Top
Begin typing your search above and press return to search.
exit_to_app
exit_to_app
velliangiri mountains
cancel
Homechevron_rightTravelchevron_rightDestinationschevron_rightകേരളത്തോട്​​ അതിർത്തി ...

കേരളത്തോട്​​ അതിർത്തി പങ്കിടുന്ന മലനിരകൾ; ഇവിടെയുണ്ട്​ തെക്കിൻെറ കൈലാസം

text_fields
bookmark_border

കോയമ്പത്തൂരിന്​ സമീപത്തെ വെള്ളിയാങ്കിരി ഹിൽസിനെക്കുറിച്ചും മലമുകളിലെ പൂണ്ടി ക്ഷേത്രത്തെ കുറിച്ചുമെല്ലാം അറിഞ്ഞത്​ മുതൽ അവിടേക്കുള്ള യാത്ര മനസ്സിൽ കയറിക്കൂടിയിട്ട്​ നാളുകളേറയായി. കേരളത്തിൽ നിന്നും വളരെ അടുത്തായതിനാൽ അധികം ചെലവൊന്നും വരില്ല, ഗിന്നസ്​ ​റെക്കോഡിൽ ഇടംപിടിച്ച ആദിയോഗി ശിവ പ്രതിമ ഇതിനടുത്താണ് എന്നീ വിവരങ്ങളും അങ്ങോ​ട്ടേക്കുള്ള​ യാത്ര കൂടുതൽ വേഗത്തിലാക്കി.

കോഴിക്കോട്ടുനിന്ന്​ ട്രെയിനിലാണ്​ പോകുന്നത്​​. എന്നത്തെയും പോലെ ഇന്ത്യൻ റെയിൽവേ ഞങ്ങളെ ചതിച്ചു. 10.55ന് വരേണ്ട കോയമ്പത്തൂർ ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് വന്നത്. കോയമ്പത്തൂരിലേക്ക്​ 70 രൂപയുടെ സെക്കൻഡ്​ ക്ലാസ്​ ടിക്കറ്റ്​ എടുത്താണ്​ യാത്ര. ജനറൽ കമ്പാർട്ട്​മെൻറ്​​​ ആണെങ്കിലും ജനലിഴകളിലൂടെ ഫസ്​റ്റ്​ ക്ലാസ്​ കാഴ്​ചകളാണ്​ പ്രകൃതി വിരുന്നൂട്ടുന്നത്​. കടലുണ്ടി പക്ഷിസ​ങ്കേതവും നിളയുടെ തീരങ്ങളും പച്ചപ്പരവതാനി വിരിച്ച വള്ളുവനാട്ടിലെ വയലുകളും പാലക്കാ​ട്ടെ കരിമ്പനകളും താണ്ടി ട്രെയിൻ കൂകിപ്പാഞ്ഞു.


ഏറെ വൈകി ട്രെയിൻ കോയമ്പത്തൂരിലെത്തു​േമ്പാൾ നാല്​ മണി കഴിഞ്ഞിട്ടുണ്ട്​. 'കൃത്യനിഷ്ഠത'യിൽ നമ്മുടെ റെയിൽവേ വളരെ മുൻപന്തിയിലായിരുന്നതിനാൽ ഉച്ചഭക്ഷണം കഴിക്കാതെ ഞങ്ങൾ വിശന്നിരിക്കുകയായിരുന്നു. ട്രെയിനിറങ്ങി ആദ്യം വയറ്​ നിറച്ചുണ്ടു. പിന്നെ നേരെ ഗാന്ധിപുരം ബസ് സ്റ്റാൻഡ്​ ലക്ഷ്യമാക്കി പുറപ്പെട്ടു. ഏഴ്​ രൂപയുടെ ടിക്കറ്റാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക്​. ഏകദേശം15 മിനിറ്റ് യാത്ര. സ്റ്റാൻഡിൽ ഇറങ്ങിയശേഷം അന്ന് രാത്രിയിലേക്കുള്ളതും പിറ്റേന്ന് രാവിലേക്കുമുള്ള ഭക്ഷണവും വെള്ളവും വാങ്ങാൻ ഗാന്ധിപുരം സ്റ്റാൻഡിൽ അലഞ്ഞുതിരിഞ്ഞു നടന്നു. അത്യാവശ്യം വേണ്ടതൊക്കെ കിട്ടിയപ്പോൾ അമ്പലത്തിലേക്കുള്ള ബസ് കാത്തിരിപ്പായി. 14ഡി നമ്പർ ബസ് വന്നതോടെ അതിൽ കയറി വേഗം സീറ്റ് പിടിച്ചു.

കാട്ടിലെ ഒറ്റയാൻ

ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ നിന്ന് വെള്ളിയാങ്കിരി ഹിൽസ് വരെ 25 രൂപയാണ്​ ടിക്കറ്റ്. ഒരു മണിക്കൂർ യാത്രയുണ്ട്. അവിടെ എത്തുന്നതിൻെറ നാല്​ കിലോമീറ്റർ മുന്നേ കാട് തുടങ്ങി. പിന്നീടങ്ങോട്ട് വിജനമായ വഴികളാണ്​. ആളും ബഹളവും ഒന്നുമില്ലാത്ത ആ കാടിൻെറ നിശ്ശബ്​ദത ഭേദിച്ച്​ ബസ്​ നീങ്ങി. ചുറ്റും നോക്കിയപ്പോൾ ഞങ്ങൾ പോകുന്ന ബസ് അല്ലാതെ വേറൊരു വണ്ടിയും കാണാനില്ല. രാത്രി ആയതിനാൽ കാഴ്​ചകൾ അധികം ആസ്വദിക്കാൻ കഴിയുന്നില്ല എന്ന നിരാശയിലിരിക്കു​േമ്പാഴാണ്​ ഞങ്ങളെയെല്ലാവരെയും ആവേശപ്പെടുത്തി ആ ഒറ്റയാൻ വരുന്നത്​. ഇരുട്ടിൻെറ മറവിൽനിന്ന്​ പെ​ട്ടെന്നായിരുന്നു കാട്ടാന കടന്നുവന്നത്​. ഒരു മിന്നായം പോലെ ദർശനം നൽകി അവൻ കാട്ടിലേക്ക്​ തന്നെ മറഞ്ഞു.

ബസ് വെള്ളിയാങ്കിരി ഹിൽസിൻെറ താഴ്വരയിൽ ഞങ്ങളെ സുരക്ഷിതമായി എത്തിച്ചു​. പ്രദേശമാകെ തീർഥാടകർ നിറഞ്ഞിട്ടുണ്ട്​. ഭക്തിയിടെ കുടക്കീഴിൽ ശിവഭാഗവാനെ കാണാൻ വന്നവർ. ഞങ്ങളും അവരുടെ കൂടെ അങ്ങ് കൂടി. വെള്ളിയാങ്കിരി മലകളിലേക്കുള്ള യാത്ര വടക്കുള്ള അമർനാഥ് യാത്രയുമായാണ് താരതമ്യം ചെയ്യുന്നത്. ശിവൻ സ്വയംഭുവായി 8000 അടി മലമുകളിൽ ഒരു ഗുഹക്കുള്ളിൽ ധ്യാനമിരുന്നു എന്നാണ് വിശ്വാസം.


പുരാണകഥ പ്രകാരം ശിവൻ ഈ പുണ്യപർവതത്തിൽ ഒരു കന്യകയെ വിവാഹം കഴിക്കാൻ ഇറങ്ങിയെങ്കിലും അത്​ സാധിക്കാതെ വന്നു. ഇതിൽ നിരാശനായ ശിവൻ ഈ പർവതത്തിൽ കയറി ധ്യാനത്തിൽ ഇരുന്നുവെന്നാണ്​ ഐതിഹ്യം. കൂടാതെ മലമുകളിൽ അഗസ്ത്യമുനി താമസിച്ചിരുന്നുവെന്നും കരുതപ്പെടുന്നു. സ്വയംഭു ദേവനെ കാണാനുള്ള യാത്ര തുടങ്ങുന്നതിന് മുമ്പ്​ താഴ്വാരത്ത്​ ശിവഭഗവാൻെറ വെള്ളിയാങ്കിരി ആണ്ടവാർ പ്രതിഷ്​ഠയും പാർവതി ദേവിയുടെ മനോൻമണി അമ്മൻ പ്രതിഷ്​ഠയും തൊട്ടുവണങ്ങണം.

വഴികാട്ടിയായി ശരവണൻ ചേട്ടൻ

മുകളിലേക്ക്​ പ്ലാസ്റ്റിക് സാമഗ്രികൾ കടത്തിവിടില്ല. ബാഗുകൾ എല്ലാം അവർ പരിശോധിച്ചു. താഴെനിന്നും 30 രൂപ കൊടുത്താൽ മുളവടി ലഭിക്കും. വടി വാങ്ങുന്നത് നല്ലതാണെന്നും വലിയ കയറ്റങ്ങളാണ് മുന്നിലുള്ളതെന്നും വിൽപ്പനക്കാർ പറഞ്ഞു. ഞങ്ങൾ ഓരോ വടിയും വാങ്ങി രാത്രി 8.30ന്​ മല കയറാൻ തുടങ്ങി. കയറി തുടങ്ങിയപ്പോൾ ശരവണൻ ചേട്ടനും ഞങ്ങളുടെ കൂടെ കൂടി. പുള്ളിയെ അവിടുന്ന് പരിചയപെട്ടതാണ്. കൊടും കാട്ടിലൂടെ 14 കിലോമീറ്റർ നടക്കാനുണ്ട്​. വഴിയിൽ ഗൈഡുമാർ ഒന്നും ഇല്ലാത്തതിനാൽ ശരവണൻ ചേട്ടൻെറ ഉപദേശങ്ങൾ സ്വീകരിച്ച് മുന്നോട്ടുപോകാൻ തീരുമാനിച്ചു.


കാവി മു​ണ്ടെടുത്തും രുദ്രാക്ഷ മാലകൾ അണിഞ്ഞും ശിവ സ്​തുതികൾ പാടിയുമാണ്​ ഭക്​തർ മലകയറുന്നത്​. ഇതെല്ലാം കണ്ടപ്പോൾ ശരിക്കും കൈലാസ യാത്രയിലാണെന്ന് തോന്നിപ്പോയി. തുടക്കത്തിൻെറ ആവേശം ഞങ്ങളിൽ അലതല്ലി നിന്ന സമയമായിരുന്നു. ആദ്യമൊക്കെ നല്ല വേഗത്തിലാണ്​ കയറിയത്. എന്നാൽ, കുറച്ചങ്ങോട്ട് കഴിഞ്ഞശേഷം എല്ലാം കൈയിൽനിന്ന് പോയിത്തുടങ്ങി. എല്ലാവർക്കും നല്ല ക്ഷീണം വന്നുതുടങ്ങി. പിന്നീടങ്ങോട്ട് ഞങ്ങളുടെ വേഗത പതിയെ കുറഞ്ഞു.

​ഒരു മലയിൽനിന്ന്​ അടുത്ത മലയിലേക്ക് കാട്ടിലൂടെ വഴികൾ നീളുകയാണ്​. രാത്രിയായതിനാൽ കോയമ്പത്തൂർ സിറ്റി പ്രകാശപൂരിതമായി നിൽക്കുന്നത്​ കാണാൻ നല്ല ഭംഗിയുണ്ട്​. പോകുന്ന വഴികളിൽ രണ്ട്​ സ്ഥലത്തു കാട്ടരുവി കാണാനിടയായി​. മൂന്നാമത്തെ മലയിലും ആറാമത്തെ മലയിലും. തെളിമയാർന്ന വെള്ളം. നല്ല തണുപ്പുള്ള ജലധാര. അതിൽ നിന്നും ഞങ്ങൾ ആവശ്യത്തിന് വെള്ളം എടുക്കുകയും മുഖം കഴുകി ഫ്രഷാവുകയും ചെയ്തു.


വഴികളിലെല്ലാം ചെറിയ കടകളുണ്ട്. എണ്ണക്കടികളും മിഠായിയും കട്ടനും കാപ്പിയും കൈതച്ചക്കയും കക്കിരിയും മറ്റുമാണ്​ അവിടെ വിൽപ്പന​. ഇതോടൊപ്പം ഗ്ലുക്കോസും ഇടംപിടിച്ചിട്ടുണ്ട്​. ശാരീരികമായും മാനസികമായും തയാറെടുത്ത്​ വേണം ഇവിടേക്ക്​ വരാൻ. ആരായാലും ഈ നടത്തത്തിനിടയിൽ ഒന്നു തളരും. അ​വർക്കുവേണ്ടിയാണ്​ ഈ ഗ്ലൂക്കോസ്​.

ഉപജീവനത്തിന് വേണ്ടി കൊടും കാട്ടിൽ തണുപ്പിനെപോലും വകവെക്കാതെ കഷ്ടപ്പെടുന്നു ഈ കച്ചവടക്കാർ. ഏതു പാതിരാത്രി ആണെങ്കിലും മലകയറി വരുന്നവരേയും കാത്ത്​ അവർ ഉറക്കമൊഴിച്ചിരിപ്പാണ്​. ഒരു കടയിലേക്ക് ചെല്ലുമ്പോൾ പ്രതീക്ഷയുടെ പുഞ്ചിരിയുമായി അവർ നമ്മളെ വരവേൽക്കുന്നു. ഉറക്കത്തിൽ ആണെങ്കിൽ പോലും അതൊന്നും വകവെക്കാതെ അവർ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റിത്തരുന്നു.


ഏഴ്​ മലകളാണ്​ വെള്ളിയാങ്കിരി ഹിൽസിൻെറ ഭാഗമായിട്ടുള്ളത്​. ഇതിൽ ആദ്യത്തെ നാല്​ മലകൾ മുഴുവൻ കയറാൻ പടികളുണ്ട്​. അത് കയറുക എന്നത്​ അൽപ്പം ബുദ്ധിമുട്ട്​ തന്നെയാണ്​. അടുത്ത രണ്ട്​ മല, അതായത് അഞ്ചും ആറും മലകൾ ഏകദേശം നിരന്ന സ്ഥലങ്ങളാണ്. ഇവ താണ്ടിയത്​ വളരെ കൂളായിട്ടാണ്​. അവസാനത്തെ മലയാണ് ഏറ്റവും കഠിനം. ഈ മല മുഴുവനും വലിയ പാറകളാണ്. ഇതിൻെറ മുകളിലായാണ് പൂണ്ടി അമ്പലവും ശിവ പ്രതിഷ്​ഠയുമുള്ളത്. ഫെബ്രുവരി ഒന്ന്​ മുതൽ മേയ്​ 31 വരെയാണ് ഇവിടെ ഭക്തർക്ക് പ്രവേശനമുള്ളത്.

ഇവിടത്തെ ഏഴ്​ മലകൾ കയറുന്നത് മനുഷ്യ ശരീരത്തിലെ ഏഴ്​ ചക്രങ്ങൾ, അല്ലെങ്കിൽ ഊർജ കേന്ദ്രങ്ങൾ എന്നതിനെ പ്രതിനിധീകരിക്കുന്നു. ഏഴ്​ മലകൾക്കും വ്യത്യസ്​ത പേരുകളുണ്ട്. മൂലധാര, സ്വദിഷ്​ടനം, മണിപൂരകം, അനചാത്തം, വിശുദ്ധി, ആഗ്ന, സഹസ്രാരം എന്നിവയാണ് യഥാക്രമം അവയുടെ പേരുകൾ.


മലമുകളിലെ സൂര്യോദയം

14 കിലോമീറ്റർ നടന്ന്​ പൂണ്ടി അമ്പലത്തിൽ എത്തിയതും അവിടെ മണിയടിച്ചതും സൂര്യൻ ഉദിച്ചതും എല്ലാം ഒരുമിച്ചായിരുന്നു. എല്ലാം കൂടെ ഒരുമിച്ച് കിട്ടാനുള്ള ഒരു അവസരം അങ്ങനെ ഞങ്ങൾക്ക് ലഭിച്ചു. ശിവ ഭാഗവനെയും തൊഴുത് ഞങ്ങൾ ആ മലയുടെ വേറൊരു ഭാഗത്തേക്ക് പോയി.


അവിടെ എത്തിയപ്പോൾ സ്വർഗത്തിലാണോ എന്നുപോലും തോന്നിപ്പിക്കുന്ന കാഴ്​ചകളാണ്​ വരവേറ്റത്. താഴെ കോടയിൽ പൊതിഞ്ഞു നിൽക്കുന്ന പശ്ചിമഘട്ട മലനിരകളെയാണ് കാണാൻ സാധിക്കുന്നത്. അതിൻെറ ഇടയിൽ നിന്നും ഉയർന്നുവരുന്ന സൂര്യനും ചുറ്റുമുള്ള കാടുമെല്ലാം മനസ്സിനെ ആനന്ദനിർവൃതി​യിലെത്തിക്കുന്നു.


കോട ഒന്ന് മാറിയപ്പോൾ ചുറ്റും മരങ്ങളാൽ സമൃദ്ധമായ പശ്ചിമഘട്ട മലനിരകൾ തെളിഞ്ഞു വന്നു. ആരെയും കൊതിപ്പിക്കുന്നതും മനംമയക്കുന്നതുമായ കാഴ്ചയുമായിട്ടാണ്​ വെള്ളിയാങ്കിരി ഞങ്ങളെ വരവേറ്റത്.ഇവിടെനിന്ന്​ കുറച്ചുദൂരമേയുള്ളൂ കേരളത്തിൻെറ അതിർത്തിയിലേക്ക്​. പ​ക്ഷേ, കാടായതിനാൽ യാത്ര സാധ്യമല്ല.


കാഴ്​ചകൾ എല്ലാം കണ്ട്, ഞങ്ങൾ കൊണ്ടുവന്ന ഭക്ഷണവും കഴിച്ച് മലയിറങ്ങാൻ തീരുമാനിച്ചു. കയറിയ അത്ര ബുദ്ധിമുട്ടില്ല ഇറങ്ങാൻ. ഏകദേശം ആറ്​ മണിക്കൂർ കൊണ്ടാണ് മലമുകളിൽ എത്തിയത്. മൂന്ന്​ മണിക്കൂർ കൊണ്ട് കാനന പാതകൾ പിന്നിട്ട്​ മലകളിറങ്ങി താഴെ എത്തി.


ക്ഷീണമെല്ലാം അവിടത്തെ നടപ്പന്തലിൽ ഇരുന്ന് തീർത്തു. ശേഷം ഒരു കുളിയും കഴിഞ്ഞ് ഞങ്ങൾ നേരെ ആദിയോഗി ശിവ പ്രതിമ കാണാൻ തീരുമാനിച്ചു. ദൂരെ നിന്ന് തന്നെ നമുക്ക് ചെറിയ ഭാഗങ്ങൾ കാണാൻ സാധിക്കും. അടുത്തെത്തിയപ്പോൾ കോരിത്തരിച്ചു നിന്നുപോയി. 112.4 അടി ഉയരം വരുന്ന പ്രതിമ. സദ്ഗുരു ഫൗണ്ടേഷൻ ആണ് ഇങ്ങനെ ഒരു സംരംഭത്തിന് മുന്നിൽ.


ആത്മീയാചാര്യൻ ജഗ്ഗി വാസുദേവിൻെറ ഇഷ ഫൗണ്ടേഷൻ കേന്ദ്രത്തിലാണ്​ ആദിയോഗി ശിവ പ്രതിമയുള്ളത്​. ലോകത്തെ ഏറ്റവും പൊക്കം കൂടിയ അർദ്ധകായ പ്രതിമയെന്ന ഗിന്നസ് റെക്കോർഡ് നേടിയ ഇത്​ പൂർണമായും സ്റ്റീൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്​.


പ്രതിമയുടെ 112 അടി ഉയരം എന്നത് യോഗികളുടെ സംസ്​കാരത്തിൽ സൂചിപ്പിച്ച മോക്ഷ (വിമോചനം) നേടാനുള്ള 112 മാർഗങ്ങളെയാണ് കണക്കാക്കുന്നത്. കൂടാതെ ശിവൻെറ കഴുത്തിലെ സർപ്പം പ്രകൃതിസൗഹാർദത്തിൻെറയും ജീവജാലങ്ങളോടുള്ള കരുതലിൻെറയും തെളിവാണെന്നാണ് വിശ്വാസം.


ഇതിന്​ സമീപം തന്നെയാണ്​ ഇഷ യോഗ സെൻററും സ്​ഥിതി ചെയ്യുന്നത്​. വെള്ളിയാങ്കിരി മലനിരകളും തമിഴ്​നാടിൻെറ ഗ്രാമങ്ങളും ചേർന്ന്​ ഈ പ്രദേശത്തെ സ്വർഗീയ സുന്ദരമാക്കുന്നു. യോഗ സെൻററിലും നിരവധി പേരാണ്​ ദിവസവും എത്തുന്നത്​. യോഗയുടെ നാല് പ്രധാന പാതകളും പര്യവേക്ഷണം ചെയ്യാൻ കഴിയും എന്നതാണ് കേന്ദ്രത്തിൻെറ പ്രത്യേകത.


ഇതെല്ലാം ഓടിച്ച്​ കണ്ടുതീർത്ത് കോയമ്പത്തൂർ ലക്ഷ്യമാക്കി മടക്കയാത്ര ആരംഭിച്ചു. ബസിൽ പോകു​േമ്പാൾ അങ്ങകലെ തെക്കിൻെറ കൈലാസമായ വെള്ളിയാങ്കിരി മലനിരകൾ ഉയർന്നുനിൽക്കുന്നത്​ കാണാം. അവയെ തഴുകി വരുന്ന കാറ്റ് വന്ന് ശരീരത്തെ പൊതിയു​േമ്പാൾ,​ ഭക്​തരുടെ ശിവസ്​തുതികളും അതിൽ ലയിച്ചിട്ടുണ്ടായിരുന്നു.

Show Full Article
TAGS:Kailash tamilnadu 
News Summary - Mountains bordering Kerala; Here is the southern Kailash
Next Story