Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightപാന്തി കാ പാറിലെ...

പാന്തി കാ പാറിലെ സ്നേഹഗീതങ്ങൾ

text_fields
bookmark_border
പാന്തി കാ പാറിലെ സ്നേഹഗീതങ്ങൾ
cancel

വെള്ളം വെള്ളം

മരണം

അടുത്തെത്തിയ ഒരാൾ

വെള്ളം വെള്ളം എന്ന്

തന്റെ ദാഹത്തെ

അവസാനമായി ആവിഷ്കരിക്കുകയല്ല.

വിട്ടുപോകാൻ ഏറ്റവും വേദനയുള്ള

ഒന്നിനെ

പതുക്കെ ക്രമത്തിൽ ഓർത്തെടുക്കുകയാണ്

-വീരാൻ കുട്ടി

അനീസ എന്നായിരുന്നു അവളുടെ പേര്. അജ്രക്ക് എന്ന് അവർ വിളിക്കുന്ന മെറൂൺ കളറിൽ വെളുത്ത ചിത്രപ്പണികളുള്ള ഷാളുമായി അവർ വന്ന് ഞങ്ങളെ സ്വീകരിക്കുകയായിരുന്നു. ഗ്രാമത്തിലേക്ക് വന്നുചേർന്ന് 22 അംഗങ്ങളുള്ള സംഘത്തെ അവരോരുത്തരും ഷാൾ അണിയിച്ച് കൈപിടിച്ച് ഉപചാരം ചൊല്ലി സ്വീകരിച്ചു. എന്നെ സ്വീകരിച്ചവൾ അനീസ. നീണ്ടു വെളുത്ത വിരലുകളുള്ള കുഞ്ഞു മുഖമുള്ള മൂക്കുത്തി അണിഞ്ഞ ഒരു 14 കാരി.

ജയ്സാൽമീറിൽനിന്ന് ഒരു പകലിന്റെ മുക്കാൽ ഭാഗവും യാത്രയായിരുന്നു. നഗരത്തിൽനിന്നും മിനുക്കമുള്ള റോഡിലൂടെ ഞങ്ങളുടെ ബസ് നിർത്താതെ ഓടി. പിന്നെ അത്ര മിനുക്കമില്ലാത്ത വഴിയിലേക്ക്. ഓടിയോടി അത് റോഡില്ലാത്ത മണൽവഴിയിലേക്ക്. കണ്ണീരിന്റെ ഉപ്പുപടർന്ന മണൽവഴിയിലേക്ക്. വരണ്ട മണ്ണിലൂടെ എത്രയോ കാതങ്ങൾ. നിർവികാരതയുടെ പതിഞ്ഞ മുഖങ്ങളുള്ള മനുഷ്യരെക്കണ്ടു. വഴിയരികിൽതന്നെ ജീവൻപോയ നാൽക്കാലികൾ. വായ്ക്കുള്ളിലെത്തുന്ന വെള്ളത്തിന്റെ ഉപ്പുപറ്റൽ മനുഷ്യരുടെ കണ്ണീര് കലർന്നതാണോ?

യാത്രകൾ മനുഷ്യരെ എന്തുമാത്രം സമ്പന്നരാക്കുന്നു. വീടിന്റെ സുഖശീതളിമയിൽനിന്നും ഇറങ്ങിപ്പുറപ്പെടുന്നവർക്ക് ലോകം കാത്തുവെക്കുന്ന കാഴ്ചകൾ, മണങ്ങൾ, മർമരങ്ങൾ, നിറക്കൂട്ടുകൾ...ചരിത്രത്തിന്റെ കനം പേറുന്ന നാഗരികതകൾ. നൂറ്റാണ്ടുകളുടെ ദാഹം ശമിപ്പിച്ച തെളിനീരുറവകൾ. ഭൂമിയുടെ നിറക്കൂട്ടു മാറിമാറി മറിയുന്ന മണ്ണടരുകളിൽ മനുഷ്യരുടെ കരവിരുത് തീർക്കുന്ന വലിയ വിസ്മയങ്ങൾ.

മീഡിയവൺ ഡെസ്റ്റിനേഷൻ ടീമിനൊപ്പമുള്ള രാജസ്ഥാൻ യാത്രയിൽ മറ്റേതൊരു യാത്രയിലും എന്നതുപോലെ വിനോദസഞ്ചാര ഇടങ്ങളെല്ലാം കാണുകയായിരുന്നു. മനുഷ്യർ തന്നെ പണിതതോ എന്ന് അത്ഭുതം കൂറി നിന്നുപോകുന്ന നിർമിതികൾ, ഹവേലികൾ കോട്ടകൊത്തളങ്ങൾ, മഹലുകൾ, മരണത്തിന്റെ ശേഷിപ്പിനെപോലും കല്ലിൽ കൊത്തിവെച്ച കവിതയാക്കി മാറ്റുന്ന ബഡാ ബാഗുകൾ. അകത്തളങ്ങളിൽ ഇരുന്ന് ലോകത്തേക്ക് തുറന്നുവെക്കുന്ന കിന്നരിത്തുന്നൽ കല്ലിൽ കൊത്തിയ കിളിവാതിലുകൾ, മൗനത്തിന്റെ നിഴൽരൂപത്തെ പോയനൂറ്റാണ്ടിലേക്ക് കുതിരവലിക്കുന്ന തേരിൽകെട്ടി ദ്രുതഗതിയിൽ പിന്നിട്ട കാലത്തേക്ക് എത്തിക്കുന്ന ചാട്ടയുടെ അലയൊലികൾ, അലങ്കരിച്ച സിംഹാസനത്തിൽനിന്നും പൊങ്ങിയ കൽപനകൾ, ഗ്രാമത്തിന്റെ അവസാന ചെവിയിലും എത്തിച്ചേർന്ന വിളംബരങ്ങൾ കാഴ്ചകൾ പോയ കാലത്തിന്റെ നിശ്ചലതകളെ റദ്ദ് ചെയ്യുന്നു. സജീവമായ കൊടുക്കൽ വാങ്ങലുകൾക്ക് കണ്ണും കാതും സാക്ഷിയാകുന്നു.

ബാക്കിയാവുന്ന അനുഭവങ്ങൾ

യാത്രക്കാരേ... പിന്നിട്ട കാഴ്ചകളിൽ കണ്ണിൽനിന്നും കരളിലേക്ക് പടർന്ന് കരളിൽ ബാക്കിയാവുന്ന അനുഭവമേതാണ്? അനീസ സ്വീകരിച്ചുകൊണ്ടു പോയ ബാദ്മീർ ജില്ലയിലെ രാംസര്‍ താലൂക്കിലെ പാന്തി കാ പാർ എന്ന ഗ്രാമം. അലി മുഹമ്മദ് എന്ന അതികായനായ മനുഷ്യൻ, തേജസ്സുള്ള മുഖം. അദ്ദേഹത്തിന്റെ പിതാവ് വിട്ടുനൽകിയ മണ്ണിൽ രൂപപ്പെടുത്തിയ സ്കൂൾ. അയാൾക്കൊപ്പമുള്ള കുറേ മനുഷ്യർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ചേർന്ന 20 സ്ത്രീകൾക്കും അവരെ നയിച്ച രണ്ട് പുരുഷന്മാർക്കും ആതിഥേയരായി.

സൂര്യൻ ആ പകലിനെ വിടപറയുന്ന സുന്ദരമായ വെളിച്ചത്തിൽ വെളുത്ത മണൽ മുറ്റത്ത് വരിയും നിരയും തെറ്റാതെ അവർ ചമ്രം പടിഞ്ഞിരുന്നു. 400 ഓളം കുട്ടികൾ. പൊടിമീശ കുരുത്ത കൗമാരക്കാർ മുതൽ നാലു വയസ്സിന്റെ കൗതുകക്കണ്ണും കൊണ്ടിരിക്കുന്ന കുഞ്ഞുമക്കൾ വരെ. യാത്രക്കാർക്ക് ഒരുക്കിയ ഇരിപ്പിടങ്ങളിൽ ഞങ്ങളെ ഇരുത്തിയ ശേഷം അവർ ലോകത്തിലെ ഏറ്റവും വിലപിടിച്ച പാനീയം കുടിക്കാനായി തന്നു, ‘മീട്ടാ പാനി’. ഉപ്പുചുവയില്ലാത്ത തണുപ്പുള്ള പച്ചവെള്ളം. ഏറ്റവും പവിത്രമായ ഒന്നിനെ കൈകാര്യം ചെയ്യുന്ന സൂക്ഷ്മതയോടെ.

വെള്ളം എന്ന വാക്കിന് നമ്മൾ വിചാരിക്കുന്ന ലാഘവത്വം അല്ല. ചരിത്രത്തിലെങ്ങോ ഉള്ളിലും ഉടലിലും കരുണനിറഞ്ഞ മനുഷ്യർ കണ്ണത്താതെ പരന്നുകിടക്കുന്ന മരുമണലിൽ കിണർ കുഴിക്കുന്നു. പ്രപഞ്ചത്തിന്റെ വിസ്മയം എന്നപോലെ ഉപ്പുവെള്ളം മാത്രം കിട്ടാൻ സാധ്യതയുള്ള ഇടങ്ങളിൽ എവിടെയോ ശുദ്ധമായ വെള്ളം കിട്ടുന്നു. ഏറ്റവും ഭവ്യമായി അവർ അതിനെ ‘മീട്ടാ പാനി’ എന്ന് വിളിക്കുന്നു. അവിടെ മനുഷ്യർ പാർക്കുന്നു. അവർ മനസ്സുകൊണ്ട് ഒന്നായി കഴിയുന്നു. ഗ്രാമം കിണറിന് ചുറ്റുമായി രൂപപ്പെടുന്നു. ജീവിതത്തിന്റെ ചാരുതകൾ ചമക്കുന്നു. പാന്തിപ്പാർ -പാന്തി എന്ന മനുഷ്യൻ കുഴിച്ച പാർ (കിണർ). അതിനു ചുറ്റും ജീവിതങ്ങൾ. ആ ഗ്രാമം ആ മനുഷ്യന്റെ പേരിൽ അറിയപ്പെടുന്നു. അവർ സിന്ധിഭാഷയിൽ സംസാരിക്കുന്നു.

പ്രാർഥനയിലെ നനവുകൾ

പ്രാർഥനയോടെയാണ് കുട്ടികളുടെ അസംബ്ലി ആരംഭിച്ചത്. പാകിസ്താൻ അതിർത്തിയിൽനിന്നും പത്തോ പന്ത്രണ്ടോ കിലോമീറ്റർ മാത്രം അകലത്തായുള്ള സ്കൂളിൽ ഇരിക്കാൻ ഇരിപ്പിടങ്ങളില്ല. ബെഞ്ചോ ഡെസ്കോ ഒന്നുമില്ല. ദേശഭക്തിഗാനവും ഉർദു പദ്യവും പാടി അവരാ വൈകുന്നേരത്തെ മധുരം നിറഞ്ഞതാക്കി. ഗ്രാമത്തിന്റെ ഉൾഭാഗങ്ങളിലേക്ക് ഒരു യാത്ര. ചുറ്റും മണൽ പതഞ്ഞുപൊങ്ങുന്ന വഴികളിലൂടെ തുറന്ന വണ്ടിയിൽ ആയിരുന്നു പോയത്. രാജസ്ഥാനിലെ ഗോത്രവർഗക്കാരുടെ വീടുകളിൽ എത്തി. പുളിയുടെ അത്ര ഉയരമില്ലാത്ത, മരുഭൂമിയിൽ നിറയെ കാണുന്ന മരത്തിന്റെ കുഞ്ഞുകൊമ്പുകൾ ഇലകൊഴിച്ച് അടുക്കിയടുക്കി അവർ വീടിനു മേൽക്കൂര പണിയുന്നു. അടുക്കള പ്രത്യേകം പണിതിട്ടിരിക്കുന്നു. ഏറ്റവും വൃത്തിയായി ഒരു ആരാധനാലയം എന്നപോലെ വീടും കിടപ്പുമുറികളും അടുക്കളകളും സൂക്ഷിക്കുന്നു.

ഏറ്റവും വിലപിടിച്ച ഒന്നിനെ അവർ കോൺക്രീറ്റിൽ തീർത്ത സ്ട്രോങ് മുറിയിൽ കരുതിവെക്കുന്നു. വർഷത്തിലൊരു മാസത്തിൽ എണ്ണപ്പെട്ട ദിനങ്ങളിൽ ആകാശം കനിയുന്ന മഴത്തുള്ളിയെ ഒന്നുപോലും നഷ്ടപ്പെടുത്താതെ മഴവെള്ള സംഭരണിയിലേക്ക് എത്തിച്ച് സൂക്ഷിച്ചുവെക്കുന്നു. വലിയ കോൺക്രീറ്റ് മൂടിയിലെ കുഞ്ഞുവാതിലിനടപ്പുതുറന്ന് ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുന്നു. ഇനിയും നീണ്ട മാസങ്ങൾക്കുശേഷം വന്നേക്കാവുന്ന മഴ ദിവസങ്ങൾ എത്തും വരെയുള്ള സമ്പാദ്യമായി എല്ലാ വീട്ടുമുറ്റത്തും നമ്മൾ ബാങ്കുകളിൽ വിലപിടിച്ച വസ്തുക്കൾ സൂക്ഷിക്കാൻ നിർമിക്കുന്നത് പോലെയുള്ള കോൺക്രീറ്റ് അറകൾ കാണാം. ഗവൺമെന്റിന്റെ ജലവിതരണ പദ്ധതിയായ നർമദ വെള്ളം ആഴ്ചയിലൊരിക്കലോ മറ്റോ വരുന്നു. ഏറ്റവും അമൂല്യമായ ഒന്നിനെ എന്നപോലെ അവരാ വെള്ളത്തെ കാത്തിരിക്കുന്നു.

ഇഷ്ടംപോലെ വെള്ളം കിട്ടിയിരുന്ന ഇടങ്ങളിലായിരുന്നു അവർ ജീവിച്ചിരുന്നതെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ച് പോവും. ഗ്രാമത്തിന്റെ ഏക വരുമാനം വറ്റിവരണ്ട മണ്ണിൽ കൃഷിചെയ്യുന്ന ബജ്റ, മുത്താറി കൃഷികളാണ്. സ്ത്രീകൾ ആടുകളെ വളർത്തുന്നു. മതസൗഹാർദത്തിന്റെ ഇഴയടുപ്പത്തോടെ ഗ്രാമീണർ ജീവിക്കുന്നു. ഗ്രാമത്തിലെ വീട്ടിൽനിന്ന് യാത്ര പറയുമ്പോൾ വാതിൽക്കലോളം വന്ന് അവരുടെ പരമ്പരാഗത ഗാനം ഏറ്റവും മുതിർന്ന സ്ത്രീയുടെ നേതൃത്വത്തിൽ അവിടത്തെ പെണ്ണുങ്ങൾ ഞങ്ങൾക്കായി പാടി. ഹൃദയത്തിൽ ഉറവയെടുക്കുന്ന സ്നേഹ പരിഗണനകളുടെ ശ്രുതിചേർത്ത് കരളുതൊടുന്ന ഒരു ഈണമായിരുന്നു ആ പാട്ടിന്.

ആശുപത്രിയിൽ എത്തണമെങ്കിൽ 75 കിലോമീറ്റർ യാത്ര ചെയ്യണം. വിദ്യാഭ്യാസമുള്ളവർ വിരലിലെണ്ണാവുന്നവർ മാത്രമേയുള്ളൂ. സന്ധ്യാ പ്രാർഥനക്കുശേഷം സ്കൂളിനുള്ളിൽ ഒരുക്കിയ വിരുന്ന് വയറും മനസ്സും നിറച്ചു. രാജസ്ഥാനിലെ പരമ്പരാഗത ഗായകരായ മാറാസി വിഭാഗത്തിന്റെ വക സംഗീതവിരുന്ന്. ഹാർമോണിയവും തുകൽ വാദ്യവും ചേർന്ന് താളത്തിൽ കരൾകടഞ്ഞ് പാടുന്ന ഒരീണം, ശബ്ദം. രുചികരമായ ആഹാരം.

നിലത്ത് കുടഞ്ഞുവിരിച്ച തുണിതയ്യലുകൾ ചേർത്ത് മനസ്സുനിറഞ്ഞു. വാക്കുകൾ നഷ്ടമായ ഒരുപറ്റം മനുഷ്യരിൽ ഒരാളായി ഞാനും ഇരുന്നു. യാത്രയയക്കാനായി ബസിന് അടുത്തുവരെ കുറെയധികം ദൂരം നടന്നുവന്നു കൈവീശി വിടപറയുന്നു. മറുനാട്ടിൽ ജനിച്ച ഉറ്റബന്ധുക്കളെ നോക്കി മതിയാവാതെ ഞങ്ങൾ ബസിനകത്തിരുന്നു. നിലവറയിൽ സൂക്ഷിച്ച വെള്ളത്തെ അവർക്ക് എന്നപോലെ ഹൃദയത്തിലേക്കുചേർത്ത് ഈ മനുഷ്യരെ ഞാൻ കരളിൽ പതിക്കുന്നു. കാമറ കണ്ണുകൾക്കപ്പുറം ഹൃദയത്തിനകത്ത് അവർ സ്വന്തപ്പെടുന്നു. സമൃദ്ധമായി നമുക്ക് മുന്നിലുള്ള ഒന്നിന്റെ, വെള്ളത്തിന്റെ മതിക്കാനാവാത്ത വിലയുടെ പുതിയ പാഠമറിയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Travel destinationJaisalmirTravel Explore
News Summary - Love songs from Panti Ka Paar
Next Story