തേക്കടി രാജ്യം, തമിഴ് നാട് വഴി പാലക്കാട്...
text_fieldsഅണ്ണാമലൈ ടൈഗർ റിസർവ് പൊള്ളാച്ചി
കിഴക്ക് സഹ്യാദ്രിയും അതിനപ്പുറം പൊള്ളാച്ചിയും കടന്ന് തേക്കടി എന്ന ‘രാജ്യം’. വന്യമൃഗങ്ങൾ മേയുന്ന കാട്ടുവഴികളിലൂടെ, കിലോമീറ്ററുകളോളം നടന്നാൽ മലയാളനാടിന്റെ ഒരടയാളമെന്നപോലെ ആ ഗ്രാമത്തിലെത്തും. മലയാളത്തിനിടയിൽ ഇടക്കൊക്കെ തമിഴ് തനിമ തുളുമ്പിനിൽക്കുന്ന പാലക്കാടിന്റെ ‘തേക്കടി’യിലൂടെ...
15.10.1998 വ്യാഴം, പാലക്കാട് ജില്ലയിൽ ഗവ. അധ്യാപക ജോലിയുടെ നിയമനോത്തരവ് കിട്ടി അന്വേഷിച്ച് പോയ ദിനം. ജി.ടി.ഡബ്ല്യു.എൽ.പി.എസ് തേക്കടി. തേക്കടി അങ്ങ് ഇടുക്കിയിലായതുകൊണ്ട് ‘തെക്കാടി’ എന്നും മറ്റും വായിച്ചുനോക്കി. സഹായിക്കാൻ ഒപ്പം ചേർന്നവർ സാധ്യമായ കോണുകളിലൂടെയെല്ലാം വായിച്ചു. പാലക്കാട് ജില്ലയിലും തേക്കടി എന്ന സ്ഥലമുണ്ടെന്ന് മനസ്സിലായി.
കിഴക്ക് സഹ്യാദ്രി കടന്ന് പൊള്ളാച്ചി ബസ്സ്റ്റാൻഡിലെത്തി. ഊരും പേരും തിരിയാതെ ബസുകളുടെ മുഖം നോക്കിനിൽപ്പായി. വിനിമയ മാർഗങ്ങൾക്ക് മറ്റു ഭാഷകളൊന്നും അനുവദിക്കാത്തതിന്റെ ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല പ്രശ്നമുണ്ടാക്കിയത്. ഒടുവിൽ 34ാം നമ്പർ ബസിൽ കയറിപ്പറ്റി. ബസ് പുറപ്പെടുന്നേയുള്ളൂ. മനം മുട്ടുന്ന അപരിചിതത്വം. ആളുകൾക്കൊപ്പം ചാക്കും ചരക്കും പണിയായുധങ്ങളുൾപ്പെടെ ജീവിതപ്രാരബ്ധങ്ങളും ബസ് കയറിയിറങ്ങുന്നു. അസ്വസ്ഥതകൾക്കുമേൽ മണ്ടപൊട്ടിക്കുമാറ് ഇടിനാദത്തോടെ തമിഴ് സിനിമാഗാനം തകർക്കുന്നു. ഗോപാലപുരം (സംസ്ഥാന അതിർത്തി) കഴിഞ്ഞ് 16 കിലോമീറ്റർ പിന്നിട്ടിരിക്കുന്നു. ഇനി ലക്ഷ്യം 24 കിലോമീറ്റർ അപ്പുറമുള്ള സേതുമട എന്ന തമിഴ്ഗ്രാമം. പറമ്പിക്കുളം ടൈഗർ റിസർവ് ഫോറസ്റ്റിന്റെ പ്രവേശന കവാടം. ഉച്ച രണ്ടുമണിയോടെ സേതുമട ഇറങ്ങി. രണ്ട് മലയാളികളെ (മറ്റൊരാൾ സുഹൃത്ത് ഹമീദ് മാഷ്) കണ്ട് സേതുമടവാസികൾ സാകൂതം നോക്കുന്നു.
‘‘തേക്കടി സ്കൂള്...” ഞങ്ങൾ ചോദിച്ചു.
മലയാളം മനസ്സിലാകാത്തതുകൊണ്ടോ എന്തോ ‘കായ്കറി രാജനെ കൂപ്പിടുങ്കോ...’ എന്ന മറുപടിയാണ് കിട്ടിയത്.
സേതുമട (തമിഴ്നാട്)
15 കിലോമീറ്റർ ഇപ്പുറം സേതുമടയിലിരുന്ന് തേക്കടിയുടെ ‘ഫ്രണ്ട് ഓഫിസ്’ കൈകാര്യം ചെയ്യുന്നത് കായ്കറി രാജനാണ്. ദിനേനയെന്നോണം തേക്കടിയിലെത്തും. ഞായറാഴ്ചകളിൽ അവിടെ കായ്കറി (പച്ചക്കറി) കച്ചവടവും. പാതവക്കിൽ നിലത്തു തുണിവിരിച്ച് പച്ചക്കറികൾ നിരത്തിയാണ് വിൽപന. കൂടെ അമ്മയുമുണ്ടാകും. രാജൻ ഞങ്ങളോട് വഴി പറഞ്ഞു തുടങ്ങി. 15 കിലോമീറ്റർ ദൂരമുണ്ട്. ദൂരെ ചൂണ്ടിക്കാണിച്ചുതന്ന രണ്ടു മലകൾക്കിടയിലൂടെ കാട് കയറണം. ആറ് കിലോമീറ്റർ ഏറക്കുറെ നിരപ്പ്. അത്രയും തമിഴ്നാടിന്റെ ഭാഗം. പിന്നെ കീരപ്പാടി ഫോറസ്റ്റ് ചെക്ക്പോസ്റ്റ്. ‘അവിടന്ന് ഏറിയേറി കയറണം. ഇന്നേക്ക് മുടിയാത്. ഇന്ന് തങ്ങി കാലേലേ പോകലാം.’ മലയാളത്തിനിടയിൽ ഇടക്കൊക്കെ തമിഴ് തനിമ തുളുമ്പി. എന്റെ സർക്കാറുദ്യോഗം തുലാസ്സിലാടുന്നതുപോലെ തോന്നിയ നിമിഷം. അന്ന് ശ്രമം ഉപേക്ഷിച്ച് തിരിച്ചുപോന്നു.
സേതുമട ചെക്പോസ്റ്റ്
16.11.1998 തിങ്കൾ പുലർച്ചെ 3.30ന് തേക്കടിക്കുള്ള പുറപ്പാട്. കൊഴിഞ്ഞാമ്പാറനിന്ന് ഹെഡ്മാസ്റ്റർ രാമസ്വാമി മാഷും ചേർന്നു. സേതുമട എത്തുന്നത് കാലത്ത് ഏഴിന്. അനുമതിക്കായി തമിഴ്നാട് ഫോറസ്റ്റ് ചെക് പോസ്റ്റിൽ ചെന്നു. അനുകൂല പ്രതികരണമില്ല. ഹെഡ്മാസ്റ്റർ വണ്ടിതിരിച്ചുവിട്ട് സ്വാധീനസ്ഥലങ്ങളിൽ മുട്ടിനോക്കി. എല്ലാം വിഫലം. ഒടുവിൽ പറമ്പിക്കുളം റൂട്ടിൽ പെരുവാരിപ്പള്ളം ഡാം കടന്ന് 60 കിലോമീറ്റർ അധികദൂരം താണ്ടി ‘തേക്കടി രാജ്യ’ത്തെത്തി.
രണ്ട് ഉന്നതികൾ. അന്നത്തെ പേര് കോളനികൾ. അല്ലിമൂപ്പൻ കോളനി, മുപ്പതേക്കർ കോളനി. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1200 മീറ്റർ ഉയരത്തിൽ കാടിന്റെ അകക്കാമ്പിൽ മനുഷ്യർകൂടിയുള്ള ആവാസവ്യവസ്ഥ. തേക്കടിയുടെ പ്രവേശന കവാടമെന്നോണം രണ്ട് ഫോറസ്റ്റ് കാര്യാലയങ്ങൾ. പറമ്പിക്കുളം (ചുങ്കം) റേഞ്ച്, കൊല്ലങ്കോട് റേഞ്ച്. ചേർന്നുതന്നെ അരുണഗിരിയുടെ ചായക്കട, പൗലോസേട്ടന്റെ പലചരക്കുകട, രാജേട്ടന്റെ തുന്നൽക്കട, കൊല്ലന്റെ ആല, റേഷൻകട... അത്രന്നെ. തേക്കടിയുടെ ആസ്ഥാനഭൂപടം പൂർണമായി.
തേക്കടി ഫോറസ്റ്റ് സ്റ്റേഷൻ
ഞങ്ങളുടെ വാഹനം എത്തിയതും ഓഫിസർമാർ ഉൾപ്പെടെ ജാഗ്രതപ്പെട്ടു. ഈ സാമ്രാജ്യത്തിൽ ആരു പ്രവേശിച്ചാലും ഫോറസ്റ്റ് രേഖകളിൽ പേരുവിവരം ഭദ്രമായിരിക്കും. തേക്കടിയുടെ നിശ്ശബ്ദതയെ ഭേദിക്കുന്നത് ഇടക്കൊക്കെ ഈ വാഹനങ്ങളാണ്. മൃഗങ്ങളുടെയും മറ്റും ശബ്ദങ്ങൾ വനത്തെ അസ്വസ്ഥമാക്കുന്നില്ല. മുളങ്കാടുകളുടെയും മരങ്ങളുടെയും സ്വരങ്ങൾ ആരണ്യഗീതങ്ങളാണ്. എങ്കിലും ചീവിടു പോലുമില്ലാത്ത രാത്രികാലങ്ങൾ മൂകവും ഭീതിജനകവുമാണ്. കാതുകൾ കുത്തിത്തുളക്കുന്ന നിശ്ശബ്ദത വർണനാതീതം. 1200 മീറ്റർ സമുദ്രനിരപ്പിൽ നിന്നുയരത്തിലാണെങ്കിലും ചുറ്റും ഉയർന്നുനിൽക്കുന്ന മലകളാൽ സമ്പന്നമാണ് തേക്കടി. ആസ്ഥാനത്തുനിന്നും 2 കി.മീ. കൂടി പോകാനുണ്ട് വിദ്യാലയമെത്താൻ. കുടുംബാംഗങ്ങളോടൊപ്പെമത്തിയ എന്നെ സ്വീകരിക്കാൻ പി.ടി.എ പ്രസിഡന്റ് ചന്ദ്രേട്ടനും വന്നിരുന്നു.
‘രാത്രി പടക്കമൊക്കെ കാണും, പേടി വേണ്ടട്ടോ... ’
ആനക്കും പന്നിക്കും കുരങ്ങിനും വെക്കുന്ന പടക്കത്തെക്കുറിച്ച് ചന്ദ്രേട്ടന്റെ മുന്നറിയിപ്പ്. ഇന്ന് ചന്ദ്രേട്ടനില്ല.
‘തേക്കടിക്കുവേണ്ടി ഓടി നടന്നതാ... ഇന്നുണ്ടായിരുന്നേൽ ഞങ്ങക്ക് റോഡായേനെ.’ പത്നി കനിച്ചേച്ചി തുണിത്തുമ്പിൽ കണ്ണുതുടച്ചു.
ജി.ടി.ഡബ്ല്യു.എൽ.പി സ്കൂൾ
46 കുട്ടികൾ, പ്രധാനാധ്യാപകൻ ഉൾപ്പെടെ നാല് അധ്യാപകർ. 46 കുട്ടികളെന്നല്ല, 46 ദൈന്യതകൾ! ഉള്ളുരുക്കത്തിന്റെ തേക്കടി ജീവിതങ്ങൾ ഓരോ മുഖത്തും കൂടുകെട്ടിയിരുന്നു. വിദ്യാവിഭവത്തേക്കാൾ കഞ്ഞിയും പയറും കൊതിച്ചവർ വന്നു. വയറു കാളൽ തീരുന്നതും ഉച്ചക്കുതന്നെ അവർ തിരിച്ചുപോയി. ഒരിക്കലും സമയകാലവ്യവസ്ഥകൾ പാലിക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചു. ‘താഴെ’ നിന്ന് മല കയറി വരുന്നവരെ ഏത് വികാരത്തോടെയാണവർ കാണുന്നത്? പരിഷ്കൃതരെന്നു നടിക്കുന്നവരുടെ നാട്യങ്ങൾ കാടിനുവേണ്ടി, പ്രകൃതിക്കു വേണ്ടി ഉൾക്കൊള്ളാൻ മടിച്ചു. അതായിരിക്കാം സർക്കാർ നിർമിത ഭവനങ്ങളിൽനിന്ന് ഇലയും പുല്ലും മേഞ്ഞ കൂരകളിലേക്കവർ കുതറിനീങ്ങിയത്. കനത്ത മേൽക്കൂരക്കു കീഴിൽ സ്വസ്ഥമായുറങ്ങാൻ അനുഭവങ്ങൾ അവരെ സമ്മതിച്ചില്ല എന്നാണ് നേര്. കല്ലും കമ്പിയും സിമന്റും ഉറപ്പുള്ളതാണെന്നവർ കൂട്ടാക്കിയില്ല. ഇന്ന് ഏറെ മാറ്റങ്ങളുണ്ട്. റോഡും വൈദ്യുതിയും ആതുരാലയവും ഇന്നും അന്യമായി തുടരുന്നത് വ്യവസ്ഥിതിയെ അവിശ്വസിക്കാൻ അവരെ നിർബന്ധിച്ചു. കുടിവെള്ളത്തിനുപോലും അലയുന്നവർ. കിലോമീറ്ററുകൾക്കകലെ മലകളിൽനിന്ന് കുഞ്ഞുപൈപ്പുകളിൽ പ്രകൃതി ചുരത്തിത്തരുന്ന കുടിനീര് പാനം ചെയ്യുന്നവർക്ക് മറ്റെന്ത് വഴി?
രാത്രിയുടെ ശബ്ദങ്ങൾ
ജോലിയിൽ പ്രവേശിച്ച് കാനനശൈലിയിലേക്ക് ജീവിതത്തെ മാറ്റിപ്പണിയൽ ശ്രമകരമായിരുന്നു. മണ്ണെണ്ണവിളക്കിൽ അന്തിയെരിഞ്ഞുതീർക്കണം. മുഖത്തോടുമുഖം പരസ്പരം മിഴിച്ചിരിക്കണം. ജീവിതത്തിന്റെ ഒത്തിരി കാതങ്ങൾ ഓർമകൾക്കു പിന്നാലെ പാഞ്ഞുപോകാൻ ആ രാവുകൾ മനസ്സിനെ സഹായിച്ചിട്ടുണ്ട്. ശാന്തം എന്നതിനേക്കാൾ മൂകം എന്നായിരിക്കും ഈ വനസ്ഥലിക്ക് ചേർന്ന വികാരം. ഭീകരമാണ് രാത്രികൾ. ജീവികളുടെ അലർച്ചകൾ, രോദനങ്ങൾ, ശീൽകാരം. ഒന്നും ഗണിച്ചെടുക്കാൻ കഴിയില്ല. കാലത്ത് വാതിൽ തുറന്ന് പുറത്തിറങ്ങിയാൽ പൂഴിമണ്ണിൽ പതിഞ്ഞ ജീവികളുടെ കാൽപാടുകൾ നെടുവീർപ്പ് വർധിപ്പിക്കും. സിംഹമല്ലാത്തവയൊക്കെ ആ നെടുവീർപ്പിൽ മിന്നായം പായും. അന്നേരം രാമസ്വാമി മാഷ് പറയും, ‘ഉയിര് പണയം വെച്ചല്ലേ ഷാഫീ, ഈ ആനക്കാട്ടിൽ കഴിയ്ണ്..?’
റേഡിയോ മാത്രമായിരുന്നു വാർത്താവിനിമയ മാർഗം. പ്രക്ഷേപണം തീരുന്നതുവരെ നിലക്കാതെ ശബ്ദിക്കുന്നത് ഒരുപക്ഷേ ഇവിടെ മാത്രമായിരിക്കും. പുറത്തൊരു ലോകമുണ്ടെന്ന് നിരന്തരം വിളിച്ചുപറയുകയാവുമത്. എന്നെങ്കിലും, ആരെങ്കിലും കൊണ്ടുവരുന്ന പത്രങ്ങൾ പകുത്തെടുത്ത് ഞങ്ങൾ പുറംലോകത്തെ അറിയാനുള്ള ആർത്തി തീർക്കും. അതേതു ദിവസത്തെയാണെങ്കിലും! ദിനകാലഗണനകൾക്ക് തേക്കടിരാജ്യത്ത് അത്ര പ്രസക്തിയേ കാണൂ.
കാട്ടുപാതകൾ
നാലുനാൾ കഴിഞ്ഞ് നാട്ടിൽ പോകാനായി. ഒരു ജീപ്പുണ്ട്. പ്രസവകേസുമായി ആശുപത്രിയിൽ പോകാനാണ് വണ്ടിവരുന്നത്. 6 കി.മീ. അപ്പുറം പെരിയചോലയിലെ ഒരു എസ്റ്റേറ്റ് ഉടമയുടേതാണ് വാഹനം. 5 കി.മീ. കഴിഞ്ഞുകാണും. ആൺമരം, പെൺമരം (രൂപസാദൃശ്യത്തിൽ നിന്നുണ്ടായ പേര്) ഭാഗത്തെത്തിയപ്പോൾ പിറകിൽനിന്ന് പെട്ടെന്ന് വണ്ടി നിർത്താനാവശ്യപ്പെട്ടു. ഞങ്ങൾ പുരുഷന്മാർ പുറത്തിറങ്ങി. ഒരു പുതുജന്മം വാഹനത്തിൽ പിറവികൊള്ളുന്നു. അതിലേറെ ബോധ്യമായത് ജീപ്പ് തിരിക്കുകയാണെന്നും 10 കിലോമീറ്റർ ദൂരം ഇനി നടക്കണമെന്നുമാണ്. തേക്കടി വനവാസത്തിലെ പ്രധാന ചടങ്ങ് ഇതാണ്. 2 മണിക്കൂർ നീളുന്ന നടത്തം. കൂട്ടിന് കാനനസംഗീതം. ‘കുറുക്ക്’ പിടിച്ചാൽ രണ്ട് കിലോമീറ്റർ കുറയും. രണ്ട് കുറുക്കുകളുണ്ട്. പെരിയ കുറുക്ക്. ചിന്ന കുറുക്ക്. രണ്ടു കണ്ണുകൾ മതിയാവാതെ വരുന്നോ എന്നു തോന്നിയത് ഈ സമയത്താണ്. ഒരു നീളം വഴി കാണുന്നിടത്ത് ബുദ്ധിമുട്ടില്ല. പക്ഷേ, വളവുകളും ഇടുങ്ങിയ ഭാഗങ്ങളും മറികടക്കാൻ പാടാണ്. ചെവി കൂർപ്പിച്ചും മണംപിടിച്ചും വേണം നടക്കാൻ. പുറകിലേക്കും കണ്ണു വേണം. സമീപം ആനയുണ്ടെന്നറിയാൻ സാമാന്യം ഘ്രാണശക്തിവേണം. ആവി പറക്കുന്ന പിണ്ടികാണും. മുളന്തണ്ട് ചീന്തുന്ന, കമ്പുകളൊടിക്കുന്ന ശബ്ദവും ശ്രദ്ധിക്കണം. പകുതിദൂരം പിന്നിട്ടാൽ സംസ്ഥാന അതിർത്തിയായ കീരപ്പാടി ചെക്പോസ്റ്റ്. രണ്ടോ മൂന്നോ സ്റ്റാഫ് കാണും. സൗരോർജത്തിൽ പ്രവർത്തിക്കുന്ന വൈദ്യുതവേലിയുടെ കാവലിൽ അവർ കഴിയുന്നു. വീണ്ടും നടത്തം. സേതുമട എത്താൻ ഇനിയും രണ്ട് കി.മീ. കൂടിയുണ്ട്. മെയിൻ റോഡിൽ കണ്ട ടാപ്പിൽനിന്ന് ദാഹം തീർത്തു. ഇന്നോളം അനുഭവിച്ചതിൽ ഏറ്റവും കുളിരും തണുപ്പും ആ വെള്ളത്തിനായിരുന്നു. ബൂത്തിൽ കയറി വീട്ടിലേക്ക് വിളിച്ചു. ജീവിച്ചിരിക്കുന്നതിന്റെ തെളിവുനിരത്തി. പിന്നെ, പൊള്ളാച്ചി പാലക്കാട് വഴി നാട്ടിലേക്ക്.
തേക്കടിയിലേക്ക് വീണ്ടും
നാളേറെ കഴിഞ്ഞു. അതിനിടെ പല സ്ഥലം മാറ്റങ്ങൾ. 2012 ഒക്ടോബർ 24ന് ഒരുതവണകൂടി തേക്കടി എത്താൻ അവസരമുണ്ടായി. സഹപ്രവർത്തകനായ വേണു മാഷ് പ്രധാനാധ്യാപകനായി തേക്കടിക്ക് എത്തിയ സമയം.
2025 ജൂൺ രണ്ട് തിങ്കൾ. ഇരുപത്തേഴ് വർഷങ്ങൾക്കിപ്പുറം തേക്കടി എന്നെ മറന്നില്ലല്ലോ എന്ന സത്യം തിരിച്ചറിഞ്ഞത് അന്നായിരുന്നു. പ്രധാനാധ്യാപകനായി വീണ്ടും തേക്കടി കയറേണ്ടിയിരിക്കുന്നു. കൂടുതൽ ഉപചാരങ്ങൾക്കൊന്നും ഇട കൊടുക്കാതെ കെട്ടെടുത്ത് മല കയറാൻ തീരുമാനിച്ചു. പത്ത് പതിനഞ്ച് ജീപ്പുകൾ, ഒരു ബി.എസ്.എൻ.എൽ മൊബൈൽ ടവർ എന്നതൊഴിച്ചാൽ തേക്കടിക്ക് മാറ്റങ്ങളില്ല. കേരളത്തിലൂടെ ഒരു റോഡെന്ന ആവശ്യം നിർവികാരതയായി മാറിയിരിക്കുന്നു. കേരളത്തിലൂടെ എട്ട് കിലോമീറ്റർ കൊണ്ടെത്താവുന്നത് തമിഴ്നാട് ചുറ്റി അമ്പത് കിലോമീറ്റർ അധികം സഞ്ചരിക്കുന്ന ഈ കാലത്തെയും ആധുനികമെന്നും പുരോഗമനമെന്നും വിളിക്കണം. പിന്നെ, ആകാശമൊന്ന് മുഖം കറുപ്പിച്ചാൽ സൗരോർജവിളക്കുകൾ മിഴിയടക്കും. റോഡും വൈദ്യുതിയും ചോദിച്ച് തേക്കടിക്കാർ മടുത്തിട്ടുണ്ട്. മൃഗങ്ങൾ പെരുകി. മുമ്പ് ചുള്ളനായി നടന്നിരുന്ന ചില്ലിക്കൊമ്പൻ തികഞ്ഞ മധ്യവയസ്കനായി നടക്കുന്നു. തേക്കടിരാജ്യത്തെ ദേശീയമൃഗം അവനാണ്.
നടന്നുപോയിരുന്ന കാലത്ത് ഒന്നിനെയും കാണരുതേ എന്നായിരുന്നു പ്രാർഥന. ഇന്ന് കൂട്ടങ്ങളായി ആനയും കാട്ടുപോത്തും മാനും മ്ലാവും ഹരം പകരുന്ന കാഴ്ചകളാണ്. നല്ലോരാനക്കാഴ്ച ലഭിച്ചത് ഇത്തവണയാണ്. പകുതി ദൂരം പിന്നിട്ടു കാണും. മുന്നിലുണ്ടായിരുന്ന ഫോറസ്റ്റ് ഡിപ്പാർട്മെന്റ് ജീപ്പ് പൊടുന്നനെ നിർത്തി. ഞങ്ങളോടും നിർത്താനാവശ്യപ്പെട്ടു. അവർ മൂന്ന് വിരലുകൾ ഉയർത്തിക്കാണിച്ചു. മൂന്നാനകൾ റോഡിലൂടെ നീളെ നടന്ന് സ്വാതന്ത്ര്യം ആഘോഷിക്കുന്നു. ലക്ഷണമൊത്ത ആനച്ചന്തം!
അവർ പോകുന്നത് കാത്തിരുന്നു. അവരുടെ കാര്യങ്ങൾക്കാണ് മുൻഗണന. തേക്കടി വനപാതയിൽ അവർ കാര്യങ്ങൾ തീരുമാനിക്കും. പലപ്പോഴും മണിക്കൂറുകൾ മുൾമുനയിൽ നിർത്തിയിട്ടുണ്ട്. രാത്രി തിരിച്ചുപോയി തമിഴ്നാട്ടിലെ ആനമലയിൽ താമസിച്ചിട്ടുണ്ട്. ‘അവന്റതല്ലേ കാട്’ എന്ന് മൂപ്പൻ പറയും.
ചില്ലിക്കൊമ്പൻ
ചില്ലി എന്ന് ഓമനപ്പേരുള്ള ചില്ലിക്കൊമ്പൻ 30 വർഷത്തിലധികമായി ഇവിടെയുണ്ട്. ഒരു കൊമ്പിന്റെ വ്യത്യസ്തതകൊണ്ടാണ് ഈ പേര് വന്നത്. ഇടക്ക് നെല്ലിയാമ്പതി, പറമ്പിക്കുളം, ആളിയാർ ഡാം ഭാഗങ്ങളിൽ കറങ്ങിവരും. ആർക്കും ഒരു ഉപദ്രവവും വരുത്താത്തതുകൊണ്ട് അരുമത്തം ലഭിച്ചിട്ടുണ്ട്. ഒരിക്കലും ഇവിടത്തുകാർ അവനെ പഴിപറഞ്ഞത് കേട്ടില്ല. ഇതെഴുതുന്ന രാത്രിയിലും അവൻ പരിസരത്തുണ്ട്. ചെണ്ടയടിയും തപ്പുകൊട്ടും കേൾക്കുന്നു. ഞെട്ടിയുണർത്തുന്ന വെടിക്കെട്ടും. രാത്രിയുടെ മറവിൽ അവൻ കയറിവരാതിരിക്കാനുള്ള പെടാപ്പാട്. എനിക്കത് മേളപ്പെരുക്കങ്ങളുടെ രാവാണ്. എന്നാൽ, കൊച്ചു കൂരകളിൽ ആധിയാണ്. വെട്ടം വീഴുന്നതുവരെ അവർ ഉണർന്നിരിക്കണം.
വീരസാഹസിക ചരിതങ്ങളും തേക്കടിക്ക് പറയാനുണ്ട്. ഉരുളെടുക്കുന്നത് തേക്കടി ചരിതത്തിൽ തീരെ അപൂർവമാണ്. 2019ലെ പ്രളയകാലത്താണ് അത് സംഭവിച്ചത്. നാട്ടിലെ കുതൂഹലങ്ങളൊന്നും അറിയാതെ ഉറങ്ങിക്കിടന്നിരുന്ന അധ്യാപകരെ സ്കൂളിലെ പാചകക്കാരിയാണ് പുലർച്ചെ വിളിച്ചുണർത്തിപ്പറഞ്ഞത് ‘നാട്ടിലൊക്കെ അവധിയാണ് സർ’ എന്ന്. എങ്ങനെയോ ഇടക്ക് പ്രവർത്തിക്കാൻ ദയ കാണിച്ച ടെലിവിഷനിൽനിന്നാണ് അവർക്കീ വിവരം കിട്ടിയത്. പെട്ടെന്ന് പുറപ്പെട്ടു. ദീർഘനടത്തം തുടങ്ങി. നാല് കി.മീ. കഴിഞ്ഞുകാണും. ഘോരശബ്ദത്തോടെ ഉരുളെടുത്തുവരുന്നു. പൊട്ടലിന് ഇരുഭാഗങ്ങളിലായി പെട്ടു ചിലർ. ഭാഗ്യംകൊണ്ടാണ് ജീവാപായമില്ലാതെ രക്ഷപ്പെട്ടത്.
പണ്ട് കൊല്ലങ്കോട് രാജാവിന് ഇവിടെയൊരു ആനപ്പന്തിയുണ്ടായിരുന്നു. ചതിക്കുഴിയൊരുക്കി കിട്ടുന്ന കാട്ടാനകളെ മെരുക്കാൻ കുങ്കിയാനകളും. കൊപ്പം എന്നാണ് ചതിക്കുഴി അറിയപ്പെട്ടിരുന്നത്. നാട്ടിലെ കൊപ്പം എന്ന സ്ഥലപ്പേരും ഇങ്ങനെ വന്നതായിരിക്കുമോ? രാജാവിന്റെ കാര്യസ്ഥനായിരുന്ന തെയ്യുണ്ണി നായരുടെ മകൻ മണികണ്ഠൻ ഇപ്പോൾ ഇവിടെ താമസിക്കുന്നു. രാജവാഴ്ച അവസാനിക്കുമ്പോൾ ഇഷ്ടമുള്ളത്ര സ്ഥലമെടുക്കാൻ രാജാവ് പറഞ്ഞത്രേ. കഴിഞ്ഞുകൂടാനുള്ളത് മതിയെന്നു നായരും. തെയ്യുണ്ണി നായരുടെ കുടുംബത്തിനുള്ള വക രാജാവിന്റെ സേവകർ കാളവണ്ടിയിൽ എത്തിച്ചുകൊടുക്കാറായിരുന്നു പതിവ്. രാജാവിനെ ഇടക്ക് പല്ലക്കിൽ സേവകർ തേക്കടിയിലെത്തിക്കും. മൂച്ചംകുണ്ട് വഴിയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. അല്ലിമൂപ്പനും തെയ്യുണ്ണി നായരും വലിയ കൂട്ടായിരുന്നു. ഇപ്പോഴത്തെ രാമൻ കുട്ടി മൂപ്പന്റെ മുത്തച്ഛനായിരുന്നു അല്ലിമൂപ്പൻ. ഇന്ന് കോളനി അറിയപ്പെടുന്നതും അദ്ദേഹത്തിന്റെ പേരിൽതന്നെ. രാജഭരണത്തിന്റെ ശേഷിപ്പുകൾ മണികണ്ഠന്റെ വീട്ടിൽ കാണാം.
തേക്കടിക്കുട്ടികൾ
തേക്കടിക്കുട്ടികൾ മലയിറങ്ങി സ്റ്റേജിൽ കയറി ചരിത്രം കുറിച്ചത് ഈയാണ്ടിലായിരുന്നു.
‘നിങ്ങൾ പാട്ട് പഠിപ്പിച്ചാൽ താഴെ എവിടെ എത്തിക്കാനും ഞാനുണ്ടാവും.’
ഉപജില്ല കലോത്സവത്തിൽ പങ്കെടുപ്പിക്കാൻ സഹപ്രവർത്തകർക്കും ആവേശമായി. സംഘഗാനം കുട്ടികളുടെ വഴിക്കുവരാൻ ആഴ്ചകളെടുത്തിട്ടുണ്ട്. ശ്രുതി താളലയഭംഗങ്ങളെല്ലാം ഒരു പരുവത്തിലാക്കി മലയിറങ്ങി കലോത്സവനഗരിയിലെത്തി. ഇത്രയധികം കുട്ടികളെ കാണുന്നത് ആദ്യം. ചമഞ്ഞൊരുങ്ങിയ കലാപ്രതിഭകൾ. ഒപ്പന മണവാട്ടിക്കൊപ്പം ഫോട്ടോ പിടുത്തം. തിരുവാതിരക്കളിക്കാർ, ഭരതനാട്യം, മോഹിനിയാട്ടം, മാർഗംകളി, വട്ടപ്പാട്ട് തുടങ്ങിയവരെയെല്ലാം കണ്ട് ആശ്ചര്യത്തിൽ കുട്ടികൾ ഉത്സവനഗരിയിൽ നടന്നു. മത്സരനേരമായി. വിസിൽ മുഴങ്ങിയാലും ടീച്ചർ അനുമതി കൊടുത്താലേ അവർ പാടൂ. ഉത്കണ്ഠയുടെ നടുക്ക് അവർ പാടിത്തീർത്തു. ഫലം വന്നു. എ ഗ്രേഡ്. അത് ചരിത്രമായിരുന്നു. മാധ്യമപ്രവർത്തകർ ഞങ്ങളെ വളഞ്ഞു. ഉപജില്ല പ്രധാനാധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിൽ മലകയറി എത്തിയ അഭിനന്ദനപ്രവാഹങ്ങൾ ഞങ്ങളെ വീർപ്പുമുട്ടിച്ചു. ഇപ്പോൾ കുട്ടികളും ചോദിക്കുന്നുണ്ട് ‘റോഡ് വേണം. ഞങ്ങൾക്കും താഴെ പോയിപ്പഠിക്കണം, കലയും വരയും സംഗീതവും’ എന്ന്. പതിറ്റാണ്ടുകളായി ആ ചോദ്യം തേക്കടിയുടെ അന്തരീക്ഷത്തിലുണ്ട്.
(ജി.ടി.ഡബ്ല്യൂ.എൽ.പി.സ്കൂൾ തേക്കടിയിലെ പ്രധാനാധ്യാപകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

