Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
nagaland farmers
cancel
Homechevron_rightTravelchevron_rightDestinationschevron_rightസ്നേഹം വിളമ്പുന്ന...

സ്നേഹം വിളമ്പുന്ന അടുക്കളകൾ

text_fields
bookmark_border

സൂക്കോവാലിയിൽനിന്ന് തിരിക്കുകയാണ് ഞങ്ങൾ. കാഴ്ച്ച കളുടെ വസന്തവും ശിശിരവും ഒന്നിച്ചനുഭവിച്ച നിറവോടെ. മഞ്ഞ് പൂത്ത താഴ്‌വരകളെയും ചെടികളെയും മുളങ്കൂട്ടങ്ങളെയും വിട്ട് മനസ്സില്ലാ മനസ്സോടെയാണീ യാത്ര. സമയം ഒമ്പത് മണി കഴിഞ്ഞു. സൂര്യൻ മുകളിലെത്തിക്കഴിഞ്ഞു. തണുപ്പ് അല്പം കുറഞ്ഞിട്ടുണ്ട്. നല്ല വിശപ്പും ക്ഷീണവും.

ബ്രേക്ഫാസ്റ്റ് കഴിക്കാത്തതിന്റെ പ്രശ്നമുണ്ട്. എങ്കിലും നടന്നു. ഈറ്റക്കാടുകളും അരുവിയും കടന്ന് വളഞ്ഞപുളഞ്ഞ വഴിയിലൂടെ, കിഴക്കൻ ദിക്കിലേക്ക്. മുളങ്കാടുകൾക്കിടയിലൂടെ പോകുമ്പോൾ മഞ്ഞുരുകിയ ഇലകൾ വെയിലേറ്റ് വെട്ടിത്തിളങ്ങുന്നു. മണ്ണിൽ നനവ് പടർന്നിട്ടുണ്ട്. കാട്ടുവഴി കൂടുതൽ ആർദ്രമായിരിക്കുന്നു. വന്നവഴി തന്നെയാണിത്. രണ്ടുമൂന്നു കി.മീ നടന്നപ്പോൾ വഴി രണ്ടായി പിരിയുന്നു. ഇടതുവശത്തുള്ള വഴിച്ചാലാണ് മലമുകളിലേക്കുള്ള എളുപ്പമാർഗം. കിഴക്കോട്ടുപോയാൽ സൂക്കോവാലിയിലേക്ക് വന്നവഴിയും പൂക്കൾ നിറഞ്ഞ ഇടത്താവളവും കടന്നുപോകാം. ഏത് വഴിയും തിരഞ്ഞെടുക്കാം. ഞങ്ങൾ മുകളിലേക്കുള്ള വഴിയിയിലൂടെ കയറി. കഠിനമായ കയറ്റമാണ്. എങ്കിലും പുതിയ വഴി പോയാൽ കൂടുതൽ കാഴ്ചകൾ കാണാമല്ലോ എന്നോർത്തു.

വരിവരിയായി എല്ലാവരും മുന്നോട്ടു നീങ്ങി. തലേന്നത്തെ ഉത്സാഹവും വേഗതയുമില്ല. ആകെയൊരുഴപ്പൻമട്ടാണ്. പോകാനും വയ്യ പോകാതിരിക്കാനും വയ്യ എന്നപോലെ. പറഞ്ഞിട്ട് കാര്യമില്ല, ഏത് യന്ത്രവും നീങ്ങാൻ ഇന്ധനം വേണമല്ലോ. എന്തായാലും നടന്നു. മുകളിലേക്ക്. കൈയിലുള്ള മുളങ്കമ്പും ഇടക്ക് സഹയാത്രികരുടെ കൈത്താങ്ങുകളും സഹായമായുണ്ട്.


കയറ്റം കയറുമ്പോൾ തിരിഞ്ഞുനോക്കി. സൂക്കോവാലിയും മറ്റ് താഴ്‌വരകളും വെയിലേറ്റുകിടക്കുന്നു. തലേന്ന് കണ്ട ഭാവവും നിറവുമല്ല. കൂടുതൽ തെളിമയോടെ വിസ്തൃതമായിക്കിടക്കുന്ന ഇളംപച്ചക്കുന്നുകൾ. പ്രകൃതിയുടെ മാസ്മരികഭംഗിയിൽ ലയിച്ചുപോയി കുറേനേരം.

വീണ്ടും നടന്നു. കുറച്ചുകൂടി പേടിപ്പെടുത്തുന്ന വഴിയാണിത്. കുത്തനെ കയറ്റവും. ചിലയിടങ്ങളിൽ താഴേക്കുനോക്കിയാൽ പേടിതോന്നും. മുകളിലേക്ക് പോകുന്തോറും മുളകളുടെ പൊക്കം കുറഞ്ഞുവരുമ്പോലെ. ചെറുമുളകളുടെ ഇലകൾ പച്ചയിൽനിന്ന് മഞ്ഞയിലേക്ക് മാറിയിട്ടുണ്ട് പല യിടത്തും. ഓരോയിടങ്ങൾക്കും ഓരോരോ ഭംഗികൾ. പിന്നിലും മുന്നിലും കാഴ്ചകൾ. വലതുവശത്തായി ദൂരെ പൂക്കൾ നിറഞ്ഞ താഴ്‌വര. അതിനിടയിൽ തലപൊക്കി നിൽക്കുന്ന മരങ്ങൾ. അതെല്ലാം കണ്ട് ഞങ്ങൾ ഒരു കുന്നിൻ നെറുകയിലെത്തി. പാറകൾ നിറഞ്ഞ ഒരു വ്യൂപോയിന്റ് ആണത്.


ചുറ്റും നോക്കി. മനംമയക്കുന്ന കാഴ്ചകൾ. അകലെ നാഗാലാ‌ൻഡിന്റെ ഗിരിനിരകൾ നീലരാശിപുതഞ്ഞുകിടപ്പുണ്ട്. അതിന് താഴെ തട്ടുതട്ടുകളായി തിരിച്ച കൃഷിയിടങ്ങളും വെളിമ്പ്രദേശങ്ങളും കാണാം. പിന്നിൽ പടിഞ്ഞാറ് സൂക്കോവാലിയുടെ മുകൾപ്പരപ്പ്. മുന്നിൽ ഇരുണ്ട് കനത്ത ചോലക്കാടുകൾ. ഈ കാടിറങ്ങി വേണം കിഗ്വാമയിൽ എത്താൻ. നല്ല ദൂരവുമുണ്ട്. ഇനിയല്പം വിശ്രമിക്കാതെ ഇറക്കമിറങ്ങാൻ ബുദ്ധിമുട്ടാണ്. അവിടെ കുറേനേരമിരുന്നു. വെള്ളം കൂടിച്ചു. പിന്നെ കാടിറങ്ങാൻ തുടങ്ങി.

കാടിന്റെ ഉച്ചിയിൽനിന്ന് താഴെക്കുള്ള വഴി ഇടുങ്ങിയതാണ്. പാറകൾക്കിടയിലൂടെ മുള്ളുകൾക്കിടയിലൂടെ താഴോട്ടിറങ്ങണം. വഴുക്കലുള്ള മണ്ണാണ്. തെന്നിവീഴാൻ ചാൻസുണ്ട്. പതുക്കെപ്പതുക്കെ ഇറങ്ങി. മരക്കമ്പുകളിലും കുറ്റികളിലും പിടിച്ച് സൂക്ഷിച്ച് ഓരോ ചുവടും മുന്നോട്ടുവച്ചു. ഏതാണ്ട് ഒൻപതിനായിരം അടി താഴോട്ടിറങ്ങിയാൽ മാത്രമേ കിഗ്വാമയിൽ എത്തൂ എന്നെഴുതിയ ഒരു മരം കണ്ടു. കാടിനുള്ളിൽ തണുപ്പ് തളംകെട്ടി നിൽക്കുന്നു. മരച്ചില്ലകളും വള്ളികളും ഇടയ്ക്കിടെ വഴി തടസ്സപ്പെടുത്തുന്നുണ്ട്. ഞങ്ങളുടെ സീനിയേർസ് രണ്ടുമൂന്നുപേർ മുന്നിൽ പോയിട്ടുണ്ട്. അതിന്റെ പുറകിലാണ് ഞാനുൾപ്പെടുന്ന ചെറിയ ടീം. ബാക്കിയുള്ളവർ പുറകെയും.


ഇറക്കമിറങ്ങുമ്പോൾ കാലുകൾ തളരുന്നു. പുറവും വേദനിക്കുന്നു. അൽപനേരം ഇരുന്നാലോ എന്ന് തോന്നി. പക്ഷേ കൂട്ടത്തിലുള്ള ശിവദാസും അജയനും പിടിവിട്ടുപോകുന്നു. രക്ഷയില്ല. പുറകെ പോകുകതന്നെ. കയറ്റംകയറുമ്പോൾ ഇടയ്ക്കിടെ ആളുകളെ കണ്ടിരുന്നു. പക്ഷേ ഈ വഴി വിജനമാണ്. മൂന്നുനാല് കി.മീ ഇറങ്ങിചെന്നപ്പോൾ കല്ലുകൾ നിറഞ്ഞ വഴി. വറ്റിപ്പോയ ഒരു അരുവിയുടെ ഓരത്താണിത്. കാലുകൾ വീണ്ടും തളരുന്നു. അല്പമിരിക്കാതെ വയ്യ. ഒരു കല്ലിൽ ചാരിയിരുന്നു.

ബാക്ക്പാക്ക് നിലത്തുവച്ച് ജാക്കറ്റ് അഴിച്ചുമാറ്റി. ആരെയും കാണുന്നില്ല. കൂടെയുള്ളവർ അരമുക്കാൽ കി.മീ താഴെയായിട്ടുണ്ട്. കണ്ണെത്താദൂരത്ത്. മുന്നിലും പിന്നിലും ആരുമില്ല. ഒരു കിളിശബ്ദം പോലുമില്ല. ഉള്ളിൽ പേടി തോന്നുന്നു. കാട്ടു കൊള്ളയെക്കുറിച്ചുള്ള കുറേകഥകൾ കേട്ടിട്ടുണ്ട്. ഞങ്ങളുടെ പണപ്പെട്ടിയും എന്റെ കൈയിലാണ്. ആരെങ്കിലും വന്നാൽ.?!..ഉള്ളത് കൊടുത്തിട്ട് രക്ഷപ്പെടുക. ഓർത്തപ്പോൾ പിന്നെയും പേടി.


വരുന്നത് വഴിക്കുവച്ചുകാണാം എന്നോർത്ത് അഞ്ചുപത്തു മിനിറ്റ് കൂടി അവിടെയിരുന്നുവെങ്കിലും പിന്നെ ശരം പോലെ താഴേക്കുവിട്ടു. താഴെ അജയനും ശിവദാസും എന്നെ കാണാതെ നടപ്പിന്റെ വേഗം കുറച്ചിരുന്നു. ഭാഗ്യം. എനിക്കും സന്തോഷമായി. കുറേക്കൂടി നടന്നിറങ്ങിയപ്പോൾ ഒരു പുഴയുടെ ശബ്ദം. അത് പിന്നീടുള്ള വഴിനീളെ ഉണ്ടായിരുന്നു.

സമൃദ്ധിയുടെ വിളനിലങ്ങൾ

താഴേക്ക്‌ ചെല്ലുമ്പോൾ ഒരു ഷെഡ് കണ്ടു. ഒരു ഇടത്താവളം. അടുപ്പുകൂട്ടി പാചകം ചെയ്തതിന്റെ സൂചനകൾ. അവിടെ കുറച്ചുസമയം ഇരുന്നു. ഒരു ബോർഡും അടുത്തുണ്ട്. താഴെയെത്താൻ 3000 അടികൂടി ഇറങ്ങണം എന്നാണതിൽ എഴുതിയിട്ടുള്ളത്. പിന്നെ താമസിച്ചില്ല. നടന്നു. വഴിയുടെ ചെരിവുകളിൽ മരങ്ങളില്ലാത്ത വെളിമ്പ്രദേശം കാണാം. അവിടെ ഒന്നുരണ്ട് കുടിലുകളുമുണ്ട്. പുല്ല് മേഞ്ഞ ഒറ്റമുറിക്കുടിലുകൾ. മറ്റൊരിടത്ത് ടിൻഷീറ്റ്മേഞ്ഞ വീട്. മണ്ണിന്റെ മക്കളുടെ വസതികളാണത്. പരിസരങ്ങൾ കൃഷിയിടങ്ങളും.


അവിടുന്ന് വലത്തോട്ട് തിരിഞ്ഞപ്പോൾചെറിയ ഒരു പുഴ. അത് മുറിച്ചുകടന്നുവേണം പോകാൻ. ഇതിന്റെ ശബ്ദമാണ് മുമ്പ് കേട്ടത്. വെള്ളം കുറവാണ്. പക്ഷേ നല്ല തെളിഞ്ഞ വെള്ളം. കൈകാലുകളും മുഖവും കഴുകി വീണ്ടും നടന്നു. തിങ്ങിയ കാടും ഇടക്ക് കൃഷിയിടങ്ങളുമുള്ള പ്രദേശമാണിത്. ചേമ്പും വാഴയും കാബ്ബേജും കോളിഫ്ലവറും ചെരിവുകളിൽ ധാരാളമുണ്ട്. മുളകിനങ്ങളും മരത്തക്കാളിയും കുടിലുകൾക്ക് മുന്നിൽ കായ്ച്ചുകിടക്കുന്നു. നെല്ലും ചാമയും ചോളവുമടങ്ങിയ ധാന്യങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. അതിനിടയിലാണ് ഒറ്റമുറി കുടിലുകൾ. ചിലത് ടിൻഷീറ്റ് കൊണ്ടും ചിലത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞതുമാണ്. പത്തടി പന്ത്രണ്ടടി സ്‌ക്വയർഫീറ്റ് മാത്രം വിസ്താരമുള്ള കുടിലുകൾ. ആളുകളെ ഒന്നും കാണാനില്ല.

പാത്രങ്ങളും അലക്കിവിരിച്ച തുണികളും മുറ്റത്തു കാണാം. ആരെയെങ്കിലും കണ്ടാൽ ഒരു ചായ കിട്ടുമോ എന്നന്വേഷിച്ചാലോ എന്ന് തോന്നി. പക്ഷേ ഒരൊറ്റ ആളെയും കണ്ടില്ല. വീണ്ടും നടന്ന്‌ വീതിയുള്ള കാട്ടുപാതയിലെത്തി. വണ്ടികൾ ഈ വഴി പോയതിന്റെ പാടുകൾ കണ്ടു. കുറേകൂടി മുന്നോട്ടുചെന്നപ്പോൾ മുമ്പ് കണ്ട പുഴ ഒന്നുകൂടി ഊർജ്ജസ്വലയായി ഒഴുകുന്നു. ഉരുളൻ കല്ലുകൾക്കിടയിലൂടെ തെളിഞ്ഞുപതഞ്ഞൊഴുകുന്ന അതിന്റെ കളകളാരവം. അവിടെ സഞ്ചാരികൾ വണ്ടി കഴുകുന്നു. പരിസരത്ത് ഭക്ഷണം പാകം ചെയ്യുന്നു. ഈ വഴിയിൽ കുറേ ടൂറിസ്റ്റുകളെ കണ്ടു. പക്ഷേ പരിസരവാസികളെ മാത്രം കണ്ടില്ല.


ഒരു വളവിറങ്ങി ചെല്ലുമ്പോൾ വഴി രണ്ടായിപിരിയുന്നു. ഏതുവഴി പോണം. ആകെ കൺഫ്യൂഷൻ. ചോദിക്കാനും ആരുമില്ല. എന്തുചെയ്യും. സംശയിച്ചുനിന്നു. അപ്പോൾ കണ്ടു, ചെറുകമ്പുകൾ ചേർത്തുണ്ടാക്കിയ ഒരു ആരോമാർക്ക്‌. മുൻപ് പോയവർ ചെയ്ത ഉപകാരം. ആ ദിക്കിലേക്ക് നടന്നു. വീണ്ടും കൃഷിയിടങ്ങളാണ്. ചെരിവുകൾ നിറയെയുണ്ട്. പലപലകൃഷികൾ. കൃഷിയെ ഉപാസിക്കുന്നവരാണ് നാഗാനിവാസികൾ. മണ്ണും കാടും സ്വർഗമായി കരുതുന്നവർ.

കാലാവസ്ഥയും മണ്ണിന്റെ ചൂരുമറിഞ്ഞ് കൃഷിയിറക്കുന്നവർ. കൃഷിയിടങ്ങളെ തട്ടുതട്ടുകളായി തിരിച്ച് പാരമ്പരാഗത കൃഷി സമ്പ്രദായത്തെ നിലനിർത്തിപ്പോരുന്നവർ. മണ്ണിന്റെ മക്കൾ. അതിന്റെ കാഴ്ചവട്ടങ്ങളാണ് വഴിനീളെ. ഇടക്കൊരു മീൻകുളവും പഴത്തോട്ടവും കണ്ടു. മുന്നോട്ടുനീങ്ങുമ്പോൾ വേറെയും ചില യാത്രികർ. ഞങ്ങളുടെ അവശത കണ്ടിട്ടാകാം അതിലൊരു കൊച്ചു പയ്യൻസ് ഒരു ബിസ്ക്കറ്റ് പാക്കറ്റ് വച്ചുനീട്ടി. മണിപ്പൂർകാരനാണ്. ഞങ്ങൾ മലയാളികളാണെന്നും അവൻ മനസ്സിലാക്കിയിരുന്നു സംസാരത്തിൽനിന്ന്.


സമയം രണ്ടര കഴിഞ്ഞു. നന്നേ ക്ഷീണിച്ചുള്ള നടത്തത്തിനൊടുവിൽ കാടിന്റെ മധ്യത്തിലുള്ള ഒരു റോഡിലെത്തി. ഇനി എത്ര ദൂരമുണ്ടാവോ. ഞങ്ങൾ മൂന്നുപേരൊഴിച്ചു ആരെപ്പറ്റിയും ഒരു വിവരവുമില്ല. പുറകിലുള്ളവർ എത്തും വരെ ഇവിടിരിക്കാം. അല്ലാതെന്തു ചെയ്യാൻ. ഒരടിവക്കാൻ പറ്റില്ല. കാലുകൾ കുഴയുന്നു. കിഗ്വാമയിൽ നിന്ന് വാഹനം വരാതെ പോകാനും പറ്റില്ല. അവിടിരുന്നു. റോഡരികിൽ. ക്ഷീണിച്ച് അവശരായി. കണ്ണുകൾ അടച്ച്, കാതോർത്ത്. അപ്പോഴുണ്ട് താഴെനിന്നും ഇരമ്പികയറി ഒരു വണ്ടിവരുന്നു. അത് അടുത്തുവന്ന്‌ നിറുത്തി. നോക്കുമ്പോൾ അതിനുള്ളിൽ സദൻപിള്ള. ഹോംസ്റ്റേയിൽ ചെന്ന് ഞങ്ങളെ കൂട്ടാൻ തിരികെ വന്നതാണ്. പിന്നെ ഞങ്ങളും വണ്ടിയിൽ കയറി, ഹോംസ്റ്റേയിലേക്ക്.

ഗൃഹാതുരതകൾ ഉണർത്തുന്ന കാഴ്ചകൾ

മൂന്നു മണി കഴിഞ്ഞപ്പോഴേക്കും ഹോംസ്റ്റേയിലെത്തി. ഞങ്ങളുടെ വരവും പ്രതീക്ഷിച്ച് ആതിഥേയ ഉമ്മറത്ത് തന്നെയുണ്ട്. ടേബിളിൽ ചൂടുചായയും സ്‌നോബിസ്ക്കറ്റും വച്ചിട്ടുണ്ട്. ആർത്തിയോടെ അത് കുറച്ച് അകത്താക്കി. മുറ്റത്തെ വലിയ ചരുവത്തിൽനിന്ന് ചൂടുവെള്ളമെടുത്ത് റൂമിൽ പോയി കുശാലായി ഒന്ന് കുളിച്ചു. പിന്നെ ഭക്ഷണം കഴിക്കാൻ ചെന്നു. വിഭവസമൃദ്ധമായ ഭക്ഷണം. ചപ്പാത്തിയും വെള്ളരിച്ചോറും ഉരുളക്കിഴങ്ങുകറിയും പപ്പടവും. കൂടെ ബീൻസും ഉരുളക്കിഴങ്ങും മുളങ്കൂമ്പും ചേർന്ന കൂട്ടുമെഴുക്കുപുരട്ടി. മറ്റൊന്നു കൂടിയുണ്ട്. ബാംബൂ ഷൂട്ടിട്ട പന്നിക്കറി.


ഇവിടുത്തെ വിശിഷ്ട ഭക്ഷണമാണത്. എരിവും മസാലയും കുറച്ച് കടുകെണ്ണയിൽ പാചകം ചെയ്ത പന്നിക്കറി. തലേന്ന് തന്നെ ചോദിച്ചിരുന്നു പോർക്ക്‌ വേണോ എന്ന്. വടക്കുകിഴക്കിന്റെ ആഘോഷങ്ങൾക്കും വിശേഷാവസരങ്ങളിലും പന്നിക്കറി അനിവാര്യമാണ്. അത് കഴിക്കാത്തവർക്കായി സാമ്പാറും ചിക്കനും കരുതിയിട്ടുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ വീട്ടുകാരി പറഞ്ഞു. ഇഷ്ടംപോലെയുണ്ട്, വയറുനിറച്ചു കഴിച്ചോളൂ എന്ന്. ഞങ്ങൾ നാലഞ്ചാളുകൾ മാത്രമേയെത്തിയുട്ടുള്ളൂ. ബാക്കിപേർ ഇനിയും വരാനുണ്ട്. കഴിച്ചു, വയർ നിറയുവോളം.

ഊണുമുറി അടുക്കളയോട് ചേർന്നാണ്. പത്ത് പതിനഞ്ചുപേർക്കിരുന്നുണ്ണാൻ പാകത്തിലുള്ള മേശയും കസേരകളും. പുറത്തെ വരാന്തയിലുമുണ്ട് മേശയും ബെഞ്ചും. സ്ലാബുകൾ പിടിപ്പിച്ച ഊണുമുറിയിൽ വിഭവങ്ങൾ നിരത്തിവക്കും. ഒപ്പം ചൂടുവെള്ളവും. അതിൽ നിന്നെടുത്തുകഴിക്കാം. അത് എല്ലാവർക്കും തികയുന്നുണ്ടോ, ഏതാണ് കുറവ് എന്നൊക്കെ കൃത്യമായി അവർ നോക്കുന്നുണ്ട്. മറ്റൊരുവശത്തു കട്ടൻ കാപ്പിയും ചായയും വച്ചിട്ടുണ്ട്. അതും വേണ്ടപ്പോൾ കഴിക്കാം.

അടുക്കളയിൽ പലപല പണികൾ നടക്കുന്നുണ്ട്. അപ്പോഴപ്പോൾ ചുട്ടെടുക്കുന്ന ചപ്പാത്തിയും പപ്പടവുമാണ് വിളമ്പുന്നത്. കറികൾ പാത്രത്തിൽ കുറയുന്നതനുസരിച്ച് വീണ്ടും നിറക്കുന്നുണ്ട്. ഇവയെല്ലാം ചെയ്യുന്നത് കുടുംബം ഒരുമിച്ചാണ്. ഇതൊരു കൂട്ടുകുടുംബമാണ്. ആറേഴു കുട്ടികളും അവരുടെ അമ്മയച്ഛന്മാരുമടങ്ങുന്ന ഒരു സന്തോഷ കുടുംബം. യു.കെ.ജി പ്രായം മുതൽ ഡിഗ്രി തലം വരെ പഠിക്കുന്ന കുട്ടികൾ.

ഇവരെല്ലാം പറ്റുന്നരീതിയിൽ ജോലികൾ ചെയ്യുന്നു. വീട്ടുകാരെ സഹായിക്കുന്നു. സൂക്കോ വാലിയിലേക്കുള്ള ഭക്ഷണപ്പൊതി ഒരുക്കിയത് ഇവിടുത്തെ കുട്ടികളായിരുന്നു. വെളുത്ത് തുടുത്ത ആ കുഞ്ഞുങ്ങളുടെ വിരൽവേഗം കണ്ട് അവരോട് കൗതുകവും സന്തോഷവും അതിനൊപ്പം ആദരവും തോന്നി. മുറ്റത്തെ അടുപ്പിലെ വെള്ളം ചൂടാക്കാനും നായ്ക്കുട്ടികൾക്ക് സമയത്ത് പാലുകൊടുക്കാനും ഇവർക്ക് നല്ല ഉത്സാഹമാണ്. വന്ന നാൾമുതൽ ഇതൊക്കെ പലവട്ടം കാണുന്നുണ്ട്. വിന്റർ വെക്കേഷൻ കൂടിയാണവർക്ക്. പാട്ടും കളിയും ഓട്ടവും ചാട്ടവുമൊക്കെയായി ഇവർ രാത്രിയും പകലും വീട്ടുമുറ്റത്തെ ഒരു കളിമുറ്റമാക്കി മാറ്റും.


പേരും ക്ലാസുമെല്ലാം ചോദിച്ചറിയണമെന്നുണ്ടെങ്കിലും ഒരു പിടിയും തരുന്നില്ല. അത്രക്ക് തിരക്കിലാണവർ. കഴിയുന്നത്ര മുഖം തരാതെ സ്പീഡിൽ മിന്നിമറയുന്നത് കാണാം. കൃത്യമായി ഉറങ്ങുകയും ഉണർന്ന് പറ്റുന്ന രീതിയിൽ ഉത്തരവാദിത്തങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ഇവരിൽ ഒരാൾപോലും മൊബൈൽ തൊടുന്നത് കണ്ടില്ല. ഊണുമുറിയിയുടെ ഭിത്തിയിലും അലമാരയുടെ മുകളിലുമൊക്കെ നിറയെ അലങ്കാരങ്ങളാണ്. പേപ്പർ പൂവുകൾ, വർണ്ണപേപ്പർകൊണ്ടുള്ള ആശംസകൾ, അലങ്കാരചെടികൾ, ഫോട്ടോകൾ, സദ് വചനങ്ങൾ, കുട്ടിപ്പാവകൾ എന്നിങ്ങനെ പലതുമുണ്ട്.

അടുക്കളയുടെ മുകളിലുമുണ്ട് രസകരമായ കാഴ്ചകൾ. ഗൃഹാതുരതകൾ ഉണർത്തുന്ന കാഴ്ച്ചകളാണത്. ഇറച്ചി വാർന്നെടുത്ത് നീളത്തിൽ മുറിച്ച് വലിയ കഷണങ്ങളാക്കി കെട്ടിതൂക്കിയിട്ടിരിക്കുന്നു. ഉണക്കിയെടുക്കാനാണത്. അതിനുതാഴെ എരിയുന്ന ഒരു അടുപ്പുമുണ്ട്. അതിനടുത്തുതന്നെ വീട്ടുകാരിലൊരാൾ ഇറച്ചി കഷണങ്ങളാക്കുന്നുണ്ട്. ഇത് നോർത്തീസ്റ്റിന്റെ അടുക്കളകളിലെ ഒരു സ്ഥിരം കാഴ്ചയാണ്. ഇറച്ചിയുണക്കൽ. അടുപ്പിൽനിന്നും ചൂടടിച്ച് പതിയെപ്പതിയെ മാംസക്കഷണങ്ങൾ ഉണങ്ങിപാകമാക്കും.

ഹോംസ്റ്റേ ഉടമകളും സഹയാത്രികരും

അവ സൂപ്പുണ്ടാക്കാനും കറികൾ വക്കാനും വറുക്കാനുമെല്ലാം ഉപയോഗിക്കും. ശൈത്യകാലത്തേക്കുള്ള ഒരു കരുതൽ കൂടിയാണത്. പലതരം മാംസങ്ങൾ ഇങ്ങനെ തോരണങ്ങൾ പോലെ തൂക്കിയിട്ടിട്ടുണ്ട്. ചിക്കൻ, പോർക്ക്‌, യാക്ക് പിന്നെന്തൊക്കെയോ. ചിലതൊക്കെ പിടികിട്ടുന്നുമില്ല. ഇതൊക്കെ അവിടെ ഉണ്ടായിട്ടും അടുക്കളയിൽ യാതൊരു ദുർഗന്ധമോ ഇറച്ചിയുടെ മണമോ ഇല്ല. ഉണക്കാനിട്ട വഴുതന, ബീൻസ്, എന്നിവയും ഇതുപോലെ കാണാം. അവ വിത്തുശേഖരണത്തിനാകും.

ചേലുള്ള മറ്റൊരു കാഴ്ചയുണ്ട് ഉമ്മറത്തെ മോന്തായത്തിൽ. ചെന്ന ദിവസംമുതൽ കൺകുളിർക്കെ കണ്ടുനിറഞ്ഞ ഒന്ന്. വരാന്തയിലെ ഉത്തരങ്ങളിൽ തൂങ്ങിക്കിടക്കുന്ന ഉണങ്ങിയ ചോളക്കുലകൾ. സ്വർണ്ണവർണ്ണമുള്ള ചെറുതും വലുതുമായ അനേകം ചോളക്കുലകൾ. ഇതും വിത്തുണ്ടാക്കാനുള്ളതാണ്. പുറത്ത് മുറത്തിലും വട്ടപാത്രങ്ങളിലും മുളകും ചില ധാന്യങ്ങളും ഉണങ്ങാനിട്ടിട്ടുണ്ട്. കൊത്തിക്കീറിയ വിറകിൻ കഷണങ്ങൾ മറ്റൊരിടത്ത്. ഗ്രാമനന്മകൾ പേറുന്ന ഒരു നാടൻ വീടിന്റെ എല്ലാ കാഴ്ചകളും ഇവിടെയുണ്ട്. കെട്ടിലും മട്ടിലും പ്രവൃത്തിയിലുമെല്ലാം മാനം മര്യാദയുള്ള ഒരു കുടുംബമാതൃകയാണ് ഇവരുടേതെന്നു തോന്നി.


മുളകൊണ്ടുള്ള കൂടകൾ, കുട്ടകൾ, പാത്രങ്ങൾ, തവി തുടങ്ങിയ പലതരം അടുക്കള ഉപകരണങ്ങളും നിറയെയുണ്ട്. ഞങ്ങൾക്ക് കിട്ടിയ ചായയും ബിസ്‌ക്കറ്റും ചപ്പാത്തിയും പപ്പടവുമെല്ലാം മുളഞ്ചീളുകൊണ്ടുള്ള ട്രേയിലായിരുന്നു. മുളയുടെ ആഘോഷത്തിമിർപ്പാണ് അടുക്കള മുതൽ അരങ്ങുവരെ. ഇവിടെ മാത്രമല്ല, ഈ യാത്രയിൽ ഇതുവരെ കണ്ട എല്ലായിടത്തും. കാട്ടിലും മേട്ടിലും നാട്ടിലും നഗരത്തിലുമെല്ലാം മുളയുൽപ്പന്നങ്ങളും മുളഭക്ഷണങ്ങളും ആടയാഭരണങ്ങളും സർവസാധാരണമാണ്. ജീവിതത്തിന്റെ ഭാഗമാണ്. ഭക്ഷണം കഴിച്ച് കുറേകൂടി പരിസരവീക്ഷണം നടത്തി. അടുക്കളയുടെ പിന്നാമ്പുറത്തുള്ള തൊടിയിൽ ശീതകാല പച്ചക്കറികൾ മിക്കതുമുണ്ട്.

കാബേജ്, ക്യാരറ്റ്, ബീൻസ്, കോളിഫ്ലവർ തുടങ്ങിയവ കാണാം. അതിനടുത്തുതന്നെ പന്നിക്കുട്ടികളെ വളർത്തുന്ന ഒരു കൂടുണ്ട്. അതിന്റെ ചുറ്റും ഇടതൂർന്ന കരിമ്പച്ചയിലകളുള്ള മുളകൾ. ചെറു കാറ്റിൽ അവയുടെ ഇലയനക്കങ്ങൾ. വീടിനുമുന്നിലെ തൊടിയിലുമുണ്ട് പലതരം പച്ചക്കറികൾ. വെള്ളച്ചീര, തക്കാളി, വഴുതന, മുളകിനങ്ങൾ എന്നിങ്ങനെ. അടുത്തുതന്നെ ഒരു ഓറഞ്ചുമരം നിൽപ്പുണ്ട്. അതിൽ ഓറഞ്ചുകൾ പഴുത്തുകിടക്കുന്നു. ഞങ്ങൾ അതിൽനിന്ന് ഓറഞ്ചുകൾ പറിച്ചുരുചിച്ചുനോക്കി. നല്ല മധുരമുള്ള ചെറിയ ഓറഞ്ചുകൾ. പഴുത്ത കായകളുള്ള പപ്പായയും പേരയും മാതളച്ചെടിയും ഇവിടെ കാണാം. ഇതെല്ലാം ജൈവികരീതിയിൽ വളർത്തുന്നതാണെന്നും അവർ പറഞ്ഞു.


വീടിന്റെ വരാന്തയിലും പടികളിലുമെല്ലാം പ്ലാസ്റ്റിക് പാത്രങ്ങളിലും ചട്ടികളിലും പൂച്ചെടികളും അലങ്കാരച്ചെടികളുമാണ്. വഴിയിൽ ക്രിസ്മസ് ട്രീയും കാണാം. ഞങ്ങൾ താമസിച്ച മുറിയുടെ താഴെ നിൽക്കുന്ന ഒരു കുറ്റിച്ചെടിയിൽ കുലകുലകളായി ചുവന്ന പൂവുകൾ നിറയെയുണ്ട്. അവ വളരെ മനോഹരമായി തോന്നി.

സമയം നാലുനാലരയായി. ഇരുട്ടുപരന്നുതുടങ്ങി. റൂമിലെത്തിയപ്പോൾ തലേന്നത്തെ ബ്ലാങ്കറ്റും ഷീറ്റുകളും മാറ്റി പുതിയവ വച്ചിട്ടുണ്ട്. മുറി വൃത്തിയായി തൂത്തുതുടച്ചിട്ടുണ്ട്. സാധനങ്ങൾ അടുക്കിപ്പെറുക്കാൻ തുടങ്ങി. നാളെ രാവിലെ ഇവിടുന്നുപോകണം. മണിപ്പൂരിന്റെ മണ്ണിലേക്ക്. അതിനുള്ള ഒരുക്കങ്ങൾ നടത്തണം. കുറച്ച് സാധനങ്ങൾ അടുക്കിപ്പെറുക്കി. പിന്നെ ഒരു മയക്കത്തിലേക്കു വീണുപോയി. സൂക്കോവാലിയിൽനിന്നും എത്തിയ ബാക്കിയുള്ളവരുടെ സൊറപറ കേട്ടാണ് ഉണർന്നത്. ഇരുട്ടായിരുന്നു. എല്ലാവരും ക്ഷീണിച്ചാണെത്തിയത്. പിന്നെ ആകെയൊരു ബഹളമായിരുന്നു. ക്ഷീണിതരുടെയും ഉത്സാഹകമ്മിറ്റികളുടെയുമെല്ലാം വർത്തമാനങ്ങൾ. ഇരുട്ടിനു കനംവച്ചു തുടങ്ങി. തണുപ്പും അസഹനീയം.

അകലെ കൊഹിമ വൈദ്യുതി വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്നു. ഉയർന്നുകാണുന്ന കെട്ടിടങ്ങളും വീടുകളും പലനിറമുള്ള വെളിച്ചത്തിൽ കാണാം. ഞങ്ങൾ വരാന്തയിലും മുറ്റത്തും അടുപ്പിൻ ചുറ്റിലുമിരുന്നു. ഇടക്ക് ചായകുടിച്ച് വിശേഷങ്ങൾ പങ്കുവച്ചു. ഈയൊരു രാത്രികൂടി കഴിഞ്ഞാൽ ഇവിടം വിടുകയാണ്. ഇവിടത്തെ നല്ല ദിനങ്ങളെപ്പറ്റി, ആളുകളെപ്പറ്റി, രുചികളെപ്പറ്റി, എല്ലാം സത്രജിത്തും അഖിലും ആര്യയും രാജീവുമെല്ലാം വാചാലരാവുന്നുണ്ട്. അത്രക്കിഷ്ടമായിക്കഴിഞ്ഞു ഇവിടം.

തമാശപറഞ്ഞും പൊട്ടിച്ചിരിച്ചും സമയം പോയതറിഞ്ഞില്ല. ഡിന്നർ കഴിക്കാൻ സമയമായെന്ന് അറിയിപ്പുകിട്ടി. എല്ലാവരും റെഡിയാണ്. തണുപ്പുള്ളതുകൊണ്ട് എത്രകഴിച്ചാലും വിശന്നുകൊണ്ടിരിക്കും. ഞങ്ങൾ ഊണു മുറിയിലേക്ക് ചെന്നു. ചൂടുചോറും ചപ്പാത്തിയും ഇറച്ചിക്കറിയും മറ്റുവിഭവങ്ങളുമെല്ലാമുണ്ട്. വീണ്ടും കഴിച്ചു. സുഭിക്ഷമായി. പിന്നെ റൂമികളിലെത്തി അധികം താമസിയാതെ ഉറങ്ങാൻ കിടന്നു. പതുപതുപ്പൻ ബ്ലാങ്കെറ്റിനുള്ളിൽ പൂണ്ടുകിടന്നു. ഉറക്കം വന്ന് തലോടുന്നെങ്കിലും പുറത്തെ റോഡിലൂടെ ചരക്കുവണ്ടികൾ ഇരമ്പിപ്പോകുന്ന ശബ്ദം. ഒന്നിന് പുറകെ മറ്റൊന്നായി.

പകലുകളിൽ പതിവില്ലാത്തൊരു സഞ്ചാരമാണിത്. മുറിയുടെ വാതിൽ തുറന്ന് റോഡിലേക്ക് നോക്കി. മണ്ണുമാന്തി വണ്ടികളും വലിയ ലോറികളുമാണ്. മലകൾക്കിടയിലൂടെ പലയിടത്തും വീതിയേറിയ പാതകൾ പണിയുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാകാം ഇവ പോകുന്നത്. പോയി ഉറങ്ങാൻ കിടന്നെങ്കിലും ഈ ശകടങ്ങളുടെ ഒച്ച വെളുപ്പാൻകാലം വരെ ഇടയ്ക്കിടെ ഉണ്ടായിരുന്നു.

രാവിലെ എണീറ്റുനോക്കുമ്പോൾ എല്ലാവരും ഉണർന്നുവരുന്നതേയുള്ളൂ. വീട്ടുമുറ്റത്തും ആരെയും കാണാനില്ല. നല്ല തണുപ്പുണ്ട്. കൊഹിമയുടെ മുകൽപ്പരപ്പും താഴ്‌വാരങ്ങളും സൂര്യരശ്മികൾ വീണ് സുന്ദരമായിരിക്കുന്നു. ഒന്ന് തീ കാഞ്ഞാലോ എന്നോർത്ത് മുറ്റത്തെ അടുപ്പിൽ ചെന്ന് നോക്കി. വെള്ളം ചൂടാക്കുകയും ചെയ്യാം. അടുപ്പിൽ തീയില്ല. ചാരം മാത്രം. ചരുവം തുറന്നുനോക്കി. കുറച്ചുവെള്ളവുമുണ്ട്. ഒരു ബക്കറ്റ് എടുത്ത് അടുത്തുകണ്ട ടാപ്പിൽനിന്ന് വെള്ളം പിടിച്ചു.


അപ്പോഴേക്കും ഗൃഹനാഥൻ അത് കണ്ട് ഓടിവന്ന് അടുപ്പിൽ തീ പിടിപ്പിച്ചു. എന്നിട്ട് മുറ്റത്തുകിടന്ന വിറകുകൊത്തിക്കീറി കഷണങ്ങളാക്കി അടുപ്പിൽ കൊണ്ടുവച്ചു. നിമിഷങ്ങൾക്കകം രണ്ട് കുട്ടികൾ പാഞ്ഞെതി. ബക്കറ്റുകളെടുത്ത് ചരുവത്തിലേക്കു വെള്ളം നിറച്ചു. അതേ സമയത്തുതന്നെ വീട്ടമ്മ കട്ടൻകാപ്പിയും ചായയും ഉമ്മറത്തെ ടേബിളിൽ എത്തിച്ചു. ചിലരൊക്കെ ഉറക്കച്ചടവോടെ എണീറ്റുവരുന്നുണ്ട്. പിന്നെ ഞങ്ങൾ ഓരോരുത്തരായി കപ്പുകളിലേക്ക് കാപ്പി പകർന്നു അടുപ്പിനടുത്തെത്തി ചുറ്റും ഇരിപ്പുറപ്പിച്ചു.

കുറേനേരം വർത്തമാനം പറഞ്ഞിരുന്നു. അപ്പോഴേക്കും അലിക്കയുടെയും ജഗ്ഗുവിന്റെയും വിളിയെത്തി. എത്രയും പെട്ടെന്ന് കുളിച്ച് ഭക്ഷണം കഴിച്ച് റെഡിയാകാൻ. ഞങ്ങൾ ചൂടുവെള്ളം എടുത്ത് റൂമിൽ ചെന്ന് കുളിച്ചുറെഡിയായി. ബാഗുകൾ ഒരുക്കിവച്ചു. പിന്നെ ഭക്ഷണമേശയുടെ മുമ്പിലെത്തി. പാൻകേക്കും മുട്ടയും ബ്രെഡും ബിസ്‌ക്കറ്റും ഒക്കെയുണ്ട്. ഒപ്പം ചായയും. ബ്രേക്ഫാസ്റ്റ് കഴിച്ച് ഇത്തിരി സമയം കൂടി മുൻവശത്തെ വരാന്തയിൽ ഇരുന്നു. പരസ്പരം സംസാരിച്ച്, വീട്ടുകാരോട് വിശേഷങ്ങൾ പറഞ്ഞ്.

അമ്മവീടുകളുടെ ഗ്രാമങ്ങൾ

കിഗ്വാമ എന്നാൽ അമ്മവീടുകളുടെ ഗ്രാമം എന്ന അർത്ഥം കൂടിയുണ്ടത്രേ. പരമ്പരാഗതമായി അമ്മമാർ തങ്ങളുടെ പെണ്മക്കൾക്ക് വീടുകളും അതിന്റെ അവകാശവും കൈമാറുന്ന രീതിയാണ് ഇവിടെ നിലനിൽക്കുന്നത്. തലമുറതലമുറകളായി ഇന്നും ഈ രീതി ഇവിടെ തുടർന്നുപോരുന്നു. ഞങ്ങളുടെ ഹോംസ്റ്റേയും അങ്ങനെയുള്ള ഒരു പൈതൃക ഗൃഹമാണ്. ഹോംസ്റ്റേ ഉടമ തന്നെയാണ് ഈ വിവരങ്ങൾ പറഞ്ഞത്.

കൊട്ടിഘോഷങ്ങളില്ലാത്ത പെൺകരുതലിന്റെ പ്രായോഗിക സമീപനം. കേട്ടപ്പോൾ സന്തോഷം തോന്നി. അതോടൊപ്പം ഇതേ രാജ്യത്തുതന്നെയാണല്ലോ പെൺകുഞ്ഞുങ്ങളെ കുരുതികൊടുക്കുന്ന ദുഷ്പ്രവണതയും ചിലയിടങ്ങളിലെങ്കിലും ഉള്ളതെന്നോർത്തു. കരുത്തിന്റെയും കരുതലിന്റെയും അധ്വാനത്തിന്റെയും പ്രതീകങ്ങൾ കൂടിയാണ് ഇന്നാട്ടിലെ പെണ്ണുങ്ങൾ. അവരുടെ ആത്മവീര്യവും സൗന്ദര്യവും മുഖത്തുനിന്ന് തന്നെ വായിച്ചെടുക്കാം.


പൈതൃകങ്ങളെയും പഴമകളെയും തനിമകളെയും കൃഷിയെയും ചേർത്തുപിടിച്ച്, ജീവിതം ആഘോഷമാക്കുന്ന സംസ്കാരസമ്പന്നരുടെ ഇടയിലായിരുന്നു കഴിഞ്ഞ രണ്ടുമൂന്നു ദിനങ്ങൾ. മുളങ്കൂട്ടങ്ങൾക്കിടയിലൂടെ സഞ്ചരിച്ച് മുളനിർമിതികൾ കണ്ട് മുളമ്പാട്ടുകൾ കേട്ട് മുള ഭക്ഷണം കഴിച്ച് ഉല്ലസിച്ച നാളുകൾ. തൽക്കാലം അതിനോട് വിടപറഞ്ഞുപോകാൻ സമയമായി. സമയം എട്ടര ആയിട്ടുണ്ട്. ഞങ്ങൾക്ക് പോകാനുള്ള വണ്ടികളും മുറ്റത്ത് റെഡി ആണ്. ബാഗുകളെല്ലാം എടുത്ത് വണ്ടിയിൽ വച്ചു. ഹോംസ്റ്റേ യിലെ അമ്മമാരോടും കുട്ടികളോടും ഗൃഹനാഥനോടും സ്നേഹോഷ്മളമായ അതിഥിസത്കാരങ്ങൾക്ക് നന്ദി പറഞ്ഞു. വണ്ടിയിൽ കയറി യാത്ര തുടങ്ങി. മണിപ്പൂരിനെ ലക്ഷ്യമാക്കി.

(തുടരും)

ആദ്യ ഭാഗങ്ങൾ വായിക്കാൻ:

Part 1: നാഗന്മാരുടെ മണ്ണിലൂടെ

Part 2: കിസാമയിലെ ഗ്രാമവഴികൾ

Part 3: സൂക്കോവാലി - മുളപാടും താഴ്‌വരകൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north east travel
News Summary - north east travel
Next Story