Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmers Protest
cancel
Homechevron_rightTravelchevron_rightDestinationschevron_rightസിഖ് ജനതയുടെ സ്നേഹവും...

സിഖ് ജനതയുടെ സ്നേഹവും ശൗര്യവും; അത്​ അനുഭവിച്ച്​ തന്നെ അറിയണം

text_fields
bookmark_border

കമ്പാർട്ട്മെൻറിലെ ഉച്ചത്തിലുള്ള ബഹളം കേട്ടാണ് ഞാൻ ഉണർന്നത്. സീറ്റിന് അഭിമുഖമായി ഇരുന്ന്​ അന്താക്ഷരി കളിക്കുന്ന പഞ്ചാബികളെയാണ് കാണാൻ കഴിഞ്ഞത്. എത്ര മനോഹരമായിട്ടാണ് അവർ പഞ്ചാബി ഗാനങ്ങൾ പാടുന്നത്. ഹിന്ദിയും ഇടക്കിടക്ക്​ വരുന്നുണ്ട്. ഒരു ജനതയുടെ സംസ്കാരവും ജീവിത രീതിയുമെല്ലാം അറിയണമെങ്കിൽ ഇതുപോലുള്ള ജനറൽ കമ്പാർട്ട്മെൻറിൽ അവരോടൊപ്പം യാത്ര ചെയ്യണം.

ഇടക്കെപ്പോഴോ എതിർ ടീമിനെ തോൽപ്പിച്ചപ്പോഴുള്ള ആരവവും കൈയടിയും ആണ് എന്നെ നിദ്രയിൽനിന്നും ഉണർത്തിയത്. ട്രെയിൻ ഗോതമ്പ് പാടങ്ങൾക്കിടയിലൂടെ കൂകിപ്പായുകയാണ്. പുറത്തെ കാഴ്ചകൾ കാണാനാണ് ജനാലയോട് ചേർന്ന സീറ്റ് തിരഞ്ഞെടുത്തത്. പക്ഷെ, യാത്രാക്ഷീണം കൊണ്ട്​ എപ്പോഴോ മയങ്ങിപ്പോയി.

agriculture at farm

പുറത്തെ കാഴ്ചകളിൽ ഏറെയും വിളഞ്ഞുനിൽക്കുന്ന ഗോതമ്പ്​ പാടങ്ങൾ തന്നെയാണ്. വെയിൽ തട്ടുമ്പോൾ ആ പാടങ്ങൾക്ക് പൊന്നി​െൻറ നിറമാണ്. ഉച്ചവെയിലിനെ വകവെക്കാതെ തലയിലൊരു കെട്ടുംകെട്ടി പാടങ്ങളിൽ പണിയെടുത്ത് കഴിയുന്ന കർഷകർ. ഒരു നാടി​െൻറ, ഒരു ജനതയുടെ തന്നെ കാവലാൾ പോലെ അവർ തെളിഞ്ഞുനിൽക്കുന്നു. വെയിലും മഴയും അവഗണിച്ച് പാടത്തേക്കിറങ്ങി അവർ ഒഴുക്കുന്ന വിയർപ്പി​െൻറ ഫലമാണ് മൂന്നുനേരം നമ്മുടെ അടുക്കളയിൽ ആഹാരമായി എത്തുന്നത്.

ഡൽഹിയിൽനിന്നും നീണ്ട ഏഴ് മണിക്കൂർ യാത്ര കഴിഞ്ഞാണ്​ പഞ്ചാബിലെ അമൃത്​സർ സ്​റ്റേഷനിൽ എത്തുന്നത്​. ട്രെയിനിൽനിന്നിറങ്ങി പുറത്തെ ഹോട്ടലിലേക്ക് നടന്നു. അവിടെ നിന്നും ഭക്ഷണം കഴിക്കു​േമ്പാൾ പരിചയപ്പെട്ട മലയാളികളിൽനിന്നും സുവർണ ക്ഷേത്രത്തിലേക്ക് സൗജന്യ ബസ് യാത്രയുണ്ടെന്ന് അറിയാൻ കഴിഞ്ഞു.

amritsar railway station

റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് കടക്കുമ്പോൾ തന്നെ എതിർവശത്തെ ആൽമരച്ചുവട്ടിൽ ഓറഞ്ച്​ നിറത്തിലുള്ള ബസ്​ കിടപ്പുണ്ട്. അതാണ് ക്ഷേത്രത്തിലേക്കുള്ള ബസ്​. സീറ്റുകൾ കാലി ആയിരുന്നുവെങ്കിലും അൽപ്പസമയത്തിനുള്ളിൽ അതെല്ലാം നിറഞ്ഞുകവിഞ്ഞു. ഡ്രൈവർ ബസ് മുന്നോട്ടെടുത്തു റോഡിലേക്കിറങ്ങി.

ബസിനുള്ളിൽ ഭജന പാട്ടി​െൻറ ഈരടികൾ ഉച്ചത്തിൽ മുഴങ്ങുന്നു. ക്ഷേത്രത്തിലേക്ക് വരുന്ന ഒരു കൂട്ടം സിഖ് മത വിശ്വാസികൾ ആയിരുന്നുവത്. അമൃത്​സർ ക്ഷേത്രത്തിനടുത്ത് ആളെ ഇറക്കിയ ശേഷം അവിടെയുള്ള ആൾക്കാരെ തിരിച്ച് റെയിൽവേ സ്​റ്റേഷനിലേക്ക് കൊണ്ടുപോകും. ഇങ്ങനെ 24 മണിക്കൂറും സൗജന്യ സേവനമുണ്ട്. മാത്രമല്ല, അമൃത്​സർ ക്ഷേത്രത്തിൽ ഭക്ഷണവും താമസവും സൗജന്യമാണ്. ചുരുക്കം പറഞ്ഞാൽ അമൃത്​സർ സ്റ്റേഷനിൽ വന്നിറങ്ങിയ ഒരാൾക്കും നടക്കുകയോ ഭക്ഷണമില്ലാതെ അലയുകയോ വേണ്ട. അതാണ് സിഖ് ജനതയുടെ സ്നേഹം.

Amritsar bus

സുവർണക്ഷേത്രം

ജനക്കൂട്ടങ്ങൾ അമൃത്​സർ ക്ഷേത്രത്തെ ലക്ഷ്യമാക്കി പ്രവഹിക്കുകയാണ്​. അവരിൽ ഒരാളായി ഞാനും നടന്നു. പോകുന്ന വഴികളിൽ വിവിധ കച്ചവടങ്ങൾ പൊടിപൊടിക്കുന്നത്​ കാണാം. നാട്ടിൽ വലിയ വില കൊടുത്തു വാങ്ങുന്ന കരകൗശല വസ്തുക്കളും ചെരിപ്പുകളും മൊബൈൽ കവറുകളും നല്ല ഭംഗിയുള്ള പഞ്ചാബി ഷോളുകളും വളരെ തുച്ഛമായ വിലക്ക്​ ലഭിക്കും.

ക്ഷേത്രത്തിൽ എത്തിയ ഉടനെ കൗണ്ടറിൽ പോയി ബാഗും ചെരുപ്പും സൂക്ഷിക്കാൻ ഏൽപ്പിച്ചു. തുടർന്ന്​ ആദ്യ കവാടത്തിലേക്ക് കടന്നു. ആദ്യത്തെ പടിയിൽ നിറയെ വെള്ളമാണ്. അതുകൊണ്ട് കാല്​ പ്ര​േത്യകിച്ച്​ നനക്കേണ്ട കാര്യമില്ല. വെള്ളത്തിൽ ചവിട്ടി കൊണ്ട് മാത്രമേ അകത്തേക്ക് കയറാൻ സാധിക്കൂ.

golden temple

ചെന്നുകയറുമ്പോൾ തന്നെ മധുരമുള്ള ചൂടുപാൽ നൽകിയാണ് ക്ഷേത്രത്തിലേക്ക് ആനയിക്കുന്നത്​. അകത്തേക്ക് കയറാൻ ചില ചിട്ടകളുണ്ട്. തല ഒരു തുണികൊണ്ട് മറക്കണം. തലയിൽ കെട്ടാനുള്ള പല നിറത്തിലെ തൂവാലകൾ വലിയ ബക്കറ്റിൽ ഇട്ടുവെച്ചിട്ടുണ്ട്. ഒന്നാമത്തെ കവാടം കഴിഞ്ഞ്​ സരോവർ തടാകത്തി​െൻറ പ്ലാറ്റ് ഫോമിലേക്ക്​ കാൽവെവെക്കുമ്പോൾ തന്നെ ആ മനോഹര കാഴ്ച കാണാം.

സ്വർണനിറത്തിൽ മുങ്ങിക്കുളിച്ച്​ തലയുയർത്തിനിൽക്കുന്ന സുവർണ ക്ഷേത്രവും അതിനു ചുറ്റുമുള്ള മനുഷ്യനിർമിതമായ സരോവർ തടാകത്തിൽ തെളിഞ്ഞുനിൽക്കുന്ന ക്ഷേത്രത്തി​െൻറ പ്രതിബിംബവും. ഇളംകാറ്റിൽ തടാകത്തിലെ ഓളങ്ങൾ ഇളകുമ്പോൾ ക്ഷേത്രത്തിലെ സ്വർണ കിരണങ്ങൾ അതിൽ പതിച്ച്​ വെട്ടിത്തിളങ്ങുന്ന കാഴ്ച അതിനേക്കാൾ മനോഹരമാണ്.

golden temple

അമൃത്​സറി​െൻറ ചരിത്രം

നാലാം സിഖ് ഗുരുവായിരുന്ന ഗുരു രാംദാസ് ആണ് 1574ൽ അമൃത്​സർ നഗരം സ്ഥാപിച്ചത്. അതിന് ആവശ്യമായ സ്ഥലം വിട്ടുകൊടുത്തത് അക്ബർ ചക്രവർത്തിയാണ്​. ഇവിടത്തെ സുവർണ ക്ഷേത്രം പണികഴിപ്പിച്ചത് അഞ്ചാമത്തെ സിഖ് ഗുരുവായിരുന്ന അർജുൻ ദേവ് ആയിരുന്നു. മുസ്​ലിം സൂഫിവര്യൻ സായി ഹസ്രത്ത് മിയാൻ മിർ ആണ് 1588 ഡിസംബർ 28ന്​ ശിലാസ്ഥാപനം നടത്തിയത്. സുവർണ ക്ഷേത്രത്തി​െൻറ മറ്റൊരു പേരാണ് ഹർമന്ദിർ സാഹിബ്. 1604ൽ വിശുദ്ധ ഗ്രന്ഥമായ ആദി ഗ്രന്ഥത്തി​െൻറ തിരുവെഴുത്ത് പൂർത്തിയാക്കി ഗുരുദ്വാരയിൽ സ്ഥാപിക്കുകയും ചെയ്തു.

ഹർമന്ദിർ സാഹിബിന്​ നാല്​ വാതിലുകളുണ്ട്. ജാതിമത വ്യത്യാസമില്ലാതെ എല്ലാ മനുഷ്യർക്കും കടന്നുവരാം എന്നാണ് ഈ നാലു വാതിലുകൾ കൊണ്ട് അർഥമാക്കുന്നത്. ഇന്ന് കാണുന്ന ഗുരുദ്വാര 1764ൽ ജെസ്സ സിംഗ് അഹല് വാലിയ പുതുക്കി പണിതതാണ്.

golden temple

സരോവർ എന്നാൽ അമൃതി​െൻറ കുളം എന്നാണ്​ അർഥം. അതിൽ നിന്നുമാണ് അമൃത്​സർ എന്ന പേര് നഗരത്തിന് വന്നതെന്നും പറയപ്പെടുന്നു. 19ാം നൂറ്റാണ്ടിൽ മഹാരാജാ രഞ്ജിത്ത് സിംഗ് പഞ്ചാബ് മേഖലയെ ബാഹ്യശക്തികളുടെ ആക്രമണത്തിൽനിന്ന് സംരക്ഷിക്കുകയും ഹർമന്ദിറി​െൻറ മുകൾ നിലകളിൽ സ്വർണം പൂശുകയും ചെയ്തു. 2017ൽ യു.കെ ആസ്ഥാനമായുള്ള വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സ് ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിച്ച മതസ്ഥലമായി ഇതിനെ സാക്ഷ്യപ്പെടുത്തി. മത വർണ്ണ വിവേചനം ഇല്ലാതെ ഒരു ലക്ഷം ആളുകൾ ദിവസവും സുവർണക്ഷേത്രം സന്ദർശിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ക്ഷേത്രത്തിന്​ ചുറ്റും ആയുധധാരികളായ കാവൽക്കാർ റോന്ത് ചുറ്റുന്നുണ്ട്. പ്രത്യേക രീതിയിലെ വസ്ത്രധാരണമാണ് അവരുടേത്. പഴയകാല രാജാക്കന്മാരുടേത് പോലെയുള്ള അരപ്പട്ടയും തലയിൽ ഒരു ടർബനും അവർ ധരിക്കുന്നു. സിഖ് മതസ്ഥർ തലയിൽ അണിയുന്ന തലപ്പാവാണ് ടർബൻ. ഇത് അവരുടെ ആത്മാഭിമാനത്തെയും ആത്മീയതയെയും സൂചിപ്പിക്കുന്നു. അരയിൽ ഒരു വാളും കൈയിൽ കുന്തവുമായി സദാസമയം ക്ഷേത്രത്തിന്​ ചുറ്റും ഇങ്ങനെ അവർ റോന്ത് ചുറ്റിക്കൊണ്ടേയിരിക്കും.

golden temple

ക്ഷേത്രത്തിൽ സമൂഹമാധ്യമങ്ങളിലേക്ക്​ വേണ്ടിയുള്ള വിഡിയോ എടുക്കുന്നത്​ നിരോധിച്ചിട്ടുണ്ട്. ടിക്​ടോക്​ വീഡിയോകൾ അനുവദിക്കില്ല എന്ന ബോർഡുകൾ ക്ഷേത്രത്തിൽ പലയിടത്തും കാണാൻ കഴിയും. ഫോട്ടോ എടുക്കുന്നത് അനുവദനീയമാണ്. പക്ഷെ, ക്ഷേത്രത്തെ നോക്കി തൊഴുതുനിൽക്കുന്ന രീതിയിൽ ആകണം എന്ന് മാത്രം.

എന്നാൽ, അതൊന്നും വകവെക്കാതെ സഞ്ചാരികൾ കാവൽക്കാരുടെ കണ്ണുവെട്ടിച്ച്​ പല പൊസിഷനിലും ഫോട്ടോയും വീഡിയോയും എടുക്കുന്ന മറ്റൊരു കാഴ്ചയും അവിടെ കാണാം. സീവർണ ക്ഷേത്രത്തി​ലെ പകൽ കാഴ്ചകളേക്കാൾ നിശാ കാഴ്ചകളാണ് ഏറെ സുന്ദരം. പക്ഷെ രാത്രിയിലും പകലും തിരക്ക് ഒരുപോലെ തന്നെയാണ്.

golden temple

തടാകത്തി​െൻറ മധ്യത്തിലുള്ള ക്ഷേത്രത്തിന്​ അകത്ത്​ പ്രവേശിക്കാനുള്ള വരി കവാടം വരെ നീളും. ഏകദേശം ഒന്നരമണിക്കൂറോളം വരിയിൽ നിന്നാലേ ക്ഷേത്രത്തിന്​ അകത്തു പ്രവേശിക്കാൻ കഴിയൂ. വെളുപ്പിന് നാല്​ മണിക്ക് വന്നാൽ വലിയ തിരക്ക് അനുഭവപ്പെടില്ല എന്ന് കേട്ടിട്ടുണ്ട്.

അഞ്ച്​ മണിക്കാണ് സിഖ് ഗുരുദ്വാരയിൽ നിന്നുള്ള ആദ്യത്തെ പ്രകാശ് ഭജന ആരംഭിക്കുന്നത്. ഇത്​ കേട്ടാണ് അമൃത്​സറിന്​ ചുറ്റുമുള്ള നഗരങ്ങൾ ഉണരുന്നത്. ഒപ്പം സിഖ് മത വിശ്വാസികളുടെയും ഒരു ദിവസത്തി​െൻറ ആരംഭം ഈ പ്രകാശ് ഭജനയിലൂടെയാണ്​. സിഖ് മതവിശ്വാസികൾ ദൈനംദിനമായി ചെയ്ത് തീർക്കേണ്ട കാര്യങ്ങളാണ് ഈ ഭജനയിലൂടെ വ്യക്തമാക്കുന്നത്. വൈകുന്നേരവും ഭജനയുണ്ട്. ഇത്​ സൗഹസ്സൻ എന്ന പേരിൽ അറിയപ്പെടുന്നു. ഓരോ ഭജനയും ഒന്നര മണിക്കൂർ നീളും. ഉച്ചക്കും ഭജനകൾ കേൾക്കാൻ കഴിയും.

golden temple

സിഖ്​ മതത്തി​െൻറ ഉദ്​ഭവം

16ാം നൂറ്റാണ്ടിലാണ്​ സിഖ്​ മതം രൂപംകൊള്ളുന്നത്​. ഹിന്ദുമതത്തിലെയും ഇസ്​ലാമിലെയും സാരാംശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്​ ഗുരു നാനാക് ഒരു പുതിയ മതത്തിന് രൂപം നൽകുകയായിരുന്നു. സംസ്കൃതപദമായ സിക്‌സാ (ശിഷ്യ) എന്ന പദത്തിൽ നിന്നാണ് സിഖ് എന്ന പേര് ഉടലെടുത്തത്. ഗുരു നാനാക്കി​െൻറ വിശ്വാസപ്രമാണങ്ങളാണ് സിഖ് സമൂഹങ്ങളുടെ വിശ്വാസത്തി​െൻറ ആധാരം. ഗുരു നാനാക്കി​െൻറ വിശ്വാസപ്രമാണങ്ങൾ ഹിന്ദു - മുസ്​ലിം വിശ്വാസ രീതികളെ കൂട്ടിയിണക്കി കൊണ്ടുള്ളതായിരുന്നു. ഇവരുടെ പുണ്യ ഗ്രന്ഥമാണ് ഗുരു ഗ്രന്ഥ സാഹിബ്.

മുസ്​ലിം കവിയായിരുന്ന കബീർദാസി​െൻറ സന്ദേശങ്ങളിൽനിന്നും പ്രചോദനം നേടിയ വ്യക്​തിയായിരുന്നു ഗുരുനാനാക്ക്. സിഖ് മതത്തിലെ ആചാരങ്ങൾക്ക് ഇസ്​ലാം മത ആചാരങ്ങളോട് വളരെയേറെ സാമ്യമുണ്ട്. അതിൽ ഒന്നാമത്തേത്​ വിഗ്രഹ ആരാധനയെ ഗുരു നാനാക് നഖശിഖാന്തം എതിർത്തിരുന്നുവെന്നതാണ്​. ജാതിവിഭജനത്തെയും അദ്ദേഹം എതിർത്തു. മത സൗഹാർദത്തിന് ആയിരുന്നു കൂടുതൽ മുൻഗണന നൽകിയത്.

amritsar

ഇസ്​ലാം മത വിഭാഗക്കാർ കണ്ടുമുട്ടുമ്പോൾ അസ്സലാമു അലൈകും എന്ന് പറഞ്ഞു പരസ്പരം അഭിസംബോധന ചെയ്യുന്നപോലെ സിഖുകർ കണ്ടുമുട്ടുമ്പോൾ സത് ശ്രീ അകാൽ (സത്യം അനന്തം) എന്ന് പറയാറുണ്ട്. ഇസ്​ലാം കാര്യം അഞ്ചു എന്ന് പറയുന്നത് പോലെ സിഖ് മതക്കാർ പിന്തുടരേണ്ട അഞ്ചു 'ക' നിയമങ്ങളും ഉണ്ട്.

1. കേശം അഥവാ മുടി.

ഇവരുടെ മതനിയമ പ്രകാരം തലമുടി മുറിക്കുന്നത് നിഷിദ്ധമാണ്. നീണ്ട മുടി തലക്ക്​ മുകളിൽ ഗോളാകൃതിയിൽ കെട്ടി​െവക്കുന്നു. ചിങ്ങോങ്ങു എന്നാണ് ഇതിന്​ പറയുന്നത്. അതിനു ശേഷം ഒരു തലപ്പാവ് കൊണ്ട് കെട്ടി അതിനെ മറക്കുന്നു. ചിലർ താടിയും നീട്ടി വളർത്തുന്നുണ്ട്. നീട്ടി വളർത്തിയ താടിയെ കറുത്ത നിറമുള്ള നെറ്റ് പോലുള്ള തുണി കൊണ്ട് ഒതുക്കി കെട്ടി​വെക്കുന്നു.

2. കൃപാൺ

നീളം കുറഞ്ഞ ഒരു വാൾ ആണിത്. സിഖുകാരുടെ ഉടലിൽ തൂക്കിയിട്ടിരിക്കും. അവരുടെ മത നിയമപ്രകാരം നിർബന്ധമായും ഈ വാൾ കൈയിൽ കരുതണം എന്നാണ്​. എങ്കിലും ഇപ്പോഴത്തെ തലമുറ വാൾ കൊണ്ടുനടക്കുന്നത്​ കുറവാണ്​.

3. കഛു

സിഖുകാർ ധരിക്കുന്ന ഒരുതരം അടിവസ്ത്രം.

4. കാര

പുരുഷന്മാരുടെ വലത്തെ കൈയിൽ ധരിക്കുന്ന സ്റ്റീൽ വള. ചില സ്ത്രീകളും ഇത് ധരിക്കുന്നുണ്ട്.

5. കംഘ

പ്രത്യേക മരത്തി​െൻറ തടി കഷ്ണം ചീകിയുണ്ടാക്കിയ ചീർപ്പാണിത്. തലക്ക്​ മുകളിൽ ഗോളാകൃതി പോലെ കെട്ടി​െവച്ച വട്ടകെട്ടിൽ ഇത് കുത്തി ഇറക്കിവെക്കുന്നു.

യാചകരില്ലാത്ത മതം

സിഖ് മതസ്ഥാപകൻ ഗുരു നാനാക് ആണെങ്കിലും സിഖ് മതത്തെ ചിട്ടപ്പെടുത്തിയത് ഗുരു ഗോവിന്ദ് സിംഗ് ആണ്. അദ്ദേഹമാണ് വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങൾക്കും ജീവിത രീതികൾക്കും രൂപംനൽകിയത്. അഞ്ചു 'ക' എന്ന മതനിയമങ്ങൾ തയാറാക്കിയതും അദ്ദേഹമാണ്. 11 ഗുരുക്കന്മാരിൽനിന്നും പകർന്ന സിഖ് മതം ഇന്ന് ഇന്ത്യയിൽ രണ്ടു കോടിയോളം വിശ്വാസികളിൽ എത്തിച്ചേർന്നു. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സംഘടിത മതവും ഇതാണ്.

amritsar

മറ്റൊരു മതത്തിലും കാണാത്ത ഒരു പ്രത്യേകത കൂടി സിഖ് മതത്തിന്​ പറയാനുണ്ട്. യാചകർ ഇല്ല എന്നതാണത്​​. അതിന് ​പിന്നിലെ കാരണം അവരുടെ ഐക്യമാണ്. തങ്ങളിൽ ഒരാൾ സാമ്പത്തിക പിന്നാക്കാവസ്ഥയിൽ എത്തുമ്പോൾ അവരെ തിരികെ പഴയ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടുവരേണ്ടത് യഥാർത്ഥ സിഖ് മത വിശ്വാസികളുടെ കടമയായിട്ടാണ് അവർ കരുതുന്നത്. അവർക്ക് ജീവിക്കാൻ വേണ്ട സാഹചര്യങ്ങൾ ചെയ്തുകൊടുത്ത്​ മുന്നോട്ട്​ കൊണ്ടുവരും.

സമൂഹത്തി​െൻറ താഴെത്തട്ടിലുള്ള സിഖ് മത വിശ്വാസികൾ ചെറിയ പെട്ടിക്കട നടത്തിയും തെരുവ് കച്ചവടം നടത്തിയും ഓട്ടോ ഓടിച്ചും ജീവിക്കുന്നവരുണ്ട്. എന്നിരുന്നാൽ പോലും ആരുടെ മുന്നിലും അവർ കൈനീട്ടാൻ വരില്ല. ആരുടെ മുന്നിലും ഭിക്ഷ യാജിക്കില്ല. സ്വയം അധ്വാനിച്ച്​ ജീവിച്ച്​ അതിൽ ആനന്ദം കണ്ടെത്തുന്ന ഇവർ പൊതുവെ ധൈര്യശാലികളും ആത്മാഭിമാനികളുമാണ്.

golden temple Amritsar

കൈയിൽ പണം ഒന്നുമില്ലെങ്കിലും ആഹാരം കഴിക്കാൻ അമൃത്​സർ പോലുള്ള സ്​ഥലങ്ങളിലെ ഗുരുദ്വാരകളിലെ ഊട്ടുപുരകൾ ഉള്ളടത്തോളം കാലം ആർക്കും ഭിക്ഷ യാചിക്കേണ്ട അവസ്ഥ വരില്ല എന്നത് മറ്റൊരു സത്യം. അമൃത്​സറി​െൻറ കാഴ്ചകളിൽ ഏറ്റവും കൂടുതൽ ആശ്ചര്യപ്പെടുത്തിയത് അവിടത്തെ ഊട്ടുപുരകളാണ്. ലങ്കാർ എന്നാണ്​ അതി​നെ വിളിക്കുന്നത്​.

ഒരേസമയം ആയിരത്തിലധികം പേർ ഇവിടെ ജോലി ചെയ്യുന്നു. ഒരു വശത്തു ഭക്ഷണം വിളമ്പുന്ന കാഴ്ച. മറുവശത്തു പാത്രങ്ങൾ വൃത്തിയായി കഴുകുന്നവർ. വരിവരിയായി കയറുന്നവർക്ക്​ പ്ലേറ്റും സ്പൂണും കൊടുക്കുന്നു ചിലർ. ഒരു നിമിഷംപോലും വിശ്രമിക്കുന്ന ഒരാളെപ്പോലും അവിടെ കാണാൻ കഴിയില്ല. സദാസമയം പണിയെടുത്തു കൊണ്ടേയിരിക്കുന്നു.

golden temple

ജീവനക്കാരിൽനിന്ന്​ ​േപ്ലറ്റും സ്പൂണും വാങ്ങി വലിയൊരു ഹാളിന്​ അകത്തേക്ക്​ പോയി തറയിൽ ഇരിക്കണം. ഭക്ഷണം വിളമ്പുന്നതു തന്നെ ഒരു പ്രത്യേക രീതിയിലാണ്. ഗോതമ്പ് റൊട്ടി രണ്ടു കൈയും ചേർത്തുപിടിച്ചു കൈ കുമ്പിളിൽ വാങ്ങണം. നാലു അറകൾ ഉള്ള പാത്രങ്ങളാണ് ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്നത്.

അതിൽ ഒരു അറയിൽ ചെറുപയർ കറി. മറ്റൊരു അറയിൽ ദാൽ കറി. പിന്നെ പാൽ പായസം. അവിടത്തെ പാൽ പായസത്തി​െൻറ രുചി മറ്റെവിടന്നും എനിക്ക് കിട്ടിയിട്ടില്ല. ഉണക്കലരിയും പഞ്ചസാരയും ചേർത്ത് പശുവിൻ പാൽ കൊണ്ട് ഉണ്ടാക്കിയ സ്വാദിഷ്‌ഠമായ വിഭവമായിരുന്നുവത്​.

golden temple

ഭക്ഷണം കഴിച്ച്​ കഴിയാറാകുമ്പോൾ മധുരമുള്ള റവ കേസരി കൂടി കൊണ്ടുതരും. ഉച്ചക്ക്​ 12 മുതൽ രണ്ട്​ വരെയും രാത്രി ഏ​ഴ്​ മുതൽ ഒമ്പത്​ വരെയും ഗോതമ്പ്​ റൊട്ടിക്കൊപ്പം അരി ആഹാരവും ഉണ്ടാകും. ഭക്ഷണം കഴിച്ച ശേഷം പാത്രവും സ്പൂണും കപ്പും എടുത്ത്​ വെളിയിലേക്ക്​ നടക്കണം. കൈ കഴുകുന്ന സ്ഥലത്തേക്ക് പോകുമ്പോൾ ഭക്ഷണം കഴിച്ച പ്ലേറ്റ് നമ്മുടെ കൈയിൽ നിന്നും വാങ്ങാൻ ജോലിക്കാർ വരിവരിയായി നിൽപ്പുണ്ട്. അവർ അതുവാങ്ങി നല്ല വൃത്തിയോടെ കഴുകിവെക്കുന്നു.

ലക്ഷക്കണക്കിന് ജനങ്ങൾ ദിവസവും അമൃത്​സർ സന്ദർശിക്കുന്നുണ്ട്​. അതിൽ പതിനായിരത്തിലധികം ജനങ്ങൾ ഭക്ഷണം കഴിക്കാൻ ലങ്കാറിലേക്ക് വരുന്നു. അവർക്ക്​ മതിവരുവോളം ഭക്ഷണം കൊടുക്കുന്നു. ഇതിനായി മാറി മാറി ജീവനക്കാർ രാപകൽ ഇല്ലാതെ ജോലി ചെയ്യുന്നു.

ഇന്ത്യയിൽ മറ്റൊരു സ്ഥലത്തും ഇതുപോലെയൊരു കാഴ്ച ഞാൻ കണ്ടിട്ടില്ല. അതിനേക്കാൾ പ്രാധാന്യമുള്ള മറ്റൊരു കാര്യം, ഈ പ്രവൃത്തികൾ ചെയുന്നത് അവിടെ ജോലിക്കായി നിയോഗിച്ച ജീവനക്കാർ മാത്രമല്ല. അമൃത്​സർ ദേശത്തുള്ള ജനങ്ങളും ഉണ്ട്. അതിൽ പാവപ്പെട്ടവനും പണക്കാരനും ഉണ്ട്. സർക്കാർ​ ജീവനക്കാരെയും കാണാം. പക്ഷേ എല്ലാവരും വലിപ്പ ചെറുപ്പം ഇല്ലാതെ ജോലി ചെയ്യുന്നു. അതാണ് സിഖ് ജനതയുടെ ഗുരുഭക്തി.

golden temple

നമ്മുടെ അമ്പലങ്ങളിലും പള്ളിയിലുമുള്ള ഭണ്ഡാര പെട്ടിയിൽ നാണയ തുട്ടുകളിട്ട്​ നേർച്ചയും വഴിപാടും നടത്തി ദൈവത്തിലേക്ക്​ അടുക്കുന്നപോലെ അവർ വിശക്കുന്നവർക്ക്​ ആഹാരം നൽകി ഗുരു ഭക്തിയിലേക്ക്​ അടുക്കുന്നു. എത്ര മഹത്തായ കാര്യമാണ് ചെയ്യുന്നത്. ഇങ്ങനെ ആയിരത്തോളം പേരുടെ കഠിനാധ്വാനത്തി​െൻറ ഫലമാണ് ലക്ഷക്കണക്കിന് ആൾക്കാർ വന്നുപോയിട്ടും അമൃത്​സർ ക്ഷേത്രവും പരിസരവും അതീവ വൃത്തിയോടെ കിടക്കുന്നത്. അനാവശ്യമായി ഒരു കടലാസ് തുണ്ടുപോലും എങ്ങും കാണാൻ കഴിയില്ല.

രാത്രി താമസിക്കാൻ ഡോർമെറ്ററി സംവിധാനം ഉണ്ടങ്കിലും അത് കിട്ടാൻ വളരെ പ്രയാസമാണ്. പെട്ടെന്ന് തന്നെ അത് നിറയും. അവിടെ വരുന്ന ഒട്ടുമിക്ക പേരും ക്ഷേത്രത്തി​െൻറ ഏതെങ്കിലും ഒരു ഭാഗത്ത്​ ബെഡ്ഷീറ്റ് വിരിച്ചു ഉറങ്ങാറാണ്​ പതിവ്​. അത്രയും വൃത്തിയുള്ള സ്ഥലം ആയതിനാൽ യാതൊരു പ്രശ്നവുമില്ല. പക്ഷെ ഉറങ്ങുമ്പോൾ മൊബൈലും പഴ്‌സുമൊക്കെ സൂക്ഷിക്കണം. മോഷണം വളരെ കൂടുതലാണ്​. ജനങ്ങളെ കൊള്ളയടിക്കാൻ വേണ്ടി മാത്രം അമൃത്​സറിലേക്ക് വരുന്ന കള്ളന്മാരും ഉണ്ട്.

punjab

ക്ഷേത്ര പരിസരത്ത്​ നിരവധി ലോഡ്‌ജുകൾ ലഭ്യമാണ്​. 500 രൂപ മുതലാണ് ഡബിൾ റൂമി​െൻറ റേറ്റ്. ഒരു റൂമിൽ പരമാവധി നാലുപേർക്ക്​ താമസിക്കാം. കൊള്ള ലാഭമൊന്നും അവർ വാങ്ങില്ല. ഇതിൽ നിന്നൊക്കെ മനസ്സിലാകുന്നത് സിഖ് വിശ്വാസം മുറുകെ പിടിച്ച്​ ജീവിക്കുന്നവർക്ക്​ ഒരിക്കലും ആരെയും പറ്റിക്കുവാനോ ചതിക്കുവാനോ കഴിയുകയില്ല എന്നതാണ്.

ഗുരു നാനാക്കി​െൻറ പ്രബോധനത്തിൽ ആകൃഷ്​ടരായി സിഖ് മതം പിന്തുടർന്ന പുരുഷന്മാർക്ക്​ സിംഹം എന്നർത്ഥം വരുന്ന സിങ് എന്നും സ്ത്രീകൾക്ക്​ സിംഹിണി എന്നർത്ഥം വരുന്ന കൗർ എന്നും പേരിനോടൊപ്പം ചാർത്തിക്കൊടുക്കും. പേര് പോലെ തന്നെ ഡൽഹിയിൽ നടക്കുന്ന കർഷക സമരങ്ങളിൽ ഗർജിക്കുകയാണ് അവർ. മുന്നിൽനിന്ന് പട പൊരുന്നു. ജല പീരങ്കികൾക്ക്​ മുമ്പിൽ നെഞ്ചും വിരിച്ചു നിന്നുകൊടുക്കുന്നു.

അവരുടെ പോരാട്ടം റിപബ്ലിക്​ ദിനത്തിൽ ചെ​േങ്കാട്ടയുടെ ഉള്ളിൽ വരെയെത്തി. മണ്ണിൽ പൊന്നു വിളയിക്കാൻ മാത്രമല്ല,. അടിപതറാതെ സമരപാതയിൽ ​െഎക്യത്തോടെ മുന്നിൽ നിൽക്കാനും വേണ്ട സമയങ്ങളിൽ പ്രതികരിക്കാനും കഴിയുമെന്ന് അവർ വീണ്ടും വീണ്ടും തെളിയിക്കുന്നു.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PunjabAmritsar
Next Story