Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightപുരാതന കാഴ്ചകളുടെ...

പുരാതന കാഴ്ചകളുടെ പറൂദീസയിൽ

text_fields
bookmark_border
പുരാതന കാഴ്ചകളുടെ പറൂദീസയിൽ
cancel

ചെങ്കടലിനോട് ചേർന്ന് കിടക്കുന്ന അഖബ നഗരത്തിലെ വിമാനത്താവളത്തിലേക്ക് പറന്നിറങ്ങുമ്പോൾ സമയം രാത്രി 10.30. പതിവുപോലെ വാച്ചിലെ സമയം, ചെന്നിറങ്ങുന്ന രാജ്യത്തെ സമയമാക്കി തിരിച്ചുവെക്കുമ്പോൾ എനിക്കറിയില്ലായിരുന്നു ഞാൻ വാച്ച് തിരിക്കുന്നത് ചെറിയൊരു അമളിയിലേക്കാണെന്ന്!. വിമാനം അബൂദബിയിൽ നിന്നും പുറപ്പെടാൻ അല്പം വൈകിയെങ്കിലും ചെന്നിറങ്ങിയ ജോർഡനിലെ കിങ് ഹുസൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തിറങ്ങുമ്പോൾ ഇന്റർനെറ്റിലൂടെ പരിചയപ്പെട്ടിരുന്ന സുഹൃത്ത് കാത്തുനിൽപുണ്ടായിരുന്നു. പുള്ളിക്കാരൻ എന്നെ കൊണ്ടുപോവാനായി മറ്റൊരു ഡ്രൈവറെ ഏൽപ്പിച്ചു. പേര് മുസ്തഫ.

കക്ഷിക്ക് ഇംഗ്ലീഷ് ഒട്ടും തന്നെ വശമില്ല. എനിക്ക് അറബിയും അറിയില്ല. അതിനാൽതന്നെ പുറപ്പെടും മുമ്പ് എയർപോർട്ടിന് പുറത്തെ കടയിൽ നിന്നും സിംകാർഡ് വാങ്ങി ഇൻറർനെറ്റ് ഓൺ ആക്കി. ഇനി ഗൂഗിൾ ട്രാൻസ്ലേറ്റർ തന്നെ രക്ഷ. അവിടെ നിന്നും രണ്ടു ചിക്കൻ സാൻവിച്ചും പാർസൽ വാങ്ങി. ഇനി ഈ രാത്രിയിൽ ദീർഘമായ ഒരു യാത്രയാണ്. അഖബയിൽ നിന്നും വടക്കോട്ട് ഏതാണ്ട് ഒരു മൂന്നര മണിക്കൂർ സഞ്ചരിച്ച് വാദി മൂസ എന്ന സ്ഥലത്തെത്തണം.

അവിടെയാണ് ചരിത്ര നഗരമായ പെട്രാ. അഖബയിൽ നിന്ന് പുറപ്പെട്ട് കുറേ ദൂരം മെയിൻ റോഡിലൂടെ ഓടിയെങ്കിലും ഏതാണ്ട് ഒരുമണിക്കൂർ കഴിഞ്ഞ് ഒരു കട്ട് റോഡിലേക്ക് കയറി. ഇനിയുള്ള വഴി വലിയ മരുഭൂമിയിലൂടെയാണ്. പാതിരാത്രി ആയതുകൊണ്ടാവണം യാതൊരു ഗതാഗതവും ഇല്ലാത്ത, വഴിവിളക്കുകൾ ഇല്ലാത്ത, ഇരുട്ടുമൂടിയ വിജനമായ മരുഭൂമിയിലൂടെ പരസ്പരം ഭാഷകൾ അറിയാത്ത ഞാനും മുസ്തഫയും അങ്ങനെ ഓടികൊണ്ടേയിരുന്നപ്പോൾ, ആംഗ്യഭാഷയോടൊപ്പം ഗൂഗിൾ ട്രാൻസ്ലേറ്ററും വലിയൊരു രക്ഷകനായി.

ഇടക്ക് എപ്പോഴോ ഉറക്കം വരുന്നു എന്ന് തോന്നിയപ്പോൾ മുസ്തഫയോട് ‘സാൻവിച്ച് കഴിച്ചാലോ’ എന്ന് ചോദിച്ചു. ഭക്ഷണത്തിന്റെ കാര്യത്തിൽ ലോകത്ത് ഒരിടത്തും ഭാഷ ഒരു പ്രശ്നമേയല്ല. വീതി നന്നേ കുറഞ്ഞ പാതയാണെങ്കിലും കാർ വശത്തേക്ക് അല്പം ഒതുക്കിനിർത്തി, പുറത്തിറങ്ങി നിന്ന് ഞങ്ങൾ സാൻവിച്ച് കഴിച്ചു. മരുഭൂമിക്ക് നടുവിൽ ആയതുകൊണ്ടാവാം നല്ല തണുപ്പുണ്ട്. ചുറ്റും കൂരിരുട്ടു കൊണ്ടാവും മുകളിൽ ആകാശത്തു നക്ഷത്രങ്ങൾക്ക് നല്ല ശോഭ. വാച്ചിൽ സമയം ഒരു മണി. ഞാനറിഞ്ഞിരുന്നില്ല ആ സമയത്ത് ജോർഡനിൽ വലിയൊരു മാറ്റം നടന്നുകൊണ്ടിരിക്കുകയായിരുന്നു. വീണ്ടും വണ്ടി പെട്രയെ ലക്ഷ്യമാക്കി മുസ്തഫ പായിക്കുകയാണ്. രാവേറെ വൈകി ഞങ്ങൾ വാദിമൂസയിലെത്തി.


മരുഭൂമികൾ മാറി ചെറിയ ചുവന്ന മലകളാണ് ഇപ്പോൾ ചുറ്റും കാണുന്നത്. അവിടെനിന്നും പെട്രയിലെ ബുക്ക് ചെയ്തിരുന്ന ഹോട്ടലിലാക്കി മുസ്തഫ പോയി. ദീർഘമായ യാത്രകൾ കഴിഞ്ഞതുകൊണ്ട് നല്ല ക്ഷീണം. ബെഡിലേക്ക് ചാഞ്ഞു. രാവിലെ പ്രാതലെല്ലാം കഴിഞ്ഞ് പെട്ര എന്ന ചരിത്ര നഗരം കാണാനായി ഇറങ്ങി. തലേദിവസത്തെ ഉറക്കത്തിന്റെ ചെറിയൊരു ആലസ്യമുണ്ട്. എന്നാലും സമയമില്ല വൈകിട്ട് അഞ്ചിന് ഇവിടെ നിന്നും രാജ്യ തലസ്ഥാനമായ അമ്മാനിലേക്ക് ബസ് ബുക്ക് ചെയ്തിട്ടുണ്ട്.

ആ ബസ് എങ്ങാനും മിസ്സ് ആയാൽ പിന്നെ അമ്മാനിലേക്ക് പോകാൻ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല. അതുകൊണ്ട് അഞ്ചുമണിക്ക് മുന്നേ ഈ പുരാതന നഗരം കണ്ടു തീർക്കണം. ബാഗ് റിസപ്ഷനിൽ വച്ച്, റൂം ചെക്ക് ഔട്ട് ചെയ്തു ഹോട്ടലിൽ നിന്നും പെട്രയിലേക്കു നടക്കാൻ തീരുമാനിച്ചു. പെട്ര കാണാൻ പോകുമ്പോൾ അതിരാവിലെ തന്നെ പോകുന്നതാണ് നല്ലത്. ജോർഡന്റെ പരമ്പരാഗത തലേക്കെട്ട് വഴിയിൽ നിന്നും വാങ്ങി. സഞ്ചാരികൾക്കായി തലേക്കെട്ട് വിൽപ്പന വഴിയോര ചെറുകിട കച്ചവടക്കാരുടെ ഉപജീവനമാണ്.

കല്ലിൽ കൊത്തിയ അൽഭുത നഗരം

സാമാന്യം നല്ല തിരക്കുണ്ട് പ്രധാന കവാടത്തിൽ. പരിശോധനകൾ കഴിഞ്ഞ് ആ പുരാതന നഗരത്തിന്റെ പാതയിലേക്ക് പ്രവേശിച്ചു. ജോർഡൻ പാസ് എടുത്തിരുന്നത് കൊണ്ട് പെട്രോ കാണാൻ പ്രത്യേകിച്ച് ടിക്കറ്റ് എടുക്കേണ്ടി വന്നില്ല. ജോർഡൻ പാസ് എടുത്തിട്ടില്ലെങ്കിൽ അമ്പതു ജോർഡൻ ദിനാർ ആണ് അകത്തേക്ക് കടക്കാൻ ഫീസ്. ജോർഡൻ സന്ദർശിക്കാൻ പോകുന്ന ആരും പുറപ്പെടുന്നതിനു മുമ്പ് ജോർഡൻ പാസ് എടുത്താൽ സാമ്പത്തികമായി ഒരുപാട് ലാഭം ഉണ്ടാകും. സൗകര്യവുമാണ്. വെബ്സൈറ്റിൽ കയറി 70 ജോർഡൻ ദിനാർ അടച്ചാൽ ഒരു ക്യൂ.ആർ കോഡ് ലഭിക്കും.

അതിന്റെ ഒരു പ്രിൻറ് എടുത്ത്, പോകുമ്പോൾ കൊണ്ടുപോയാൽ വിസക്കും മറ്റ് ഒട്ടുമിക്ക ചരിത്ര കാഴ്ചകൾ കാണാനും വേറെ ഫീസ് അടക്കേണ്ടതില്ല. ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവലാണ്. മുൻപ് പറഞ്ഞ ക്യൂ.ആർ കോഡ് അവിടെ കാണിച്ചാൽ പാസ്പോർട്ടിൽ വിസ സ്റ്റാമ്പ്ചെയ്തു തരും.പെട്രയുടെ എൻട്രൻസ് കടന്നു മുന്നോട്ടു നടന്നു. പ്രവേശന കവാടത്തിൽ എത്തിയാൽ മുന്നോട്ടുള്ള യാത്ര അൻപതുമുതൽ നൂറുവരെ മീറ്റർ ഉയരമുള്ള പാറയിടുക്കിലൂടെയാണ്.

ശാഖകളും ഉപശാഖകളും ആയി നാനാ വഴിയിലേക്ക് പറയിടുക്കിലൂടെയുള്ള യാത്ര വല്ലാത്ത ഒരു അനുഭവം തന്നെയാണ്. പ്രധാന കാഴ്ചകളിൽ ഒന്നായ ദി ട്രഷറിയിലേക്ക് രണ്ട് കിലോമീറ്റർ അധികം നടക്കണം. പറഞ്ഞറിയിക്കാൻ കഴിയാത്ത കാഴ്ചകളാണ് ആ പാതയിൽ ഉടനീളം. ചെങ്കുത്തായ പാറകളിൽ, യുഗങ്ങൾ കൊണ്ട് രൂപം കൈവന്ന പിളർപ്പിലൂടെ വേണം പെട്രയെന്ന ആ ചരിത്രനഗരത്തിലേക്കു നടക്കാൻ. ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ പെട്ര ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ചരിത്രാതീത കാലത്ത് നബാത്തിയൻമാർ കല്ലിൽ കൊത്തിയെടുത്തതാണ്. ആധുനിക ലോകത്ത് അവശേഷിക്കുന്ന ഏറ്റവും മനോഹരമായ ഈ പുരാതന നഗരം.

അതിൽ തന്നെ ദി ട്രഷറി എന്നറിയപ്പെടുന്ന പ്രദേശം നമ്മെ അത്ഭുതപ്പെടുത്തും. ഏതാണ്ട് 40 മീറ്ററോളം ഉയരത്തിൽ ചെങ്കുത്തായ മലയിൽ കൊത്തിയെടുത്ത ട്രഷറിയുടെ മുൻഭാഗം, നൂറ്റാണ്ടുകൾക്കു മുമ്പുള്ള നബാത്തിയൻ എൻജിനീയറിങ് പ്രതിഭയെ പ്രതിനിധീകരിക്കുന്നു. ഇത് ഒരു രാജകീയ ശവകുടീരമായിരുന്നെങ്കിലും, കടൽക്കൊള്ളക്കാർ തങ്ങളുടെ നിധി അവിടെ ഒളിപ്പിച്ചുവെന്ന വിശ്വാസത്തിൽ നിന്നാണ് ട്രഷറി എന്ന പേര് ലഭിച്ചത്. ചെറിയ ഒരു മ്യൂസിയവും പെട്രയിലുണ്ട്. കൂടാതെ ഭൂകമ്പത്തിൽ തകർന്ന ആംഫിതീയേറ്റർ മറ്റൊരു പ്രധാനകാഴ്ചയാണ്. പെട്രയുടെ അപാരതയും ശക്തിയും സൗന്ദര്യവും ശരിക്കും ആസ്വദിക്കാൻ ആഡ് ഡയർ എന്നറിയപ്പെടുന്ന മൊണാസ്ട്രിയും സന്ദർശിക്കണം. ഒരു പകൽ മുഴുവൻ കാണാനുള്ള കാഴ്ചകളുമുണ്ട് പെട്രയിൽ. ആരാധനാലയങ്ങളും ശവകുടീരങ്ങളുമാണ് പെട്രയിലെ പ്രധാന അവശേഷിപ്പുകൾ. എണ്ണൂറിലധികം ശവകുടീരങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു.

അമളി തിരിച്ചറിഞ്ഞ നിമിഷം

പകൽ മുഴുവൻ സമ്പുഷ്ടമായ ചരിത്രക്കാഴ്ചകൾ എല്ലാം കണ്ട് തിരിച്ചുവന്ന് ഹോട്ടലിലെ കൗണ്ടറിൽ നിന്നും ബാഗ് എടുത്തു. വാച്ചിൽ സമയം 4.15 ആയിട്ടുള്ളൂ. ഇനിയും മുക്കാൽ മണിക്കൂറിനു മുകളിൽ സമയമുണ്ട് ബസ് സ്റ്റേഷനിൽ നിന്നും അമ്മാനിലേക്കുള്ള ബസ് പുറപ്പെടാൻ. ഹോട്ടലിൽ നിന്നും പെട്രയിലെ ബസ്റ്റേഷനിലേക്ക് ഒരു 5മിനിറ്റ് ടാക്സി യാത്രയെയുള്ളൂ. ഹോട്ടലിലെ റിസപ്ഷന് മുന്നിൽ നിരത്തിയിട്ടിരുന്ന കസേരകളിൽ ഒന്നിൽ ഇരുന്ന് ഫോണിൽ ഇന്നത്തെ കാഴ്ചകൾ സ്റ്റാറ്റസ് ഇട്ടു വെറുപ്പിച്ചേക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് സുന്ദരിയായ ജോർഡനി റിസപ്ഷനിസ്റ്റ് എന്നോട് ചോദിച്ചത്, താങ്കൾക്കുള്ള ബസ് എപ്പോഴാണ്? അഞ്ചുമണി...ഞാൻ പറഞ്ഞു.

സമയം ഇപ്പോൾ അഞ്ചരയായി. റിസപ്ഷനിസ്റ് പറഞ്ഞു. ഇല്ല, ഇപ്പോൾ നാലര അല്ലെ ആയുള്ളൂ. എന്റെ വാച്ചിൽ നോക്കി ഞാൻ പറഞ്ഞു. അല്ല, ഇന്നലെ രാത്രി ഒരുമണിക്ക് ജോർഡനിലെ ക്ലോക്കുകൾ സമയം ഒരു മണിക്കൂർ മുന്നോട്ടു ആക്കിവെക്കുന്ന ദിവസമായിരുന്നു. അതുകൊണ്ട് ഇന്നലത്തെക്കാൾ ഒരു മണിക്കൂർ മുന്നിലാണ് ഇന്നത്തെ സമയം. താങ്കളുടെ ബസ് ഇപ്പോൾ പോയിക്കഴിഞ്ഞിരിക്കും. റിസിപ്ഷനിസ്റ് പറഞ്ഞു നിറുത്തിയെങ്കിലും വേഗം തന്നെ ബാഗും എടുത്തു ബസ് സ്റ്റേഷനിലേക്കു ഓടി. ഡേലൈറ്റ് സേവിങ്ങിന്റെ ഭാഗമായി സമയം അഡ്ജസ്റ് ചെയ്യുന്ന ദിവസമായത് കൊണ്ട് ബസ് ലേറ്റായിട്ടു പുറപ്പെട്ടത് ഏതായാലും ഭാഗ്യമായി. ബസിൽ കയറി അമ്മാനിലേക്കുള്ള യാത്ര ആരംഭിച്ചു.

ബസ്സിൽ ഇരിക്കവേ ഞാൻ ചിന്തിച്ചത് മറ്റൊന്നാണ്. ഭൂമധ്യരേഖക്ക് അടുത്ത് താമസിക്കുന്ന നമുക്കൊന്നും സത്യത്തിൽ ഇത്തരത്തിലുള്ള സമയക്രമീകരണം ബാധിക്കാറേയില്ലല്ലോ. ഋതുക്കൾ നമുക്ക് പാഠപുസ്തകത്തിൽ പഠിക്കുന്ന കാലങ്ങൾ എന്നതിനപ്പുറത്ത് പ്രകടമായ ഒരു വ്യത്യാസവും പ്രകൃതിയിൽ അനുഭവിക്കാറില്ലല്ലോ. എത്ര ഭാഗ്യവാന്മാരാണ് നമ്മളെല്ലാം. ഏതാണ്ട് 250 കിലോമീറ്റർ ഓടി ബസ് തലസ്ഥാനത്ത് എത്തിയപ്പോഴേക്കും രാത്രിക്ക് ഘനം കൂടിയിരുന്നു.

അമ്മാനിലെ കാഴ്ചകൾ

പിന്നീടുള്ള ദിവസങ്ങളിൽ അമ്മാനിലും പരിസരത്തുമുള്ള നിരവധി കാഴ്ചകളിലേക്ക് പോയി. അമ്മാനിൽ നിന്നും ഏകദേശം 50 കി.മീറ്ററോളം തെക്കുപടിഞ്ഞാറു മാറി ചാവുകടൽ പുതിയൊരു അനുഭവമായിരുന്നു. ചാവുകടൽ എന്ന പേര് അന്വർത്ഥമാക്കാൻ തക്കവണ്ണം ധാരാളം ലവണകളാൽ സമൃദ്ധമായ ആ സമുദ്രത്തിൽ സസ്യങ്ങൾക്കോ ജീവികൾക്കോ ജീവിക്കാൻ സാധ്യമല്ലെങ്കിലും, കടലിൽ ഇറങ്ങുമ്പോൾ വെള്ളത്തിൽ മുങ്ങിപ്പോകാതെ പൊങ്ങികിടക്കാൻ കഴിയുന്നത് കൗതുകം നിറഞ്ഞൊരു അനുഭവമായിരുന്നു.

അടുത്ത ദിവസങ്ങളിൽ ചരിത്രശേഷിപ്പുകൾ കൊണ്ട് സമ്പുഷ്ടമായ അമ്മാൻ സിറ്റാഡൽ, റോമൻ തിയേറ്റർ തുടങ്ങിയ സ്ഥലങ്ങിലേക്കു പോയി. അമ്മാന്‍റെ നഗരമധ്യത്തിൽ ആണെങ്കിലും ഇവയെല്ലാം പ്രാധാന്യത്തോടെ സംരക്ഷിച്ചു നിർത്തിയിരിക്കുന്നു. മിഡിലീസ്റ്റിലെ പോംപേയി എന്നറിയപ്പെടുന്ന വടക്കൻ ജോർഡനിലെ ഒരു നഗരമാണ് ജെറാഷ്. അമ്മാനിൽ നിന്ന് ഏതാണ്ട് 50 കി.മീറ്റർ വടക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്.

അങ്ങോട്ടുള്ള യാത്രയും അതീവ ഹൃദ്യമായിരുന്നു. ജെറാഷ് ഇന്ന് മികച്ച രീതിയിൽ സംരക്ഷിക്കുന്ന പുരാതന ഗ്രീക്കോ-റോമൻ നഗരങ്ങളിൽ ഒന്നാണ്. ചരിത്ര കാഴ്ചകളിലൂടെ നടന്നു അമ്മാനിലെ ദിവസങ്ങൾ പോയതറിഞ്ഞില്ല. തിരിച്ചു പോരാനുള്ള ദിവസം അജ്ലൂൻ കാസ്റ്റിലും മൗണ്ട് നബുവും സന്ദർശിച്ചു. രാത്രിയോടെ അമ്മാനിലെ ക്വീൻ ആലിയ ഇന്റർനാഷണൽ എയർപോർട്ടിലേക്കു തിരിച്ചു. ആധുനിക പളപളപ്പൻ കാഴ്ചകളേക്കാൾ ചരിത്രത്തെ ഇഷ്ടപ്പെടുന്നവർക്ക് പറുദീസയായ ജോർഡനിൽ നിന്നും പാതിരാവോടെ മടക്കയാത്ര ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel newsExploredestinationAncient Fort
News Summary - In the paradise of ancient sights
Next Story