സാമ്പ്രാണിക്കോടിയിലെ കണ്ടൽക്കാടുകളിലൂടെ...
text_fieldsകേരളത്തിന്‍റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരിടമാണ് കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൽ സ്ഥിതിചെയ്യുന്ന സാമ്പ്രാണിക്കോടി. മനോഹരമായ കായൽക്കാഴ്ചകളും വ്യത്യസ്തമായ അനുഭവങ്ങളും നിറഞ്ഞ സാമ്പ്രാണിക്കോടി സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ചുരുങ്ങിയ കാലം കൊണ്ട് മാറിക്കഴിഞ്ഞു. അഷ്ടമുടിക്കായലിന്‍റെ സൗന്ദര്യം തൊട്ടറിഞ്ഞുള്ള സാമ്പ്രാണിക്കോടി യാത്രയുടെ വിശേഷങ്ങൾ നോക്കാം.
വേനലവധിയുടെ ചൂടും ആലസ്യവുമായി വീട്ടിലിരുന്ന് എവിടെയെങ്കിലും പോകണം എന്ന് ആഗ്രഹിച്ചപ്പോഴാണ് സാമ്പ്രാണിക്കോടിയുടെ കാര്യം മനസ്സിലേക്ക് വന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിലും മറ്റും നിറഞ്ഞുനിൽക്കുന്ന സാമ്പ്രാണിക്കോടിയുടെ ഏറ്റവും വലിയ ആകർഷണം കായലിന് നടുവിലായി രൂപംകൊണ്ട സമൃദ്ധമായ കണ്ടൽക്കാടുകൾ നിറഞ്ഞ തുരുത്തും അവിടെ മുട്ടൊപ്പം വെള്ളത്തിൽ നടക്കാൻ സാധിക്കുമെന്നതുമാണ്. ഉച്ചയോടെ നീലും മാതാപിതാക്കളുമൊത്ത് യാത്ര ആരംഭിച്ചു.
കൊട്ടാരക്കരയിൽനിന്ന് കുണ്ടറ വഴി ഗൂഗ്ൾ മാപ്പിന്‍റെ സഹായത്തോടെ പ്രാക്കുളം എന്ന സ്ഥലത്തുള്ള ബോട്ടുജെട്ടിയിൽ എത്തി. അഷ്ടമുടിക്കായലിലായി കൊല്ലം നഗരത്തിനു വടക്കുപടിഞ്ഞാറ് മൂന്നുവശവും കായലിനാൽ ചുറ്റപ്പെട്ട് തൃക്കരുവ പഞ്ചായത്തിലാണ് ഈ പ്രദേശം. മണലില്‍, കുരീപ്പുഴ കടവുകളില്‍നിന്നും ഇവിടേക്ക് എത്താൻ സാധിക്കും. വാഹനം പാർക്ക് ചെയ്ത് ഞങ്ങൾ ബോട്ട് ജെട്ടിയിലേക്ക് നടന്നു. റെസ്റ്റാറന്റും സുവനീറുകളും കളിപ്പാട്ടങ്ങളും മറ്റും വിൽക്കുന്ന കടകളാൽ സജീവമായ അവിടെ നിന്നും ഡി.ടി.പി.സി ഒരുക്കുന്ന ബോട്ട് സർവിസുകൾ വഴിയാണ് കണ്ടൽത്തുരുത്തിലേക്ക് പോകാൻ സാധിക്കുന്നത്.
ടിക്കറ്റ് എടുത്ത് ബോട്ടിന്‍റെ ഊഴം കാത്ത് ഞങ്ങൾ നിന്നു. അധികം വൈകാതെ തന്നെ എട്ടു പേർക്ക് കയറാവുന്ന ഒരു സ്പീഡ് ബോട്ടിലേക്ക് ഞങ്ങൾ കയറി. ലൈഫ് ജാക്കറ്റ് ഒക്കെ ഇട്ടതിനുശേഷം 10 മിനിറ്റ് യാത്ര ചെയ്ത് ഞങ്ങൾ 350 മീറ്റർ അകലെയുള്ള സാമ്പ്രാണിക്കോടിയിലെത്തി. വെള്ളത്തിൽ നിന്നും അൽപം ഉയരത്തിൽ സ്ഥാപിച്ച ഒരു താത്കാലിക ഫ്ലോട്ടിങ് ജട്ടിയിൽ ഞങ്ങൾ ഇറങ്ങി. പപ്പയും മമ്മിയുമൊത്ത് ഞങ്ങൾ വെള്ളത്തിലേക്ക് നടന്നു. കായലിലേക്ക് ഇറങ്ങുന്നതിന്റെ ആവേശത്തിലാണ് നീൽ. ചുട്ടുപൊള്ളുന്ന സൂര്യതാപം കായൽജലത്തിന്റെ തണുപ്പിൽ അലിഞ്ഞില്ലാതെയായി.
ധാരാളം തദ്ദേശീയരും തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽനിന്നുമുള്ള വിനോദസഞ്ചാരികളും ഇവിടെ കായലിലൂടെ മുട്ടൊപ്പം വെള്ളത്തിൽ നടന്ന് ഉല്ലസിക്കുന്നു. ഫോട്ടോകൾ എടുക്കുന്നു, ചിലർ റീൽസുകൾ എടുക്കുന്നു, മറ്റുചിലർ പാട്ടുകൾ പാടുന്നു. ഞങ്ങളും ഫോട്ടോയൊക്കെ എടുത്തതിനുശേഷം വെള്ളത്തിലൂടെ കുറേ സമയം നടന്നു. പിന്നീട് നീലും ഞാനും കണ്ടാൽക്കാടുകൾക്കിടയിലൂടെ നടക്കുകയും വേരുകളിൽ പിടിച്ച് കണ്ടൽ ചെടികളിൽ വലിഞ്ഞുകയറുകയും ചെയ്തു. നീൽ വെള്ളത്തിലൂടെ നടക്കുകയും ചിലയിടത്ത് നീന്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
സാമ്പ്രാണിക്കോടിയിലെ വിനോദസഞ്ചാരത്തിന് ഔദ്യോഗികമായ തുടക്കം ലഭിക്കുന്നത് 2019 ഒക്ടോബറിലാണ്. കൊല്ലം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സാമ്പ്രാണിക്കോടിയിൽ പുതിയ ബോട്ട് ജെട്ടിയും ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററും ആരംഭിച്ചതോടെയാണ് ഇവിടം ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിയത്. കോവിഡ് മഹാമാരിയും പ്രളയസാഹചര്യങ്ങളും കാരണം കുറച്ചുനാൾ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നുവെങ്കിലും 2021-22 കാലഘട്ടത്തിൽ വലിയതോതിലുള്ള പ്രചാരം സോഷ്യൽ മീഡിയ വഴി ലഭിച്ചതോടെ ഇവിടം കേരളത്തിലെ തന്നെ 'ട്രെൻഡിങ്' ടൂറിസ്റ്റ് സ്പോട്ടുകളിൽ' ഒന്നായി മാറി.
സാമ്പ്രാണിക്കോടിയിലെ ഈ തുരുത്ത് പ്രകൃതിദത്തമായി ഉണ്ടായതല്ല എന്നതാണ് വസ്തുത. വർഷങ്ങൾക്ക് മുമ്പ് ദേശീയ ജലപാതയ്ക്കു വേണ്ടി അഷ്ടമുടിക്കായലിന്‍റെ ആഴം കൂട്ടുന്നതിനു ഡ്രജ് ചെയ്ത മണ്ണും ചെളിയും മണലും അടിഞ്ഞുകൂടി ഉണ്ടായതാണ് ഈ പ്രദേശം. കാലക്രമേണ കണ്ടൽക്കാടുകൾ വളർന്ന് ഇവിടം ഒരു പ്രകൃതിദത്ത തുരുത്തായി മാറി. 2010ന് ശേഷമുള്ള കാലഘട്ടത്തിലാണ് ഇവിടം ഇന്നത്തെ രീതിയിൽ രൂപപ്പെട്ടത്. ഡ്രെഡ്ജിങ് മൂലം അവിചാരിതമായി രൂപപ്പെട്ട മണൽത്തിട്ടയിൽ സമൃദ്ധമായി വളർന്ന കണ്ടൽക്കാടുകളാണ് ഈ പ്രദേശത്തെ കൂടുതൽ മനോഹരമാക്കുന്നത്. ഇന്ന് കണ്ടൽക്കാടുകളുടെയും ജൈവവൈവിധ്യത്തിന്‍റെയും ഒരു പ്രധാന കേന്ദ്രമാണ് സാമ്പ്രാണിക്കോടി.
പ്രധാനമായും ചെറുകണ്ടൽ വിഭാഗത്തിൽപ്പെട്ട കണ്ടലുകളാണ് ഇവിടെ സമൃദ്ധമായി വളരുന്നത്. ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഭ്രാന്തൻ കണ്ടൽ എന്ന ഇനമാണ്. വെള്ളത്തിലേക്ക് ഇറങ്ങി നിൽക്കുന്ന താങ്ങുവേരുകളാണ് ഇതിന്‍റെ പ്രത്യേകത. ശക്തമായ വേരുകളോടു കൂടി അവ വെള്ളത്തിൽ ഉറച്ചുനിൽക്കുന്നു. കറുത്ത കണ്ടൽ എന്ന ഇനവും വലിയതോതിൽ ഇവിടെ വളരുന്നുണ്ട്. 'ഉപ്പട്ടി' എന്നും വിളിക്കാറുള്ള ചെറുകണ്ടലും ഇവിടെ വ്യാപകമായി കാണാം. ചെറിയ പൂക്കളുണ്ടാകുന്ന പൂക്കണ്ടൽ എന്ന ഇനവും ഇവിടുത്തെ ജൈവവൈവിധ്യത്തിന്റെ ഭാഗമാണ്. സാമ്പ്രാണിക്കോടിയിലെ ഈ കണ്ടലുകൾക്ക് ചില സവിശേഷതകളുമുണ്ട്. ചെളി നിറഞ്ഞ മണ്ണിൽ ഓക്സിജന്റെ അളവ് കുറവായതിനാൽ, വായുവിൽ നിന്ന് നേരിട്ട് ശ്വസിക്കാൻ സഹായിക്കുന്ന ശ്വാസവേരുകൾ ഈ കണ്ടലുകൾക്കുണ്ട്. കായലിലെ ഉപ്പുവെള്ളത്തിൽ വളരാൻ പ്രത്യേക തരം കോശഘടനകളും ഈ സസ്യങ്ങൾക്കുണ്ട്.
കായലിന് നടുവിലായി ഏകദേശം 10 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ കണ്ടൽക്കാടുകൾ നിരവധി പക്ഷികൾക്കും മത്സ്യങ്ങൾക്കും പ്രജനന കേന്ദ്രമാണ്. അഷ്ടമുടി കായലിന്റെ സൗന്ദര്യം നശിക്കാതെ കാത്തുസൂക്ഷിക്കുന്നതിൽ ഈ 'കായൽ വനങ്ങൾ' വലിയ പങ്ക് വഹിക്കുന്നുണ്ട്. കണ്ടൽക്കാടുകൾക്കിടയിലൂടെ വള്ളത്തിലുള്ള യാത്രയും ഇവിടെ സാധ്യമാണ്. യന്ത്രം ഘടിപ്പിച്ച ധാരാളം പരമ്പരാഗത രീതിയിലുള്ള ചെറുവള്ളങ്ങൾ അതിനായി ഇവിടെയുണ്ട്. കായലിലൂടെയുള്ള ഈ ചെറിയ യാത്രയും വളരെ ശാന്തവും മനോഹരവുമാണ്.
'സാമ്പ്രാണിക്കോടി' എന്ന് ഈ പ്രദേശത്തിന് പേര് വന്നതിന് പിന്നിൽ ചരിത്രപരവും കൗതുകകരവുമായ ചില കഥകളുണ്ട്. 'സാമ്പ്രാണി' എന്ന വാക്ക് ചൈനീസ് പായ്ക്കപ്പലുകളെ സൂചിപ്പിക്കുന്നതാണെന്ന് കരുതപ്പെടുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് കൊല്ലം തീരത്ത് വ്യാപാരത്തിനായി എത്തിയിരുന്ന ചൈനീസ് കപ്പലുകൾ അഷ്ടമുടി കായലിന്‍റെ ഈ ഭാഗത്ത് നങ്കൂരമിട്ടിരുന്നതായും അവിടെ അവരുടെ കൊടികൾ സ്ഥാപിച്ചിരുന്നതായും പറയപ്പെടുന്നു. 'സാമ്പ്രാണി' കപ്പലുകൾ കൊടി നാട്ടിയ ഇടം എന്ന അർത്ഥത്തിലാണ് 'സാമ്പ്രാണിക്കോടി' എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു.
പല തരത്തിലുള്ള ഞണ്ടുകളെയും മീനുകളെയും മറ്റു ജലജീവികളെയും കൈയെത്തുംദൂരത്തു കണ്ടതിന്‍റെ ആവേശമായിരുന്നു നീലിന്. പല രൂപത്തിലും വലിപ്പത്തിലുമുള്ള ഷെല്ലുകൾ സുവനീറായി നീൽ ശേഖരിക്കുന്നുണ്ടായിരുന്നു. ഇവിടുത്തെ ജലപ്പരപ്പിൽ കുടിവെള്ളവും സംഭാരവും മറ്റു ശീതള പാനീയങ്ങളുടെയും ഉപ്പിലിട്ടതിന്‍റെയും പഴങ്ങളുടെയും കച്ചവടം നടത്തുന്നവരെ കാണാം. കൈതച്ചക്കയും മാങ്ങയും ഉപ്പും മുളകും ഇട്ടതു വാങ്ങി ഞങ്ങൾ കഴിച്ചു. പല നിറത്തിലുള്ള ഗോലിസോഡാ കണ്ടപ്പോൾ നീലിന്‍റെ ആഗ്രഹപ്രകാരം ഞങ്ങൾ അതും വാങ്ങി കുടിച്ചു. രണ്ടുമണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം സാമ്പ്രാണിക്കോടിയോട് യാത്ര പറഞ്ഞ് ഞങ്ങൾ തിരികെ ബോട്ടിൽ വന്നിറങ്ങിയ ജട്ടി വണ്ണിലേക്ക് മടങ്ങി.
കായൽപ്പരപ്പിലെ പ്രകൃതിഭംഗി നിറഞ്ഞ ഈ പ്രദേശം ഒരു വിനോദസഞ്ചാരകേന്ദ്രമായി വളർന്നതിന് പിന്നിൽ എട്ട് ശാഖകളുള്ള അഷ്ടമുടിക്കായലിന്‍റെ ഭംഗി ഒരു പ്രധാന ഘടകമാണ്. കായലിന്‍റെ മനോഹാരിത പൂർണമായും ആസ്വദിക്കാൻ കഴിയുന്ന ഒരിടമാണ് എന്നതിൽ സംശയമില്ല. കായലിലെ തെളിഞ്ഞ വെള്ളവും തണുത്ത കാറ്റും സഞ്ചാരികളുടെ മനം നിറക്കുന്നു. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ഇവിടേക്ക് പ്രവേശനമുള്ളത്. സാമ്പ്രാണിക്കോടിയുടെ ഏറ്റവും വലിയ ആകർഷണം കായലിലൂടെയുള്ള നടത്തം തന്നെയാണ്. വേലിയേറ്റ-വേലിയിറക്ക സമയത്തും കായലിലെ ജലനിരപ്പിന് വലിയ വ്യത്യാസമുണ്ടാകില്ല, മുട്ടറ്റം മാത്രമേ ഉണ്ടാവുകയുള്ളൂ. അങ്ങനെ ഏതു സമയത്തും കായലിന് നടുവിലുള്ള മണൽതിട്ടിയിലൂടെ പ്രായഭേദമന്യേ ഏവർക്കും നടക്കാൻ സാധിക്കുന്നത് സഞ്ചാരികൾക്ക് കൗതുകകരമായ ഒരു അനുഭവമാണ് നൽകുന്നത്. കണ്ടൽക്കാടുകളുടെ പശ്ചാത്തലത്തിലുള്ള സൂര്യോദയവും സൂര്യാസ്തമയവും വളരെ മനോഹരമാണ്. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് ഒട്ടേറെ സുന്ദരമായ ഫ്രെയിമുകൾ ഇവിടെനിന്നും ലഭിക്കും. ഉച്ചക്ക് ശേഷമുള്ള സമയമാണ് ഇവിടേക്കുള്ള സന്ദർശനത്തിന് ഏറ്റവും അനുയോജ്യം. കായലിലെ കാറ്റും അസ്തമയസൂര്യന്‍റെ വെളിച്ചവും ഇവിടം കൂടുതൽ ആസ്വാദ്യകരമായിരിക്കും.
വാഹനത്തിൽ എത്തിയശേഷം ഞങ്ങൾ തിരികെയുള്ള യാത്ര ആരംഭിച്ചു. നാടൻ രുചികൾ വിളമ്പുന്ന ചെറിയ റസ്റ്റാറന്റുകൾ ഇവിടേക്കുള്ള റോഡിന്‍റെ ഇരുഭാഗത്തുമായി കാണാം. കായലിൽനിന്ന് പിടിക്കുന്ന കരിമീൻ പൊള്ളിച്ചത്, കപ്പ, കൊഞ്ചു ഫ്രൈ തുടങ്ങിയ വിഭവങ്ങളുടെ സ്വാദ് യാത്രയുടെ മാറ്റ് കൂട്ടുന്നു. കൊല്ലം നഗരത്തിൽ നിന്നും ഏകദേശം 10-12 കിലോമീറ്റർ അകലെയാണ് സാമ്പ്രാണിക്കോടി സ്ഥിതി ചെയ്യുന്നത്. കുണ്ടറ, കൊല്ലം ടൗൺ എന്നിവിടങ്ങളിൽ നിന്ന് ഇവിടേക്ക് എളുപ്പത്തിൽ എത്താം. മാത്രമല്ല കൊല്ലത്ത് നിന്ന് കെ.എസ്,ഡബ്ല്യു.റ്റി.സിയുടെ ബോട്ട് സർവിസ് ഉള്ളതും ഇവിടേക്ക് എത്താൻ സൗകര്യപ്രദമാണ്.
മുമ്പ് പോയിട്ടുള്ള പല വിദേശ വിനോദയാത്രകളിൽ നിന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു നാടൻ കായൽ അനുഭവം സാമ്പ്രാണിക്കോടി ഞങ്ങൾക്ക് സമ്മാനിച്ചു. ശാസ്ത്രീയമായി പഠനങ്ങൾ നടത്തി കൂടുതൽ സഞ്ചാരികൾ എത്തുന്നതനുസരിച്ച് പ്രദേശത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാതെ വികസന പ്രവർത്തനങ്ങൾ നടത്തിയാൽ തായ്‌ലൻഡിലും വിയറ്റ്നാമിലും കമ്പോഡിയയിലുമൊക്കെയുള്ള 'ഫ്ലോട്ടിങ് വില്ലേജുകളെ' പോലെ നമ്മുടെ സാമ്പ്രാണിക്കോടിയും ലോകശ്രദ്ധ ആകർഷിക്കുന്ന ഒന്നായി മാറുകതന്നെ ചെയ്യും. ചരിത്രപരമായ വഴികളിലൂടെയും പ്രകൃതിയുടെ പച്ചപ്പിലൂടെയും സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച 'റിലാക്സിങ്' സ്പോട്ടുകളിൽ ഒന്നാണിത്, പ്രകൃതിയെ അടുത്തറിയാനും കായൽക്കാഴ്ചകൾ ആസ്വദിക്കാനും അനുഭവിക്കാനും സാധിക്കുന്ന തികച്ചും വ്യത്യസ്തമായ ഒരിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

