കോടമഞ്ഞിന്‍ താഴ്​വരയായി ചേരിയംമല

  • മലപ്പുറം ജില്ലയിൽ കോടമഞ്ഞ്​ വിരുന്നുവരുന്ന ചേരിയംമലയുടെ വിശേഷങ്ങൾ

ചെകുത്താന്‍ കല്ലില്‍ നിന്നുള്ള കോടമഞ്ഞിന്റെ ദൃശ്യങ്ങൾ

ത്രകാലം എന്തുകൊണ്ടാണ്​ ചേരിയംമല  അങ്ങനെയൊന്നും ആരുടെയും കണ്ണിൽപെടാതിരുന്നതെന്ന്​ ആലോചിക്കുമ്പോൾ അതിശയം തോന്നുന്നുണ്ട്​. ഓരോ ദിവസവും ചേരിയംമലയിലേക്ക്​ എത്തുന്ന പല ദേശക്കാർ തന്നെയാണ്​ ആ അതിശയത്തിന്​ കാരണം.  മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലനിരകളില്‍ ഒന്നായ ചേരിയംമലയിലേക്ക്​ പല പല ദേശങ്ങളിൽ നിന്ന്​ ആളുകളുടെ ഒഴുക്കാണിപ്പോൾ.

കോടമഞ്ഞിൻെറ കെട്ടുകൾ, വെള്ളപുതച്ച്​ ഇറങ്ങിവരുന്ന അതിശയിപ്പിക്കുന്ന കാഴ്​ച സഞ്ചാരികളെ ആകർഷിക്കുന്നു. മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗമായ കൊടികുത്തി കല്ലിലേക്കുള്ള വഴിമധ്യേ കുരങ്ങന്‍ ചോലയോട്​ ചേര്‍ന്ന പ്രദേശത്തുനിന്നാണ്​ വിസ്മയക്കാഴ്ചകള്‍ കാണാനാകുന്നത്.  ഇവിടെയുള്ള ചെകുത്താന്‍ കല്ല് എന്നറിയപെടുന്ന വലിയ പാറക്കല്ലിന് മുകളില്‍ നിന്നാല്‍ അസ്വദിക്കാവുന്ന കോടമഞ്ഞിന്റെ സൗന്ദര്യം കഴിഞ്ഞ വര്‍ഷം മുതലാണ് ആളുകളൂടെ ശ്രദ്ധയിൽ പെട്ടുതുടങ്ങിയത്. സാമൂഹ്യ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ സംഭവം ജോറായി. ആൾക്കാരുടെ ഒഴുക്കും തുടങ്ങി. മലമുകളിലേക്കുള്ള വഴിയിൽ കുരങ്ങന്‍ ചോല ഭാഗത്തെ വെള്ളച്ചാട്ടങ്ങളും സഞ്ചാരികളെ വശീകരിക്കുന്നു.

കോടമഞ്ഞിൻെറ കെട്ടുകൾ, വെള്ളപുതച്ച്​ ഇറങ്ങിവരുന്ന അതിശയിപ്പിക്കുന്ന കാഴ്​ച
 

സമുദ്ര നിരപ്പില്‍ നിന്ന് രണ്ടായിരത്തോളം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഭാഗമാണ് കൊടികുത്തിക്കല്ല് നില്‍ക്കുന്ന മലയുടെ ഏറ്റവും ഉയരംകൂടിയ പ്രദേശം. ഒരു വയര്‍ലെസ് സ്റ്റേഷനും ഇതിനോടടുത്തായി പന്തലൂര്‍ മലയുടെ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  കൊടികുത്തികല്ലില്‍ നിന്നാല്‍  തെളിഞ്ഞ അന്തരീക്ഷത്തില്‍ അറബിക്കടല്‍ വരെ കാണാമത്രെ.

കോടമഞ്ഞ് പുതച്ചുറങ്ങുന്ന  കുന്നുകളും വയലുകളും നിറഞ്ഞ പ്രകൃതി സൗന്ദര്യം  മഴക്കാലത്ത് മാത്രം കാണാനാകുന്ന പ്രതിഭാസമാണ്.
കുരങ്ങന്‍ ചോലയില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ കാല്‍ നടയായി മലകയറിയാല്‍  ചെകുത്താന്‍ കല്ല് എന്ന പാറയില്‍ എത്താം.  രാവിലെ ആറര മുതല്‍ എട്ടര വരെയുള്ള സമയങ്ങളില്‍ മാത്രമേ ഈപ സവിശേഷ കാഴ്​ച കാണാനാകൂ. തലേന്ന് മഴയുണ്ടെങ്കില്‍ കാഴ്​ച പൊളിക്കും. മഴയില്ലെങ്കില്‍ കോടമഞ്ഞ് കുറയും.  ഇപ്പോൾ നൂറുകണക്കിന് യുവാക്കൾ ഇവിടെ വരുന്നുണ്ട്​. അവധി ദിവസങ്ങളിൽ ഇത് ആയിരം വരെ എത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൊടികുത്തിക്കല്ലിലേക്ക് ഇവിടെ നിന്ന് വീണ്ടും നാലു കിലോ മീറ്ററോളം  കയറി പോകണം.

കുരങ്ങന്‍ ചോലയിലെ വെള്ളച്ചാട്ടം
 

തണുപ്പോടുകൂടിയ സുഖകരമായ കാലാവസ്ഥയും വളരെ ദൂരദിക്കുകളിലെ മലനിരകള്‍ വരെ കാണാമെന്നതും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.  മഴക്കാലത്ത്  വെള്ളച്ചാട്ടങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും മഴ നില്‍ക്കുന്നതോടെ ഇവയുടെ ശക്തി കുറയും. മങ്കട, കീഴാറ്റൂര്‍ വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന ചേരിയംമലയെ പശ്ചിമഘട്ട മലനിരകളുടെ ശാഖയായി  വിശേഷിപ്പിക്കുന്നു.  ആനക്കയം പഞ്ചായത്ത് അതിര്‍ത്തി മുതല്‍  മങ്കട, കീഴാറ്റൂര്‍ പഞ്ചായത്ത് വരെ വ്യാപിച്ച് കിടക്കുന്ന ഈ മലനിരകൾക്ക്​ ഏകദേശം രണ്ടായിരം ഏക്കര്‍ വിസ്തൃതിയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.  ഇതില്‍ 294 ഏക്കര്‍ വനഭൂമിയാണ്.  മല ചെന്നവസാനിക്കുന്ന പടിഞ്ഞാറെ തലയിലാണ് കുരങ്ങന്‍ ചോല പ്രദേശം സ്ഥിതി ചെയ്യുന്നത്.

കുരങ്ങന്‍ ചോല പ്രദേശം ഉള്‍ക്കൊള്ളുന്ന ചേരിയം മലയുടെ പടിഞ്ഞാറെ തല
 

കൊടികുത്തിക്കല്ല്  ഉള്‍പെടുന്ന പ്രദേശത്തെ ടൂറിസം സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനായി ടി.എ. ഹമ്മദ് കബീര്‍ എം.എൽ.എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഒരു ശ്രമം നടത്തിയിരുന്നു.  മലയുടെ മറുവശം പന്തല്ലൂര്‍ മലയാണ്.  മഞ്ചേരി -പെരിന്തല്‍മണ്ണ റൂട്ടില്‍ മങ്കട ഗ്രാമ പഞ്ചായത്തിലെ വെള്ളില ആയിരനാഴിപടിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍  സഞ്ചരിച്ചാല്‍  പൂപ്പലം വഴി   കുരങ്ങന്‍ചോലയിലെത്താം. ഇതേ റൂട്ടിലെ വേരും പിലാക്കല്‍, കടന്നമണ്ണ, യു.കെ. പടി, എന്നിവിടങ്ങളില്‍ കൂടിയും കുരങ്ങന്‍ ചോലയിലെത്താമെങ്കിലും കാഴ്ചകള്‍ ഏറെ കാണാനാകുന്നത് ആയിരനാഴിപടി വഴിയുള്ള യാത്രയിലാണ്.

ചേരിയം മലയില്‍ നിന്നും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്ന സഞ്ചാരികള്‍
 

ആനക്കയം പഞ്ചായത്തിലെ പന്തല്ലൂര്‍ വഴിയും മലകയറാം.  കുരങ്ങന്‍ ചോലയിലെ പന്തല്ലൂര്‍ റോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത് മുകളിലേക്കുള്ള ചെറിയ റോഡിലൂടെ രണ്ടു കിലോ മീറ്ററോളം കാല്‍ നടയായിവേണം ചെകുത്താന്‍ കല്ലിലെത്താന്‍.  മങ്കട ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പെടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടനുഗ്രഹീതമായകുരങ്ങന്‍ ചോല പ്രദേശം ഉള്‍പെടുന്ന ഭാഗം പ്രകൃതി ലോല പ്രദേശമായി പ്രഖ്യാപിച്ചതാണ്​. എന്നാല്‍ അടുത്ത കാലത്തായി തുടങ്ങിയ ക്വാറി ക്രഷര്‍ യൂനിറ്റുകള്‍ പ്രദേശത്ത് അപകട ഭീഷണിയാകുന്നുണ്ട്. ഇതിനെതിരെ നാട്ടുകാര്‍ സംഘടിതമായ സമരം ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുമുണ്ട്.

 

Loading...
COMMENTS