Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഇവരാണ്​ ചിൽക്ക...

ഇവരാണ്​ ചിൽക്ക തടാകത്തെ വ്യത്യസ്തമാക്കുന്നത്​

text_fields
bookmark_border
chilika lake
cancel
camera_alt

ചിൽക്കയുടെ തീരങ്ങൾ

ഒഡിഷയുടെ കിഴക്ക്, ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ലവണജല തടാകമായ ചില്‍ക്ക 1200 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പുരി, ഗുര്‍ദാം, ഗഞ്ജാം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്നു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ചില്‍ക്ക ഫോട്ടോഗ്രഫര്‍മാരുടെയും സഞ്ചാരികളുടെയും പ്രിയ ഇടമാണ്. ദേശാന്തരങ്ങള്‍ താണ്ടി വിരുന്നെത്തുന്ന ദേശാടന പക്ഷികളെ കൂടുതലായി കാണാന്‍ കഴിയുന്ന നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള തണുപ്പ് കാലമാണ് ചില്‍ക്ക സന്ദര്‍ശിക്കാന്‍ ഉത്തമം. ഹണിമൂണ്‍, രംഭ, ബ്രേക്ക് ഫാസ്റ്റ് തുടങ്ങി ജൈവവൈവിധ്യവും മനോഹാരിതയും നിറഞ്ഞ് നില്‍ക്കുന്ന ഒട്ടനവധി ദ്വീപുകള്‍, സൂക്ഷ്മ ജീവികള്‍, മറ്റെങ്ങും കാണാന്‍ കഴിയാത്ത ജലജീവികളും ചില്‍ക്കയുടെ കൈയൊപ്പ് പതിപ്പിച്ച ഡോള്‍ഫിനുകളുടെ സാന്നിധ്യവും ചില്‍ക്ക തടാകത്തെ വ്യത്യസ്തമാക്കുന്നു.

അനവധി എഴുത്തുകാരും ചിന്തകരും ചില്‍ക്കയുടെ തീരങ്ങളിലിരുന്ന് അക്ഷരങ്ങള്‍ കൊണ്ട് ഹൃദയങ്ങളില്‍ ഓളം തീര്‍ത്തിട്ടുണ്ട്. 400 വര്‍ഷങ്ങള്‍ക്ക് മുമ്പ്​ കവി പുരുഷോത്തം ദാസ് രചിച്ച, ചില്‍ക്ക തീരത്ത് തൈര് വില്‍ക്കാനെത്തിയ മണികി എന്ന പാല്‍ക്കാരിക്കൊപ്പം ശ്രീകൃഷ്ണന്‍ നൃത്തമാടുന്ന കവിത വളരെ വിലപ്പെട്ടതാണ് ഈ നാടിന്.

ബര്‍ക്കൂണ്‍, രംഭ, ബാലുഗോണ്‍, സതാപട എന്നീ സ്ഥലങ്ങളില്‍നിന്നും ചില്‍ക്കയിലേക്ക് ബോട്ട് സർവിസുണ്ട്. സതാപടയിലേക്കാണ് എന്‍റെ യാത്ര. അവിടെനിന്നും കായലിന്‍റെ മനോഹര ദൃശ്യം ആസ്വദിക്കുകയും ഡോള്‍ഫിനെ കാണുകയുമാവാം. ഇന്നിവിടെ എത്തുന്ന കൂടുതല്‍ സഞ്ചാരികളും ഡോള്‍ഫിന്‍ ടൂറിസത്തില്‍ ആകൃഷ്​ടരായി വരുന്നവരാണ്. സഞ്ചാരികളുടെ ആധിക്യം ഡോള്‍ഫിനുകളുടെ ആവസ വ്യവസ്ഥയെ ബാധിച്ചതായി അടുത്ത കാലത്ത് പുറത്തുവന്ന പഠനങ്ങള്‍ തെളിയിക്കുന്നു. മൂന്ന് വശങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ട മുനമ്പാണ് സതാപട.

ചാറ്റൽ മഴ​യത്തെ യാത്ര

പുരിയില്‍നിന്നും ബ്രഹ്‌മഗിരി-സതാപട റോഡിലൂടെ 47 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടതുണ്ട് അവിടേക്ക്. ചാറ്റല്‍ മഴയില്‍ ഗ്രാമീണ തെരുവുകളിലൂടെ സ്‌കൂട്ടര്‍ നീങ്ങി. പൊതുനിരത്തിലൂടെ നിവാസികള്‍ അശ്രദ്ധമായി വിലസുകയാണ്. അവരെ കടന്ന് തെരുവ് പിന്നിടൽ ശ്രമകരമായിരുന്നു. ശ്രദ്ധിച്ചില്ലങ്കില്‍ അപകടമുണ്ടാകുമെന്നുറപ്പ്.

സതാപട വഴി ചിൽക്കയിലേക്ക്

മുന്നോട്ട് പോകുന്തോറും റോഡിന്‍റെ വീതി കുറയുന്നത് മനസ്സിലാകും. സൈക്കിളുകളും ഓട്ടോറിക്ഷയും കഴിഞ്ഞാല്‍ ഇടക്കിടെ കടന്നുപോകുന്ന ഭുവനേശ്വര്‍ രജിസ്‌ട്രേഷനുള്ള പജേറോ പോലുള്ള വണ്ടികള്‍ മാത്രമാണ് സഹയാത്രികര്‍. ഇടത് വശത്ത് പാടങ്ങള്‍ കണ്ട് തുടങ്ങി. ജലം നിറഞ്ഞ പാടങ്ങളില്‍ ചെറിയ നെല്‍ച്ചെടികളേക്കാള്‍ കൂടുതൽ വെള്ള നിറത്തിലെ ആമ്പലുകളാണ്. കാഴ്ചകള്‍ മാറുന്നതിനനുസരിച്ച് ചിത്രങ്ങള്‍ പകര്‍ത്തി പതിയെ മുന്നേറി.

ചിലയിടങ്ങളില്‍ കടന്നുപോകുന്നവര്‍ സൂക്ഷ്മമായി നോട്ടമെറിയുന്നുണ്ട്. കാഴ്ചകള്‍ പതിയെ വലത് വശത്തേക്കായി. ഇടത്ത് വയലുകളുടെ സ്ഥാനത്ത് വീടുകളാണിപ്പോള്‍. പിന്നിട്ട് പോകുന്ന ചെറിയ അമ്പലങ്ങള്‍, അമ്പലകുളത്തില്‍ കുളിക്കുന്നവര്‍. ചിലയിടത്ത് വയലുകള്‍ക്ക് മധ്യത്തെ വരമ്പുകള്‍ മണ്‍പാതകളായി രൂപാന്തരപ്പെട്ട് വളഞ്ഞ് പുളഞ്ഞ് തടാകത്തിലേക്ക് കിടക്കുന്നു. കുളങ്ങളുടെ കാഴ്ചകള്‍ മാറി ചെറിയ തുരുത്തുകള്‍ കാണാനാരംഭിച്ചു. തുരുത്തുകളുടെ പച്ചപ്പില്‍ കൊക്കി പറക്കുന്ന കാക്കകള്‍, മീനിനെ ചുണ്ടില്‍ കൊരുത്ത് പറക്കുന്ന ഇരണ്ടകള്‍. ചില തുരുത്തുകളില്‍ മത്സ്യബന്ധനത്തിനായി നിര്‍മിച്ച കുഞ്ഞന്‍ ഷെഡ്ഡുകളും കാണാം.

മഴയത്ത്​ വന്ന അതിഥി

റോഡില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന ചെറിയ ഹമ്പുകള്‍ക്ക് വണ്ടിയുടെ വേഗം നിയന്ത്രിക്കുന്നതില്‍ നിര്‍ണായക സ്ഥാനമുണ്ട്. മുന്നോട്ട് പോകുന്തോറും ഇരുവശത്തും വെള്ളം നിറഞ്ഞ പാടങ്ങളായി. മരങ്ങള്‍ ഇടവിട്ട് മാത്രം കടന്നുവന്നു. മഴ കനത്തു. കയറി നില്‍ക്കാന്‍ ഇടങ്ങള്‍ ഒന്നും തന്നെയില്ല. ആദ്യം കണ്ട മരച്ചുവട്ടിലേക്ക് കയറി. നനയുന്നുണ്ട്. എന്നാലും വണ്ടിയില്‍ പോകുന്നത്രയില്ല. അൽപ്പനേരം ദ്വീപുകളുടെ തീരങ്ങളില്‍ കന്നുകാലികള്‍ മേയുന്നത് നോക്കിക്കൊണ്ടിരുന്നു.

ചിൽക്കയുടെ തീരങ്ങൾ

പെട്ടെന്ന് പിന്നില്‍ ഹോണ്‍ മുഴങ്ങി. കൂടെ ഒഡിയന്‍ കലര്‍ന്ന ഹിന്ദി ശബ്​ദവും ചെവിയിലേക്കെത്തി. പിന്നിലേക്ക് നോക്കി കേരള എന്ന് മറുപടി പറഞ്ഞു. ചെറുപ്പക്കാരന്‍ പയ്യന്‍. പേര് 'സരൂണ്‍'. മഴയെ കുറിച്ചും പ്രകൃതിയെ കുറിച്ചും ഒഡിയയിലും ഹിന്ദിയിലുമായി എന്തൊക്കെയോ പറയുന്നുണ്ട്. അറിയാവുന്ന മുറി ഇംഗ്ലീഷില്‍ വിശേഷങ്ങള്‍ പങ്കിട്ടു. ഇടക്ക് ഗൂഗിള്‍ മാപ്പ് ശബ്​ദിക്കുന്നത് കേട്ടാവാം അവന്‍ ഡോള്‍ഫിന്‍, ബോട്ടിങ്ങ്, ചില്‍ക്ക എന്നൊക്കെ പറഞ്ഞ് ഡോള്‍ഫിന്‍ പോയന്‍റിലേക്ക് റൂട്ട് മാപ്പ് ചെയ്യാനായി ഫോണിനായി കൈനീട്ടി. മഴ ആയതിനാൽ കൊടുത്തില്ല.

പതിയെ അവന്‍റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. വലിയ വിദ്യാഭ്യസമൊന്നുമില്ല. ഡല്‍ഹിയില്‍ ഹോട്ടല്‍ ജോലി ചെയ്താണ് ഹിന്ദി സംസാരിക്കാന്‍ പഠിച്ചത്. വര്‍ത്തമാനം പറഞ്ഞ് സമയം പോയതറിഞ്ഞില്ല. പിന്നാലെ വന്നാല്‍ ഡോള്‍ഫിനെ കാണാന്‍ പറ്റിയ സ്ഥലത്ത് കൊണ്ടുപോകാമെന്ന് അവന്‍ ഒരു ഓഫര്‍ വെച്ചു. സംസാരിച്ചതില്‍ വലിയ പ്രശ്‌നമൊന്നും തോന്നാത്തതിനാൽ സരൂണിന്‍റെ പിറകെ വെച്ചുപിടിച്ചു. വണ്ടി പ്രധാന പാതയില്‍നിന്ന്​ ചെളി നിറഞ്ഞ മണ്‍പാതയിലേക്ക് തിരിഞ്ഞു. കിലോമീറ്ററുകള്‍ പിന്നിട്ടപ്പോഴേക്കും വഴി കൂടുതല്‍ മോശമായി തുടങ്ങി.

പിന്നാലെ യാത്ര തുടരണമോ വേണ്ടയോ എന്നൊരു ചിന്ത മനസ്സിലേക്ക് എത്തി. റെയിന്‍ കോട്ട് ധരിച്ചിരുന്ന അവന്‍ എന്തിനാണ് എന്‍റെ പിന്നില്‍ വണ്ടി നിര്‍ത്തിയത്. മഴയത്ത് അതുമിട്ട് സുരക്ഷിതമായി പോകാമയിരുന്നല്ലോ! ചിന്തകള്‍ക്ക് ഉത്തരം കിട്ടും മുമ്പെ ഒരു ബോട്ടിങ്ങ് പോയിന്‍റിലെത്തി - എക്കോ ടൂറിസം സെന്‍റര്‍, ഗബ ഗുണ്ട.

ഗബ ഗുണ്ടയിൽ ബോട്ടങ്ങിനായുള്ള സ്കീം

സഹയാത്രികരായ ബംഗാളികൾ

സഞ്ചാരികള്‍ ബോട്ടിങ്ങ് ടിക്കറ്റിനായി ക്യൂവിലാണ്. നാലരമണിക്കൂര്‍ നീണ്ട യാത്രയില്‍ ചില്‍ക്കയിലെ മൂന്ന് ദ്വീപുകളില്‍ പോകാം. എട്ട്​ പേർ ഉള്‍പ്പെടുന്ന പാക്കേജിന് 4500 രൂപയാണ്. വണ്‍ ഫാമിലി വണ്‍ ബോട്ട് എന്ന അടിസ്ഥാനത്തില്‍ എല്ലാവരും കുടുംബമായാണ് എത്തിയിരിക്കുന്നത്. ഒറ്റക്ക് പോക്ക് നടക്കില്ല. ടിക്കറ്റും ബോട്ടുമെല്ലാം സംഘടിപ്പിച്ച് തരാമെന്ന് സരൂണ്‍ ഏറ്റു. എന്നെ ടിക്കറ്റ് കൗണ്ടറില്‍ നിര്‍ത്തിയിട്ട് പുറത്തേക്ക് പോയി. അൽപ്പം കഴിഞ്ഞ് രണ്ട് ബംഗാളിമാരെ തപ്പിക്കൊണ്ട് വന്നു, ശികാന്തും സരണും.

കൊല്‍ക്കത്തയില്‍നിന്ന്​ രണ്ട് പേരും ഒഡീഷ കാണാന്‍ ബൈക്കില്‍ എത്തിയതാണ്. ശികാന്ത് നാട്ടില്‍ ഇംഗ്ലീഷ് അധ്യാപകനാണെന്ന് അറിഞ്ഞപ്പോഴെ ആശ്വാസമായി, മനസ്സിലാകാത്ത കാര്യങ്ങള്‍ ചോദിച്ച് അറിയാമല്ലോ. ബോട്ടിങ്ങിനായി ആളുകളുടെ എണ്ണം എത്ര കുറഞ്ഞാലും റേറ്റിന് മാറ്റമില്ല. റേറ്റ് കുറക്കാനായി വിലപേശല്‍ ആരംഭിച്ചു. മൂന്നാള്‍ക്കുമായി 4000 എങ്കിലും കൊടുക്കണമെന്നാണ് സരൂണ്‍ പറയുന്നത്. ബംഗാളികള്‍ ആയിരത്തിന് സമ്മതം മൂളി. പക്ഷേ എനിക്കത് പറ്റാത്തതിനാൽ തിരികെ വണ്ടിയില്‍ കയറാന്‍ പ്ലാനിട്ടു.

ഗബ ഗുണ്ടയിൽ ബോട്ടിങ്ങിനായുള്ള ക്യൂ

സരൂണ്‍ വിടുന്ന ലക്ഷണമില്ല. കൈയില്‍ പിടുത്തമിട്ടു.'നോ ഗോ, കേരള എലോണ്‍', കൂടെ ഒഡിയയില്‍ എന്തൊക്കെയോ പറഞ്ഞു. ഒടുക്കം ലോക്കല്‍ ബോട്ടില്‍ ശരിയാക്കാമെന്ന് പറഞ്ഞ് 500 രൂപക്ക് ഉറപ്പിച്ച് ഞങ്ങളെയും കൂട്ടി ജെട്ടിയിലേക്ക് നടന്നു. അതിനിടയില്‍ നിങ്ങള്‍ ഉള്ളത് കൊണ്ടാണ് ഞങ്ങള്‍ക്കിത് കിട്ടിയതെന്ന് ശികാന്ത് പറയുന്നുണ്ടായിരുന്നു.

ജെട്ടിയില്‍ സഞ്ചാരികളെ കാത്ത് ഇരുഭാഗവും കൂര്‍ത്ത അഗ്രത്തോടെയുള്ള അനവധി ബോട്ടുകള്‍ വെള്ളത്തിന്‍റെ ഓളത്തിനൊപ്പം നൃത്തമാടുന്നുണ്ട്. സരൂണ്‍ പരിചയക്കാരനായ മിലന്‍റെ ബോട്ടില്‍ ലഗേജ് വെച്ച് അയാളുടെ കൈയില്‍ ടിക്കറ്റ് കൂപ്പണും കൈമാറി ഞങ്ങളെ അതിലേക്ക് കയറ്റി. ചില്‍ക്കയെ ജീവിതമാര്‍ഗമാക്കി മാറ്റിയ ഒരു മുക്കുവനാണ് മിലന്‍. മത്സ്യ ബന്ധനവും ടൂറിസവുമാണ് തൊഴില്‍. മനോഹരമായി അലങ്കരിച്ച ബോട്ടുകള്‍ക്കിടയില്‍കൂടി ഞങ്ങളുടെ ബോട്ടും മുന്നോട്ട് നീങ്ങി. എന്നെ കൂകിവിളിച്ച് സരുണ്‍ ഉറക്കെ വിളിച്ച് പറഞ്ഞു, 'കേരള ഗുഡ്'. ശേഷം മനോഹരമായ ഒരു ചിരി സമ്മാനിച്ച് കൈവീശി നടന്ന് മറഞ്ഞു.

ചിൽക്കയിലെ കക്ക

കക്കയും മുത്തും

മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട സതാപടയുടെ വലത് വശത്തും ഇടത് വശത്തുമായി 45ഓളം ദ്വീപുകള്‍ ഉള്‍പ്പെട്ടതാണ് ചില്‍ക്ക തടാകം. കടലുമായി ചേരുന്ന ദ്വീപിന്‍റെ പൊഴിമുഖത്തായാണ് ഡോള്‍ഫിന്‍ കാണുക. ചാറ്റല്‍ മഴ നിലനില്‍ക്കുന്നുണ്ടങ്കിലും വെയിൽ തെളിയുന്നുണ്ട്. സഞ്ചാരികള്‍ക്ക് വെയിലേല്‍ക്കാതെ കാഴ്ച കാണാനായി മുകള്‍ ഭാഗം ടാര്‍പ്പോളിന്‍ കൊണ്ട് മറച്ച നിലയിലാണ് ബോട്ട്. മുന്നിലേക്കും പിന്നിലേക്കുമുള്ള കൂര്‍ത്ത അഗ്രങ്ങള്‍ അതിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ചാറ്റല്‍ അവസാനിക്കാത്തത് മൂലം ബോട്ടിന്‍റെ മുന്നില്‍ പോയിരിക്കാന്‍ തോന്നിയില്ല. രാജ്ഹാന്‍സ് ദ്വീപ്, സീ മൗണ്ട്, ഡോള്‍ഫിന്‍ പോയിന്‍റ്​, റെഡ് ക്രാബ് ദ്വീപ് എന്നീ മൂന്ന് ദീപുകളിലേക്കാണ് യാത്ര.

ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന ചെറിയ പായലുകള്‍ ഒഴിച്ചാല്‍ അഴുക്കുകള്‍ ലവലേശമില്ലാത്ത ശുദ്ധമായ തടാകം. ജലത്തിന് നടുവില്‍ പൊങ്ങിനില്‍ക്കുന്ന നീളത്തിലുള്ള മണ്‍ തിട്ടയുടെ മുകളില്‍ കാറ്റാടി മരങ്ങള്‍ നിറഞ്ഞതാണ് ദ്വീപുകള്‍. അര മണിക്കൂറോളം നീണ്ട യാത്ര അവസാനിപ്പിച്ചത് ചുവന്ന ഞണ്ടുകളും കക്കകളും സുലഭമായി ലഭിക്കുന്ന ദ്വീപിലാണ്. മഴ ആയതുകൊണ്ട് ഇറങ്ങിയാല്‍ ഞണ്ടിനെ കാണാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒരുവന്‍ ബോട്ടിലേക്ക് കയറി.

പേൾ

ഹിന്ദി നന്നായി സംസാരിക്കുന്ന വ്യക്തി ദ്വീപിന്‍റെയും ലഗൂണിന്‍റെയും പ്രാധാന്യത്തെ കുറിച്ച് ഒരു ചെറു പ്രസംഗം നടത്തി. പതിയെ ചെറിയ കൂടയില്‍ പിടിച്ചിട്ടിരിക്കുന്ന ഞണ്ടുകളെടുത്ത് കാണിച്ചു. ആന്തമാനിലും ചില്‍ക്കയിലും കാണപ്പെടുന്നിവ ഔഷധ ഗുണമുള്ളതാണ്. അടുത്ത കൂടയില്‍ മഞ്ഞയും വെള്ളയും ഇടകലര്‍ന്ന കക്ക. ഇതിനിടയില്‍ മറ്റൊരുവന്‍ വള്ളത്തിലേക്ക് ചാടിക്കയറി. ഇനിയാണ് യഥാര്‍ത്ഥ കഥ ആരംഭിക്കുന്നത്.

അവന്‍ ചില്‍ക്കയുടെ കഥകള്‍ പറയാനാരംഭിച്ചു. ഇതിനിടയില്‍ ചെറിയ കക്കകള്‍ തമ്മിലടിച്ച് പൊട്ടിച്ച് മാംസ ഭാഗം പുറത്തെടുത്ത് വെള്ളത്തിലേക്കിടുന്നുണ്ട്. താമസംവിനാ ഒരു കക്കയില്‍നിന്നും മുത്ത് തടഞ്ഞു. ദൈവത്തെ വിളിച്ചു അത് ഞങ്ങള്‍ക്ക് മുന്നിലേക്ക് വെച്ചു. അങ്ങനെ രണ്ടെണ്ണം കിട്ടിയപ്പോള്‍ ശികാന്തുമായി വിലപേശല്‍ ആരംഭിച്ചു. അതിന്‍റെ ഒറിജിനാലിറ്റി തെളിയിക്കാന്‍ മരക്കഷ്ണം വെച്ച് രണ്ട് തല്ല് തല്ലി. വില 3000ത്തില്‍ നില്‍ക്കുകയാണ്. ആരും ഒന്നും പറയുന്നില്ല. കുറച്ച് കഴിഞ്ഞ് വെള്ളത്തിലെ പാറക്കഷ്ണത്തില്‍നിന്നും വെട്ടി എടുത്ത ഇടത്തരം വലിപ്പമുള്ള കറുത്ത് പുറ്റ് പുറത്തെടുത്തു. അതില്‍ മുഴുവന്‍ ചെളിയാണ്. ചെറിയ കമ്പിവടികൊണ്ട് തല്ലി അതിന്‍റെ മാംസ നിബിഡമായ ഭാഗം പുറത്തെടുക്കുന്നു. പവിഴപുറ്റായത് കൊണ്ടാകാം, ചിത്രം പകര്‍ത്താന്‍ അനുവദിക്കുന്നില്ല.

പവിഴവും മുത്തും

ആ മാംസളമായ ഭാഗത്തുനിന്നും ഒരു ചെറുവിരലിന്‍റെ അഗ്രത്തിന്‍റെ വലിപ്പം വരുന്ന ഗ്ലാസിന്‍റെ നിറത്തിലുള്ള ഒരു വസ്തു. പേള്‍ എന്നാണ് പറഞ്ഞത്. തിളക്കം കണ്ട് ഞങ്ങളുടെ കണ്ണ് തള്ളി. ഈ അവസരം മുതലാക്കിയ ബോട്ടുകാരനും വിലപേശലില്‍ ഒത്തുചേര്‍ന്നു. ഒടുവില്‍ 3000 രൂപക്ക് കച്ചവടം ഉറപ്പിച്ച് അടുത്ത ദ്വീപിലേക്ക് നീങ്ങി.

ഒഡിഷൻ സുഹൃത്തിന്‍റെ സമ്മാനം

ഇത്തരം യാത്രകളില്‍ സമീപത്ത് കൂടെ കടന്നുപോകുന്ന ബോട്ടുകളാകും മനോഹരമായി തോന്നുക. സ്വന്തം വാഹനത്തിലേക്ക് ഒരിക്കലും നമ്മുടെ നോട്ടം നീളിലല്ലോ. ഓടം സീ മൗണ്ട് ദ്വീപിലേക്ക് അടുത്തു. വെള്ള മണല്‍ത്തരികളില്‍ ഒരു കിലോ മീറ്ററോളം നീളത്തില്‍ കാറ്റാടി മരങ്ങള്‍ മാത്രമുള്ള കര. അകലെയായി മരക്കഷ്ണങ്ങളില്‍ പൊക്കിനിര്‍ത്തിയ പ്ലാസ്റ്റിക് ഷീറ്റുകള്‍ മേഞ്ഞ ചെറിയ കടകള്‍ വെള്ളത്തിന് അഭിമുഖമായി നില്‍ക്കുന്നു. നായകള്‍ ഓടി കളിക്കുന്നുണ്ട്. കടകളില്‍ നാട്ടിലെ പെട്ടിക്കടകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ഗ്ലാസ്​ ഭരണികള്‍. മലരും മിഠായികളുമാണ്. കടയുടെ പിന്‍ വശത്തായി നിരന്നുനില്‍ക്കുന്ന കാറ്റാടി മരങ്ങള്‍ക്കിടയിലൂടെ കാൽപ്പാടുകള്‍ വീണ പാത അവസാനിക്കുന്നത് കടലിലാണ്.

ദ്വീപില്‍നിന്നും പിടിച്ച മീനുകള്‍ സഞ്ചാരികള്‍ക്ക് വില പറഞ്ഞ് വാങ്ങാം. അവ ഫ്രീയായി പാചകം ചെയ്ത് നല്‍കും. മലരും മീന്‍ പൊരിച്ചതും വാങ്ങി കഴിക്കാനിരുന്നു. ബംഗാളി സുഹൃത്തുക്കള്‍ മദ്യവും ഞണ്ടും തിരഞ്ഞെടുത്തു. ബിയറും പലതരം മദ്യങ്ങളും കടകളില്‍ സുലഭമാണ്. സമീപത്തുള്ള ശീലുവിന്‍റെ കടയില്‍ നിന്നുമാണ് മലര് വാങ്ങിയത്. ഓരോ കടകള്‍ക്ക് മുന്നിലും ഓരോ ബോട്ടുകള്‍ എന്ന ക്രമത്തിലാണ് തുഴച്ചിലുകാര്‍ അടുപ്പിക്കുന്നത്. മലരില്‍ ചാര്‍ ഒഴിച്ചതും മീനും ചില്‍ക്കയെ നോക്കി ആസ്വദിച്ച് കഴിച്ച് ഒരു മണിക്കൂറോളം അവിടെ ചിലവിട്ടു.

ദ്വീപിലെ കാറ്റാടി മരങ്ങൾ. ഇതിന്​ അ​പ്പുറമാണ് കടൽ

ശീലുവിന്‍റെ കടയില്‍ നാല് ഭരണികളിലായി മാംഗോ മിഠായിയും മലരും മുറുക്കാനും പാന്‍ മസാലയുമാണ്. പാന്‍ മസാലകള്‍ നാട്ടിലെ പ്രധാന ഉപഭോഗ വസ്തുവാണ്. മലര് വാങ്ങാനെത്തിയപ്പോള്‍ ആദ്യത്തെ ഭരണിയിലെ മാംഗോ മിഠായി ഗൃഹാതുരത്വം നല്‍കുന്ന കാഴ്ചയായിരുന്നു. മിഠായി വാങ്ങാന്‍ ചില്ലറ ഇല്ല. സംസാരിക്കാന്‍ ഭാഷയും അറിയില്ല. കൈയിലുള്ള 500ന്‍റെ നോട്ട് കൊടുത്ത് ഒരു രൂപയുടെ മാംഗോ മിഠായി വാങ്ങുന്നത് അത്ര എളുപ്പമല്ലല്ലോ. തിരികെ ബോട്ടിനരികിലേക്ക് പോയി. അതിനിടയില്‍ വെള്ളം വാങ്ങാനെത്തിയ ശികാന്ത് ശീലുവിനോട് എന്നെ കുറിച്ച് സംസാരിക്കുന്നുണ്ട്.

കേരളത്തില്‍ നിന്നുമാണ് എന്ന് കേട്ടപാടെ അവന്‍ അരികിലേക്ക് വന്നു. 'നിങ്കള്‍ക്ക് സുഖമാണൊ ?'എന്നൊരൊറ്റ ചോദ്യം. ഞാന്‍ ശരിക്കും ഞെട്ടി. സംസാരം തുടര്‍ന്നപ്പോള്‍ കൂടുതല്‍ ഒന്നുമറിയില്ല എന്ന് മനസ്സിലായി. ശീലുവിന്‍റെ മുഖത്ത് ചിരി വിരിയുന്നുണ്ട്​. കുറച്ച് നേരം എന്തെല്ലാമൊ പറഞ്ഞുനിന്നു. തിരികെ ബോട്ടില്‍ കയറാന്‍ നേരം അടുത്ത് വിളിച്ചു. ഭരണിയില്‍നിന്നും കുറച്ച് മാംഗോ മിഠായി എടുത്ത് നീട്ടി. എന്നിട്ട് മലയാളി എന്ന് പറഞ്ഞ് തംസപ്പ് കാണിച്ചു. സൗഹൃദത്തിന്‍റെ നിഷ്‌കളങ്കമായ ഒരു ചിരി മുഖത്ത് മിന്നി. എന്‍റെ ബോട്ട് കണ്‍ മുന്നില്‍നിന്നും അകലുന്നത് വരെ അവന്‍ ചിരിച്ച് ടാറ്റ കാണിച്ച് കൊണ്ടേയിരുന്നു.

ദീപിലെ സുഹൃത്ത് ശീലു

തുരുതുരാ ഹിന്ദിയില്‍ സംസാരിച്ച് സ്‌കോര്‍ ചെയ്ത ബംഗാളി സുഹൃത്തുക്കള്‍ക്ക് മുന്നിലേക്ക് ഭാഷ അറിയാത്തത്‌ കൊണ്ട് മൗനം പാലിച്ച ഞാന്‍ സ്‌നേഹിതന്‍റെ സമ്മാനം അഭിമാനപൂര്‍വം വെച്ച് നീട്ടി. എന്നെ ചിന്തയിലേക്ക് എടുത്തിട്ട കഥ അതല്ല, എനിക്ക് മാംഗോ മിഠായി വേണമെന്ന് അവന് എങ്ങനെ മനസ്സിലായി എന്നതാണ് !???

ഡോൾഫിനെ കാണാൻ

ഇനി ഡോള്‍ഫിനെ കാണാനുള്ള യാത്രയാണ്. ദ്വീപുകള്‍ ചുറ്റി ഓളത്തില്‍ സീ മൗണ്ട് ലക്ഷ്യമാക്കി മിലന്‍റെ ബോട്ട് ഒഴുകി. ചെറിയ ചെറിയ ദ്വീപുകള്‍. ചില ദ്വീപുകളില്‍ കോട്ടേജുകള്‍ കാണാം. മുന്നോട്ട് പോകുന്തോറും മുളങ്കുറ്റികള്‍ വട്ടത്തില്‍ നാട്ടി വല ചുറ്റിയിരിക്കുന്നു. മീന്‍ പിടിക്കാൻ ഒരുക്കിയിരിക്കുന്നതാണവ. അവക്ക് മുകളിലിരിക്കുന്ന ദേശാടന പക്ഷികള്‍ സന്തോഷം നല്‍കുന്ന കാഴ്ചയായിരുന്നു.

ചില്‍ക്കക്ക്​ വലിയ ആഴമില്ലത്തതുകൊണ്ട് തന്നെ ഇത്തരം മത്സ്യബന്ധനം ഒട്ടുമിക്ക ഇടങ്ങളിലും കാണാനാകും. വേഗത്തില്‍ പോയ ബോട്ട് പതിയെ ഒന്ന് പൊങ്ങി തിരകള്‍ക്ക് മുകളിലൂടെ ആടി ആടി നീങ്ങാന്‍ ആരംഭിച്ചു. സീ മൗത്ത് എത്തിയിരിക്കുന്നു. വിവിധ വര്‍ണങ്ങളില്‍ സഞ്ചാരികള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച മേല്‍ക്കൂരകള്‍ നാട്ടിയ വള്ളങ്ങള്‍ ചുറ്റി തിരിയുന്നുണ്ട്. സീ മൗത്തില്‍നിന്നും മുന്നോട്ട് വള്ളം തിരിച്ചതും ഡോള്‍ഫിനുകള്‍ ചാടികളിക്കുന്ന കാഴ്ച എടുത്ത് പറയണ്ടല്ലോ, മനോഹരം തന്നെ.

യാത്രയാക്കുന്ന ശീലു

ബോട്ട് നിശ്ചലമായി. ആദ്യമായാണ് ഡോള്‍ഫിനെ കാണുന്നത്. പതിയെ ഡോള്‍ഫിനെ കണ്ട ഭാഗത്തേക്ക് കൂടുതല്‍ ബോട്ടുകള്‍ എത്തി. ബോട്ടുകളുടെ വേഗതയില്‍ ഓളത്തിന് ശക്തി കൂടിയിട്ടാകാം, ബോട്ടുകള്‍ അടുത്തപ്പോഴേക്കും അവ അപ്രത്യക്ഷമായി. 11.30ന് തുടങ്ങിയ യാത്രയാണ്. സമയം 4.30 പിന്നിട്ടിരിക്കുന്നു.

മഴ മാറി വെയില്‍ ചൂടായി. വെള്ളത്തില്‍ അടയാളം തീര്‍ത്ത് നാട്ടിയ മുളം കമ്പില്‍ തട്ടി ശബ്ദമുണ്ടാക്കി മിലന്‍റെ ബോട്ട് തിരികെ പ്രയാണം ആരംഭിച്ചു. ഞങ്ങള്‍ പോകുന്ന റൂട്ടില്‍ എതിരായി ബോട്ടുകളൊന്നും കടന്നുവരുന്നില്ല. എന്ത് ബുദ്ധിപരമായാണ് മുളങ്കമ്പുകള്‍ കൊണ്ട് റൂട്ട് തിരിച്ചിരിക്കുന്നത്. ആശങ്കയില്ലാതെ തിരികെ പോകാനൊരു പാത. സമീപത്തെ ദ്വീപുകളില്‍ വെള്ള നിറത്തില്‍ കാളകള്‍ മേഞ്ഞ് നടക്കുന്നുണ്ട്. അടുത്ത ദ്വീപുകളില്‍ പോത്തുകളാണ്, മറ്റൊരിടത്ത് ആട്ടിന്‍ പറ്റങ്ങളും. കൂട്ടമായി എത്തുന്ന ദേശാടന പക്ഷികള്‍ മുളങ്കമ്പുകളില്‍ തമ്പടിച്ചിരിക്കുന്നു.

ചിൽക്കയിലെ കാഴ്ചകൾ

ദ്വീപുകളിലേക്ക് പോസ്റ്റുകള്‍ നാട്ടി ലൈന്‍ കമ്പികളിലൂടെയാണ് വൈദ്യുതി എത്തിക്കുന്നത്. ദ്വീപുകളില്‍ നിന്നും ദ്വീപുകളിലേക്ക് വെള്ളത്തിന് മുകളിലൂടെ വലിച്ചിരിക്കുന്ന ലൈനുകള്‍ മനസ്സിലൊരു ആകാംക്ഷയുണ്ടാക്കി. സമയം വേഗത്തില്‍ കടന്നുപോയി. ഇടത് വശത്തെ കരഭാഗം ചേര്‍ന്ന് ഓടം തീരമണഞ്ഞു. സമയം 4.40. ചില്‍ക്ക ഒരു അനുഭവം തന്നെയായിരുന്നു. ഒരുപാട് ജീവനുകളും ഒട്ടനവധി കാഴ്ചകളും കഥകളും.

തിരികെ ഭുഭനേശ്വറിലേക്ക്

ബ്രമഗിരി - സതാപട റോഡില്‍ ചില്‍ക്കയിലേക്ക് വരുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. കാഴ്ചകള്‍ മനോഹരമാണെങ്കിലും ഒറ്റക്കാവുമ്പോള്‍ അപരിചിത്വത്തിന്‍റെ ഭയം ഉള്ളില്‍ നിറയും. തിരികെയുള്ള യാത്രയില്‍ വലത് വശത്തെ കാഴ്ചകള്‍ ഇടത് വശത്തേക്ക് മാറി, മഴ വില്ലനായി എത്തുന്നുണ്ടെങ്കിലും. മുന്‍പത്തേതിലും കണ്ണുകള്‍ക്ക് അവ ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. ചില്‍ക്ക വിടുന്നതിന്‍റെ ദുഃഖം മനസ്സിലുണ്ട്. പെട്ടെന്ന് മഴ കനത്തു. ചെറിയൊരു കടയില്‍ കയറി.

മണ്‍തിട്ട കെട്ടിപൊക്കി മുകളില്‍ കൂടാരംപോലെ കമ്പുകള്‍ കൊണ്ട് നെയ്‌തെടുത്ത കട. പലഹാരങ്ങള്‍ തറയില്‍ ഷീറ്റ് വിരിച്ചാണുണ്ടാക്കുന്നത്. രണ്ട് തട്ടായുള്ള ചില്ലലമാരയില്‍ വിവിധ വര്‍ണത്തില്‍ അപരിചിതമായ പലഹാരങ്ങള്‍. കൂട്ടത്തില്‍ മഞ്ഞബോളി എന്നെ നോക്കി പരിചയം പുതുക്കാതിരുന്നില്ല. കടക്കാരനും ജോലിക്കാരനും എല്ലാം ഒരാളാണ്. വടപാവ്, ഗുല്‍ഗുല, പിയാജി, ചെന്ന പൊട, ബറാഗുഗണി എന്നിങ്ങനെ പോകുന്നു പലഹാരങ്ങളുടെ നീണ്ടനിര.

ചിൽക്ക തടാകത്തിലെ വള്ളങ്ങൾ

കിശന്‍ ബറാഗുഗണി ഓര്‍ഡര്‍ ചെയ്തു. നിമിഷ നേരത്തിനുള്ളില്‍ ഗ്രീന്‍പീസിലുണ്ടാക്കിയ കറിയും വടപോലുള്ള പലഹാരവും മുന്നില്‍ നിരന്നു. സമീപം ഉപ്പും മുളക്‌പൊടിയും ഇടകലര്‍ത്തിയത്. കൂടെ രണ്ട് പച്ച മുളകും. ടേസ്റ്റില്‍ വടയുടെ രുചിയോ എണ്ണ മയമോ ഇല്ല. രുചികരമാണ്. വയറ് നിറയെ കഴിച്ചു. തുറന്ന പലഹാരപ്പെട്ടിയില്‍ മുകളിലായി കറുത്ത നിറത്തിലിരിക്കുന്ന കേക്ക് (ചെന്ന പൊട) ശ്രദ്ധ ആകര്‍ഷിച്ചു. ഒന്ന് രുചിച്ച് നോക്കണമല്ലോ. എങ്ങനെ ചോദിക്കും?

ഉടന്‍ ശികാന്തിനെ വിളിച്ചു. ചെറിയൊരു ഭാഗം ടേസ്റ്റ് ചെയ്യാന്‍ ചോദിച്ചു. ശികാന്തിന്‍റെ ഹിന്ദിയിലെ തള്ള് കാരണം കടക്കാരന്‍ വലിയൊരു കഷ്ണം എനിക്ക് വെച്ച് നീട്ടി. നെയ്യുടെയും തൈരിന്‍റെയും ഇടകലര്‍ന്ന രുചി. പൂര്‍ണമായും കഴിക്കാന്‍ പറ്റിയില്ല. ചായ തള്ള വിരലിന്‍റെ വലിപ്പത്തിലുള്ള ഗ്ലാസില്‍ അഞ്ച്​ രൂപക്ക് ഉഷാറായി. മൂന്ന് പേര് വയറ് നിറച്ച് കഴിച്ചതെല്ലാം കൂടെ വെറും 45 രൂപ. ഞാന്‍ ഒഡീഷ തിരഞ്ഞെടുക്കാനുള്ള ഒരു പ്രധാന കാരണം ഇത്തരം വിലകുറഞ്ഞ തെരുവ് ഭക്ഷണങ്ങളാണ്. സമയം കളയാതെ ചാറ്റല്‍ മഴയിലും യാത്ര തുടര്‍ന്നു. ഇരുട്ട് വീണാല്‍ നിരത്തുകള്‍ പോത്തുകളേയും കാളകളേയുംകൊണ്ട് നിറയും. ചില ഇടങ്ങളില്‍ ഇവ വണ്ടിതട്ടി വീണ് കിടക്കുന്നതും കാണാം. രാത്രി 7.10ന് പുരി എത്തി. കൂട്ടുകാര്‍ യാത്ര പറഞ്ഞ് മടങ്ങി.

നാല് വരിയില്‍ തീര്‍ത്ത ദേശീയ പാതയിലൂടെ 65 കിലോമീറ്റര്‍ താണ്ടിയാല്‍ ഭുവനേശ്വറിലെത്താം. ഒറ്റക്ക് ഒരു വെല്ലുവിളി നിറഞ്ഞ യാത്രയാണിത്. യാത്രയില്‍ ചില ഇടങ്ങള്‍ പരിചിതമായി തോന്നും. എന്നാല്‍, എനിക്ക് ഈ രാത്രിയില്‍ എല്ലാം അപരിചിതവും ഭയമുളവാക്കുന്നതുമായിരുന്നു. കിലോമീറ്ററുകളോളം കെട്ടിടങ്ങളോ കടകളോ ഇല്ലാത്ത വീഥികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഉള്ളില്‍ ഭയം വന്ന് നിറയും. അപ്പോഴൊക്കെ സഹയാത്രികനായ ഹോണ്ട ആക്ടീവ 70 കിലോമീറ്ററിനു മുകളിൽ പറക്കും. പിന്നില്‍നിന്നും കണ്ടെയ്​നറുകള്‍ ചീറിപ്പാഞ്ഞ് വരുന്നതു കൊണ്ട് അശ്രദ്ധയില്ലാതെ മുന്നോട്ട് പോകണം. കിലോമീറ്ററുകള്‍ അനവധി താണ്ടുമ്പോള്‍ വണ്ടികള്‍ ഒതുക്കിയ തിരക്കേറിയ കച്ചവടകേന്ദ്രങ്ങള്‍ വരും. ഇറങ്ങി വെള്ളം കുടിച്ചാലോന്ന് ചിന്തിക്കും. രാത്രി ഒട്ടും സുരക്ഷിതമല്ലന്നുള്ള ബോധം എന്നെ വീണ്ടും മുന്നോട്ട് നയിക്കും.

മുളക്കൊണ്ട് തീർത്ത അതിർത്തി കടന്ന് ബോട്ടുമായി ഡ്രൈവർ മിലൻ

ഒരു പകലില്‍ ആസ്വദിച്ച് കടന്നുപോയ നെല്‍പാടങ്ങളും കുളങ്ങളും പുഴകളും ഇപ്പോള്‍ ഭയമുള്ളതാണ്. ഒന്നര മണിക്കൂറോളമായി നിര്‍ത്താതെയുള്ള യാത്ര. കാറ്റിനും വിജനമായ വീഥിയിലെ ശബ്ദങ്ങള്‍ക്കും സൗന്ദര്യമില്ലെന്ന് മനസ്സിലായി. സിറ്റിയിലെ ഒരു ഹോട്ടലില്‍ ഓയോ റൂം ബുക്ക് ചെയ്തു. ഓഫറില്‍ ലഭിച്ചത് കൊണ്ട് 400 രൂപയാണ് കാണിക്കുന്നത്. നഗരത്തിലെ ട്രാഫിക്ക് സിഗ്നലുകള്‍ പിന്നിട്ട് ഹോട്ടലിന്‍റെ സമീപം എത്താറായി. 200 മീറ്റര്‍ അപ്പുറം ഇടത് സൈഡില്‍ നിങ്ങളുടെ ഡെസ്റ്റിനേഷന്‍ കാണാം എന്ന് ഗൂഗിള്‍ വിളിച്ച് പറയുന്നുണ്ട്. റോഡിലേക്ക് തിരിയുന്ന ഭാഗത്ത് ക്രോസ് ബാരിയര്‍ വെച്ച് അടച്ചിരിക്കുന്നു. അപ്പുറം വലിയ വെള്ളക്കെട്ടാണ് കാഴ്ച. അറിയാതെ ആക്‌സിലേറ്റര്‍ കൂടി. വണ്ടി ക്രാഷ് ബാരിയറില്‍ ടപ്പേ എന്ന ശബ്ദത്തില്‍ ഇടിച്ചു. നെഞ്ചില്‍ ഒരു വെള്ളിടി പൊട്ടി.

ഈ പാതിരാത്രി ഇനി എവിടെ പോകും? പെട്ടെന്ന് മനസ്സില്‍ ധൈര്യം സംഭരിച്ചു റോഡിന് സമീപത്തെ ഓടയുടെ മുകളിലൂടെ പതുക്കെ വണ്ടി മുന്നോട്ട് വിട്ടു. പതിയെ വെള്ളം മുന്നിലേക്കുള്ള സ്ലാബുകളിലും നിറഞ്ഞുവന്നു. വണ്ടി റോഡിലെ വെള്ളത്തിലേക്ക് ചാഞ്ഞു. സര്‍വ ധൈര്യവും സംഭരിച്ച് സ്‌കൂട്ടര്‍ തിരികെ എടുത്ത് വെച്ച് റോഡിലെത്തി.

അൽപ്പനേരം ആലോചിച്ചശേഷം അടുത്ത റൂം ബുക്ക് ചെയ്ത് അവിടേക്ക് യാത്ര ആരംഭിച്ചു. ഗൂഗിള്‍ വയലിലെ ഇടവഴികളിലേക്ക് വഴി കാണിച്ചു. ചെറിയ കെട്ടിടങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ വിജനമായ പ്രദേശം. ടാറിട്ട റോഡുകള്‍ മണ്‍ പാതകള്‍ക്ക് വഴിമാറി. നേരെ 500 മീറ്റര്‍ സഞ്ചരിച്ചാല്‍ വലത് വശത്തായാണ് ഹോട്ടല്‍. പാതയില്‍ നാല് ഭാഗത്തായി വെള്ളക്കെട്ടുണ്ട്. ഇരുവശവും പാടം. ഹെഡ് ലൈറ്റിന്‍റെ പ്രകാശത്തില്‍ മാത്രമാണ് പാത ദൃശ്യമാകുന്നത്. ആരെങ്കിലും ഒന്നു കടന്നുവരാന്‍ കുറച്ച് നേരം കാത്തിരുന്നു. നിമിഷങ്ങള്‍ പാഴായതല്ലാതെ ഒരു ജീവിപോലും വന്നില്ല. വേറെ വഴികളില്ല, മുന്നോട്ട് പോവുക തന്നെ.

കാലുകൊണ്ടു തുഴഞ്ഞ് കുഴിയുടെ ആഴമളന്ന് സ്‌കൂട്ടര്‍ പതിയെ വെള്ളക്കെട്ടിലേക്ക് ഇറക്കി. അത്ര കുഴിയൊന്നുമില്ല. രണ്ടാമത്തേത് ആദ്യത്തേതില്‍ നിന്നും ചെറുതായിരുന്നു. ആ ധൈര്യത്തില്‍ മൂന്നാമത്തേതില്‍ തുഴയാന്‍ നിന്നില്ല. ഇറങ്ങിയ പാടേ മുന്നിലെ ടയര്‍ താഴ്ന്ന് സ്‌കൂട്ടര്‍ ഇടത്തേക്ക് ചരിഞ്ഞു. കാല് കുത്തിയത് ബാലന്‍സ് ഇല്ലാത്ത ചെളിക്കുണ്ടിലും. ഭയത്തില്‍ ഒന്നുറക്കെ നിലവിളിക്കാന്‍ തോന്നി. നെഞ്ചിടിപ്പിന്‍റെ ശബ്ദമല്ലാതെ ഒന്നും പുറത്തെത്തിയില്ല. ചെളിക്കുണ്ടില്‍നിന്നും വണ്ടി നേരേ നിര്‍ത്തി ആക്‌സിലേറ്റര്‍ കൂട്ടി, വേഗത്തില്‍ വണ്ടി മുകളിലേക്ക് കയറ്റി. തെല്ലൊന്ന് ആലോചിച്ചിട്ട് ചെളി കുടഞ്ഞു കളഞ്ഞ് മുന്നോട്ട് നീങ്ങി. ഒടുവില്‍ വയലിന്‍റെ അരികു പറ്റി നിന്ന ഹോട്ടല്‍ കണ്ടെത്തി. സമൂദ്രി ഹോട്ടലിലെ 27ാം നമ്പര്‍ മുറിയില്‍ ഞാന്‍ സുഖമായി ഉറങ്ങി.

തുടരും...

ഒഡിഷ യാത്ര - ഭാഗം ഒന്ന്​

ഒഡിഷ യാത്ര - ഭാഗം രണ്ട്​

ഒഡിഷ യാത്ര - ഭാഗം മൂന്ന്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:odisha travelchilika lake
News Summary - They are the ones who make Chilika Lake different
Next Story