വരയാട്മൊട്ട എന്ന ട്രക്കിങ് വിസ്മയം
text_fieldsകേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയതും ബുദ്ധിമുട്ടുള്ളതുമായ അഗസ്ത്യാർകൂടം ട്രെക്കിങ് കഴിഞ്ഞാൽ അതിമനോഹരമായ ട്രെക്കിങ് വിസ്മയമാണ് വരയാട്മൊട്ട നമുക്ക് സമ്മാനിക്കുന്നത്. വരയാടുകളുടെ നിറസാനിധ്യമുള്ളതുകൊണ്ടാണ് വരയാടുമൊട്ട എന്ന പേര് വന്നത്. പൊന്മുടി മലനിരകളിലെ ഏറ്റവും ഉയരം കൂടിയ മലനിരകളാണ് വരയാടുമൊട്ട. അതിൽ ഏറ്റവും പൊക്കമുള്ള മലയ്ക്ക് 1100 മീറ്ററാണ് ഉയരം. പരിസ്ഥിതി വിനോദസഞ്ചാരത്തിന്റെ ഭാഗമായി വനം വകുപ്പാണ് വരയാടുമൊട്ട യാത്ര നടത്തുന്നത്.
ഇവിടെനിന്നാൽ പൊൻമുടി മലനിരകളുടെ അതിമനോഹരമായ കാഴ്ചകൾ നമുക്ക് ലഭിക്കും. തിരുവനന്തപുരത്തുനിന്ന് ഏകദേശം 45 കിലോമീറ്റർ സഞ്ചരിച്ച് പാലോട്-ബ്രൈമൂർ റൂട്ടിൽ മങ്കയം ചെക്ക്പോസ്റ്റിൽ നിന്നാണ് വരയാടുമൊട്ടയിലേക്കുള്ള ട്രെക്കിങ്ങിന്റെ ആരംഭം. തമ്പാനൂർനിന്ന് രാവിലെ ആറിന് മങ്കയത്തേക്ക് ബസ് ലഭിക്കും. മങ്കയം ചെക്ക്പോസ്റ്റ് ഓഫിസിൽ മുൻകൂറായി ബുക്ക് ചെയ്ത് വേണം ട്രക്കിങ് പ്ലാൻ ചെയ്യാൻ. അവർ അനുവദിക്കുന്ന ദിവസം അവിടെ എത്തി പാസെടുത്താണ് യാത്ര ആരംഭിക്കുന്നത്.
അഞ്ച് പേർക്ക് 1500 രൂപയാണ് ഫീസ്. രാവിലെ ഏഴരയോടെ മങ്കയം ചെക്പോസ്റ്റിൽനിന്ന് ഗൈഡിനോടൊപ്പം കാട്ടിലൂടെയാണ് യാത്ര ആരംഭിക്കുന്നത്. ഫുഡും വെള്ളവും കരുതുന്ന കാര്യം മറക്കണ്ട. കിലോമീറ്ററുകളോളം സൂര്യപ്രകാശം ചെറുതായി മാത്രം കടക്കുന്ന കാടാണ്. കയറ്റമാണ് കൂടുതലും. അതുകഴിഞ്ഞു ചെന്നെത്തുന്നത് സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ഒരു തുറസ്സായ പ്രദേശത്ത്. അവിടെനിന്നാണ് വരയാട്മൊട്ട കുന്നിന്റെ അതികഠിനമായ ട്രക്കിങ് ആരംഭിക്കുന്നത്. കുത്തനെയുള്ള മലയാണ്. പതിയെ പതിയെ വേണം നടന്നുകയറാൻ.
ആനയും കാട്ടുപോത്തും കരടിയുമൊക്കെ വിഹരിക്കുന്ന മലയാണിത്. പക്ഷേ, അവയുടെ സാമീപ്യം പരിചയസമ്പത്തുള്ള ഗൈഡിന് മനസ്സിലാക്കാൻ സാധിക്കും. ഏറ്റവും മുകളിലെത്തിയാൽ പൊന്മുടി മലനിരകളും പേപ്പാറ ഡാമും പശ്ചിമഘട്ടവും ഉൾപ്പെടുന്ന അതിമനോഹര കാഴ്ചകളാണ് പ്രകൃതി നമുക്ക് സമ്മാനിക്കുന്നത്. ഇരുട്ട് വീഴുംമുമ്പേ തിരിച്ച് കാടിറങ്ങാൻ ശ്രദ്ധിക്കണം. നവംബർ മുതൽ മേയ് വരെയാണ് വരയാടുമൊട്ട സന്ദർശിക്കാനുള്ള മികച്ച സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

