രണ്ടുമാസത്തിനിടെ ഇടുക്കി ഡാം സന്ദർശിച്ചത് 27,700 പേർ
text_fieldsതൊടുപുഴ: ഇടുക്കി ആര്‍ച്ച് ഡാം എന്ന നിര്‍മാണ വിസ്മയം നേരിട്ടാസ്വദിക്കാൻ രണ്ട് മാസത്തിനിടെ എത്തിയത് 27,700 സഞ്ചാരികള്‍. സെപ്റ്റംബര്‍ ഒന്നിനാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി അണക്കെട്ട് തുറന്നു കൊടുത്തത്. ഒക്ടോബര്‍ 24 വരെയുള്ള കണക്കുകള്‍ പ്രകാരം 25060 മുതിര്‍ന്നവരും 2640 കുട്ടികളും ഡാം കാണാനെത്തി. കുറുവന്‍ കുറത്തി മലകളെ ബന്ധിപ്പിക്കുന്ന ഇടുക്കി ഡാമും സമീപത്തെ ചെറുതോണി അണക്കെട്ടും സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് അപൂര്‍വമായ ദൃശ്യാനുഭവമാണ്.
ഓണം, വിജയദശമി, ദീപാവലി തുടങ്ങിയ അവധിദിനങ്ങളില്‍ സഞ്ചാരികളുടെ ഒഴുക്കായിരുന്നു ഇവിടേക്ക്. നിലവില്‍ നിയന്ത്രണങ്ങളോടെയാണ് അണക്കെട്ടിലേക്ക് സന്ദര്‍ശനം അനുവദിച്ചിട്ടുള്ളത്. ഡാമില്‍ പരിശോധന നടക്കുന്ന ബുധനാഴ്ചകളിലും റെഡ്, ഓറഞ്ച് അലര്‍ട്ട് ദിവസങ്ങളിലും പ്രവേശനമില്ല. സുരക്ഷാ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനാല്‍ അണക്കെട്ടുകള്‍ക്കു മുകളിലൂടെ കാല്‍നട അനുവദിക്കില്ല.
ഹൈഡല്‍ ടൂറിസം അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബഗ്ഗി കാറില്‍ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ഓണ്‍ലൈന്‍ ബുക്കിങ് വഴി സന്ദര്‍ശനത്തിന് ടിക്കറ്റ് എടുക്കാം. www.keralahydeltourism.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിനു സമീപം ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. അടുത്ത മാസം മുതല്‍ സന്ദര്‍ശക നിയന്ത്രണം ഒഴിവാക്കാന്‍ തീരുമാനമായിട്ടുണ്ട്. നവംബര്‍ 30വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിക്കാനാണ് നിലവിലുള്ള തീരുമാനം. നിയന്ത്രണം ഒഴിവാക്കിയാല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.
കെ.എസ്. ഇ.ബി ഹൈഡല്‍ ടൂറിസം വിഭാഗമാണ് സന്ദര്‍ശകര്‍ക്കുള്ള ബഗ്ഗി കാറുകള്‍ സജ്ജമാക്കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 150 രൂപയും കുട്ടികള്‍ക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സന്ദര്‍ശകര്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

