Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightക്ലിഫ് ടോപ്പ്...

ക്ലിഫ് ടോപ്പ് സ്റ്റോറീസ്

text_fields
bookmark_border
ക്ലിഫ് ടോപ്പ് സ്റ്റോറീസ്
cancel

വിമാനം പിടിച്ചും ട്രെയിൻ കയറിയും ഗോവക്ക് പോകാൻ പ്ലാനിടവേയാണ് കൈയെത്തും ദൂരത്ത് കടലും ആകാശവും ചുംബിച്ചുനിൽക്കുന്ന വർക്കലയിലെ ‘മിനി ഗോവ’ മനസ്സിലുടക്കിയത്. അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നത് എത്ര പരമാർഥമാണെന്ന് ക്ലിഫിലൂടെ നടന്നപ്പോഴാണ് മനസ്സിലായത്.കടലിരമ്പം കേട്ട്, നോക്കെത്താദൂരം ചെങ്കുത്തായ കുന്നിൻ മുകളിൽ ഇരുന്നുകൊണ്ട് അസ്തമയം കാണുന്നത് സങ്കൽപിച്ചുനോക്കൂ... അതിന്റെ ‘റിയാലിറ്റി’ അനുഭവമാണ് വർക്കല! കേരളത്തിലെ മറ്റ് ബീച്ചുകളിൽ നിന്ന് വർക്കലയെ വ്യത്യസ്തമാക്കുന്നത് ഇവിടത്തെ ‘ക്ലിഫ്’ അഥവാ കടലിലേക്ക് തള്ളിനിൽക്കുന്ന ചെങ്കൽ കുന്നുകളാണ്.

സാധാരണ ബീച്ചുകളിൽ മണൽപരപ്പ് കഴിഞ്ഞ് നേരെ നിരപ്പായ ഭൂമിയോ തെങ്ങിൻതോപ്പുകളോ ആണ് ഉണ്ടാവുക. എന്നാൽ, വർക്കലയിൽ കടൽത്തീരത്തിന് തൊട്ടുപിന്നിലായി ഉയരത്തിൽ മണ്ണും പാറയും നിറഞ്ഞ വലിയൊരു മതിൽപോലെ ഒരു കുന്നിൻ പ്രദേശം കാണാം. ഇതിനെയാണ് നമ്മൾ ‘ക്ലിഫ്’ എന്ന് വിളിക്കുന്നത്. വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഈയിടം ഗോവയെ ഓർമിപ്പിക്കും.

കുന്നിൻ മുകളിലെ കഫേ ലോകം

വർക്കലയിലെ ഏറ്റവും രസകരമായ കാഴ്ച ക്ലിഫിന് മുകളിലെ നിരനിരയായ കഫേകളാണ്. കടലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ഒരു കപ്പ് കാപ്പിയോ ഇഷ്ടപ്പെട്ട ഭക്ഷണമോ കഴിക്കാം. ടിബറ്റൻ കരകൗശല വസ്തുക്കളും മനോഹര വസ്ത്രങ്ങളും വിൽക്കുന്ന കടകൾക്കിടയിലൂടെയുള്ള നടത്തം ഒരു വിദേശ രാജ്യത്തെ തെരുവുകളെ ഓർമിപ്പിക്കും.

ദ ഹോളി ക്ലിഫ്

ക്ലിഫിന് താഴെ തിരമാലകൾ വന്നുമ്മവെക്കുന്ന മണൽപരപ്പാണ് പാപനാശം ബീച്ച്. ഈ കടലിൽ മുങ്ങിനിവർന്നാൽ പാപങ്ങൾ തീരുമെന്നാണ് വിശ്വാസം. ക്ലിഫിന്റെ വശങ്ങളിൽനിന്ന് പതഞ്ഞൊഴുകുന്ന സ്വാഭാവിക നീരുറവകൾ വർക്കലയുടെ മറ്റൊരു അത്ഭുതമാണ്. ഔഷധഗുണമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ തെളിനീരിൽ ഒരു കുളി പാസാക്കാത്ത സഞ്ചാരികൾ ചുരുക്കമാണ്.

അഡ്വഞ്ചർ meets ഡിവൈൻ പീസ്

ആകാശത്തിലൂടെ പറക്കാൻ ആഗ്രഹമുണ്ടോ? വർക്കലയിലെ ‘പാരാഗ്ലൈഡിങ്’ നിങ്ങൾക്ക് ആവേശമാകും. കടൽത്തിരകളെ കീറിമുറിച്ച് സർഫിങ്ങും നടത്താം. 14 കി.മീ അകലെ അഞ്ചുതെങ്ങ് കോട്ടയുണ്ട്. ഇനി അൽപം ആത്മീയത വേണമെന്നുള്ളവർക്ക് ഗുരു ചൈതന്യം നിറഞ്ഞ ശിവഗിരി മഠമുൾപ്പെടെ തൊട്ടടുത്തുതന്നെയുണ്ട്.

ഭൗമസ്മാരകമായ ക്ലിഫ്

അറബിക്കടലിന് കാവൽനിൽക്കുന്ന പടുകൂറ്റൻ ചെങ്കൽ കുന്നുകളാണ് വർക്കലയുടെ പ്രധാന ആകർഷണം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ദേശീയ ഭൗമസ്മാരകമായി പ്രഖ്യാപിച്ച ഈ ‘വർക്കല ഫോർമേഷൻ’ ഇന്ത്യയിൽ തന്നെ അപൂർവമാണ്. ക്ലിഫിന് മുകളിലൂടെയുള്ള നടത്തവും അസ്തമയ കാഴ്ചയും പ്രത്യേക ഫീൽ തന്നെയാണ്.

സങ്കടങ്ങൾ ഒളിപ്പിക്കുന്ന ആഘോഷ രാവുകൾ

ഗോവൻ ബീച്ചുകളിൽ കാണുന്നതുപോലെ കടലിന് അഭിമുഖമായി നിൽക്കുന്ന കുന്നിൻ മുകളിലെ കഫേകളും റസ്റ്റാറന്റുകളും വർക്കലയുടെ പ്രത്യേകതയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ വിനോദസഞ്ചാരികൾ എത്തുന്ന ബീച്ചുകളിലൊന്നാണ് വർക്കല. അതുകൊണ്ടുതന്നെ ഇവിടത്തെ അന്തരീക്ഷത്തിന് ഒരു ‘ഇന്റർനാഷനൽ ഫീൽ’ ഉണ്ട്.

ക്ലിഫിന് മുകളിൽനിന്ന് പടികളിറങ്ങി താഴേക്ക് ചെന്നെത്തുന്നത് പാപനാശം ബീച്ചിലേക്കാണ്. മുകളിൽ നിന്നുള്ള ആ മനോഹര കാഴ്ചയാണ് ‘ക്ലിഫ്’, താഴെ ഇറങ്ങി കടലിലിറങ്ങുന്ന ഭാഗമാണ് ‘ബീച്ച്’.

ഒരു ചെറിയ വ്യത്യാസം കൂടി:

ക്ലിഫ് ഭാഗം: വിനോദസഞ്ചാരത്തിനും കഫേകൾക്കും പാർട്ടികൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നു.

പാപനാശം ഭാഗം: ബലിതർപ്പണത്തിനും വഴിപാടുകൾക്കും പ്രാധാന്യമുള്ള ആത്മീയമായ ഭാഗം.

ചില പ്രത്യേകതകൾ

ഉയരം

കടൽനിരപ്പിൽനിന്ന് ഏകദേശം 15 മുതൽ 30 മീറ്റർ വരെ ഉയരത്തിലാണ് ഈ കുന്നുകൾ.

ഘടന

ചുവന്ന നിറത്തിലുള്ള മണ്ണും ചെങ്കല്ലും (Laterite) ചേർന്നതാണ് ഇതിന്റെ വശങ്ങൾ.

നടപ്പാത

ഈ കുന്നിന്റെ അരികിലൂടെയുള്ള നടപ്പാതയിലൂടെ നടക്കുമ്പോൾ താഴെ ആഴത്തിൽ കടൽ കാണാൻ സാധിക്കും. ഇതാണ് വർക്കലയെ ഇത്രയും സുന്ദരമാക്കുന്നത്. വൈകുന്നേരങ്ങളിൽ ക്ലിഫിന് മുകളിൽ ആ ചുവന്ന പാറകളിൽ കയറിയിരുന്നിട്ടുണ്ടോ? വീശിയടിക്കുന്ന കാറ്റിന്റെയും എണ്ണമറ്റ തിരകളുടെയും ഇരമ്പലിൽ സാധാരണ ഒരു മനുഷ്യൻ പേറുന്ന പല സങ്കടങ്ങളും കടലെടുക്കും!

തിരുവനന്തപുരം ജില്ലയിൽ കൊല്ലം-തിരുവനന്തപുരം തീരദേശ പാതയിലാണ് വർക്കല ക്ലിഫ്. അറബിക്കടലിനോട് ചേർന്ന പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണിത്.

ട്രെയിൻ മാർഗം: വർക്കല ശിവഗിരിയാണ് അടുത്ത റെയിൽവേ സ്റ്റേഷൻ. തിരുവനന്തപുരം, കൊച്ചി ഭാഗങ്ങളിൽ നിന്നുവരുന്ന മിക്ക ട്രെയിനുകളും ഇവിടെ നിർത്തും.

വിമാന മാർഗം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തത് (41-55 കി.മീ).

റോഡ് മാർഗം: തിരുവനന്തപുരം തമ്പാനൂരിൽനിന്ന് (46-50 കി.മീ) അല്ലെങ്കിൽ കൊല്ലം (30-35 കി.മീ) ഭാഗത്തുനിന്ന് ബസ് വഴിയും വർക്കല ബസ് സ്റ്റാൻഡിൽ എത്താം. അവിടെ നിന്ന് ഓട്ടോറിക്ഷ വഴി ക്ലിഫിലേക്കുപോകാം. സ്വന്തം വാഹനത്തിലാണെങ്കിൽ നിരവധി പേ ആൻഡ് പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട് (50 രൂപ മുതൽ).

വരുമ്പോൾ ശ്രദ്ധിക്കാൻ: വർക്കലയിലെത്തിയാൽ പ്രധാനമായും നോർത്ത് ക്ലിഫ്, സൗത്ത് ക്ലിഫ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. നോർത്ത് ക്ലിഫിലാണ് കൂടുതൽ വിദേശ സഞ്ചാരികളും കഫേകളുമെല്ലാം ഉള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beachtravelingdestinations
News Summary - Cliff Top Stories
Next Story