പൊന്മുടി കാത്തിരിക്കുന്നു; കോടമഞ്ഞിന്റെ കുളിരണിയിപ്പിക്കാൻ...
text_fieldsകോടമഞ്ഞും തണുപ്പും ആസ്വദിക്കാൻ ആഗ്രഹം തോന്നുമ്പോഴോക്കെ വണ്ടിയെടുത്ത് മൂന്നാറിലേക്കോ ഊട്ടിയിലേക്കോ ഒറ്റപ്പോക്കാണ്. തൊട്ടടുത്ത് കിടക്കുന്ന സ്ഥലമായതുകൊണ്ടാവാം തിരുവനന്തപുരം, കൊല്ലം ജില്ലക്കാർക്ക് മഞ്ഞിൽപൊതിഞ്ഞ പൊന്മുടിയെന്ന കൊച്ചുസുന്ദരിയെ അത്രവലിയ വിലയൊന്നുമില്ലാത്തത്.
സമുദ്രനിരപ്പിൽനിന്ന് 1100 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന, തേയിലച്ചെടികൾ വളരുന്ന തിരുവനന്തപുരം ജില്ലയിലെ ഏക സ്ഥലം. നിമിഷനേരം കൊണ്ട് നമ്മുടെ കാഴ്ചകൾ മറച്ചുകളഞ്ഞ് നമ്മളെ പൊതിയുന്ന മൂടൽമഞ്ഞും നോക്കെത്താദൂരത്തോളം പടർന്നുകിടക്കുന്ന പച്ചപ്പും തന്നെയാണ് പൊന്മുടിയുടെ സൗന്ദര്യം. മലദൈവങ്ങൾ പൊന്ന് സൂക്ഷിക്കുന്ന മലയായതിനാലാണ് പൊന്മുടിക്ക് ഈ പേര് വന്നതെന്നാണ് വിശ്വാസം (വൈഡൂര്യം ഉള്‍പ്പെടെയുള്ള രത്നങ്ങളുടെ വന്‍ സാന്നിധ്യമാണ് പൊന്മുടി ഉൾപ്പെടുന്ന വനമേഖലയിലുള്ളത്).
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്ന് 56 കിലോമീറ്ററാണ് പൊന്മുടിയിലേക്ക്. പൊന്മുടി യാത്രയുടെ കാഴ്ചകൾ തുടങ്ങുന്നത് വിതുര-ആനപ്പാറ കഴിഞ്ഞാണ്. ഉരുളൻ കല്ലുകൾ നിറഞ്ഞ, വാമനപുരം നദിയുടെ തുടക്കമായ കല്ലാറിലെ കോച്ചിപ്പിടിക്കുന്ന തണുത്ത വെള്ളത്തിൽ ഒരു കുളികഴിഞ്ഞുവേണം യാത്ര തുടരാൻ... പൊന്മുടിയുടെ പ്രവേശന കവാടമായ ഗോൾഡൻ വാലിയെന്നറിയപ്പെടുന്ന ഇവിടെ കുട്ടികൾക്കും സ്ത്രീകൾക്കും കുളിക്കാനുള്ള സൗകര്യമുണ്ട്. ഇതിനടുത്ത് തന്നെയാണ് മീൻമുട്ടി വെള്ളച്ചാട്ടവും.
ഇവിടെനിന്നാണ് പൊന്മുടിയിലേക്കുള്ള 22 ഹെയർപിൻ വളവുകളുടെ തുടക്കം. ധൃതിയിൽ വണ്ടി ഓടിച്ച് മുകളിലെത്താൻ നോക്കാതെ ഈ ഹെയർപിൻ വളവുകളിലൂടെ പ്രകൃതിയെ തൊട്ടറിഞ്ഞുള്ള യാത്രയാണ് നമ്മൾ ആസ്വദിക്കേണ്ടത്. ടോപ്സ്റ്റേഷനിലെത്തിക്കഴിഞ്ഞാൽ കാഴ്ചകൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. വിശാലമായ പുൽമേടുകൾ... ചോലവനങ്ങൾ... ഏത് നിമിഷവും കാഴ്ചമറയ്ക്കുന്ന കോടമഞ്ഞ്...
പുൽമേടുകൾക്കിടയിലൂടെ തെളിച്ചിട്ടിരിക്കുന്ന വഴിയിലൂടെ നടന്ന് കുന്നിൻമുകളിലെ വാച്ച് ടവറിൽ കയറി ചുറ്റിനും ഒന്ന് കണ്ണോടിക്കുക; പൊന്മുടിയെന്ന സുന്ദരി നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിച്ചിരിക്കും തീർച്ച... പൊന്മുടിയിൽനിന്ന് മൂന്ന് മണിക്കൂർ ട്രക്കിങ് നടത്തിയാൽ വരയാടുകൾ ധാരാളമുള്ള വരയാട്ടുമൊട്ടയിലെത്താം. ഈ ട്രക്കിങ്ങുംകൂടി നടത്തിയാലേ പൊന്മുടി യാത്ര പൂർണമാവുകയുള്ളൂ. തിരിച്ചിറങ്ങുംവഴി മെർക്കിസ്റ്റൺ തേയിലയും പൊന്മുടിയിൽ വിളയുന്ന പേരക്കയും വാങ്ങുന്ന കാര്യം മറക്കണ്ട.
*സ്വകാര്യ റിസോർട്ടുകൾക്ക് പൊന്മുടിയിൽ പ്രവേശനമില്ല. താമസത്തിന് ഏക ആശ്രയം കെ.ടി.ഡി.സിയുടെ ഗോൾഡൻ പീക്ക് ഹിൽ റിസോർട്ട് മാത്രം (0472 2890225, 8921147569).
*പൊന്മുടിയിലേക്ക് വരുന്നവഴിയിൽ വിതുര കഴിഞ്ഞ് കെ.പി.എസ്.എം ജങ്ഷനിൽനിന്ന് 10 കിലോമീറ്റർ സഞ്ചരിച്ചാൽ പേപ്പാറ ഡാമിന്റെയും പേപ്പാറ വൈൽഡ് ലൈഫ് സാങ്ച്വറിയുടെയും മനോഹരകാഴ്ചകളും ആസ്വദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

