വെള്ളിക്കൊലുസണിഞ്ഞ് തെന്മല
text_fieldsകൊല്ലങ്കോട്: മഴ ശക്തമായതോടെ തെന്മലയിൽ വെള്ളച്ചാട്ടങ്ങൾ സജീവം. മുതലമട വെള്ളാരൻകടവിലെ കുരങ്ങ് തോട് മുതൽ എലവഞ്ചേരി വളവടിയിലെ നീർച്ചാട്ടക്കുന്ന് വരെയുള്ള 12 വെള്ളച്ചാട്ടങ്ങളാണ് തെന്മലയെ വെള്ളിക്കൊലുസണിയിച്ച് സൗന്ദര്യവതിയാക്കിയത്. പലകപ്പാണ്ടി, സീതാർകുണ്ട്, നിന്നുകുത്തി, ചുക്രിയാൽ, പാത്തിപ്പാറ എന്നീ വെള്ളച്ചാട്ടങ്ങളാണ് സജീവമായി ഒഴുകുന്നത്.
പത്ത് കിലോമീറ്റർ പരിധിയിൽനിന്നു തന്നെ കാണാൻ സാധിക്കുന്നതിനാൽ വിനോദ സഞ്ചാരികളുടെ വരവും വർധിച്ചിട്ടുണ്ട്. വെള്ളച്ചാട്ടം കാണാനെത്തുന്നവർക്ക് മുൻകരുതൽ സംവിധാനങ്ങളൊന്നും ഒരുക്കാത്തതിനാൽ അപകടങ്ങളും ഉണ്ടാക്കുന്നതായി പരിസരവാസികൾ പറയുന്നു.
എന്നാൽ സാമൂഹിക വിരുദ്ധരും ലഹരി ഉപയോഗിക്കുന്നവരുടേയും സാന്നിധ്യം വെള്ളച്ചാട്ടം കാണാനെത്തുന്നവർക്ക് ഭീഷണിയാകുന്നതായും പരാതിയുണ്ട്.

