Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightആപ്പിള്‍ പറിച്ചും...

ആപ്പിള്‍ പറിച്ചും സ്വപ്നക്കൂടിലുറങ്ങിയും

text_fields
bookmark_border
ആപ്പിള്‍ പറിച്ചും സ്വപ്നക്കൂടിലുറങ്ങിയും
cancel

സ്കൂള്‍ കാലത്തെപ്പോഴോ കൂട്ടുകാര്‍ക്കൊപ്പം ബൈക്കില്‍ ഇതുവഴി വന്നിരുന്നു. നെന്‍മാറ -വല്ലങ്ങി വേല കാണാന്‍. പൂരം കാണാന്‍ 100 കിലോമീറ്ററിലധികം വന്നത് പക്ഷേ, ഒരു വൈകുന്നേരമായിരുന്നു. ഇരുദേശക്കാരും തമ്മിലെ വെടിക്കെട്ടുപോര് കൊടുമ്പരികൊള്ളുന്ന നേരംപോലൊരു പുലര്‍കാലത്താണ് നെന്‍മാറ വഴിയുള്ള രണ്ടാം യാത്ര. കാര്‍ യാത്ര അസാധ്യമാക്കും വിധം മഴ തിമിര്‍ത്ത് പെയ്യുകയാണ്. തിരിയാനും വളയാനും ഏറെയുള്ള ചെറിയ വഴികളിലൂടെ കൂരിരിട്ടിലൂടെയുള്ള യാത്ര. വഴികള്‍ പിരിയുന്നിടങ്ങളില്‍ പടുകൂറ്റന്‍ ആല്‍മരങ്ങള്‍ മുടിയഴിച്ചിട്ടാടുന്നു. കാറ്റും ഇടിയും മിന്നലും അകമ്പടിയായി. യാത്രാലക്ഷ്യം കേരളത്തിന്‍െറ ആപ്പിള്‍ ഗ്രാമമായ ഇടുക്കി ജില്ലയിലെ കാന്തല്ലൂരാണ്. നെന്‍മാറ, ആനമല, ചിന്നാര്‍, മറയൂര്‍ വഴി കാന്തല്ലൂരിലേക്ക്.
പച്ചപ്പിന്‍െറ മീങ്കരക്കാഴ്ച
നേരം പുലര്‍ന്നു തുടങ്ങിയിരിക്കുന്നു. തൃശൂര്‍-കൊല്ലങ്കോട് -പൊള്ളാച്ചി റൂട്ടില്‍ ഏതാണ്ട് 30 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ മീങ്കര ഡാം എന്ന ബോര്‍ഡ് കണ്ടു. യാത്രാ പദ്ധതിയില്‍ അങ്ങനെയാരു ഇടം ഇല്ലായിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ ചെറിയ റോഡ് കൂടി ആയപ്പോള്‍ ഇതുവഴി വരേണ്ടിയിരുന്നില്ളെന്ന് തോന്നി. എന്നാല്‍, ഞങ്ങളുടെകണക്കുകൂട്ടലുകള്‍ക്കുപ്പുറത്തായിരുന്നു ഡാമിന്‍െറ കാഴ്ച. ജലാശയത്തെ ചുറ്റിയ ഇടതൂര്‍ന്ന പച്ചപ്പാണ് മീങ്കരയുടെ അലങ്കാരം. ഇടക്കിടെ ഒരോ പച്ചത്തുരുത്തുകള്‍. അതില്‍ വേരൂന്നി നില്‍ക്കുന്ന തെങ്ങുകള്‍. പിന്നില്‍ തലയുയര്‍ത്തിനില്‍ക്കുന്ന സഹ്യന്‍. ഉദിച്ചുയരുന്ന സൂര്യന്‍െറ വെട്ടം ജലത്തുള്ളികളില്‍ വീണുതുടങ്ങുന്നേയുള്ളൂ. അതിവിശാലമായ ഡാമില്‍ പലയിടങ്ങളിലായി നാട്ടുകാര്‍ കുളിക്കുകയും വസ്ത്രം അലക്കുകയും ചെയ്യുന്നുണ്ട്. ഗായത്രി പുഴയിലാണ് ഡാമും റിസര്‍വോയറും ഉള്ളത്. ആനമുടി മലനിരകളില്‍നിന്ന് ഉല്‍ഭവിക്കുന്ന പുഴയും ഡാമും പ്രദേശത്തുകാരുടെ ജീവനാഡിയാണ്. പാലക്കാടന്‍ മണ്ണിലെ കാര്‍ഷിക ആവശ്യത്തിനും കുടിവെള്ളത്തിനുമാണ് ജലം പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. മത്സ്യസമൃദ്ധമായതിനാല്‍ നിരവധി പേര്‍ക്ക് ആ നിലക്ക് ജീവനോപാധി കൂടിയാണ് ഈ ജലസംഭരണി. ഡാമില്‍ കൊട്ട വഞ്ചി തുഴഞ്ഞ് മീന്‍പിടിക്കുന്ന നിരവധി പേരെ കണ്ടു. കാഴ്ചകണ്ടു നില്‍ക്കാതെ ഞങ്ങള്‍ വെള്ളത്തിലിറങ്ങി. പിന്നെ അടുത്തുകണ്ട ചെറുപച്ചത്തുരുത്തിലേക്ക് നടന്നുകയറി. ഉദ്യാനങ്ങളില്‍ വെച്ചുപിടിച്ച പോലെ പുല്ലുകള്‍. കിടന്നും ഉരുണ്ടും വെള്ളത്തില്‍ ചാടിയും ഏറെ നേരം അവിടെ ചെലവിട്ടു. നല്ളൊരു പുലര്‍ക്കാലക്കുളി കഴിഞ്ഞ് യാത്ര തുടര്‍ന്നു. കാന്തല്ലൂരില്‍ വൈകുന്നേരം എത്തും വിധമാണ് യാത്രയുടെ പ്ളാന്‍. വളരെ പതുക്കെ പോയാല്‍ മതി ഞങ്ങള്‍ക്ക്. കോളജ് കാലത്ത് തുടങ്ങിയതാണ് ഈ സൗഹൃദയാത്ര. ജോലിയും കുടുംബവുമായി മിക്കവരും വിദേശത്താണ്. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ ഒരുമിച്ചുകൂടാന്‍ കിട്ടിയ അവസരമായിനാല്‍ തണലിടങ്ങളില്‍ ഇറങ്ങിയും വിശ്രമിച്ചും ചായ കുടിച്ചും പറയാവുന്ന സൊറകളെല്ലാം ഞങ്ങള്‍ പറഞ്ഞുതീര്‍ത്തു. മുമ്പു കണ്ട വഴികള്‍ ഗൃഹാതുരമായി, പുതുവഴികള്‍ കൊതിയോടെ നടന്നുതീര്‍ത്തു. കാടും കാറ്റും കുന്നും മലയും പുഴയും പൂക്കളും പ്രണയവും ഗന്ധവും ഞങ്ങളെതേടി അലഞ്ഞലഞ്ഞത്തെി.
ഉച്ചയേടെ ഉദുമല്‍പേട്ട -മൂന്നാര്‍ റോഡിലത്തെി. തമിഴ്നാട് ചെക്പോസ്റ്റിലെ പരിശോധനകള്‍ക്ക് ശേഷം ചിന്നാര്‍ വനമേഖലയിലേക്ക്. കാടാണെങ്കിലും നനവിന്‍െറ ഒരംശവും കാണാനില്ല. മുള്‍ചെടികളും വരണ്ടുണങ്ങളിയ പാറക്കെട്ടുകളുമായി കാട് കണ്ണിന് പിന്നിലേക്ക് പാഞ്ഞുകൊണ്ടിരുന്നു. മൃഗങ്ങള്‍ ഇറങ്ങുമെന്നതിനാല്‍ വണ്ടി ഇടക്ക് നിര്‍ത്തരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഉച്ച സമയമായതിനാലാവാം മൃഗങ്ങളെ ഒന്നും വഴിയില്‍ കണ്ടില്ല. കാന്തല്ലൂരിനെ കുറിച്ച് ഞാന്‍ പറഞ്ഞുകൊടുത്ത അറിവ് മാത്രമാണ് കൂട്ടുകാര്‍ക്കുള്ളത്. ചിന്നാര്‍-മറയൂര്‍ വഴി മൂന്നാറിലേക്ക് പലതവണ വന്നവരാണ് എല്ലാവരും. കാഴ്ചകള്‍ എത്ര മനോഹരമാണെങ്കിലും വീണ്ടും വീണ്ടും കണ്ടാല്‍ ബോറടിക്കുമല്ളോ. കൂട്ടത്തില്‍ ചിലര്‍ പിന്‍സീറ്റില്‍ കിടന്നുറങ്ങി കൂര്‍ക്കം വലിക്കുന്നു. അവരുടെ മുരളലുകള്‍ എന്‍െറ നെഞ്ചില്‍ ആഞ്ഞാഞ്ഞ് തറച്ചു. ‘എവിടെയാടോ നിന്‍െറ കാന്തല്ലൂര്‍’. ബാക്കിയുള്ളവര്‍ യാത്രാ സ്ഥലം തെരഞ്ഞെടുത്ത എന്നെ തമാശക്കാണെങ്കിലും കളിയാക്കി. പറഞ്ഞും വായിച്ചും കേട്ട അറിവേയുള്ളൂ, കാന്തല്ലൂര്‍ ഞാനും കണ്ടിട്ടില്ല. എന്താകുമോ എന്തോ?
പ്രകൃതിയിലേക്കൊരു കുതറിയോടല്‍
മറയൂരില്‍നിന്ന് കാന്തല്ലൂര്‍ റോഡിലേക്ക് തിരിഞ്ഞു. വീതി നന്നേ കുറഞ്ഞ റോഡ്. കൊടും വളവുകളും കയറ്റങ്ങളും കഴിഞ്ഞ് ഒരിടത്തത്തെി. മഹാ ശിലായുഗ സംസ്ക്കാരത്തിന്‍െറ ബാക്കിപത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുനിയറകളാണ് ഇവിടെത്തെ കാഴ്ച്ച. ഒരാള്‍ക്ക് ഇരിക്കുകയും കിടക്കുകയും ചെയ്യാവുന്നത്ര ഉയരവും നീളവുമുണ്ട് പാറകൊണ്ട് തീര്‍ത്ത ഓരോ അറയും. പലതും പൊട്ടിയടര്‍ന്ന് വീണു തുടങ്ങി. ഇത് അക്കാലത്തുള്ളവരെ മറവുചെയ്ത ശവക്കല്ലറകളാണെന്നും മുനിമാര്‍ തപസ്സു ചെയ്ത ഇടമാണെന്നും പറയപ്പെടുന്നു. പാറപ്പുറത്ത്നിന്ന് നോക്കുമ്പോള്‍ ഒരുവശത്ത് കോട്ടപോലെ കാന്തല്ലൂര്‍ മലനിരകള്‍, മറുവശത്ത് ആനമുടി ഉള്‍പ്പെടുന്ന ഇരവികുളം ദേശീയോദ്യാനത്തിലെ കൊടുമുടികള്‍. മറ്റൊരു ഭാഗത്ത് ചിന്നാര്‍ വന്യജീവി സങ്കതത്തേിന്‍െറ ഭാഗമായ പര്‍വതക്കെട്ടുകള്‍. നാലുവശവും കൊടുമുടികളാള്‍ ചുറ്റപ്പെട്ട പ്രദേശത്തിന്‍െറ സൗന്ദര്യം ഒറ്റ സ്നാപ്പില്‍ പകരുന്ന കാഴ്ചാനുഭവം.
മറയൂര്‍ നിവാസികളുടെ പ്രധാന കൃഷി കരിമ്പാണ്. മറയൂര്‍ ശര്‍ക്കര പ്രസിദ്ധവുമാണ്. വഴിയരികില്‍ കണ്ട ഒരു ശര്‍ക്കര നിര്‍മാണ സ്ഥലത്ത് വണ്ടി നിര്‍ത്തി. കരിമ്പിന്‍ നീര് വലിയ കൊട്ട പോലുള്ള പാത്രത്തില്‍ ഒഴിച്ച് വലിയ അടുപ്പില്‍ ചൂടാക്കി കുറുക്കിയെടുത്താണ് ശര്‍ക്കര ഉണ്ടാക്കുന്നത്. ഒരേസമയം രണ്ട്മൂന്ന് പേര്‍ കരിമ്പുനീര് ഇളക്കി വറ്റിച്ചുകൊണ്ടിരിക്കുന്നു. നീര് കുറുകി ശര്‍ക്കര നിറമാകും. ഇതെടുത്ത് ഉരുട്ടിയെടുത്താണ് ശര്‍ക്കര നിര്‍മാണം. ചെറിയ കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ ഓരോരോ ജോലികള്‍ എടുക്കുന്നു. കൂട്ടുകുടുംബമായി ആണ് കര്‍ഷകര്‍ താമസിക്കുന്നത്. പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷി. എല്ലാവരും ഒരു കിലോ വീതം ശര്‍ക്കര വാങ്ങിച്ച് യാത്ര തുടര്‍ന്നു.
ലക്ഷ്യസ്ഥാനം അടുത്തത്തെിയതിന്‍െറ ലക്ഷണങ്ങള്‍ കാഴ്ചയിലും കാലാവസ്ഥയിലും കണ്ടുതുടങ്ങിയിരിക്കുന്നു. മറയൂരില്‍നിന്ന് 14 കിലോമീറ്റര്‍ പിന്നിട്ട് കാന്തല്ലൂര്‍ അങ്ങാടിയിലത്തെി. 116 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കാന്തല്ലൂര്‍ പഞ്ചായത്തിന്‍െറ 85 ശതമാനവും മനോഹരമായ താഴ്വരകളും കുത്തനെയുള്ള ചെരിവുകളുമാണ്. താമസസ്ഥലം കണ്ടത്തെും മുമ്പേ ഒരു വെള്ളച്ചാട്ടം കിട്ടുമോ എന്ന അന്വേഷണത്തിലായി ഞങ്ങള്‍. കുറച്ചൂടെ മുന്നോട്ട്പോയാല്‍ ചെറിയൊരു വെള്ളച്ചാട്ടമുണ്ടെന്ന് നാട്ടുകാരിലൊരാള്‍ പറഞ്ഞു. വണ്ടി നിര്‍ത്തി നടക്കാന്‍ തുടങ്ങി. ഇവിടേക്കുള്ള വഴിയില്‍ ഇരുവശവും താമസക്കാരുണ്ട്. സാധാരണക്കാരുടെ കുഞ്ഞുകുഞ്ഞു വീടുകളാണിവയെല്ലാം. ആദ്യ വീടിന്‍െറ മുന്‍വശത്തെ കാഴ്ച തന്നെ മതിയായിരുന്നു ഞങ്ങളുടെ യാത്ര എന്നെന്നും ഓര്‍മിക്കപ്പെടുന്നതാകാന്‍. വീട്ടുമുറ്റത്തെ ചെടിയില്‍ നിറയെ പഴുത്ത് തുടുത്ത ആപ്പിളുകള്‍. ജൂണ്‍ -ജൂലായ് മാസത്തിലായിരുന്നു ഞങ്ങളുടെ യാത്ര. ആപ്പിളുകള്‍ പാകമാകുന്ന കാലം.കേരളത്തില്‍ ആപ്പിള്‍ കൃഷിചെയ്യുന്ന ഏക സ്ഥലമാണ് കാന്തല്ലൂര്‍. ഇവിടെത്തെ സവിശേഷമായ കാലാവസ്ഥയാണത്രെ കാരണം. ഊട്ടിയില്‍നിന്ന് വാങ്ങാന്‍ കിട്ടുന്ന ആപ്പിളുകളുടെ വലിപ്പവും നിറവുമാണ് അവക്ക്. തൊട്ടടുത്ത മരത്തില്‍ പ്ളംസ്. പ്ളംസിന് ചുവപ്പ് നിറമാകുന്നതേയുള്ളൂ. എല്ലാ വീടുകളിലും ഒരു ആപ്പിള്‍ ചെടിയെങ്കിലുമുണ്ട്. ആപ്പിള്‍ പറിച്ചു തിന്നാനുള്ള കൊതി ഉള്ളിലടക്കിയൊതുക്കി നടത്തം തുടര്‍ന്നു. അകലെ വെള്ളം പാറയില്‍ വീഴുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. കാട്ടിലൂടെ കുത്തനെ ഉള്ള വഴിയിലൂടെ ഇറങ്ങണം അങ്ങോട്ടത്തൊന്‍. നീരാട്ട് കഴിഞ്ഞ് തിരിച്ചുകയറിയ വഴിയില്‍ കാന്തല്ലൂരിന്‍െറ സര്‍വഭംഗിയും കിട്ടാന്‍ പാകത്തില്‍ കാന്തല്ലൂര്‍ പഞ്ചായത്ത് സ്ഥാപിച്ച ഒരു വ്യൂപോയിന്‍റുണ്ട്.

സ്വപ്നക്കൂടിലെ രാപ്പാര്‍ക്കല്‍
ഇരുള്‍ വീഴും മുമ്പേ ഞങ്ങള്‍ക്ക് താമസിക്കേണ്ട എസ്കേപ്പ് ഫാം കണ്ടുപിടിക്കാന്‍ കഴിഞ്ഞു. കവാടത്തില്‍ വണ്ടി നിര്‍ത്തി ഞങ്ങള്‍ നടന്നു. ആപ്പിളും ഓറഞ്ചും പ്ളംസും പല തരം പൂക്കളും ഫാമിലേക്കുള്ള വഴിക്കിരുവശവും ഞങ്ങളെ സ്വാഗതം ചെയ്തു. അഞ്ച്് ഏക്കറോളം വരുന്ന ഫാമിന്‍െറ ഉടമസ്ഥന്‍ തൊടുപുഴക്കാരന്‍ ജോയ് ആണ്. കൃഷി വകുപ്പില്‍നിന്ന് വിരമിച്ച അദ്ദേഹം 15 വര്‍ഷം മുമ്പ് വെറും കാടായി കിടന്ന ഈ പ്രദേശം വാങ്ങിക്കുകയായിരുന്നു. ഇന്ന് ഇവിടം മറ്റൊരു ലോകമാണ്. അവിടെയാണ് അദ്ദേഹത്തിന്‍െറ വാസവും. കൈയ്യത്തെും ദൂരത്ത് പൂക്കളും പഴങ്ങളും അവയില്‍ വിരുന്നത്തെുന്ന കിളികളും പൂമ്പാറ്റകളും നമ്മെ ആനന്ദത്തിന്‍െറ സ്വപ്നസമാനമായ ലോകത്തേക്കാനയിക്കുന്നു. ആപ്പിളുകളെമ്പാടും പഴുത്തുനില്‍ക്കുന്നു. ഓറഞ്ചും ധാരാളമുണ്ട്. ഉദ്യാനത്തിന്‍െറ ഒരറ്റത്തെ ചോല കടന്നാല്‍ കൊടുംകാടാണ്. പിറകിലൊരു വന്‍മലയും. ചോലയോടടുത്ത്,കാടിന്‍െറയോരത്ത് ഒരു ചെരിവിലാണ് ഞങ്ങള്‍ക്ക് താമസിക്കാനുള്ള മുളകൊണ്ട് തീര്‍ത്ത ഏറുമാടം. ഫാമിലെ ജീവനക്കാരന്‍ രാജുവേട്ടന്‍ വന്ന് ഞങ്ങള്‍ക്ക് അത് തുറന്ന് തന്നു. ഏഴുപേര്‍ക്കും നീണ്ടുനിവര്‍ന്ന് കിടക്കാന്‍ മാത്രം വിശാലമാണ് മുളങ്കൂട്. പൂര്‍ണമായും മുളകൊണ്ടു തീര്‍ത്ത ഈ കൂടിന്‍െറ രൂപകല്‍പ്പനയും അത്യാകര്‍ഷകം തന്നെ. ടോയ്ലറ്റ്, ബാത്ത്റൂം സൗകര്യങ്ങളും ഉള്ളിലുണ്ട്. കുളിക്കാന്‍ ചൂടുവെള്ളത്തിന് പ്രത്യേക പൈപ്പുണ്ട്. വന്യമൃഗങ്ങള്‍ വരുന്നതൊഴിവാക്കാന്‍ കാടിനോടടുത്ത ഭാഗത്ത് കമ്പിവേലി തീര്‍ത്തിട്ടുണ്ട്.
ഇന്ന് ഞങ്ങള്‍ മാത്രമാണ് എസ്കേപ്പിലെ അതിഥികള്‍. ഉദ്യാനക്കാഴ്ചകളെ മഞ്ഞും ഇരുട്ടും മറച്ചുകൊണ്ടിരുന്നു. സിരകളില്‍ ഇരച്ചുകയറുന്ന തണുപ്പ് ഞങ്ങളെ ശരിക്കും പരീക്ഷിക്കുന്നുണ്ട്. രാജുവേട്ടന്‍ കൊണ്ടുതന്ന വിറക്കൂട്ടി ഞങ്ങള്‍ ക്യാമ്പ് ഫയര്‍ ഒരുക്കി. രാത്രിഭക്ഷണം ഇവിടെനിന്നാണ്. ക്യാമ്പ് ഫയറിനടുത്ത് തന്നെ കോഴി ഗ്രില്‍ ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരുന്നു. കാന്തല്ലൂര്‍ അങ്ങാടിയില്‍നിന്നാണ് കോഴിയിറച്ചി വാങ്ങിയത്. കോഴിക്കടക്കാരന്‍ ചിക്കന്‍ മുളക് പുരട്ടി തന്നത് സൗകര്യമായി. ‘തൊട്ടുകൂട്ടാന്‍’ ചപ്പാത്തിയും വാങ്ങി. രാജുവേട്ടന്‍ വീട്ടില്‍നിന്ന് ഉണ്ടാക്കിക്കൊണ്ടുവന്ന കട്ടന്‍ചായക്കൊപ്പം കോഴിചുടലും തീറ്റയും പാട്ടും നൃത്തവുമായി ആ രാത്രിയില്‍ ഞങ്ങള്‍ വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഹോസ്റ്റല്‍ രാത്രികള്‍ തിരിച്ചുപിടിച്ചു. കാടിന്‍െറ കൂര്‍ത്ത നിശബ്ദതക്കിടയിലൂടെ ഒഴുകിപ്പരക്കുന്ന ചോലയുടെ ചില്ലു ശബ്ദത്തിനൊപ്പം രാത്രിയുടെ അവസാനപാതിയിലെപ്പൊഴോ ഉറക്കത്തിലേക്ക് വഴുതിവീണു. രാവിലെ നേരത്തെ എണീറ്റ്, കാന്തല്ലൂരിന്‍െറ തുടര്‍കാഴ്ചകള്‍ തേടി ഞങ്ങള്‍ നടന്നുതുടങ്ങി. തരിമഞ്ഞിന്‍ പുകനിറഞ്ഞ കാഴ്ചകളെ വകഞ്ഞ് കാന്തല്ലൂരെന്ന സ്വപ്നഭൂമിയെ കൊതിതീരുവോളം കണ്ടുതീര്‍ത്തു.
സഞ്ചാരികള്‍ക്കായി ഒരുക്കിയ ഒരു ഡസന്‍ ഫാമുകളെങ്കിലും പരിസരത്തുണ്ടെങ്കിലും ഞങ്ങളുടെ തെരഞ്ഞെടുപ്പിനോളം വന്നില്ല ഒന്നും. ആപ്പിളും ഓറഞ്ചും സ്ട്രോബറിയും വലിയ തോതില്‍ കൃഷിചെയ്യുന്ന ഫാമുകള്‍ പലയിടത്തായി കണ്ടു. പച്ചക്കറിത്തോട്ടങ്ങളും പൂപ്പാടങ്ങളും കുറച്ചകലെയാണ്. പ്രദേശവാസികളുടെ പ്രധാന തൊഴിലാണ് കൃഷി. ജൈവകീടനാശിനികളും ജൈവവളങ്ങളും മാത്രം ഉപയോഗിച്ച് വ്യാപകമായി കൃഷി നടത്തുന്ന കേരളത്തിലെ അപൂര്‍വം പ്രദേശമാണ് ഇത്. തട്ടുകളായി തിരിച്ച കൃഷിഭൂമിയില്‍ കാബേജ്, കാരറ്റ്, വെളുത്തുള്ളി, ബീന്‍സ്, ഉരുളക്കിഴങ്ങ് തുടങ്ങിയവ വിളഞ്ഞുനില്‍ക്കുന്നതു കണ്ണിന് കുളിരേകും കാഴ്ചയേകി. പൂകൃഷിയും ധാരാളമുണ്ട്്. ഗുണനിലവാരമുള്ള ഈ പച്ചക്കറികളും ഫലവര്‍ഗങ്ങളും പക്ഷേ, മലയാളികള്‍ക്ക് തിന്നാന്‍ യോഗമില്ല. കര്‍ഷകരില്‍നിന്ന് നേരിട്ട് ഏറ്റെടുക്കാന്‍ സംസ്ഥാന കൃഷിവകുപ്പ് പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നെങ്കിലും പാതിവഴിയില്‍നിന്നു പോയെന്ന് കര്‍ഷകര്‍ പറയുന്നു. കുറഞ്ഞ വിലയില്‍ തമിഴ്നാട്ടിലേക്ക് ഇവ കയറ്റിയയക്കാന്‍ നിര്‍ബന്ധിതരാണ് ഇവര്‍. തമിഴ്നാട്ടിലത്തെിയ ഇവ രാസവസ്തുക്കള്‍ തളിച്ച് തിരിച്ചത്തെുന്നത് കേരളത്തിലെ മാര്‍ക്കറ്റുകളിലേക്കാണെന്നതാണ് ഏറെ സങ്കടകരം. തിരിച്ച് എസ്കേപ്പിലത്തെി ബ്രേക്ക്ഫാസ്റ്റായി അവര്‍ ഒരുക്കിതന്ന പുട്ടും കടലയും പഴവും കഴിച്ച് ഞങ്ങള്‍ മടക്കയാത്രക്കൊരുങ്ങി.
 ‘എസ്കേപ്പ്’ എന്ന പേര് അന്വര്‍ഥമാക്കുന്നതായിരുന്നു ഞങ്ങളുടെ രണ്ട് ദിനങ്ങള്‍. നിലക്കാതെ ബെല്ലടിക്കുന്ന ഫോണില്‍നിന്നും മുതുകില്‍ ആഞ്ഞുതറക്കുന്ന കല്‍പ്പനകളില്‍നിന്നും ടാര്‍ഗറ്റുകളില്‍നിന്നും മണ്ണും മനസ്സും പ്രകൃതിയും തനിച്ചാകുന്ന ഒരിടത്തേക്കുള്ള കുതറിയോടല്‍. നിനക്കാതെ കിട്ടിയ രക്ഷപ്പെടലില്‍നിന്ന് ഓരോരുത്തരും അവരവരുടേതായ ലോകത്തേക്ക് തിരിച്ചിറങ്ങുകയാണ്. ഒരു കൊതി ബാക്കിയുണ്ട്. ഞങ്ങളെ നോക്കി വശ്യമായി ചിരിക്കുന്ന ആ ആപ്പിള്‍കൂട്ടത്തിലൊരുവനെ ഒന്ന് രുചിക്കണം. രാജുവേട്ടനെ സോപ്പിട്ടപ്പോള്‍ പറിച്ചോളാന്‍ പറഞ്ഞു. മടക്കവഴിയില്‍നിന്ന് കുറച്ച് ആപ്പിളും പ്ളംസും സ്ട്രോബറിയും വാങ്ങി. എപ്പോഴും കുളിരണിഞ്ഞു നില്‍ക്കുന്നതിനാലാവണം ഇവിടുത്തെ ആപ്പിളിനും ഓറഞ്ചിനുമെല്ലാം മനം കീഴടക്കുന്ന രുചി. ആകാശത്തിന് മുകളിലെ കാന്തല്ലൂര്‍ കാഴ്ചകളില്‍നിന്ന് മറയൂരിലേക്ക് ഞങ്ങള്‍ ചുരമിറങ്ങുകയാണ്. മലയില്‍നിന്ന് കിനിഞ്ഞിറങ്ങുന്ന കുളിരും മഞ്ഞ്പുകയും ഞങ്ങളെ തഴുകി, പുതുയാത്രികരെ തേടി മറഞ്ഞുകൊണ്ടിരുന്നു. പെട്ടന്ന് ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ആശ്ചര്യപ്പെട്ട കൂട്ടുകാരെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു. ‘ഇതാടാ ഞാന്‍ പറഞ്ഞ കാന്തല്ലൂര്‍.                                        ചിത്രം: ഇസ്മായില്‍ പൊയിലി

താമസം:
Escape Natural Farm
Ph : +91 94966 80613,+91 94954 67974, +91 94956 90496 

നിങ്ങള്‍ക്കും എഴുതാം
മാധ്യമം ട്രാവലിലേക്ക് യാത്രാ വിവരണങ്ങളും ചിത്രങ്ങളും അയക്കുക
travelmadhyamam@gmail.com

 

Show Full Article
TAGS:
Next Story