Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightമേഘങ്ങളില്‍...

മേഘങ്ങളില്‍ ചേക്കേറാന്‍ മേഘ മലയിലേക്ക്

text_fields
bookmark_border
മേഘങ്ങളില്‍ ചേക്കേറാന്‍ മേഘ മലയിലേക്ക്
cancel

കുറെയേറെ വര്‍ഷങ്ങളായിട്ട് മനസില്‍ സ്ഥിര പ്രതിഷ്ഠ നേടിയ സ്ഥലമാണ് മേഘമല. ജീവിത ശൈലികൊണ്ടും സംസ്കാരംകൊണ്ടും വളരെ വ്യത്യസ്തമായ ഈ മലനിരകള്‍ ഒരു പ്രകൃതി സ്നേഹി എന്ന നിലയില്‍ എക്കാലവും എനിക്ക് സമ്മാനിച്ചത് മനസില്‍ സൂക്ഷിച്ചുവെക്കാന്‍ കഴിയുന്ന ഹൃദ്യമായ കാഴ്ചകള്‍ ആയിരുന്നു. പഴയ സുഹൃത്തുക്കളുടെ വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഒരു ഒത്തുകൂടല്‍. അതിന് ഇരട്ടി മധുരത്തിനായി തെരഞ്ഞെടുത്തത് മേഘമലയും.  ഈ സുഹൃദ്ബന്ധം  ആരംഭിച്ച സമയം  മുതല്‍ ഞങ്ങളെ ചുമന്നു ഞങ്ങളുടെ ഒപ്പം കൂടിയ ഒരു വണ്ടിയുണ്ട്.  കമ്പനി ഉത്പാദനം നിര്‍ത്തിയെങ്കിലും ഞങ്ങള്‍ അവനെ കളയാന്‍ തയാറായില്ല.  അങ്ങനെ നാല് മൊട്ട ടയറുകളും കമ്പി പുറത്തുവന്ന സ്റ്റെപ്പിനുമായി സ്വന്തം നാടായ വര്‍ക്കലയില്‍നിന്നും രാവിലെ 10 മണിയോടെ യാത്ര തിരിച്ചു.

എല്ലാവരും മനസില്‍ ഒരേ ചോദ്യം, ഈ പറക്കും തളിക വേണമായിരുന്നൊ. അവരെ സമാധാനിപ്പിക്കാനായി എന്‍െറ ഉത്തരം. യാത്രയില്‍ എന്തെങ്കിലും കിട്ടും. ഉച്ചയോടെ മുണ്ടക്കയത്തും വൈകുന്നേരത്തോടെ കുമിളിയിലും രണ്ടു തവണ പഞ്ചറായതുകാരണം ഊണും ഉറക്കവും ചായകുടിയുമൊക്കെ കൃത്യസമയത്ത് നടന്നു. ഏകദേശം 5.30 ഓടെ കുമിളി തേനി ഹൈവേയിലെ ചിന്നമാനൂരില്‍ എത്തി. അവിടെനിന്നും വലത്തേക്കുള്ള ചെറിയ റോഡാണ് മേഘമലക്ക്. ആ കുഞ്ഞു പാതയിലൂടെ മലയുടെ അടിവാരത്ത് ചെക്ക് പോസ്റ്റിലത്തെിയപ്പോഴേക്കും  6.30 ആയിരുന്നു. പിന്നീട് അങ്ങോട്ട് ഫോറസ്റ്റായതുകൊണ്ട് വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെ പ്രവേശനമില്ല. ഞങ്ങളെ കയറ്റിവിടാന്‍ തീരെ താത്പര്യം കാണിക്കാതിരുന്ന ഉദ്യോഗസ്ഥരെ അവസാനം എങ്ങനേലും സമ്മതിപ്പിച്ചു.  പക്ഷെ അപ്പോഴും കിട്ടി ഒരു പണി.  നിങ്ങള്‍ സ്വന്തം റിസ്ക്കില്‍ പൊയ്ക്കോളണം. അതും രാവിലെ പണിക്കാരേയുംകൊണ്ട് തോട്ടങ്ങളില്‍പോയ വണ്ടികള്‍ തിരിച്ചിറങ്ങിവരുന്ന സമയമാണിത്. അവയെല്ലം പോയി കഴിഞ്ഞതിനുശേഷം മാത്രം കയറ്റിവിടാം.


ട്രാക്ടറിലും ജീപ്പിലും ലോറിയിലുമായി നിരവധി തൊഴിലാളികള്‍ മുകളില്‍നിന്നും താഴെ എത്തി.  അവസാനം എട്ടു മണിയോടുകൂടി വണ്ടികളെല്ലാം എത്തിയെന്ന് ഉറപ്പുവരുത്തിയശേഷം ഞങ്ങളെ കടത്തിവിട്ടു. കിലോമീറ്ററുകള്‍ നീളുന്ന വിജനമായ പാത. അകലങ്ങളിലെ അപാരത അകലങ്ങളായ അകലങ്ങളിലെല്ലാം പരന്നു കിടക്കുന്നു. അകലങ്ങള്‍ വീണ്ടുമകലുന്നു. വഴി ചോദിക്കാന്‍ പോലും ആരേയും കാണാനില്ല. സ്ഥലസൂചിക ബോര്‍ഡുപോലുമില്ല. ചുരം കയറി തുടങ്ങിയപ്പോള്‍ കാടിന്‍െറയും ഇരുട്ടിന്‍െറയും തണുപ്പിന്‍െറയും ഘനംകൂടി വന്നു. വഴിയില്‍ ആവിപറക്കുന്ന ആനപിണ്ഡങ്ങള്‍ കണ്ടുതുടങ്ങി. മനുഷ്യ സഞ്ചാരത്തിന്‍െറ സമയം കഴിഞ്ഞതിനാല്‍ അവ റോഡിലേക്ക് ഇറങ്ങാന്‍ സാധ്യത കൂടുതലാണ്. പെട്ടെന്നാണ് മരച്ചില്ലകള്‍ ഒടിക്കുന്ന ശബ്ദംകേട്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയത്്. അതാ നില്‍ക്കുന്ന കാടിനകത്ത് ഒരു ഒറ്റയാന്‍, ഞങ്ങളെ കണ്ടതും അവന്‍ ഒന്നു ചെവി കൂര്‍പ്പിച്ചു. സംഗതി ശരിയല്ല എന്നു കണ്ട ഞങ്ങള്‍ വേഗം വണ്ടി മുന്നോട്ട് എടുത്തു. പിന്നീടുള്ള ഓരോ വളവും വളയുമ്പോഴും എല്ലാവരുടേയും ഹൃദയമിടിപ്പിന്‍െറ അളവ് കൂടിയിരുന്നു. 


ഏകദേശം 11 മണിയോടെ മേഘമലയിലെ ഹൈവേയ്സ് ഡാമിനരികിലത്തെി. റോഡില്‍ ആദ്യമായി ഒരുവെട്ടം കണ്ടതിന്‍െറ സന്തോഷത്തില്‍ ഞങ്ങളെല്ലാം സമാധാനിച്ചതും ദേ പൊട്ടി അടുത്ത വെടി. അടുത്ത ടയറും പഞ്ചര്‍. പുറത്തു എല്ലു തുളയുന്ന തണുപ്പ്. ഡാമില്‍ ഇട്ടിരിക്കുന്ന വെട്ടം ഒഴിച്ച് എങ്ങും കൂരാകൂരിരുട്ട്.  ചന്ദ്രനും നക്ഷത്രങ്ങളും പോലും കണ്ണടച്ചിരിക്കുന്നു. ജനവാസമോ കടകളൊ ഒന്നമില്ലാത്ത ചുറ്റുവട്ടം. അതുകൊണ്ട് ഞങ്ങള്‍തന്നെ സ്റ്റെപ്പിനി മാറ്റിയിടാന്‍ തീരുമാനിച്ചു. പഞ്ചറായ ടയറിന്‍െറ ഒരു നട്ട് ഒഴിച്ച് ബാക്കിയെല്ലാം അഴിച്ചു, ഒരെണ്ണം മാത്രം ഇളക്കാന്‍ പറ്റുന്നില്ല.  അവസാനം എട്ടുപേരും കൂടി സ്പാനറില്‍ കൈവച്ചു.  വണ്ടിപൊങ്ങിയെന്നല്ലാതെ ആ നട്ടിന് ഒരു അനക്കവുമില്ല. സമയം 12 മണി, ഹൊറര്‍ സിനിമയിലെപോലെ ട്വിസ്റ്റ് ഉണ്ടായ നിമിഷം. എല്ലാവര്‍ക്കും ഉള്ളില്‍ ഭയം. ആനയൊ പുലിയൊ തൊട്ടടുത്തത്തെിയാല്‍ പോലും കാണാന്‍ കഴിയില്ല. ഇന്നുവരെ ഒരു യാത്രയിലും ഇത്രയും പേടിപ്പിക്കുന്ന രംഗം ഉണ്ടായിട്ടില്ല.  

എന്ത് ചെയ്യണം, എങ്ങോട്ട് പോകണമെന്നു തീരുമാനിക്കാന്‍ പറ്റാത്ത അവസ്ഥ. നാലുപേരെ വണ്ടിക്കടുത്ത് നിര്‍ത്തി ബാക്കി ഞങ്ങള്‍ നാലുപേര്‍ എങ്ങോട്ടെന്നില്ലാതെ നടന്നു.  കുറച്ചുദൂരം തപ്പിയും തടഞ്ഞും ഇരുട്ടിനെ കൂട്ടുപിടിച്ച് മുന്നോട്ട്! ഭാഗ്യം! ദൈവ ദൂതന്മാരെപോലെ രണ്ടുപേര്‍ ഒരു പഴയകെട്ടിടത്തിലെ വെളിച്ചത്തിനു മുന്നില്‍. ഹൈവെയ്സി ഡാമിലെ പണിക്കാരായിരുന്നു. അവരെ ഞങ്ങള്‍ സഹായത്തിനായി കൂട്ടുപിടിച്ചു. ഡാമിലെ പണിയായുധങ്ങളുമായി എത്തിയ അവര്‍ നിമിഷങ്ങള്‍കൊണ്ട് ആ നട്ട് അടിച്ചുപൊട്ടിച്ച് സ്റ്റെപ്പിനി മാറ്റാന്‍ ഞങ്ങളെ സഹായിച്ചു. അവിടെനിന്നും ഞങ്ങളുടെ താമസ സ്ഥലത്തേക്കു 2 കി.മീ ദൂരം ആയിരുന്നു.  സ്റ്റെപ്പിനിയുടെ കണ്ടീഷന്‍ വളരെ മോശമായതുകൊണ്ടും കല്ലുകള്‍ നിറഞ്ഞ പാത ആയതിനാലും എല്ലാവരും വണ്ടിയില്‍ കയറാതെ വണ്ടിയുടെ പുറകെ നടക്കുവാന്‍ തീരുമാനിച്ചു. അപ്പൊ ദാ പുറകില്‍നിന്നും ദൈവ ദൂതരുടെ വിളി. സൂക്ഷിച്ചു നടക്കണെ, ഇന്നലെ രാത്രി വഴിയില്‍ ആനയുണ്ടായിരുന്നു. ഇത് കേട്ട് തിരിഞ്ഞു നോക്കുമ്പോഴേക്കും സിനിമയില്‍ കാണുന്ന രംഗം പോലെ എട്ടുപേരും വണ്ടിക്കകത്തായി. എന്തായാലും അവസാനം ഒരു മണിയോടുകൂടി ഞങ്ങള്‍ ആപത്തൊന്നും കൂടാതെ താമസ സ്ഥലത്തത്തെി. വല്ലാതെ ക്ഷീണിതരായതിനാലും തണുത്തു വിറച്ചിരുന്നതിനാലും അധികം താമസിയാതെ എല്ലാവരും പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി നിദ്രയില്‍ ആണ്ടു.

തണുപ്പിന്‍െറ കാഠിന്യത്തില്‍ പ്രഭാതത്തിലേപ്പോഴോ കണ്ണുതുറക്കുമ്പോള്‍ ഞാന്‍ ജ്വരം ബാധിച്ചവനെപോലെ വിറക്കുകയായിരുന്നു. അതില്‍നിന്നും രക്ഷനേടാന്‍ മേഘമല ഉണരും. മുമ്പ് തന്നെ ഞാന്‍ കാമറയും എടുത്തു പുറത്തിറങ്ങി. പിന്നീടുള്ളതെല്ലാം ഒരു സ്വപ്നം പോലെ ആയിരുന്നു. കണ്‍മുന്നില്‍ പരന്ന് കിടക്കുന്ന നീല ജലാശയം. അതിലേക്ക് ചാഞ്ഞ് ഇറങ്ങിക്കിടക്കുന്ന വന്‍മല നിരകളിലെല്ലാം തേയില തോട്ടങ്ങള്‍ പടര്‍ന്നു കിടക്കുന്നു. മഞ്ഞലകള്‍ പൊങ്ങുന്ന ആ ജലാശയത്തെ ലക്ഷ്യമാക്കി മുന്നോട്ട് നടന്നു. തണുത്ത് വിറങ്ങലിച്ച് നില്‍ക്കുന്ന മരങ്ങളിലെ ഇല ചാര്‍ത്തുകളില്‍നിന്നും മഞ്ഞിന്‍തുള്ളികള്‍ ഇറ്റിറ്റ് താഴേക്ക് വീഴുന്നു. താഴെ പുല്‍ നാമ്പുകളില്‍ മഞ്ഞിന്‍തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. അന്തരീക്ഷമാകെ മഞ്ഞ് പടര്‍ന്നു കിടക്കുന്നു. പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളികള്‍ വേദനിപ്പിക്കുന്ന മുള്ളുവേലിയെ പോലും പ്രണയിക്കാന്‍ തോന്നിപ്പിക്കുന്നു. പതുക്കെ തണുത്തുറഞ്ഞ മത്തെപോലെ കിടക്കുന്ന ആ പുല്‍മേടിലൂടെ നടന്ന് തടാകത്തിലേക്ക് കാല്‍വെച്ചതും വൈദ്യുതാഘാതമേറ്റവനെപോലെയായി ഞാന്‍. ആ ജലത്തിന്‍െറ കഠിന തണുപ്പ് എന്‍െറ ഞരമ്പുകളിലേക്ക് ഓടിക്കയറി ശരീരമാസകലം വിറച്ചു. തല്‍ക്ഷണം കാല്‍ തിരിച്ചെടുത്ത് ആ ആഘാതത്തില്‍നിന്നും രക്ഷപ്പെട്ടു. അധികം ആരും അടര്‍ത്തിയെടുക്കാത്ത ആ പ്രകൃതി സൗന്ദര്യം ഒരു നുള്ളുപോലും ബാക്കിവെക്കാതെ എന്‍െറ കാമറ ഒപ്പിയെടുത്തു. ചിത്രങ്ങളായി എനിക്ക് സമ്മാനിച്ചു.


അവിടെ ആകെയുള്ള ഹോട്ടലായ മുരുകന്‍െറ ചായക്കടയില്‍നിന്നും പ്രഭാത ഭക്ഷണം കഴിച്ച് പറക്കും തളികയില്‍ ഞങ്ങളെല്ലാം മേഘമല ചുറ്റാന്‍ ഇറങ്ങി. സൂര്യന്‍ വെട്ടമടിച്ച് നോക്കുമ്പോള്‍ മഞ്ഞുമാറിയിട്ടില്ല ആ കൊടും തണുപ്പിനെ സൂര്യന് പോലും ഭയം. പൊട്ടിപ്പൊളിഞ്ഞ വഴിയിലൂടെയുള്ള യാത്രയുടെ ആകെ ആശ്വാസം പ്രകൃതിരമണീയ കാഴ്ചകളായിരുന്നു. പോകുന്ന പാതയിലെല്ലാം താഴെയായി ജലാശയം. അതിലേക്ക് ഇറങ്ങി കിടക്കുന്ന പച്ചപാകിയ തേയില മലനിരകള്‍, അതിര്‍ത്തി തീര്‍ക്കുന്ന വന്‍ മരങ്ങള്‍ തേയില തോട്ടങ്ങള്‍ക്ക് കൂടുതല്‍ ചാരുതയേകുന്നു. മഞ്ഞുമേഘങ്ങള്‍ ഇടക്കിടെ ആ മരങ്ങളെയും മലനിരകളെയും തഴുകി കടന്നുപോകുന്നു. മേഘമലക്ക് ഇതിലും നല്ളൊരു പേര് ബ്രിട്ടീഷുകാര്‍ക്ക് നല്‍കാനാവില്ല. ഇരവങ്കലാര്‍ ഡാമും വെണ്ണിയാര്‍ എസ്റ്റേറ്റു കാഴ്ചക്ക് പുതിയ വിരുന്നേകി ഞങ്ങളെ മഹാരാജാമേട്ടിലത്തെിച്ചു. അവിടെ തേയിലത്തോട്ടങ്ങള്‍ക്ക് പകരം കാട് മഞ്ഞുമൂടി കിടക്കുന്നു. തണുത്ത നിഴലുകള്‍ വീണ വഴിത്താരയിലൂടെ മലമുകളിലേക്ക് നടന്ന് കയറിയതും കോടമഞ്ഞ് കാഴ്ചകളൊക്കെ മറച്ചിരുന്നു. കണ്‍പോളകളിലെല്ലാം പൊട്ടുന്നനെ തണുപ്പ് നിറഞ്ഞു. മലമുകളിലെ അവസാനത്തെ കാഴ്ചകളെ വഴിമുടക്കി വീണുകിടക്കുന്ന മൂടല്‍മഞ്ഞ് മനസ്സിനെ വല്ലാതെ നിരാശപ്പെടുത്തി.

മാറുന്ന രംഗങ്ങളെ കാത്ത് ഞാന്‍ അവിടെതന്നെ നിന്നു. അല്‍പനേരത്തിന് ശേഷം കിഴക്ക് നിന്നൊരു കാറ്റടിച്ചു. അതില്‍ മതിമറന്ന് നില്‍ക്കുന്ന ആ സമയത്ത് എപ്പോഴോ എന്‍െറ മുന്നില്‍ രംഗം മാറി. അവിടെനിന്ന് നോക്കുമ്പോള്‍ താഴെയും മേലേയും ആകാശമാണ്. അരയന്നങ്ങളെപോലെ പറക്കാനുള്ള മോഹം. എന്‍െറ ഹൃദയത്തില്‍ കൂടുകൂട്ടി. ഒരു അരയന്നമായി ഞാന്‍ ആകാശങ്ങള്‍ താണ്ടി. മേഘങ്ങളില്‍ ചേക്കേറുകയും കുളിരുമായി വീണ്ടും വെളിയില്‍ വരുകയും ചെയ്തു. പ്രശസ്ത അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ Sally mann പറഞ്ഞതുപോലെ ‘ഫോട്ടോഗ്രാഫ്സ് എന്നത് കഴിഞ്ഞുപോയ കാലത്തെ തുറക്കാനുപയോഗിക്കുന്ന വാതിലുകളാണ്. ഒപ്പം വരാനിരിക്കുന്ന കാലത്തിലേക്കുള്ള എത്തിനോട്ടവും’ അതുകൊണ്ടുതന്നെ മേഘമലയുടെ ആ സൗന്ദര്യം ഞാന്‍ കാമറയില്‍ പകര്‍ത്തി ഫോട്ടോഗ്രാഫുകളാക്കി സൂക്ഷിച്ച് മടക്കയാത്രക്കൊരുങ്ങവെ പ്രകൃതി എന്നോട് ഒരു ചോദ്യം ചോദിച്ചു. ‘ഒരു കുട്ടിക്ക് വിശപ്പ് തുടങ്ങുമ്പോഴേക്കും അമ്മയുടെ മുലപ്പാല്‍ ചോരുന്നതുപോലെ പ്രകൃതി നല്‍കുന്നു മനുഷ്യനെല്ലാം. എന്നാല്‍, ആ പ്രകൃതിയെ നാം തിരിച്ചറിയുന്നുണ്ടോ....

 

ദൂരം: കുമിളിയില്‍നിന്ന് 75 കി.മീ, കുട്ടിക്കാനം 122 കി.മി മൂന്നാര്‍ 120 കി.മീ, കോട്ടയം 184, എറണാകുളം 207.
മേഘമലയില്‍ കാണേണ്ട സ്ഥലങ്ങള്‍: ഹൈവേ ലേക്ക്, മണലാര്‍,  ഹൂവാനം ഡാം, അപ്പര്‍ മണലാര്‍, വെണ്ണിയാര്‍, വട്ടപ്പാറൈ മഹാരജാമേട്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 09487 850508 sivalcumon.   0984055554

Show Full Article
TAGS:travel kumali 
Next Story