Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിഗൂഢതകളുടെ നാട്ടിൽ

text_fields
bookmark_border
നിഗൂഢതകളുടെ നാട്ടിൽ
cancel

മണൽക്കാറ്റുകൾ താരാട്ടുപാടിയുറക്കുന്ന ഫറവോമാരുടെ മണ്ണിലേക്ക്,ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം തേടിയുള്ള ഒരു യാത്ര. ഫറവോമാരുടെ കാലത്തെ നിർമിതികൾ മുതൽ ഗ്രീക്കോ-റോമൻ ശേഷിപ്പുകളും, ജൂത-ക്രിസ്ത്യൻ-ഇസ്‍ലാം മതങ്ങളുടെ പൈതൃകങ്ങളും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന അത്ഭുത ലോകമാണ് ഈജിപ്ത്. ഗൾഫ് നാടുകളിൽ പ്രവാസ ജീവിതം നയിക്കുന്ന ഒരു മലയാളിക്ക് വളരെ എളുപ്പത്തിൽ സന്ദർശിക്കാൻ സാധിക്കുന്ന ഈ മനോഹര തീരത്തേക്കുള്ള ഒരു യാത്രാനുഭവമാണിത്.

കാറ്റകോമ്പുകൾ

കൈറോയിൽ നിന്നും യാത്ര തിരിക്കുന്നത് മെഡിറ്ററേനിയൻ കടലിന്റെ തീരത്തുള്ള മനോഹര നഗരമായ അലക്സാണ്ട്രിയയിലേക്കാണ്. അവിടെ സന്ദർശകരെ കാത്തിരിക്കുന്നത് ‘കാറ്റകോമ്പ്സ് ഓഫ് കോം എൽ ഷൊഖാഫ’ എന്ന ഭൂഗർഭ വിസ്മയമാണ്. വളരെ ചെറിയൊരു കവാടത്തിലൂടെ താഴേക്ക് ഇറങ്ങിച്ചെല്ലുന്നത് വിശാലമായ ഒരു ഭൂഗർഭ ശവകുടീരത്തിലേക്കാണ്. നൂറുകണക്കിന് അറകളും ചെറുതും വലുതുമായ അനവധി ഇടനാഴികളുമുള്ള ഈ പാതാള ലോകം ശരിക്കും നമ്മെ അമ്പരപ്പിക്കും.

വഴിതെറ്റിപ്പോകാൻ സാധ്യതയുള്ളത്ര സങ്കീർണമായ വലിയ ഭൂഗർഭ ശൃംഖലയാണിത്. അവിടെ നിന്നും മെഡിറ്ററേനിയൻ കടൽത്തീരത്ത് എത്തിയാൽ തലയുയർത്തി നിൽക്കുന്ന ഖൈത്ബേ സിറ്റഡൽ കാണാം. പുരാതന ലോകത്തെ മഹാത്ഭുതങ്ങളിലൊന്നായിരുന്ന അലക്സാണ്ട്രിയൻ വിളക്കുമാടം തകർന്നടിഞ്ഞ അതേ സ്ഥാനത്താണ് സുൽത്താൻ ഖൈത്ബേ ഈ കൂറ്റൻ കോട്ട പണികഴിപ്പിച്ചത്. കടൽക്കാറ്റേറ്റ് ഈ കോട്ടയുടെ മുകളിൽ നിൽക്കുമ്പോൾ നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളുടെ കഥകൾ കാതിൽ മുഴങ്ങുന്നതുപോലെ തോന്നും.

ഗിസയിലെ പിരമിഡുകളും സഖാറയും

ഈജിപ്തിലെത്തുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ലോകത്തിലെ മഹാത്ഭുതങ്ങളിലൊന്നായ ഗിസയിലെ പിരമിഡുകളാണ്. മണലാരണ്യത്തിൽ തലയുയർത്തിനിൽക്കുന്ന കൂറ്റൻ പിരമിഡുകളും കാവൽക്കാരനായ സ്ഫിങ്സും ആരെയും വിസ്മയിപ്പിക്കും. അവിടെനിന്നും അൽപം മാറി സ്ഥിതി ചെയ്യുന്ന സഖാറയിലെ പടവുകളുള്ള പിരമിഡ് ചരിത്രത്തിന്റെ മറ്റൊരു ഏടാണ്. കല്ലിൽ തീർത്ത ലോകത്തിലെ ഏറ്റവും പഴയ നിർമിതികളിലൊന്നായ സഖാറ, പുരാതന ഈജിപ്ഷ്യൻ വാസ്തുവിദ്യയുടെ തുടക്കം എങ്ങനെയെന്ന് നമുക്ക് നേരിട്ട് കാണിച്ചുതരുന്നു.

തൂങ്ങിക്കിടക്കുന്ന ചർച്ച്

കൈറോയിലെ കോപ്റ്റിക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതന ക്രൈസ്തവ ദേവാലയമാണ് ‘ഹാങ്ങിങ് ചർച്ച്’. പഴയ ബാബിലോൺ കോട്ടയുടെ ഗേറ്റ് ഹൗസിന് മുകളിലായി നിർമിച്ചിരിക്കുന്നതുകൊണ്ടാണ് ഇതിന് ഈ പേര് ലഭിച്ചത്. ഇടുങ്ങിയ ഇടനാഴികളിലൂടെയുള്ള ഈ പള്ളിയിലേക്കുള്ള യാത്ര നമുക്ക് നൽകുന്നത് ജറൂസലമിലെ പുരാതനമായ വഴികളിലൂടെ നടക്കുന്ന അതേ പ്രതീതിയാണ്.

ചരിത്രമുറങ്ങുന്ന പള്ളികൾ

ഇസ്‍ലാമിക ചരിത്രത്തിൽ കൈറോക്കുള്ള സ്ഥാനം വളരെ വലുതാണ്. അലക്സാണ്ട്രിയയിൽ ഖൈത്ബേയുടെ കോട്ടയാണെങ്കിൽ, കൈറോയിൽ സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി പണികഴിപ്പിച്ച കൂറ്റൻ കോട്ടയും അതിനുള്ളിൽ ഉയർന്നുനിൽക്കുന്ന മുഹമ്മദ് അലി പാഷയുടെ പള്ളിയുമുണ്ട്. ഓട്ടോമൻ വാസ്തുവിദ്യയുടെ മകുടോദാഹരണമായ ഈ പള്ളി കൈറോ നഗരത്തിന്റെ ഏത് കോണിൽ നിന്നും കാണാൻ സാധിക്കും. ലോകപ്രശസ്തമായ അൽ-അസ്ഹർ പള്ളി, പ്രമുഖ ഇസ്‍ലാമിക പണ്ഡിതനായ ഇമാം ഷാഫിയുടെപള്ളിയും മഖ്‌ബറയും, പ്രവാചക പൗത്രന്റെ പേരിലുള്ള അൽ-ഹുസൈൻ പള്ളിയും മഖ്‌ബറയും എന്നിങ്ങനെ നീളുന്നു ഈജിപ്തിലെ ചരിത്രമുറങ്ങുന്ന പള്ളികളുടെ നിര.

നൈൽ നദിയിലൂടെ

നൈൽ നദിയില്ലാതെ ഈജിപ്തിന് നിലനിൽപില്ല. സായാഹ്നങ്ങളിൽ നൈൽ നദിയിലൂടെയുള്ള ക്രൂയിസ് യാത്ര യാത്രാക്ഷീണം അകറ്റാൻ ഏറ്റവും മികച്ചതാണ്. നദിയുടെ ഇരു കരകളിലുമുള്ള പ്രകാശപൂരിതമായ നഗരക്കാഴ്ചകളും, തനത് ഈജിപ്ഷ്യൻ സംഗീതവും നൃത്തവും ആസ്വദിച്ചുകൊണ്ടുള്ള രുചികരമായ അത്താഴവും നൈൽ നദിയിലെ യാത്രയെ അവിസ്മരണീയമാക്കുന്നു.

ചരിത്രം കാക്കുന്ന മ്യൂസിയങ്ങൾ

പുരാതന ഈജിപ്ഷ്യൻ രാജാക്കന്മാരുടെ ജീവിതവും മരണവും അടുത്തറിയാൻ മ്യൂസിയങ്ങൾ സന്ദർശിക്കണം. ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തുമ്യൂസിയങ്ങളിലൊന്നായ ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം ഗിസയ്ക്ക് സമീപമുള്ള ഒരു പുതിയ അത്ഭുതമാണ്. ഇതിനുപുറമെ, താഹിർ സ്ക്വയറിലെ നാഷനൽ മ്യൂസിയം ഈജിപ്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്ന മറ്റൊരു പ്രധാന ഇടമാണ്. നാഷനൽമ്യൂസിയത്തിൽ പ്രത്യേകം സംരക്ഷിച്ചുപോരുന്ന 22 രാജകീയ മമ്മികളിൽ, ചരിത്രത്തിൽ നാം കേട്ടറിഞ്ഞ സാക്ഷാൽ ഫിർഔന്റെ മമ്മിയും ഉൾപ്പെടുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഈ മമ്മികൾ നേരിട്ട് കാണുന്നത് ഏവരിലും അത്ഭുതം സൃഷ്ടിക്കും.

പഴയ നഗരവും ഗ്രാമങ്ങളും

ഈജിപ്തിലെത്തുമ്പോൾ, കാലം കുറച്ചു പിറകോട്ടു സഞ്ചരിച്ചതുപോലെ തോന്നും. ഈജിപ്തിലെ ഗ്രാമങ്ങൾ നൽകുന്നത് തികച്ചും വ്യത്യസ്തമായ കാഴ്ചയാണ്. നഗരത്തിലുടനീളം വലിയ മരങ്ങൾ തണൽവിരിച്ചുനിൽക്കുന്നു. റോഡുകൾ പലയിടത്തും തകർന്നും അറ്റകുറ്റപ്പണികൾ ഇല്ലാതെയും കിടക്കുന്നു.

ഇന്ത്യയും ഈജിപ്തും തമ്മിൽ ചരിത്രപരമായി തന്നെ വലിയ സൗഹൃദമുണ്ട്. ഈജിപ്തിലെ നിരത്തുകളിൽ ഇറങ്ങിയാൽ ഒരു ഇന്ത്യക്കാരന് വളരെ പെട്ടെന്ന് റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു കാര്യമുണ്ട് -തുക്-തുക് എന്ന് അവർ വിളിക്കുന്ന നമ്മുടെ സ്വന്തം ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും! നിരത്തുകളിൽ പായുന്ന ഈ ഓട്ടോറിക്ഷകൾ കൂടുതലും ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്തവയാണ്. ബജാജ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികളുടെ വാഹനങ്ങൾ ഈജിപ്തിലെ തെരുവുകളിൽ സാധാരണമായി കാണുന്നത് ഒരു ഇന്ത്യക്കാരനെന്ന നിലയിൽ വല്ലാത്തൊരു കൗതുകം നൽകുന്നു.

ഖാൻ എൽ-ഖലീലി മാർക്കറ്റ്

യാത്രയുടെ അവസാന ദിനങ്ങളിൽ ഷോപ്പിങ്ങിനായി തിരഞ്ഞെടുക്കാൻ പറ്റിയ ഏറ്റവും മികച്ച ഇടമാണ് കൈറോയിലെ ഖാൻ എൽ-ഖലീലി മാർക്കറ്റ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പുരാതന ചന്തയിൽ കയറിയാൽ ഈജിപ്ഷ്യൻ കരകൗശല വസ്തുക്കൾ,സുഗന്ധദ്രവ്യങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ, പുരാവസ്തുക്കളുടെ മാതൃകകൾ എന്നിവയെല്ലാം വാങ്ങാം. കൈറോ നഗരത്തിന്റെ യഥാർഥ തുടിപ്പ് ഈ മാർക്കറ്റിലെ ഇടുങ്ങിയ വഴികളിലാണ് കുടികൊള്ളുന്നത്.

ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് ഈജിപ്ത് സന്ദർശിക്കാൻ വലിയ കടമ്പകളില്ല. വിമാനത്താവളത്തിലെത്തി 25 ഡോളർ ഫീസ് അടച്ചാൽ ഉടൻ തന്നെ വിസ സ്റ്റാമ്പ് ചെയ്തു കിട്ടും. കൈറോയിലെ തെരുവുകൾക്കും ഈജിപ്തിലെ മണൽക്കാടുകൾക്കും എന്തോ ഒരു നിഗൂഢതയുണ്ട്. അവർ വെളിപ്പെടുത്തിയതിനേക്കാളും കണ്ടെത്തിയതിനേക്കാളും എത്രയോ മടങ്ങ് രഹസ്യങ്ങൾ ആ മണ്ണിനടിയിൽ ഇപ്പോഴും ഉറങ്ങിക്കിടക്കുന്നുണ്ട് എന്ന തോന്നലുമായാണ് ഈജിപ്തിനോട് വിടപറഞ്ഞത്.

യാത്ര പുറപ്പെടുന്നതിനുമുമ്പ് വിമാന ടിക്കറ്റ് മാത്രമല്ല, സന്ദർശിക്കാനുള്ള സ്ഥലങ്ങളും കഴിക്കാനുള്ള ഭക്ഷണവും വരെ വ്യക്തമായി പ്ലാൻ ചെയ്യണം. അല്ലെങ്കിൽ ടൂർ ഗൈഡുകൾ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് നമ്മെ കൊണ്ടുനടക്കാൻ സാധ്യതയുണ്ട്. കൃത്യമായ പ്ലാനിങ്ങോടെ പോയാൽ ലോകത്ത് ഒരുസഞ്ചാരിക്കും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ നൽകാൻ ഈജിപ്തിന് കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - travel story
Next Story