തായ്ലൻഡ്, കാഴ്ചക്കപ്പുറം
text_fieldsനെടുമ്പാശ്ശേരിയിൽനിന്ന് ബാങ്കോക്കിലെത്തിയപ്പോഴേക്ക് നേരം പുലർന്നിരുന്നു. മണിക്കൂറുകൾ യാത്ര ചെയ്തുവേണം ബാങ്കോക്കിൽനിന്ന് പട്ടായയിലെത്താൻ. തായ്ലൻഡിലെ പ്രധാന സന്ദർശക കേന്ദ്രമാണ് പട്ടായയിലെ ടൈഗർ പാർക്ക്. കടുവകളുടെയും പുലികളുടെയും വിശാല പ്രപഞ്ചം. കൂട്ടിലുള്ള കടുവകളെ കണ്ടശേഷം ടിക്കറ്റെടുത്ത് ഗ്ലാസുകൊണ്ട് മറച്ച ഓട്ടോറിക്ഷപോലുള്ള വാഹനത്തിൽ കയറി യാത്ര തുടങ്ങി. പരിശീലനം ലഭിച്ച കടുവകളാണ് മിക്കതും. പലതും ഇവിടെത്തന്നെ ജനിച്ചവയായതുകൊണ്ട് മനുഷ്യനുമായി ഏറെ ഇണങ്ങിയിരിക്കുന്നു.
ഫ്ലോട്ടിങ് മാർക്കറ്റ്
വിശാലമായ ജലാശയത്തിനകത്ത് മരക്കാലുകൾകൊണ്ടും പലകകൾകൊണ്ടും പടുത്തുയർത്തിയ കൊച്ചു നഗരം. വള്ളത്തിലൂടെയും വഞ്ചിയിലൂടെയുമാണ് ഫ്ലോട്ടിങ് മാർക്കറ്റിന്റെ കവാടത്തിലെത്തേണ്ടത്. വെള്ളത്തിലുറപ്പിച്ച് നിർമിച്ച കടകളാണ് ഇവിടത്തെ മുഖ്യ ആകർഷണം. വഞ്ചിയാത്ര അവസാനിക്കുന്നത് വ്യാപാര സ്ഥാപനങ്ങൾ തുടങ്ങുന്നിടത്താണ്. വിവിധതരം തായ് പാനീയങ്ങളും ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ നിറഞ്ഞ കടകൾ. കടയുടെ മുന്നിൽ നിരത്തിവെച്ച വിവിധതരം ഭക്ഷ്യവിഭവങ്ങളാണ് ഇവിടത്തെ മുഖ്യ ആകർഷണം. തേൾ, പുഴു, മുതല, ചീവീട്, പുൽച്ചാടി എന്നിവയെല്ലാം ഫ്രൈ ചെയ്തു വിൽപനക്കൊരുക്കിയിരിക്കുന്നു.
നോങ് നൂച് വില്ലേജ്
വിവിധ രാജ്യങ്ങളിൽനിന്നുള്ള പലയിനം കലാപരിപാടികളും നിശ്ചലദൃശ്യങ്ങളും ടാബ്ലോകളുമൊക്കെയാണ് നോങ് നൂച് വില്ലേജിൽ വരവേറ്റത്. ആനകളുടെ അഭ്യാസപ്രകടനങ്ങളും കലാകായിക പരിപാടികളും അടങ്ങുന്ന എലിഫന്റ് ഷോയുമുണ്ട്. ആനകളുടെ ഫുട്ബാളും വോളിബാളും അഭ്യാസപ്രകടനങ്ങളും അരങ്ങേറുന്നു. സഞ്ചാരികളെ തുമ്പിക്കൈയിൽ പൊക്കി ഫോട്ടോക്ക് പോസ് ചെയ്യുന്നതും കൊമ്പുകൾക്കിടയിൽ ചേർത്തുപിടിച്ച് ചിന്നംവിളിക്കുന്നതുമെല്ലാം കൗതുകമുണർത്തും.
തായ് ട്രോപിക്കൽ ഗാർഡൻ
ഏക്കറുകൾ വ്യാപിച്ചുകിടക്കുന്ന ഉദ്യാനമാണ് ട്രോപിക്കൽ ഗാർഡൻ. ആയിരക്കണക്കിന് സസ്യജാലങ്ങളും പൂവിനങ്ങളും ഫലങ്ങളും നിറഞ്ഞിരിക്കുന്നു. ശലഭക്കൂട്ടങ്ങളും വണ്ടുകളും പൂത്തുമ്പികളുമെല്ലാം ഉദ്യാനത്തിന് നിറപ്പകിട്ടേകുന്നു. ഉദ്യാനത്തിലേക്ക് പോകുന്ന വഴിയോരങ്ങളിൽ കല്ലിലും മെഴുകിലും തീർത്ത ശിൽപങ്ങൾ കാണാം. ചിത്രകലകളുടെയും മായിക ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന സങ്കേതം തന്നെയാണ് ആർട്ട് ഗാലറിയും മ്യൂസിയവും.
കോറൽ ഐലൻഡും ബിഗ് ബുദ്ധ ടെമ്പിളും
കോറൽ ഐലൻഡിലേക്കായിരുന്നു മറ്റൊരു യാത്ര. ഈ തീരം തേടിപ്പോകുന്ന സഞ്ചാരികളുടെ പെരുപ്പം ബോട്ട് ജട്ടിയിൽ തിരക്കുണ്ടാക്കുന്നു. ഏറെ സഞ്ചരിച്ചാണ് കോറൽ ഐലൻഡിലെത്തിയത്. ഇരുകരകളിലും കാടുകളും കുന്നുകളും ചെങ്കുത്തായ പാറകളും നിറഞ്ഞ പ്രദേശങ്ങൾക്കിടയിലൂെടയായിരുന്നു യാത്ര. കടലിന് കൂടുതൽ ആഴമില്ലാത്തതിനാൽ കരയിൽനിന്നും ഏറെദൂരം നടന്നുപോകാനും ഇവിടെ കഴിയും.
ബിഗ് ബുദ്ധ ടെംപിളാണ് മറ്റൊരു ആകർഷണം. ഭീമാകാരമായ ബുദ്ധ പ്രതിമതന്നെയാണ് ഇവിടത്തെ പ്രത്യേകത. ക്ഷേത്രം സ്ഥിതിചെയ്യുന്നത് കുന്നിൻ മുകളിലായതിനാൽ ഇവിടെനിന്നുള്ള പ്രകൃതിദൃശ്യം ആരുടെയും മനസ്സിൽ പതിയും.
തിരികെ ബാങ്കോക്കിലേക്കുള്ള വഴിയിലായിരുന്നു പ്രശസ്തമായ ജെം ഗാലറി. വിവിധതരം രത്നാഭരണ നിർമാണവും വിപണനവുമാണിവിടെ. വിശാലമായ ബഹുനില കെട്ടിടത്തിൽ മനോഹരമായി അടുക്കിവെച്ച ആഭരണങ്ങൾ. കരവിരുതുകൊണ്ടും കൊത്തുപണികൊണ്ടും ആകർഷകമായ രത്നമാലകളുടെ വൈവിധ്യം ഇവിടെ കാണാം.
സഫാരി പാർക്ക്
സഫാരി പാർക്കിലേക്കായിരുന്നു പിന്നീടുള്ള യാത്ര. വന്യമൃഗങ്ങളും പക്ഷികൂട്ടങ്ങളും സ്വൈരവിഹാരം നടത്തുന്ന വിശാലമായ കേന്ദ്രം. കടുവ, സിംഹം, കാട്ടുപോത്ത്, സീബ്രാ, ജിറാഫ്, വിവിധതരം മാനുകൾ തുടങ്ങി എല്ലാതരം മൃഗങ്ങളും പക്ഷികളും ഇവിടെ വിഹരിക്കുന്നുണ്ട്. വാഹനങ്ങളിൽ മാത്രമേ ഈ സങ്കേതത്തിലേക്ക് പ്രവേശനമുള്ളൂ. ഒറാങ്ങ് ഉൗട്ടാന്റെ അഭ്യാസപ്രകടനവും കാണാം.
ഡോൾഫിൻ ഷോയായിരുന്നു വിസ്മയിപ്പിച്ച മറ്റൊന്ന്. പരിശീലകരുടെ നിർദേശമനുസരിച്ച് ചാടുകയും മറിയുകയും ചെയ്യുന്ന ഡോൾഫിനുകളെ കണ്ടിരുന്നുപോകും.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

