താഴ്‌വരയിൽ മഞ്ഞ് പുതച്ചു; കാശ്മീരിൽ ഇനി ഹിമശൈത്യത്തിന്റെ നാൽപ്പത് ദിനങ്ങൾ - VIDEO
text_fieldsഗുൽമാർഗിൽ മഞ്ഞുമൂടിയ പ്രദേശം മുറിച്ചുകടക്കുന്ന കാശ്മീരി സ്വദേശികൾ
ശ്രീനഗർ: ഭൂമിയിലെ സ്വർഗ്ഗമെന്നറിയപ്പെടുന്ന കാശ്മീരിന്റെ താഴ്വരകളിൽ മൂന്ന് മാസത്തോളമായി തുടരുന്ന വരണ്ട കാലാവസ്ഥക്ക് വിരാമമിട്ട് ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയെത്തി. ഇതോടെ കാശ്മീരിലെ ഏറ്റവും കഠിനമായ 40 ദിവസത്തെ ശൈത്യകാലമായ 'ചില്ലൈ കലാൻ' (Chillai Kalan) ഇന്നുമുതൽ ആരംഭിച്ചു. താഴ്വരയുടെ ഉയർന്ന പ്രദേശങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയും സമതലങ്ങളിൽ കനത്ത മഴയുമാണ് റിപ്പോർട്ട് ചെയ്യുന്നത്.
മേഘാവൃതമായ ആകാശം കാരണം രാത്രികാല താപനിലയിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. ശ്രീനഗറിൽ കുറഞ്ഞ താപനില 4 ഡിഗ്രി സെൽഷ്യസാണ്. അതേസമയം ഗുൽമാർഗിൽ മൈനസ് 1.5 ഡിഗ്രിയും പഹൽഗാമിൽ മൈനസ് 2.8 ഡിഗ്രിയുമാണ് താപനില. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് പ്രധാന മലയോര പാതകളിൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. സോജില പാസിൽ ഗതാഗതം പൂർണമായും തടസ്സപ്പെടുകയും കൂപ്‍വാരയിലെ സാദ്ന ടോപ്പ്, ബന്ദിപ്പോരയിലെ റസ്ദാൻ പാസ്, അനന്ത്നാഗിലെ സിന്തൻ പാസ് എന്നിവിടങ്ങളിൽ ഗതാഗതം നിർത്തിവെച്ചിരിക്കുകയുമാണ്.
കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന വരണ്ട കാലാവസ്ഥയിൽ അന്തരീക്ഷത്തിൽ അടിഞ്ഞുകൂടിയിരുന്ന പൊടിപടലങ്ങൾക്ക് മഞ്ഞുവീഴ്ചയോടെ താൽക്കാലിക പരിഹാരം ലഭിക്കുകയും വായു ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നവർക്ക് ഈ മാറ്റം വലിയ ആശ്വാസമാണ്. കാശ്മീരിലെ നദികളും അരുവികളും വേനൽക്കാലത്ത് വറ്റാതെ നിലനിൽക്കുന്നത് 'ചില്ലൈ കലാൻ' കാലയളവിൽ ഉയർന്ന പ്രദേശങ്ങളിൽ ലഭിക്കുന്ന കനത്ത മഞ്ഞുവീഴ്ചയിലൂടെയാണ്. പർവ്വതങ്ങളിലെ ജലസംഭരണികൾ ഈ സമയത്ത് മഞ്ഞുകൊണ്ട് നിറയുന്നത് പ്രദേശത്തെ കൃഷിക്കും ശുദ്ധജല ലഭ്യതയ്ക്കും ബുദ്ധിമുട്ടൊഴിവാക്കും.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ മഞ്ഞുവീഴ്ചയില്ലാത്തതിനാൽ വിനോദസഞ്ചര മേഖല പ്രതിസന്ധിയിലാകുമോയെന്ന ആശങ്ക ശക്തമായിരുന്നു. എന്നാൽ ഇന്നുണ്ടായ ശക്തമായ മഞ്ഞുവീഴ്ച സഞ്ചാരികൾക്ക് പുത്തൻ ഉണർവ് നൽകി. ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗുൽമാർഗ്, സോനാമാർഗ് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച തുടങ്ങിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

