Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightകസാഖ്സ്താന്റെ കശ്മീരായ...

കസാഖ്സ്താന്റെ കശ്മീരായ അൽമാട്ടിയിലേക്കോ, സ്കീയിങ്ങിന്റെ പെരുനഗരമായ ഷിമ്പുലാക്കിയി​ലേക്കോ വിട്ടാലോ

text_fields
bookmark_border
travel story, travel destination,kasakhsthan,shymbulak, ട്രാവലോഗ്, ട്രാവൽ സ്റ്റോറി, കസഖ്സ്താൻ,
cancel
camera_alt

അൽമാട്ടി

ഇത്തവണത്തെ അവധിക്കാലം മഞ്ഞണിഞ്ഞ എവിടെയെങ്കിലും പോകണം എന്ന കുട്ടികളുടെ ആഗ്രഹപ്രകാരം അതിനായുള്ള അന്വേഷണം ഞങ്ങളെ എത്തിച്ചത് കസാഖ്സ്താന്റെ തലസ്ഥാനമായ അൽമാട്ടിയിലേക്കാണ്‌. വിസ്തൃതിയുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ ഒമ്പതാം സ്ഥാനമുള്ള കരബന്ധിത രാജ്യമാണ് കസാഖ്സ്താൻ. റഷ്യ, ചൈന, കിർഗിസ്താൻ, ഉസ്‌ബകിസ്താൻ, തുർക്മെനിസ്താൻ, കാസ്പിയൻ കടൽ എന്നിവയാണ് കസാഖ്സ്താന്റെ അതിർത്തികൾ. വിസ്തൃതിയിൽ മാത്രമല്ല ഭൂപ്രകൃതിയിലും വൈവിധ്യപൂർണമാണ് പഴയ സോവിയറ്റ് യൂനിയന്‍ അംഗരാജ്യമായ ഈ മധ്യേഷ്യൻ രാജ്യം. മൂന്ന് വശവും പർവതങ്ങളാൽ ചുറ്റപ്പെട്ട കസാഖ്സ്താന്റെ മുൻ തലസ്ഥാനമായ അൽമാട്ടി പ്രകൃതിസൗന്ദര്യത്തില്‍ ഏറെ മുന്നിലാണ്. അൽമാട്ടിക്ക് സമീപമുള്ള മെഡ്യൂ സ്കേറ്റിങ് റിങ്കിലേക്കും മഞ്ഞുമൂടിയ ഷിമ്പുലാക് മലമുകളിലേക്കുമാണ് ഇന്നത്തെ ഞങ്ങളുടെ യാത്ര.


ഡൽഹിയിൽനിന്നും മൂന്നര മണിക്കൂറാണ് കസാഖ്സ്താനിലേക്ക്. എയർ അസ്താനയുടെ ഫ്ലൈറ്റിൽ ഡൽഹിയിൽനിന്നായിരുന്നു യാത്ര. കസാഖ്സ്താനിൽ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസയാണ്, 14 ദിവസത്തേക്ക് സൗജന്യവിസ ലഭിക്കും. വൈകുന്നേരം ഏഴോടെ അൽമാട്ടിയിലെത്തി. എമിഗ്രേഷൻ ഫോർമാലിറ്റീസ് എല്ലാം പെട്ടെന്ന് കഴിഞ്ഞു. താമസം ബുക്ക് ചെയ്തിരുന്ന ഹോളിഡേ ഇൻ ഹോട്ടലിൽനിന്ന് എയർപോർട്ടിൽ നിന്നുള്ള ഞങ്ങളുടെ പിക്കപ്പ് ഏർപ്പാടാക്കിയിരുന്നു. നെയിം ബോർഡുമായി ഡ്രൈവർ അറൈവൽ ഏരിയയിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. നല്ല തണുപ്പുണ്ട്, -10 ഡിഗ്രി തണുപ്പ്. റോഡിന് ഇരുവശവും മഞ്ഞുമൂടിയത് കാണാമായിരുന്നു. ഹോളിഡേ ഇന്‍ ഹോട്ടലിലെത്തി യാത്രാക്ഷീണവും തണുപ്പും സുഖകരമായ നിദ്രയിലേക്ക് ഞങ്ങളെല്ലാവരും വഴുതി വീണു.


നാലുദിവസത്തെ ടൂർ പ്രോഗ്രാമാണ്. കസാഖ്സ്താന്റെ സാംസ്‌കാരിക, സാമ്പത്തിക തലസ്ഥാനമാണ് അൽമാട്ടി. 1997 വരെ കസാഖ്സ്താന്റെ തലസ്ഥാനമായിരുന്ന അൽമാട്ടി ഇപ്പോൾ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ്. ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നും ഇന്ത്യയില്‍നിന്നും ധാരാളം സഞ്ചാരികളിവിടെയെത്തുന്നു. മോഹിപ്പിക്കുന്ന സൗന്ദര്യം നിറച്ച പ്രകൃതിയും അതിനൊപ്പം തന്നെ സുന്ദരമായി ഒരുക്കിയ ഉദ്യാനങ്ങളും രുചികരമായ ഭക്ഷണവിഭവങ്ങളും കലയും സംസ്കാരവും എല്ലാം ചേരുമ്പോൾ യാത്രപ്രിയരുടെ മനസ്സ് നിറയും. ഓരോ ഋതുവിലും ഓരോ മുഖമാണ് അൽമാട്ടിക്ക്. വേനലിലും തണുപ്പിലും സീസൺ അനുസരിച്ചു വ്യത്യസ്ത വിനോദങ്ങളും കാഴ്ചകളും സഞ്ചാരികൾക്ക് ആസ്വദിക്കാം.


ആദ്യദിവസം അൽമാട്ടിക്ക് സമീപത്തെ ഷിമ്പുലാക് മലമുകളിലേക്കാണ് ഞങ്ങളുടെ യാത്ര. മഞ്ഞുമൂടിയ പർവതത്തിലേക്കു പോകുന്നതിന്റെ ആവേശത്തിലായിരുന്നു നീലും നേവയും. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും ഷൂസുമൊക്കെ ധരിച്ച്‌ ഞങ്ങൾ യാത്രക്ക് തയാറായി. ഞങ്ങളുടെ ടൂര്‍ ഗൈഡ് സന്‍സാര്‍ മുൻകൂട്ടി പറഞ്ഞതനുസരിച്ച് ഒമ്പതോടെ ഹോട്ടലിലെത്തി ഞങ്ങളുമായി യാത്ര ആരംഭിച്ചു. എല്ലായിടവും മഞ്ഞു മൂടിക്കിടക്കുകയാണ്. വാഹനം പോകുന്ന സ്ഥലം മാത്രം മഞ്ഞുമാറ്റിയിട്ടിട്ടുണ്ട് ഞങ്ങളെത്തുന്നതിന്‍റെ നാല് ദിവസം മുമ്പ് ഇവിടെ ശക്തമായ മഞ്ഞുവീഴ്ച ഉണ്ടായിരുന്നുവെന്ന് സൻസാർ പറഞ്ഞു. അൽമാട്ടിയിൽനിന്ന് 25 കിലോമീറ്റർ തെക്ക് സെയ്‌ലിസ്‌കി അലതാവു പർവതനിരയിലെ മെഡ്യൂ താഴ്‌വരയുടെ മുകൾ ഭാഗത്താണ് ഷിമ്പുലാക് സ്കീ റിസോർട്ട് സ്ഥിതി ചെയ്യുന്നത്.


ഷിമ്പുലാക്കിലേക്കുള്ള കവാടമായി അറിയപ്പെടുന്ന മെഡ്യൂവിൽ ഞങ്ങളെത്തി. കസാഖ്സ്താനിലെ ഒരു സംരംഭകനും, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രക്ഷാധികാരിയും, നഗരത്തിന്‍റെ ശിൽപികളിലൊരാളുമായ മെഡ്യൂ പുസൂർ മനോവിന്റെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന ഹൈ-മൗണ്ടൻ ഔട്ട്ഡോർ സ്കേറ്റിങ് റിങ്ങാണിവിടെയുള്ളത്. സോവിയറ്റ് യൂനിയൻ ഒരു കായിക രാഷ്ട്രമായി വികസിക്കാൻ തുടങ്ങിയപ്പോൾ, രാജ്യത്തിന്‍റെ പ്രതീകമായി മാറിയ ഒരു ലാൻഡ്മാർക്കാണ് മെഡ്യൂ സ്കേറ്റിങ് റിങ്. 1949-1951 ൽ നിർമിച്ച സ്റ്റേഡിയത്തിൽ 8000ലധികം കാഴ്ചക്കാരെ ഉൾക്കൊള്ളാൻ കഴിയും. സമുദ്രനിരപ്പിൽനിന്ന് 1691 മീറ്റർ ഉയരത്തിലാണ് സ്കേറ്റിങ് റിങ് സ്ഥിതി ചെയ്യുന്നത്. ഞങ്ങള്‍ സ്കേറ്റിങ് റിങ്ങിനു ചുറ്റും നടന്നു. സ്റ്റേഡിയത്തിന് പശ്ചാത്തലമായി മഞ്ഞുപാളികളാൽ ചുറ്റപ്പെട്ട പർവതനിരകൾ. അതിനിടയിലൂടെ ഒഴുകി വരുന്ന ഒരു നദി. കൊടുമുടിയിൽനിന്നുള്ള ഒരു കാഴ്ചയും പ്രദാനം ചെയ്യുന്നു, അവിടേക്കായി പർവതങ്ങളുടെ ചരിവിലൂടെ പടികൾ കയറാം.


സ്കേറ്റിങ് റിങ്ങിനുള്ളിൽ നിരവധി ആളുകൾ സ്കേറ്റിങ് ഉല്ലസിക്കുന്നു. വർഷങ്ങളായി സ്പീഡ് സ്കേറ്റിങ്ങിൽ മെഡ്യൂവില്‍ നടക്കുന്ന മത്സരങ്ങളില്‍ നിരവധി ലോക റെക്കോഡുകൾ പിറക്കുന്നു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. ഇവിടത്തെ ശുദ്ധവായുവും അന്തരീക്ഷവും അത്‍ലറ്റുകളിൽ ചില പ്രത്യേക സ്വാധീനം ചെലുത്തുന്നുണ്ട്. കൂടാതെ, പർവതത്തിൽനിന്ന് ഉത്ഭവിക്കുന്ന ശുദ്ധജലം ഉപയോഗിച്ചാണ് സ്കേറ്റിങ് റിങ്ങിലെ ഐസ് ഉണ്ടാക്കുന്നത്, ഇതും സ്കീയിങ്ങിനെ സുഖകരമാക്കുന്നു. 70 വർഷത്തെ ചരിത്രത്തിലുടനീളം 2011 വിന്റർ ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ നിരവധി ചാമ്പ്യൻഷിപ്പുകൾക്ക് ഈ റിങ് ആതിഥേയത്വം വഹിച്ചു. 2011ലെ ഏഷ്യൻ വിന്റർ ഗെയിംസിനുള്ള തയാറെടുപ്പിനിടെ മെഡ്യു സ്റ്റേഡിയവും ഷിമ്പുലാക് സ്കീ റിസോർട്ടും പുനർനിർമാണത്തിന് വിധേയമായിരുന്നു. മെഡ്യൂവിലെ സ്റ്റേഡിയത്തിലേക്ക് കായികതാരങ്ങള്‍ മാത്രമല്ല ധാരാളം സഞ്ചാരികളും എത്തുന്നു. ഏത് കാലാവസ്ഥയിലും അതുല്യവും പ്രകൃതിയിൽ മനോഹരവുമായ അനുഭവം സന്ദർശകർക്ക് മെഡ്യൂ നല്‍കുന്നു.


അടുത്തതായി മധ്യേഷ്യയിലെ ഏറ്റവും വലുതും താരതമ്യേന ചെലവ് കുറഞ്ഞതുമായ ഷിംബുലാക് സ്കീ റിസോർട്ട് സ്ഥിതിചെയ്യുന്ന മലകളിലേക്കാണ് ഞങ്ങൾ പോകുന്നത്. ‘മൗണ്ടൻ സ്പ്രിങ്’ എന്നാണ് കസാഖ് ഭാഷയിൽ ഷിംബുലാക്കിന്റെ അർഥം. സ്റ്റേഡിയത്തിൽനിന്ന് സമീപത്തെ ബേസ് സ്റ്റേഷനിൽ ഞങ്ങളെത്തി. ഷിമ്പുലാക്കിലേക്കുള്ള കേബിൾ കാറുകൾ ആരംഭിക്കുന്നത് ഇവിടെനിന്നാണ്. ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററും കോഫി ഷോപ്പുകളും സ്കീയിങ് ഉപകരണങ്ങളും മറ്റും വാടകക്ക് ലഭിക്കുന്ന കടകളും ഇവിടെയുണ്ട് . തണുപ്പ് ആരംഭിച്ചതിനാൽ നല്ല തിരക്കുണ്ടായിരുന്നു, ധാരാളം ആളുകൾ സ്കീയിങ്ങിനായി ആവേശത്തോടെ മുകളിലേക്ക് പോകുന്നു.സെയ്‌ലിസ്‌കി അലാറ്റൗ പർവതനിരയുടെ ഭാഗമായ ഷിമ്പുലാക് മലമുകളില്‍ എത്താന്‍ മൂന്ന് തട്ടുകളിലായി ലിഫ്റ്റുകളാണുള്ളത്. ഈ കേബിള്‍ കാര്‍ സംവിധാനം 2011ലാണ് സ്ഥാപിച്ചത്. 1940-കളിൽ അമച്വർ സ്കീയർമാരാണ് ഷിംബുലാക് (‘ചിംബുലക്’ എന്നും അറിയപ്പെടുന്നു) മലഞ്ചരിവുകള്‍ ആദ്യമായി സ്കീയിങ്ങിനു മികച്ചതെന്ന് കണ്ടെത്തിയത്. അധികം താമസിയാതെ, സോവിയറ്റ് യൂനിയനിലെ സ്കീയർമാർക്കായി ഇവിടം സര്‍ക്കാര്‍ വികസിപ്പിക്കുകയായിരുന്നു. 1954-ൽ 1500 മീറ്റർ സ്കീ ടൗണ്‍ നിർമിച്ചു. 1961 മുതൽ, നിരവധി USSR ചാമ്പ്യൻഷിപ്പുകൾക്കും സിൽവർ എഡൽവെയ്‌സ് പ്രൈസ് സ്കീയിങ് മത്സരങ്ങൾക്കും ഷിംബുലാക് ആതിഥേയത്വം വഹിച്ചു. 1983-ൽ ഇത് സോവിയറ്റ് യൂനിയന്‍റെ ഒളിമ്പിക് സ്കീ പരിശീലന കേന്ദ്രമായി മാറി. സ്കീ ഏരിയകൾ 3000 അടി കുത്തനെയുള്ള ഡ്രോപ്പും (920 മീ) ഏകദേശം 12 കി.മീ സ്കീ റണ്ണുകളും വ്യാപിച്ചുകിടക്കുന്നു. വേനൽക്കാലത്ത് കാലാവസ്ഥ 20°C മുതൽ ശൈത്യകാലത്ത് −22 °C വരെ വ്യത്യാസപ്പെടുന്നു, ഏകദേശം 1.5 മുതൽ 1.8 മീറ്റർ വരെ മഞ്ഞുണ്ടാകും.


ഞങ്ങള്‍ മെഡ്യൂ ബേസ് സ്റ്റേഷനില്‍നിന്ന് കേബിൾ കാര്‍യാത്ര ആരംഭിച്ചു. ഏകദേശം 1.5 മീറ്റർ വിസ്തൃതിയുള്ള കേബിൾ കാര്‍ മുഴുവൻ മൂടിയനിലയിലാണ്. നീളമുള്ള സ്കീയിങ് ഉപകരണങ്ങള്‍ പുറത്തുവെക്കാന്‍ സൗകര്യമുണ്ടെങ്കിലും പലരും അതുമായി ഉള്ളിലേക്ക് കയറി ഗ്ലാസ്‌ മുഴുവന്‍പോറൽ വീണനിലയിലായിരുന്നു. കേബിൾ കാറിലൂടെയുള്ള യാത്ര അനിർവചനീയമായിരുന്നു. വെള്ള പുതച്ച മലനിരകൾ ചുറ്റിലും, പൈൻ മരങ്ങളുടെയും കോണിഫറസ് മരങ്ങളുടെയും മുകളിലൂടെ ഒഴുകി നീങ്ങുന്ന കേബിൾ കാർ. മലയുടെ ചില ഭാഗങ്ങളിൽ വീടുകൾ കാണാം, സമീപമായി കുതിരകൾ മേഞ്ഞു നടക്കുന്നു. ഏകദേശം 30 മിനിറ്റെടുത്തു സമുദ്രനിരപ്പിൽ നിന്ന് 2,260 മീറ്റർ ഉയരത്തിലുള്ള ആദ്യ സ്റ്റോപ്പില്‍ എത്താന്‍. മധ്യേഷ്യയിലെ ഏറ്റവും വലിയ സ്കീ റിസോർട്ടായ ഷിമ്പലാക് സ്കീ റിസോര്‍ട്ട് ഇവിടെയാണ്‌. ഹോട്ടലില്‍നിന്ന് സ്കീ, സ്നോബോർഡ്, സ്ലീ എന്നിവ വാടകക്കും നൽകാറുണ്ട്. നവംബർ മുതൽ മേയ് വരെ മലകൾ മഞ്ഞുമൂടിയ നിലയിലാവും ആ സമയത്താണ് സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്. 2023ല്‍ ലോകത്തിലെ ഏറ്റവും ഉയർന്ന ചരിവില്‍ നൈറ്റ് സ്കീ ഒരുക്കി ഷിമ്പുലാക് സ്കീ റിസോര്‍ട്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ പ്രവേശിച്ചിരുന്നു. കാൽനടയാത്ര ഇഷ്ടപ്പെടുന്നവർക്ക് സ്കീ റിസോർട്ടിൽ എത്താം. കുത്തനെയുള്ള കയറ്റം ട്രക്കിങ്ങിന് വെല്ലുവിളിയാണെങ്കിലും സ്കീയിങ്ങില്‍ ഭ്രാന്തുള്ളവര്‍ അതിലും ആനന്ദം കണ്ടെത്തുന്നു. സ്കീയിങ്ങിലും സ്നോബോർഡിലുമായി നിരവധിപേർ അർമാദിക്കുകയാണ്. ഈ സ്റ്റേഷനില്‍ സ്കീ റിസോര്‍ട്ട് കൂടാതെ മറ്റ് ഹോട്ടലുകൾ, റസ്റ്റാറന്റുകള്‍, കോഫി ഷോപ്പുകൾ, ബാറുകൾ, സ്കീയുങ്ങുമായി ബന്ധപ്പെട്ട ഷോപ്പുകള്‍ എന്നിവയുമുണ്ട്


രണ്ടാമത്തെ സ്റ്റേഷനില്‍നിന്ന് ഞങ്ങള്‍ അടുത്ത സ്റ്റേഷനിലേക്കുള്ള കേബിള്‍ കാറില്‍ കയറി. കേബിള്‍ കാറുകള്‍ കൂടാതെ തുറന്ന കാറുകളും ഇവിടെയുണ്ടായിരുന്നു. അത് സ്‌കേറ്റിങ്ങിനായി പോകുന്ന ആളുകൾക്ക് മാത്രമെ അനുവദിച്ചിരുന്നുള്ളൂ. പഞ്ഞിക്കെട്ടുപോലെ മഞ്ഞു വീണു കിടക്കുന്ന മലനിരകൾക്ക് മുകളിലൂടെ ഞങ്ങളങ്ങനെ ഒഴുകി നീങ്ങി. ഏകദേശം 15 മിനിറ്റെടുത്തു സമുദ്രനിരപ്പിൽ നിന്ന് 2,630 മീറ്റർ ഉയരത്തിലെ പ്രോപ്പ് സ്റ്റേഷനിലെത്താന്‍. അവിടെ പ്രഫഷനലുകളായ സ്കീയര്‍മാര്‍ മഞ്ഞില്‍ താഴ്വാരങ്ങളിലേക്ക് തെന്നിപ്പറക്കുന്നു. അസഹനീയ തണുപ്പ്, ഇവിടെ അധികം ആളുകളില്ലായിരുന്നു. ഒരു ഒബ്സര്‍വേറ്ററി ഡെസ്ക്കും വലിയ ഒരു റസ്റ്റാറന്റും അവിടെയുണ്ട്. ഫോട്ടോ എടുത്തതിനുശേഷം ഞങ്ങള്‍ ഷിമ്പുലാക്കിന്‍റെ ഏറ്റവും ഉയർന്ന സ്ഥലമായ തൽഗർ പാസിലേക്ക് നയിക്കുന്ന സ്റ്റേഷനിലേക്കുള്ള കേബിള്‍ കാറില്‍ കയറി. പത്ത് മിനിറ്റ് സഞ്ചരിച്ച് സമുദ്രനിരപ്പിൽനിന്ന് 3200 മീറ്റർ ഉയരത്തിലേക്കാണ് ഞങ്ങള്‍ എത്തിയത്.


ഉറുമ്പിൻ നിരകൾ വരിവരിയായി പോകുന്നപോലെ താഴെ സ്കേറ്റിങ് ചെയ്യുന്ന ആളുകൾ നീങ്ങുന്നു. കാൽപാദത്തിലൂടെ തണുപ്പ് തുളച്ചു കയറുന്നു, ഏറ്റവും മുകളിലുള്ള ഈ സ്റ്റേഷനിൽ തണുപ്പ് അതികഠിനമായിരുന്നു. മൈനസ് 18 ഡിഗ്രി സെൽഷ്യസ്. ആദ്യമായി ഇത്രയും കടുത്ത തണുപ്പിൽ എത്തിയതുകൊണ്ടും സമുദ്രനിരപ്പിൽനിന്ന് വളരെ ഉയരത്തിലായതുകൊണ്ടുമാകാം കുറച്ചുനേരം ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് പോലെ തോന്നി. സ്നോമാൻ ഉണ്ടാക്കണം എന്ന് പറഞ്ഞാണ് ഇവിടേക്ക് വന്നതെങ്കിലും തണുപ്പിന്റെ കാഠിത്താൽ തിരികെ പോകാം എന്നു പറഞ്ഞ് നീൽ കരച്ചിലാരംഭിച്ചു. നേവയും ഞാനും അവിടുത്തെ മഞ്ഞില്‍ കിടന്നു സ്നോ ഏഞ്ചലിന്റെ (മഞ്ഞുമാലാഖയുടെ) ചിത്രം വരച്ചു. ഇവിടെ കസാഖിന്‍റെ പരമ്പരാഗത ടെന്‍റ് ആയ യാർട്ടിൽ താമസിക്കാനുള്ള സൗകര്യമുണ്ട്. രാത്രി അവിടെ താമസിക്കുന്ന കാര്യം ആലോചിക്കാന്‍ പോലും പറ്റുന്നില്ല. ഫോട്ടോയെടുത്തതിനു ശേഷം തിരികെആദ്യത്തെ സ്റ്റേഷനിലെത്തി.


നല്ല വിശപ്പായിരുന്നു അവിടുത്തെ റസ്റ്റാറന്റിൽ കയറി കോഫിയും സൂപ്പും പാസ്തയുമൊക്കെ കഴിച്ച്, കുറച്ചുസമയം റസ്റ്റാറന്റിനുള്ളിലെ ചൂടിൽ ഇരുന്നു. സുഖകരമായ ഒരു അനുഭവമായിരുന്നു അത്.ഞങ്ങള്‍ക്ക് തിരികെ ബേസ് സ്റ്റേഷനിലേക്ക് ഇറങ്ങാന്‍ ഉള്ള സമയം ആയിരുന്നു അപ്പോഴേക്കും. കേബിൾ കാറിൽ കയറി താഴെ മെഡ്യൂവില്‍ എത്തിയപ്പോള്‍ സന്‍സാര്‍ ഞങ്ങളെ കാത്ത് അവിടെ വാഹനത്തില്‍ തന്നെയുണ്ടായിരുന്നു. അൽമാട്ടി നഗരത്തിലെത്തിയാൽ തീർച്ചയായും സന്ദർശിക്കേണ്ടയിടമാണ് മെഡ്യൂ സ്കേറ്റിങ് റിങ്ങും ഷിമ്പുലാക് മലകളും. സമുദ്രനിരപ്പിൽനിന്ന് 3200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഷിമ്പുലാക് മഞ്ഞുമലയിലേക്കുള്ള യാത്ര മറക്കാനാവാത്ത കുളിരുന്ന ഓർമകളാണ് ഞങ്ങൾക്ക് സമ്മാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kasakistanWorld Travel DestinationTravelouge
News Summary - Leaving Almaty, the Kashmir of Kazakhstan, for Shymbulak, the skiing capital
Next Story