Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
alappuzha kollam boat
cancel
Homechevron_rightTravelchevron_rightDestinationschevron_rightകാഴ്ചകളൊരുക്കി...

കാഴ്ചകളൊരുക്കി തീരങ്ങൾ; 400 രൂപ​ക്കൊരു​ ആലപ്പുഴ - കൊല്ലം ബോട്ട്​ യാത്ര

text_fields
bookmark_border

കിഴക്കിന്‍റെ വെനീസായ ആലപ്പുഴ മുതൽ കൊല്ലം വരെയുള്ള തീരദേശത്തിന്‍റെ മനോഹര കാഴ്ചകൾ കണ്ട്​ നമുക്കൊരു ബോട്ട്​ യാത്ര പോകാം. ബോട്ട് യാത്രയെന്ന് കേൾക്കുമ്പോൾ ആലപ്പുഴയിലെ ഹൗസ് ബോട്ടുകളാണ് ഏവർക്കും ഓർമവരിക. ഹൗസ് ബോട്ടുകളുടെ നിരക്കിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ യാത്ര പോകാനുള്ള ആവേശം പലരിലും കെട്ടടങ്ങും.

എന്നാൽ, ആലപ്പുഴ മുതൽ കൊല്ലം വരെയും തിരിച്ചുമുള്ള കേരള സർക്കാറിന്‍റെ പ്രതിദിന ബോട്ട് സർവിസുകളെ കുറിച്ച് പലർക്കും അറിയില്ല. ദിനവും രാവിലെ 10.30ന് ആലപ്പുഴയിൽനിന്നും കൊല്ലത്തുനിന്നും ആരംഭിക്കുന്ന ബോട്ടുകളിൽ കയറിയാൽ അഷ്​ടമുടി, കായംകുളം, വേമ്പനാട് കായലുകളിലൂടെ ഓളങ്ങളെ തഴുകി കാഴ്ചകൾ കണ്ടൊരു യാത്ര പോകാം.

75 സീറ്റുകളുള്ള ഡബിൾ ഡെക്കർ ബോട്ടുകളാണ് ഈ സർവിസ്​ നടത്തുന്നത്​. രാവിലെ ആലപ്പുഴയിൽനിന്നും പുറപ്പെടുന്ന ബോട്ട് വെകുന്നേരം കൊല്ലമെത്തുകയും പിറ്റേന്ന് അവിടെനിന്ന് ആലപ്പുഴക്ക്​ വരികയും ചെയ്യും. ആലപ്പുഴ നിന്ന് കൊല്ലം വരെ 400 രൂപയാണ് ഒരാൾക്ക് നിരക്ക്​.


രാവിലെ 10.30ന് ആണ് ബോട്ട് എടുക്കുന്നതെങ്കിലും 9.30 മുതൽ ടിക്കറ്റിനായി ആളുകളുടെ തിരക്കുണ്ടാകും. കാരണം 75 സീറ്റിൽ 20 എണ്ണം മുകളിലത്തെ തട്ടിലാണ്. അവിടെയിരുന്നാൽ കാഴ്ചകൾ നല്ലതുപോലെ കാണാം എന്നുള്ളതിനാൽ അവിടെയിരിക്കാൻ തിരക്കാണ്. പ്രഭാത ഭക്ഷണം കഴിച്ചിട്ട് വേണം ബോട്ടിൽ കയറാൻ.

കൊല്ലം വരെയുള്ള എട്ട്​ മണിക്കൂർ യാത്രയിൽ ഉച്ചഭക്ഷണത്തിനും ചായക്കും ബോട്ടുകാർ നിർത്തുന്ന ഇടങ്ങളിൽനിന്ന് യാത്രക്കാർക്ക് വാങ്ങി കഴിക്കാം. ഭക്ഷണം കൊണ്ടുവരുന്നവർക്ക് അതിനുള്ള സൗകര്യവുമുണ്ട്. ബോട്ടിൽ ടിക്കറ്റ് നൽകുമ്പോൾ കണ്ടക്ടർ ഉച്ചഭക്ഷണത്തിനുള്ള ഓർഡർ കൂടി എടുക്കും. ടോയ്​ലറ്റ് സൗകര്യം ബോട്ടിൽ തന്നെയുണ്ട്.


അന്താരാഷ്​ട്ര യാത്രാസംഘം

രാവിലെ കൃത്യസമയത്ത് ബോട്ടെടുക്കുമ്പോൾ നിറഞ്ഞിരിക്കുന്ന സീറ്റുകളിൽ മുഴുവൻ വ്യത്യസ്​തതയാണ്. വിവിധ ജില്ലക്കാരും സംസ്ഥാനക്കാരും വിദേശികളുമുൾപ്പെടുന്ന യാത്രാ സംഘം. ആലപ്പുഴയിൽ നിന്നും തുടങ്ങുന്ന യാത്ര ലോകപ്രശസ്തമായ നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന വേമ്പനാട്ട് കായലിന്‍റെ പുന്നമടയിലെ കാഴ്ചകൾ കണ്ട്, ഓളത്തിലൂടെയൊഴുകി നീങ്ങുമ്പോൾ കെട്ടുവള്ളങ്ങളുടെ കൂട്ടങ്ങളാണ് എതിരേൽക്കുക.

പമ്പാനദി വേമ്പനാട്ട് കായലിനോടൊത്ത്​ ചേരുന്ന മംഗലശ്ശേരി ജെട്ടി വഴി മുന്നോട്ട് പോകുമ്പോൾ യാത്ര പമ്പാ നദിയിലൂടെയാകുന്നു. സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന പ്രദേശമായ കുട്ടനാടിന്‍റെ പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്തിറക്കുന്ന കാഴ്ചകളും ധാരാളം.


കരയിൽ അതിരിട്ട്​ നിൽക്കുന്ന തെങ്ങുകൾ, വെള്ളത്തിൽ നീന്തുന്ന താറാവിൻ കൂട്ടങ്ങൾ, പ്രളയാന്തരം പച്ച പിടിക്കുന്ന കൃഷികൾ, കൃഷിക്കാർ, കായലിൽ നീന്തിത്തുടിക്കുന്ന കുട്ടികൾ, ചെറുവള്ളങ്ങൾ തുഴഞ്ഞു പോകുന്ന നാട്ടുകാർ, നാട്ടുകാഴ്ചകൾ... അങ്ങനെ വ്യത്യസ്​തതയും മനോഹാരിതയുമുള്ള നിരവധി തവണ ടി.വിയിലും സിനിമയിലും കണ്ട കാഴ്ചകൾ കൺമുന്നിലൂടെ ഒഴുകി മറയും.

നിരവധി കാഴ്ചകളുള്ള ആലപ്പുഴ ബോട്ടുകളുടെ പറുദീസ കൂടിയാണ്. ആലപ്പുഴ - ചങ്ങനാശ്ശേരി റൂട്ടിലെ വലിയ പാലമായ പള്ളാത്തുരുത്തി പാലത്തിന്‍റെ അടിയിലൂടെയുള്ള യാത്രയിൽ ഇരുവശത്തും നിരവധി ഹൗസ് ബോട്ടുകൾ കാണാം. ലോകത്തിലേറ്റവും കൂടുതൽ ഹൗസ് ബോട്ടുകളുള്ളത് ഇവിടെയാണോ എന്ന് സംശയിച്ചുപോകും. പല വലിപ്പത്തിലെ ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ശിക്കാരകൾ.


കരുമാടിക്കുട്ടന്‍റെ നാട്ടിൽ

ബോട്ട് ഒഴുകി നീങ്ങുന്നതിനോടൊപ്പം കാഴ്ചകളും മാറുന്നു. ചെറുതും വലുതുമായ നിരവധി ഷാപ്പുകളുള്ള സ്ഥലമാണ് ആലപ്പുഴ. ഇവിടത്തെ താറാവ്​ കറിയും മറ്റു വിഭവങ്ങളും ആസ്വദിക്കണമെങ്കിൽ മറ്റൊരു യാത്ര തന്നെ പോകേണ്ടി വരും. യാത്രയിപ്പോൾ കരുമാടിക്കുട്ടന്‍റെ നാട്ടിലൂടെയാണ്.

ഗ്രാനൈറ്റിൽ തീർത്ത ബുദ്ധപ്രതിമ ബോട്ടിലിരുന്നുകൊണ്ടു തന്നെ കാണാം. ഇത് 11ാം നൂറ്റാണ്ടിൽ തീർത്തതാണെന്ന് ചരിത്രകാരൻമാർ പറയുന്നു. യാത്ര പല്ലനയിലേക്ക് കടക്കുമ്പോൾ നവോത്ഥാന നായകനും വിപ്ലവ കവിയുമായിരുന്ന മഹാകവി കുമാരനാശാൻ ബോട്ടപകടത്തിൽ മരിച്ചതിന്‍റെ സ്മാരകം കാണാം. റെഡീമർ ബോട്ട് മുങ്ങി പല്ലനയാറ്റിലായിരുന്നു ആശാന്‍റെ അന്ത്യം.


യാത്ര തൃക്കുന്നപ്പുഴയെത്തുമ്പോൾ കാഴ്ചകൾക്ക് കുറച്ചവധി കൊടുത്ത് എല്ലാവരും ഭക്ഷണത്തിലേക്ക് തിരിയും. ഇവിടെയാണ് ബോട്ടുകാർ ഉച്ചഭക്ഷണത്തിന് അടുപ്പിക്കുന്നത്. നേരത്തെ ഓർഡർ ചെയ്തവർക്ക് അവിടെനിന്നും കഴിക്കാം. ഉച്ചഭക്ഷണം കഴിഞ്ഞ് വ്യത്യസ്​തമായ ഒരു കാഴ്ചയും കണ്ടാണ് ഇനി യാത്ര.

ഓരുവെള്ളം (ഉപ്പ് വെള്ളം) കയറി നെൽകൃഷി നശിക്കാതിരിക്കാൻ പമ്പയാറ്റിൽ സ്ഥാപിച്ച ഗിയറിൽ പ്രവർത്തിക്കുന്ന ചീപ്പ് (രണ്ട്​ ഗേറ്റുകൾ) ആണത്. ഇവ ഒരെണ്ണം തുറന്ന് ബോട്ട് അകത്ത് കയറ്റിയ ശേഷം അടക്കുന്നു. മറുവശത്തെ ഗെയിറ്റ് തുറന്ന് പുറത്തിറക്കിയ ശേഷം അതും അടക്കുന്നു.


അകമ്പടിയേകും പക്ഷികൾ

കായംകുളം കായലിന്‍റെ അരിക് പറ്റിയുള്ള യാത്രയിൽ കായംകുളത്തെ എൻ.ടി.പി.സിയുടെ കൂറ്റൻ പ്ലാന്‍റ്​ കണ്ടുകൊണ്ട് മുന്നോട്ടുപോയി അഷ്ടമുടിയുടെ വിശാലതയിലേക്ക് കയറും. ഉച്ചഭക്ഷണം കഴിഞ്ഞ് മയങ്ങാതെ ഇരുന്നാൽ ഇര തേടുന്ന അസംഖ്യം പക്ഷികളെ കാണാം. വിദേശികളും സ്വദേശികളുമായ കടൽ പക്ഷികൾ പൊങ്ങിയും താഴ്ന്നും ഇരപിടിക്കുന്ന അപൂർവ്വ കാഴ്ച ഏറെ കൗതുകമുണർത്തും. ബോട്ട് പോകുമ്പോൾ കുതിച്ച് ചാടുന്ന ചെറുമീനുകളെ അകത്താക്കാൻ ബോട്ടിന്​ അകമ്പടിയായി ഒരു കൂട്ടം പക്ഷികൾ എപ്പോഴുമുണ്ടാകും.

മാതാ അമൃതാനന്ദമയിയുടെ ആസ്ഥാനമായ അമൃതപുരി കടക്കുമ്പോൾ ബോട്ടുകൾക്ക് അടിയിലൂടെ പോകത്തക്ക രീതിയിൽ ഉണ്ടാക്കിയ വലിയ പാലം കാണാം. സമയം 3.30 അടുക്കുമ്പോൾ ചായ കുടിക്കാൻ ബോട്ട് തീരത്തേക്ക് അടുപ്പിക്കും. പിന്നീടുള്ള യാത്രയിൽ പ്രസിദ്ധമായ കാട്ടിൽ കടവ് ക്ഷേത്രം ഒരുവശത്ത് കാഴ്ചയാകുന്നുണ്ട്. അവിടേക്ക് ബോട്ടിലും ജങ്കാറിലും പോകുന്ന നിരവധി ഭക്തർ.


യാത്ര അഴീക്കലും കടന്നുപോകുമ്പോൾ വിരുന്നെത്തുന്നത്​ കണ്ടൽക്കാടുകളും അനവധി പാലങ്ങളും റിസോർട്ടുകളും പള്ളികളും ചെറുതും വലുതുമായ വീടുകളുമാണ്. ആലപ്പുഴയിൽ ഹൗസ് ബോട്ടുകളായിരുന്നുവെങ്കിൽ ആയിരം തെങ്ങിൽ മത്സ്യബന്ധന ബോട്ടുകളാണ് കാഴ്ചയൊരുക്കുന്നത്.

സൂര്യൻ പടിഞ്ഞാറ് അസ്തമിക്കാനുള്ള ഒരുക്കം കൂട്ടുമ്പോൾ ബോട്ട് നീണ്ടകര അഴിമുഖം കടന്ന് രവി പിള്ളയുടെ ഫൈവ് സ്റ്റാർ ഹോട്ടലായ റാവിസിനെ ചുറ്റാൻ വേണ്ടിയുള്ള യാത്രയിലായിരിക്കും. അസ്തമനം കണ്ട് കൊല്ലത്ത് ജെട്ടിയിൽ ബോട്ടടുക്കുമ്പോൾ നീണ്ട കാഴ്ചകൾക്ക് അവിടെ അന്ത്യമാകും.


യാത്ര നീണ്ടതാണെങ്കിലും കണ്ട കാഴ്ചകൾ മനോഹരവും വിലമതിക്കാനാവാത്തതുമായതിനാൽ മുഷിപ്പുണ്ടാകില്ല. കെട്ടുവള്ളങ്ങൾ, ചെറുവള്ളങ്ങൾ, ബോട്ടുകൾ, മത്സ്യബന്ധന ബോട്ടുകൾ, ചീനവലകൾ, പേരറിയാവുന്നതും അറിയാത്തതുമായ അനവധി പക്ഷികൾ, കണ്ണിന് കുളിർമയേകിയ മറ്റനവധി കാഴ്ചകളുമായിട്ട് കേരളത്തിന്‍റെ തീരദേശത്തൂടെ ഒരു യാത്ര.

travel info
ബോട്ട് സർവിസിന്റെ വിവരങ്ങൾ അറിയാൻ www.swtd.kerala.gov.in വെബ് സൈറ്റിൽ കയറി നോക്കാവുന്നതാണ്. ആലപ്പുഴക്കും കൊല്ലത്തിനുമിടക്ക്​ ഈ സർവിസിന് അഞ്ച് സ്റ്റോപ്പുകളുണ്ട്. റൂട്ട്​ ആലപ്പുഴ - തോട്ടപ്പുഴ - തൃക്കുന്നപ്പുഴ - ആയിരം തെങ്ങ് - അമൃതപുരി - ചവറ - കൊല്ലം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boat servicekollamalappuzha
News Summary - Alappuzha - Kollam boat trip for Rs 400
Next Story