Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightസബർമതിയുടെ തീരത്ത്...

സബർമതിയുടെ തീരത്ത്...

text_fields
bookmark_border
സബർമതിയുടെ തീരത്ത്...
cancel

അഹമ്മദാബാദ് വിമാനത്താവളം. സമയം വൈകീട്ട് നാല്. നെടുമ്പാശ്ശേരിയിൽനിന്നുള്ള വിമാനം പറന്നിറങ്ങുകയാണ്. രാത്രി 11.30നാണ് ഹാനോയിലേക്കുള്ള എയർ ഏഷ്യ ഫ്ലൈറ്റ്. ഇന്റർനാഷനൽ ട്രാവലിങ്ങായതിനാൽ മൂന്ന് മണിക്കൂർ മുമ്പ് 8.30ന് ചെക്ക് ഇൻ ചെയ്യണം. ഏതാണ്ട് നാലുമണിക്കൂർ സമയം ത്രിശങ്കു സ്വർഗത്തിൽ. ആ സമയം ചളി അടിച്ചിരിക്കാം. സംസ്ഥാനം ഗുജറാത്ത് ആയതിനാൽ അഹമ്മദാബാദ് എന്ന പേര് എത്ര നാൾ നിലനിൽക്കും എന്നതായി ചർച്ചാ വിഷയം. വഡോദര എന്നൊക്കെ പറയുന്നത് പോലെ വൃകോദര ബാദ് എന്നായിരിക്കാം ഭാവിയിൽ അഹമ്മദാബാദ് അറിയപ്പെടുക എന്ന തീസിസ് അംഗീകരിക്കപ്പെട്ടു! വിഷയം അവിടെ അവസാനിപ്പിച്ചു.

വീണുകിട്ടിയ നാലു മണിക്കൂർ സമയം അഹമ്മദാബാദിൽ ചുറ്റിക്കറങ്ങാം എന്ന പൊതുതീരുമാനം ഗിരി ശരിവെച്ചു. സെവൻസീറ്റഡ് ടാക്സി കാറുകൾ രണ്ടെണ്ണം 3000 രൂപ കരാറിൽ യാത്രക്ക് തയാറായി. ആദ്യം ചെന്നെത്തിയത് സബർമതി നദിക്ക് കുറുകെ കാൽ നടയാത്രക്കു മാത്രമായി നിർമിച്ച അടൽ ബ്രിഡ്ജിലേക്കാണ്. പ്രത്യേക രീതിയിൽ രൂപകൽപന ചെയ്തിട്ടുള്ള മനോഹരമായ പാലം. വാഹന ഗതാഗതത്തിന് ഉപയോഗിക്കാതെ ടൂറിസ്റ്റുകളെ മാത്രം ലക്ഷ്യം വെച്ചുള്ള നിർമിതി. ആളൊന്നിന് 30 രൂപ നിരക്കിൽ ടിക്കറ്റെടുത്ത് പാലത്തിലേക്ക് കയറി. വിവിധ കോണുകളിൽ പോസ് ചെയ്ത് ചിത്രങ്ങളെ മൊബൈലിലേക്ക് പകർത്തി. കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന സുന്ദര ദൃശ്യങ്ങൾ. ആയിരക്കണക്കിന് ജനങ്ങളാണ് അവിടെ ഒത്തുകൂടിയിരിക്കുന്നത്. നിശ്ചിത എണ്ണം ആൾക്കാരെ കയറ്റിവിട്ടാൽ പതിനഞ്ച് മിനിറ്റ് കാത്തു നിൽക്കണം അടുത്ത ബാച്ചിന് പാലത്തിൽ കയറാൻ.

പടിഞ്ഞാറൻ കടലിൽ മുങ്ങിത്താഴാൻ ഒരുക്കം തുടങ്ങിയ സൂര്യൻ സബർമതി നദിയാകെ വർണ്ണങ്ങൾ വാരിവിതറുന്ന കാഴ്ച അതീവ ഹൃദ്യമായി. ഇനിയെങ്ങോട്ട്? ഗഹനമായ ചർച്ച ഏക സ്വരത്തിൽ പ്രഖ്യാപിച്ചു, സബർമതി ആശ്രമം. അഞ്ച് മണിവരെ മാത്രമാണ് സന്ദർശക സമയം എന്ന ടാക്സിക്കാരുടെ മുന്നറിയിപ്പ് വകവെക്കാതെ, ആശ്രമ പരിസരമെങ്കിലും കാണണമെന്ന വാശിയോടെ യാത്ര അങ്ങോട്ട് തന്നെയാക്കി. ഞങ്ങൾ എത്തിച്ചേർന്നപ്പോൾ ഗേറ്റ് അടച്ചിരുന്നില്ല. ചരിത്രത്താളുകളിൽ വായിച്ചറിഞ്ഞ കാര്യങ്ങൾ നേരിട്ടു കാണാനുള്ള മഹാഭാഗ്യം വന്നെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സബർമതി നദി, ആശ്രമം, മഹാത്മാവിന്റെ വിശ്രമമുറി, ഉപയോഗിച്ച പുസ്തകങ്ങൾ, കണ്ണട, വടി, വസ്ത്രങ്ങൾ, ബെഡ്........ വീണുകിട്ടിയ നാലുമണിക്കൂർ സമ്മാനിച്ചത് പകരം വെക്കാനില്ലാത്ത യാത്രാനുഭവമാക്കി അനുഭവ മാറാപ്പിൽ സൂക്ഷിച്ചു വെച്ചു. മഹാത്മാവിന്റെ വിയർപ്പുതുള്ളികളെ ഏറ്റുവാങ്ങിയ സബർമതി ആശ്രമത്തിൽ നിന്നും, സമയ സൂചിയുടെ കൃത്യത പാലിക്കുന്ന സൂക്ഷിപ്പുകാർ, ഞങ്ങളെ ഇറക്കി വിടുകയായിരുന്നു. ആറു മണിക്കു തന്നെ വാതിലുകൾ കൊട്ടിയടക്കാനും വൈദ്യുത വിളക്കുകൾ അണക്കാനുമുള്ള വ്യഗ്രതയിലായിരുന്നു ദ്വരപാലകർ.

മഹാത്മാവിന്റെ ജന്മദിനമായതിനാലാണത്രെ ഒരു മണിക്കൂർ അധിക സമയം ആശ്രമം തുറന്നു വെച്ചത്. നൂറിലേറെ സന്ദർശകർ ഉണ്ടായിട്ടും ഔദ്യോഗിക സമയം മാത്രം പാലിക്കുന്ന മാസ ശമ്പളക്കാരായ ജീവനക്കാർ. മറ്റൊരു രാഷ്ട്രത്തിലും ഇത്തരം സ്മാരക മന്ദിരങ്ങൾ ഒരിക്കലും കടുംപിടുത്തങ്ങളാൽ അവഗണനയുടെ മുൾക്കിരീടം ഏറ്റുവാങ്ങേണ്ടി വരില്ല എന്ന കാര്യം തർക്കമറ്റതാണ്. മായാത്ത സ്മരണകൾക്ക് ഇടം നൽകിയ സബർമതി ആശ്രമവും പരിസരവും പറയാതെ പറഞ്ഞ പിടിപ്പുകേടിന്റെ നേർചിത്രങ്ങൾ മനസ്സിൽ കോറിയിട്ടും, സൂക്ഷിപ്പുകാരുടെ നിർബന്ധബുദ്ധിയാൽ ആശ്രമത്തിൽനിന്നു നിഷ്കാസിതരാക്കപ്പെട്ടതിന്റെ വേദന ഉള്ളിലൊതുക്കിയും പൂജാദിനത്തിന്റെ വർണ്ണ പൊലിമകൾ നിറഞ്ഞു തുളുമ്പിയ പട്ടണത്തിന്റെ ഓരം ചേർന്ന് ഞങ്ങൾ സഞ്ചാരം തുടർന്നു.

രാത്രി ഭക്ഷണം കൂടി കഴിഞ്ഞ് എയർപോർട്ടിൽ റിപ്പോർട്ട് ചെയ്തേക്കാം എന്ന ചിന്ത ഞങ്ങളെ കൊണ്ടുചെന്നെത്തിച്ചത് എം.ബി.എക്കാരനായ മിസ്റ്റർ പട്ടേൽ മാനേജരായ ഒരു ഗുജറാത്തി ഹോട്ടലിലാണ്. വെജിറ്റേറിയൻ ഭക്ഷണം ഓപ്റ്റ് ചെയ്തതിനാൽ ടാക്സി ഡ്രൈവർമാരാണ് അവിടേക്ക് മാർഗദർശികളായി മാറിയത്. പക്ഷെ, ഏഴര മണി മുതൽക്കാണ് അവിടെ ഭക്ഷണം വിളമ്പിത്തുടങ്ങുക. അര മണിക്കൂറോളം കാത്തു കെട്ടി കിടക്കേണ്ടി വരുമെന്ന ചിന്തയും എട്ടു മണിക്ക് എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാൻ വൈകുമോ എന്ന ചിന്തയും കൂടിക്കലർന്നുണ്ടായ വൈക്ലബ്യം പരിഹരിച്ചത് മാനേജർ ശ്രീ. പട്ടേലായിരുന്നു. ബംഗളൂരുവിൽ എം.ബി.എ.ക്ക് പഠിച്ചതും, കൊച്ചിയിൽ മുമ്പ് വന്നതുമെല്ലാം വാചകമടിയിൽ ഉൾപ്പെടുത്തി അദ്ദേഹം ഞങ്ങൾക്കു കഴിക്കാനുള്ള മികച്ച ഭക്ഷണത്തിന്റെ മെനു അവതരിപ്പിച്ചു. ബട്ടർ നാൻ, ചപ്പാത്തി, ചെന മസാല, പനീർ, വെജ്റ്റബ്ൾ സ്‌റ്റ്യൂ, സ്വീറ്റ് ലസ്സി എന്നിവക്കു പുറമെ പ്രത്യേക രീതിയിൽ തയാറാക്കിയ ഗുജറാത്തി ചോറും പുള്ളി നിർദേശിച്ചു. ഇവയെല്ലാം രുചിയുടെ കാര്യത്തിൽ ഒന്നാമൻ തന്നെ.

പാചകക്കാർക്കു പ്രത്യേക നിർദേശം നൽകി ഈ പറഞ്ഞതെല്ലാം പതിനഞ്ചു മിനിറ്റിനുള്ളിൽ ഞങ്ങളുടെ ടേബിളിൽ വന്നിറങ്ങി. ഓരോ അഞ്ചു മിനിറ്റിലും ഞങ്ങളുടെ ആവശ്യങ്ങൾ അന്വേഷിച്ചും അഭിപ്രായങ്ങൾ ആരാഞ്ഞും "പട്ടേലർ" ഞങ്ങളുടെ അടുത്തെത്തി. 2800 രൂപ ബിൽ തുകക്കു പുറമെ പാചകക്കാർക്കുള്ള ടിപ്പ് എന്ന ഇനത്തിൽ 100 രൂപ കൂടി വാങ്ങാൻ പട്ടേലർ ശുഷ്കാന്തി കാണിച്ചു എന്നതാണ് ഈ കഥയിലെ നാമമാത്രമായ ട്വിസ്റ്റ്. ശീലിച്ച രുചികളുടെ a short commercial break ആയി മാറി അഹമ്മദാബാദിലെ ഈ അത്താഴം.

മുന്നേ പറഞ്ഞിരുന്ന യാദ്യശ്ചികത നമ്പർ 2 ഗാന്ധി ജയന്തി ദിനത്തിൽ തന്നെ മഹാത്മാവിന്റെ സബർമതിയിൽ എത്തിച്ചേരാൻ കഴിഞ്ഞു എന്നതായിരുന്നു. 10 ദിവസത്തെ യാത്ര സരണിയിൽ ഉൾപ്പെടുത്താത്തതും സമയസൂചി ഞങ്ങളെ കൊണ്ടെത്തിച്ചതുമായ സന്ദർശനം. വെളിച്ചക്കുറവും നിർദയം കൊട്ടിയടക്കപ്പെട്ട വാതിലുകളും ആശ്രമക്കാഴ്ചകളുടെ പരിപൂർണതയെ ചിത്രങ്ങളാക്കി മാറ്റാൻ മൊബൈലിന് അവസരം നൽകിയില്ല എന്ന ദുഃഖകരമായ സത്യം ഉൾക്കൊണ്ടു തന്നെ പറയട്ടെ, അപ്രതീക്ഷിതമായി വീണുകിട്ടിയ മഹാ സൗഭാഗ്യമായിരുന്നു ഒരു മണിക്കൂർ നേരം ആശ്രമ മണ്ണിലൂടെ നടന്നുനീങ്ങിയ അപൂർവ നിമിഷങ്ങൾ. മഹാത്മജിയുടെ പാദസ്പർശം ഏറ്റുവാങ്ങിയ സബർമതിയിൽനിന്നു രാത്രി 11.30നു പുറപ്പെട്ടതാവട്ടെ, ഗാന്ധിജിയെ നെഞ്ചിലേറ്റിയ വിയറ്റ്നാമിന്റെ ധീരപുത്രൻ ഹോ ചിമിന്റെ നാട്ടിലേക്കായിരുന്നു എന്നതും ആശ്ചര്യ ദായകമായ സാദൃശ്യമായിരുന്നു.

അപ്പോൾ, ഹോ അമ്മാവന്റെ നാട്ടിൽ വെച്ച് സന്ധിക്കുന്നത് വരെ വിട.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarmati RiverSabarmati Ashrammalayalam travalogue
News Summary - On the banks of Sabarmati...
Next Story