Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightയു.എ.ഇയിലെ മികച്ച...

യു.എ.ഇയിലെ മികച്ച ഹൈക്കിങ് കേന്ദ്രങ്ങൾ

text_fields
bookmark_border
Best Hiking Destinations in UAE
cancel

'ഏറ്റവും മികച്ച കാഴ്ച ഏറ്റവും പ്രയാസമേറിയ കയറ്റത്തിന് ശേഷമാണ്' എന്ന വാചകം ലോകപ്രശസ്ത പർവതാരോഹകൻ എഡ്മണ്ട് ഹിലരിയുടേതാണ്. ഹൈക്കിങ് എന്ന മലകയറ്റ സാഹസികത ഇഷ്ടപ്പെടുന്നവരെ ഏറെ പ്രചോദിപ്പിക്കുന്ന വാക്കുകളാണിത്. ദീർഘമായ നടത്തവും കയറ്റവും ശരീരത്തിനും മനസിനും ഉന്മേശവും ഊർജസ്വലതയും നൽകുന്നതാണ്. നഗരങ്ങളിൽ നിന്ന് മാറി, ഗ്രാമീണവും പ്രശാന്തവുമായ മലനിരകളും നടപ്പാതകളുമാണ് ഇതിനായി സാധാരണ എല്ലാവരും തെരഞ്ഞെടുക്കുന്നത്.

ഉയർന്ന മലനിരകളിലേക്ക് ഓടിച്ചു കയറ്റാൻ കഴിയുന്ന വാഹനങ്ങൾ ലഭ്യമായതോടെ പലരും അത്തരം യാത്രകളിലേക്ക് വഴിമാറിയെങ്കിലും ഹൈക്കിങിനെ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. നടത്തമാണ് ഹൈക്കിങിനെ വ്യത്യസ്തമാക്കുന്ന ഘടകം. പൂർണമായും നടന്നുകൊണ്ട് മികവുറ്റ കാഴ്ചകളിലേക്ക് സഞ്ചരിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ച് തണുപ്പുകാലം ഇതിന് യോജിച്ച സമയമാണ്.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഹൈക്കിങ് സ്പോട്ടുകൾ നിരവധിയുണ്ട്. ജോർഡനിലെയും ഒമാനിലെയും ഇത്തരം കേന്ദ്രങ്ങളോടൊപ്പം യു.എ.ഇയിലെയും നിരവധി സ്പോട്ടുകൾ ഇന്ന് ലോക ശ്രദ്ധയാകർഷിച്ചതാണ്. സാഹസിക മലകയറ്റം ഇഷ്ടപ്പെടുന്ന തദ്ദേശീയരും പ്രവാസികളും അടങ്ങുന്ന നിരവധി പേർ യു.എ.ഇയിലെ ഹൈക്കിങ് സ്ഥലങ്ങളിൽ എത്തുന്നുണ്ട്. മികച്ച സുരക്ഷാ സൗകര്യങ്ങളും മിതമായ കാലാവസ്ഥയും ഇമാറാത്തിലെ മലനിരകളെ അന്താരാഷ്ട്ര തലത്തിലെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകമാണ്.

സ്വകാര്യ കമ്പനികൾ ഒരുക്കുന്ന ഹൈക്കിങ് സൗകര്യം ഉപയോഗിച്ചും സ്വന്തമായും നിരവധിപേർ എല്ലാ വർഷവും ഹൈക്കിങ് നടത്തുന്നുണ്ട്. ഹൈക്കിങിന് നിയന്ത്രണമില്ലാത്ത സമയം തെരഞ്ഞെടുത്ത് സഞ്ചരിക്കുന്നതാവും ഏറ്റവും ഉചിതം. യു.എ.ഇയിലെ മികച്ച അഞ്ച് ഹൈക്കിങ് കേന്ദ്രങ്ങൾ പരിചയപ്പെടാം.

വാദി ഹലു, ഷാർജ

'മധുര താഴ്‌വര' എന്നർഥമുള്ള 'വാദി ഹലു' യു.എ.ഇയിലെ പ്രധാന പുരാവസ്തു പ്രദേശവും വാച്ച് ടവർ അടക്കമുള്ള സംവിധാനങ്ങളുള്ള കേന്ദ്രവുമാണ്. സമൃദ്ധമായ ഭൂഗർഭ ജലത്താൽ അനുഗ്രഹീതമായ പ്രദേശത്തിന് ഷാർജയുടെ ചരിത്രത്തിൽ വലിയ പ്രാധന്യമുണ്ട്. ഹജർ പർവതങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഇവിടം, വംശനാശ ഭീഷണി നേരിടുന്ന പക്ഷികൾ, ഉരഗങ്ങൾ, ശുദ്ധജല മത്സ്യങ്ങൾ എന്നിവയുടെ സംരക്ഷിത പ്രദേശമാണ്.

ഇവിടെയുള്ള പ്രകൃതിദൃശ്യങ്ങൾ മനോഹരമായ ഹൈക്കിങ് അനുഭവം സമ്മാനിക്കുന്നതാണ്. ഏറ്റവും പ്രശസ്തമായ ഇവിടുത്തെ മലമ്പാപാത യു.എ.ഇ പർവതനിരയുടെ 360 ഡിഗ്രി ദൃശ്യം കാണാൻ അവസരം ഒരുക്കുന്നു. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ വാദി ഹലു നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

വാദി ശൗക, റാസൽഖൈമ

യു.എ.ഇയിൽ ഹൈക്കിങിന് ഏറ്റവും യോജിച്ച സ്ഥലങ്ങളിലൊന്നാണ് റാസൽഖൈമയിലെ വാദി ശൗക. മനോഹരമായ ഭൂപ്രകൃതിക്കും താമസക്കാരും വിനോദസഞ്ചാരികളും ഒരുപോലെ സന്ദർശിക്കുന്ന പ്രകൃതിദത്ത കുളങ്ങൾക്കും പേരുകേട്ട സ്ഥലമാണിത്. ഈ പ്രദേശത്ത് വ്യത്യസ്തമായ വഴികളും പാതകളുമുണ്ട്. ഒരാളുടെ ഫിറ്റ്നസ് നിലയും താൽപര്യവും അനുസരിച്ച് വ്യത്യസ്ത റൂട്ടുകൾ തിരഞ്ഞെടുക്കാം. കൃത്യമായ മുന്നൊരുക്കം നടത്തി സജ്ജീകരണങ്ങൾ ഒരുക്കിയാവണം പാത തെരഞ്ഞെടുക്കുന്നത്. അപകടഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറും കരുതിയിരിക്കണം.

വാദി മുനായ്, റാസൽഖൈമ

പാറക്കെട്ടുകളും ചെങ്കുത്തായ മലയോരങ്ങളും നിറഞ്ഞ വാദി മുനായ് വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ദുബൈയിൽ നിന്ന് 1.5 മണിക്കൂർ മാത്രം ദൂരത്തുള്ള ഇവിടം തുടക്കക്കാരായ ഹൈക്കിങുകാർക്കും യോജിച്ച ഇടമാണ്. മൂന്നോ നാലോ മണിക്കൂർ ദൈർഘ്യമുള്ള നടത്തത്തിൽ പുരാതന വാസസ്ഥലങ്ങളും അവശിഷ്ടങ്ങളും ഉൾപ്പെടുന്ന ഭൂപ്രദേശങ്ങൾ കാണാനാവും.

ഹത്ത മലനിരകൾ

ദുബൈയുടെ ഭാഗമായ ഒമാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഹത്ത പർവതനിരകളിലെ ഹൈക്കിങ് മറ്റൊരു മികച്ച അനുഭവം സൃഷ്ടിക്കുന്ന ഇടമാണ്. ഹത്ത ഡാമിന് സമീപത്ത് നിന്ന് ഹൈക്കിങ് ആരംഭിക്കാവുന്നതാണ്. ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ച് വിശാലമായ പർവത പാതയിലെത്തിക്കുന്നതാണ് ഇതുവഴിയുള്ള യാത്ര. ഈ പാതയിൽ ധാരാളം ഫാമുകളുണ്ട്. ഒരു ചെറിയ ഗ്രാമത്തിലൂടെ കടന്നുപോകുന്ന പാതയിൽ അണക്കെട്ടും ദൃശ്യമാകും.

ജബൽ ജൈസ്, റാസൽഖൈമ

യു.എ.ഇയിലെ ഏറ്റവും മനോഹരമായ മലനിരകളിലൊന്നാണ് ജബൽ ജൈസ്. ധാരാളം ഹൈക്കിങ് പാതകൾ ജബൽ ജൈസിൽ തന്നെയുണ്ട്. വാദി അൽ ഫജ്ർ എന്നതാണ് ഇതിൽ ഏറ്റവും സാഹസികത നിറഞ്ഞത്. പ്രയാസം നിറഞ്ഞ രണ്ട് മണിക്കൂർ തുടർച്ചയായ കയറ്റം താഴെയുള്ള താഴ്‌വരയുടെ ഭംഗിയുള്ള കാഴ്ചകൾ പ്രദാനം ചെയ്യും. പച്ചപ്പും ഈന്തപ്പനകളും നിറഞ്ഞ സ്ഥലങ്ങളും ഉയർന്ന ഭാഗങ്ങളിൽ നിന്ന് കൗതുകകരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇടങ്ങളും ജബൽജൈസിലെ ഹൈക്കിങ് സമ്മാനിക്കും. ശൈത്യകാലത്ത് തണുപ്പ് ആസ്വദിച്ച് നടക്കാൻ ഇവിടെ ആയിരങ്ങളാണ് എത്തിച്ചേരാറുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEhiking
News Summary - Best Hiking Destinations in UAE
Next Story