരിക്കുന്നു. ചിലർ കറങ്ങിയടിച്ചു നടക്കുന്നു. അകത്തു പനയിൽനിന്ന് കള്ള് ചെത്തുന്ന കുറെപേർ. കള്ളു നിറക്കാനുള്ള വലിയ കാനുകൾ അങ്ങിങ്ങ്. ഞങ്ങൾ സുരക്ഷിതമായ ഒരു വഴിയിലൂടെ കോട്ടമതിലിന്​ മുകളിൽ കയറി. പലരും അതിലൂടെ ചുറ്റിനും കണ്ടാസ്വദിച്ച് നടക്കുന്നുണ്ടായിരുന്നു.

കോട്ടക്കകത്ത് മൂന്നു ചാപ്പലുകൾ ഇപ്പോഴും ഗതകാല സ്മരണകളുണർത്തി നിലകൊള്ളുന്നുണ്ട്. 17ാം നൂറ്റാണ്ടിലെ പള്ളികളുടെ മാതൃകകളാണ് ഇവക്ക്​. കോട്ടയുടെ വടക്കേ അറ്റത്ത് പുറത്ത് ഒരു ക്ഷേത്രവുമുണ്ട്​. ചില സ്ഥലങ്ങൾ നന്നായി കാട് മൂടി കിടക്കുകയാണ്. അങ്ങോട്ട് കയറി ചെല്ലുക പ്രയാസം. എന്നാലും ഞങ്ങൾ വലിഞ്ഞു കയറി ഒരുവിധത്തിൽ അവിടെ എത്തിപ്പെട്ടു.

കോട്ടക്കുള്ളിലെ കാഴ്ച

അവിടെ ചില പ്രണയജോടികൾ ആ പ്രേതഭൂമിയെ മറന്ന് ജീവിതം ആസ്വദിച്ചിരിക്കുകയാണ്​. ബോളിവുഡ് സിനിമകൾക്കും പാട്ടുകൾക്കും പ്രശസ്തമായ ഷൂട്ടിംഗ് ലൊക്കേഷൻ കൂടിയാണ് ഈ കോട്ട എന്നത് അപ്പോഴാണ് ഓർത്തത്. അക്ഷയ് കുമാറും കരീന കപൂറും അഭിനയിച്ച കമ്പത്ത് ഇഷ്ക്, ഷാരൂഖ് ഖാ​െൻറ ജോഷ്, കാമോഷി, രാംഗോപാൽ വർമയുടെ മോഹൻലാൽ ചിത്രം ആഗ് തുടങ്ങിയവ ഇവിടെയാണ് ഷൂട്ട് ചെയ്തത്.

ഒരുപാട് നേരം അവിടെ ചെലവഴിച്ചശേഷം പുറത്തിറങ്ങി കോട്ടയുടെ പിൻവശത്തെ കടലോരത്തേക്ക് നടന്നു. ആ ഭാഗത്തേക്കിറങ്ങുന്നിടത്ത് വലിയൊരു കോട്ടവാതിൽ തലയിലൂടെ ഇടിഞ്ഞ് പൊളിഞ്ഞ് ചാടുമെന്ന മട്ടിൽ നിൽക്കുന്നു. അത് കടന്നുവേണം തീരത്തേക്കിറങ്ങാൻ. വാതിൽ ഇടിഞ്ഞു വീഴാതിരിക്കാൻ വിലങ്ങനെ താങ്ങുകളുണ്ട്. ചിത്രങ്ങളെടുത്തു ഞങ്ങൾ പുറത്തിറങ്ങി.

വസൈ ബീച്ച്

കായൽ പരപ്പിൽ ജങ്കാർ ബോട്ടുകളും കുറെ മത്സ്യബന്ധന ബോട്ടുകളും അനാഥമെന്നോണം നങ്കൂരമിട്ടു കിടക്കുന്നു. സൂര്യാസ്തമയ സമയത്തോളം ചെലവഴിച്ച് ഞങ്ങൾ മടങ്ങി. അവിടെനിന്ന്​ എത്തിപ്പെട്ടത്​ മീൻ മാർക്കറ്റിലാണ്​. തിരുവനന്തപുരത്തെ പോലെ സ്ത്രീകളാണ് ഇവിടത്തെ മീൻ കച്ചവടക്കാർ.

വസൈ മീൻ മാർക്കറ്റ്

ഗ്രാമക്കാഴ്​ചകളിലൂടെ

മുംബൈയിലെത്തി മൂന്നാം ദിനമായിരുന്നു വജ്രേശ്വരിയിലേക്ക് തിരിച്ചത്. മഹാരാഷ്​ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി താലൂക്കിൽ തൻസ നദിക്കരയിലെ ഗ്രാമമാണ് വജ്രേശ്വരി. വജ്റാഭായി എന്നും ഈ സ്ഥലം അറിയപ്പെടുന്നു. ക്ഷേത്രത്തിനും ചൂടുവെള്ള ഉറവകൾക്കും പേരുകേട്ട സ്ഥലമാണ് വജ്രേശ്വരി.

ഗ്രാമത്തിൽ പ്രധാനമായും പ്രാദേശിക മറാത്തി സമുദായവും അടുത്തുള്ള വനത്തിൽ താമസിക്കുന്ന ഗോത്രങ്ങളും ഉൾപ്പെടുന്നു. അഗ്നിപർവത സ്‌ഫോടനത്തി​െൻറ ഫലമായാണ് വജ്രേശ്വരി ഗ്രാമം രൂപപ്പെട്ടതെന്ന് കരുതുന്നു. ഇവിടത്തെ ചൂടുറവകൾ ഈ വിശ്വാസത്തിന് ബലം പകരുന്നുണ്ട്.

ബസ് കാത്തുനിൽക്കുന്ന വജ്രേശ്വരിയിലെ ഗ്രാമീണർ

എന്നാൽ, ഈ വെള്ളത്തിൽ സ്നാനം ചെയ്താൽ അസുഖങ്ങൾ മാറുമെന്ന വിശ്വാസമാണ് ഭക്തർക്ക്. ആ വിശ്വാസമനുസരിച്ചാണ് ഇവിടെ വജ്രേശ്വരി ദേവിയുടെ പേരിൽ ക്ഷേത്രം രൂപം കൊണ്ടതും ഭക്തജനങ്ങൾ അങ്ങോട്ടേക്ക് ഒഴുകാൻ തുടങ്ങിയതും.

വജ്രേശ്വരിയിലേക്ക് വസൈ റോഡിൽനിന്ന് രണ്ട് മണിക്കൂറോളം ബസ് യാത്ര ചെയ്യണം. പ്രാതൽ കഴിച്ച് ഞങ്ങൾ അങ്ങോട്ടുള്ള ബസ്​സ്​റ്റാൻഡിൽ എത്തി. നീണ്ട ക്യൂവാണ്. അതിൽ ഇടംപിടിച്ചു. ഏറെ നേരം കഴിഞ്ഞ് ബസെത്തിയെങ്കിലും സീറ്റ് കിട്ടിയില്ല. എന്നാൽ, നഗരം വിട്ടതോടെ യഥേഷ്​ടം സീറ്റായി. അതോടെ ഗ്രാമക്കാഴ്ചകളുമായി.

വജ്രേശ്വരിയിലെ ആശ്രമം

കുറച്ചുദൂരം പിന്നിട്ടപ്പോൾ ചുറ്റിനും ഇഷ്​ടികക്കളങ്ങൾ മാത്രം. ദൂരെയേതോ നിർമിതിയുടെ ഭാഗമാകാൻ വെമ്പി നിൽക്കുന്ന ഇഷ്​ടികക്കൂട്ടങ്ങൾ മുഖം ചുവപ്പിച്ച് നിൽക്കുന്നു. ഇടക്കിടക്ക് വരണ്ട ഭൂമിയും പ്രത്യക്ഷമായി. ചില ചെറു അങ്ങാടികളിൽ യൂനിഫോമിട്ട വിദ്യാർഥികൾ കലപില കൂട്ടുന്നു. ഗ്രാമീണർ ഇടക്കിടക്ക് അവരുടെ നാടൻ വേഷത്തിൽ ബസിൽ കയറിയിറങ്ങുന്നുണ്ട്.

വജ്രേശ്വരിയിലെത്തും മുമ്പേ ഒരിടത്ത് നമ്മുടെ നാട്ടിലെ പൂരംപോലെ ഗ്രാമോത്സവം നടക്കുന്നു. കച്ചവടങ്ങളും കാഴ്ചകളും. കുറച്ചുനേരം വഴി തടസ്സപ്പെട്ടു. ഒടുവിൽ വജ്രേശ്വരിയെത്തിയപ്പോൾ ബസിറങ്ങി. ഇനി ഓട്ടോക്ക് കുറച്ചുദൂരം കൂടി പോകണം. ഓട്ടോ നിർത്തിയത് സ്നാന ഘട്ടത്തിന് സമീപത്തെ മദ്യവിൽപനശാലക്കടുത്ത്.

വജ്രേശ്വരിയിലെ സ്നാനഘട്ടം

ഞാൻ സന്തോഷേട്ട​െൻറ മുഖത്തേക്ക് അകലം പോലും പാലിച്ചിട്ടില്ലല്ലോയെന്ന് നോട്ടമെറിഞ്ഞു. ഇവിടെ ഇങ്ങനെയൊക്കെയാണ് ഭായി എന്ന് സന്തോഷേട്ടൻ ചിരിച്ചു. ഭക്തിയും ലഹരിയും ഇവിടെ ഇഴപിരിഞ്ഞു കിടക്കുന്നു. ഞങ്ങൾ നേരെ ചൂടുറവയുടെ അടുത്തേക്ക് പോയി. വിവിധയിടങ്ങളിൽ ഉറവ. അതി​െൻറ പടവുകളിലിരുന്ന് ഓരോ സംഘവും കുളിക്കുന്നു.

തൊട്ടടുത്ത തൻസ നദിയിലും ഏറെപേർ സ്നാനം ചെയ്യുന്നു. ഒരു യുവ സന്യാസി നദിയിൽ ജലസമാധിയിലിരുന്ന് ധ്യാനിക്കുന്നു. അങ്ങനെ ചുറ്റിക്കറങ്ങി അടുത്ത ഒരു ആശ്രമത്തിലേക്ക് പോയി. അവിടെ മെറ്റൽ ഡിറ്റക്ടർ വെച്ചാണ് പരിശോധന. അമേരിക്കൻ സ്വാധീനമുള്ള ഒരു ആശ്രമമാണത്. ഫോട്ടോക്ക് വിലക്കുണ്ട്. എന്നാലും, ഞാൻ ഫോട്ടോയെടുത്തു. അകത്ത് കയറി ചുറ്റിക്കണ്ട് വേഗമിറങ്ങി. ഉച്ചയോടെ വസൈ റോഡിൽ തിരിച്ചെത്തി.

തൻസ നദിയിൽ ധ്യാനിക്കുന്ന സന്യാസി

ധാരാവിയും കാമാട്ടിപുരിയും

ഒരു ദിവസം മുംബൈ നഗരവും ചേരിയും കറങ്ങാൻ നീക്കിവെച്ചു. കുറെ കാലമായി കേൾക്കുന്നു, ധാരാവി ധാരാവീന്ന്. മുമ്പൊരിക്കൽ മുംബൈയിൽ വന്നപ്പോഴും ധാരാവി കാണാൻ പറ്റിയില്ല. ഇപ്പോൾ ആ സങ്കടം തീർത്ത് ധാരാവിയിലെ ചേരികൾക്കുള്ളിലൂടെ തലങ്ങും വിലങ്ങും നടന്നു. ഇവിടെയാണ് അടിസ്ഥാന വർഗത്തി​െൻറ ജീവിതം പുഴുക്കളെ പോലെ നുഴക്കുന്നത്. ഒറ്റമുറി വീടുകളാണധികവും. അതിനകത്ത് ഭക്ഷണം പാകം ചെയ്യലും ടി.വി കാണലും എല്ലാമെല്ലാം.

മുമ്പിൽ ഒറ്റവാതിൽ. അകത്തേക്കും പുറത്തേക്കുമൊക്കെ അതിലൂടെ മാത്രം പ്രവേശനം. ഉമ്മറകല്ലിൽ തന്നെ അലക്കും കുളിയുമൊക്കെ. ആ ഒറ്റമുറിയിൽ തന്നെ അവരുടെ പ്രത്യുൽപാദനപരമായ എല്ലാ പ്രവർത്തനങ്ങളും. ഒരിടത്ത് ടയറി​െൻറ വലിപ്പത്തിലുള്ള പൊറാട്ട ഉണ്ടാക്കുന്നതു കണ്ടു. മുള്ളങ്കി ഓടയിലെ ചെളിവെള്ളത്തിൽ കഴുകിയെടുക്കുന്നു. തൊട്ടടുത്ത ഒരു ദർഗയുടെ ബോർഡും കാണാം.

ധാരാവിയിലെ വലിയ പൊറോട്ട

പിന്നീട് പോയത് ബാന്ദ്രയിലേക്ക്. പിന്നെ കുപ്രസിദ്ധിയാർജിച്ച ചുവന്ന തെരുവിൽ. പക്ഷേ, ഇപ്പോൾ അവിടെ ലൈംഗിക തൊഴിലാളികൾ ഇല്ലെന്ന് ടാക്സിക്കാരൻ പറഞ്ഞു. എല്ലാവരെയും ഒഴിപ്പിച്ച് വേറെ കച്ചവടങ്ങൾ തുടങ്ങി. ഇനി പുതിയ നിർമിതികൾ വരികയാണത്രേ. എന്നാലും പഴയതി​െൻറ അവശിഷ്​ടങ്ങൾ പോലെ ചില ജീവിതങ്ങൾ ഇപ്പോഴുമുണ്ട്.

ഒരിടത്ത് നാല് സ്ത്രീകൾ വീടി​െൻറ ഉമ്മറത്ത്. കൂടെ ഒരു കുട്ടിയും. ഒറ്റനോട്ടത്തിൽ കാമാട്ടി പുരിയുടെ അവശിഷ്​ട ജീവിതങ്ങളാണെന്നേ തോന്നൂ. പ്രതീക്ഷകൾ കത്തിനിൽക്കുന്ന കണ്ണുകളുമായി ചായ കുടിച്ചുകൊണ്ടിരിക്കുന്ന അവരുടെ മനസ്സിൽ എന്താകാം എന്നൊക്കെ ചിന്തിച്ചിരിക്കേ ടാക്സിക്കാരൻ കാർ നിർത്തി ഇറങ്ങിക്കൊള്ളാൻ പറഞ്ഞു. ഞങ്ങൾ ഇറങ്ങി ഫോട്ടോയെടുത്ത് നടന്നു.

കാമാട്ടിപുരിയിലെ ജീവിതങ്ങൾ

കാമാട്ടിപുരിയിൽ മീൻ മാർക്കറ്റും മറ്റും കണ്ടുനടക്കവേ ഇടക്കൊരിടത്ത് പഴയ ജീൻസുകൾ ഒന്നിച്ച് യന്ത്രത്തിൽ വാഷ് ചെയ്ത് ഓട്ടകൾ തുന്നി 'പുതുപുത്തനാക്കി' എടുക്കുന്നത്​ കണ്ടു. നമ്മുടെ നാട്ടിൽ നാടോടികൾ പഴയ വസ്ത്രങ്ങൾ ഉണ്ടോയെന്ന് ചോദിച്ച് കൊണ്ടുപോകുന്ന വസ്​ത്രങ്ങൾ രൂപം മാറി ഇങ്ങനെ വീണ്ടും മാർക്കറ്റിലെത്തുമെന്ന് മനസ്സിലായി.

മറീന ബീച്ച്

വെയിൽ ചായാൻ തുടങ്ങിയപ്പോൾ മറീന ബീച്ചിലെത്തി. അവിടെ കടലയും കൊറിച്ച് കടൽകാറ്റേറ്റിരിക്കെ മഴ ചാറാൻ തുടങ്ങിയതോടെ എഴുന്നേറ്റ് പോന്നു. പിന്നീട് നാല് ദിവസം ഞങ്ങൾക്ക് സൗജന്യ താമസമൊരുക്കി സഹിച്ചതിന് ജയേട്ടനോടും അദ്ദേഹത്തി​െൻറ മഹാരാഷ്​ട്രക്കാരി ഭാര്യയോടും ഷുക്ക്രിയ പറഞ്ഞ് നാട്ടിലേക്ക് തിരിച്ചു.

ആതിഥേയനായ ജയനും ഭാര്യക്കുമൊപ്പം


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newstravelvasai fort
News Summary - travel to Vasai fort in mumbai
Next Story