വിചിത്ര ആചാരങ്ങളുമായി മസായി ഗോത്രവർഗം; തൻസനിയ സന്ദർശന സ്മരണകൾ
text_fieldsആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ വനങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പോകണം എന്നുള്ളത് കുട്ടിക്കാലം മുതല്‍ മനസിൽ കയറിക്കൂടിയ ഒരു ആഗ്രഹമായിരുന്നു. ചില സ്വപ്നങ്ങൾ അങ്ങനെയാണ്. വിടാതെ പിന്തുടര്‍ന്നു നമ്മെ അവിടെ എത്തിക്കും. ദോഹയിൽ നിന്ന് സുഹൃത്തായ മനോജുമൊത്ത് ഒരു വിനോദയാത്രയെപ്പറ്റി ആലോചിച്ചപ്പോള്‍ ആദ്യം മനസ്സിൽ വന്നത് താൻസനിയയിലെ ആഫ്രിക്കൻ വൈല്‍ഡ് ലൈഫ് സഫാരിയെപ്പറ്റി ആയിരുന്നു.
യാത്ര കുറച്ച് ചെലവേറിയതാണെന്നതും സുഹൃത്തുക്കൾ ആരും അവിടെ ഇല്ല എന്നുള്ളതും ഞങ്ങളിൽ തെല്ലൊരു ആശങ്കയുണർത്തിയിരുന്നു. എന്നാലും പോകാൻ തന്നെ തീരുമാനിച്ചു. ഓൺലൈനായി അഞ്ച് ദിവസത്തെ ടൂര്‍ പാക്കേജാണ് ഞങ്ങൾ ബുക്ക് ചെയ്തത്. സഫാരി വനയാത്ര കൂടാതെ ഗോത്ര ഗ്രാമീണർക്കൊപ്പം സമയം ചെലവഴിക്കുക, അവരുടെ ജീവിതരീതി കണ്ടറിയുക എന്നതും ഞങ്ങളുടെ യാത്രാപദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. താൻസനിയ യാത്രക്കിടയില്‍ അത്തരത്തിൽ ഒരു മസായി ഗ്രാമം സന്ദർശിച്ചതിന്‍റെ വിശേഷങ്ങള്‍ നോക്കാം.
ഖത്തർ എയർവേസ് വിമാനത്തിൽ കിളിമഞ്ചാരോ എയർപോർട്ടിലെത്തിയ ഞങ്ങളെ കാത്ത് ടൂർ കമ്പനിയുടെ പ്രതിനിധിയായ സാമുവേല്‍ ഉണ്ടായിരുന്നു. ആരൂഷയിലുള്ള മൗണ്ട് മേരു എന്ന ഹോട്ടലിലേക്ക് അദ്ദേഹം ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. തൻസനിയയിലെ ഞങ്ങളുടെ അടുത്ത നാല് ദിവസങ്ങൾ വളരെ രസകരമായിരുന്നു. മൗണ്ട് കിളിമഞ്ചാരോ, ങ്കൊറങ്കോറോ ഗ്രേറ്റര്‍, മന്യാരാ തടാകം, സെരെങ്ങേട്ടി, തരങ്കിരി നാഷനല്‍ പാര്‍ക്ക് അങ്ങനെ നിരവധി വിസ്മയക്കാഴ്ചകൾ തൻസനിയ ഞങ്ങള്‍ക്ക് നല്‍കി.
തരങ്കിരി നാഷനല്‍ പാര്‍ക്കിലേക്കാണ് ആദ്യദിവസത്തെ ഞങ്ങളുടെ യാത്ര. സഫാരിക്കായി പ്രത്യേകം തയാറാക്കിയ ലാൻഡ് ക്രൂയിസറില്‍ രാവിലെതന്നെ ആരൂഷയില്‍ നിന്ന് ഞങ്ങൾ പുറപ്പെട്ടു. സുന്ദരമായ കരാട്ടു ഹൈവേയിലേക്ക് വാഹനം പ്രവേശിച്ചു. ആരൂഷയിൽ നിന്നും കരാട്ടുവരെയുള്ള ഏകദേശം 140 കിലോ മീറ്റർ നല്ല പാതയാണ്. പിന്നീടുള്ള പ്രദേശങ്ങള്‍ ഓഫ് റോഡാണ്, കുലുങ്ങി കുലുങ്ങി മൺപാതയിലൂടെയുള്ള യാത്ര.
അടിസ്ഥാന സൗകര്യങ്ങൾ അധികം എത്തിനോക്കാത്ത തനി നാട്ടിൻപുറങ്ങൾ. വഴിയുടെ ഇരുവശത്തും വരണ്ട കൃഷിയിടങ്ങൾ. സഫാരി മാത്രമല്ല ഇന്നുള്ളത്, ഇവിടുത്തെ ഗോത്രവർഗമായ മസായിയെ അടുത്തറിയുവാനായുള്ള ഒരു ഗ്രാമസന്ദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തരങ്കിരി നാഷനൽ പാർക്കിലേക്ക് പോകുന്ന വഴിക്കുള്ള ഒരു ഗ്രാമത്തിലേക്കാണ് ഞങ്ങള്‍ ആദ്യം പോകുന്നത്.
സാമുവൽ ഞങ്ങൾക്ക് മസായി ഗോത്രത്തെപ്പറ്റിയും അവരുടെ ഗ്രാമത്തെപ്പറ്റിയും ഒരു ആമുഖം തന്നിരുന്നു. അവിടേക്കുള്ള ഞങ്ങളുടെ സന്ദർശന വിവരം മസായി ഗ്രാമത്തലവനെ ഫോണിൽ ബന്ധപ്പെട്ട് അറിയിച്ചു. ഇത്തരത്തിലുള്ള നിരവധി മസായി ഗ്രാമങ്ങള്‍ ഈ ഭാഗത്ത് ഉണ്ട്. ഇന്ന് മസായികളുടെ പ്രധാന വരുമാനമാർഗം ടൂറിസ്റ്റുകളുടെ ഗ്രാമസന്ദര്‍ശനമാണ്.
120ഓളം ഗോത്രവർഗങ്ങൾ ഉണ്ടായിരുന്ന താൻസനിയയിൽ മസായി, ഹഡ്‌സബെ, ഡേറ്റോഗ, ചഗ്ഗ എന്നീ നാല് ഗോത്രവർഗങ്ങൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മസായി ഗോത്രം ആണ്. നൈൽ നദീതടവാസികളായ അർധ നാടോടി വർഗമായ ഇവരുടെ പ്രധാന വാസപ്രദേശങ്ങൾ കെനിയയും ഉത്തര താൻസനിയയുമാണ്. മസായികളുടെ വിശ്വാസം ലോകത്തുള്ള കന്നുകാലികളെയെല്ലാം ദൈവം അവർക്കായി നൽകിയതാണ് എന്നാണ്. ഇന്ന് തൻസനിയയിലെയും കെനിയയിലെയും സർക്കാറുകൾ ഇവരെ തങ്ങളുടെ നാടോടി ജീവിതരീതി ഉപേക്ഷിച്ച് ആധുനിക ജീവിതത്തിലേക്ക് മാറാന്‍ പ്രോൽസാഹിപ്പിക്കുന്നുണ്ടെന്ന് ഗൈഡ് സാമുവേല്‍ പറഞ്ഞു.
കാലികളെ മേക്കലും വേട്ടയാടലും പ്രധാന ജീവനോപാധിയായ ഇവരുടെ പ്രധാന ആയുധങ്ങള്‍ അമ്പും വില്ലും കുന്തവുമാണ്. ആൺകുട്ടികൾ പ്രായപൂർത്തിയായ പുരുഷനായി എന്ന് തെളിയിക്കുന്നതിന് ഒരു സിംഹത്തെ ഒറ്റക്ക് കുന്തവുമായി നേരിട്ട് കൊല്ലണം എന്നത് പണ്ട് നിലനിന്നിരുന്ന ഒരു ആചാരമായിരുന്നു.
എന്നാൽ ഇപ്പോൾ സിംഹവേട്ട നിയമവിരുദ്ധമാണ്. എന്നാൽ, ഇവരുടെ വേട്ടയിലുള്ള വൈദഗ്ധ്യം ദുരുപയോഗപ്പെടുത്തി വ്യാപകമായ രീതിയിൽ വന്യജീവിധ്വംസനം നടത്തുന്ന മാഫിയകൾ ഇവിടെ പ്രവത്തിക്കുന്നുണ്ട്. ആഫ്രിക്കൻ ആനകളെയും വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗങ്ങളയും മറ്റു മൃഗങ്ങളെയും കൊമ്പിന് വേണ്ടി കൊന്നൊടുക്കുന്ന ഈ മാഫിയകൾക്ക് വേണ്ടി ഇവർ ഒത്താശ ചെയ്യുന്നതാകട്ടെ തുഛമായ വരുമാനത്തിനു വേണ്ടിയും. മസായികളെ കാടിന് പുറത്ത് ഇറക്കിയതിന്‍റെ ദൂഷ്യഫലങ്ങളിൽ ഒന്നാണത് ഇതെന്നും സാമുവേല്‍ പറഞ്ഞു.
പ്രധാന പാതയില്‍ നിന്ന് വിജനമായ ഒരു പ്രദേശത്ത്കൂടെ കുറച്ചുദൂരം സഞ്ചരിച്ച് ഒരു മസായി ഗ്രാമത്തിനടുത്ത് ഞങ്ങള്‍ എത്തി. വാഹനം പാർക്ക് ചെയ്ത് വേലികൊണ്ടുള്ള കവാടത്തിനരിലേക്ക് നടന്നു. പരമ്പരാഗത രീതിയിലുള്ള അഭിവാദ്യമാണ് ഞങ്ങള്‍ക്ക് ഇവിടെ ലഭിച്ചത്. ചുവപ്പും നീലയുമൊക്കെ ചേർന്ന കടും നിറങ്ങളിലുള്ള പുതപ്പുകൾ പുതച്ച് ഒരുകൂട്ടം മസായി യുവതീയുവാക്കൾ ഞങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് പാട്ടുപാടി നൃത്തച്ചുവടുകളുമായി ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നു. സ്ത്രീകൾ മുത്തുകൾ കൊണ്ടുള്ള തൊപ്പിയും വലിയ വട്ടത്തിലുള്ള പപ്പടം പോലെത്തെ മാലയും ധരിച്ചു നിരയായി നിന്ന് പാട്ട് ആരംഭിച്ചു. പുരുഷന്മാർ ആകട്ടെ ഒരു കൈയില്‍ ചൂരല്‍ വടിയും പിടിച്ച് വന്യമായ ചില ശബ്ദങ്ങളോടു കൂടി ഒരു പ്രത്യേകതരം നൃത്തം ചെയ്യുന്നു. ഞങ്ങൾക്കും അവര്‍ വടിയും മേൽപുതപ്പും തന്ന് നൃത്തസംഘത്തിലേക്ക് ആനയിച്ച് അവര്‍ ചെയ്യുന്നതുപോലെ ചെയ്യാന്‍ പ്രേരിപ്പിച്ചു. മനോജും ഞാനും പാട്ടും പാടിക്കൊണ്ട് താളത്തില്‍ അവരോടോത്ത് ചുവടുകള്‍വച്ചു.
അതിനുശേഷം അവരുടെ തലവൻ ഞങ്ങളെ പരിചയപ്പെടുകയും ഗ്രാമത്തിനുള്ളിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ലംബുയി എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. ബലിഷ്ഠകായനായ ഒരു യുവാവായ അദ്ദേഹം നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടായിരുന്നു. ലംബുയി ഞങ്ങളെ സ്വീകരിച്ച് കൊണ്ടുപോയത് വേലിപ്പത്തൽ കൊണ്ട് തിരിച്ച അവരുടെ വീടുകളുടെ പരിസരത്തേക്കാണ്. അപ്പോഴും ഞങ്ങളുടെ പുറകെ നടന്ന് സ്ത്രീകള്‍ ഉച്ചത്തിൽ പാടുന്നുണ്ടായിരുന്നു.
പുരുഷൻമാരുടെ ജംബിഗ് ഡാൻസ് ആയിരുന്നു അടുത്തത്, മാസായികളുടെ പരമ്പരാഗത രീതിയിലുള്ള വരവേല്‍പ്പാണ് അത് എന്ന് ലംബുയി പറഞ്ഞു. നിന്ന നില്‍പ്പില്‍ മുകളിലേക്ക് ചാടിപ്പൊങ്ങുകയാണ് ഓരോരുത്തരായി, കറന്റ് അടിച്ചപോലെ!. അത് ചെയ്യുവാനായി ഞങ്ങളെ പ്രേരിപ്പിച്ചുവെങ്കിലും ഞങ്ങള്‍ പരാജയപ്പെട്ടു. അടുത്തതായി ഞങ്ങളെ തീപ്പെട്ടിയില്ലാതെ തീ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണിക്കുവാനായി അവർ തയാറെടുത്തു. തടികഷ്ണങ്ങള്‍ ശക്തമായി വേഗത്തിൽ ഉരസി ആയാസത്തോടെ അവര്‍ ആദിമ മനുഷ്യരെപ്പോലെ തീ ഉണ്ടാക്കുന്നത് അത്ഭുതത്തോടെ ഞങ്ങൾ നോക്കിനിന്നു. മരക്കഷണങ്ങളിൽ നിന്ന് ആദ്യ പുക വന്നപ്പോള്‍ ഉണങ്ങിയ പുല്ല് ഇട്ട്, ഊതി ഊതി അവർ തീ കത്തിച്ചു. അടുത്തതായി ഞങ്ങളെ അവരുടെ വീടുകളിലേക്കാണ് ആനയിച്ചത്.
വീടുകൾ എന്ന് അതിനെ വിശേഷിപ്പിക്കാൻ ആകില്ല, മരക്കമ്പുകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയ കൂരകൾ. ചളിമണ്ണ് കൊണ്ടോ ചാണകം കൊണ്ടോ പുറംഭാഗം തേച്ചു മിനുക്കിയിരിക്കുന്നു. ഇത്തരത്തിലുള്ള നിരവധി വീടുകൾ ഇവിടെയുണ്ട്. ചെറുതെങ്കിലും സ്വീകരണമുറിയും കിടപ്പ്മുറിയും അടുക്കളയുമെല്ലാം ഈ കൊച്ചുകൂരയിലുണ്ട്. ഇരിക്കാൻ മരക്കഷണം, കിടക്കാൻ കല്ലുകൊണ്ട് പൊക്കിവച്ച മരപ്പലക. അടുക്കള പ്രാചീനരീതിയിലാണ്, മണ്ണ് കൊണ്ട് കെട്ടിയ അടുപ്പുകൾ. മസായി ജീവിതരീതികളെക്കുറിച്ചുള്ള ആധികാരികമായ കാഴ്ചകളായിരുന്നു ഞങ്ങൾക്ക് ഇവയെല്ലാം. അടുത്തതായി അവിടുത്തെ അവരുടെ ഒരു സ്കൂളിലേക്കാണ് ലംബുയി ഞങ്ങളെ നയിച്ചത്.
മേല്‍ക്കൂര ഇല്ലാത്ത, ഭിത്തികള്‍ മാത്രമുള്ള ക്ലാസ് മുറികള്‍. ഞങ്ങളെ കാണിക്കുവാനായി ഒരു മസായി അധ്യാപിക തന്‍റെ കുട്ടിയെയും ഒക്കത്ത് ഇരുത്തിക്കൊണ്ട് കുട്ടികള്‍ക്ക് A,B,C,D പറഞ്ഞു കൊടുക്കുന്നു. കുട്ടികളെകൊണ്ട് അവരുടെ മാസായി പാട്ടുകളും ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാറും ഞങ്ങൾക്കായി പാടിപ്പിച്ചു. തുടർന്ന് ഞങ്ങൾ ഗ്രാമീണര്‍ നിർമ്മിച്ച തുകല്‍ വസ്തുക്കളും പളുങ്ക്മാലകളും മറ്റും പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ഥലത്തേക്കാണ് പോയത്. ഓരോന്നിന്റെയും പ്രത്യേകതകളെ പറ്റിയും നിർമ്മാണ രീതിയെപ്പറ്റിയും ഞങ്ങളോട് വിശദീകരിച്ചു. വിനോദസഞ്ചാരികൾക്ക് വിൽക്കാനായി ആഭരണങ്ങൾ മാത്രമല്ല, പക്ഷികളുടെയും മൃഗങ്ങളുടെയും നഖവും ചുണ്ടുകളും പല്ലുകളും എല്ലുകളും കൊണ്ടുണ്ടാക്കിയ പല വസ്തുക്കളും മരം കൊണ്ടുള്ള കരകൗശല വസ്തുക്കളും നിരത്തിവച്ചിട്ടുണ്ടായിരുന്നു. മൃഗങ്ങളുടെ തോല്, തലയോട്ടികളും കൊമ്പുകളും, അമ്പും വില്ലും, കുന്തവും, തുടങ്ങി പലതരത്തിലുള്ള വാദ്യോപകരണങ്ങളും അവിടെ കണ്ടു. ഇതെല്ലം വാങ്ങാനുള്ള അവസരമുണ്ടവിടെ. അവിടെ ഉണ്ടായിരുന്ന സ്ത്രീ എന്‍റെ തലയിൽ അവർ നെയ്ത മുത്തുകൊണ്ടുള്ള തൊപ്പി വെച്ച് തന്ന് അത് വാങ്ങാൻ പ്രേരിപ്പിച്ചു. എല്ലാത്തിനും നല്ല വിലയായിരുന്നു. എങ്കിലും, കൊമ്പുകൊണ്ടുള്ള ഒരു വളയും, മോതിരവും, പുലിനഖത്തിന്റെ ലോക്കറ്റുള്ള മുത്ത്മാലയും, തടിയിൽ നിര്‍മ്മിച്ച ഒരു മസായി കുടുംബത്തിന്‍റെ ചെറുരൂപവും ഞങ്ങള്‍ സന്ദർശനസ്മരണയായി വാങ്ങി.
അടിസ്ഥാനപരമായി വേട്ടക്കാരാണ് മസായികൾ. അവരുടെ ഭക്ഷണരീതിയിലും ഉണ്ട് വൈവിധ്യങ്ങൾ. കിഴങ്ങുവർഗ്ഗങ്ങളും പഴങ്ങളും പച്ചക്കറികളും അവർ കഴിക്കുമെങ്കിലും, പ്രധാന ഭക്ഷണം പശുവിന്‍റെയും ആടിന്‍റെയും പാലും ചുടുരക്തവുമാണ്!. തങ്ങളെപ്പറ്റി കൂടുതല്‍ അറിയുവാനായുള്ള ഏത് ചോദ്യങ്ങളും സ്വാഗതാർഹമാണ് എന്ന് ലംബുയി ഞങ്ങളോട് പറഞ്ഞു. ഇപ്പോഴും ബഹുഭാര്യത്വം നിലനിൽക്കുന്ന ഈ സമൂഹത്തില്‍ പകൽ സമയത്ത് സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കാറില്ലെന്നും, കാലികളെ മേയ്ക്കാനായും കൃഷിക്കായും പുരുഷന്മാർ വീടുവിട്ടു പോകുമെന്നും തുടങ്ങിയ കാര്യങ്ങളൊക്കെ ലംബുയി ഞങ്ങൾക്ക് പറഞ്ഞു തന്നു.
അവിടെയുണ്ടായിരുന്ന എല്ലാ മസായി സ്ത്രീകളും പുരുഷന്മാരും വളരെ സൗഹാർദപരമായാണ് ഞങ്ങളോട് പെരുമാറിയത്. നാടോടികളായ അവരുടെ സഹയാത്രികരായ പട്ടികളുടെ ഒരു കൂട്ടം അവിടെ ഒരു വശത്ത് കിടക്കുന്നത് കണ്ടു, കുറച്ച് അകലെയായി അവരുടെ കന്നുകാലികളും. മറ്റൊരു ഭാഗത്ത് കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു,
നേരത്തെ ക്ലാസിൽ ഇരുന്ന അതേ കുട്ടികൾ തന്നെയാണെന്നു തോന്നുന്നു അത്. ഞങ്ങൾക്ക് മസായികളോട് യാത്രപറയാനുള്ള സമയം ആയി. കുറച്ചു സമയംകൂടി അവിടെ ചെലവഴിച്ചതിനു ശേഷം അവരോടൊപ്പം ഫോട്ടോയൊക്കെ എടുത്ത്, ലംബുയിക്ക് കുറച്ച് ടിപ്പും നൽകി ഞങ്ങള്‍ അവിടെ നിന്ന് തരങ്കിരി നാഷനൽ പാർക്കിലേക്ക് സാമുവേലുമൊത്ത് യാത്രയായി.
തൻസനിയക്ക് സമ്പന്നമായ ഒരു സാംസ്കാരിക ചരിത്രമുണ്ട്, പക്ഷേ, ഇന്ന് അതിന്‍റെ യഥാർത്ഥ അനുഭവങ്ങൾ കണ്ടെത്തുന്നത് ഒരു വെല്ലുവിളിയാണ്. പല ആദിവാസി ഗ്രാമങ്ങളും ഇപ്പോൾ പൂർണമായും വാണിജ്യവത്കരിച്ചു കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും ആയിരക്കണക്കിന് വർഷങ്ങളായി വലിയ മാറ്റങ്ങൾ ഇല്ലാതെ പരമ്പരാഗത ആചാരങ്ങൾ അനുസരിച്ച് ജീവിച്ചുവരുന്ന അർധ നാടോടി ഗോത്രമായി മസായികൾ തുടരുന്നു.
നാടകീയമായ ആചാരങ്ങളും നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങളും മനോഹരമായ മുത്തുകള്‍ കോര്‍ത്ത ആഭരണങ്ങളും വിവിധ തരത്തിലുള്ള കലാരൂപങ്ങളും ആഘോഷങ്ങളും ഇവയെല്ലാം കൊണ്ട് സമ്പന്നമായ അവരുടെ ജീവിതത്തിലേക്കുള്ള ഒരു സാംസ്കാരിക യാത്രയായിരുന്നു ഞങ്ങൾക്കിത്. മസായികളുടെ ആചാരങ്ങളും ഹൃദ്യമായ ആതിഥേയത്വവും എല്ലാം വളരെ രസകരമായ അനുഭവമായിരുന്നു. അത് മനസ്സില്‍ നിന്ന് ഒരിക്കലും മായുകയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.