പശുവിന്‍റെ അഴക് നോക്കി സമ്മാനം നൽകുന്നൊരിടം; സ്വിറ്റ്‌സർലൻഡിലെ കൗതുകമുണർത്തുന്ന 'ഗോ സുന്ദരി' മത്സരങ്ങൾ!
text_fieldsവിമാനമിറങ്ങി സൂറിക് എയർപോർട്ടിന്റെ ടെർമിനലിൽ കാലുകുത്തുമ്പോൾ തന്നെ സന്ദർശകരെ കാത്തിരിക്കുന്നത് തികച്ചും കൗതുകം നിറഞ്ഞൊരു അനുഭവമാണ്. പുറത്തേക്കുള്ള യാത്രയ്ക്കായി ഭൂഗർഭ ട്യൂബ് ട്രെയിനിൽ കയറുമ്പോൾ കാതുകളിൽ മുഴങ്ങുന്നത് പശുക്കളുടെ അമറലും കഴുത്തിലെ വലിയ മണികളുടെ കിലുക്കവുമാണ്. ഒപ്പം ആൽപ്‌സ് മേഖലയിലെ നാടൻ സംഗീതവും കൂടി ചേരുമ്പോൾ, ലോകത്ത് മറ്റെവിടെയും ലഭിക്കാത്തവിധം സ്വിസ് ഗ്രാമങ്ങളുടെ തനിമയിലേക്ക് സഞ്ചാരികൾ സ്വാഗതം ചെയ്യപ്പെടുന്നു.
എയർപോർട്ടും നഗരത്തിരക്കുകളും പിന്നിട്ട് രാജ്യത്തിന്റെ ഉൾനാടുകളിലേക്ക് കടക്കുമ്പോൾ കാഴ്ചകൾ കൂടുതൽ മനോഹരമാകുന്നു. പച്ചപ്പുനിറഞ്ഞ കുന്നുകളും താഴ്വാരങ്ങളും തടാകങ്ങളും പശ്ചാത്തലത്തിൽ തലയുയർത്തി നിൽക്കുന്ന ആൽപ്‌സ് പർവ്വതനിരകളും ഏത് ക്യാമറ ലെൻസിലും അതിശയകരമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ഇടയ്ക്കിടെ മുഴങ്ങുന്ന പള്ളിമണികളുടെയും കന്നുകാലികളുടെ മണിനാദത്തിന്റെയും ഒപ്പം ട്രാക്ടറുകളുടെ ഇരമ്പം കൂടിയാകുമ്പോൾ സ്വിസ് ഗ്രാമീണ ജീവിതത്തിന്റെ പശ്ചാത്തല സംഗീതം പൂർണ്ണമാകുന്നു.
മനുഷ്യരുടെ സൗന്ദര്യ മത്സരങ്ങൾ ലോകമെമ്പാടും സാധാരണമാണെങ്കിലും, സ്വിറ്റ്‌സർലൻഡിൽ എത്തുമ്പോൾ സംഗതി കുറച്ചുകൂടി വ്യത്യസ്തമാകും. ഇവിടെ യഥാർത്ഥ 'മിസ് സ്വിറ്റ്‌സർലൻഡ്' കിരീടത്തിനായി മത്സരിക്കുന്നത് സുന്ദരികളായ മനുഷ്യരല്ല, മറിച്ച് അഴകുള്ള പശുക്കളാണ്! രാജ്യത്തെ മിക്ക ഗ്രാമങ്ങളിലും വർഷംതോറും വിപുലമായി ഇത്തരം ഗോ സുന്ദരി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. നൂറ്റാണ്ടുകളുടെ കാർഷിക പാരമ്പര്യവും കന്നുകാലി സംരക്ഷണ സംസ്കാരവും ഇഴചേർന്ന സവിശേഷമായ ഒരു ആഘോഷമാണിത്.
സ്വിറ്റ്സർലൻഡിലെ സാമ്പത്തിക അടിത്തറയായ ക്ഷീരവ്യവസായത്തിന്റെ കേന്ദ്രബിന്ദു പശുക്കളാണ്. പാൽ, ചീസ്, വെണ്ണ എന്നിവയുടെ ഉൽപാദനത്തിലൂടെ രാജ്യത്തിന്റെ പ്രശസ്തി ലോകമെമ്പാടും എത്തിക്കുന്ന ഈ മൃഗങ്ങൾ സ്വിസ് ജനതയ്ക്ക് വെറും വളർത്തുമൃഗങ്ങൾ മാത്രമല്ല, കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ്. മാസങ്ങളോളം നീളുന്ന സൂക്ഷ്മമായ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് കർഷകർ തങ്ങളുടെ പ്രിയപ്പെട്ട പശുക്കളെ ഈ മത്സരവേദികളിലേക്ക് എത്തിക്കുന്നത്.
മത്സരത്തിനായി പശുക്കളെ പ്രത്യേകമായി കുളിപ്പിച്ച്, രോമങ്ങൾ വെട്ടി മിനുക്കി, പരമ്പരാഗത അലങ്കാരപ്പട്ടകളും മണികളും അണിയിച്ചാണ് അവതരിപ്പിക്കുന്നത്. എന്നാൽ ബാഹ്യമായ അഴകിനേക്കാൾ കന്നുകാലികളുടെ സ്വാഭാവിക ആരോഗ്യത്തിനാണ് മുൻഗണന നൽകുന്നത്. ശരീരഘടന, അസ്ഥികളുടെ ബലം, കാലുകളുടെയും പൃഷ്‌ഠത്തിന്റെയും ചന്തം, നടപ്പ്, അകിടിന്റെ രൂപം, പാൽ ഉൽപാദനക്ഷമത എന്നിവയെല്ലാം സൂക്ഷ്മമായി പരിശോധിച്ചാണ് ജഡ്ജിമാർ വിജയികളെ കണ്ടെത്തുന്നത്. മികച്ച ജനിതക ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ശാസ്ത്രീയ മാർഗ്ഗം കൂടിയാണ് ഈ മത്സരങ്ങൾ.
ഈ മേളകൾ വെറുമൊരു കന്നുകാലി പ്രദർശനമല്ല, മറിച്ച് ഗ്രാമീണർ ഒന്നിക്കുന്ന വലിയൊരു ഗ്രാമോത്സവമാണ്. പരമ്പരാഗത വേഷധാരികളായെത്തുന്ന ഗ്രാമവാസികളും കുട്ടികളും പ്രാദേശിക വിഭവങ്ങളുംകൊണ്ട് മേളകൾ സജീവമാകുന്നു. കൂടാതെ, വേനൽക്കാലത്തിന് ശേഷം ആൽപ്സ് മലനിരകളിൽ നിന്ന് പശുക്കളെ ഗ്രാമങ്ങളിലേക്ക് തിരികെ കൊണ്ടവരുന്ന 'ആൽപ് ഇറക്കോത്സവം' പോലുള്ള ആഘോഷങ്ങളും സ്വിസ് സംസ്കാരത്തിന്റെ മുഖമുദ്രയാണ്.
നഗരങ്ങളുടെ ആധുനികതയ്ക്കപ്പുറം തങ്ങളുടെ പാരമ്പര്യത്തെയും പ്രകൃതിയെയയും കൈവിടാതെ സംരക്ഷിക്കുന്ന സ്വിസ് ജനതയുടെ ജീവിതരീതിയാണ് ഈ ഗോ സുന്ദരി മത്സരങ്ങൾ അടയാളപ്പെടുത്തുന്നത്. മൃഗങ്ങളെ വെറും ഉൽപാദനോപാധിയായി കാണാതെ, പ്രകൃതിയോടും മനുഷ്യനുമൊപ്പം ഇണങ്ങിനിൽക്കുന്ന സംസ്കാരത്തിന്റെ പ്രതീകമാണ് സ്വിറ്റ്‌സർലൻഡിലെ ഈ കന്നുകാലി ആഘോഷങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

