അകമറിഞ്ഞ് അഹംമറന്ന്; ഒരു 'കടിഞ്ഞൂൽ' യാത്രയുടെ ഓർമക്ക്
text_fieldsയാത്രകൾ മോഹിപ്പിക്കാത്തവരായി ആരാണുള്ളത്. ഞാനും അങ്ങിനെതന്നെയായിരുന്നു. നാട്ടിൻപുറത്ത് വളർന്ന് മുതിർന്നപ്പോൾ നഗരത്തിലേക്ക് പറച്ചുനടപ്പെട്ട ജീവിതത്തിൽ വലിയ യാത്രകളൊന്നും ഒരിക്കലും സാധ്യമായിരുന്നില്ല. എങ്കിലും എന്‍റേതെന്ന് പറയാൻ ഒരിക്കലെങ്കിലും ഒരു യാത്ര പോണമെന്ന മോഹം കെടാതെ സുക്ഷിച്ചിരുന്നു. കടന്നുപോകുന്ന പ്രായത്തിനൊപ്പം ആ ആഗ്രഹവും വലുതായിവന്നു. അങ്ങിനെയിരിക്കുമ്പോഴാണ് പെൺ യാത്രകൾ നടത്തുന്ന ഒരു സംഘത്തെ സുഹൃത്തുവഴി പരിചയപ്പെടുന്നത്. അങ്ങിനെ ആ സ്വപ്നം പതിയെ യാഥാർഥ്യമാകാൻ തുടങ്ങി. കൂടിയാലോചനകൾക്കുശേഷം ആ ദിവസവും ഞങ്ങൾ തീരുമാനിച്ചു, ഡിസംബർ 18, 2021. രാജസ്ഥാനിലേക്കായിരുന്നു ഞങ്ങളുടെ യാത്ര.
വായിച്ചറിഞ്ഞ രാജസ്ഥാനെപറ്റിയുള്ള ഓർമകളിൽ എന്നും പുരാതന കാലത്തിൻറെ ശേഷിപ്പുകൾ ആയിരുന്നു. രാജഭരണത്തിന് പ്രൗഢിയും പ്രതാപവും നിറഞ്ഞ രാജസ്ഥാൻ. കോട്ടകളും കൊത്തളങ്ങളും നിറഞ്ഞ പ്രൗഡ നഗരങ്ങൾ. പുസ്തകത്തിലും, ഗൂഗിളിലും വായിച്ചറിഞ്ഞ, കെട്ടിയുയർത്തിയ ആ കൽകൊട്ടാരങ്ങൾ നേരിൽ കാണുമ്പോൾ എന്ത് വികാരമാണ് കൊണ്ടുവരിക എന്നത് ആകാംക്ഷയോടെ ഞാൻ കാത്തിരുന്നു. 10 ദിവസത്തേക്കാണ് ഞങ്ങളുടെ യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. 18 ഡിസംബർ 2021 രാത്രി 10:30ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്ന ഞാൻ സഹയാത്രികരെ പരിചയെപ്പട്ടു.
യാത്രക്ക് വേണ്ടി തയ്യാറാക്കിയ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ മാത്രം പരിചയപ്പെട്ട ഓരോ മുഖങ്ങൾ കണ്ടു തുടങ്ങി.ഞങ്ങൾ 15പേർ ഉണ്ടായിരുന്നു. ഒരാൾ ഒഴികെ ബാക്കി എല്ലാവരും എനിക്ക് തികച്ചും അപരിചിതരായിരുന്നു. എല്ലാ യാത്രകളിലും എന്നെ പൊതിഞ്ഞുനിന്ന പ്രിയപ്പെട്ടവരുടെ സ്നേഹവും കരുതലും ഇത്തവണ ഉണ്ടാവില്ലെന്ന തിരിച്ചറിവ് തെല്ല് പരിഭ്രമം ഉണ്ടാക്കിയിരുന്നു. പക്ഷെ ഒറ്റയാണെന്ന് തിരിച്ചറിയുമ്പോൾ ലഭിക്കുന്ന ധൈര്യം ഞാനറിയാൻ തുടങ്ങിയിരിക്കുന്നു. ഇനി എന്‍റെ കാര്യങ്ങൾ നോക്കേണ്ടത് ഞാനാണെന്ന ഉത്തരവാദിത്വബോധം എന്നിൽ ആത്മവിശ്വാസം ജനിപ്പിച്ചിരുന്നു. തീവണ്ടിയുടെ സൈഡ് സീറ്റിൽ തണുത്തകാറ്റേറ്റ് മുടിയിഴകളെ മാടിയൊതുക്കി ഞാൻ എന്റെ സ്വപ്നം പൂർത്തീകരിക്കാൻ ഓടുകയാണ്. അവിടെ പതറരുത്! മടുക്കരുത്.
മൗണ്ട് അബുവിലേക്ക്
കർണാടകയും, മഹാരാഷ്ട്രയും, ഗുജറാത്തും താണ്ടിയുള്ള ഞങ്ങളുടെ യാത്ര അവസാനിച്ചത് റോഡ് അബു റെയിൽവേ സ്റ്റേഷനിലാണ്. ഞങ്ങളുടെ ആദ്യ ലക്ഷ്യം മൗണ്ട് അബു ആണ്. സ്റ്റേഷനിൽ നേരത്തെതന്നെ ഏർപ്പാട് ചെയ്ത ട്രാവൽ ഏജന്‍റ് വന്ന് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. നാകി ലേക് ലക്ഷ്യമാക്കിയായിരുന്നു ഞങ്ങളുടെ യാത്ര. വഴിയിലാകെ തണുപ്പ് പടർന്നു തുടങ്ങിയിരുന്നു. ഗുജറാത്ത് അതിർത്തിയോട് ചേർന്ന് കാടിനാൽ ചുറ്റപ്പെട്ട ആരവല്ലി പർവ്വതനിരയെ സാക്ഷിയാക്കി നാകി ലേകിന്‍റെ മുന്നില്‍ രാജസ്ഥാനികളുടെ വേഷം അണിഞ്ഞ് ഞങ്ങൾ 15 പേർ വലിപ്പച്ചെറുപ്പമില്ലാതെ നിന്നു. അത് കഴിഞ്ഞു മാർബിളിന്റെ അസാധ്യ ഭംഗിയിൽ പണിതുവെച്ച ജൈനരുടെ ദിൽവാര ടെമ്പിളിന്‍റെ ഭംഗി ആസ്വദിച്ചുകൊണ്ട് കുറേ നടന്നു. ശേഷം ഓം ശാന്തി ഭവനിലെ പീസ് ഹാളും കണ്ട് മൗണ്ട് അബുവിലെ അസ്തമയം കാണാൻ പുറപ്പെട്ടു. തണുപ്പിന്റെ കാഠിന്യം കൂടി വന്നിരുന്നു. എന്നാലും നയനമനോഹരമായ ആ സൂര്യാസ്തമയം ഒരിക്കലും മറക്കാനാകില്ല. അവിടെനിന്ന് ഞങ്ങൾ നേരെ ഉദയ്പൂരിലേക്കാണ് പോയത്.
തടാകങ്ങളുടെ നഗരം
മഹാറാണ ഉദയ്സിങ് കണ്ടുപിടിച്ച 'തടാകങ്ങളുടെ നഗരം' എന്നറിയപ്പെടുന്ന അതിമനോഹരമായ പ്രദേശമാണ് ഉദയ്പൂർ. താരതമ്യേനെ തിരക്കും ആളും ബഹളവും ഒഴിഞ്ഞ ശാന്തമായ നഗരമാണിത്. രാവിലെ എട്ടുമണിക്ക് യൂത്ത് ഹോസ്റ്റൽ നിന്നും യാത്ര തിരിച്ച ഞങ്ങൾ പത്ത് മണിക്ക് സ്വരാജ് യൂണിവേഴ്സിറ്റിയിൽ എത്തി. പരമ്പരാഗത സർവ്വകലാശാലകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവിടെത്ത രീതി. 2010 പിറവിയെടുത്ത മനോഹരമായ ആശയമാണിത്. ഇവിടെ അധ്യാപകരും കുട്ടികളും ഇല്ല. പകരം അന്വേഷണമാണ് ഇവിടത്തെ പഠനരീതി. വിദ്യാർഥികളുടെ അഭിരുചി കണ്ടെത്തി പ്രാപ്തരാക്കുക എന്നതാണ് ഇവരുടെ ആശയം. അവിടെയുള്ള കാര്യങ്ങളെക്കുറിച്ച് സുമിത് & മൃദുല ദമ്പതികൾ ഞങ്ങൾക്ക് വിശദീകരിച്ചുതന്നു.
ഡിസംബറിൽ അവിടെ നടക്കുന്ന 'ശില്‍പ ഗ്രാം ഫെസ്റ്റി'ലും ഞങ്ങൾ പങ്കെടുത്തു. ഇന്ത്യൻ സംസ്കാരത്തിലൂടെയുള്ള പര്യവേഷണമായിരുന്നു ഈ ഉത്സവം. കരകൗശല നിർമ്മിതികളാലും വൈവിധ്യം നിറഞ്ഞ ഭക്ഷണങ്ങളാലും വേറിട്ട അനുഭവം സമ്മാനിച്ച പ്രത്യേക ഇടം. അവിടത്തെ നിറഞ്ഞ കാഴ്ചകൾ ആവോളം മനസ്സിൽ പകർത്തി നേരെ റെയിൽവേ സ്റ്റേഷനിലേക്ക് ഞങ്ങൾ തിരിച്ചു.
അജ്മീറിന്റെ ആത്മീയത
ഇരുപത്തിരണ്ടാം തീയതി പുലർച്ചെ 3 മണിക്ക് ഞങ്ങൾ അജ്മീര്‍ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി. തണുപ്പ് സിരകളിലേക്ക് ആവേശിച്ച് കയറുന്നത് ഞാനറിഞ്ഞു. ഇതിനായി മുൻകരുതലുകൾ ഒന്നും എടുക്കാത്ത എന്റെ പൊട്ടത്തരത്തിനെ സ്വയമേ ശപിച്ചുകൊണ്ട് തണുത്തു വിറച്ച് വലിയ ബാഗും തൂക്കി ഹോട്ടൽ റൂമിലേക്ക് ഞങ്ങൾ നിരനിരയായി നടന്നു. ഹോട്ടൽ റൂമിൽ എത്തി കുറച്ചുസമയം റെസ്റ്റ് എടുത്ത് രാവിലെ ഒമ്പതര ആയപ്പോൾ ഞങ്ങൾ അജ്മീർ ദർഗ കാണാൻപോയി. അജ്മീർ എന്ന കേട്ടുപരിചയിച്ച കാലം മുതൽ മനസ്സിൽ കോറിയിട്ട ചിത്രം ഉണ്ടായിരുന്നു.
ഖവാലിയും സൂഫി സംഗീതവും ഒക്കെ ചേർന്ന് ധന്യമായ പ്രാർഥനാനിർഭരമായ ശാന്തമായ സ്ഥലം. പക്ഷെ ആത്മീയതയുടെ പ്രശാന്തതയേക്കാൾ കച്ചവടത്തിന്‍റെ മടുപ്പിക്കുന്ന കാഴ്ച്ചകളാണ് അവിടെ ഉണ്ടായിരുന്നത്. ആചാരവും അനുഷ്ഠാനവും വിൽപ്പനക്ക് വച്ചിരിക്കുന്ന ഇടം. കുട്ടികൾ പോലും സ്വയം ചാട്ടവാറടിച്ച് പൈസ വാങ്ങുന്ന രീതി വല്ലാത്ത കാഴ്ചയായിരുന്നു. ദർഗക്ക് മുന്നിൽവച്ച് പരസ്പരം തല്ലുകൂടുന്ന ഒരുകൂട്ടം യുവാക്കശളയും ഞങ്ങൾ കണ്ടു. മനസ് തണുപ്പിക്കുന്ന ഒരു കാഴ്ച പോലും അവിടെ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. തുടർന്ന് ഞങ്ങൾ ജയ്പൂരിലേക്ക് യാത്രതിരിച്ചു. അങ്ങോട്ടുള്ള ട്രെയിൻ ക്യാൻസൽ ചെയ്തതുകൊണ്ട് അവിടുത്തെ പബ്ലിക് ട്രാൻസ്പോർട്ട് ബസ്സിലാണ് യാത്ര ചെയ്തത്. തണുത്തകാറ്റേറ്റ് തദ്ദേശീയരിൽ ഒരാളായുള്ള യാത്രയുടെ അനുഭവം വരികളിൽ വരുത്തി തീർക്കുക അസാധ്യമാണ്.
തുടരും