Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഇലവീഴാ പൂഞ്ചിറയിൽ

ഇലവീഴാ പൂഞ്ചിറയിൽ

text_fields
bookmark_border
Ilaveezapoonchira
cancel

ഭാവങ്ങൾ മിന്നിമറയുന്ന നടനെപ്പോലെയാണ് ഇലവീഴാപൂഞ്ചിറ. വെയിൽച്ചിരിയിൽ മയങ്ങി കുന്നിൻമുകളിലേക്ക് കയറുമ്പോഴാകും നീലക്കടൽ പോലെ കോടമഞ്ഞ് ഒഴുകിപ്പരക്കുന്നത്. ആകാശവും ഭൂമിയും ഒന്നാവുന്ന അപൂർവ സുന്ദര നിമിഷം കണ്ടുമതിയാകുംമുമ്പേ കാറ്റിന്‍റെ അകമ്പടിയോടെ മഴ തകർത്തുപെയ്യാൻ തുടങ്ങും. മഴ മാറി, മഞ്ഞു നീങ്ങിയാൽ ആയിരക്കണക്കിന് അടി താഴെ ആരോ വരച്ചിട്ട ചിത്രം പോലെ മലങ്കര ഡാമിന്‍റെ റിസർവോയറും വേമ്പനാട്ടുകായലും നെടുമ്പാശ്ശേരിയുമടക്കം തെളിഞ്ഞുകാണാം. മഞ്ഞിൽ മുങ്ങിനിൽക്കുമ്പോൾ ഹൊറർ സിനിമയിലെ ദൃശ്യങ്ങളെ ഓർമിപ്പിക്കുംവിധം നിഗൂഢഭാവമാണ് ഇലവീഴാപ്പൂഞ്ചിറക്ക്. ഏതൊരു സഞ്ചാരിയെയും ഭ്രമിപ്പിക്കാൻ പോന്ന മായക്കാഴ്ചകളൊരുക്കി സഞ്ചാരികളെ വിളിക്കുകയാണ് ഈ സ്വപ്നഭൂമി. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് ഇലവീഴാപൂഞ്ചിറ എന്ന ഹിൽസ്റ്റേഷൻ.

സമുദ്ര നിരപ്പിൽനിന്ന് 3200 അടി ഉയരത്തിലാണ് ഇലവീഴാപൂഞ്ചിറയുടെ സ്ഥാനം. വ്യൂപോയന്‍റിൽനിന്നു നോക്കിയാൽ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകൾ കാണാം. മഴയും കോടയും ഇല്ലാത്ത സമയത്തേ ഈ അപൂർവ കാഴ്ച കണ്ടുകിട്ടൂ. സ്ഥലവും ദിക്കും അറിയുന്നവർക്ക് രാത്രിയിലെ വെളിച്ചം നോക്കിയാൽ സ്ഥലങ്ങൾ കൃത്യമായി അറിയാനാവുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കോട്ടയത്തുനിന്ന് 55 കിലോമീറ്ററും തൊടുപുഴയിൽനിന്ന് 20 കിലോമീറ്ററും ദൂരമുണ്ട് ഇങ്ങോട്ട്. ട്രക്കിങ്ങിനു പറ്റിയ ഇടം. പൂഞ്ചിറയിൽനിന്ന് മുകളിലേക്ക് കുറച്ചുദൂരം ജീപ്പിലും ബൈക്കിലും പോവാം. ബാക്കി നടന്നുതന്നെ കയറണം. ചുറ്റും മഞ്ഞിൻതലപ്പുകൾ ചൂടിയ മലനിരകൾ കണ്ട് ആയാസമില്ലാതെ ഈ കയറ്റം കയറാനാവും.

വലിയ ഉരുളൻകല്ലുകളാണ് വഴിയിൽ. ഇടക്കിടെയുള്ള കരിമ്പാറകളിൽ കയറി വിശ്രമിക്കാം. താഴെനിന്നു പോകുമ്പോഴേ കാഴ്ചകൾ കണ്ട് ആസ്വദിച്ചുപോകണം. അല്ലെങ്കിൽ തിരിച്ചിറങ്ങുമ്പോൾ ഇതൊന്നും കാണാനായെന്നു വരില്ല. കൂടെയുള്ളയാളെ പോലും കാണാനാവാത്ത തരത്തിൽ കോട നിറയും ചുറ്റും. വ്യൂപോയന്‍റിലാണ് കേരള പൊലീസിന്‍റെ വയർലെസ് സ്റ്റേഷൻ. പൊലീസിന്‍റെ വയർലെസ് കമ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത് ഇവിടെയാണ്. സ്റ്റേഷനുമുകളിലേക്കുള്ള ഭാഗം പൊലീസിന്‍റെ നിയന്ത്രണത്തിലാണെങ്കിലും സഞ്ചാരികൾക്ക് വിലക്കില്ല. ഉയരം കൂടിയ പ്രദേശമായതിനാൽ മിന്നലും മഴയും കൂടുതലാണ്. മിന്നലേറ്റുള്ള അപകടങ്ങൾ തുടർന്നതോടെയാണ് വ്യൂപോയന്‍റിലേക്കുള്ള വഴിയുടെ ഇരുവശങ്ങളിലും മിന്നൽ രക്ഷാചാലകം സ്ഥാപിച്ചത്. അതിനുശേഷം വഴി ഏറക്കുറെ സുരക്ഷിതമാണെങ്കിലും മറ്റ് ഭാഗങ്ങളിൽ എപ്പോഴും അപകടം സംഭവിക്കാം. അതുകൊണ്ടുതന്നെ ഇടി മുഴങ്ങുമ്പോൾ തിരിച്ചിറങ്ങാൻ ശ്രദ്ധിക്കണം.

'ഇലവീഴാ പൂഞ്ചിറ'യിലെ വയർലെസ് സ്റ്റേഷൻ

'ഇലവീഴാപ്പൂഞ്ചിറ' സിനിമ കണ്ടവർക്ക് മറ്റൊരു കൗതുകംകൂടി ഇവിടെയുണ്ട്. സിനിമയുടെ പശ്ചാത്തലമായ, ഇരുമ്പുതകിടുകൊണ്ടുള്ള ട്രെയിൻ ബോഗിയെന്നുതോന്നിക്കുന്ന വയർലെസ് സ്റ്റേഷൻ. ഇത് അടഞ്ഞുകിടക്കുകയാണ്. വർഷങ്ങൾക്കുമുമ്പ് ഫിഷറീസിന്‍റെ സിഗ്നൽ സ്റ്റേഷനായിരുന്നു ഇത്. കുറച്ചുകാലം മാത്രമേ ഇത് പ്രവർത്തിച്ചുള്ളൂ. ജനലും വാതിലുമൊന്നുമില്ലാതെ ചട്ടക്കൂടുമാത്രമായി കിടന്നിരുന്ന സ്റ്റേഷനെ സിനിമക്കുവേണ്ടി ആർട്ട് വർക്ക് ചെയ്ത് വയർലെസ് സ്റ്റേഷനാക്കിയെടുക്കുകയായിരുന്നു. ഇതിനോടുചേർന്ന് അൽപം താഴെയാണ് പുതിയ വയർലെസ് സ്റ്റേഷൻ. സിനിമയിൽ മഴ വരുമ്പോൾ മുന്നറിയിപ്പു നൽകിയിരുന്ന കാറ്റാടിയും ജനറേറ്റർ മുറിയുമെല്ലാം അവിടെത്തന്നെയുണ്ട്.

മരങ്ങളില്ലാത്ത പൂഞ്ചിറ

ഈ സ്ഥലത്തിന് ഇലവീഴാപൂഞ്ചിറയെന്ന പേരു വന്നതിന് കാരണമായി ഐതിഹ്യങ്ങൾ പലതുണ്ട്. പാണ്ഡവരുടെ വനവാസകാലത്ത് ഭീമൻ പാഞ്ചാലിക്ക് കുളിക്കാൻ നിർമിച്ചതാണത്രേ കുളം. കുളത്തിനുചുറ്റും, ഇലകളില്ലാതെ പൂക്കൾ മാത്രമുള്ള മരങ്ങളും സൃഷ്ടിച്ചു. അങ്ങനെ ചിറയിൽ പൂക്കൾ മാത്രം നിറഞ്ഞു. അതുകൊണ്ടാണ് ഈ സ്ഥലത്തിന് ഇലവീഴാപ്പൂഞ്ചിറയെന്നു പേരുവന്നതെന്ന് ഒരു ഐതിഹ്യം. അതല്ല, പാഞ്ചാലി കുളിക്കുമ്പോൾ ദേവന്മാർ മരങ്ങൾക്കിടയിൽനിന്ന് ഒളിഞ്ഞുനോക്കിയെന്നും അതോടെ ഭീമൻ മരങ്ങൾ ഇല്ലാതാക്കിയെന്നും മറ്റൊരു ഐതിഹ്യം.

എന്നാൽ, പൂഞ്ചിറക്കാരനായ കൃഷ്ണൻകുട്ടിയുടേത് മറ്റൊരു നിഗമനമാണ്. പൂഞ്ചിറയിൽ എല്ലാ വർഷവും തീപിടിത്തമുണ്ടാവും. പുല്ലുകളെല്ലാം കത്തിയമരും. അടുത്ത മഴക്ക് വീണ്ടും മുളച്ചുവരും. ഇത് എല്ലാവർഷവും ആവർത്തിക്കും. അതുകൊണ്ടാണ് ഇവിടെ മരങ്ങളുണ്ടാവാത്തതെന്നാണ് കൃഷ്ണൻകുട്ടി പറയുന്നത്. കഥ എന്തുതന്നെയായാലും ഇവിടെ ഒറ്റ മരമില്ല. പൂഞ്ചിറയുടെ താഴ്ഭാഗത്താണ് ചിറ. താഴെയിറങ്ങി മേലുകാവിലേക്കുള്ള റോഡിൽ അരകിലോമീറ്റർ ചെന്ന് വലത്തേക്കു കയറിച്ചെന്നാൽ കൈവരികെട്ടി സംരക്ഷിച്ചിരിക്കുന്ന ചിറ കാണാം. കോടയാണെങ്കിൽ അടുത്തുചെന്നാലും ചിറ പൂർണമായി ദൃശ്യമാവില്ല. ചിറക്കടുത്ത് ശ്രീകൃഷ്ണ ക്ഷേത്രവുമുണ്ട്.

എല്ലാക്കാലത്തും ഇവിടെ സഞ്ചാരികളുണ്ടാവും. രാവിലെ മുതൽ രാത്രി വരെ നീളും യാത്രക്കാരുടെ ഒഴുക്ക്. വാഗമണിലും ഇല്ലിക്കൽകല്ലിലും പോയി മടങ്ങുന്നവരുടെ അവസാന സ്റ്റേഷനാണ് ഇലവീഴാപ്പൂഞ്ചിറ. മലമുകളിലിരുന്ന് രാത്രിക്കാഴ്ചകളും കണ്ടേ ഇവർ മടങ്ങൂ. അവധി ദിവസങ്ങളിലാണ് ഏറെ തിരക്ക്. എന്നാൽ, മിന്നലുണ്ടാകുന്ന സമയത്ത് വൈകീട്ട് ആരെയും നിർത്താറില്ല. താഴെ പൂഞ്ചിറ സ്വദേശിയായ മോഹനന്‍റെ കടയിൽനിന്ന് ചായയും ചെറുകടികളും കിട്ടും. കയറുമ്പോൾ പറഞ്ഞിട്ടുപോയാൽ കഞ്ഞിയും കപ്പയും ചിക്കനും തയാറാക്കും. റോഡിൽ വാഹനം നിർത്തിപ്പോകുന്നവരെയെല്ലാം ''ഒരു ചായ കുടിച്ചിട്ടുപോകാം'' എന്നുപറഞ്ഞു വിളിക്കും മോഹനൻ.

റോഡ് അത്ര പോരാ

മേലുകാവിൽനിന്ന് ഇലവീഴാപ്പൂഞ്ചിറയിലേക്കുള്ള റോഡിന്‍റെ പണി പുരോഗമിക്കുകയാണ്. ഏറക്കുറെ ടാറിട്ടെങ്കിലും അരകിലോമീറ്റർ ഇടവിട്ട് റോഡ് മഴയിൽ കുത്തിയൊലിച്ചുപോയ അവസ്ഥയിലാണ്. അവിടെയെല്ലാം കുഴലിട്ട് വെള്ളം റോഡിനടിയിലൂടെ തിരിച്ചുവിടാനുള്ള പണികൾ നടക്കുന്നുണ്ട്. നിർമാണം പൂർത്തിയായാൽ ഇലവീഴാപ്പൂഞ്ചിറയിലേക്കുള്ള യാത്ര സുഗമമാകുമെന്നാണ് പ്രതീക്ഷ.

'ഇതിലും ഭീകരമാണ് ശരിക്കും'

ഇലവീഴാപ്പൂഞ്ചിറ എന്ന സ്ഥലം നേരത്തേ പരിചിതമായിരുന്നെങ്കിലും അവിടെയൊരു വയർലെസ് സ്റ്റേഷനുണ്ടെന്നും മരണം മുന്നിൽകണ്ടെന്ന പോലെ പൊലീസുകാർ ജോലി ചെയ്യുന്നുണ്ടെന്നും പുറംലോകം അറിഞ്ഞത് 'ഇലവീഴാപ്പൂഞ്ചിറ' എന്ന സിനിമയിലൂടെ മാത്രമാണ്. സിനിമക്ക് തിരക്കഥയെഴുതിയ നിധീഷും ഷാജിയും ഒരുമിച്ച് കുറേക്കാലം വയർലെസ് സ്റ്റേഷനിലുണ്ടായിരുന്നു. സംവിധായകൻ ഷാഹി കബീർ ഇവർക്കു മുമ്പ് ഇവിടെ ജോലി ചെയ്തിരുന്നു.

യഥാർഥത്തിലുള്ളതിന്‍റെ പകുതി ഭീകരത പോലും സിനിമയിൽ കാണിച്ചിട്ടില്ലെന്നാണ് തിരക്കഥയെഴുതിയവരിലൊരാളായ നിധീഷ് ജി പറയുന്നത്. മിന്നലെന്നുവെച്ചാൽ സാധാരണ കാണുന്നതൊന്നുമല്ല അവിടെ. കണ്ണുതുറക്കാൻപോലും കഴിയാത്തത്ര വെളിച്ചമാണുണ്ടാവുക. ചെവി തകർക്കുന്ന ശബ്ദവും. മണിക്കൂറുകളോളം മിന്നലുണ്ടാവുമ്പോൾ പേടിച്ചുവിറക്കും. ഷൂട്ടിനിടക്ക് വൈകീട്ട് നാലുമുതൽ അഞ്ചര വരെ തുടർച്ചയായ മിന്നലായിരുന്നു. എല്ലാം പൂട്ടിക്കെട്ടി മടങ്ങേണ്ടിവരുമോ എന്നുപോലും ചിന്തിച്ചു. പെട്ടെന്നാണ് കാലാവസ്ഥ മാറിമറിയുക. കനത്ത മഴയും മിന്നലും കഴിഞ്ഞ് 'ഇതൊന്നും ഞാനല്ല' എന്ന ഭാവത്തിൽ വെയിൽ തെളിയും. വിചാരിച്ച സമയത്ത് ഷൂട്ട് തുടങ്ങാനോ അവസാനിപ്പിക്കാനോ കഴിഞ്ഞിരുന്നില്ല. 2021 സെപ്റ്റംബറിലാണ് ഷൂട്ടിങ് തുടങ്ങിയത്. ആ സമയത്താവട്ടെ പലയിടങ്ങളിലും കനത്ത മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും. സമീപത്തെ വീടുകളിലും റിസോർട്ടുകളിലുമായിട്ടാണ് ക്രൂവിനെ താമസിപ്പിച്ചിരുന്നത്. രാവിലെ ആറിന് കയറി വരും. കോടമഞ്ഞ് മാറുമ്പോൾ പത്തുമണിയാവും. അങ്ങനെ 25 ദിവസം ഷെഡ്യൂൾ ചെയ്ത ഷൂട്ട് 42 ദിവസംകൊണ്ടാണ് പൂർത്തിയാക്കിയത്. കഥാപാത്രങ്ങളുടെ മൂഡുമായി ചേർന്നുപോകുന്ന രീതിയിലാണ് പ്രകൃതിയെ കാണിച്ചത്.

ഭീകരതയും സൗന്ദര്യവുമെല്ലാം അതേപടി പകർത്താൻ ശ്രമിച്ചു. പ്രതികൂല കാലാവസ്ഥയിൽ, ഏറ്റവും കുറച്ച് വിഭവങ്ങൾ മാത്രമുപയോഗിച്ച്, മരണം മുന്നിൽ കണ്ടാണ് പൊലീസുകാർ അവിടെ ജോലി ചെയ്യുന്നത്. നാലഞ്ചു ദിവസത്തേക്കുള്ള വസ്ത്രവും ഭക്ഷണസാധനങ്ങളും കരുതിയാണ് മുകളിലേക്ക് കയറുക. വെള്ളം ജീപ്പിൽ എത്തിക്കും. ഭക്ഷണമുണ്ടാക്കും, പുസ്തകങ്ങൾ വായിക്കും. ഫോണിന് റേഞ്ച് ഇല്ലാത്തതിനാൽ ആ നേരമ്പോക്കുമില്ല. സിനിമയിലെപ്പോലെ ഉറക്കത്തിൽപോലും പൂഞ്ചിറ എന്നുകേട്ടാൽ ജാഗരൂകരാവും.

ശ്രദ്ധിക്കുക

⊿മഴക്കാലത്താണ് യാത്രയെങ്കിൽ മഴക്കോട്ടോ കുടയോ കരുതുക. കാറ്റിനനുസരിച്ച് ചരിഞ്ഞുപെയ്യുന്ന മഴയിൽ കുട പിടിച്ചുനിൽക്കില്ല. ഓടിക്കയറി നിൽക്കാൻ ഇടമില്ലാത്തതിനാൽ മലമുകളിലെ മഴ മുഴുവൻ കൊള്ളേണ്ടിവരും.

⊿തുലാവർഷത്തിലും മിന്നലുള്ളപ്പോഴും യാത്ര ഒഴിവാക്കുക.

⊿ബി.എസ്.എൻ.എല്ലിനും ജിയോക്കും മാത്രമേ ചിലയിടങ്ങളിലെങ്കിലും റേഞ്ച് കിട്ടൂ.

• പോകാനുള്ള വഴി:

⊿തൊടുപുഴ-മേലുകാവ്-ഇലവീഴാപ്പൂഞ്ചിറ

⊿കോട്ടയം-മേലുകാവ്-ഇലവീഴാപ്പൂഞ്ചിറ

ചിത്രങ്ങൾ: ദിലീപ് പുരക്കൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ilaveezapoonchira
News Summary - Ilaveezapoonchira
Next Story