Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഗോത്രനഗരത്തിന്‍റെ...

ഗോത്രനഗരത്തിന്‍റെ ജീവതാളങ്ങൾ

text_fields
bookmark_border
ഗോത്രനഗരത്തിന്‍റെ ജീവതാളങ്ങൾ
cancel

മണിപ്പൂരിന്റെ ഹിൽ ടൗൺ എന്ന് പേര് കേട്ട നഗരമാണ് സിസിപൂർ എന്ന ചുരചന്ദ്പൂർ. സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയും വിവിധ ഗോത്ര വിഭാഗങ്ങളുടെ വാസസ്ഥലവും കൂടിയാണിത്. സിസിപൂർ നഗരമധ്യത്തിലെ ഗോത്രമ്യൂസിയം കണ്ട് ജനുവരി ആറിന് ഉച്ചയോടെ ഞങ്ങൾ പുറത്തിറങ്ങി. കനത്ത വെയിലും പൊടിയും നിറഞ്ഞ അന്തരീക്ഷം. റോഡിനു ചുറ്റുമുള്ള കമ്പോളങ്ങളിൽ കച്ചവടത്തിരക്ക്. നിയന്ത്രണങ്ങളില്ലാതെ തലങ്ങും വിലങ്ങും പോകുന്ന വണ്ടികൾ. കാറും ബസും ബൈക്കും ചരക്കുവാഹനങ്ങളും പുകയും പൊടിയും പറത്തി തുരുതുരെ പായുന്നുണ്ട്. അവക്കിടയിലൂടെ അരികുപറ്റി നടന്നു.

സിസിപൂരിലെ ആദായവിപണികൾ

വഴിക്കിരുവശവും വ്യാപാരകേന്ദ്രങ്ങളാണ്. ചെറുകിട വൻകിട കച്ചവടകേന്ദ്രങ്ങൾ. കടകളിലും പാതയോരത്തും കുന്നു കൂട്ടിയിട്ടിരിക്കുകയാണ് സാധനങ്ങൾ. തുണിത്തരങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, തുടങ്ങി ഉപ്പ്തൊട്ട് കർപ്പൂരം വരെയുണ്ട്. വസ്ത്രങ്ങൾ തന്നെയാണധികവും. പല നിറത്തിൽ ചേലുള്ള, തുന്നിയതും തുന്നാത്തതുമായ തുണിത്തരങ്ങൾ. എല്ലാത്തരം ഉടയാടകളുമുണ്ട്. കുട്ടിക്കുപ്പായങ്ങളും മുതിർന്നവർക്കുള്ളതുമെല്ലാം. അതും പുതിയവയല്ല പഴയതാണ് കൂടുതലും. കൂട്ടിയിട്ട നിറക്കൂനകൾക്കിടയിലൂടെ ഞങ്ങൾ നടന്നു.

പരമ്പരാഗത വസ്ത്രങ്ങളും ആധുനിക ഫാഷൻ വസ്ത്രങ്ങളുമുണ്ട്. ചുരിദാറും ടീഷർട്ടും പാന്റ്സും ടോപ്പുകളും. കൂടെ പഴയ അടിവസ്ത്രങ്ങളുടെ കൂമ്പാരങ്ങളും. കണ്ടപ്പോൾ ഞെട്ടിപ്പോയി. ഡിജിറ്റൽ ലോകത്തിന്റെ മുൻനിരയിൽ എന്നഭിമാനിക്കുന്ന നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് തന്നെയാണല്ലോ ഇത് എന്നോർത്തപ്പോൾ ഉള്ളിൽ തോന്നിയ അപമാനവും ദുഖവും പറഞ്ഞറിയിക്കാൻ വയ്യ. ജീവിത പ്രതിസന്ധിയിൽ പഴന്തുണികൾക്കും വിപണികളും ആവശ്യക്കാരുമുണ്ടെന്ന സത്യം നേരിട്ട് ബോധ്യപ്പെട്ടു. ആരോഗ്യത്തെക്കുറിച്ചും സമത്വചിന്തകളെക്കുറിച്ചുമുള്ള വാക്ധോരണികൾക്ക് ഇവിടെയെന്തു പ്രസക്തി! അന്നവും വസ്ത്രവും ആവശ്യത്തിന് കിട്ടാത്ത ഒരുപാട് ജനങ്ങൾ നമുക്കിടയിലുണ്ടെന്ന വസ്തുതയാണ് ഈ കാഴ്ച വെളി പ്പെടുത്തുന്നത്. മാത്രമല്ല അതൊരു തൊഴിലായി സ്വീകരിച്ചവരും ധാരാളമുണ്ടെന്നു കണ്ടറിഞ്ഞു.

പലയിടങ്ങളിൽ നിന്നും ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിച്ച് ക്ലീൻ ചെയ്ത് വീണ്ടും വിൽപനക്കെത്തിക്കുന്നു. അത് വാങ്ങുന്നവരുടെ തിരക്ക്. പഴയ ഇന്നർ ഗാർമെന്‍റ്സ് തെരഞ്ഞെടുത്തുപോകുന്നവർ ധാരാളം. എന്തൊരു ദയനീയ കാഴ്ച്ച!. മനുഷ്യന്റെ നിസ്സഹായാവസ്‌ഥയും നിർധനാവസ്‌ഥയും തന്നെയാണ് ഇതിന് പിന്നിൽ. ആർക്കും എപ്പോഴും സംഭവിക്കാവുന്ന സാഹചര്യങ്ങളിൽ ഒന്ന്. ഇവിടുന്ന് എന്തെങ്കിലും വാങ്ങുക തന്നെയെന്ന് ഉറച്ചു. കൂട്ടിയിട്ട തുണികൾക്കിടയിലൂടെ നടന്ന് പഴയ ഷാളുകൾ വിൽക്കുന്ന ഒരിടത്തെത്തി, വില ചോദിച്ചു. ഏതെടുത്താലും 50 രൂപ. ചിലയിടത്ത് 30 രൂപ. രണ്ടെണ്ണം വാങ്ങി. നേരിയ ഇഴകളുള്ള കോട്ടൺ ഷാളുകൾ. വിദേശികളാണ്. അതിന്റെ ടാഗുകളിലൊന്നു കൊറിയയുടെയും മറ്റൊന്ന് വായിക്കാൻ പ്രയാസമുള്ള ഒരു ഇംഗ്ലീഷ് പേരും. അതേ ഷാളുകൾ നമ്മുടെ മാളുകളിൽ കിട്ടും. പത്തിരട്ടി വിലയിൽ. ഇത് രണ്ടാം തരമായതുകൊണ്ടും ഈ തൊഴിൽ ചിലരുടെ ഉപജീവനമായതുകൊണ്ടുമാണ് കുറഞ്ഞവിലക്ക് അവ കിട്ടുന്നത്.

മുന്നോട്ടുനടക്കുമ്പോൾ തുണിക്കൂമ്പാരങ്ങൾ പിന്നെയുമുണ്ട്. ജാക്കറ്റുകളും സ്വെറ്ററുകളും കൈയുറകളും സോക്സും കളസങ്ങളുമടങ്ങുന്ന തണുപ്പുകാല വസ്ത്രങ്ങൾ തന്നെയാണ് കൂടുതലും. സ്ത്രീകളും ചെറിയ പെൺകുട്ടികളുമാണ് വിൽപനക്കിരിക്കുന്നത്. പത്തുപന്ത്രണ്ടു വയസ്സുള്ള ഒരു കുട്ടിക്കച്ചവടക്കാരിയുടെ മുന്നിലെത്തി. അവൾ ശ്രദ്ധിക്കുന്നില്ല. ഒരു ജാക്കറ്റ് എടുത്ത് വിലചോദിച്ചു. കുട്ടി മിണ്ടുന്നില്ല. മൊബൈലിൽ സൂക്ഷിച്ചുനോക്കിയിരിപ്പാണ്. വീണ്ടും ചോദിച്ചു. അവൾ കേൾക്കുന്നേയില്ല. ഹരം പിടിച്ച ഏതോ കാഴ്ച്ചയിൽ മുഴുകി പുഞ്ചിരിച്ചുകൊണ്ട് ഒരേയിരിപ്പാണ് ആ പച്ചക്കുപ്പായക്കാരി. ആ ഓമനയുടെ ഇരുപ്പും ഭാവവും കണ്ടപ്പോൾ ചിരിച്ചുപോയി. കുട്ടിപ്രായത്തിന്റെ കൗതുകങ്ങളിൽ അവൾ രസം പൂണ്ടിരിപ്പാണ്. അല്ലെങ്കിൽ തന്നെ ഈ ചെറുപ്രായത്തിൽ കച്ചവടത്തേക്കുറിച്ച് അവൾക്കെന്ത് വ്യാകുലത?!

മുന്നോട്ടുചെന്നപ്പോൾ മറ്റൊരു കടകണ്ടു. മിന്നിത്തിളങ്ങുന്ന കുപ്പായങ്ങളും ഫാഷൻ ഉടുപ്പുകളും തോരണങ്ങൾ പോലെ തൂങ്ങിക്കിടക്കുന്നു. പുത്തനും പഴയതുമുണ്ട്. പഴയതിനു 50, നൂറ് എന്നിങ്ങനെയാണ് നിരക്ക്. പുതിയവക്ക് കൂടിയ വിലയും. ഭംഗിയുള്ള കിടക്കവിരികൾ, രോമപ്പുതപ്പുകൾ, തൊപ്പികൾ, കൈയുറകൾ തുടങ്ങിയവയും കാണാം. അവിടെ വലിയ തിരക്കൊന്നുമില്ല. ഒന്ന് രണ്ട് ഷർട്ടുകളും സോക്സും വാങ്ങി ഞങ്ങൾ അവിടെ നിന്നുമിറങ്ങി.

ന്യൂട്ട് ബസാറിലെ മാംസശിൽപങ്ങൾ

മുന്നോട്ട് നടന്നപ്പോൾ വലതുവശത്ത് ഒരു വലിയ മാർക്കറ്റ് കണ്ടു. Nute Bazar എന്നെഴുതിയ ബോർഡും. അതിനുള്ളിലേക്ക് കയറി. സിസിപൂർ ബസ്റ്റാന്‍റിനു നേരെ എതിർദിശയിലാണിത്. സാമാന്യം തിരക്കുള്ള വലിയ ഒരു ചന്ത. പച്ചക്കറികളും പലവ്യഞ്ജനങ്ങളും മാംസവും മത്സ്യവും ധാരാളമുള്ള ഒരു മാർക്കറ്റ് സമുച്ചയമാണിത്. സിമന്റ് തറയിൽ നിന്നും കെട്ടിപ്പൊക്കിയ ഉയർന്ന തട്ടുകളിലാണ് ഉൽപന്നങ്ങൾ വിൽപനക്ക് നിരത്തിയിരിക്കുന്നത്. ഇവയെ വേർതിരിക്കുന്ന നടപ്പാതയുമുണ്ട്. ഞങ്ങൾ അതിനിടയിലൂടെ നടന്നു.

ഉണങ്ങിയ ഭക്ഷ്യോൽപന്നങ്ങൾ നിരത്തിയ സ്റ്റാളുകളാണ് ആദ്യം കണ്ണിൽപ്പെട്ടത്. ഉണക്കമീനിന്റെയും ഇറച്ചിയുടെയും വൈവിധ്യം ഇത്രയേറെ ഇതിന് മുമ്പ് കണ്ടിട്ടില്ല. അത്രക്കുണ്ട് അവ. പൊടിമീനുകൾ മുതൽ വലിയ മീനുകൾ വരെ പുകച്ചും അല്ലാതെയും ഉണക്കിയെടുത്ത് നിരത്തി വച്ചിട്ടുണ്ട്. മനോഹരമായ കാഴ്ച്ച. ബ്രൗൺ നിറത്തിൽ ചെറിയ അളവിലും പാത്രങ്ങളിൽ നിരത്തിയുമാണ് വച്ചിരിക്കുന്നത്. വാലും മുള്ളും ചെതുമ്പലും കളയാതെ, അതേപടി ഉണക്കിയെടുത്ത മത്സ്യങ്ങൾ. ഉണങ്ങിയെങ്കിലും അവയുടെ വട്ടക്കണ്ണുകൾ തെളിഞ്ഞുതന്നെയുണ്ട്.

വേറൊരിടത്ത് വലിയ മീൻ കഷണങ്ങൾ അടുക്കി വച്ചിരിക്കുന്നു. ഒരു പീസ് തന്നെ ഒന്നര രണ്ട് കിലോ തൂക്കം വരും. ഏതോ വലിയ മത്സ്യത്തിന്റെ ഉണങ്ങിയെടുത്ത കഷണമാണ്. ഇവയുടെ പേരുകൾ ചോദിച്ചപ്പോൾ മണിപ്പൂരി ഭാഷയിൽ അവർ എന്തൊക്കെയോ പേരുകൾ പറഞ്ഞു. ഒന്നും മനസ്സിലായില്ല. ഇതൊക്കെ ആവശ്യം പോലെ വാങ്ങാം. പൊടിമീനുകളും ചെറുമീനുകളും ചെറിയ അളവിൽ വാങ്ങുന്നവരാണ് കൂടുതലും. 50, നൂറ്, ഇരുന്നൂറ് രൂപക്കൊക്കെ കിട്ടും.

തൊട്ടപ്പുറത്ത് കോഴി, കാട, താറാവ് തുടങ്ങിയവയുടെ ഉണക്കയിറച്ചി നിരത്തിയ സ്റ്റാളാണ്. അവയുടെ നിർത്തിയുണക്കിയ രൂപങ്ങൾ. അത് കണ്ടപ്പോൾ രസം തോന്നി. കറുത്ത, നിരനിരയായിനിൽക്കുന്ന ശിൽപങ്ങൾ പോലെയുണ്ട്. ഏറെ ആകർഷകം. കാലും നഖവും കൊക്കും തലയുമൊക്കെ കളയാതെ തൂവൽ മാത്രം നീക്കി ഉണക്കി സ്റ്റഫ് ചെയ്തതാണവ. കുറേ സ്റ്റാളുകൾ ഇവക്ക് മാത്രമായുണ്ട്. അവക്കിടയിലൂടെ നടക്കുമ്പോൾ ഒരു ആർട്ട്‌ ഗാലറിയിൽ കൂടി നടക്കുന്നപോലെ തോന്നി. ഇവയുടെ വിലചോദിച്ചു. വാങ്ങുന്നില്ല എന്ന് ബോധ്യമായപ്പോൾ പടമെടുക്കാനും അവർ സമ്മതിച്ചില്ല.

സമാന്തരമായി പച്ചക്കറി കടകൾ ധാരാളമുണ്ട്. ഇലവർഗങ്ങളും മുളകിനങ്ങളും കിഴങ്ങുവർഗങ്ങളും ചീരയും പയറും വെള്ളരിക്കയും തക്കാളിയും കാരറ്റും സവാളയും കൂണുമെല്ലാം നിരത്തിയിട്ടുണ്ട്. അമ്മമാരാണ് ഇവിടുത്തെയും കച്ചവടക്കാർ.

അടുത്തത് ഫ്രഷ് മീറ്റ് മാർക്കറ്റാണ്. വിപുലമായ സംവിധാനങ്ങളാണിവിടെ. സ്ത്രീകളും പുരുഷന്മാരും കശാപ്പുകാരും വിൽപനക്കാരുമായുണ്ട്. അവർ ഇറച്ചിവെട്ടി നുറുക്കി തൂക്കി വിൽക്കുന്നു. മുന്നിൽ വലിയ മേശയും വെട്ടുകത്തികളും അരിവാളുമൊക്കെ കാണാം. മേശയിൽ നിരത്തിയ വലിയ മാംസപ്പാളികളും ചെറുതായി നുറുക്കിയ കഷണങ്ങളും. പന്നി മാംസമാണ് കൂടുതലും. ഓരോരോ ഭാഗങ്ങൾ വേർതിരിച്ച് വച്ചിട്ടുണ്ട്. വരുന്നവർക്ക് ഇഷ്ടംപോലെ വാങ്ങിപോകാം. വില നമ്മുടെ നാട്ടിലെത്തുതന്നെ. 360 രൂപ. ഉച്ചയായതുകൊണ്ടാകാം വലിയ തിരക്കൊന്നും കണ്ടില്ല ഇവിടെ.

മാംസവിൽപനക്ക് മാത്രമായി രണ്ടുമൂന്ന് കെട്ടിടങ്ങൾ കാണാം. കോഴി, മുയൽ, താറാവ്, കാട, തുടങ്ങിയവയുടെയെല്ലാം പച്ചമാംസങ്ങളുമുണ്ട്. നല്ല വൃത്തിയും വെടിപ്പുമുള്ള മാർക്കറ്റുകളാണിവയെല്ലാം. മീനിന്റെയോ ഇറച്ചിയുടെയോ ഒന്നും അവശിഷ്ടങ്ങളോ ദുർഗന്ധമോ മാർക്കറ്റിലോ പരിസരത്തോ തീരെ ഇല്ല. പുറത്തിറങ്ങി നോക്കുമ്പോൾ മാർക്കറ്റിനു സമീപം ചായക്കടകളും ഹോട്ടലുകളുമുണ്ട്. നല്ല വിശപ്പും. ഒരിടത്ത് കയറി അവിടെ കണ്ട ബെഞ്ചുകളിൽ ഞങ്ങൾ ഇരുന്നു. കടക്കാർ പൂരിയും ബിരിയാണിയും ചായയും ഓടിനടന്നുവിളമ്പുകയാണ്. ഞങ്ങൾ ചായ ചോദിച്ച് കാത്തിരുന്നു. കുറേനേരമിരുന്നിട്ടും ചായ വന്നില്ല. ബാക്കിയുള്ളവർക്കെല്ലാം ഓർഡർ ചെയ്തവ വേഗത്തിൽ കിട്ടുന്നുണ്ട്. അൽപ സമയം കൂടി ക്ഷമിച്ചു. പക്ഷേ ഞങ്ങൾക്ക് മാത്രം ചായ കിട്ടിയില്ല. ചായമാത്രമായി അവർ തരില്ല. ഞങ്ങൾ അവിടെ നിന്നും ഇറങ്ങി മറ്റൊരു കൊച്ചുകടയിലെത്തി. പൂരിയും ചായയും വറവ്‌ പലഹാരങ്ങളുമുള്ള ഒരു കട. ഇനിയും ഒരു പരീക്ഷണം വേണ്ട എന്ന് കരുതി പൂരിക്കും ചായക്കും ഒരുമിച്ച് ഓർഡർ കൊടുത്തു. മിനിറ്റുകൾക്കകം അവ മേശപ്പുറത്ത് എത്തി. വലിയഹോട്ടലുകളും ചെറിയ ചായക്കടകളും തമ്മിലുള്ള അന്തരം ഈ യാത്രയിൽ തിരിച്ചറിഞ്ഞു. കച്ചവടക്കാരും അന്നദാദാക്കളും തമ്മിലുള്ള അന്തരം.

മലമുകളിലെ നീലജലാശയം

സിസിപൂരിലെ ഖുഗ ഡാമും ഗോത്രവർഗക്കാരുടെ രക്തസാക്ഷി മണ്ഡപവുമാണ് അടുത്ത ലക്ഷ്യം. അവിടേക്ക് ടൗണിൽ നിന്നു ഏഴ് കി.മീ. ദൂരമുണ്ട്. ബസ്റ്റാന്‍റിന് അടുത്ത് കണ്ട മെഡിക്കൽ സ്റ്റോറിൽ കയറി പോകേണ്ട വഴി തിരക്കി. കടയിലുള്ളത് അച്ഛനും മകനുമാണെന്ന് തോന്നുന്നു. ഞങ്ങളെ കണ്ടപാടെ എവിടുന്നാണ് എന്നന്വേഷിച്ചു. കേരളത്തിൽ നിന്നാണ് എന്ന് കേട്ടപ്പോൾ കുറേ കുശാലാന്വേഷണവും നടത്തി. പിന്നെ, ഡാമിലേക്ക് നല്ല ദൂരമുണ്ട്, ബസ് റൂട്ടല്ല, ടാക്സിയോ ഓട്ടോയോ വിളിക്കണം എന്നുപറഞ്ഞ് അവർ തന്നെ ഒരു ഓട്ടോ വിളിച്ചു. എന്നിട്ട് ഓട്ടോക്കാരനോട് kerala people is rich എന്ന് പറഞ്ഞുകണ്ണിറുക്കി. ഓട്ടോക്കാരൻ 750 രൂപ പറഞ്ഞു. എന്തോ പന്തിയല്ല എന്ന് തോന്നി ഓട്ടോക്കാരനെ പറഞ്ഞു വിട്ട് ഞങ്ങൾ അവിടം വിട്ടു.

മുന്നോട്ടുനടക്കുമ്പോൾ ഒരു കാലി ഓട്ടോ വന്നു. കൈനീട്ടി. പോകേണ്ട സ്ഥലം പറഞ്ഞപ്പോൾ നാലാൾക്കുകൂടി 200 രൂപ തന്നാൽ മതി എന്ന് പറഞ്ഞു. ഞങ്ങൾ അതിൽ കയറി യാത്ര തുടർന്നു. വഴിയിൽ നിന്നും തൊട്ടടുത്തിറങ്ങാനുള്ള ഒരു യുവതിയെക്കൂടി അയാൾ ഓട്ടോനിർത്തി കയറ്റി. ചില്ലറ കൊടുത്ത് അവർ ഇടക്ക് ഇറങ്ങുകയും ചെയ്തു. ചുട്ടുപൊള്ളുന്ന വെയിലിൽ വെട്ടിപ്പൊളിച്ചിട്ട വൻപാതയിലൂടെ വണ്ടി മുന്നോട്ടുപോയി. നെൽപ്പാടങ്ങൾക്കും മലകൾക്കുമിടയിലൂടെ ഗ്രാമങ്ങൾക്ക് നടുവിലൂടെ, പത്തിരുപതു മിനിറ്റിനകം ഞങ്ങൾ ഖുഗഡാമിന്റെ മുന്നിലെത്തി. കാടും പച്ചപ്പും നിറഞ്ഞ വിജനമായ അന്തരീക്ഷം. ഓട്ടോയിൽ നിന്നും ഇറങ്ങി മുന്നോട്ട് നടന്നപ്പോൾ ഖുഗ പ്രോജക്ടിന്റെ പഴയ തുരുമ്പി ദ്രവിച്ച ഒരു ബോർഡ്. 1983ൽ തുടങ്ങി, 2002ൽ പണി പൂർത്തിയാക്കി, 2007 ൽ കമീഷൻ ചെയ്ത പദ്ധതിയാണിത്. വൈദ്യുതി ഉൽപാദനവും ജലസേചനവും ലക്ഷ്യമാക്കി നിർമിച്ചതാണ് ഈ അണക്കെട്ട്.

ഖുഗ നദിയിലെ ജലവും മഴവെള്ളവുമാണ് ഡാമിന്റെ ജലസ്രോതസ്സുകൾ. അതിസുന്ദരമായ ഒരു കാഴ്ചയാണ് ഈ ഡാമും പരിസരവും. മണിപ്പൂരിലെ ഏറ്റവും വലിയ ജില്ലയായ ചുരചന്ദ്പ്പൂരിലെ ഹരിതവിസ്മൃതികൾക്കിടയിൽ നീലിച്ചുകിടക്കുന്ന ഖുഗ ഡാം. തെളിഞ്ഞ ആകാശവും അതിന് കീഴിൽ പച്ചവിരിപ്പും നീലജലാശയവും ചേർന്ന വടക്കുകിഴക്കിന്റെ സുന്ദര പ്രകൃതിയിലേക്ക് കുറേ നേരം ഉറ്റു നോക്കി. മനം മയക്കുന്ന ദൃശ്യ ചാരുത. ചുരുക്കിപ്പറഞ്ഞാൽ മരതക മാലയണിഞ്ഞ നീല ജലാശയം. അങ്ങനെ തന്നെ പറയാം. ഡാമിനു ചുറ്റുമുള്ള മലകളിൽ കിളികൾ കൂട്ടമായി പറന്നു പോകുന്നു. കാടിന്റെ മടിത്തട്ടിൽ ശാന്തമായി തെളിഞ്ഞുകിടക്കുന്ന ജലപ്പരപ്പ്.

അതിൽ നിന്നും താഴേക്ക്‌ പോകുന്ന കനാലും കൈവഴികളും. ഈ കനാലിലൂടെ ഒഴുകിപ്പോകുന്ന വെള്ളം ശേഖരിച്ചാണ് സിസിപൂരിലെ കൃഷിയിടങ്ങളുടെ വറുതി മാറ്റി മണ്ണിന്റെ മക്കൾ പൊന്നുവിളയിക്കുന്നത്. ഗ്രാമീണരുടെ കൃഷിക്കും കുടിവെള്ളാവശ്യത്തിനും ഈ ഡാമിലെ വെള്ളം ഉപയോഗിക്കുന്നു. താഴേക്ക്‌ ഒഴുകുന്ന കനാലും അതിന് താഴെ കൊയ്തൊഴിഞ്ഞ പാടങ്ങളും ദൂരക്കാഴ്ചയിൽ നിറഞ്ഞ് നിന്നു. നിശബ്ദമായ ജലപ്പരപ്പിന്റെ സൗന്ദര്യം നുകർന്ന് ഞങ്ങൾ തിരികെ നടന്നു.

വീരന്മാരുടെ രണഭൂമി

ഖുഗ ജലസംഭരണിയോട് തൊട്ടുചേർന്നാണ് ട്രൈബൽ മാർട്ടിയേഴ്‌സ് പാർക്ക്‌. ഏതാണ്ട് ഇരുന്നൂറ് മീറ്റർ ദൂരം മാത്രം. ട്രൈബൽ മാർട്ടിയേഴ്‌സ് പാർക്കിന്റെ കൂറ്റൻ കവാടം കടന്ന് മുന്നോട്ട് നടന്നു. വിശാലമായ മൈതാനവും അതിന് മധ്യത്തിൽ കെട്ടിപ്പൊക്കിയ രക്തസാക്ഷി മണ്ഡപവും. മണ്ഡപത്തിന്റെ ഉച്ചിയിൽ രക്തസാക്ഷികളായ ഗോത്രമക്കളുടെ കൈകോർത്തുനിൽക്കുന്ന ശിൽപങ്ങൾ. ഒമ്പത് പേരുടെ ശിൽപങ്ങളാണുള്ളത്. അവരുടെ പേരുവിവരങ്ങളുള്ള ശിലാഫലകങ്ങളും താഴെയുണ്ട്. സ്വന്തം മണ്ണിനുവേണ്ടി പോരാടി ജീവൻ പൊലിഞ്ഞ മണിപ്പൂരിന്റെ ഗോത്രമക്കളുടെ ഓർമകൾ പേറുന്ന മണ്ണ്.

ഗോത്രവിരുദ്ധബില്ലിനെതിരെ ശബ്ദമുയർത്തി കൊല്ലപ്പെട്ടവരുടെ സ്മാരകമാണിത്. 2015ൽ അന്നത്തെ മണിപ്പൂർ സർക്കാർ മൂന്ന് ഗോത്രവിരുദ്ധ ബില്ലുകൾ പാസ്സാക്കിയപ്പോൾ അതിനെതിരെ ഗോത്രമക്കളുടെ വൻ പ്രധിഷേധമുയർന്നു. ഇംഫാലിൽ നിന്നും 70 കി.മീ. ദൂരമുള്ള, ആദിവാസി ജനത തിങ്ങിനിറഞ്ഞ ചുരചന്ദ്പൂരിൽ വച്ചായിരുന്നു പ്രധിഷേധസമരം. അതൊരു വൻ കലാപമായി മാറി. അന്നത്തെ വെടിവെപ്പിൽ ഒമ്പത് ഗോത്രമക്കൾ കൊല്ലപ്പെട്ടു. ഒട്ടേറെ കോലാഹലങ്ങളും ബഹളങ്ങളും നടന്ന നാളുകളായിരുന്നു അത്. ഒമ്പത് മൃതദ്ദേഹങ്ങളിൽ ഒന്ന് മാത്രം സർക്കാറുമായി ഒത്തുതീർപ്പുണ്ടാക്കി കുടുംബം ഏറ്റെടുത്തു സംസ്കരിച്ചു. ബാക്കിയുള്ള എട്ടുമൃതദ്ദേഹങ്ങൾ 632 ദിവസങ്ങളോളം സിസിപൂരിലെ ജില്ലാ ആശുപത്രി മോർച്ചറിയിൽക്കിടന്നു. പിന്നീട് 2017ൽ ഗോത്ര ജനതയും സർക്കാറും ആദിവാസി സമൂഹത്തിന് അനുകൂലമായ നിലപാടുകൾ എടുക്കുകയും ഒത്തുതീർപ്പിൽ അവസാനിക്കുകയും ചെയ്തശേഷമാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. ട്രൈബൽ അനുകൂലബിൽ പ്രാവർത്തികമാക്കുകയും ചെയ്തു.

ഗോത്രമക്കളായ രക്തസാക്ഷികളുടെ സ്മരണനിലനിർത്താനായി നിർമിച്ച സിസിപൂരിലെ ട്രൈബൽ മാർട്ടിയേഴ്‌സ് പാർക്കിന്റെ നടുവിൽ, ഒരുമയുടെയും കരുത്തിന്റെയും പ്രതീകമായി നിൽക്കുന്ന മണ്ണിന്റെ മക്കളുടെ പ്രതിമകൾ വെയിലിൽ വെട്ടിത്തിളങ്ങി നിന്നു. ദേശത്തിന്റെ കാവൽക്കാരെന്നപോലെ. അതിന് മുന്നിൽ ഞങ്ങൾ ആദരവോടെ അൽപസമയം നിന്നു. പിന്നെ തിരിച്ചു നടന്നു. സമയം ഉച്ചതിരിഞ്ഞു. വെയിൽ ചാഞ്ഞുതുടങ്ങി. വീണ്ടും വിശപ്പിന്റെ വിളി. റൂമിൽ തിരിച്ചെത്തി പാക്കിങ് കഴിഞ്ഞ് ഇംഫാൽ അഗർത്തലയിലേക്ക് പോകണം. അതിനാൽ ഓട്ടോയിൽ കയറി സിസിപൂരിലേക്ക് തിരിച്ചു.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north east indiatribal city
News Summary - The rhythms of the tribal city
Next Story