Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
ponnumthuruth
cancel
Homechevron_rightTravelchevron_rightDestinationschevron_rightപൊന്നുംതുരുത്തിന്...

പൊന്നുംതുരുത്തിന് പൊട്ടുവേണ്ട!

text_fields
bookmark_border

പൊന്നും തുരുത്തിനെ കുറിച്ച് കേൾക്കാനിടയായാൽ ഏതൊരു പ്രകൃതിസ്​നേഹിയും അവിടെ എത്താൻ കൊതിക്കും. അവിടെ എത്തുംവരെ പിന്നീടൊരു മനസ്സമാധാനവും ഉണ്ടാകില്ല. സഹപാഠി ഷൈനുവിൻെറ അമ്മ മരിച്ച സന്ദർഭത്തിലാണ് ഞാനും കുടുംബവും വക്കത്തുളള അവരുടെ വീട്ടിൽ എത്തുന്നത്. പലരെയും കാണുകയും സംസാരിക്കുകയും ചെയ്യുന്നതിനിടയിൽ യാത്രകളും എഴുത്തും ചർച്ചയിലെത്തി. ആ സംസാരത്തിനിടയിൽ ആരോ പറഞ്ഞാണ് പൊന്നുംതുരുത്തിനെ കുറിച്ച് അറിയുന്നത്. അന്നേ തീരുമാനിച്ചു, ഉടൻ തന്നെ അവിടെ പോകണമെന്ന്. സാധാരണ സ്​ഥലങ്ങളിൽ പോകുന്നതുപോലെ ഓടി പോകാവുന്നതല്ല ഈ സ്​ഥലം. പിന്നെയോ!

പൊന്നുംതുരുത്ത് പേരു പോലെ തന്നെ ഒരു തുരുത്താണ്; ഇംഗ്ലീഷിൽ ഐലൻ്റ്. കായലിന് നടുവിലായി സ്​ഥിതി ചെയ്യുന്ന ഒരു തുരുത്ത്. അവിടെ എത്താൻ രണ്ടു വഴികൾ മാത്രം. രണ്ട് കരകളിൽ നിന്നാണത്. വക്കം പണയിൽകടവ് പാലത്തിനടുത്ത് നിന്നുമുളള വള്ളം. വേണമെങ്കിൽ ബോട്ടും വിളിച്ചും പോകാം. ബോട്ട് 750 രൂപ വരെ ചാർജ്ജ് ചെയ്യാറാണ്ട്. ബോട്ട് സർവിസ്​ ഈ കരയിൽ നിന്ന് മാത്രമേയുളളൂ. മറുഭാഗത്ത് നെടുങ്ങണ്ടയിൽ നിന്നും ബോട്ട് സർവ്വീസുണ്ട്. പണയിൽകടവിൽ നിന്നുളള ബോട്ട് നാലര മണിക്ക് പൊന്നുംതുരുത്തിലേക്ക് പോകും. അവിടെ പൂജ കഴിഞ്ഞ് ആറരയ്ക്ക് തിരികെ എത്തും. ഇടയ്ക്ക് തിരികെ വരാൻ കഴിയില്ല.

യാത്രാസംഘം
തിരുവനന്തപുരം ജില്ലയിൽ വർക്കലക്ക് സമീപത്താണ് പൊന്നുംതുരുത്ത്. വർക്കലയിൽ നിന്നും 12 കിലോമീറ്റർ യാത്ര ചെയ്ത് നെടുങ്ങണ്ടയിൽ എത്തിയാൽ പൊന്നുംതുരുത്തിലെത്താനുളള വളളം കിട്ടും. അഞ്ചുതെങ്ങ് കായലിലൂടെയാണ് സഞ്ചരിക്കേണ്ടത്. നാലരയ്ക്കുളള വളളത്തിൽ കയറി അക്കരെ എത്തിയാൽ രണ്ട് മണിക്കൂർ എങ്ങനെ ചിലവഴിക്കും എന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. മനോഹരമായ കായൽപ്പരപ്പ്. കായലിലൂടെ വളളത്തിലുളള യാത്ര. സൂര്യാസ്​തമനം.തുരുത്ത്. പ്രകൃതിരമണീയത എന്നിവയെല്ലാം ആസ്വദിക്കേണ്ടവർ ഇവിടെ പോകുക. ഇവയെല്ലാം ആസ്വദിക്കാൻ സമയം തികഞ്ഞില്ല എന്നതായിരിക്കും തിരികെ വരുമ്പോഴുളള പരാതി. അത്രയേറെ മനോഹരമാണ് ഇവിടുത്തെ കാഴ്ചകൾ.


കാട് നിറഞ്ഞ പ്രദേശമായി ദൂരെക്കാഴ്ചയിൽ തോന്നുന്ന തുരുത്തിന് നടുവിൽ ഒരു ക്ഷേത്രവുമുണ്ട്. ഈ ക്ഷേത്രത്തിലെത്തുന്ന ഭക്തരാണ് ഇപ്പോൾ ഈ തുരുത്തിലെ സഞ്ചാരികൾ. ഒരേക്കറിൽ കൂടുതൽ സ്​ഥലത്ത് നിറഞ്ഞു നിൽക്കുന്ന 100 വർഷം പഴക്കമുളള ഈ ക്ഷേത്രം നെടുങ്ങണ്ട വല്യപ്പുരയ്ക്കൽ കുടുംബത്തിെൻ്റ വകയാണ്. പ്രകൃതിരമണീയതയുടെ പശ്ചാത്തലത്തിൽ തുരുത്തിന് നടുക്കായി ക്ഷേത്രം സ്​ഥിതി ചെയ്യുന്നു. 20 കൊല്ലം മുമ്പ് പുനപ്രതിഷ്ഠ നടത്തി നവീകരിച്ച ക്ഷേത്രമാണ് ഇപ്പോഴുളളത്.


നവീകരണപ്രവർത്തനങ്ങൾ ഇപ്പോഴും തുടർന്ന് വരുന്നുണ്ട്. തുരുത്തി ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം തെങ്ങിൻത്തോപ്പുകൾക്കും മരക്കൂട്ടത്തിനുമിടയിൽ സ്​ഥിതി ചെയ്യുന്നു. പൊന്നുംതുരുത്ത് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവപാർവതിമാരുടേതാണ്. ഭഗവാൻ പരമേശ്വരൻ തൻെറ ഇടതു തുടയിൽ പ്രിയപത്നി ശ്രീപാർവതി ദേവിയെ ഇരുത്തി അനുഗ്രഹം ചൊരിയുന്നതായാണ് പ്രതിഷ്ഠ.

പൊന്നുംതുരുത്ത് ശിവപാർവതി വിഷ്ണുക്ഷേത്രം
ഇത്തരത്തിലുളള പ്രതിഷ്ഠ അധികം ക്ഷേത്രങ്ങളിൽ കാണാറില്ല. ഈ ക്ഷേത്രത്തിന് മുന്നിലെ നമസ്​കാരമണ്ഡപത്തിൽ ശിവ വാഹനമായ നന്തിയുടെ പ്രതിഷ്ഠയുമുണ്ട്. ശിവപാർവതി ക്ഷേത്രത്തിെൻ്റ ഇടതുവശത്തായി മഹാവിഷ്ണു ക്ഷേത്രവും വലതുവശത്തായി ഗണപതി ക്ഷേത്രവും സ്​ഥിതി ചെയ്യുന്നു. ക്ഷേത്രപരിസരത്തിന് നടുവിലായി നാഗരാജാവിെൻ്റയും നാഗയക്ഷിയുടെയും പ്രതിഷ്ഠകളുള്ള കാവുകളുണ്ട്.
ഇതിലൊന്ന് ശിവനുമായും മറ്റൊന്ന് മഹാവിഷ്ണുവുമായും ബന്ധപ്പെട്ടതാണ്. ശിവപാർവതിമാർക്കും മഹാവിഷ്ണുവിനും ഒരുപോലെ പ്രാധാന്യമുളള ക്ഷേത്രമായതിനാലാണ് ഇതിനെ പൊന്നുംതുരുത്ത് ശിവപാർവതി വിഷ്ണു ക്ഷേത്രം എന്ന് നാമകരണം ചെയ്തിട്ടുള്ളത്. ആധുനിക ശിൽപ്പചാരുതകൾ ഉൾപ്പെടുത്തിയാണ് ക്ഷേത്രസമുച്ചയം പണികഴിപ്പിച്ചിട്ടുളളത്.
ക്ഷേത്രം
ഈ ക്ഷേത്രത്തിനും ദ്വീപിനും ഒരു ചരിത്രമുണ്ട്: ഹനുമാൻ മരുത്വാമലയും ചുമന്ന് കായലിന് മുകളിലൂടെ പോകുമ്പോൾ മലയുടെ ഒരു ഭാഗം അടർന്ന് കായലിൽ വീണുവെന്നും അങ്ങനെ ദ്വീപുണ്ടായെന്നുമുളളതാണ് ഒരു വിശ്വാസം. മുന്നൂറോളം വർഷങ്ങൾക്ക് മുമ്പ് തിരുവിതാംകൂർ രാജാക്കന്മാർക്കും രാജ്ഞിമാർക്കും സ്വർണ്ണവും ആഭരണങ്ങളും കൊട്ടാരത്തിൽ സൂക്ഷിക്കാൻ കഴിയാത്ത അവസ്​ഥയുണ്ടായി.
അപ്പോൾ സ്വർണ്ണവും ആഭരണങ്ങളും സൂക്ഷിക്കാനായി അഞ്ചുതെങ്ങ് കായലിലെ ഈ ദ്വീപ് തെരഞ്ഞെടുത്തെന്നും അങ്ങനെ പൊന്ന് സൂക്ഷിച്ച തുരുത്തിന് പൊന്നുംതുരുത്ത് എന്ന് പേര് ലഭിച്ചു എന്നതാണ് മറ്റൊരു വിശ്വാസം.

പൊന്നുംതുരുത്തിലെ കാഴ്ച
ഒരു കാലത്ത് ഈ ദ്വീപ് വിജനമായിരുന്നു. ചുറ്റുമുളള കരകളിൽനിന്ന് ആളുകൾ പുല്ലു ശേഖരിക്കാനും മറ്റും വളളത്തിൽ തുരുത്തിലെത്താറുണ്ടായിരുന്നു. ഒരിക്കൽ പുല്ലുചെത്താനെത്തിയവർ തുരുത്തിലെ കാട്ടിനുളളിൽ ഒരു വിഗ്രഹം കാണാനിടയായി.
അവർ ദ്വീപിൻെറ പടിഞ്ഞാറേക്കരയിലുണ്ടായിരുന്ന ശ്രീ നാരായണഗുരുവിനെ വിവരം അറിയിച്ചു എന്നും, ഗുരുദേവൻെറ അനുഗ്രഹാശിസ്സുകളോടെ പൊന്നുംതുരുത്തിൽ ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു എന്നാണ് പഴമക്കാർ പറയുന്നത്. തുടർന്ന് ഗുരുദേവൻെറ കൈകൊണ്ടുതന്നെ പൊന്നുംതുരുത്തിലെ ക്ഷേത്രത്തിൽ ശിവപ്രതിഷ്ഠ നടത്തുകയും ചെയ്തു.


അക്കാലത്ത് ഗുരുദേവൻ ദ്വീപിന് പടിഞ്ഞാറുളള കായിക്കര, നെടുങ്ങണ്ട, ഒന്നാംപാലം പ്രദേശങ്ങളിൽ എത്താറുണ്ടായിരുന്നു എന്നതും ചരിത്രമാണ്. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രം അതിൻെറ അതേ അവസ്ഥയിൽ നൂറോളം വർഷം തുടർന്നു. ശിവപ്രതിഷ്ഠ മാത്രമായിരുന്നു ക്ഷേത്രത്തിലുണ്ടായിരുന്നത്. പിന്നീട് ജ്യോതിഷപണ്ഡിതന്മാരുട നിർദ്ദേശങ്ങൾക്കനുസരിച്ചാണ് വിഷ്ണുവിനെ ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്. പൊന്നുംതുരുത്ത് ക്ഷേത്രത്തിന് നെടുങ്ങണ്ട കളരി ദേവി ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ശ്രീ ഭദ്രകാളി പ്രതിഷ്ഠയാണ് കളരി ദേവീക്ഷേത്രത്തിലുളളത്. പൊന്നുംതുരുത്തിലേക്കുളള വഴിയിലാണ് ഈ ക്ഷേത്രം സ്​ഥിതി ചെയ്യുന്നത്.

പൊന്നുംതുരുത്തിലെ സായാഹ്നം

പൊന്നുംതുരുത്തിലെത്താൻ
കേരളത്തിന് വടക്ക് നിന്നും െട്രയിനിലും ബസ്സിലും വരുന്നവർ വർക്കല എത്തി അവിടെ നിന്നും കടയ്ക്കാവൂരിലേക്കുളള റോഡിൽ യാത്ര ചെയ്ത് നെടുങ്ങണ്ട ഒന്നാം പാലത്തിൽ എത്തുക. തെക്കുഭാഗത്ത് നിന്നും വരുന്നവർ കടയ്ക്കാവൂരിൽ നിന്നും നെടുങ്ങണ്ട ഒന്നാം പാലത്തിൽ എത്തുക. ഒന്നാം പാലത്തിൽ നിന്നും കായൽക്കരയിലേക്ക് റോഡുണ്ട്. കായൽക്കരയിലെത്തിയാൽ വളളം അക്കരെയാണെങ്കിൽ ഉച്ചത്തിൽ വിളിച്ചാൽ വള്ളക്കാരനെത്തും. കൂടാതെ വള്ളക്കാരൻെറ മൊബൈൽ നമ്പർ കായൽക്കരയിൽ എഴുതി വച്ചിട്ടുമുണ്ട്. മറുവശത്തുകൂടി എത്തേണ്ടത് എങ്ങനെയെന്ന് നേരത്തെ വിശദീകരിച്ചിട്ടുണ്ട്.

Show Full Article
TAGS:Ponnumthuruthu Island varkala Golden Island madhyamam travel 
Next Story