കടുത്ത ചൂടല്ലേ... മനസും ശരീരവും തണുപ്പിക്കാൻ ഒരു വേനൽയാത്ര നടത്തിയാലോ?
text_fieldsതിരക്കേറിയ ജീവിതത്തിൽ നിന്നും നിലവിലെ കടുത്ത ചൂടിൽനിന്നും ശമനം ലഭിക്കാൻ ഹിമാലയത്തിന്റെ മടിത്തട്ടിൽ ശാന്തമായ ഒരിടം തേടുന്നവർക്ക് ഉത്തരാഖണ്ഡിലെ മന വാലി (Mana Valley) വേനൽക്കാലങ്ങളിൽ പ്രിയപ്പെട്ട ഇടമാകുന്നു. ഇന്തോ-ടിബറ്റൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ താഴ്വര, പ്രകൃതിഭംഗി കൊണ്ടും സാംസ്‌കാരിക പ്രാധാന്യം കൊണ്ടും സഞ്ചാരികളെ വിസ്മയിപ്പിക്കുകയാണ്.
കഠിനമായ ശൈത്യകാലത്ത് മഞ്ഞുമൂടി കിടക്കുന്ന മന വാലി, വേനൽക്കാലത്താണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടുത്തെ കുളിർമയുള്ള കാലാവസ്ഥ മികച്ച അനുഭവം നൽകുന്നു. കൂടാതെ മഞ്ഞുരുകി തുടങ്ങുന്നതോടെ പച്ചപ്പും മലനിരകളും തെളിഞ്ഞു വരുന്നത് കാണാൻ സാധിക്കും. തടസ്സങ്ങളില്ലാത്ത റോഡ് ഗതാഗതവും ട്രെക്കിങ്ങിന് അനുയോജ്യമായ സാഹചര്യവും മന വാലിയിലെ വേനൽക്കാലത്തിന്റെ പ്രത്യേകതയാണ്.
ഇന്ത്യയിലെ അവസാന ഗ്രാമം
ചമോലി ജില്ലയിൽ ബദരീനാഥിന് സമീപമാണ് മന വാലി സ്ഥിതി ചെയ്യുന്നത്. 'ഇന്ത്യയിലെ അവസാന ഗ്രാമം' എന്നറിയപ്പെടുന്ന ഇവിടം പുരാണങ്ങളുമായും ഐതിഹ്യങ്ങളുമായും ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നു. പ്രകൃതിസ്‌നേഹികൾക്കും ചരിത്രാന്വേഷികൾക്കും ഒരുപോലെ പ്രിയപ്പെട്ട നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. സരസ്വതി നദി, സരസ്വതി നദിക്ക് കുറുകെ ഭീമൻ നിർമിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പ്രകൃതിദത്തമായ ഭീം പുൽ ശിലാപാലം, പുരാണങ്ങളുമായി ബന്ധപ്പെട്ട പവിത്രമായ വ്യാസ ഗുഹ എന്നിവക്ക് പുറമെ ഹിമാലയൻ ഗോത്ര സംസ്കാരം തൊട്ടറിയാൻ സാധിക്കുന്ന മന ഗ്രാമം സഞ്ചാരികൾക്ക് പുതിയൊരു അനുഭവം വാഗ്‌ദാനം ചെയ്യുന്നു.
എങ്ങനെ എത്തിച്ചേരാം?
ഹിമാലയൻ വിസ്മയങ്ങളുടെ താഴ്വരയായ മന വാലിയിലേക്ക് വിമാനം, ട്രെയിൻ, റോഡ് എന്നീ ഗതാഗത മാർഗങ്ങൾ ഉപയോഗപ്പെടുത്തി എത്തിച്ചേരാം. വിമാന മാർഗമാണെങ്കിൽ ഡെറാഡൂണിലെ ജോളി ഗ്രാന്റ് എയർപോർട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ട്രെയിൻ യാത്ര തെരഞ്ഞെടുക്കുന്നവർക്ക് ഋഷികേശ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം റോഡ് മാർഗ്ഗം യാത്ര തുടരാം. റോഡ് ഗതാഗതം മാത്രം തെരഞ്ഞെടുത്ത് വരുന്നവർക്ക് മോട്ടോർസൈക്കിൾ, കാർ എന്നിവ ഉപയോഗിച്ചും അടുത്തുള്ള നഗരങ്ങളിൽ നിന്ന് ബസ് സർവീസ്, ടാക്സി സർവീസ് എന്നിവയും ലഭ്യമാണ്.
സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും ആത്മീയ യാത്രകളെ സ്നേഹിക്കുന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന മന വാലി, ഈ വേനലവധിയിൽ സന്ദർശിക്കേണ്ട ഒരു മികച്ച ലക്ഷ്യസ്ഥാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

