Top
Begin typing your search above and press return to search.
exit_to_app
exit_to_app
lakshadweep
cancel
Homechevron_rightTravelchevron_rightDestinationschevron_rightഹൃദയത്തിൽ കൂടുകൂട്ടിയ...

ഹൃദയത്തിൽ കൂടുകൂട്ടിയ ലക്ഷദ്വീപ്​ ഓർമകൾ

text_fields
bookmark_border

പണ്ടെങ്ങോ കേട്ടുമറന്നൊരു അറബിക്കഥയിലെ നീലക്കടലും പായകപ്പലും പവിഴ ദ്വീപുകളുമൊക്കെ മനസ്സിൽ എപ്പോഴെക്കെയോ വിസ്​മയങ്ങൾ തീർത്തിരുന്നു. പിന്നെയും കാലങ്ങൾ കഴിഞ്ഞു. കഥകളിൽ കേട്ട പോലെ അങ്ങനെയും ചില സ്ഥലങ്ങൾ ഇന്ത്യയിൽ തന്നെ ഉണ്ടെന്നും കടൽ കടന്നെത്തിയാൽ ആ സ്വപ്​ന ലോകത്തേക്ക്​ എത്തിച്ചേരാമെന്നും അറിയാൻ കഴിഞ്ഞു. അന്ന് മുതൽ ലക്ഷദ്വീപിലേക്കുള്ള യാത്ര ജീവിതത്തിലെ ലക്ഷ്യങ്ങളിൽ ഒന്നായിത്തീർന്നു. സ്പോൺസർ ചെയ്യാൻ ആളുണ്ടെങ്കിൽ ചെലവ് കുറച്ച്​ കൂടുതൽ കാഴ്​ചകൾ കാണാൻ കഴിയുന്ന സ്​ഥലങ്ങളിലൊന്നാണ്​ ലക്ഷദ്വീപെന്നും മനസ്സിലായി.

കോഴിക്കോട്ടുനിന്ന്​ കൊച്ചി വരെയുള്ള ട്രെയിൻ യാത്രയിൽ അവിചാരിതമായി പരിചയപ്പെട്ട സുഹൃത്ത്​ വഴി അങ്ങോട്ടേക്കുള്ള പെർമിറ്റ്‌ റെഡിയായി. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും മറ്റു കടമ്പകളുമെല്ലാം കഴിഞ്ഞ്​ ഏകദേശം നാല്​ മാസം പിന്നിട്ടപ്പോൾ ലക്ഷദ്വീപിലെ മിനിക്കോയിലേക്കുള്ള യാത്രയുടെ ദിവസം വന്നെത്തി.


പ്രതീക്ഷിച്ച ദിവസം കൊച്ചിയിൽനിന്നും ടിക്കറ്റ് കിട്ടാതായപ്പോൾ മനസ്സൊന്ന്​ പിടഞ്ഞെങ്കിലും ​േകാഴിക്കോട്​ ബേപ്പൂരിൽനിന്നും ടിക്കറ്റ് റെഡിയായി. രാവിലെ 8.30ന്​ ബോഡിങ് പാസെടുത്ത്​ ആ ​കൊച്ചു കപ്പലിൽ​ കയറി. ഏകദേശം ഉച്ചയോടടുത്തു ബേപ്പൂർ തുറമുഖത്തുനിന്നും കപ്പൽ പുറപ്പെടാൻ. പതിയെ പതിയെ കരയോട് വിടപറഞ്ഞ്​ അഴിമുഖവും പിന്നിട്ട്​ കടലിലേക്ക്​ ഇറങ്ങി.

കടൽകാഴ്​ചകൾ

ഒരു മണി ആയപ്പോൾ കപ്പലിൽനിന്നും അനൗൺസ്‌മെൻറ്​ കേട്ടു, ഭക്ഷണം തയാറാണെന്ന്​. ആവശ്യമുള്ളവർ കാൻറീനിൽ എത്തണം. 1.30 വരെയാണ് ഭക്ഷണം വിളമ്പുക. ചോറും ദാൽ കറിയും ചിക്കൻ പൊരിച്ചതും ചേർത്ത് 50 രൂപയെയുള്ളൂ എന്നത്​​ അതിശയകരമായി തോന്നി.


ഭക്ഷണവും കഴിഞ്ഞു ഒന്ന് മയങ്ങിയ ശേഷം വൈകുന്നേരം മുകൾ തട്ടിലേക്ക്​ കയറി. കടൽ കാഴ്ചകൾ ആസ്വദിക്കാൻ നിരവധി പേർ അവിടെയുണ്ട്​. പേരറിയാത്ത കടൽ പക്ഷികൾ കരയെ ലക്ഷ്യമാക്കി പറന്നുപോകുന്നു. എങ്ങോട്ട്​ നോക്കിയാലും കടൽ തന്നെ.


നേരം സന്ധ്യയോട് അടുത്തു. പടിഞ്ഞാറെ മാനത്ത്​ പൊട്ടുപോലെ പതിയെ താഴ്ന്നുപോകുന്ന അസ്​തമയ സൂര്യൻെറ കാഴ്​ചകൾ മാഞ്ഞുതുടങ്ങി. അതോടൊപ്പം അരണ്ട മങ്ങിയ വെളിച്ചം കടലിലാകെ വാരി വിതറി. അങ്ങ് ദൂരെയായി ചെറിയ ചെറിയ വിളക്കുകളുടെ പ്രകാശം കാണാം. കപ്പലോ അല്ലെങ്കിൽ മീൻ പിടിത്തക്കാരുടെ ബോട്ടുകളോ ആകാം.

ആകാശത്ത്​ ചന്ദ്രക്കല ചെറുതായി കണ്ടുതുടങ്ങി. അതിൻെറ പ്രകാശം ചെറിയ രീതിയിൽ പരക്കുന്നു. ഇടക്കിടെ വീശിയടിക്കുന്ന തണുത്ത കാറ്റിൽ കടലിലെ ഓളങ്ങൾ ഇളകിമറിയുന്നത് നോക്കിനിന്നു. രാത്രി ഭക്ഷണത്തിനായുള്ള അനൗൺസ്മെൻറ്​ മുഴങ്ങിക്കേട്ടതോടെ പതിയെ താഴെ തട്ടിലേക്ക്​ ഇറങ്ങി. തലേദിവസത്തെ ഉറക്കക്ഷീണം കൊണ്ടോ കപ്പലിൻെറ ചാഞ്ചാട്ടം കൊണ്ടാണോ എന്തോ അന്ന് പതിവിലും നേരത്തെ സുഖമായി ഉറങ്ങി.


പിറ്റേന്ന് രാവിലെ എണീറ്റ്​ ഒരു കപ്പ് കാപ്പിയുമായി മുകൾ തട്ടിലേക്ക് പോയി. ഉദിച്ചുവരുന്ന സൂര്യൻെറ പൊൻകിരണങ്ങൾ കൺകുളിർക്കെ കണ്ടു. കിഴക്ക് വെള്ള വീശു​േമ്പാൾ മേഘങ്ങൾക്ക് പൊന്നിൻ നിറമാണ്. അതിനേക്കാൾ സുന്ദരം ഡോൾഫിൻ മത്സ്യത്തിൻെറ വെള്ളത്തിലേക്ക്​ ഉയർന്നു പൊങ്ങിയുള്ള ചാട്ടമാണ്. ഫ്ലൈയിങ്​ ഫിഷും ആ കൂട്ടത്തിലുണ്ട്​. കപ്പൽ ജീവനക്കാരിൽ കുറച്ചുപേർ മലയാളികളാണ്​. നല്ല കാലാവസ്ഥ ആയതിനാലാണ്​ ഇങ്ങനെ മുകളിൽ കയറി ഇരിക്കാൻ കഴിയുന്നത്​, അല്ലെങ്കിൽ ഛർദിച്ചു താഴെ എവിടേലും കിടന്നേനെ എന്നവർ പറഞ്ഞു. കാറ്റും മഴയുമുള്ള സമയങ്ങളിൽ കപ്പൽ നന്നായി ഇളകും. ഒരു തരം കടൽ ചൊരുക്കുണ്ടാകും. അപ്പോൾ പലർക്കും മനം പിരട്ടൽ, ഛർദി എന്നിവ ഉണ്ടാകാൻ സാധ്യതയേറെയാണ്​.

കപ്പൽ ജീവനക്കാർ ചൂണ്ടയിട്ടു മീൻ പിടിക്കുന്നുണ്ട്. വലിയ ചൂര മീനെല്ലാം കിട്ടുന്നു. അതവർക്കുള്ള ഉച്ചഭക്ഷണത്തിനു വേണ്ടിയാണ്​. ഏകദേശം ഒമ്പത്​ മണിയോടെ കപ്പൽ മിനിക്കോയിയുടെ തീരമെത്തി. ആഴം കുറവായതിനാൽ വാർഫിലേക്കു കപ്പൽ അടുപ്പിക്കാൻ കഴിയില്ല. ഇനിയുള്ള യാത്ര ബോട്ടിൽ വേണം. 9.15 ആയപ്പോൾ ബോട്ട് വന്ന്​ കപ്പലിനോട്​ ചേർന്ന്​ നിർത്തി. ഓരോരുത്തരായി അതിലേക്ക്​ കയറി.


പകുതിയും കച്ചവടക്കാരാണ്‌. ചിലരുടെ കൈയിൽ വലിയ ബോക്​സുകൾ തന്നെയുണ്ട്. എല്ലാം പലചരക്കു സാധനങ്ങൾ. പച്ചക്കറിയും പഴങ്ങളും തുണിത്തരങ്ങളും ഒക്കെയുണ്ട്. ദ്വീപിൽ സുലഭമായി കിട്ടുന്നത് തേങ്ങയും മീനും മാത്രമാണ്. ബാക്കിയെല്ലാം കൊച്ചിയിലും കോഴിക്കോടുമെത്തി വാങ്ങിപ്പോകണം.

മിനിക്കോയിയുടെ മണ്ണിൽ

കപ്പലിൽ വന്ന യാത്രക്കാരെയും കയറ്റി നീലക്കടലിലൂടെ ബോട്ട് കുതിച്ചുപാഞ്ഞു. കടലിൻെറ അടിഭാഗം വ്യക്തമായി കാണാം. കണ്ണാടി പോലെ തെളിഞ്ഞ ജലത്തിൽ വർണ മൽസ്യങ്ങൾ ഓടിക്കളിക്കുന്നു. 9.45ഓടെ ബോട്ട് മിനിക്കോയ് തീരത്തണഞ്ഞു. പുറത്തേക്ക്​ ഇറങ്ങുന്ന വഴിയിൽ പൊലീസ്​ നിൽപ്പുണ്ട്. അവർ പെർമിറ്റ്‌ പരിശോധിച്ച ശേഷം മാത്രമേ വിടുകയുള്ളൂ.


പെർമിറ്റ്‌ വാങ്ങി പൊലീസ് പറഞ്ഞു, 10.30 ആകുമ്പോൾ സ്റ്റേഷനിൽ വന്നു റിപ്പോർട്ട്‌ ചെയ്യണം. റൂം ഉണ്ടോ, ഇല്ലെങ്കിൽ ഞാൻ റൂം കിട്ടുന്ന സ്ഥലം പറഞ്ഞു തരാം, ഒരു ഓട്ടോ വിളിച്ചു പോയാൽ മതി, പോയി കുളിച്ചു ഫ്രഷ് ആയ ശേഷം സ്റ്റേഷനിൽ വന്നാൽ മതി എന്നെല്ലാം അദ്ദേഹം നിർദേശിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥൻെറ ഭാഷയിൽ അല്ല അയാൾ സംസാരിച്ചത്. യാത്രക്കാരെ അതിഥികളെ പോലെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത് ദ്വീപുകാരുടെ പ്രത്യേകതയാണ്.

ദീപിലെ സുഹൃത്ത്​ എനിക്ക് വേണ്ടി ബുക്ക്‌ ചെയ്​ത റൂമിലേക്ക്​ പോർട്ടിൽനിന്നും ഓ​​ട്ടോ പിടിച്ചുപോയി. വൈറ്റ് ഹൗസ് എന്നാണ് റൂമിൻെറ പേര്. താഴെ വീടും ടൂറിസ്​റ്റുകൾക്ക് താമസിക്കാൻ മുകളിൽ രണ്ടു മുറികളും. ജനാലയിലൂടെ പുറത്തേക്ക്​ നോക്കുമ്പോൾ കോടി ബീച്ചും കടൽപാലവുമൊക്കെ കാണാം.


പെട്ടന്ന് തന്നെ റൂമിൽനിന്ന്​ ഇറങ്ങി പൊലീസ് സ്റ്റേഷനിലേക്ക് പോയി രജിസ്റ്റർ ചെയ്​തു. അതിനു​ഷം നാട്ടിലേക്ക്​ തിരിച്ചുള്ള ടിക്കറ്റും എടുത്തു. കപ്പലുകൾ കുറവായതിനാലാണ്​ നേരത്തെ തന്നെ ടിക്കറ്റ്​ എടുത്തുവെച്ചത്​. അതല്ലെങ്കിൽ നാട്ടിലേക്കുള്ള മടക്കം വൈകും.

ദ്വീപിൻെറ സ്​നേഹം

ഇന്നത്തെ ആദ്യ ലക്ഷ്യം സ്കൂബയാണ്. തുണ്ടി ബീച്ചിലാണ് സ്കൂബ ഡൈവിങ്. അവി​ടേക്ക്​ പോകും മുമ്പ്​ പോർട്ടിന്​ അടുത്തായുള്ള ഹോട്ടലിൽ കയറി. പക്ഷേ, ഭക്ഷണം ഒന്നും അവിടെ ഉണ്ടായിരുന്നില്ല. അതിന്​ ഹോട്ടൽ ഉടമ പറഞ്ഞ മറുപടി വളരെ വിചിത്രമായിരുന്നു. ഇവിടെ ഹോട്ടലിൽ വന്നു ആരും ഉച്ചക്ക് ആഹാരം കഴിക്കാറില്ലത്രെ. എല്ലാവരും വീടുകളിൽ പോകും.


രാവിലെ പോർട്ടിൽ വരുന്ന മത്സ്യത്തൊഴിലാളികൾക്കു വേണ്ടി മാത്രമാണ് ഈ ഹോട്ടൽ തുറക്കുന്നത്. ചായയും ചെറു കടികളും മാത്രമേ ഇവിടെ ഉണ്ടാകാറുള്ളൂ. ടൂറിസ്​റ്റുകൾ ബുക്ക്‌ ചെയ്താൽ മാത്രം ഭക്ഷണം ഉണ്ടാക്കി നൽകും. നാളെ നിങ്ങൾക്ക്​ വേണേൽ ഞാൻ ഫുഡ് ഉണ്ടാക്കിത്തരാമെന്നും അദ്ദേഹം പറഞ്ഞു.

പരമാവധി 11 കിലോമീറ്റർ നീളമുള്ള ഈ ദ്വീപിൽ രണ്ട്​ ഹോട്ടൽ മാത്രമേയുള്ളൂ. അതിലൊന്ന് വൈകുന്നേരം തുറക്കുന്ന ബിസ്​മി ഹോട്ടലാണ്. അതിന്​ ബുക്ക്‌ ചെയ്യേണ്ട ആവശ്യമില്ല. ചെന്നാൽ മതിയെന്നും അങ്ങോട്ടേക്കുള്ള വഴിയും പറഞ്ഞുതന്നു. ഹോട്ടലുടമയോട് നന്ദിയും പറഞ്ഞു തിരിഞ്ഞുനടന്നപ്പോൾ പിന്നിൽനിന്നും വീണ്ടും വിളി വന്നു.


ദീപിൽ വന്നവർ ആരും വിശന്നിരിക്കാൻ പാടില്ലെന്ന്​​ പറഞ്ഞ്​ കടയിലേക്ക് വിളിച്ചുവരുത്തി ചെറുകടികളും വീട്ടിൽനിന്ന്​ ഭക്ഷണവും അദ്ദേഹം വരുത്തിതന്നു. മുകളിലേക്ക്​ നോക്കിയാൽ നീലാകാശവും പളുങ്ക് പോലെ മിന്നിത്തിളങ്ങുന്ന കടലും സ്നേഹിക്കാൻ മാത്രം അറിയാവുന്ന നിഷ്​കളങ്കരായ ഒരുകൂട്ടം ജനങ്ങളും തിങ്ങിപ്പാർക്കുന്ന ഇവിടം മറ്റൊരു സ്വർഗം തന്നെയാണ്. നാളത്തേക്കുള്ള ഭക്ഷണത്തിന്​ ഓർഡറും കൊടുത്ത്​ തുണ്ടി ബീച്ച് ലക്ഷ്യമാക്കി നടന്നു.

കടലിനടിയിലെ മായാലോകം

പോകുന്ന വഴികളിൽ എല്ലാം ചെറിയ വീടുകളുണ്ട്​. ഷീറ്റും ഓടുമെല്ലാമാണ്​ അവക്കുള്ളത്​​. കോൺഗ്രീറ്റ്​ വീടുകൾ വളരെ ചുരുക്കം. എല്ലാ വീടിനോടും ചേർന്ന്​ ചായ്‌പ്പിൽ വളർത്തു മൃഗങ്ങളെ കെട്ടിയിട്ടുണ്ട്. മത്സ്യ ബന്ധനവും ആടും കോഴി വളർത്തലുമെല്ലാം ഇവരുടെ പ്രധാന ഉപജീവന മാർഗമാണ്​.


തുണ്ടി ബീച്ചിലേക്ക്​ എത്തിയപ്പോൾ സമയം രണ്ട്​ മണി കഴിഞ്ഞു. ആഴം തീരെ കുറഞ്ഞ ഈ ബീച്ചിലൂടെ മുട്ടോളം വെള്ളത്തിൽ കിലോമീറ്ററുകളോളം കടലിലേക്ക്​ ഇറങ്ങി നടക്കാം. കരയിൽ നിറയെ മുത്തുച്ചിപ്പികളും വെണ്ണ പോലെയുള്ള കല്ലുകളും തൂവെള്ള മണൽത്തരികളുമാണ്. ആഴമില്ലാത്തത് കൊണ്ടാകാം പച്ചകലർന്ന നീല നിറമാണ് വെള്ളത്തിന്​.

തിര നിശേഷമില്ല. കാറ്റിന്​ അനുസരിച്ചുള്ള ചെറിയ ഓളംവെട്ടൽ മാത്രമേയുള്ളൂ. സൂര്യൻെറ പ്രകാശത്തിൽ കടലാകെ മിന്നിത്തിളങ്ങുന്നു. ഇന്ത്യയിൽ ഇങ്ങനെ അതിമനോഹരമായ ഒരു സ്ഥലമുണ്ടെന്ന്​ ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല. തുണ്ടി ബീച്ചിൻെറ കരയിലായി സർക്കാറിന്​ കീഴിൽ നിരവധി റിസോർട്ടുകളുണ്ട്. 6000 രൂപ മുതലാണ് അവയുടെ നിരക്ക്​.


പായ്‌വഞ്ചി പോലെയുള്ള വായു നിറച്ച ബോട്ടിലാണ്​ സ്​കൂബ ഡൈവിങ്ങിന്​ പോകുന്നത്​. തീരത്തുനിന്നും കുറച്ച്​ ഉള്ളിലേക്കു കൊണ്ടുപോയി ബോട്ട്​ നിർത്തി. അവിടെ മുതലാണ് കടലിൻെറ ആഴം തുടങ്ങുന്നത്​.

ഗൈഡിൻെറ ട്രെയിനിങ് കഴിഞ്ഞു കടലിനടിയിലേക്ക്​ ഊളിയിട്ടു. അത്​ മറ്റൊരു മായിക ലോകമായിരുന്നു. സ്വർണ വർണ്ണ മത്സ്യങ്ങൾ കൈകളെ ഉമ്മ വെച്ച് തഴുകി പോകുന്നുണ്ട്. ചിലത് ചുറ്റുമിങ്ങനെ കറങ്ങുന്നു. കൈയിൽ മീനിനുള്ള ഭക്ഷണവുമായാണ്​ വെള്ളത്തിലേക്ക്​ താഴ്​ന്നത്.


പവിഴപ്പുറ്റുകൾക്കിടയിൽനിന്നും അതു കൊത്തിപ്പറിക്കാൻ കൂട്ടമായി മീനുകളുടെ ഒരു വരവുണ്ട്. 10 മിനിറ്റ് മാത്രമായിരുന്നു സമയം. അത്​ 10 സെക്കൻഡുകൾ പോലെ പോയി. അത്രയും മനോഹരമായ കാഴ്ചകളായിരുന്നു. വെള്ളത്തിന്​ മുകളിൽ സ്‌നോർക്കലിംഗ് ചെയ്തു പിന്നെയും ഏറെനേരം അവിടെ കിടന്നു.


ആകാശക്കാഴ്​ചകൾ

വൈകുന്നേരം പോയത് മിനിക്കോയ്​ ലൈറ്റ് ഹൗസിലേക്കാണ്​. ബ്രിട്ടീഷ്‌ ഭരണ കാലത്ത്​ 1885ൽ നിർമിച്ച ലൈറ്റ് ഹൗസാണിത്. ഇതിന്​ മുകളിൽ കയറിയാൽ മിനിക്കോയ്​ ദ്വീപ് മുഴുവനായും കാണാം. വല്ലാത്തൊരു അനുഭവം​. കരകാണാതെ നീളുന്ന കടൽ. അതിലൂടെ ഒഴുകിനീങ്ങുന്ന ബോട്ടുകൾ. ചക്രവാളത്തിൽ അസ്​തമിക്കാൻ പോകുന്ന സൂര്യൻ. വീശിയടിക്കുന്ന കാറ്റും. എത്രനേരം വേണമെങ്കിലും അവിടെ ചെലവഴിച്ച്​ പോകും.


ആറ്​ മണിയോടെ അവിടെനിന്ന്​ ഇറങ്ങാൻ പറഞ്ഞു. ഇനി ഓട്ടോ പിടിച്ചു റൂമിലെത്തണം. ഓട്ടോ വിളിക്കാൻ ഒരു നമ്പറുണ്ട്. അതിലേക്ക്​ വിളിച്ചു ലൊക്കേഷൻ പറഞ്ഞു കൊടുത്താൽ മതി, വാഹനം വരും. അതിനു വേണ്ടി ഒരു ഓഫിസും ഇവിടെയുണ്ട്.

നമ്മുടെ നാട്ടിലെ പോലെ റിട്ടേൺ വരുന്ന ഓട്ടോയിൽ കയറാൻ പാടില്ല. ഒന്ന് രണ്ടെണ്ണം ആ വഴി വന്നപ്പോൾ കൈ കാണിച്ചെങ്കിലും അതിൽ കയറ്റിയില്ല. ഡ്രൈവർ പറഞ്ഞു, നിങ്ങൾ സ്റ്റാൻഡിലെ നമ്പറിലേക്ക് വിളിക്കൂ, അവർ വണ്ടി അയക്കും. അതാണ് ഇവിടത്തെ രീതി.


റൂമിലെത്തി അൽപ്പം വിശ്രമിച്ചശേഷം ദ്വീപിലെ ഇടവഴികളിലൂടെ നടക്കാനിറങ്ങി. രാത്രി മാത്രം ഭക്ഷണം കിട്ടുന്ന ഹോട്ടലാണ്​ ലക്ഷ്യം. സ്ത്രീകളൊക്കെ രാത്രിയും റോഡിലൂടെ ഇറങ്ങി നടക്കുന്നുണ്ട്. സ്ത്രീകൾക്ക്​ അത്രമേൽ പരിഗണന നൽകുന്ന നാടാണ് ലക്ഷദ്വീപ്. സ്ത്രീധന സമ്പ്രദായം തീരെയില്ല. പണ്ടെല്ലാം ഇവിടെയുള്ളവർ മിനിക്കോയിൽ നിന്നു മാത്രമേ വിവാഹം കഴിക്കാറുള്ളൂ. ഇപ്പോൾ അതൊക്കെ മാറി മറ്റു ദീപുകളിൽനിന്നും വിവാഹം കഴിക്കാറുണ്ട്. കൂടാതെ പുതുതലമുറ കേരളത്തിലേക്കും കല്യാണം കഴിച്ചുവിടുന്നു​.

ലക്ഷദ്വീപിലെ വിവാഹം വളരെ ലളിതവും ആർഭാട രഹിതവുമാണ്. തലേദിവസം തന്നെ പെണ്ണിൻെറ വീട്ടിലേക്ക് സാരിയും മറ്റു സാധനങ്ങളും കൊണ്ട് കൊടുക്കുന്ന ഒരു ചടങ്ങുണ്ട്. അന്നേരം കല്യാണ ചെക്കൻെറ വീട്ടിൽ കൂട്ടുകാരുമൊന്നിച്ച് ഒരു വട്ടപ്പാട്ടുണ്ടാകും.


സൗഹൃദങ്ങളുടെ റേഞ്ച്​

നടത്തത്തിനിടയിൽ കവലകളിൽ ചെറുപ്പക്കാർ കൂട്ടം കൂടിയിരിക്കുന്നത്​ കാണാനായി. അവരുടെ കൈകളിൽ മൊബൈൽ ഫോണൊന്നുമില്ല. പരസ്​പരം മുഖത്തേക്ക്​ നോക്കി സംസാരിച്ച്​ സൗഹൃദത്തെ ഊട്ടി ഉറപ്പിക്കുകയാണവർ. മൊബൈലിന്​ റേഞ്ച്​ കുറവാണ്​ എന്നത്​ മറ്റൊരു സത്യം. ഹോട്ടലിലേക്കുള്ള വഴി ചോദിച്ചപ്പോൾ രണ്ടുപേർ കൂടെ വന്നു. ഇടവഴി ആയതിനാൽ വഴിതെറ്റുമെന്ന് അവർക്കറിയാം.


നാട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ച്​ കൂടെ നടന്നു. സ്​നേഹവും കരുണയുമുള്ള മനുഷ്യർ. മിനിക്കോയ്​ ദീപിലെ ഭാഷ മഹൽ ആണേലും ഒട്ടുമിക്ക പേർക്കും മലയാളം അറിയാം. പക്ഷേ, ഉച്ചാരണ രീതിയിൽ ഒരുപാട്​ മാറ്റങ്ങളണ്ട്. ചിലതൊക്കെ മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും അവരുടെ സ്നേഹവും കരുതലും ശരിക്കും അനുഭവിച്ചറിഞ്ഞു.


ലക്ഷദ്വീപിലെ പൊതുവായ ഭാഷ ജസ്‌രിയാണ്​. മിനിക്കോയിയിൽ മാത്രമാണ്​ മഹൽ ഉപയോഗിക്കുന്നത്. മിനിക്കോയിയിൽനിന്ന്​ സമുദ്രമാർഗം പോയാൽ നൂറുകിലോമീറ്റർ മാത്രമാണ് മാലദ്വീപിലേക്കുള്ള ദൂരം. ഈ ബന്ധം ഭാഷയിലെ വ്യത്യാസത്തിന്​ കാരണമാകുന്നു.

ഭക്ഷണത്തിൻെറ കാര്യത്തിലും മറ്റു ദ്വീപുകളിലേതിൽനിന്ന്​ ചെറിയ വ്യത്യാസമുണ്ട്. വിശേഷദിവസങ്ങളിൽ ഹറഫ് എന്ന് പേരുള്ള ഭക്ഷണം ഇവിടെ ഉണ്ടാകാറുണ്ട്. ട്യൂണ ഉണക്കിപ്പൊടിച്ച് തയാറാക്കുന്ന സമൂസ പോലെയുള്ള പലഹാരങ്ങളും കിടുവാണ്​. കീലാഞ്ചി എന്നത് ദ്വീപിലെ പൊതുവായ ഒരു ഭക്ഷണമാണ്. അതുപോലെ തേങ്ങ, അരിമാവ്, ശർക്കര എന്നിവ കൊണ്ട് തയാറാക്കുന്ന ദ്വീപുണ്ടയും ഏറെ പ്രശസ്​തമാണ്​​.


കോടി ബീച്ചിൽ

അടുത്തദിവസം ആദ്യം തന്നെ പോയത് കോടി ബീച്ചിലെ കാഴ്ചകൾ കാണാനാണ്​. കടൽപ്പാലത്തിലിരുന്ന്​ ചൂണ്ടയിടുന്ന കുറച്ചുപേരെ കണ്ടു. സ്വന്തം വീട്ടാവശ്യത്തിന് വേണ്ടിയാണ്​ മീൻപിടുത്തം. ആവശ്യത്തിനുള്ള മീൻകിട്ടി അതുമായി വീട്ടിലേക്ക്​ പോകുന്നവരെയും കാണാം. കോടി ബീച്ചിൽ ചെറുതായി തിരയുണ്ട്. കടൽ പാലത്തിൽനിന്നും നോക്കുമ്പോൾ വലിയ മീനുകൾ നീന്തിത്തുടിക്കുന്നത് കാണാം.

ബീച്ചിൽ ആളുകൾ കുറവാണ്​. ഡിസംബർ മാസത്തിൽ മിനിക്കോയ്​ ഫെസ്റ്റ് ആരംഭിക്കുന്ന സമയം ഇവിടെ ആളുകളെ കൊണ്ട് നിറയും. മറ്റു ദീപിൽ നിന്നും ധാരാളം പേർ ഇങ്ങോ​ട്ടേക്ക്​ വരും. മിനിക്കോയ്​ മുഴുവനും ലൈറ്റും അലങ്കാരങ്ങളും കൊണ്ട് മനോഹരമാകും. ബീച്ചിൻെറ അരികിലെ റോഡിലൂടെ സൈക്കിളിൽ സ്കൂൾ കുട്ടികൾ നിരയായി പോകുന്നുണ്ട്. കുഞ്ഞു കുട്ടികൾ വരെ സൈക്കിളിൽ പോകുന്നത് കാണുമ്പോൾ കൂട്ടത്തോടെ ചിത്ര ശലഭങ്ങൾ പാറിനടക്കുന്ന ഫീലാണ്​.


12 മണിയോടെ പൊലീസ് സ്റ്റേഷനിൽ എത്തി രജിസ്റ്ററിൽ ഒപ്പിട്ടു തിരിച്ചു പോകാനുള്ള പെർമിറ്റ്‌ പേപ്പർ വാങ്ങി. വളരെ സമാധാനപരമായ അന്തരീക്ഷമായിരുന്നു സ്​റ്റേഷനിൽ കണ്ടത്. തുറന്നു കിടക്കുന്ന ജയിൽ. ലൈസൻസ് ഇല്ലാതെ വണ്ടി ഓടിക്കുന്നത്‌ മാത്രമാണ് ഇവിടെ റിപ്പോർട്ട്‌ ചെയുന്ന ആകെക്കൂടിയുള്ള കേസ്.

രണ്ട്​ മണിക്കുള്ള കപ്പലിൽ കയറാൻ വേണ്ടി ഒരു മണിയോടെ പോർട്ടിൽ എത്തി. പോർട്ടിലെ പതിവ് പരിശോധനകളൊക്കെ കഴിഞ്ഞ്​ ബോട്ടിൽ കയറി കപ്പലിലേക്ക് യാത്രയായി. അങ്ങകലെ ഒരു കൊതുമ്പു വള്ളം പോലെ കപ്പൽ നങ്കൂരമിട്ടിരിക്കുന്നത് കാണാം. വൈകുന്നേരം നാലുമണിയോടെ ദീപിനോട് വിടപറഞ്ഞ്​ കപ്പൽ കൊച്ചിയിലേക്ക്​ തിരിച്ചു. കപ്പലിൻെറ മുകൾ തട്ടിൽ കയറി കണ്ണിൽനിന്നും ആ സുന്ദരഭൂമി മായുന്നത്​ വരെ നോക്കിനിന്നു ഞാൻ.


മനസ്സിൻെറ മുറിവുകൾ

അറബിക്കടലിൽ ചിതറിക്കിടക്കുന്ന 36 ദ്വീപുകളിൽ പത്തെണ്ണത്തിൽ മാത്രമേ ആൾതാമസമുള്ളൂ. അതിൽ ഏറ്റവും ഭംഗിയുള്ള ദ്വീപുകളിലൊന്നാണ്​ മിനിക്കോയ്​. പ്രധാന ആകർഷണം കടൽ തന്നെ. മാലദ്വീപിനോട് കിടപിടിക്കുന്ന തെളിമയാർന്ന വെള്ളത്തിൽ മതിമറന്നു ഉല്ലസിക്കാം. പലതരം വാട്ടർ സ്പോർസുകളിൽ ഏർപ്പെടാം. തൊട്ടടുത്തുള്ള ആൾത്താമസമില്ലാത്ത ചെറിയ ദ്വീപുകളിലേക്ക് നെഞ്ചോളം വെള്ളത്തിൽ നടന്നുപോകാം. അല്ലെങ്കിൽ ചെറിയ കൊതുമ്പു വള്ളത്തിൽ പോകാം.

ഒക്ടോബർ മുതൽ മേയ് പകുതി വരെയാണ് ഇവിടത്തെ പ്രധാന സീസൺ. ഈ സമയം കടൽ ശാന്തമായിരിക്കും. കപ്പൽ സർവിസ് കൂടുതൽ ഉണ്ടാകും. വെള്ളിയാഴ് ഇവിടെ പൊതുഅവധിയാണ്. ഞായറാഴ്ച പ്രവൃത്തിദിവസവും.


പ്ലസ് ടു വരെയാണ് ദ്വീപിൽ വിദ്യാഭ്യാസ സൗകര്യമുള്ളത്​. ഉപരിപഠനത്തിന്​ കേരളത്തിലേക്കും ഇന്ത്യയുടെ പലഭാഗങ്ങളിലേക്കും ഇവർ പോകുന്നു. ലക്ഷദീപിലെ ജനങ്ങൾക്ക് കേരളത്തിലേക്ക് വരാൻ കപ്പൽ ടിക്കറ്റ് നിരക്ക് വളരെ കുറവാണ്. നമ്മൾ കൊടുക്കുന്നതിൻെറ പകുതി തുക മതി അവർക്ക്​.

നമ്മളെ പോലെ കേരളത്തിൽ എത്താൻ അവർക്ക്​ പെർമിറ്റ്‌ വേണ്ട. പൊലീസ്​ അനുമതി പത്രവും ആവശ്യമില്ല. എപ്പോൾ വേണമെങ്കിലും വരാൻ കഴിയും. ദ്വീപിൽ യാത്രക്കായി കൂടുതലും മോട്ടോർസൈക്കിളും റിക്ഷയുമാണ് ഉപയോഗിക്കുന്നത്​. കാർ വളരെ ചുരുക്കം.


പലചരക്ക് കടകളും ടെക്സ്റ്റൈൽസുകളും ബേക്കറികളും ഫാൻസി കടകളും പരിമിതമാണ്. അതുപോലെതന്നെ ബാങ്കുകളും എ.ടി.എം സർവിസുകളും വിരളം. മിനിക്കോയിയിൽ ആകെയുള്ള 14 കിലോമീറ്റർ ഭാഗത്ത്​ 10 കിലോമീറ്റർ മാത്രമേ ജനങ്ങളുള്ളൂ. ബാക്കി ഭാഗം കണ്ടൽക്കാടുകളാണ്. സൗകര്യങ്ങൾ വളരെ കുറവാണെങ്കിലും പ്രകൃതി അനുഗ്രഹിച്ച്​ നൽകിയ ഒരു നാടാണ് ലക്ഷദീപ് എന്ന് പറയുന്നതിൽ സംശയം വേണ്ട.

എന്നാൽ, ഈ നാടിനെ കോർപറേറ്റ്​ കമ്പനികൾക്ക്​ പറിച്ചുനൽകി നശിപ്പിക്കാനാണ്​ അധികൃതരുടെ ശ്രമം. സമാധനത്തോടെയും സ്​നേഹത്തോടെയും കഴിഞ്ഞ ജനങ്ങളെ ആട്ടിയോടിക്കാനുള്ള പരിശ്രമത്തിലാണ്​ ഫാഷിസ്​റ്റ്​ ഭരണകൂടം. ലക്ഷദ്വീപിനെ സ്​നേഹിക്കുന്ന ഏതൊരാളുടെയും ഹൃദയം തകർക്കുന്ന വാർത്തകളാണ് അവിടെനിന്ന്​​ വന്നുകൊണ്ടിരിക്കുന്നത്​. അവയറിഞ്ഞ്​ എൻെറ​ നെഞ്ചും പിടയുകയാണ്​..

Show Full Article
TAGS:Save Lakshadweep Lakshadweep 
News Summary - Lakshadweep memories nestled in the heart
Next Story