Begin typing your search above and press return to search.
exit_to_app
exit_to_app
auli uttarakhand
cancel
Homechevron_rightTravelchevron_rightDestinationschevron_rightഒരു ട്രെക്കറുടെ രാജകീയ ...

ഒരു ട്രെക്കറുടെ രാജകീയ സൗകര്യങ്ങൾ

text_fields
bookmark_border

ഇന്ന് ഗംഗാരിയയിൽനിന്ന് മടങ്ങുകയാണ്. പക്ഷെ, എന്തോ ഒരു നഷ്​ടബോധം പോലെ. പൂക്കളുടെ താഴ്‌വരയിൽനിന്നും ഹേംകുണ്ഡ് തടാകത്തിൽനിന്നും മനസ്സ് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. പക്ഷെ, മടങ്ങാതെ തരമില്ലല്ലോ. രാവിലെ എട്ടിന്​ തന്നെ നടത്തം ആരംഭിച്ചു.

ഗോവിന്ദഘട്ട് വരെ 14 കിലോമീറ്റർ ഇനി നടക്കണം. ഇങ്ങോട്ട് വരുന്ന സമയത്ത് കയറ്റം ആയതിനാൽ തന്നെ പല കാഴ്ചകളും പൂർണമായി ആസ്വദിക്കാൻ സാധിച്ചില്ല. തിരിച്ചിറങ്ങുമ്പോൾ അവ ഓരോന്നും മനസ്സിലേക്ക് പതിപ്പിച്ചു. ഹെലിപ്പാഡും വെള്ളച്ചാട്ടവും പാലവുമൊക്കെ മനസ്സ് കുളിർക്കെ കണ്ടാസ്വദിച്ചു.


ജീവിതം പോലെ തന്നെയാണ് ട്രെക്കിങ്ങും. കയറാൻ ഒരുപാട് ബുദ്ധിമുട്ടാണ്, പക്ഷെ ഇറങ്ങാൻ നിഷ്​പ്രയാസം പറ്റും. ഏകദേശം പത്ത് മണിക്കൂർ കൊണ്ട് ഞങ്ങൾ കയറിയ കയറ്റം വെറും നാല് മണിക്കൂർ കൊണ്ട് തിരിച്ചിറങ്ങി. വേഗത്തിൽ കയറാൻ പറ്റാത്തതിന്‍റെ പകവീട്ടുന്ന പോലെയായിരുന്നു ശരീരം. വളരെ അനായാസമായാണ്​ അതിവേഗം മലയിറങ്ങിയത്.

ഇങ്ങോട്ട് വരുമ്പോൾ ഗോവിന്ദ്ഘട്ട് മുതൽ പുല്ലന ഗ്രാമം വരെ ഞങ്ങൾ നടന്നു തന്നെയാണ് എത്തിയത്. പക്ഷെ, ഉച്ച സമയമായതുകൊണ്ടും പൊടിയായതിനാലും മടക്കയാത്ര ഷെയർ ജീപ്പിൽ മതിയെന്ന് തീരുമാനിച്ചു. ആ ജീപ്പ് യാത്രയും ഒരു അനുഭവം തന്നെ. കുത്തനെയുള്ള ഇറക്കം വളരെ മെയ്‌വഴക്കത്തോടെ ഡ്രൈവ് ചെയ്യുന്ന ചേട്ടനോട് ബഹുമാനം തോന്നി.


ഗോവിന്ദ്ഘട്ടിൽ ഞങ്ങളെയും കാത്ത് ബസ്​ നിൽപ്പുണ്ട്​. ഇനി നേരെ ജോഷിമഠിലേക്കാണ്​. ഒരുപാട് കാഴ്ചകൾ കണ്ടത്​ കൊണ്ടാണോ എന്നറിയില്ല, വരുമ്പോൾ ഉള്ളതുപോലെ ഫോട്ടോ എടുക്കാനോ വീഡിയോ എടുക്കാനോ ഒന്നും തോന്നിയില്ല. ചുമ്മാ സീറ്റിലേക്ക് ചാരിക്കിടന്ന് പ്രകൃതിഭംഗി ആസ്വദിച്ചിരുന്നു.

ജോഷിമഠിൽ എത്തുമ്പോഴേക്കും വൈകുന്നേരമായിരുന്നു. കഴിഞ്ഞ കുറേ ദിവസമായി പച്ചക്കറി മാത്രം ആയതുകൊണ്ട്, ഞങ്ങൾ നോൺവെജിറ്റേറിയൻക്കാർ വളരെ അസ്വസ്ഥരാണ്​. അങ്ങനെ വൈകുന്നേരം ഞങ്ങൾ നല്ലൊരു നോൺ വെജിറ്റേറിയൻ ഹോട്ടൽ തപ്പിയിറങ്ങി. ഏകദേശം ഒന്നര കിലോമീറ്റർ നടന്നാൽ റേറ്റിങ്ങിൽ 4.5 സ്​റ്റാറുള്ള നോൺ വെജിറ്റേറിയൻ ഹോട്ടൽ ഉണ്ടെന്നാണ് ഗൂഗിൾ ചേച്ചി പറഞ്ഞത്. ആ ഹോട്ടൽ തപ്പി ജോഷിമഠ് ടൗണിൽ ഞങ്ങൾ നടന്നത് ഏകദേശം അരമണിക്കൂറാണ്.


ഒടുവിൽ ഞങ്ങൾ തന്നെ കണ്ടുപിടിച്ചു വേറെ നല്ലൊരു ഹോട്ടൽ, 'ബാവാറച്ചി'. പേര് പോലെ നല്ല ഇറച്ചി കിട്ടുന്ന കട. വയറുനിറച്ച് ചിക്കൻ ഫ്രൈഡ് റൈസും തന്തൂരി ചിക്കനും ചില്ലി ചിക്കനും കഴിച്ചപ്പോൾ ഒരു വല്ലാത്ത ആശ്വാസമായിരുന്നു.

തിരിച്ചു നടക്കുമ്പോൾ ഒരു കട്ടൻ ചായ ആവാമെന്ന് കരുതി ഒരു തട്ടുകടയിൽ കയറി. അപ്പോഴാ അവിടത്തെ ചേട്ടൻ പറഞ്ഞത്, കരടി ഇറങ്ങിയിട്ടുണ്ടെന്നും അത് ഒരു സ്ത്രീയെ ആക്രമിക്കുന്ന വിഡിയോ കാണിച്ചു തന്നതും. പിന്നെ അധികം കറങ്ങാൻ നിൽക്കാതെ നേരെ റൂമിലേക്ക് പോയി.


രാത്രി ട്രെക്കിങ്​ ടീമിൽ ഒരാളുടെ പിറന്നാൾ ആഘോഷം ഉണ്ടായിരുന്നു. എത്ര പെട്ടെന്നാണ് അല്ലേ അപരിചിതർ സുഹൃത്തുക്കളായി മാറുന്നത്! രാത്രി കുറെനേരം ഞങ്ങൾ എല്ലാവരും ഇരുന്നു തമാശകൾ പറഞ്ഞു. പിന്നെ എപ്പോഴോ ഉറക്കം വന്നപ്പോൾ റൂമിലേക്ക് പോയി.

ജോഷിമഠിലെ പ്രഭാതം മനോഹരമാണ്. ഹോട്ടലിൻെറ ബാൽക്കണിയിൽ നിന്നും കാണുന്ന കോടമഞ്ഞു നിറഞ്ഞ താഴ്‌വരയും അതിനിടയിലൂടെ വരുന്ന പ്രകാശകിരണങ്ങളും എത്ര തവണ കണ്ടാലും മതിവരാത്ത കാഴ്ചയാണ്.


ഇന്ന് ഞങ്ങൾ പോകുന്നത് ഔളിയിലേക്കാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്​കീ (SKI) റിസോർട്ടുള്ള സ്ഥലമാണ് ഔളി. ഏകദേശം 2800 മീറ്റർ ഉയരത്തിൽ, ചുറ്റും ഏക്കർ കണക്കിന് ഓക്ക്, കോണിഫറസ് വനങ്ങളാൽ ചുറ്റപ്പെട്ട ഔളിയിൽനിന്നും നോക്കിയാൽ നന്ദാ ദേവി (7,816 മീറ്റർ) ഉൾപ്പെടെയുള്ള ഉയർന്ന കൊടുമുടികൾ കാണാം.

ഒരു അർധസൈനിക താവളമായി വികസിപ്പിച്ചെടുത്ത ഇവിടത്തെ സ്കീയിങ്​ ചരിവുകൾ വിനോദസഞ്ചാരികൾക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ശൈത്യകാലത്ത് ഇവിടെ നിരവധി ഹിമ സാഹസിക പരിപാടികൾ നടത്താറുണ്ട്.


പച്ചപ്പരവതാനി വിരിച്ചത് പോലെയുള്ള ചെരിവുകളാണ് ഔളിയിൽ ഞങ്ങളെ സ്വാഗതം ചെയ്തത്. മൂന്ന് കിലോമീറ്ററോളം നമുക്ക് ഈ ചെരുവിലൂടെ നടക്കാം. വേണമെങ്കിൽ ചെയർ കാറിൽ കയറി ഈ ചെരുവിന്‍റെ ആകാശ ദൃശ്യം ആസ്വദിക്കാം. കുതിരയുമായി പോകുന്ന ചേട്ടൻ ഒരുപാട് തവണ ഞങ്ങളെ മാടിവിളിച്ചിട്ടും നടന്ന് ശീലം ആയതുകൊണ്ടാവാം, ഈ മൂന്നു കിലോമീറ്റർ ഞങ്ങൾ നടക്കാൻ തന്നെ തീരുമാനിച്ചു.


ഒന്നിച്ചു പാട്ടുകൾ പാടിയും തമാശകൾ പറഞ്ഞും ഞങ്ങൾ ആ പുൽമേട്ടിലൂടെ നടന്നു. ഇടയിൽ കാടും അമ്പലവുമൊക്കെ ഉണ്ടായിരുന്നു. ഒടുവിൽ പരന്നുകിടക്കുന്ന പുൽമേട് നോക്കി, ഇളങ്കാറ്റ് ആസ്വദിച്ച്​ കുറെ നേരം വെറുതെയിരുന്നു.


ഔളിയിലെ ഞങ്ങളുടെ താമസം ടെൻറിലാണ്. എട്ടുപേർക്ക് കിടക്കാവുന്ന വലിയ ടെന്‍റും പിന്നെ മൂന്നുപേർക്ക് കിടക്കാനുള്ള ചെറിയ ടെൻറും. ഇതായിരുന്നു ഞങ്ങൾ പത്ത് സ്ത്രീകൾക്കുള്ള താമസ സൗകര്യം. ഞാൻ താമസിച്ചത് ചെറിയ ടെൻറിലാണ്.

ഒരു ലൈറ്റും ചാർജിങ് പോയിൻറും പിന്നെ ഉറങ്ങാനായി സ്ലീപിങ്​ ബാഗും. ഇതാണ് ടെൻറിലെ സൗകര്യങ്ങൾ. പിന്നെ എല്ലാവർക്കുമായിട്ട് ഒരു ടെൻറും ബാത്റൂമും. ഒരു ട്രെക്കറെ സംബന്ധിച്ചിടത്തോളം ഇതിലും രാജകീയ സൗകര്യം എവിടെ ലഭിക്കാനാണ്? ടെൻറിലെ താമസം ഒരു വ്യത്യസ്ത അനുഭവമാണ്, ഒരിക്കലെങ്കിലും ആസ്വദിക്കേണ്ട ഒരു അനുഭവം.


​ട്രെക്കിങ്ങിന്‍റെ അവസാന ദിവസമായതിനാൽ എല്ലാവരും ഒരുമിച്ചുകൂടി പാട്ടും നൃത്തവുമായി അങ്ങനെയങ്ങ് ആഘോഷിച്ചു. അധികം സംസാരിക്കാത്ത പല ആൾക്കാരുടെയും കഴിവുകൾ കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി.


ഈ അഞ്ചു ദിവസം കൊണ്ട് ഞങ്ങൾ പോലും അറിയാതെ ഒരു കുടുംബമായി മാറുകയായിരുന്നു. നാളെ ഋഷികേഷിൽ എത്തുന്നതോടെ ഈ സൗഹൃദ കൂട്ടായ്മയോട് വിടപറയണം. പക്ഷെ, ഇതിനോടകം തന്നെ ഞങ്ങൾ ഒമ്പതുപേർ ഒന്നിച്ച് മുസ്സൂറി സന്ദർശിക്കാനുള്ള പ്ലാൻ ഒക്കെ തയാറാക്കിയിട്ടുണ്ട്.

(തുടരും)

Show Full Article
TAGS:valley of flowers Uttarakhand 
News Summary - The royal comforts of a trekker
Next Story