Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightമൺറോതുരുത്തിലെ...

മൺറോതുരുത്തിലെ കാഴ്​ചയും ജീവിതവും

text_fields
bookmark_border
മൺറോതുരുത്തിലെ കാഴ്​ചയും ജീവിതവും
cancel

അഷ്​ടമുടിക്കായലി​​െൻറ പടിഞ്ഞാറുഭാഗത്ത് നിരവധി തുരുത്തുകളുണ്ട്. പൂത്തുരുത്ത്, കൊച്ചുതുരുത്ത്, പന്നക്കത്തുരുത്ത്, ദളവാപുരം തുരുത്ത്, ജഡ്ജിത്തുരുത്ത്, കാക്കത്തുരുത്ത്, മദാമ്മത്തുരുത്ത് എന്നിങ്ങനെ പലപേരിൽ അവയെ നാട്ടുകാർ വിളിക്കുന്നു. അതിലൊന്നാണ് മൺറോത്തുരുത്ത്. അഷ്​ടമുടിക്കായലി​െൻറ കാമുകിയായാണ് പ്രശസ്​ത കവി തിരുനല്ലൂർ കരുണാകരൻ തൻെറ ‘റാണി’ എന്ന ഖണ്ഡകാവ്യത്തിൽ കല്ലടയാറിനെ വർണിക്കുന്നത്. അഷ്​ടമുടിക്കയലി​െൻറ തീരത്ത് ജനിച്ചുവളർന്ന നിരവധി കവികൾ അവരുടെ കാവ്യഭവാനയിലൂടെ ഈ സുന്ദരിയായ കായലിനെ വർണിച്ചിട്ടുണ്ട്. അഷ്​ടമുടിയുടെ തീരത്തെ ജനജീവിതത്തെക്കുറിച്ചാണ് ഇവിടത്തുകാരനായ കവി കുരീപ്പുഴ ശ്രീകുമാർ ‘ഇഷ്​ടമുടി’ എന്ന കവിതയിൽ വർണിക്കുന്നത്.  
 

‘അങ്ങോട്ടുനോക്കിയാൽ ദൂരെയല്ലാതൊരു
തെങ്ങിൻ തുരുത്താതാ കാണാം
ഉച്ചനെൽക്കല്ലോല മാലയിൽ ചാർത്തിയ
പച്ചപ്പതക്കമായ് തോന്നാം..’ 
എന്നാണ് അഷ്​ടമുടിയുടെ തീരത്തെ തുരുത്തിനെ തിരുനല്ലൂർ വർണിക്കുന്നത്. 

മൺറോ തുരുത്ത് എന്ന അത്യപൂർവമായ ഭൂപ്രദേശം അടുത്തകാലത്താണ് ലോകശ്രദ്ധ നേടിയത്. അതി​െൻറ ഭൂമിശാസ്​ത്രപരമായ പ്രത്യേകത കൊണ്ടായിരുന്നു അത്. ഭൂമിയിലേക്ക് താഴ്ന്നുകൊണ്ടിരിക്കുന്ന പ്രദേശം. വാർത്തകളായും ഫീച്ചറുകളായും അങ്ങനെ മൺറോതുരുത്തി​െൻറ ചരിത്രം ചർച്ചചെയ്യപ്പെട്ടു. അതുകാണുമ്പോൾ ആ നാട്ടുകാർക്ക് സന്തോഷമായിരുന്നില്ല, വലിയ ആശങ്കകളായിരുന്നു ഉണ്ടായിരുന്നത്. ഒടുവിൽ ‘മൺറോത്തുരുത്ത്’ എന്ന പേരിൽ ഒരു ചലച്ചിത്രവും പുറത്തിറങ്ങി. 
 

യാത്രയുടെ തുടക്കം
 


പൗരാണിക നഗരമായ കൊല്ലത്ത് മൺറോ തുരുത്തിനും ഉണ്ട് പറയാൻ പ്രൗഢിയുടെ ചരിത്രം. ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകുർ ദിവാനായിരുന്ന കേണൽ മൺറോ എന്ന റെസിഡറി​െൻറ സ്വന്തം പ്രദേശമായിരുന്നു ഇന്ന് 14 വാർഡുകളുള്ള മൺറോതുരുത്ത് പഞ്ചായത്ത് പ്രദേശം. ഒരു ബ്രിട്ടീഷ് പ്രഭുവി​െൻറ പേരിൽ ഇന്നും അറിയപ്പെടുന്ന പ്രദേശം. 
നിങ്ങൾ യാത്രികനാണെങ്കിൽ നിങ്ങളുടെ വാഹനമെത്തുമ്പോൾതന്നെ ഏതാനും വള്ളക്കാർ ചുറ്റിപ്പറ്റും. ഇവിടെയുള്ള 14 വാർഡുകളും വള്ളത്തിൽ ചുറ്റിക്കാണുന്നതാണി ഇവിടത്തെ പാക്കേജ്. ആലപ്പുഴയിലേതിന്  സമാനമായ ജലവിതാനമാണിവിടെയെങ്കിലും ആലപ്പുഴയുടെ പ്രകൃതിയുമായി സാമ്യമൊന്നുമില്ല. കാരണം ഇവിടെ നെൽപ്പാടങ്ങളേ കാണാനില്ല. അതിനാൽത്തന്നെ ഇവിടത്തെ യാത്രയെ കുട്ടനാടുമായി സാമ്യപ്പെടുത്താനാവില്ല. കുട്ടനാട്ടിൽ വിശാലമായ കായൽപ്പരപ്പിലൂടെ ഹൗസ്​ ബോട്ടിലും ചെറുബോട്ടലുമുള്ള യാത്രകളാണെങ്കിൽ ഇവിടെ ചെറുതോടുകളിലൂടെ ചെമ്മീൻ പാടങ്ങളും സാധാരണ വീടുകളും മലയാളി ജീവിതവും കാട്ടുചെടികളും കണ്ടൽക്കാടും തെങ്ങിൻ തോപ്പുകളും സാധാരണ കൃഷിയിടങ്ങളും കണ്ടുകൊണ്ടുള്ള യാത്രയാണ്. നീണ്ടുകിടക്കുന്ന അഷ്​ടമുടിക്കായിലൂടെ ബോട്ടിൽ വേറെയും യാത്രയുണ്ടിവിടെ. 
 

മൺറോ തുരുത്തിൽ വിദേശികൾ
 


ഇടത്തോടുകളിലൂടെയാണ് യാത്ര. കുട്ടനാട്ടിൽ വീട്ടുകാർ ചെറിയ കൊതുമ്പുവള്ളങ്ങളിലാണ് യാത്ര ചെയ്യുന്നത്. അതുകണ്ട് നാം കൗതുകമണിയുകയേയുള്ളൂ. എന്നാൽ ഇവിടെ പത്തുപേരിലധികം ഇരിക്കാവുന്ന വലിയ വള്ളങ്ങളിലൂടെയാണ് യാത്ര. വെയിൽ കൊള്ളാതെ മൂടിവെച്ച വള്ളങ്ങളുമുണ്ട്. ടൂറിസം ഇവിടെ പുഷ്​ടിപിടിച്ചതോടെ നിലച്ചുപോയ ജീവിതവൃത്തികളുണ്ടിവിടെ. കൊല്ലം മേഖല ഒരിക്കൽ തൊണ്ടുതല്ലി​െൻറ നാടായിരുന്നു. കായൽ തീരങ്ങളിൽ മുഴുവൻ തൊണ്ടുതല്ലി​െൻറ താളമായിരുന്നു മുഴങ്ങിക്കേട്ടിരുന്നത്. നാട്ടിൽ കായൽ വെള്ളം കയറിക്കിടക്കുന്ന അഷ്​ടമുടിയുടെ ഇടഗ്രാമങ്ങളിലെല്ലാം തൊണ്ടഴുക്കുന്ന ഇടങ്ങളായിരുന്നു. സ്​ത്രീകൾക്ക് ധാരാളമായി തൊഴിൽ ലഭിച്ചിരുന്ന സംരംഭം കൂടിയായിരുന്നു അത്.


എന്നാൽ കാലംപോകെ കയറിനും കയർ ഉൽപ്പന്നങ്ങൾക്കും സ്വീകാര്യത കുറയുകയും കയർപിരിപ്പണി തകരുകയും ചെയ്തതോടെ തൊണ്ടഴുക്കലും തൊണ്ടുതല്ലലും കയർപിരിയുമെല്ലാം നാട്ടിൽ ഏതാണ്ട് അപ്രത്യക്ഷമായി എന്നു പറയാം. ഇന്ന് ടുറിസ്​റ്റുകൾക്ക് കാണാനുള്ള ഒരു കൗതുക്കാഴ്ചയാണിവിടെ കയർപിരി. നാടി​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന് തൊണ്ടു കയറ്റി ഇവിടെ എത്തിക്കുകയും അവ തല്ലിപ്പിരിച്ച് കയറാക്കി വിപണികളിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്ന വലിയ വള്ളങ്ങൾകൊണ്ട് ഇന്ന് ഉപയോഗമില്ലാതെയായി. ഇത്തരം വള്ളങ്ങളാണ് ഇന്ന് നാട്ടുകാർ ഇവിടെ യാത്രികർക്ക് സഞ്ചരിക്കാനായി ഉപയോഗിക്കുന്നത്. കൊതുമ്പുവള്ളങ്ങളെക്കാൾ വലുതായതിനാൽ അതിൽ സ്വസ്​ഥമായി ഇരിക്കാം, മറിയുമെന്ന പേടിവേണ്ട. 
 


കൊല്ലം ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിലി​െൻറ ടൂർ പാക്കേജിലും ഇവിടെ ധാരാളം വിദേശികൾ ഇഷ്​ടപ്പെടുന്നത് ഇത്തരത്തിലുള്ള യാത്രയാണ്. അവർക്ക് നമ്മുടെ ഗ്രാമീണ ജീവിതം കാണാനാണ് താൽപര്യം. ടുറിസം കൊണ്ട് സാധാരണക്കാരായ ഇവിടത്തെ നാട്ടുകാർക്ക്  പല രീതിയലുള്ള ഗുണങ്ങളുമുണ്ടായി. യത്രക്കാരെത്തുന്നതോടെ തുരുത്തുകൾക്കിടയിലെ ചെറിയ ചായക്കടയിലും ബേക്കറിയിലുമൊക്കെ കച്ചവടം കൂടി. മറ്റൊരു പ്രധാനകാര്യം അവരുടെ വീടി​െൻറ ഇറയത്തൂടെയുള്ള ചെറുതോടുകൾ എപ്പോഴും വൃത്തിയായിക്കിടക്കും എന്നുള്ളതാണ്. ഇവിടെയാരും മാലിന്യം തോട്ടിലേക്ക് വലിച്ചെറിയാറുമില്ല. കാരണം വലിയ പിഴ കൊടുക്കേണ്ടിവരും. എല്ലാ ദിവസവും പഴുത്തിലകളുൾപ്പെടെ എന്തു മലിന്യം വീണാലും വൃത്തിയാക്കാൻ ടൂറിസം വകുപ്പി​െൻറ ശമ്പളക്കാർ പ്രവർത്തിക്കുന്നുണ്ട്. 
കാരിത്രക്കടവിലാണ് കല്ലട ജലോൽസവം നടക്കുന്ന അഷ്​ടമുടിക്കായലി​െൻറ ഭാഗം. 
‘കായലിൻ മാറിലലിഞ്ഞുചേർന്നീടുവാൻ 
ആയുന്ന കാനനച്ചോല
ചോലയും കായലും പുൽകവേ പുഞ്ചിരി 
തുകിടും പൂന്തിരമാല...’ 
എന്ന് തിരുനല്ലൂർ വർണിക്കുംപോലെ കായലി​െൻറ കൈവഴികളിലേക്ക് ചാഞ്ഞു കിടക്കുന്ന ചെടിത്തലപ്പുകളെതഴുകിയാണ് വള്ളം നീങ്ങുന്നത്. ദൂരെനിന്ന് വെയിൽ ചാഞ്ഞ് കൃഷിയിടങ്ങളിലൂടെയും കാൽതീരത്തെ പുൽപ്പടർപ്പിലൂടെയും അരിച്ചിറങ്ങി അലയിളകുന്ന കായൽപ്പടർപ്പിനെ വർണാഭമാക്കും. തീരത്തെ തെങ്ങിൻ പടർപ്പുകളെ വള്ളത്തിൽ മലർന്നിരുന്ന് നോക്കിക്കാണുക രസമാണ്. വൃത്തത്തിൽ പടർന്ന ഓലകളുടെ വിതാനം. 
 

കൊല്ലം ജില്ലയെ പലയിടത്തും തഴുകിയൊഴുകുന്ന കല്ലടയാർ അഷ്​ടമുടിയിൽ ചേരുന്നു. പണ്ട് തലങ്ങും വിലങ്ങും വള്ളങ്ങൾ പാഞ്ഞിരുന്ന കായലാണ്. കെട്ടുവള്ളങ്ങൾ, കേവുവള്ളങ്ങൾ, യാത്രാവള്ളങ്ങൾ, ബോട്ടുകൾ അങ്ങനെ. മണൽ കോരിയും കക്ക വാരിയും തൊണ്ടുതല്ലിയുമൊക്കെ ജീവിച്ച ഇവിടത്തുകാർക്ക് വള്ളങ്ങൾ ജീവിതത്തി​െൻറ ഭാഗമായിരുന്നു. കാലം മാറിയതോടെ വള്ളങ്ങൾക്ക് ഉപയോഗംതന്നെ കുറഞ്ഞു. ഇന്ന് ഇവയൊക്കെ യാത്രികരെക്കയറ്റി കായൽ ചുറ്റിക്കാണിക്കാനുള്ള വള്ളങ്ങളാണ്. ‘പൂന്തിരച്ചാർത്തിൻമേൽ നീക്കിളിച്ചാർത്തുപോൽ
നീന്തുമൊരായിരം തോണി..’എന്ന്​ പണ്ടത്തെ വള്ളങ്ങളുടെ പ്രതാപകാലത്തെക്കുറിച്ച്​ തിരുനല്ലൂർ എഴുതിയിരുന്നു. 
ഇന്ന്​ യാത്രികൾ സഞ്ചരിക്കുന്ന വള്ളങ്ങളാണ്​ അധികവും. കായലിൽ നിന്ന്​ കൈവഴികളായി പിരിയുന്ന ചെറുതോടുകളിലൂടെയാണ്​ അധികവും യാത്ര.


എന്നാൽ 2004ൽ തെക്കൻ കേരളത്തി​​െൻറ തീരദേശമേഖലയെ ഗ്രസിച്ച സുനാമിയുടെ ഇരയാണ്​ മൺറോതുരുത്ത്​. അതിനുശേഷം ഇൗ ദീപസമൂഹം അനുദിനം കായലിലേക്ക്​ താഴ്​ന്നുകൊണ്ടിരിക്കുകയാണ്​ എന്നാണ്​ പഠനങ്ങൾ പറയുന്നത്​. വേലിയേറ്റവും വേലിയിറക്കവും നന്നായി ബാധിക്കുന്ന ഭൂപ്രദേശമാണ്​. വേലിയേറ്റ സമയങ്ങളിൽ മിക്ക വീടുകളിലും വെള്ളം കയറും. ആകെയുള്ള നടപ്പാതകളിൽ നിറയെ വെള്ളവും ചെളിയുമാണ്​. അങ്ങനെയൊരു ദുരിതാവസ്ഥയുണ്ടെങ്കിലും ഇവിടേക്ക്​ സഞ്ചാരികൾ ധാരാളമായി വരുന്നുണ്ട്​. ഒരുപക്ഷേ ഇങ്ങനെ വാർത്ത നിരവധി പത്ര^മാസികകളിലും ചാനലുകളിലും വന്നത്​ കൂടുതൽ യാത്രികരെ ഇങ്ങോട്ട്​ ആകർഷിക്കാനേ ഉപകരിച്ചുള്ളൂ. 
 

മൺറോതുരുത്തിലെ അസ്തമയം
 


ഡി.ടി.പി.സി കൊല്ലത്തുനിന്ന്​ ഇവിടേക്കുള്ള പാക്കേജ്​ നടത്തുന്നുണ്ട്​. അങ്ങനെ ധാരാളം വിദേശികളും യാത്രക്ക്​ എത്തുന്നുണ്ട്​. അവർക്ക്​ ആലപ്പു​ഴ ഹൗസ്​ബോട്ടിലൂടെയുള്ള ആഡംബര യാത്രയെക്കാൾ കൂടുതൽ കായലോര ജീവിതം നേരിട്ട്​ അറിഞ്ഞുള്ള യാത്രായണ്​ ഇവിടെ കിട്ടുന്നത്​. ഇവിടെ കായൽ സംരക്ഷിക്കുന്നതിന്​ നാട്ടുകാരടെ പങ്കാളിത്തവുമുണ്ട്​. മാലിന്യം ഇടാൻ ഇവർ ആരെയും അനുവദിക്കാറുമില്ല. അങ്ങനെ ​കേരളത്തിൽ അധികം കാണാത്ത ഒരു ജനകീയത ഇവിടത്തെ ടൂറിസത്തിനുണ്ട്​. 

മൺതുരുത്തിൽ എത്തിച്ചേരാൻ
കൊല്ലത്തു നിന്ന് കൊട്ടാരക്കര റൂട്ടിൽ സഞ്ചരിച്ചാൽ കുണ്ടറയിലെത്താം. അവിടെനിന്ന് കിഴക്കേകല്ലട വഴി മുളവനയിൽ. മുളവനയിൽ നിന്ന് ഒറ്റ വഴിയേയുള്ളു മൺറോതുരുത്തിലേക്ക്. മറ്റൊരു മാർഗം റെയിൽവേയാണ്​. ​കൊല്ലം കായംകുളം റൂട്ടിലാണ്​ മൺറോതുരുത്ത്​ സ്​റ്റേഷൻ. നാട്ടുകാർക്ക്​ പുറംലോത്തെത്താനുള്ള എളുപ്പ മാർഗം. എന്നാൽ ഏതാനും ഒാർഡിനറി ട്രെയിനുകൾക്ക്​​ മാ​ത്രമേ സ്​റ്റോപ്പുള്ളൂ. തുരുത്തി​െൻറ തുടക്കം കാരിത്രക്കടവിൽ നിന്നാണ്. ചെറിയ ഒരു ജംഗ്ഷനാണിത്. മുന്നോ നാലോ കടകൾ മാത്രം. ആകെയുള്ളത് ഗോപാലൻ ചേട്ടൻെറ ഹോട്ടലാണ്. സ്​ഥിരമായി യാത്രക്കാരെത്തുന്നതിനാൽ അദ്ദേഹം ആവശ്യത്തിന് ഭക്ഷണം കരുതിവെക്കും. 

Show Full Article
TAGS:mandrothuruth Munroe Island kerala tourism places madhyamam travel 
Web Title - mundrothuruthu sketches
Next Story