‘ഇത് വെസ്‌റ്റേണ്‍ ഗട്ട്‌സ് ആഡാ’; പശ്ചിമഘട്ടത്തിലെ ‘സെക്രട്ടറി അവറാനെ’ കണ്ടു നടുങ്ങി ‘മെക്‌സിക്കന്‍ സ്റ്റാന്‍ഡ്ഓഫി’ലായ കഥ!
text_fieldsറൈഫിള്‍ ക്ലബ് സിനിമയില്‍ അനുരാഗ് കശ്യപിന്റെ കഥാപാത്രമായ ദയാനന്ദ് ബാരെ വൈല്‍ഡ് വെസ്റ്റ് മൂവികളിലെ പോലെ ‘മെക്‌സിക്കന്‍ സ്റ്റാന്‍ഡ്ഓഫിന്’ വെല്ലുവിളിച്ച് ചെല്ലുമ്പോള്‍ സെക്രട്ടറി അവറാന്‍ (ദിലീഷ് പോത്തന്‍) ‘ഇത് നിന്റെ വൈല്‍ഡ് വെസ്റ്റ് അല്ലഡാ, ഇത് വെസ്‌റ്റേണ്‍ ഗട്ട്‌സ് ആ-ഡാ’ എന്ന് പറയുന്ന തീപ്പൊരി ഡയലോഗ് പോലെ അനുഭവിച്ച ഒരു യാത്രയുണ്ട്. അതും വെസ്‌റ്റേണ്‍ ഗട്ട്‌സിന്റെ സുന്ദരമായ മലമടക്കുകളിലെ ഒരു പാതയില്‍വെച്ച്! സംഭവം എന്താണെന്ന് വെച്ചാല്‍ ചങ്ങാതിമാരുമൊത്ത് ഒരു ട്രിപ്പ് പോയതാണ്, ഒരു മടിയന്‍ ട്രിപ്പ്. ആ കഥ വിശദമായി പറഞ്ഞു തരാം.
ട്രക്കിങ്ങും ഹൈക്കിങ്ങും ഒന്നുമില്ലാതെ അധികം ദേഹമനങ്ങാതെ മടിപിടിച്ച് ആലസ്യത്തോടെ കിടുക്കന്‍ ആമ്പിയന്‍സിലുള്ള ഒരു സ്‌പോട്ടില്‍ ചുമ്മാതെ രണ്ടുദിവസം ഉണ്ടും ഉറങ്ങിയും കഥ പറഞ്ഞും ചിരിച്ചും കളിച്ചുമുള്ള ഒരു ട്രിപ്പ്. പ്ലാന്‍ ചെയ്തപ്പോഴെ എല്ലാവരും പറഞ്ഞത് തിരക്കില്ലാതെ സമാധാനമായിട്ട് പ്രകൃതിഭംഗി ഒക്കെ ആസ്വദിച്ച് യാത്ര ചെയ്യണമെന്നാണ്. എന്നാല്‍പ്പിന്നെ അധികം ദൂരത്തൊന്നും പോകാതെ വാല്‍പ്പാറ റൂട്ട് പിടിക്കാന്ന് കരുതി. അവിടെ ഏതെങ്കിലും കുഴപ്പമില്ലാത്ത ഹോം സ്റ്റേയോ കോട്ടേജോ തപ്പി, അവിടെ കൂടാമെന്നും തീരുമാനമായി
വളഞ്ഞ വഴി
ചാലക്കുടി-അതിരപ്പിള്ളി-വാഴച്ചാല്‍-മലക്കപ്പാറ-വാല്‍പ്പാറ എന്നായിരുന്നു മടിയന്‍ ട്രിപ്പിന്റെ റൂട്ട് ആദ്യം തീരുമാനിച്ചിരുന്നത്. പല സ്ഥലങ്ങളില്‍ നിന്നുള്ള ചങ്ങാതിമാര്‍ എറണാകുളത്ത് എത്തിച്ചേര്‍ന്നതുകൊണ്ട് രാവിലെ തന്നെ യാത്ര പുറപ്പെട്ടു. ചാലക്കുടി എത്തി പ്രഭാതഭക്ഷണത്തിനിരുന്നപ്പോള്‍ കൂട്ടത്തിലെ ഒരു ചങ്ങാതിയുടെ ചോദ്യം. ‘അതിരപ്പിള്ളി വഴി വാല്‍പ്പാറക്ക് എത്ര തവണ പോയിട്ടുണ്ട്.. സ്ഥലം ഒന്നു മാറ്റി പിടിച്ചാലോ’? കേട്ടപ്പോള്‍ എല്ലാവര്‍ക്കും അതു ശരിയാണെന്ന് തോന്നി.

പക്ഷേ, കൂട്ടത്തിലെ ഒരാളുടെ അഭിപ്രായം- വാല്‍പ്പാറ എന്ന ഡെസ്റ്റിനേഷന്‍ മാറ്റേണ്ട. കാരണം വാല്‍പ്പാറയില്‍ താമസിക്കാനായി തേയിലത്തോട്ടത്തിന് നടുവിലുള്ള പഴയ ബ്രട്ടീഷ് ബംഗ്ലാവിന് അഡ്വാന്‍സ് കൊടുത്തിട്ടുണ്ട്. അതിനാല്‍ അതിരപ്പിള്ളി-വാല്‍പ്പാറ റൂട്ട് മാറ്റി പൊള്ളാച്ചി-ആളിയാര്‍-വാല്‍പ്പാറ റൂട്ട് പിടിക്കാം! ഈ നിർദേശം എല്ലാവര്‍ക്കും അങ്ങ് ബോധിച്ചു. എന്നാല്‍പിന്നെ ‘ചലോ പോള്ളാച്ചി വഴി വാല്‍പ്പാറ’ എന്ന് പറഞ്ഞ് നമ്മള് റൂട്ട് മാറ്റി. കൊച്ചി-സേലം ഹൈവേയില്‍ കയറി വണ്ടി വിട്ടു.
കുതിരാന്‍ തുരങ്കം കഴിഞ്ഞപ്പോള്‍ തന്നെ പാലക്കാടന്‍ ചൂര് കിട്ടിത്തുടങ്ങി. ആലത്തൂരില്‍ നിന്ന് കൊല്ലങ്കോട്, ഗോവിന്ദപുരം വഴി പോകാനുള്ള പാതയില്‍ കയറിപ്പോള്‍ അത് പൂര്‍ത്തിയായി. മുമ്പും പല തവണ ഈ റൂട്ടില്‍ വന്നിട്ടുണ്ട്. പാലക്കാടിന്റെ ഉള്‍ഗ്രാമങ്ങളിലേക്ക് കടക്കാന്‍ ആലത്തൂര് നല്ല ഒരിടമായിട്ടാണ് തോന്നിയിട്ടുള്ളത്. വാഴാലിക്കാവും കൊല്ലങ്കോടും സീതാര്‍കുണ്ഡ് വെള്ളച്ചാട്ടവും പോത്തുണ്ടിയും കൊടുവായൂരും പല്ലശ്ശനയും ഒക്കെ കറങ്ങാന്‍ എത്തിയപ്പോള്‍ ആദ്യം വന്നത് ആലത്തൂരായിരുന്നു.

അതിരപ്പിള്ളി
ആലത്തൂരില്‍ നിന്ന് വണ്ടി എടുത്തപ്പോള്‍ എല്ലാവരും പരസ്പരം ധാരണയിലെത്തിയിരുന്നു. ‘വഴി മാറ്റി പിടിക്കാന്‍ പാടില്ല’ എന്നതാണ് ആ ധാരണ. അല്ലെങ്കില്‍ ചിലപ്പോള്‍ പാലക്കാടിന്റെ ഭംഗിയില്‍ ചിലപ്പോള്‍ വാല്‍പ്പാറ യാത്ര മാറ്റിവെച്ചുപോയേക്കും. കൊല്ലങ്കോട്ട് എത്തിയപ്പോള്‍ അവിടെയിറങ്ങി അൽപനേരം ആസ്വദിച്ച് യാത്ര തുടര്‍ന്നു. തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് മുമ്പുള്ള കേരളത്തിന്റെ അവസാന ഗ്രാമമായ ഗോവിന്ദപുരം പാലം കഴിഞ്ഞപ്പോള്‍ തന്നെ തമിഴ് രുചികളുടെ മണം അന്തരീക്ഷത്തില്‍ നിന്ന് കിട്ടിത്തുടങ്ങി.
പോഴില്‍ വൈട്ച്ചി!
പേര് പോലെ തന്നെ സുന്ദരമാണ് പൊള്ളാച്ചി. തമിഴിലെ ‘പോഴില്‍ വൈട്ച്ചി’ (സൗന്ദര്യത്താല്‍ അനുഗ്രഹീതം) എന്ന ചൊല്ലാണ് പൊള്ളാച്ചി എന്ന് ലോപിച്ചതെന്ന് പറയുന്നു. പശ്ചിമഘട്ട നിരകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നതിനാല്‍ സുഖകരമായ കാലവസ്ഥായാലും പ്രകൃതിഭംഗിയാലും പൊള്ളാച്ചി മോഹിപ്പിക്കുന്ന ഒരു പ്രദേശമാണ്. പൊള്ളാച്ചിയിലെ കന്നുകാലി ചന്തകളും പച്ചക്കറി ചന്തകളും വളരെ പ്രശസ്തമാണ്. റോഡിന്റെ വശങ്ങളിലെ തെങ്ങിന്‍ തോപ്പുകളും മരങ്ങളും അന്തരീക്ഷത്തെ കൂടുതല്‍ ഊഷ്മളമാക്കിയിരിക്കുന്നു. പനംനൊങ്കും കരിക്കും ഒക്കെ കുടിച്ച് ആസ്വദിച്ചായിരുന്നു യാത്ര.
പൊള്ളാച്ചിയില്‍ നിന്ന് ആളിയാര്‍ ഗ്രാമത്തിലേക്ക് എത്തിയപ്പോഴേക്കും ആളിയാര്‍ ഡാമിന്റെ പശ്ചാത്തലം കണ്ടു തുടങ്ങി. ആനമല നിരകളില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം വാല്‍പ്പാറയുടെ താഴ്‌വാരമാണ്. ആളിയാര്‍ ഡാമിന്റെ പരിസരങ്ങളിലും കാഴ്ചക്കാര്‍ക്കായി ഒട്ടേറേ അവസരങ്ങളുണ്ട്. ഉദ്യോനങ്ങള്‍, അക്വേറിയം, പാര്‍ക്ക്, ബോട്ടിംഗ് ഇങ്ങനെ പല സൗകര്യങ്ങളുമുണ്ട്. പക്ഷെ ഇതൊന്നുമല്ല ഇവിടുത്തെ പ്രധാന ആകര്‍ഷണം. അത് വിസ്മയകരമായ പ്രകൃതിഭംഗിയാണ്. റിസര്‍വോയറിന്റെ ഏതാണ്ട് മുഴുവന്‍ ഭാഗവും പശ്ചിമഘട്ടത്തിലെ ആനമല നിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കാഴ്ച ഗംഭീരമാണ്.
ആനമല വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത് (ആനമല കടുവ സംരക്ഷണ മേഖല കൂടിയാണിത്). കോര്‍ ഏരിയയും ബഫര്‍/പെരിഫറല്‍ ഏരിയയും കൂടി ഏകദേശം 1450 ചതുരശ്ര കി.മീ വരുന്ന ഈ സങ്കേതത്തില്‍ നീലഗിരി ലംഗൂര്‍, സിംഹവാലന്‍ കുരങ്ങ്, ആന, മാന്‍, കടുവ, പുള്ളിപ്പുലി, കാട്ടുനായ്ക്കള്‍, കാട്ടുപോത്ത് തുടങ്ങിയ ഒട്ടേറേ ജീവിവർഗങ്ങള്‍ കാണപ്പെടുന്നുണ്ട്. വംശനാശ ഭീഷണി നേരിടുന്ന നിരവധി സസ്യ, ജീവജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ പ്രദേശം. കൂടാതെ വാല്‍പ്പാറയിലേക്കുള്ള 40 കിലോമീറ്ററിലധികമുള്ള ചുരം പാതയുടെ തുടക്കവും ആളിയാര്‍ ഡാമിന്റെ റിസര്‍വോയറിലൂടെയാണ്.
വാല്‍പ്പാറ ചുരവും അല്പം ചരിത്രവും
പശ്ചിമഘട്ടത്തിന്റെ എല്ലാ തനത് സൗന്ദര്യത്തിന്റെ പൂർണ ഭാവമാണ് വാല്‍പ്പാറ. ആളിയാറില്‍ നിന്നുള്ള ചുരംപാതയിലെ ഓരോ ഹെയര്‍ പിന്നുകള്‍ പിന്നിടുമ്പോഴും നമുക്ക് അത് അറിയാന്‍ സാധിക്കും. കുത്തനെയുള്ള ഈ കയറ്റത്തിന്റെ ഓരോ വളവുകള്‍ക്കപ്പുറവും നമ്മുക്കായി ചില കാഴ്ചകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവും. അത് ആനമല നിരകളുടെ വിശാലമായ കാഴ്ചകളാകാം, സഹ്യപുത്രന്മാരായ/പുത്രിമാരായ കരിമ്പാറപ്പോലെയുള്ള കാട്ടാനകളാകാം, കാട്ടുപോത്തോ കടുവകളോ പുള്ളിപ്പുലികളോ ആകാം. മാനും കുരങ്ങും മലയണ്ണാനും വിവിധരം പക്ഷികളും ഒക്കെയാകാം.
ചുരം കയറി മൃഗങ്ങളെ കണ്ടുതുടങ്ങിയപ്പോള്‍ (അധികം ഒന്നുമില്ല നല്ല ദൂരത്തില് ആനയെയും കാട്ടുപോത്തിനെയുമായിരുന്നു കണ്ടത്, ബാക്കിയൊക്കെ ചെറിയ മൃഗങ്ങളാണ്) പണി പാളുമോ എന്ന് എല്ലാവരും ഒന്ന് ഭയന്നു. അപ്പോ നമ്മുടെ ചങ്ങായിയുടെ ഒരു ഡയലോഗ് ‘ചത്തു ചത്തു ചത്തു, എന്നാ ഒരു കാട് ആണെന്നേ’ അവന്റെ ആ കോട്ടയം സ്ലാങ്ങിലുള്ള ആ ഡയലോഗ് അപ്പോഴത്തെ പിരിമുറുക്കം ഒന്നു അയച്ചു. സംഭവം ബസ് ഒക്കെ പോകുന്ന റോഡാണ്, എന്നാലും കാട്ടുമൃഗങ്ങളുടെ കുടുംബത്തിനുള്ളിലൂടെയുള്ള പാതയായതു കൊണ്ട് എങ്ങാനും അബദ്ധം ആകുമോ എന്നതായിരുന്നു സംശയം.
അങ്ങനെ ചുരം ഒക്കെ ചുറ്റി കറങ്ങി യാത്ര തുടര്‍ന്നു. ഈ റൂട്ടില്‍ തന്നെയാണ് മങ്കി ഫാള്‍സ് എന്ന വെള്ളച്ചാട്ടവുമുള്ളത്. വേഴാമ്പലുകളെ കാണാന്‍ കഴിയുന്ന വ്യൂ പോയന്റും ഇതിനടുത്ത് തന്നെയാണ്. അവിടേക്ക് അധികം ശ്രദ്ധ കൊടുക്കാതെ വാല്‍പ്പാറ ലക്ഷ്യമാക്കി നമ്മള് പാഞ്ഞു. പക്ഷെ ചുറ്റിനുമുള്ള മലനിരകളില്‍ നിന്ന് കാഴ്ച മാറ്റാന്‍ തോന്നുന്നില്ലായിരുന്നു. ചുരം പാത കഴിയാറായപ്പോള്‍ തന്നെ തേയിലത്തോട്ടങ്ങളും കണ്ടുതുടങ്ങി. ഏതാണ്ട് 56 എസ്‌റ്റേറ്റുകളാണ് വാല്‍പ്പാറയിലുള്ളത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3900 അടി ഉയരമുള്ള ഈ പ്രദേശം തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ കൃഷി ചെയ്യാന്‍ വളരെ അനുയോജ്യമാണ്.

ഷോളയാര്‍ ടീ എസ്‌റ്റേറ്റിനുള്ളിലേക്ക് കടക്കുന്നതിന് മുമ്പുള്ള മറ്റൊരു എസ്റ്റേറ്റ് റോഡ് കവാടം
വാല്‍പ്പാറ പ്രദേശങ്ങള്‍ ഇന്നു കാണുന്ന തോട്ടം മേഖലകളായിട്ട് കഷ്ടിച്ച് 200 കൊല്ലം പോലും ആയിട്ടില്ല. ലഭ്യമായ രേഖകള്‍ പ്രകാരം 19-ാം നൂറ്റാണ്ടിന്റെ പകുതിയില്‍ (1846ല്‍) കെ. രാമസ്വാമി മുതലിയാര്‍ എന്ന ആളാണ് ഈ വനപ്രദേശം വെട്ടിതെളിച്ച് തോട്ടമായി പരുവപ്പെടുത്തിയെടുക്കാന്‍ തുടങ്ങിയത്. തുടക്കകാലത്ത് മുതലിയാര്‍ ഇവിടെ കാപ്പിത്തോട്ടങ്ങളായിരുന്നു സ്ഥാപിച്ചത്. പിന്നീട് ബ്രിട്ടീഷ് പ്ലാന്റര്‍മാര്‍ക്ക് പ്രദേശത്ത് സ്വാധീനമുണ്ടാവുകയും അവര്‍ തേയില കൃഷി കൂടി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ സുഗന്ധവ്യഞ്ജനങ്ങളും മലഞ്ചരക്കുകളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
ദോറോത്തി മദാമ്മയുടെ ബംഗ്ലാവ്!
ബ്രട്ടീഷുകാരുടെ ഒരു തേയിലത്തോട്ടത്തിലാണ് ഞങ്ങള്‍ക്കുള്ള താമസം പറഞ്ഞിരിക്കുന്നത്. ഷോളയാര്‍ ടീ എസ്‌റ്റേറ്റ് (ജയശ്രീ എസ്‌റ്റേറ്റ് എന്നാണ് പ്രദേശവാസികള്‍ വിളിക്കുന്നത്) എന്ന് വിളിക്കുന്ന ഈ തേയില തോട്ടത്തിന് നടുവിലുള്ള കൊളോണിയല്‍ മാതൃകയിലുള്ള ഒരു കരിങ്കല്ലില്‍ തീര്‍ത്ത കെട്ടിടത്തിലാണ് ഞങ്ങളുടെ അടുത്ത രണ്ടുദിവസത്തെ താമസം. വാല്‍പ്പാറ ടൗണില്‍ നിന്ന് അഞ്ച് കി.മി ദൂരം മാത്രമേയുള്ളൂ. ഈ കെട്ടിടം ഒരു പഴയ ബ്രട്ടീഷ് ബംഗ്ലാവാണ്. ബാത്ത് റൂമും പിന്നെ അല്ലറ ചില്ലറ സൗകര്യങ്ങളും ഒക്കെയുള്ള ഈ ബംഗ്ലാവ്, തേയില തോട്ടങ്ങള്‍ക്ക് നടുവില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്.
യാത്രികര്‍ക്കായി ഈ ബംഗ്ലാവ് വിട്ടുകൊടുത്തിട്ട് അധിക കാലമായിട്ടല്ല. മടിയന്‍ ട്രിപ്പ് പോകുന്നവര്‍ക്ക് പറ്റിയ വൈബാണ് അവിടെ. നല്ല ഭക്ഷണം, നല്ല തണുപ്പ്, പ്രകൃതി ഭംഗി, പിന്നെ ദോറോത്തി മദാമ്മയുടെ പോലുള്ള അല്പം സ്വല്പം പ്രേത കഥകളും ഒക്കെയായി ഒരു അലസമായ സെറ്റപ്പാണിവിടം. ഈ ബംഗ്ലാവും അതിന്റെ വിശാലമായ തിണ്ണയും ഒക്കെ ആരെയും ചടഞ്ഞുകൂടി ഇരിക്കാന്‍ പ്രേരിപ്പിച്ചു കളയും. എസ്‌റ്റേറ്റിനുള്ളിലൂടെ നടക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനും പോകാം. അങ്ങനെയൊരു നടത്തത്തില്‍ ചില എസ്‌റ്റേറ്റ് തൊഴിലാളികളെയും അവരുടെ വീടുകളും ഒക്കെ കണ്ടിരുന്നു.

ഷോളയാര്‍ ടീ എസ്‌റ്റേറ്റിനുള്ളിലെ ബ്രിട്ടീഷ് ബംഗ്ലാവ്
ഭംഗിയുള്ള ചെറിയ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ കൂളങ്കല്‍ നദിയും വെള്ളമലൈ ടണല്‍ നദിയും ബംഗ്ലാവില്‍ നിന്ന് അധികം ദൂരത്തല്ല. അഞ്ച് കി.മീ പോലും ദൂരമില്ലാത്ത ഇവിടെ പോയി കുളിക്കാനും നീന്താനും ഒക്കെ അവസരമുണ്ടായിരുന്നു. ഷോളയാര്‍ ഡാം (20 കി.മീ), ചിന്ന കല്ലാര്‍ ഫാള്‍സ് (14 കി.മീ), നല്ലമുടി വ്യൂപോയിന്റെ് (15 കി.മീ), നീറാര്‍ ഡാം (16 കി.മീ) അടുത്തായിരുന്നെങ്കിലും പോയില്ല. ചുമ്മാതെ മടി പിടിച്ച് സൊറ പറഞ്ഞ് ഭക്ഷണവും കഴിച്ച് ഞങ്ങള്‍ ബംഗ്ലാവില്‍ തന്നെയങ്ങ് കൂടി. സത്യത്തില്‍ കുറച്ചു ദിവസം കൂടി മയങ്ങിക്കിടക്കണമെന്ന് തോന്നിയിരുന്നുവെങ്കിലും മറ്റ് പല ജോലികള്‍ ഉള്ളതുക്കൊണ്ട് മടങ്ങാതെ നിവൃത്തിയില്ലായിരുന്നു.
ഒരു മെക്‌സിക്കന്‍ സ്റ്റാന്‍ഡ്ഓഫ് അപാരത
തിരിച്ചുപോക്ക് പൊള്ളാച്ചി റൂട്ട് അല്ലായിരുന്നു. മലക്കപ്പാറ- വാഴച്ചാല്‍- അതിരപ്പിള്ളി റൂട്ട് ആയിരുന്നു. മലക്കപ്പാറ വരെ നന്നായി പ്രകൃതിഭംഗി ഒക്കെ ആസ്വദിച്ചാണ് യാത്ര ചെയ്തത്. പക്ഷെ മലക്കപ്പാറ കഴിഞ്ഞപ്പോള്‍ മൊത്തത്തില്‍ വശപിശകായിരുന്നു. കേരള അതിര്‍ത്തി കടന്നപ്പോഴെ ഫോറസ്റ്റുകാര്‍ പറഞ്ഞു, സൂക്ഷിച്ചുപോകണം കട്ടാനയുടെ ആക്രമണം എപ്പോള്‍ വേണമെങ്കിലും ഉണ്ടായേക്കാം, റിസ്‌ക് എടുക്കരുത് എന്ന്. സാധാരണയുള്ള മുന്നറിയിപ്പ് പോലെയാണ് അതിനെ കണ്ടത്. പക്ഷെ കുറച്ച് യാത്ര ചെയ്തപ്പോള്‍ കഴിഞ്ഞ ദിവസം ആന ആക്രമിച്ച ഒരു കാര്‍ കണ്ടതോടെ നമ്മള്‍ ജാഗരൂകരായി.

ഈ യാത്ര അല്പം റിസ്‌ക്ക് ആണെന്ന് വഴിയില്‍ എതിരെ വരുന്ന വലിയ വണ്ടിക്കാര്‍ സൂചന തന്നതു കൊണ്ട് ഒരു ബസിന്റെ പിന്നാലെയായിരുന്നു യാത്ര. യാത്രക്കിടയില്‍ മലയണ്ണാനും മാനും കാട്ടുപോത്തും ഒക്കെ കണ്ടു. ഇടക്ക് ഒരു വളവ് തിരിഞ്ഞപ്പോള്‍ വാല്‍പ്പാറ തേയിലത്തോട്ടതിനിടയിലുള്ള ഒരു ചെറുതടാകംഈറ്റക്കാടുകള്‍ക്കിടയില്‍ നിന്ന് ഒരു കൊമ്പന്‍ റോഡിലേക്ക് കയറാന്‍ ശ്രമിക്കുന്നത് കണ്ടു.

വാല്‍പ്പാറ തേയിലത്തോട്ടത്തിനിടയിലുള്ള ചെറുതടാകം
നല്ല വളവായതുക്കൊണ്ട് ആ കൊമ്പനെ ഞങ്ങളോ ബസുകാരോ ആദ്യം കണ്ടിരുന്നില്ല. പെട്ടെന്ന് അവനെ കണ്ടപ്പോള്‍ ഒന്നു ഭയന്നു. അപ്പോ ആ കൊമ്പന്റെ ഭാവം ‘സെക്രട്ടറി അവറാനെ’ പോലെയായിരുന്നു ‘ഇത് വെസ്‌റ്റേണ്‍ ഗട്ട്‌സ് ആഡാ’ ഞങ്ങടെ കാട്ടില്‍ കയറി കളിക്കുന്നോ? എന്ന നോട്ടം കൂടിയായപ്പോ തീര്‍ന്നു എന്നു തന്നെയാണ് കരുതിയത്.

ആളിയാര്‍ - വാല്‍പ്പാറ ചുരം റോഡ്
അതേ, പശ്ചിമഘട്ടത്തിലെ ആ കാടിനുള്ളിലെ വരത്തന്മാര്‍ ഞങ്ങളായിരുന്നു. എന്നിട്ടും, അത്രയും അടുത്തുണ്ടായിട്ടും എന്തോ ഭാഗ്യത്തിന് ആ കൊമ്പന്‍ ഉപദ്രവിച്ചില്ല. ബസുകാരും ഞങ്ങളുടെ കാറും ആ കൊമ്പനും ‘മെക്‌സിക്കന്‍ സ്റ്റാന്‍ഡ്ഓഫ്’ സ്റ്റൈലില്‍ അല്പംനേരം പരസ്പരം ഭയന്നും ബഹുമാനിച്ചും അനങ്ങാതെ നിന്നുപോയി. പിന്നെ പതിയെ ബസുകാരും ഞങ്ങളും ഒച്ചപ്പാട് ഒന്നുമുണ്ടാക്കാതെയും പ്രകോപിപ്പിക്കാതെയും ആ വളവ് കടന്നുപോയതിനാലായിരിക്കാം വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടാകാതിരുന്നത്.
ഈ പാതയില്‍ ഒളിഞ്ഞിരുന്നു വണ്ടികളെ ഒക്കെ ആക്രമിക്കുന്ന ഒരു കൊമ്പനുണ്ടെന്ന് കേട്ടിരുന്നു. അവന്‍ തന്നെയാണോ ഇതെന്നറിയില്ല. (അന്ന് ഫോറസ്റ്റ്കാരുടെ ജീപ്പിനെ ഒരു കാട്ടാന ആക്രമിച്ചിരുന്നുവെന്ന് പിന്നീട് അറിഞ്ഞിരുന്നു.

പനനൊങ്കും കരിക്കുമായി ഒരു ചെറിയ വിശ്രമം (കൊല്ലങ്കോട് - പോള്ളാച്ചി റോഡ്)
ഏതായാലും ബസിന്റെ പിന്നാലെ തന്നെയായിരുന്നു ഞങ്ങള്‍ വാഴച്ചാല്‍ വരെയും യാത്ര ചെയ്തത്. ആനയെ കണ്ടതിന്റെ നടുക്കം മാറാന്‍ വാഴച്ചാലില്‍ ഒന്ന് ഇറങ്ങി. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ചാലക്കുടി പുഴ കുത്തിച്ചുവരുന്നത് കാണാന്‍ നല്ല ഭംഗിയാണ്. അവിടെ നിന്ന് പിന്നെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കും പോയി. അതിരപ്പിള്ളി പിന്നെ എത്ര കണ്ടാലും മതിവരില്ല.
ആ കുത്തിയൊഴുക്കുന്ന പുഴയുടെ ശാന്തതയും രൗദ്രതയും പലപ്പോഴും ആസ്വദിക്കാന്‍ പല സീസണുകളില്‍ ഇവിടെ എത്തിയിട്ടുണ്ട്. അതിരപ്പിള്ളിയും കണ്ടിട്ട് ഏഴാറ്റുമുഖം-മലയാറ്റൂര്‍- ആലുവ വഴി എറണാകുളത്ത് തിരിച്ചെത്തി. ഈ ഒരു സുന്ദര യാത്രയുടെ ഓർമകൾ ഏറെക്കാലം മനസ്സിലുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.